മാലിന്യ നിർമാജനം: കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഒരു കോടി രൂപയുടെ പദ്ധതി ; മെറ്റീരിയൽ ഫെസിലിറ്റി കളക്‌ഷൻ സെന്റർ സ്ഥാപിക്കുന്നു
കാഞ്ഞിരപ്പള്ളി ∙ പഞ്ചായത്തിലെ 23 വാർഡുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ പഞ്ചായത്ത് ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിച്ച് ക്ലീൻ കേരള കമ്പനിക്കു നൽകുന്നതിനായി മെറ്റീരിയൽ ഫെസിലിറ്റി കളക്‌ഷൻ സെന്റർ സ്ഥാപിക്കുന്നതാണു പദ്ധതി. നിർമാണ പ്രവർത്തനങ്ങൾക്കു ടൗൺ ഹാൾ വളപ്പിൽ തുടക്കമിട്ടു.
ബെയ്‌ലിങ് യൂണിറ്റ്, കൺവേയർ ബെൽറ്റ് സിസ്റ്റം തുടങ്ങിയവ എംസിഎഫിൽ സ്ഥാപിക്കും. ടൗൺഹാൾ വളപ്പിൽ വർഷങ്ങളായി പ്രവർത്തനരഹിതമായി കിടന്ന ബയോഗ്യാസ് പ്ലാന്റിലെ ഉപയോഗ ശൂന്യമായ ടാങ്കും മറ്റു ഉപകരണങ്ങളും മാറ്റി അവിടെയാണു പുതിയ എംസിഎഫ് നിർമിക്കുന്നത്. ശുചിത്വ മിഷന്റെ സഹകരണത്തോടെ സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതിയുടെ ഭാഗമായുള്ള മാലിന്യ നിർമാർജനം ലക്ഷ്യമാക്കിയാണ് പഞ്ചായത്ത് പദ്ധതി തയാറാക്കിയിട്ടുള്ളതെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ച് വാർഡുകളിലെ മിനി എംസിഎഫുകളിൽ സൂക്ഷിക്കും. ആഴ്ചയിൽ ഒരുക്കൽ ഇവ ഹരിത കർമസേനയുടെ വാഹനത്തിൽ പുതിയ എംസിഎഫിൽ എത്തിച്ച് ചെറിയ കട്ടകളാക്കി മാറ്റി ക്ലീൻ കേരള കമ്പനിക്ക് കൈമാറാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ തറക്കല്ലിടൽ കർമം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എൻ.രാജേഷ്, ക്ഷേമകാര്യ ചെയർപഴ്സൻ ശ്യാമള ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ ശ്യാമള ഗംഗാധരൻ, വി.പി. രാജൻ, പി.എ. ഷമീർ, റിജോ വാളാന്തറ എന്നിവർ പ്രസംഗിച്ചു.