കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 12/07/2024

കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ (12/07/2024) ഇന്നത്തെ പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം :
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ പ്രധാന വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, ഇന്നത്തെ സിനിമ, പരാതികൾ, ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ..

ദേശീയപാതയില്‍ ബസ്സുകളുടെ മത്സരഓട്ടം: ബസ്സുകള്‍ അപകടത്തില്‍ പെട്ടു.

പൊൻകുന്നം: ദേശീയപാത 183ൽ ബസ്സുകളുടെ മത്സരഓട്ടം മറ്റ് യാത്രക്കാർ ഭീഷണിയാകുന്നു. മത്സരഓട്ടം നടത്തി അമിത വേഗത്തിൽ പോകുന്ന ബസ്സുകൾ എതിരെ വരുന്ന വാഹനങ്ങളെ ഇടിച്ചിടുന്നത് പതിവാണ്. ഇത് ചോദ്യം ചെയ്താൽ ബസ് ജീവനക്കാർ ചീത്ത വിളിയും കൈയ്യേറ്റത്തിനും ശ്രമിക്കും അതുകൊണ്ട് തന്നെ ആരും പ്രതികരിക്കാറില്ല. ഇരുചക്രവാഹനയാത്രികർക്കാണ് മത്സരഓട്ടം കൂടുതൽ ഭീഷണിയാകുന്നത്.

വ്യാഴാഴ്ച വൈകിട്ട് 6.30ഓടെ ഇത്തരത്തിൽ മത്സരഓട്ടത്തിനിടെ പൊൻകുന്നത്തെ സിഗ്നൽ ലൈറ്റ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസിൽ സ്വകാര്യ ബസ് ഉരഞ്ഞു അപകടം ഉണ്ടായി. റെഡ് സിഗ്നൽ കണ്ട് നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസ്സിന്റെയും ഡിവൈഡറിന്റെയും ഇടയിലൂടെ സ്വകാര്യ ബസ് കുത്തി കയറ്റിക്കൊണ്ട് പോയതാണ് ഉരയാൻ കാരണം. ബസിന്റെ സൈഡിലിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. രണ്ടു ബസുകളും മുണ്ടക്കയം ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. പൊൻകുന്നം പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതവും തടസ്സപ്പെട്ടു. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി എമർജൻസി ഓപ്പറേഷൻ തിയറ്റർ പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം എമർജൻസി ഓപ്പറേഷൻ തിയറ്റർ പ്രവർത്തനം ആരംഭിച്ചു. 72 ലക്ഷം രൂപ ചെലവഴിച്ചാണ് ഗൈനക്കോളജി വിഭാഗം നവീകരണവും എമർജൻസി ഓപ്പറേഷൻ തിയറ്ററിന്റെ നിർമാണവും പൂർത്തീകരിച്ചത്. ഇതോടൊപ്പം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് ഓപ്പറേഷൻ തിയറ്ററിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുകയും ചെയ്തു. പ്രതിമാസം നൂറിലധികം കുഞ്ഞുങ്ങൾ ജനിക്കുന്ന ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീത എസ്.പിള്ള അധ്യക്ഷത വഹിച്ചു.

സ്ഥിര സമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം.ജോൺ, ലത ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രൻ നായർ, ലത ഉണ്ണിക്കൃഷ്ണൻ, മിനി സേതുനാഥ്, ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറ മാത്യു, ആർഎംഒ ഡോ. ബിനു കെ.ജോൺ, ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. ജി.എൽ.പ്രശാന്ത്, ഡോ. അരുൺ കുമാർ, ഡോ. കെ.എം.ആയിഷ, ഡോ. സുഹൈൽ ബഷീർ, ആശുപത്രി വികസന സമിതിയംഗങ്ങളായ ഷാജി നെല്ലേപ്പറമ്പിൽ, എച്ച്.അബ്ദുൽ അസീസ്, ശശികുമാർ, മുണ്ടക്കയം സോമൻ എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി – മണിമല – റോഡ് തകർന്നിട്ട് വർഷം പിന്നിട്ടു; അധികാരികളും ജനപ്രതിനിധികളും കണ്ണു തുറക്കുന്നില്ല

കാഞ്ഞിരപ്പള്ളി : മഴ കനത്തതോടെ കാഞ്ഞിരപ്പള്ളി മണിമല റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. റോഡിലെ കുഴികളിലൂടെയുള്ള യാത്ര ദുരിതമായതോടെ അറ്റകുറ്റപ്പണിയെങ്കിലും അടിയന്തരമായി നടത്തണം എന്ന ആവശ്യം ശക്തമായി. ഈ റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 70 ലക്ഷം രൂപ അനുവദിച്ചതായി അധികൃതർ അറിയിച്ചെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.

