കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ .. Date : 30/06/2024

കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയിൽ ഉൾപ്പെട്ട, കാഞ്ഞിരപ്പളളി, പാറത്തോട്, ചിറക്കടവ്, എരുമേലി, മണിമല ,എലിക്കുളം, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകളിലെ ഇന്നത്തെ പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം .

നമ്മുടെ നാടിന്റെ സ്പന്ദനങ്ങൾ നേരിട്ടറിയുവാൻ “കാഞ്ഞിരപ്പള്ളി ന്യൂസ്” വായന പതിവാക്കുക.. രാവിലെ 7 AM മുതൽ വൈകിട്ട് 7 PM വരെ, തുടർച്ചയായി പുതിയ വാർത്തകളുടെ അപ്‌ഡേഷൻ നടത്തുന്നതിനാൽ, നമ്മുടെ നാട്ടിലെ ഏറ്റവും പുതിയ വാർത്തകൾ ചൂടോടെ അറിയുവാൻ ഈ സൈറ്റിലെ സന്ദർശനം പതിവാക്കുക :

അരയാഞ്ഞിലിമണ്ണ് കോസ്‌വേയ്ക്ക് പകരം പാലം നിർമ്മിക്കണം എന്ന ആവശ്യം ശക്തം..

എരുമേലി ∙ ശക്തമായ മഴ പെയ്താൽ വെള്ളം കയറുന്ന ഗതികേടിലാണ് മലയോര മേഖലയിലെ പമ്പയാറിന് കുറുകെയുള്ള അരയാഞ്ഞിലിമണ്ണ് കോസ്‌വേ. ഈ കോസ്‌വേയ്ക്ക് പകരം പ്രളയം ബാധിക്കാത്ത പാലം പ നിർമിക്കണം എന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. എന്നാൽ ഇപ്പോഴും ഇതിന്റെ നടപടികൾ വൈകുകയാണ്.

മൂന്നുവശം വനവും ഒരു വശത്ത് പമ്പയാറും അതിരിടുന്ന അരയാഞ്ഞിലി മണ്ണിലെ നാനൂറിൽപരം കുടുംബങ്ങൾക്ക് പുറംലോകത്ത് എത്താനുള്ള ഏക മാർഗമാണ് ഈ കോസ്‌വേ. ശക്തമായ മഴ പെയ്ത് ആറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ ആദ്യം മുങ്ങുന്നതും ഈ കോസ്‌വേയാണ്. കഴിഞ്ഞ ദിവസവും കോസ്‌‌വേ മുങ്ങിയതോടെ അരയാഞ്ഞിലിമണ്ണ് മേഖല ഒറ്റപ്പെട്ടു. ഇവിടെ നാട്ടുകാർ നടപ്പാലം നിർമിക്കാനുള്ള നടപടികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. പുതിയ പാലം നിർമിക്കാനുള്ള നിർദേശവും സാങ്കേതികക്കുരുക്കിലാണ്

കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു

മുണ്ടക്കയം: കരിനിലത്ത് എൻ എം ബാബു നെല്ലിക്കുന്നോരത്തിന്റെ പുരയിടത്തിലെ കിണറ്റിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. മേയാൻ വിട്ടിരുന്ന പശു അബദ്ധത്തിൽ പുരയിടത്തിലെ കിണറ്റിൽ അകപ്പെടുകയായിരുന്നു.

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഈരാറ്റുപേട്ട അഗ്നിരക്ഷാസേനാധികൃതർ സ്ഥലത്ത് എത്തുകയും വേണ്ടിവന്ന സൗകര്യങ്ങൾ സജ്ജമാക്കി. ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിലാണ് ഈരാറ്റുപേട്ട ഫയർ ഫോഴ്സിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരായ അനീഷ്, ഷിബു, ജിജോ ജോഷി, അഖിൽ, നയൻ മോഹൻ, സച്ചിൻ സാജൻ എന്നിവരും പ്രദേശവാസികളും ചേർന്ന് പശുവിനെ ജീവനോടെ കരയ്ക്കെത്തിച്ചത്.

30 അടി താഴ്ചയും നാലു അടിയോളം വെളളവുമുണ്ടായിരുന്ന കിണറിലാണ് പശു വീണതെന്ന് അഗ്നിരക്ഷാസേനാധികൃതർ പറഞ്ഞു. സേനാംഗം രാജീവ് കിണറ്റിലിറങ്ങി ഹോസും റോപ്പും ഉപയോഗിച്ച് പശുവിനെ കെട്ടി നിർത്തിയാണ് പുറത്ത് എത്തിച്ചത്

മന്ത്രി യോഗം വിളിക്കും : എരുമേലിയിൽ മഴക്കാല രോഗ പ്രതിരോധം വിലയിരുത്തി.

എരുമേലി : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം പരിശോധിക്കാനും പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി യോഗം വിളിച്ചു ചേർക്കുമെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഇന്നലെ എരുമേലിയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ പഞ്ചായത്തുകളിലെ മഴക്കാല പൂർവ ശുചീകരണങ്ങളും രോഗ പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ ആരോഗ്യ വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. പകർച്ചവ്യാധികളുടെ സ്ഥിതിവിവരകണക്കുകൾ, പ്രതിരോധ പ്രവർത്തനങ്ങൾ, മരുന്നുകളുടെ ലഭ്യത, ജീവനക്കാരുടെ കുറവ്, നിർമാണ പ്രവർത്തികളുടെ വിവരങ്ങൾ, ശബരിമല തീർത്ഥാടന മുന്നൊരുക്കം എന്നിവ യോഗത്തിൽ വിലയിരുത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ വിദ്യാധരൻ, ബ്ലോക്ക്‌ മെഡിക്കൽ ഓഫിസർ റെക്സൺ, എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് ജിജിമോൾ സജി, അംഗം നാസർ പനച്ചി, എരുമേലി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാജി കറുകത്ര തുടങ്ങിയവർ പങ്കെടുത്തു.

റെജിമോന്റെ ചികിത്സാസഹായത്തിനായി നാട് ഒരുമിക്കുന്നു

പനമറ്റം: എലിക്കുളത്ത് രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ നാൽപ്പതുവർഷമായി നിറസാന്നിധ്യമായിരുന്ന മുട്ടത്തുകുന്നേൽ എം.റെജിമോന്റെ ചികിത്സാ സഹായത്തിനായി നാട് ഒരുമിക്കുന്നു. കുടൽസംബന്ധമായ അസുഖം ബാധിച്ച് ശസ്ത്രക്രിയ വേണ്ടി വന്നിരിക്കുകയാണ്. ജന്മനാ ഓട്ടിസം ബാധിച്ച് നടക്കാനും സംസാരിക്കാനും കഴിവില്ലാത്ത ഏകമകന്റെ ചികിത്സക്കായി സമ്പത്ത് മുഴുവൻ ചെലവഴിച്ച റെജിമോന്റെ ചികിത്സയ്ക്ക് വഴികാണാതെ കുടുംബം ബുദ്ധിമുട്ടിയപ്പോഴാണ് സഹായമൊരുക്കാൻ രാഷ്ട്രീയ, സാമൂഹികപ്രവർത്തകർ തീരുമാനിച്ചത്.

