കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 05/07/2024

കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 05/07/2024

കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ (05 /07/2024) ഇന്നത്തെ പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം : പുതിയ വാർത്തകളുടെ അപ്‌ഡേഷൻ ഈ ലിങ്കിൽ നടത്തുന്നതിനാൽ, നമ്മുടെ നാട്ടിലെ ഏറ്റവും പുതിയ ഇന്നത്തെ വാർത്തകൾ ചൂടോടെ അറിയുവാൻ കാഞ്ഞിരപ്പള്ളി ന്യൂസിലെ “ഇന്നത്തെ പത്രം” ലിങ്ക് സന്ദർശനം പതിവാക്കുക.

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ കിഫ്ബി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി .

കാഞ്ഞിരപ്പള്ളി ∙ ബൈപാസ് നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ കിഫ്ബിയിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി. നിർമാണ പ്രവർത്തനങ്ങൾ കരാർ അനുസരിച്ചു സമയബന്ധിതമായി നടപ്പാക്കുന്നുണ്ടോ എന്നു പരിശോധിക്കാനാണു എത്തിയത്. നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന വിലയിരുത്തലാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ബൈപാസിന്റെ ഭാഗമായി ചിറ്റാർ പുഴയ്ക്കും മണിമല റോഡിനു മീതേ നിർമിക്കുന്ന നിർദിഷ്ട പാലത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തിയതായും അധികൃതർ അറിയിച്ചു. മണ്ണു പരിശോധനയെ തുടർന്നാണു പാലത്തിന്റെ രൂപരേഖയിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നത്.

രൂപരേഖയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ചെന്നൈ ഐഐ‍ടിയിൽ അനുമതിക്കായി സമർപ്പിച്ചതായും 2 മാസത്തിനുള്ളിൽ നിർമാണ അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ബൈപാസിനായി ഏറ്റെടുത്ത സ്ഥലത്തു റോഡ് വെട്ടുന്ന ജോലികൾ പൂതക്കുഴിയിൽ ഡിസംബറിൽ ആരംഭിച്ചിരുന്നു. ഇതു കൂടാതെ ബൈപാസ് തുടങ്ങുന്ന പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നുമുള്ള നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഇരുവശത്തു നിന്നു നിർമാണം ആരംഭിച്ചെങ്കിലും കനത്ത മഴയെ തുടർന്നു കഴിഞ്ഞ മാസം പണികൾ നിർത്തിവച്ചിരുന്നു.

വീണ്ടും കഴിഞ്ഞ ദിവസമാണു പണികൾ പുനരാരംഭിച്ചത്. നിർദിഷ്ട പദ്ധതി പ്രദേശത്തെ ഉയർന്ന ഭാഗം ഇടിച്ചു നിരത്തുന്ന ജോലികളും താഴ്ന്ന ഭാഗങ്ങളിൽ മണ്ണിട്ടു നികത്തുന്ന ജോലികളും പാറകൾ പൊട്ടിച്ചു നീക്കുന്ന ജോലികളുമാണു നടന്നു വരുന്നത്. 2025 മാർച്ച് 3 നുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണു പദ്ധതിയുടെ നിർമാണ ചുമതല. ഗുജറാത്ത് കേന്ദ്രമായുള്ള ബാക്ക് ബോൺ കൺസ്ട്രക്‌ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു നിർമാണ ജോലികൾ ഏറ്റെടുത്തു നടത്തുന്നത്.

പദ്ധതിക്കായി 26.16 കോടി രൂപ കിഫ്ബി മുഖേനയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു മുൻപിലെ വളവിൽ നിന്നാരംഭിച്ചു മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും മീതെ മേൽപാലം നിർമിച്ചു പൂതക്കുഴിയിൽ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയപാതയിൽ പ്രവേശിക്കുന്ന ബൈപാസിന്റെ ദൂരം 1.80 കിലോ മീറ്ററാണ്.

