പൂഴ്ത്തിവയ്പ്: പൊതു വിപണിയിൽ പരിശോധന

കാഞ്ഞിരപ്പള്ളി ∙ ഓണക്കാലത്തിനു മുന്നോടിയായി പൂഴ്ത്തിവയ്പും അമിത വിലയും തടയുന്നതിനു ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം പ്രത്യേക സ്ക്വാഡ് താലൂക്കിലെ പൊതു വിപണിയിൽ പരിശോധന നടത്തി. 55 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 12 കടകളിൽ ക്രമക്കേട് കണ്ടെത്തി. പാറത്തോട്, മുണ്ടക്കയം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ക്രമക്കേടുകൾ പരിശോധന സംഘം ജില്ലാ കലക്ടർക്ക് കൈമാറും.

തുടർ നടപടികൾ ജില്ലാ കലക്ടർ സ്വീകരിക്കും. ലൈസൻസ് പുതുക്കാത്തത്, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തത് തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.

പലചരക്ക്, ഹോട്ടൽ, പച്ചക്കറി, മത്സ്യ, മാംസ വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. താലൂക്ക് സപ്ലൈ ഓഫിസർ ജി.അഭിൽജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, ഡപ്യൂട്ടി തഹസിൽദാർ ടി.ജി.ശ്രീലാൽ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അനു ഗോപിനാഥ്, റേഷനിങ് ഇൻസ്‌പെക്ടർമാരായ സജീവ് കുമാർ, ടി.സയർ, എന്നിവരും പങ്കെടുത്തു.

error: Content is protected !!