അഞ്ചുലക്ഷം രൂപയിലേറെ സമാഹരിക്കണം. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് കൺവീനറായും, ഏഴുമുതൽ 10 വരെ വാർഡുകളിലെ അംഗങ്ങളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉൾപ്പെട്ട സമിതിയാണ് പ്രവർത്തിക്കുന്നത്. ഞായറാഴ്ച ഭവനസന്ദർശനത്തിലൂടെ പരമാവധി തുക സ്വരൂപിക്കാനാണ് ശ്രമം. കൂടാതെ എസ്.ബി.ഐ.ഇളങ്ങുളം ശാഖയിൽ ചികിത്സാസഹായസമിതിയുടെ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ-43078343110, ഐ.എഫ്.എസ്.സി.എസ്.ബി.ഐ.എൻ. 0070360.

മുൻ മന്ത്രിയുടെ ഉറപ്പ് യാഥാർഥ്യമാകുന്നു

മുണ്ടക്കയം: മുൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വാക്ക് പാലിച്ചു. മുണ്ടക്കയം വള്ളിയങ്കാവ് ദേവീക്ഷേത്രത്തിന്റെയും, നാട്ടുകാരു ടെയും ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഒരു മന്ത്രി ആദ്യമായി വള്ളിയങ്കാവ് ക്ഷേത്രം സന്ദർശിക്കുകയും നാട്ടുകാർ നൽകിയ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്‌ത ചടങ്ങിൽ നാട്ടുകാർക്ക് കൊടുത്ത ഉറപ്പാണ് യാഥാർത്ഥ്യത്തിലേക്ക് എത്തുന്നത്

മലയോര മേഖലയിലെ അതിപുരാതനമായ വള്ളിയങ്കാവ് ദേവീ ക്ഷേത്രത്തിലെ അടിസ്‌ഥാന സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ദേവസ്വം ക മ്മീഷണർ എം ജി രാജമാണിക്യം ക്ഷേത്രത്തിലെത്തി വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു‌. ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്റെ മന്ത്രിതല യോഗത്തിന്റെ തുടർ നടപടികളുടെ ഭാഗമായാണ് എത്തിയതെന്നും ക്ഷേത്ര വികസനത്തിന് ആവശ്യമായ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങളായ പാർക്കിംഗ്, പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം, താമസ സൗകര്യം, വഴിപാടുകൾ നടത്താനുള്ള സൗകര്യം, കുടിവെള്ളം അടക്കം നിരവധി കാര്യങ്ങളാണ് നാട്ടുകാർ നിവേദനത്തിൽ ആവശ്യപ്പെട്ടത്.

വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും ദേവസ്വം കമ്മീഷണർ പറഞ്ഞു. ദേവസ്വം വകുപ്പിൻ്റെ കൂടി മന്ത്രിയായിരുന്ന കെ. രാ ധാകൃഷ്ണൻ ആലത്തൂർ എം.പിയായി വിജയിച്ചതോടെ മന്ത്രി സ്‌ഥാനം രാജി വെയ്ക്കുകയും പകരം ഒ.ആർ കേളു മന്ത്രിയായെങ്കിലും സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവന് ദേവസ്വം വകു പ്പ് മാറ്റി നൽകുകയും ചെയ്തിരുന്നു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെറ്റി ബിനു, വാർഡംഗം എം ജി സുരേഷ്, ആർ ചന്ദ്രബാബു എന്നി വരുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലാണ് നടപടികൾക്ക് സഹായകരമായത്.

പൂഞ്ഞാർ എംഎൽഎയുടെ പ്രതിഭാ പുരസ്കാരവും എക്‌സലൻസ് അവാർഡ് വിതരണവും ഇന്ന്

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജകമണ്ഡല ത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളി ൽ എല്ലാം വിഷയങ്ങൾക്കും എ പ്ലസ് നേടിയ വി ദ്യാർഥികൾക്ക് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ ഏർപ്പെടുത്തിയിരിക്കുന്ന പ്രതിഭാ പുരസ്കാരവും നൂറു ശതമാനം വിജയം നേടിയ സ്കൂ‌ളുകൾക്കുള്ള എക്‌സലൻസ് അവാർഡ് വിതരണവും 30ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പ ള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഓഡിറ്റോറി യത്തിൽ നടക്കും.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കിൻഫ്ര
ഫിലിം ആൻഡ് വീഡിയോ പാർക്ക് കോർപറേഷൻ ചെയർമാൻ ജോർജുകുട്ടി ആഗസ്തി, ജില്ലാ ആസൂത്രണസമിതി അംഗം കെ. രാജേഷ്,ജില്ലാ പഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ, സെന്റ് ഡൊമിനിക്സ‌് കോളജ് പ്രിൻസിപ്പൽഡോ. സീമോൻ തോമസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.ടി. രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രഥമാധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും.

നിയോജകമണ്ഡലത്തിലെ അമ്പതോളം സ്കൂ ളുകളിൽനിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീ ക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികളും നിയോജക മണ്ഡലത്തിൽനിന്ന് പുറത്തുനിന്നുള്ള സ്കൂളുകളിൽ പഠിച്ച് എ പ്ലസ് നേടിയ നിയോജ ക മണ്ഡലം പരിധിയിൽ താമസക്കാരുമായ വിദ്യാർഥികളാണ് പ്രതിഭാ പുരസ്‌കാരത്തിന് അർ ഹരായിട്ടുള്ളത്. നൂറു ശതമാനം വിജയം കൈവരിച്ച 50 സ്കൂളുകളാണ് എംഎൽഎ എക്സലൻസ് അവാർഡിന് അർഹരായിട്ടുള്ളത്.

റോഡ് പണി നാളെ ആരംഭിക്കും

കാഞ്ഞിരപ്പള്ളി : കുന്നംഭാഗം ഗവൺമെന്റ് ഹൈസ്കൂൾ -പൈനുങ്കൽപ്പടി റോഡിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഈ റോഡിലെ 54 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിലേക്ക് കുഴിച്ചിട്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് കഴിഞ്ഞദിവസം മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നാല് പ്രാവശ്യം തീയതി നിശ്ചയിച്ച് കോൺക്രീറ്റ് ചെയ്യുവാൻ തുനിഞ്ഞുവെങ്കിലും ശക്തമായ മഴ മൂലം അതിന് സാധിച്ചില്ലായെന്ന് ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ആന്റണി മാർട്ടിൻ ജോസഫ് അറിയിച്ചു.