പൂട്ടിയ കാന്റീൻ തുറക്കാനും വയ്യ , തുറക്കാതിരിക്കാനും വയ്യ ..

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം മുറിയുടെയും , കാന്റീനിന്റെയും ഫോട്ടോയാണിത് . പോസ്റ്റ്മോർട്ടം മുറിയുടെ പിൻവശത്ത് രണ്ട് മീറ്റർ അടുത്തയാണ് ക്യാന്റീനിന്റെ അടുക്കള സ്ഥാപിച്ചിരിക്കുന്നത് . മോർച്ചറിയും തൊട്ടടുത്ത് തന്നെ. പോസ്റ്റ്മോർട്ടം മുറിയിൽ നിന്നും മൃതദേഹങ്ങൾ കഴുകിയ വെള്ളം പോലും, കാന്റീൻ പരിസരം ഒഴിവാക്കി പുറത്തേക്ക് ഒഴുക്കി കളയുവാൻ ഉള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ല എന്ന നിലയിൽ വളരെ പരിതാപകരമായ അവസ്ഥയിലാണ് കാര്യങ്ങൾ ..

11 ദിവസമായി ജനറൽ ആശുപത്രിയിലെ കാന്റീൻ അടഞ്ഞുകിടക്കുകയാണ്. ഇവിടെനിന്ന് വാങ്ങിയ ബിരിയാണിയിൽ പുഴുവിന് സമാനമായ ജീവിയെ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ, വൃത്തിഹീനമായ സാഹചര്യത്തിൽ കാന്റീൻ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ് കാന്റീൻ അടച്ചുപൂട്ടിയത്.

കാന്റീൻ പൂട്ടിയതോടെ ആശുപത്രിയിലെ രോഗികളും, കൂട്ടിരിപ്പുകാരും, ജീവനക്കാരും ദുരിതത്തിലായി . കാന്റീൻ ഉടൻ തുറന്ന് പ്രവർത്തനം ആരംഭിക്കണം എന്ന് ഒരുകൂട്ടം ആവശ്യപ്പെടുമ്പോൾ, പോസ്റ്റ്മോർട്ടം മുറി അവിടെ നിന്നും മാറ്റി സ്ഥാപിച്ചിട്ട് കാന്റീൻ തുറന്നാൽ മതിയെന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു. അതോടെ പൂട്ടിയ കാന്റീൻ തുറക്കാനും വയ്യ , തുറക്കാതിരിക്കാനും വയ്യാത്ത അവസ്ഥയിലാണ് അധികൃതർ.

മരക്കമ്പ് വീണ് യുവാവിനു പരിക്ക്

കാഞ്ഞിരപ്പള്ളി: മരത്തിന്റെ കമ്പ് ഒടിഞ്ഞുവീണ് യുവാവിന് പരി ക്കേറ്റു. ആശുപത്രിയിൽ ചികി ത്സ തേടിയ യുവാവിന്റെ തലയി ലെ മുറിവിൽ രണ്ട് തുന്നലുകളി ട്ടു. കഴിഞ്ഞ ദിവസമാണ് സംഭ വം. കുരിശുങ്കൽ ജംഗ്ഷനിൽനി ന്നു ഗ്രാന്റ് ഓപ്പുറ തിയറ്ററിലേക്കു പോകുന്ന ജംഗ്ഷനിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നി ൽക്കുന്ന മരത്തിന്റെ കമ്പാണ് ഒ ടിഞ്ഞു വീണത്.

വർഷങ്ങൾ പഴക്കമുള്ള അപ കടാവസ്ഥയിലായ മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റണമെന്നും മരച്ചില്ലകൾ മൂലം സമീപത്തെ ഹൈമാസ്റ്റ് ലൈറ്റിന്റെ വെളിച്ചം പ്രദേശത്ത് ലഭിക്കുന്നില്ലെന്നും ടാക്സി ഡ്രൈവർമാർ പറഞ്ഞു. സ്‌കൂൾ കുട്ടികളടക്കം ദിവസ വും നൂറുകണക്കിന് ആളുകൾ നടന്നു പോകുന്ന വഴിയാണിത്. പിക്ക് വാൻ സ്റ്റാൻഡും ഇവിടെ യാണ്. കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റണമെന്നാണ് ആവശ്യം.