കാഞ്ഞിരപ്പള്ളി കുരിശുകവല മുതൽ പഴയിടം വരെയുള്ള ഭാഗത്താണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴികളിൽ വെള്ളം നിറയുന്നതോടെ അപകട സാധ്യതയും വർധിച്ചു. കാഞ്ഞിരപ്പള്ളി- മണ്ണനാനി റോഡ കെ. ആർ എഫ് ബി മുഖേന നവീകരണ പ്രവർത്തികൾ ചെയ്യുന്നതിനായി തിരഞ്ഞടുക്കപ്പെട്ടിരിക്കുന്ന മണിമല കുളത്തൂർമുഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ ഭാഗമാണെന്ന് പൊതുമരാവത്തെ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. കാഞ്ഞിരപ്പള്ളി നിരത്ത് സെക്ഷന്റെ ആസ്തിയിൽ വരുന്ന കാഞ്ഞിരപ്പള്ളി- മണിമല റോഡിലെ ഏഴ് കിലോമീറ്റർ റോഡ് ആണ് തകർന്നിരിക്കുന്നത്.

  താലൂക്ക് വികസന സമിതി യിൽ ഇതു സംബന്ധിച്ചു  കേരള ഉപഭോക്‌തൃ സമിതി നൽകിയ പരാതിയുടെ മറുപടിയായി ഈ ഏഴു കിലോമീറ്റർ ഭാഗം കെ. ആർ. എഫ്. ബി ക്ക് കൈമാറിയതായും ഇവരാണ് റോഡിന്റെ  നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും  നിരത്ത്  വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിരിക്കുന്നത്.റോഡിന്റെ  പണികൾക്കായി ബന്ധപ്പെട്ട കെ. ആർ. എഫ് ബി ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിരിക്കുന്നത്.

   പുനലൂർ - മൂവാറ്റുപുഴ റോഡുമായി ചേരുന്ന സ്‌ഥലം വരെ നൂറുകണക്കിന് വലിയ കുഴികളാണ് ഉള്ളത്. വാളക്കയത്തും, ചിറക്കടവ് പള്ളിപ്പടിയിലും, അഞ്ചിലിപ്പയിലും  വലിയ കിടങ്ങുകൾ ആണ് രൂപപ്പെട്ടിരിക്കുന്നത്. 

മണ്ണാറക്കയത്തിനു സമീപം ടി. ബി.റോഡിലേക്കു കയറുന്ന സ്‌ഥലത്തെ കുഴിയിൽ അപകടങ്ങളും ഉണ്ടായി. മഴ സമയത്തു കുഴിയിൽ വെള്ളം നിറഞ്ഞു കാണാൻ സാധിക്കാതെ നിരവധി ബൈക്ക് യാത്രക്കാരാണു വീണത്. ചേനപ്പാടി, വിഴിക്കിത്തോട്, മണിമല, മുക്കട, റാന്നി തുട ങ്ങിയ സ്‌ഥലങ്ങളിലേക്ക് ആയിര ക്കണക്കിനു വാഹനങ്ങളാണു ദിനംപ്രതി ഇതുവഴി കടന്നു പോകുന്നത്.കുഴികൾ താൽക്കാലികമായി എങ്കിലും അടയ്ക്കാൻ നടപടി വേണമെന്നാണ് ആവശ്യം.

കുന്നുംഭാഗം സ്പോർട്സ് സ്കൂൾ: ടെൻഡർ ചെയ്യുന്നതിന് നടപടികളായി

കാഞ്ഞിരപ്പള്ളി ∙ കുന്നുംഭാഗം സ്പോർട്സ് സ്കൂൾ പദ്ധതിക്ക് ടെൻഡർ ചെയ്യുന്നതിനുള്ള നടപടികളായെന്ന് ചീഫ് വിപ് എൻ.ജയരാജ് അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ 27.7 കോടിയുടെ ധനാനുമതി കിഫ്ബിയിൽ നിന്ന് ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് നിയമസഭയിൽ ചീഫ് വിപ് സബ്മിഷനും അവതരിപ്പിച്ചു. പദ്ധതിയുടെ നിർവഹണ ഏജൻസി സ്ട്രക്ചറൽ ഡിസൈൻ തയാറാക്കി സമർപ്പിച്ചത് കിഫ്ബി പരിശോധിച്ചുവരുന്നതായും ഇതു പൂർത്തിയാക്കി ഉടൻ ടെൻഡർ വിളിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നതെന്നും ചീഫ് വിപ് അറിയിച്ചു.

സ്പോർട്സ് സ്വിമ്മിങ് പൂൾ, ക്രിക്കറ്റ് നെറ്റ് പ്രാക്ടിസ്, വോളിബോൾ കോർട്ട്, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫുട്ബാൾ സിന്തറ്റിക് ടർഫ്, സ്പോർട്സ് സ്കൂളിലെ കുട്ടികൾക്കും കോച്ചുമാർക്കുമുള്ള ഹോസ്റ്റലുകൾ, മൾട്ടിപർപസ് ഇൻഡോർ കോർട്ട്, കോംബാറ്റ് സ്പോർട്സ് ബിൽഡിങ്, ഭിന്നശേഷി സൗഹൃദ സ്പോർട്സ് സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ സ്പോർട്സ് പ്രവൃത്തികൾക്കായുള്ള സ്പെഷൽ ഏജൻസിയായ സ്പോർട്സ് കേരള ഫൗണ്ടേഷനാണു നിർമാണ ചുമതല.