ജനങ്ങൾക്ക് ഇതുമൂലം ഉണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുതായും, പഞ്ചായത്ത് അംഗം എന്ന നിലയിൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം അറിയിച്ചു. മനപ്പൂർവ്വമായി താമസിപ്പിച്ചു എന്നതും സാമ്പത്തിക ലാഭത്തിനായി പ്രവർത്തിച്ചു എന്ന ആരോപണവും വാർത്തയും നീതിക്ക് നിരക്കാത്തതും വേദനാജനകവും ആണ്. കാലാവസ്ഥ അനുകൂലമായാൽ നാളെ
തിങ്കളാഴ്ച കോൺക്രീറ്റ് ചെയ്യുവാൻ പഞ്ചായത്തിൽ നിന്നും വീണ്ടും തീയതി നിശ്ചയിച്ച് നൽകിയിട്ടുണ്ട്.

കരിനിലം – കുഴിമാവ് റോഡ് ; സംരക്ഷണ സമിതി ഇന്ന് നാളികേരം ഉടച്ച് പ്രതിഷേധത്തിന്

മുണ്ടക്കയം : യാത്രക്കാർക്ക് ദുരിത യാത്ര സമ്മാനിച്ച് കരിനിലം-കുഴിമാവ് റോഡ്. വർഷങ്ങൾക്ക് മുൻപ് റോഡ് നവീകരണത്തിന് ഫണ്ട് അനുവധിച്ചിട്ടും നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ പോലും ആരംഭിച്ചിട്ടിലെന്ന് നാട്ടുകാർ. മുണ്ടക്കയത്തുനിന്നു കുഴിമാവിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിപ്പെടാവുന്ന റോഡാണ് കരിനിലം പശ്ചിമ കുഴിമാവ് റോഡ്.

ഒട്ടേറെ പ്രതിഷേധങ്ങള്‍ക്ക് രാഷ്‌ട്രീയ ചർച്ചകൾക്കും വഴിവച്ച ശബരിമലപാത കൂടിയായ കരിനിലം-പശ്ചിമ-കുഴിമാവ് റോഡ് യാത്ര യോഗ്യമാകാത്തതിനെതിരേ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാർ ഒന്നിച്ചുകൂടുകയും റോഡ് സംരക്ഷണ സമിതി രൂപീകരിച്ച്‌ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തത്.

റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങളും – പരാതികളും കൊടുത്ത് നാട്ടുകാര്‍ മടുത്തു. ഇതുവരെ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജനകീയ പ്രതിഷേധത്തിലേക്ക് നാട്ടുകാര്‍ എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് മുഴുവന്‍ ജനങ്ങളും പങ്കെടുത്ത് നാളികേരം ഉടച്ച് പ്രതിഷേധത്തിന് തുടക്കം കുറിക്കും. കരിനിലം മുതൽ പശ്ചിമ കൊട്ടാരംകട വരെയുള്ള 10 കിലോമീറ്റർ റോഡാണ് തകർന്നു ശോചനീയാവസ്ഥയിലായിരിക്കുന്നത്. തകർന്ന റോഡിലൂടെ സർവീസ് നടത്തുന്നതുമൂലം വാഹനങ്ങൾക്കു കേടുപാട് സംഭവിക്കുന്നതും പതിവ് സംഭവമാണ്. ഇതോടെ മേഖലയിലേക്കുള്ള പൊതുഗതാഗതം കുറഞ്ഞു. ടാക്സി
വാഹനങ്ങളെയാണു പലരും ആശ്രയിക്കുന്നത്. ഇതിനായി വൻ തുക തന്നെ മുടക്കേണ്ട ഗതികേടിലാണു നാട്ടുകാർ. പശ്ചിമ, കൊട്ടാരംകട അടക്കമുള്ള മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ ആശ്രയമാണ് ഈ റോഡ്.

പി എൻ പണിക്കർ അനുസ്മരണം ഇന്ന്

തമ്പലക്കാട് :   സി എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി. എൻ പണിക്കർ അനുസ്മരണവും ‘വായനയുടെ വീണ്ടെടുക്കൽ’ എന്ന വിഷയത്തിലുള്ള ചർച്ചയും ഇന്ന്  വൈകുന്നേരം നാലിന് വായനശാലാ ഹാളിൽ നടക്കും. ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡൻ്റ് കെ. ടി ജോയ് അധ്യക്ഷനാകും.

മുണ്ടക്കയത്തെ ജനകീയ ആവശ്യങ്ങൾ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തി

മുണ്ടക്കയം: മുണ്ടക്കയത്തെ വിവിധ ജനകീയ ആവശ്യങ്ങൾ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ഭരണസമിതി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരെ നേരിൽ കണ്ട് അവതരിപ്പിച്ചു. നൂറ്റാണ്ടുകൾക്ക് മുമ്പ് പണിത മുണ്ടക്കയത്തെ ലക്ഷം വീടുകളുടെ ജീർണാവസ്ഥ പരിഹരിക്കാൻ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്താൻ പ്രത്യേക അനുമതി വേണമെന്ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു.

ഹയർ സെക്കന്ററി വിദ്യാർഥികളുടെ പ്രവേശന പ്രശ്നം, കരിനിലം പശ്ചിമ റോഡിന്റെ ശോചിയവസ്ഥ, വെള്ളനാടി, കീച്ചൻ പാറ തകർന്ന പാലങ്ങൾ പുനർ നിർമ്മിക്കുന്നത് സംബന്ധിച്ച്, തോട്ടം പുരയിടം ഭൂമി പ്രശ്നം, ലക്ഷം വീടുകൾ -എസ്റ്റേറ്റ് ലേയങ്ങൾ ലൈഫിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്, ടൂറിസം സാധ്യതകൾ തുടങ്ങിയവ അവതരിപ്പിച്ചു.

അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, പ്രസിഡന്റ്‌ രേഖാ ദാസ്, സി.വി അനിൽകുമാർ, ദിലീഷ് ദിവാകരൻ, ഷിജി ഷാജി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു

അനുമോദനവും  പഠനോപകരണ വിതരണവും

കാഞ്ഞിരപ്പള്ളി : പഠനമികവിന് അനുമോദനം സംഘടിപ്പിച്ചു. സി.പി.എം.ജില്ലാ കമ്മിറ്റി അംഗം പി. ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു. പത്ത്,  പ്ലസ് ടു ഉന്നതവിജയികളെ അനുമോദിച്ചു. പഠനോപകരണങ്ങൾ വിതരണവും നടത്തി. സിനി ഷംസുദീൻ  അധ്യക്ഷത വഹിച്ചു.അജാസ് റഷീദ്, വി. എം. ഷാജഹാൻ. പി. കെ. സജികുമാർ, സുമ സജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു

മദ്യ വ്യവസായ തൊഴിൽ രംഗത്തു നിന്നും വിരമിച്ചവർക്ക് യാത്രയയപ്പ്

കാഞ്ഞിരപ്പള്ളി : മദ്യ വ്യവസായ തൊഴിൽ രംഗത്തു നിന്നും വിരമിച്ച രണ്ടു പേർക്ക് യാത്രയയപ്പ് നൽകി.
കാഞ്ഞിരപ്പള്ളി താലൂക്ക് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) അംഗങ്ങളായ എം വി ഹരിദാസ്, കെ പി സന്തോഷ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. സി. പി – എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് വിരമിച്ചവർക്ക് മെമൻറ്റോ നൽകി.യൂണിയൻ സെക്രട്ടറി പി എസ് സുരേന്ദ്രൻ പ്രസംഗിച്ചു.