മൂന്ന് പേർ കൊല്ലപ്പെട്ടിട്ടും എരുമേലിയിൽ വനാതിർത്തിയിൽ സംരക്ഷണ പദ്ധതി നടപ്പിലായില്ല.

എരുമേലി നേർച്ചപ്പാറയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയപ്പോൾ…

എരുമേലി : കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമലയിൽ രണ്ട് കർഷകർ കൊല്ലപ്പെട്ടതിന് പിന്നാലെ തുലാപ്പള്ളിയിൽ ആനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടിട്ടും വനാതിർത്തികളിൽ സുരക്ഷിത പദ്ധതികൾ നടപ്പിലായില്ല. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇടപെട്ട് എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലെ വനാതിർത്തികളെ ബന്ധിപ്പിച്ച് 26.5 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് ഫെൻസിങ് വേലി നിർമിക്കാൻ ഫണ്ട് അനുവദിച്ചതാണ് . എന്നാൽ ഇതുവരെയും ഇത് നടപ്പിലായിട്ടില്ല. ഇതോടൊപ്പം കണ്ണിമല ഭാഗത്ത് ട്രഞ്ച് നിർമിക്കാനും ഫണ്ടായെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു.

രാഷ്ട്രീയ കാർഷിക വികാസ് യോജന സ്കീമിൽ 20 കിലോമീറ്റർ ദൂരവും നബാർഡ് ഫണ്ടിൽ ആറര കിലോമീറ്റർ ദൂരവും ആണ് ഹാങ്ങിങ് ഫെൻസിങ് നിർമിക്കാൻ പദ്ധതിയായിരുന്നത്. ഇതിന് പുറമെ ഇടുക്കി ജില്ലയുടെ പാക്കേജിൽ പെടുത്തി കോട്ടയം, ഇടുക്കി ജില്ലകളിലെ പമ്പാവാലി, എയ്ഞ്ചൽവാലി വനാതിർത്തിയിൽ ഹാങ്ങിങ് ഫെൻസിങ് നിർമിക്കാൻ പദ്ധതി തയ്യാറായെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. എരുമേലി പഞ്ചായത്തിലെ മുഴുവൻ വന മേഖലയും ഹാങ്ങിങ് ഫെൻസിങ്ങിൽ വലയം ചെയ്യാനാകുമെന്നാണ് ഈ പദ്ധതി യിൽ നാട്ടുകാർ പ്രതീക്ഷിച്ചത്.

എരുമേലിയിൽ 26.5 ദൂരമുള്ള വനാതിർത്തിയിൽ ഒരു കിലോമീറ്റർ ദൂരം ഹാങ്ങിങ് ഫെൻസിങ് നിർമിക്കാൻ 8.3 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇത് പ്രകാരം 1.70 കോടി ആണ് 20 കിലോമീറ്റർ ദൂരം ഹാങ്ങിങ് ഫെൻസിങ് നിർമിക്കാൻ ആണ് ഫണ്ട് അനുവദിച്ചിരുന്നത്. കർഷകർക്കും കർഷകരുടെ വാസ സ്ഥലങ്ങൾക്കും വന്യ മൃഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള പദ്ധതിയാണ് രാഷ്ട്രീയ കൃഷി വികാസ് യോജന. കണമലയിൽ രണ്ട് കർഷകർ കാട്ടുപോത്തുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ മുണ്ടക്കയം പഞ്ചായത്ത്‌ ഹാളിൽ ചേർന്ന വനാതിർത്തികളിലെ ജനപ്രതിനിധികളുടെയും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ എരുമേലി വന മേഖലയിൽ 26 പോയിന്റുകളിൽ സൗര വേലികൾ പ്രവർത്തന ക്ഷമമാക്കാനും കണ്ണിമലയിൽ ഒരു കിലോമീറ്റർ ദൂരം പുതിയ സൗര വേലി നിർമിക്കാനും ഹാങ്ങിങ് ഫെൻസിങ്, ട്രഞ്ച് എന്നിവയ്ക്ക് വിവിധ സ്കീമുകളിൽ നിന്ന് ഫണ്ട് കണ്ടെത്താനും തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന്റെ പദ്ധതികൾ ഇനിയും ആയിട്ടില്ല.