നിർദിഷ്ട സ്ഥലത്തുള്ള പഴയ സ്കൂൾ കെട്ടിടങ്ങൾ പൊളിക്കുകയും മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. പഴയ സ്കൂൾ കെട്ടിടത്തിനു പകരമായി എംഎൽഎ ഫണ്ടിൽ നിന്നു 3.7 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം പൂർത്തിയാക്കി.

പുതിയ കെട്ടിടത്തിൽ നിലവിലുള്ള എൽപി സ്കൂളിന്റെ ഒന്നു മുതൽ 4 വരെ ക്ലാസുകളും ഹൈസ്കൂളിന്റെ 5 മുതൽ 10 വരെ ക്ലാസുകളും സ്പോർട്സ് സ്കൂളിന്റെ 7 മുതൽ 10 വരെ ക്ലാസുകളും പ്രവർത്തിപ്പിക്കാവുന്ന വിധത്തിലാണു പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. സ്പോർട്സ് സ്കൂൾ വിദ്യാർഥികൾ ഒഴികെയുള്ള എല്ലാ ക്ലാസുകളും അവിടേക്കു മാറ്റുകയും ചെയ്തു.

സ്പോർട്സ് സ്കൂൾ നിർമാണം പൂർത്തിയായിക്കഴിഞ്ഞ് അവിടേക്കുള്ള പ്രവേശനം പ്രത്യേകമായി നടത്തുമെന്നും ചീഫ് വിപ് അറിയിച്ചു.

പമ്പാവാലി ബഫർസോൺ വിരുദ്ധ ജനകീയ സമരം: 61 പേർക്ക് ജാമ്യം

എരുമേലി ∙ പമ്പാവാലി ബഫർസോൺ വിരുദ്ധ ജനകീയ സമരവുമായി ബന്ധപ്പെട്ട് സമരത്തിൽ പങ്കെടുത്ത കേസിൽ നാട്ടുകാരായ 61 പേർ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി(രണ്ട്)യിൽ ഹാജരായി ജാമ്യം എടുത്തു.

പമ്പാവാലി, എയ്ഞ്ചൽവാലി മേഖലയിലുള്ള 63 നാട്ടുകാരാണു കേസിൽ ഉൾപ്പെട്ടിരുന്നത്. സ്വകാര്യ ബസ് ബുക്ക് ചെയ്താണ് ഇന്നലെ ഇവർ കോടതിയിലെത്തിയത്. എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജയിംസ് കൊല്ലംപറമ്പിൽ, എരുമേലി പഞ്ചായത്ത് മുൻ പ്രസിഡന്റ് മറിയാമ്മ സണ്ണി, പഞ്ചായത്ത് അംഗം മാത്യു ജോസഫ് എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളിൽ 3 പേർ സ്ത്രീകളാണ്. 11,12 വാർഡുകളായ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ സർക്കാർ പ്രസിദ്ധീകരിച്ച ബഫർസോൺ മാപ്പിൽ വനമേഖലയായി രേഖപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ജനങ്ങളും ജനപ്രതിനിധികളും സമരവുമായി തെരുവിലിറങ്ങിയത്. കേസ് നടന്ന ഘട്ടത്തിൽ ഒരാൾ മരണപ്പെടുകയും ഒരാൾ വിദേശത്തു പോവുകയും ചെയ്തു.

30,000 രൂപ വീതം ബോണ്ട് വ്യവസ്ഥയിൽ ആണ് ജാമ്യം. കേസ് ഒക്ടോബർ 10ലേക്ക് മാറ്റി. വനംവകുപ്പ് പമ്പാ റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരാണ് കേസിലെ പരാതിക്കാർ.

അഴുതമുന്നിയിൽ ഉണ്ടായിരുന്ന വനംവകുപ്പിന്റെ ബോർഡ് പിഴുത് സമരക്കാർ പമ്പാ റേഞ്ച് വനം വകുപ്പ് ഓഫിസിനു മുന്നിൽ എത്തിച്ച് കരിഓയിൽ ഒഴിച്ച് നശിപ്പിച്ച് 3397 രൂപ നഷ്ടം വരുത്തി എന്നതാണു കേസ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ വധഭീഷണി മുഴക്കൽ, അന്യായമായി സംഘംചേരൽ, വനഭൂമിയിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികൾക്കു വേണ്ടി അഡ്വ. ബിനോയ് മങ്ങന്താനം ഹാജരായി.

ഭരണാധികാരികൾ ഭരണഘടന മുല്യങ്ങൾ ഉയർത്തി പിടിക്കണം; അഡ്വ കെ.പി.ജയചന്ദ്രൻ

പൊൻകുന്നം: അധികാരത്തിലെത്തുന്ന ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടികളുടെ താത്പര്യങ്ങൾക്കപ്പുറം ഭരണഘടന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഭരണം നടത്തുന്നവരാകണം. ജാതിമത ചിന്തകൾക്ക് അധീതമായി നിന്നുകൊണ്ട് രാജ്യതാത്പര്യത്തിനുവേണ്ടി ഭരണഘടന അധിഷ്ഠിതമായി ഭരണം നടത്തുവാൻ തയ്യാറായാൽ ഭരണഘടന ശില്പികൾ സ്വപ്നം കാണുന്നതുപോലെ രാജ്യം മാറുമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ പറഞ്ഞു.