പി. റ്റി.എ സെമിനാറും മെറിറ്റ് ഡേയും  

ചിറക്കടവ് :  സെന്റ് ഇഫ്രേംസ് ഹൈ സ്കൂളിൽ അധ്യാപക രക്ഷാകർതൃസമ്മേളനവും ,മെറിറ്റ് ഡേയും ,സെമിനാറും നടത്തപ്പെട്ടു.  സ്കൂൾ മാനേജർ  ഫാ. മാത്യു വയലുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പർ  ഗിരീഷ് കുമാർ റ്റി. എൻ ഉദ്ഘാടനം ചെയ്തു .  എസ് . എസ് . എൽ. സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ചിറക്കടവ് ഗ്രാമപഞ്ചായത്ത് മെമ്പർ എം. ജി വിനോദ് ഉപഹാരങ്ങൾ നൽകി ആദരിച്ചു. .പി . റ്റി. എ പ്രസിഡന്റ്  ജോബിൻ ജോയ്‌സ്,സ്കൂൾ ഹെഡ്മിസ്ട്രസ്  ജിജി മാത്യൂസ് എന്നിവർ പ്രസംഗിച്ചു .സെമിനാറിനോട് അനുബന്ധിച്ച് ‘രക്ഷാകർത്തൃത്വം വെല്ലുവിളികൾ ‘എന്ന വിഷയത്തെക്കുറിച്ച്  പാലാ സെന്റ് തോമസ് കോളേജ് ഓഫ്  ടീച്ചർ എഡ്യൂക്കേഷനിലെ ഡോ.റ്റി.എം മോളിക്കുട്ടി ക്ലാസ്സ്‌ നയിച്ചു.

ഒട്ടുപാലിന് വില ഉയരുന്നു ..

നന്നായി ഉണങ്ങി പൂപ്പലില്ലാത്ത ഒട്ടു പാലും ചണ്ടിപ്പാലും 135-140 രൂപയ്ക്ക് വ്യാപാരം നടക്കുന്നു. ക്രംബ് ഫാക്ടറികൾക്ക് വേണ്ടത്ര ഒ ട്ടുപാൽ കിട്ടാനില്ല. മഴമൂലം ടാപ്പിംഗ് നിലച്ചതോ ടെ ചില ഫാക്ടറികൾ ഭാഗികമായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.

അടുത്തയാഴ്ച മേന്മയുളള ഒട്ടുപാലിന് 150 രൂപ വരെ ഉയരുമെന്നാണ് സൂചന. ഷീറ്റ് ക്ഷാമംമൂലം ടയർ കമ്പനികൾ വലിയ തോതിൽ ക്രംബ് റബർ ആവശ്യപ്പെടുന്നുണ്ട്.

മുണ്ടക്കയത്ത് മണൽ ലേലം ചെയ്തത് മാറ്റി തുടങ്ങി

മുണ്ടക്കയം : പ്രളയരഹിത മണിമലയാർ പദ്ധതിയുടെ ഭാഗമായി മു ണ്ടക്കയം പുത്തൻ ചന്ത പഞ്ചായത്ത് വക സേസ്‌റ്റഡിയത്തിൽ, മണിമ ലയാർ ആഴംകൂട്ടൽ പദ്ധതിയുടെ ഭാഗമായി ഇറിഗേഷൻ വകുപ്പ് വാരിയിട്ടിരുന്ന മണൽ ലേലം ചെയ്‌തത് മാറ്റി തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി അനിൽകുമാർ ഷിജി ഷാജി തുടങ്ങിയവർ സ്‌ഥലം സന്ദർശിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തി

കാഞ്ഞിരപ്പള്ളി ഇടിമണ്ണിക്കൽ എഡ്ജിൽ ഓഫറുകൾ തുടരുന്നു

കാഞ്ഞിരപ്പള്ളി ∙ ഇടിമണ്ണിക്കൽ എഡ്ജ് ഒപ്്റ്റിക്കൽസ് കാഞ്ഞിരപ്പള്ളിയിൽ ആരംഭിച്ച ഷോറൂമിൽ ഉദ്ഘാടന ഓഫറുകൾ തുടരുന്നു. ഒരു കണ്ണട വാങ്ങുമ്പോൾ ഒരു കണ്ണട തികച്ചും സൗജന്യമായി നൽകുന്നതാണ് ഉദ്ഘാടന ഓഫർ.

കംപ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് പ്രത്യേകം തയാറാക്കിയ ബ്ലൂലൈറ്റ് പ്രൊട്ടക്‌ഷൻ ലെൻസുകൾക്കും കണ്ണുകൾക്ക് അപകടകാരിയായ യുവി രശ്മികളിൽ നിന്ന് സുരക്ഷ നൽകുന്ന യുവി പ്രൊട്ടക്‌ഷൻ ലെൻസുകൾക്കും രാത്രികാല ഡ്രൈവിങ് സുഗമമാക്കാൻ ഉപയോഗിക്കുന്ന ഡ്രൈവ് സേഫ് ലെൻസുകൾക്കും ഉദ്ഘാടന ഓഫർ ഉണ്ടായിരിക്കും.

കാഞ്ഞിരപ്പളളി കെകെ റോഡിലുള്ള എകെജെഎം സ്‌കൂളിനുസമീപമാണ് ഇടിമണ്ണിക്കൽ എഡ്ജിന്റെ പത്താമത്തെ ഷോറൂം പ്രവർത്തിക്കുന്നത്.

ചങ്ങനാശേരി, കോട്ടയം, പാലാ, കറുകച്ചാൽ, തിരുവല്ല, പത്തനംതിട്ട, അടൂർ, അങ്കമാലി എന്നിവിടങ്ങളിലും വിദേശനിർമിത ബ്രാൻഡഡ് ഫ്രെയിമുകൾ 100 രൂപ മുതലും കണ്ണടകൾ 250 രൂപ മുതലും ലഭ്യമാണ്. ഫോൺ: 95393 36777.

