മണിമലയില്‍ ഒരു കോടി രൂപയുടെ ഫുട്‌ബോള്‍ ടര്‍ഫ് – നിര്‍മ്മാണോദ്ഘാടനം സ്പോർട്സ് മന്ത്രി നിർവഹിക്കും.
മണിമല : മണിമലയില്‍ 1 കോടി രൂപയുടെ ഫുട്‌ബോള്‍ ടര്‍ഫിന്റെ നിര്‍മ്മാണോദ്ഘാടനം സ്‌പോര്‍ട്‌സ് മന്ത്രി വി.അബ്ദുറഹിമാന്‍ സെപ്റ്റംബര്‍ 10 ന് വൈകിട്ട് 5.30 ന് നിര്‍വഹിക്കുമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും 50 ലക്ഷം രൂപ എം എല്‍ എ ഫണ്ടും ചേര്‍ത്താണ് പദ്ധതി തയാറാക്കിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് പദ്ധതികളുടെ നിര്‍ഹണ ഏജന്‍സിയായ സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല. സെവന്‍സ് മാതൃകയിലുള്ള സിന്തറ്റിക് ടര്‍ഫ്, ചുറ്റുമതിലുകള്‍, ഫ്‌ളഡ്‌ലൈറ്റ് എന്നിവ ചേര്‍ന്നാണ് പദ്ധതി. മണിമല ടൗണില്‍ നടക്കുന്ന ചടങ്ങില്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, വിവിധ തദ്ദേശ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, വ്യാപാരി വ്യവസായി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്‌പോര്‍ട്‌സ് പദ്ധതികളില്‍ ആദ്യത്തേതാണ് ഈ പദ്ധതി. ഇതു കൂടാതെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂളിനെ സ്‌പോര്‍ട് സ്‌കൂളാക്കി മാറ്റുന്ന 40 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതി, വാഴൂര്‍ പുളിക്കല്‍ കവലയില്‍ വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നിവയ്ക്കായുള്ള 3 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഉടന്‍ അവയുടെയും നിര്‍മ്മാണം ആരംഭിക്കും. ഇതിന് പുറമേ പള്ളിക്കത്തോട്ടില്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സ്റ്റേഡിയം പദ്ധതിയും നടപടികള്‍ പുരോഗമിച്ചുവരുന്നു. ഈ പദ്ധതികളെല്ലാം യാഥാര്‍ത്ഥ്യമാകുന്ന ഘട്ടത്തില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ഒരു സ്‌പോര്‍ട്‌സ് ഹബ്ബായി മാറും.