ചിറക്കടവ് പഞ്ചായത്ത് ഭരണഘടന സാക്ഷരതയജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സി.ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ വി.സുദേശന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്രൻ, പഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷന്മാരായ സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, എം ടി ശോഭന,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, പഞ്ചായത്തംഗങ്ങളായ ഐ.എസ്.രാമചന്ദ്രൻ, കെ.എ.എബ്രാഹം, എം.ജി.വിനോദ്, കെ.ജി.രാജേഷ്, ഷാക്കി സജീവ്, അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, ലീന കൃഷ്ണകുമാർ, പഞ്ചായത്ത് സെക്രട്ടറി എസ്.ചിത്ര, സി.ഡി.എസ്. ചെയർ പേഴ്സൺ ഉഷാ പ്രകാശ് എന്നിവർ പ്രസംഗിച്ചു.

കോസ്‌വേ നിർമ്മാണം : മുണ്ടക്കയത്ത് ഗതാഗത കുരുക്ക് അതി രൂക്ഷം ..

മുണ്ടക്കയം : 34–ാം മൈലിൽ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് പട്ടണത്തിലെ മുഴുവൻ ഗതാഗതപ്രശ്നങ്ങൾക്കും കാരണമാകുന്ന കാഴ്ചയാണ് കുറച്ചു ദിവസമായി കണ്ടുവരുന്നത്. കോസ്‌വേ നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ 34–ാം മൈൽ വഴി തിരിച്ചുവിട്ടതോടെ പെരുവന്താനം പൊലീസും വെട്ടിലായി. ഇവിടെ ഹോം ഗാർഡുകൾ പോലും ഇല്ലാതെ പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതക്കുരുക്കഴിച്ച് വലയുകയാണ്. ഒരു ഹോം ഗാർഡിനെയെങ്കിലും ഇവിടേക്കു നിയമിക്കണം എന്നാണ് പൊലീസിന്റെ ആവശ്യം.

മുണ്ടക്കയം ടൗണിലെ കോസ്‌വേ കോൺക്രീറ്റിങ്ങിന്റെ ഭാഗമായി അടച്ചതോടെ സമീപ ജില്ലയായ ഇടുക്കിയിൽ നിന്നാണ് ഗതാഗതക്കുരുക്ക് തുടങ്ങുന്നത്. ജില്ലാ അതിർത്തിയായ കല്ലേപ്പാലത്തിനു സമീപത്തുനിന്ന് 34–ാം മൈൽ മുളങ്കയം റൂട്ടിലൂടെ വേണം കോരുത്തോട്, എരുമേലി ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകാൻ. വീതി കുറഞ്ഞ റോഡിൽ വലിയ വാഹനങ്ങൾ ‘യു ടേൺ’ എടുത്തു പോകാൻ കഴിയാതെ പിന്നിലേക്ക് എടുക്കുമ്പോൾ ദേശീയപാതയിലും ഗതാഗതം തടസ്സപ്പെടും. കഴിഞ്ഞ ദിവസം ഒരു മണിക്കൂർ വരെ നീണ്ട ഗതാഗതക്കുരുക്കുണ്ടായി.

34–ാം മൈൽ കവലയിലെ ഗതാഗതം നിയന്ത്രിക്കേണ്ടത് പെരുവന്താനം പൊലീസാണ്. ഇവിടെ കുരുക്കഴിക്കാൻ പെടാപ്പാടു പെടുകയാണ് പൊലീസ്. ഇതു കണ്ട് നാട്ടുകാരും ചിലപ്പോൾ സഹായത്തിനെത്താറുണ്ട്. എത്ര ശ്രമിച്ചാലും വാഹനങ്ങൾ കുരുക്കിലാകുന്ന കാഴ്ചയാണുള്ളത്. പെരുവന്താനം പൊലീസ് സ്റ്റേഷനിൽ ഹോം ഗാർഡുകളില്ല. ഇവിടെ ആകെയുള്ളത് 35 മുതൽ 40 വരെ പൊലീസുകാരാണ്. ദേശീയപാതയിൽ തന്നെ സ്റ്റേഷൻ പരിധിയിൽ 3 സ്കൂളുകളുണ്ട്. സ്കൂൾ സമയങ്ങളിൽ ഇവിടെയെല്ലാം ഡ്യൂട്ടിക്ക് ആളെ ഇടണം.

പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രവും സ്റ്റേഷൻ പരിധിയിലാണ്. അതുകൊണ്ടു തന്നെ ശരാശരി 15 ജീവനക്കാരെ വച്ചാണ് സ്റ്റേഷന്റെ പ്രവർത്തനം. ഇവിടെ ഉണ്ടായിരുന്ന ഹോം ഗാർഡ് 8 മാസം മുൻപു ജോലി നിർത്തി. പുതിയ ആളെ നിയമിച്ചിട്ടില്ല. ഗതാഗത പ്രശ്നങ്ങൾ വ്യാപകമാകുമ്പോൾ പൊലീസുകാരെ സഹായിക്കാൻ അടിയന്തരമായി ഒരു ഹോം ഗാർഡിനെയെങ്കിലും നിയമിക്കാൻ നടപടി ഉണ്ടാകണം എന്നാണ് ആവശ്യം.

കോസ്‌വേ പാലത്തിന്റെ കോൺക്രീറ്റിങ് ജോലികളുടെ ആദ്യ ഘട്ടം പൂർത്തിയായെങ്കിലും ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ മാത്രമേ തുറന്നു നൽകൂ എന്നാണ് പൊതുമരാമത്ത് പാലം വിഭാഗം അധികൃതർ പറയുന്നത്. കോസ്‌വേ തുറക്കാതെ ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകുകയില്ല. 34–ാം മൈൽ മുളങ്കയം വഴിയല്ലാതെ വലിയ വാഹനങ്ങൾ കടത്തിവിടാൻ കഴിയാത്തതിനാൽ രണ്ടാഴ്ചയിലധികം പ്രശ്നങ്ങൾ തുടരുവാനാണ് സാധ്യത .

കപ്പാട് ജംക്‌ഷനിലെ അറവുശാല പൂട്ടാൻ ആരോഗ്യവകുപ്പിന്റെ നിർദേശം

കാഞ്ഞിരപ്പള്ളി ∙ ലൈസൻസും മതിയായ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു വന്ന അറവുശാല പൂട്ടാൻ ആരോഗ്യവകുപ്പിന്റെ നിർദേശം.

കപ്പാട് ജംക്‌ഷനു സമീപം പ്രവർത്തിച്ചുവന്ന അറവുശാലയിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.

അറവുശാല പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനും ലൈസൻസ് ഇല്ലെന്ന് അധികൃതർ അറിയിച്ചു. അറവുശാലയിലെ മാലിന്യങ്ങൾ അലക്ഷ്യമായി തള്ളിയിരിക്കുന്നത് കണ്ടെത്തിയതായും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കൊതുക് പെരുകുന്ന സാഹചര്യം കണ്ടെത്തിയതിനെ തുടർന്നു 4 വീട്ടുകാർക്കു നോട്ടിസ് നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനകൾക്കു ഹെൽത്ത് ഇൻസ്പെക്ടർ ആർ.രാജേഷ്, ജെഎച്ച്ഐമാരായ പി.എ.ആതിര, അനുമോൾ എന്നിവർ നേതൃത്വം നൽകി.

ജലജീവൻ പദ്ധതി: വട്ടക്കാവിൽ ജലസംഭരണി നിർമാണം തുടങ്ങി

മുണ്ടക്കയം ∙ പഞ്ചായത്തിൽ നടപ്പാക്കുന്ന ജലജീവൻ പദ്ധതിയുടെ ഭാഗമായി വട്ടക്കാവിൽ ജലസംഭരണിയുടെ നിർമാണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് നിർമാണോദ്ഘാടനം നിർവഹിച്ചു. വെള്ളനാടി മൂരിക്കയത്ത് നിർമിക്കുന്ന ചെക്ക് ഡാമിൽ നിന്നു വെള്ളം പമ്പ് ചെയ്ത് അമരാവതി പത്തേക്കറിൽ നിർമിക്കുന്ന 3 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിൽ ശേഖരിക്കുകയാണ് ചെയ്യുക.

അവിടെ നിന്ന് ജലം സിയോൺ കുന്ന്, പുലിക്കുന്ന്, വരിക്കാനി, ചെളിക്കുഴി, പറത്താനം, ആഴംമല, ചെറുമല എന്നിവിടങ്ങളിൽ ജലസംഭരണികൾ സ്ഥാപിച്ച് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ജലവിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ജീവസംരക്ഷണ സന്ദേശയാത്രയ്ക്ക് സ്വീകരണം ഇന്ന്

കാഞ്ഞിരപ്പള്ളി ∙ കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി നടത്തുന്ന, കേരളത്തിലെ എല്ലാ രൂപതകളിലൂടെയും കടന്നു പോകുന്ന ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു സ്വീകരണവും രൂപതാതല പ്രോലൈഫ് സമിതിയുടെ ഉദ്ഘാടനവും ഇന്നു രാവിലെ 10.30നു വെളിച്ചിയാനി ഫൊറോന പള്ളിയിൽ നടത്തും.

രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. വെളിച്ചിയാനി ഫൊറോന വികാരി ഫാ. ഇമ്മാനുവൽ മടുക്കക്കുഴി അധ്യക്ഷത വഹിക്കും.