ശബരി റെയിൽപാത വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു

എരുമേലി : അങ്കമാലി – എരുമേലി ശബരി റെയിൽപാത കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞത്തേക്കു നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ റെയിൽവേ ബോർഡിനെ സമീപിച്ചു.

ശബരി പാത എരുമേലിയിൽ നിന്നു തിരുവനന്തപുരത്തേക്കു നീട്ടാൻ 2013ൽ സർവേ നടത്തിയെങ്കിലും ലാഭകരമല്ലെന്ന കാരണത്താൽ തുടർ നടപടിയുണ്ടായില്ല. അന്നത്തേതിൽ നിന്നു വ്യത്യസ്തമായി എംസി റോഡിലെ അനിയന്ത്രിതമായ വാഹനത്തിരക്കും വിഴിഞ്ഞം തുറമുഖം തുറക്കുന്നതോടെ ഉണ്ടാകുന്ന ചരക്ക് നീക്കവും കണക്കിലെടുത്ത് നിർദിഷ്ട ലൈൻ ബാലരാമപുരത്തേക്കു നീട്ടി വിഴിഞ്ഞവുമായി ബന്ധിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

എരുമേലി മുതൽ ബാലരാമപുരം വരെ നീളുന്ന 160 കിലോമീറ്റർ റെയിൽ പാതയിൽ 13 സ്റ്റേഷനുകളാണ് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്.

ബാലരാമപുരം, കാട്ടാക്കട, നെടുമങ്ങാട്, വെഞ്ഞാറമൂട് റോഡ്, കിളിമാനൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, പെരുനാട് റോഡ്, ശബരിമല എയർപോർട്ട് സ്റ്റേഷൻ (അത്തിക്കയത്തിനു സമീപം), എരുമേലി എന്നിവയാണു സ്‌റ്റേഷനുകൾ. പാത വന്നാൽ അങ്കമാലി- തിരുവനന്തപുരം റൂട്ടിൽ സംസ്ഥാനത്തിനു പുതിയ റെയിൽ ഇടനാഴി ലഭിക്കുമെന്നും പദ്ധതിക്കു 4800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും റെയിൽവേ ബോർഡിനു നൽകിയ കത്തിൽ പറയുന്നു.

അങ്കണവാടി കെട്ടിടം ശിലാസ്ഥാപനം

വെച്ചൂച്ചിറ: അരയൻപാറ അങ്കണവാടിക്കായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. ജയിംസ് നി ർവഹിച്ചു. വൈസ് പ്രസിഡൻ്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹി ച്ചു. അംഗങ്ങളായ രാജി വിജയകുമാർ, ടി.കെ. രാജൻ, ഷാജി കൈ പ്പുഴ എന്നിവർ പ്രസംഗിച്ചു. ഫാ. ജോസഫ് പെരുമ്പലത്ത് സൗജന്യ മായി നൽകിയ സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ അടഞ്ഞുതന്നെ ; രോഗികൾ ദുരിതത്തിൽ

കാഞ്ഞിരപ്പള്ളി: ശുചിത്വമില്ലാതെ പ്രവർത്തിച്ചതിനെത്തുടർന്ന് അടച്ചുപൂട്ടിയ ജനറൽ ആശുപത്രിയിലെ കാന്റീൻ ഒരാഴ്ചയായിട്ടും തുറന്ന് പ്രവർത്തനമാരംഭിച്ചില്ല. ഇതോടെ ജീവനക്കാരും രോഗികളും ദുരിതത്തിലായിരിക്കുകയാണ്.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതു കണ്ടെത്തിയതിനെത്തുടർന്നാണ് കാന്റീൻ അടച്ചുപൂട്ടിയത്. കാന്റീനിൽനിന്നു വാങ്ങിയ ബിരിയാണിയിൽ പുഴുവിനു സമാനമായ ജീവിയെ കണ്ടെത്തുകയും തുടർന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ അടച്ചു പൂട്ടുക യുമായിരുന്നു. ജീവനക്കാരിൽ ഒരാൾക്കൊഴികെ ബാക്കി ആർ ക്കും ഹെൽത്ത് കാർഡുണ്ടായിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച മാനദണ്ഡങ്ങൾ സ്വീകരിച്ച് എത്രയുംവേഗം കാന്റീൻ പ്രവർത്തനം തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ, ഒരാഴ്‌ച കഴിഞ്ഞിട്ടും കാന്റീൻ പ്രവർത്തനം തുടങ്ങുന്നതിന് ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ പോലും പൂർത്തിയായിട്ടില്ല.

പുതിയ ആശുപത്രി കെട്ടിടവളപ്പിൽ സ്ഥിതി ചെയ്യുന്ന കാന്റീൻ പ്രവർത്തനം നിലച്ചതോടെ രോഗികളും, കൂട്ടിരിപ്പുകാരും, ജീവനക്കാരും
ഒരുപോലെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. നിലവിൽ പുറത്തുള്ള കടകളാണ് ഇവരുടെ ആശ്രയം.

എൽഡിഎഫ് ഭരിക്കുന്ന വാഴുർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് ആശുപത്രിയുടെ പ്രവർത്തനം. കാന്റീൻ ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിപ്പിക്കുമെന്ന് ആശുപത്രി പരിപാലന സമിതി ചെയർമാനും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മുകേഷ് കെ. മണി അറിയിച്ചു. നിലവിൽ ചില നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നു. എത്രയുംവേഗം കാന്റീൻ തുറന്നു പ്രവർത്തിപ്പിക്കാനാണ് ശ്രമമെന്ന് മു കേഷ് കെ. മണി പറഞ്ഞു.

അതേസമയം, പോസ്റ്റ്മോർട്ടം മുറിക്ക് കീഴെ രണ്ട് മീറ്ററോളം മാത്രം മാറി കാന്റീന്റെ അടുക്കള പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതും ഇതോടൊപ്പം ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ട് സമരം

പൊൻകുന്നം: ജീവനക്കാരുടെ യും പെൻഷൻകാരുടെയും ശമ്പ ളപരിഷ്കരണ നടപടി തുടങ്ങുക, കുടിശികയായ ക്ഷാമബത്ത അനുവദിക്കുക, മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക മുതലായ ആവശ്യങ്ങൾ ഉന്ന യിച്ച് കേരള സ്റ്റേറ്റ് സർവീസ് പെ ൻഷനേഴ്സ് അസോസിയേഷ ന്റെ നേതൃത്വത്തിൽ നാളെ രാവി ലെ 10ന് പൊൻകുന്നം സബ് ട്ര ഷറിക്ക് മുമ്പിൽ പ്രകടനവും വി ശദീകരണയോഗവും നടത്തും. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ ഉദ്ഘാടനം ചെയ്യും.