2019 ൽ മൊത്തം 34 ലക്ഷം രൂപ ചെലവിൽ 22 കിലോമീറ്റർ സൗര വേലിയും 2020 ൽ രണ്ട് ടെണ്ടറുകളിലായി എട്ട് കിലോമീറ്റർ വേലിയും ഉൾപ്പടെ 30 കിലോമീറ്റർ ദൂരത്തിൽ സൗര വേലികൾ സ്ഥാപിച്ചതാണ്. എന്നാൽ ഇതെല്ലാം പ്രയോജനം ചെയ്യാതെ കാട് പിടിച്ച് തകരാറിലാവുകയും നശിക്കുകയുമായിരുന്നു. വനമാകെ സൗര വേലികൾ സ്ഥാപിച്ചിട്ടും മൃഗങ്ങളുടെ കാടിറക്കം തടയാൻ കഴിയാതായത് വേലികളിലെ കാടുകൾ യഥാസമയം വെട്ടി നീക്കാത്തതിനാലും ബാറ്ററികൾ പ്രവർത്തനക്ഷമമാക്കാതിരുന്നത് മൂലവും ആയിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി വേലികൾ പരിചരിക്കുന്നതിന് വനം വകുപ്പ് മന്ത്രി അനുമതി നൽകിയെങ്കിലും നടപടികളുണ്ടായില്ല. വേലികൾ നിർമിച്ചു സ്ഥാപിക്കുകയല്ലാതെ പരിചരണത്തിന് ഫണ്ട് ചെലവിടാൻ വനം വകുപ്പ് തയ്യാറല്ലായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ആകട്ടെ സോളാർ വേലി പരിചരണത്തിന് ഫണ്ടും അനുമതിയും ലഭിച്ചില്ല. പുലിയും കാട്ടുപോത്തുകളും ആനകളും പന്നികളും കുരങ്ങുകളും കൂടാതെ പെരുമ്പാമ്പ് ഉൾപ്പെടെ നിരവധി വന്യജീവികൾ ആണ് ഇപ്പോൾ നാട്ടിലേക്ക് ഇറങ്ങികൊണ്ടിരിക്കുന്നത്.

മുണ്ടക്കയം കോസ്‌വേ നിർമാണം പുനരാരംഭിച്ചു ; ഗതാഗത കുരുക്കിൽ പട്ടണം ..

മുണ്ടക്കയം ∙ കോസ്‌വേയുടെ നിർമാണ ജോലികൾ ആരംഭിച്ചതോടെ ഇന്നലെ രാവിലെ മൂന്നു മണിക്കൂറോളം നഗരം ഗതാഗത കുരുക്കിലായി.
പാലം അടയ്ക്കുമെന്ന മുന്നറിയിപ്പുകൾ നൽകുവാൻ താമസിച്ചതിനാൽ പാലത്തിനു അടുത്ത് എത്തുമ്പോൾ മാത്രമാണു വാഹന യാത്രക്കാർ കാര്യം അറിഞ്ഞത്. തുടർന്ന് മുളങ്കയം റോഡിലൂടെ 34–ാം മൈൽ വഴിയായിരുന്നു കോരുത്തോട്, എരുമേലി റൂട്ടിലേക്കുള്ള വാഹനങ്ങൾ സഞ്ചരിച്ചത്. ടൗണിൽ രാവിലെ ആവശ്യത്തിനു പൊലീസ് ഇല്ലാതിരുന്നതിനാൽ ഗതാഗതം തോന്നുംപടിയായി. വീതി കുറഞ്ഞ മുളങ്കയം റോഡ് വഴി ബസ് ഉൾപ്പെടെ കടന്നു വന്നതോടെ ഗതാഗതക്കുരുക്ക് ടൗണിലേക്കും വ്യാപിച്ചു. മൂന്നു മണിക്കൂറോളം ഗതാഗതതടസ്സം ഉണ്ടായി. ദേശീയ പാതയിൽ പൈങ്ങണയിൽ നിന്നു വ്യാപിച്ച ഗതാഗതക്കുരുക്ക് 35–ാം മൈൽ വരെ നീണ്ടു. കോരുത്തോട്, എരുമേലി റൂട്ടിൽ വരിക്കാനി കവല മുതൽ വാഹനങ്ങളുടെ നീണ്ടനിര മണിക്കൂറുകളോളം കാത്തു കിടന്നു.