പുരയിടത്തിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം

എരുമേലി ∙ കീരിത്തോട് ഈറയ്ക്കൽ മനോജിന്റെ പുരയിടത്തിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനാശം വരുത്തി. പുരയിടത്തിലെ ടാപ്പിങ് നടത്തുന്ന റബർ മരങ്ങൾ, കായ്ച്ച കവുങ്ങുകൾ, പ്ലാവുകൾ തുടങ്ങിയവ നശിപ്പിച്ചു. പുരയിടത്തിലെ കയ്യാലകളും പൂർണമായി നശിപ്പിച്ചു.

കഴിഞ്ഞ വർഷം ഇവരുടെ വീടിനോടു ചേർന്നുള്ള ആട്ടിൻകൂട്ടിൽ കെട്ടിയിരുന്ന ആടിനെ രാത്രി പുലി പിടിച്ചിരുന്നു. ഇതോടെ ഭയം മൂലം ഈ കുടുംബം വീട് ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്ത് താമസിക്കുകയാണ്. ഇതുമൂലം കാട്ടാന കയറി കൃഷി നശിപ്പിച്ചത് ഇന്നലെ രാവിലെയാണ് അറിഞ്ഞത്. വനമേഖലയോടു ചേർന്നുള്ള പ്രദേശമായതിനാൽ കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാണ്. ആറുതൊട്ടി – ഈറയ്ക്കൽപടി ഭാഗത്തെ ഫെൻസിങ് ഏറെക്കാലമായി തകർന്ന നിലയിലാണ്. ഫെൻസിങ് തകരാർ പരിഹരിച്ചാൽ വന്യമൃഗശല്യത്തിനു പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

ബസ്‌ യാത്രയ്ക്കിടെ മോഷണം; തമിഴ്നാട് സ്വദേശിനി പിടിയിൽ

കാഞ്ഞിരപ്പള്ളി ∙ ബസ്‌ യാത്രയ്ക്കിടെ മധ്യവയസ്കയുടെ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും എടിഎം കാർഡും ആധാർ കാർഡും മോഷ്ടിച്ച കേസിൽ തമിഴ്നാട് മധുര സ്വദേശിനി മീനാക്ഷി (44) യെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഴയിടം സ്വദേശിനിയായ മധ്യവയസ്ക ബസിൽ കയറുന്നതിനിടെ വാതിൽ പടിയിൽ തിരക്കുണ്ടാക്കി ഷോൾഡർ ബാഗ് തുറന്ന് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും എടിഎം കാർഡും ആധാർ കാർഡും അടങ്ങിയ പഴ്സ് മോഷ്ടിച്ചെടുത്തു കടന്നു കളഞ്ഞു. പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ പേട്ടക്കവല ഭാഗത്ത് നിന്നും മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ഇവരിൽ നിന്ന് പണവും ആധാർ കാർഡും കൂടാതെ മറ്റു പലരുടെയും ആധാർ കാർഡുകളും കണ്ടെടുത്തു. എസ്എച്ച്ഒ എം.എസ്.ഫൈസൽ, എസ്.ഐ.ശാന്തി കെ.ബാബു, എഎസ്ഐ രേഖ റാം, സിപിഒമാരായ അരുൺ, ബിനോയ് മോൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

പെരുവന്താനത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ നീക്കി ; ഷിനോജ് ജേക്കബ് പുതിയ പ്രസിഡന്റ്

പെരുവന്താനം : പെരുവന്താനത്തെ കോൺഗ്രസ് പ്രതിസന്ധിയിൽ കെപിസിസിയുടെ നേരിട്ടുള്ള ഇടപെടൽ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാടിനെ പദവിയിൽ നിന്നു നീക്കം ചെയ്തു. പുതിയ മണ്ഡലം പ്രസിഡന്റായി ഷിനോജ് ജേക്കബിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നിയമിച്ചു. ഇതു സംബന്ധിച്ച കത്ത് സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിനു കൈമാറി. കോൺഗ്രസ് പുനഃസംഘടനയിൽ ജില്ലയിൽ കീറാമുട്ടിയായിനിന്ന ഏക മണ്ഡലം പെരുവന്താനമായിരുന്നു. പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾ പ്രസിഡന്റ് പദവിക്കു വേണ്ടി നടത്തിയ വടംവലി പുനഃസംഘടനയെ തടസ്സപ്പെടുത്തി. തുടർന്ന് പെരുവന്താനം ഒഴിച്ചിട്ട് മറ്റു മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിക്കുകയായിരുന്നു.

7 മാസം നീണ്ട മാരത്തൺ ചർച്ചകൾക്കു ശേഷം രണ്ടു പെരുമാറ്റദൂഷ്യ പരാതികളിൽ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഷനിൽ കഴിഞ്ഞിരുന്ന മുൻ മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാടിനു തന്നെ വീണ്ടും ചുമതല നൽകി. ഇതിനിടെ കഴിഞ്ഞ ദിവസം മണ്ഡലം പ്രസിഡന്റിന്റെ ചിത്രം അടങ്ങിയ ചില ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പിന്നാലെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പരാതികൾ കെപിസിസിയിലേക്കു പ്രവഹിക്കുകയായിരുന്നു. നേരിട്ട് അന്വേഷണം നടത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പുതിയ പരാതി ലഭിച്ച് 24 മണിക്കൂർ പിന്നിടുന്നതിനു മുൻപു തന്നെ നടപടിയും പുനഃസംഘടനയും പ്രഖ്യാപിക്കുകയായിരുന്നു. പുതിയ മണ്ഡലം പ്രസിഡന്റ് നിയമനം സംബന്ധിച്ചു ചർച്ചകൾ നടത്തിയാൽ വീണ്ടും ഗ്രൂപ്പുകൾ സമ്മർദം ശക്തമാക്കുമെന്ന കണക്കൂട്ടലാണ് ജില്ലയിലെ നേതാക്കളെ ഒഴിവാക്കി കെപിസിസി തന്നെ തീരുമാനം എടുക്കാൻ ഇടയാക്കിയത്.