ലയൻസ് സ്ഥാനാരോഹണം ഇന്ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് രാത്രി എട്ടിന് ലയൺസ് ക്ലബ് ഹാളിൽ നടക്കും. മുൻ ഡിസ്ട്രിക്ട് ഗവർണർ സിപി ജയകുമാർ മുഖ്യാതിഥി ആയിരിക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തിങ്കൽ എം,എൽ.എ നിർവഹിക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ ഡോക്‌ടർ സി.പി ജയകുമാർ ആദരിക്കും. ജെറി ജേക്കബ് അധ്യക്ഷത വഹിക്കും. ഷാജിമോൻ ജോസ് പ്രൊഫസർ ജെ.സി കാപ്പൻ, ജിയോ ജോയ് ഡോക്‌ടർ ടി എം ഗോപിനാഥ പിള്ള, മെറീന റോണി, ബിനു സ്‌കറിയാ കന്നേൽ, ബിജു വലിയടത്ത്, ഹരിദാസ് ബി, മാത്യൂസ് മാത്യു തുടങ്ങിയവർ പ്രസംഗി ക്കും.

കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ഷാജിമോൻ ജോസ് – പ്രസിഡൻ്റ്, മാത്യൂസ് മാത്യു -സെക്രട്ടറി, രാജേഷ് ജി- ട്രഷറർ, രാജു തോമസ് – അഡ്മ‌ിനിസ്ട്രേറ്റർ, ജോഷി തോമസ്, ജെറി ജേക്കബ്, ഷാജി ഇടിമണ്ണിക്കൽ, സെയ്‌ദ് അഹമ്മ ദ്, സോജൻ ചെലമ്പിൽ, ഷിജു സലാം, പി. എസ് സുനിൽ, രാജു ജോസഫ്, തുടങ്ങിയവർ ഭാരവാഹികളായി ഇന്ന് സ്ഥാനമേൽക്കും.

സോളർ വഴിവിളക്കുകളിലെ ബാറ്ററികൾ മോഷ്‌ടിച്ചു

കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡിൽ സോളർ വഴിവിളക്കുകളിലെ ബാറ്ററികൾ മോഷണം പോയി. പിണ്ണാക്കനാട്, സിഎസ്ഐ പള്ളി ജം ക്ഷൻ മൂന്നാംമൈൽ എന്നിവിടങ്ങളിലെ ലൈറ്റുകളുടെ ബാറ്ററികളാണ് മോഷണം പോയത്.

നേരത്തേയും ഇത്തരത്തിൽ സോളർ ലൈറ്റുകളുടെ ബാറ്ററികൾ മോഷണം പോയിരുന്നു. അന്നു പ്രതികളെ പിടികൂടിയിരുന്നു. 3 ലൈറ്റുകളുടെ 6 ബാറ്ററികളാണു മോഷണം പോയത്. ബാറ്ററി സൂക്ഷിക്കുന്ന പെട്ടിയുടെ പൂട്ട് തകർത്താണു മോഷണം നടന്നിരിക്കുന്നത്. തിടനാട്, കാഞ്ഞി രപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.

വിദ്യാർഥികൾക്ക് ഭീഷണിയായി തകർന്ന വെയ്‌റ്റിങ് ഷെഡ്

ഇളങ്ങുളം : തകർന്നു കിടക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രം വിദ്യാർഥികൾക്ക് അപകട ഭീഷണിയാകുന്നു. പാലാ – പൊൻകുന്നം റോഡിൽ ഇളങ്ങുളം പള്ളിക്കവലയിൽ വെയ്റ്റിങ് ഷെഡിന്റെ ഒരു ഭാഗം തകർന്ന് സമീപത്തെ സെന്റ് മേരീസ് എൽപി സ്‌കൂൾ വളപ്പിലാണ് കിടക്കുന്നത്.

കഴിഞ്ഞ നവംബറിൽ വാഹനം ഇടിച്ചാണ് കാത്തിരിപ്പുകേന്ദ്രം തകർന്നത്. വാഹന ഉടമകളിൽ നിന്നു നഷ്ടപരിഹാരം ഈടാക്കിയിട്ടും കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ നടപടി ഉണ്ടായിട്ടില്ല. യാത്രക്കാർ മഴയും വെയിലും കൊണ്ട് പെരുവഴിയിൽ നിൽക്കേണ്ട അവസ്‌ഥയാണ്. എതിർവശത്ത് പൊൻകുന്നം റൂട്ടിലേക്കുള്ള കാത്തിരിപ്പു കേന്ദ്രവും അപകടാവസ്‌ഥയിലാണ്.

ചോറ്റിയിലെ പാറമട അൻപതോളം കുടുംബങ്ങൾക്ക് അപകടഭീഷണി

ചോറ്റി : മാങ്ങാപ്പാറയ്ക്കു സമീപത്ത് പ്രവർത്തിക്കുന്ന പാറമട സമീപവാസികൾക്ക് ദുരിതമായതായി പരാതി. പാറത്തോട് പഞ്ചായത്തിലെ 4, 5 വാർഡുക ളിൽപെട്ട ചോറ്റി, നിർമലാരം, പുളിക്കൽ ഭാഗം എന്നിവിടങ്ങളിലുള്ളവരാണ് അധികൃതർക്ക് പരാതി നൽകിയിട്ടുള്ളത്. മുൻപ് ഉരുൾപൊട്ടലുണ്ടായ പ്രദേശത്തോടു ചേർന്നുള്ള പാറമടയുടെ പ്രവർത്തനം പ്രദേശത്തെ അൻപതോളം കുടുംബങ്ങൾക്ക് ഭീഷണിയായെന്നും നാട്ടുകാർ ആരോപിച്ചു.

ദേശീയപാത 183ലെ നിർമലാരം ജംക്ഷനിൽനിന്നു തുളുവൻ പാറവരെയുള്ള വീതി കുറഞ്ഞ റോഡിലൂടെയുള്ള ടിപ്പർ ലോറി
കളുടെ ഓട്ടവും പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതിയിൽ പറയുന്നു. വിദ്യാർഥികളടക്കം കാൽനട യാത്രികരും മറ്റു വാഹനങ്ങളും ലോറിക ളെത്തുമ്പോൾ ഇവ കടന്നുപോകുന്നതുവരെ റോഡിൽനിന്നു മാറിനിൽക്കേണ്ട സ്‌ഥിതിയാണെന്നും പ്രദേശവാസികൾ പറയുന്നു

കൂടാതെ അപകടാവസ്ഥയിലുള്ള 2 കലുങ്കുകളുടെ മുകളിലൂടെയാണ് അമിതഭാരം കയറ്റി വാഹനങ്ങൾ കടന്ന് പോകുന്നതെന്നും പരാതിയുണ്ട്. മുഖ്യമന്ത്രി, കലക്ടർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിലെ ല്ലാം പരാതി നൽകിയിട്ടും നടപടി യുണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

ജീവൻ പണയംവച്ച് ഒരു ഗ്രാമത്തിന്റെ യാത്ര

മുണ്ടക്കയം : രണ്ട് തെങ്ങു തടികളുടെ മുകളിൽ പലക നിരത്തി ആണിയടിച്ച പാലത്തിന്റെ നടപ്പാത. താഴെ കുത്തിയൊഴുകുന്ന വലിയ തോട്.
മഴക്കാലത്ത് അതിസാഹസികമായാണ് നാട്ടുകാർ പാലം കടക്കുന്നത് .