രൂപത കോർപറേറ്റ് മാനേജ്മെന്റ് മെറിറ്റ് ദിനാചരണം നാളെ

കാഞ്ഞിരപ്പള്ളി ∙ രൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളുടെ മെറിറ്റ് ദിനാചരണം നാളെ ഉച്ചകഴിഞ്ഞു 2നു സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കും.

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സമ്മേളനം

എരുമേലി ∙ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് (ടിഡിഇഎഫ്) മുണ്ടക്കയം ഗ്രൂപ്പ് സമ്മേളനവും സർവീസിൽ നിന്നു വിരമിച്ചവർക്കുള്ള യാത്രയയപ്പും ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ബിനു മറ്റക്കര ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് മനോജ് ഇളങ്ങുളം അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രൂപ്പിൽ നിന്നു വിരമിക്കുന്ന പ്രവർത്തകരായ ശ്യാം ബാബു (പൊൻകുന്നം), സുരേഷ് (ചിറക്കടവ്), ഹരി (ചെറുമല പശ്ചിമ ദേവസ്വം) എന്നിവർക്കു യാത്രയയപ്പ് നൽകി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ദേവസ്വം മുൻ സെക്രട്ടറി ജി.ബൈജു മുഖ്യാതിഥിയായിരുന്നു.

ടിഡിഇഎഫ് സംസ്ഥാന പ്രസിഡന്റ് ബിജു വി.നാഥ്, ജി.ഗോപകുമാർ, റെജി അമ്പാറ, നെയ്യാറ്റിൻകര പ്രവീൺ, അനിൽ കാട്ടാക്കട, ലിജു പാവുമ്പ, കൊല്ലം സുനിൽ, ജി.ഉണ്ണിക്കൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ നായർ, ശ്രീജിത്ത് ചെറുവള്ളി, ശരത് ചിറക്കടവ്, ജഗദീഷ് നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

പുനഃപ്രതിഷ്‌ഠാ ഉത്സവം ഇന്ന്

ചെന്നാപ്പാറ : മഹാദേവ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ഉത്സവം ഇന്ന് നടക്കും. രാവിലെ 4.40 മുതൽ വിശേഷാൽ പൂജകൾ. ഉപദേവതാ പ്രതിഷ്ഠ, 8.30 നു കലശപൂജ, 12.15ന് ചുറ്റമ്പലം റൂഫ് നിർമാണ ഉദ്ഘാടനം, ക്ഷേത്രം കമ്മിറ്റി വിപുലീകരണ യോഗം എന്നിവ നടക്കും.

പി. ടി. എ സമ്മേളനം


കാഞ്ഞിരപ്പള്ളി: ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിലെ പി. ടി. എ സമ്മേളനം പതിമൂന്നിന് ശനിയാഴ്‌ച രാവിലെ 9:45 ന്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. പി ടി എ പ്രസിഡന്റ്‌ ജോസ്‌ ആന്റണിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പാലാ സെന്റ്‌ തോമസ്‌ ബി.എഡ്‌ കോളേജിലെ അധ്യാപകന്‍ ഡോ. ടി.സി. തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തും. മാനേജര്‍ റവ. ഡോ. ജോണ്‍ പനച്ചിക്കല്‍, പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്‌, സ്റ്റാഫ്‌ സെക്രട്ടറി നൈസി ജേക്കബ്‌ എന്നിവര്‍ പ്രസംഗിക്കും.

സി ഐ ടി യു അവകാശ ദിനാചരണം: മാർച്ചും ധർണ്ണയും

കാഞ്ഞിരപ്പള്ളി: സിഐടിയു അവകാശ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്ഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ: റജി സക്കറിയാ ഉദ്‌ഘാടനം ചെയ്തു. കെ രാജേഷ്, പി കെ നസീർ, പി എസ് സുരേന്ദ്രൻ, അജാസ് റഷീദ് ,എം എസ് മണിയൻ, കെ എസ് ഷാനവാസ്, കെ സി സോണി, എം ജി രാജു, ഇ ജെ മുരളി, രാജൻ കണ്ണമല ,മാർട്ടിൻ തോമസ്, പി കെ സുധീർ, കെ എൻ സോമരാജൻ, കെ എൻ ദാമോദരൻ എന്നിവർ പ്രസംഗിച്ചു. പേട്ട ഗവ.ഹൈസ്കൂൾ പടിക്കൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.