മുണ്ടക്കയം ടൗണിൽനിന്നു 300 മീറ്റർ മാറി 34-ാം മൈലിന്റെ മറുകരയിലാണ് കീച്ചൻപാറ ഗ്രാമം. മുളങ്കയം വഴി പ്രദേശത്തേക്ക് റോഡ് ഉണ്ടെങ്കിലും ടൗണിലേക്ക് വേഗത്തിൽ നടന്ന് എത്താൻ ഏക ആശ്രയമായിരുന്നു കോൺ ക്രീറ്റ് നടപ്പാലം.സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ ആശ്രയിച്ചിരുന്ന പാലം പ്രളയം കവർന്നതോടെ ഉടൻ തന്നെ പു തിയ പാലം നിർമിക്കുമെന്നായിരുന്നു നാടിൻറെ പ്രതീക്ഷ.
എന്നാൽ ഇതു വൈകിയതോ ടെ പഴയ നടപ്പാലത്തിന്റെ അവശേഷിച്ച ഭാഗത്തോട് ചേർത്ത് തെങ്ങ് തടികളും പലകയും ചേർത്ത് താൽക്കാലിക പാലം നാട്ടുകാർ നിർമിച്ചു.

നടന്നു നടന്ന് പഴകിയതോടെ ഇതും തകർന്നു. വീണ്ടും പൊളിച്ചുനീക്കി അതേ രീതിയിൽ തന്നെ നിർമിച്ച തടിയുടെ മുകളി ലൂടെയാണ് ഇപ്പോഴും നാടിന്റെ യാത്ര.

34-ാം മൈലിൽനിന്നു പാലം തുടങ്ങുന്നത് ഇടുക്കി ജില്ലയുടെ പ്രദേശത്തുനിന്നുമാണ്. പാലത്തെ ആശ്രയിച്ച് കഴിയുന്ന നൂറു കണക്കിന് കുടുംബങ്ങളുള്ളത് കോട്ടയം ജില്ലയുടെ മുണ്ടക്കയം പഞ്ചായത്ത് പ്രദേശത്തും. 2 എം പിമാർ, 2 എംഎൽഎമാർ, 2 പഞ്ചായത്തുകൾ എന്നിവർക്ക് ഉത്തരവാദിത്തമുള്ള ഈ പ്രദേശത്തിന് പക്ഷേ, അപകട യാത്ര തന്നെയാണ് ശരണം.

ഒരു ചെറിയ നടപ്പാലം നിർമിക്കാൻ നിവേദനങ്ങളുമായി എം എൽഎമാർ ഉൾപ്പെടെ നടക്കുന്നത് പതിവായിട്ടും ആർക്കും അനക്കമില്ലെന്ന് നാട്ടുകാർ പറ യുന്നു.

യാത്രയയപ്പ് നൽകി

കാഞ്ഞിരപ്പള്ളി ഒൻപതാം പൂളിലെ (തോട്ടുമുഖം) ചുമട്ടുതൊഴിലാളിയായ പുതുപറമ്പിൽ എൻ പി സലിമിന് യാത്രയയപ്പ് നൽകി.സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി പി കെ നസീർ യാത്രയയപ്പ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പി ജെ ഹമ്മാദ് അധ്യക്ഷനായി. കെ എം അഷറഫ്, അമീൻ ഷുക്കൂർ, സുബിൻ സലീം, ഇക്ബാൽ ഇല്ലത്തു പറമ്പിൽ, ജലീൽ മoത്തിൽ, റസാക്, പ്രകാശ്, ടി ജെ സാബു, ആനന്ദ്, രാജേഷ്, മാഹിൻ, സാജു എന്നിവർ സംസാരിച്ചു. സലീം മറുപടി പ്രസംഗം നടത്തി.സ്നേനേഹവിരുന്നും ഉണ്ടായിരുന്നു

വൈദ്യുതി മുടങ്ങും

കാഞ്ഞിരപ്പള്ളി: ടൗൺ, കെഎംഎ ഹാൾ, പൂതക്കുഴി എന്നിവിടങ്ങളി ൽ ഇന്നു രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചുവരെ പൂർണ മായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പൊൻകുന്നം: കെവിഎംഎസ് ജംഗ്ഷൻ, ആനിവേലിപ്പടി, ആനക്ക യം, താന്നിമൂട്, കോടതിപ്പടി എന്നിവിടങ്ങളിൽ ഇന്നു രാവിലെ ഒൻ പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

അധ്യാപക ഒഴിവ്

കാഞ്ഞിരപ്പള്ളി: കപ്പാട് ഗവൺമെൻ്റ് ഹൈസ്‌കൂളിൽ ഇംഗ്ലീഷ് എച്ച്എസ്ട‌ി അധ്യാപിക തസ്‌തികയിൽ താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ജൂലൈ രണ്ടിനു രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. ഫോൺ: 04828 236666.

സ്പോട്ട് അഡ്മിഷൻ

പൂഞ്ഞാർ: പൂഞ്ഞാർ എൻജിനിയറിംഗ് കോളജിൽ പോളിടെക്നിക് ഡിപ്ലോമ (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക് ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രി ക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്) കോഴ്സുകളി ലേക്കുള്ള രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ് പോട്ട് അഡ്മിഷൻ അഞ്ചുമുതൽ ഒൻപതുവരെയുള്ള കോളജിൽ ന ടത്തും. ഒന്നാം വർഷ ഡിപ്ലോമ (ഓട്ടോമൊബൈൽ എൻജിനിയറിം ഗ്, സിവിൽ (പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ്) എൻ ജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക് ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രി ക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്) കോഴ്സുകളി ലേക്കുള്ള രജിസ്ട്രേഷനും സൗകര്യമുണ്ടായിരിക്കും. പങ്കെടുക്കു വാൻ താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോള ജിൽ നേരിട്ട് ഹാജരാകണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്ത വർക്കും പങ്കെടുക്കാം. ഫോൺ: 9447460142, 9645084883.

ഇന്നത്തെ പരിപാടി :

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് ഓഡിറ്റോറിയത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലംതല പ്രതിഭാ പുരസ്കാരം, എക്സലൻസ് അവാർഡ് വിതരണം – ഉച്ചകഴിഞ്ഞ് രണ്ടിന്.

പൊൻകുന്നം: വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ കെ. നാരായണക്കുറുപ്പിന്റെ 11-ാം ചരമവാർഷികാചരണം – ഉച്ചകഴിഞ്ഞ് 2.30ന്.

ചിറക്കടവ്: പബ്ലിക് ലൈബ്രറിയിൽ അംഗത്വമാസാചരണം, സാമൂ ഹികമാധ്യമ ദിനാചരണം ഉദ്ഘാടനം – രാവിലെ ഒമ്പതിന്.

ചിറക്കടവ്: വിഎസ് യുപി സ്‌കൂൾ ഹാളിൽ 111-ാം നമ്പർ വെള്ളാള സമാജം ഉപസഭയുടെ സമ്മേളന വും വിദ്യാർഥികൾക്ക് അനുമോ ദനവും – ഉച്ചകഴിഞ്ഞ് മൂന്നിന്.

പൊൻകുന്നം: പ്രശാന്തനഗർ വൈസ്മെൻസ് ക്ലബ് ഹാളിൽ ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ 1991ലെ എസ്എസ്എൽസി ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മയായ ‘തിരുമുറ്റം-91’ന്റെ യോഗവും കുടുംബസംഗമവും – രാവിലെ 10 ന്.

തമ്പലക്കാട്: സിഎസ് ലൈബ്രറി യുടെ നേതൃത്വത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും “വാ യനയുടെ വീണ്ടെടുക്കൽ’ എന്ന വിഷയത്തിൽ ചർച്ചയും – വൈകുന്നേരം നാലിന്.

മുക്കട: കമ്യൂണിറ്റി ഹാളിൽ മണിമല ആറ്, ഏഴ് വാർഡുകളിലെ ഗ്രാമസഭ – ഉച്ചയ്ക്ക് 1.30ന്.

പൊന്തൻപുഴ: പിഎച്ച്എസ്‌സിയിൽ മണിമല എട്ടാം വാർഡ് ഗ്രാമസഭ – ഉച്ചകഴിഞ്ഞ് 3.30ന്.

കരിമ്പനകുളം: എസ്എച്ച് യുപി സ്കൂളിൽ മണിമല ഒമ്പതാം ഗ്രാമസഭ – ഉച്ചകഴിഞ്ഞ് മൂന്നിന്.

ചരമ വാർത്തകൾ

പാറക്കടവ് പൂവത്തുങ്കൽ തങ്കമണി (65)

പൊൻകുന്നം : പാറക്കടവ് പൂവത്തുങ്കൽ തങ്കമണി(65) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ലക്ഷ്മി, ഹരിപ്രിയ. മരുമക്കൾ: വിനോദ്, ശ്രീജിത്ത്. സംസ്‌കാരം നടത്തി.

കലാഭവനം വിശ്വനാഥൻ നായർ (85) നിര്യാതനായി

കലാഭവൻ (വല്ലനാട്ട്) വിശ്വനാഥൻ നായർ (അപ്പുസാർ-85)
തമ്പലക്കാട്: ചിറക്കടവ് എസ്.പി.വി.എൻ.എസ്.എസ്.യു.പി.സ്‌കൂളിലെ റിട്ട.ഹെഡ്മാസ്റ്റർ കലാഭവൻ(വല്ലനാട്ട്) വിശ്വനാഥൻ നായർ(അപ്പുസാർ-85) നിര്യാതനായി.
ഭാര്യ: ഇന്ദിരാദേവി (റിട്ട.ടീച്ചർ, എം.എ.ഐ.ഹൈസ്‌കൂൾ, മുരിക്കടി), പള്ളിക്കത്തോട് പുളിക്കമംഗലത്ത് കുടുംബാംഗം.
മക്കൾ: ദിലീപ്(ഐ.ബി.എം., ബെംഗളൂരു), ഇന്ദു പ്രേംകുമാർ(വന്നേരി എച്ച്.എസ്.എസ്., തൃശ്ശൂർ). മരുമക്കൾ : പ്രേംകുമാർ, കപ്പയിൽ, കാനം (അപ്പോളോ ടയേഴ്‌സ്, ചാലക്കുടി), രശ്മി, കളമ്പുകാട്ട്, മാങ്ങാനം(ഐ.ബി.എം., ബെംഗളൂരു). സംസ്‌കാരം നടത്തി. സഞ്ചയനം ജൂലൈ നാലിന് രാവിലെ ഒൻപതിന്.

താണ്ടാംപറമ്പിൽ ഷിബു തോമസ് (54 ) നിര്യാതനായി

കോരുത്തോട് : താണ്ടാംപറമ്പിൽ പരേതനായ റ്റി. റ്റി. തോമസിന്റെയും മേരിക്കുട്ടിയുടെയും മകൻ ഷിബു തോമസ് (54 ) നിര്യാതനായി. ഭൗതിക ശരീരം ഇന്ന് ( ഞായർ ) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ് . സംസ്കാര ശുശ്രൂഷകൾ നാളെ ( 1 -7 -24 തിങ്കൾ ) രാവിലെ 10 .30 ന് ഭവനത്തിൽ ആരംഭിക്കുന്നതും , കോരുത്തോട് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് . ഭാര്യ : ഷീല ഷിബു , രാമപുരം ചീങ്കല്ലേൽ കുടുബാംഗം (U K ).
മക്കൾ : മരിയ ജേക്കബ് (UK ), തോമസ് ജേക്കബ് (UK ).

രോഹിണിയിൽ സുമ(66) നിര്യാതനായി

പനമറ്റം: രോഹിണിയിൽ സുമ(66) നിര്യാതനായി. മുട്ടത്തുകുന്നേൽ പരേതനായ നാരായണൻ നായരുടെ മകളാണ്. ഭർത്താവ്: അപ്പുക്കുട്ടൻ നായർ. സംസ്‌കാരം നടത്തി.

ശ്യാമളാ ദേവീ (78)

കൊടുങ്ങൂർ: സബിതാവിലാസം (പവിത്രം) ശ്യാമളാദേവി (78) നിര്യാതയായി. ഭർത്താവ്: പി.പി.രാമചന്ദ്രൻ നായർ. മക്കൾ: സബിത ചന്ദ്രൻ, ഉല്ലാസ് ചന്ദ്രൻ. മരുമക്കൾ: അനിൽകുമാർ (കറുകച്ചാൽ), ഗീതി റാണി (ഇടക്കുന്നം). സംസ്‌കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

ചെറുവള്ളി കല്ലുകുളത്ത് ഭാരതിയമ്മ (86)

ചെറുവള്ളി കല്ലുകുളത്ത് ഭാരതിയമ്മ(86) നിര്യാതയായി. മക്കൾ: വിജയകുമാരി, രാധാമണി, ഗീതാകുമാരി, ഉഷാകുമാരി, അനിൽകുമാർ, കെ.ജി.സാബു. സംസ്‌കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ

error: Content is protected !!