\

സ്വയം പ്രതിരോധ പരിശീലന ക്ലാസ്

പൊൻകുന്നം ∙ ജനകീയ വായനശാലയിൽ 14നു വൈകിട്ട് 5നു സ്ത്രീകൾക്കും കുട്ടികൾക്കും കരാട്ടെ സ്വയം പ്രതിരോധ പരിശീലന ക്ലാസ് ആരംഭിക്കും. ഫോൺ: 85938 58732.

നെറ്റ്ബോൾ ചാംപ്യൻഷിപ്

പാലാ ∙ ജില്ല ജൂനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ് 13നു സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ നടത്തും. സംസ്ഥാന ജൂനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 01-01-2006 നു ശേഷം ജനിച്ചവർ ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ 8.30 നു കോളജ് ഗ്രൗണ്ടിൽ എത്തണം. ഫോൺ: 9447134241.

സ്പോട് അഡ്മിഷൻ

കോട്ടയം ∙ എംജി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ പിജി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട് അഡ്മിഷൻ നടത്തും. സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ എംഎ ഹിസ്റ്ററി (ബിഎസ്-1), ആന്ത്രപ്പോളജി (എസ്‌സി-2, എസ്ടി-1, എൽസി- 1, മുസ്‌ലിം-1, ഇഡബ്ല്യുഎസ്-2) പ്രോഗ്രാമുകളിലെ ഒഴിവുകളിലേക്ക് 15നു സ്പോട് അഡ്മിഷൻ നടത്തും. 9995203470.

∙ സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ എംഎ പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സിൽ എസ്‌സി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവ്. സ്പോട് അഡ്മിഷൻ 17ന്.

∙ സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എംബിഎയ്ക്ക് എസ്‌സി, എസ്ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവ്. സ്പോട് അഡ്മിഷൻ 18ന്. 0481-2733367.

∙ സ്കൂൾ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ എംഎസ്‌സി ഫിസിക്സ് എസ്ടി, എസ്‌സി വിഭാഗത്തിൽ 2 സീറ്റുകൾ ഒഴിവുണ്ട.് സ്പോട് അഡ്മിഷൻ 15ന്. 9895507247.

അധ്യാപക ഒഴിവ്

പനമറ്റം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 15നു രാവിലെ 11നു സ്കൂൾ ഓഫിസിൽ എത്തണം.

തെങ്ങിൻതൈ വിതരണം

എലിക്കുളം ∙ ഡബ്ല്യുസിടി തെങ്ങിൻ തൈകൾ കൃഷിഭവനിൽ വിതരണത്തിനെത്തി. സബ്സിഡി നിരക്കിൽ 50 രൂപയ്ക്കാണ് വിതരണം.

ഫോൺ: 82811 36783, 94462 75112.

അധ്യാപക ഒഴിവ്

കാഞ്ഞിരപ്പള്ളി : . സെന്റ് ഡൊമിനിക്‌സ് കോളജിൽ സ്വാശ്രയ വിഭാഗത്തിൽ ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ ഇന്ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാകണ๓. : 04828 234340, 8078056049.

തേനീച്ചക്കോളനി പരിചരണം

കാഞ്ഞിരപ്പള്ളി: തേനീച്ചക്കോളനി മഴക്കാല പരിചരണം സംബന്ധിച്ച സംശയങ്ങൾ ദൂരീകരി ക്കാൻ റബർബോർഡ് കോൾ സെൻ്ററുമായി ബന്ധപ്പെടാം. ചോദ്യങ്ങhൾക്ക് നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്‌നിങ് സെൻ്റർ പരിശീലകൻ ബിജു ജോസഫ് ഇന്ന് രാവിലെ പത്തുമണി മുതൽ ഒരുമണി വരെ ഫോണിലൂടെ മറുപടി നൽകും. ഫോൺ: 04812576622.

ഇന്നത്തെ പരിപാടി

∙ പഴയ കൊരട്ടി ആവേ മരിയ പ്രാർഥനാലയം: ധ്യാനം. ജപമാല – 9.30. വചനസന്ദേശം – ബാബു കട്ടക്കയം –10.00, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന – 11.00

∙ പൊ‍ടിമറ്റം സെന്റ് ജോസഫ് ധ്യാനകേന്ദ്രം: കൺവൻഷൻ. വചനപ്രഘോഷണം, കുർബാന, ആരാധന, ജപമാല.– 9.00

കുറ്റിപ്പാലക്കൽ കെ.എ. ജോർജ് (75)

തമ്പലക്കാട്: പെനുവേൽ ആശ്രമ അന്തേവാസിയായ പാലൂർക്കാവ് കുറ്റിപ്പാലക്കൽ ആഗസ്‌തിയുടെ മകൻ കെ.എ. ജോർജ് (75) നിര്യാതനായി. സംസ്കാരം ഇന്ന് 11 .30 ന് തമ്പലക്കാട് സെന്‍റ് തോമസ് പള്ളി സിമിത്തേരിയിൽ . മാതാവ് അന്നമ്മ.

error: Content is protected !!