നിർമാണത്തിന്റെ ഭാഗമായി പാലം ഒരു മാസത്തേക്കു അടച്ചിടുന്നുണ്ടെങ്കിൽ ബൈപാസ് റോഡ് ഉപയോഗപ്പെടുത്തി ഗതാഗത പ്രശ്നത്തിനു പരിഹാരം കാണാൻ കൂടുതൽ പൊലീസിനെ ടൗണിൽ നിയോഗിക്കണം എന്നും ആവശ്യം ഉയരുന്നു. പാലത്തിന്റെ പ്രതലത്തിൽ കോൺ‌ക്രീറ്റിങ് ജോലികളാണു നടക്കുന്നത്. 2018 മുതലുള്ള പ്രളയത്തിൽ മണിമലയാർ കരകവിഞ്ഞ് ഒഴുകിയതോടെ പാലത്തിന്റെ കോൺക്രീറ്റ് തകർന്നിരുന്നു.

മുണ്ടക്കയം മേഖലയിൽ അനധികൃത ടാക്സികൾ പെരുകുന്നു

മുണ്ടക്കയം :  മുണ്ടക്കയം മേഖലയയിൽ കള്ള ടാക്സികൾ നിരവധി, മോട്ടോര്‍ വാഹന വകുപ്പിന്റെ പെര്‍മിറ്റുള്ള ടാക്‌സികളേക്കാള്‍ കൂടുതല്‍ സ്വകാര്യ കാറുകള്‍ വാടക കുറച്ച്‌ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായാണ് സര്‍വീസ് നടത്തുന്നത്.   ഹോട്ടലുകള്‍ക്കും മറ്റും താത്ക്കാലികമായി ഉടമസ്ഥത കൈമാറിയതായി രേഖയുണ്ടാക്കിയാണ് പല സ്വകാര്യവാഹനങ്ങളും വാടകയ്ക്ക് ഓടുന്നത്. പരാതികള്‍ വര്‍ദ്ധിച്ചതോടെ മോട്ടര്‍ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനോട് പരിശോധന കര്‍ശനമാക്കാൻ നിര്‍ദേശിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. സ്വകാര്യ വാഹനങ്ങള്‍ മഞ്ഞ ബോര്‍ഡില്‍ കറുത്ത അക്കങ്ങളുള്ള ടാക്‌സി നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. ആയിരം രൂപ വരെയാണ് വാടകയായി ഈടാക്കുന്നത്.

കാര്‍ റെന്റിനെടുത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതായും ആരോപണം ഉണ്ട്

പാചകവാതക കണക്‌ഷനുകൾ നിലനിർത്താൻ ബയോ മെട്രിക് മസ്റ്ററിങ് നടത്തണം .

കാഞ്ഞിരപ്പള്ളി : പാചകവാതക കണക്‌ഷനുകൾ നിലനിർത്താൻ ബയോ മെട്രിക് മസ്റ്ററിങ് പൂർത്തിയാക്കാൻ തിരക്കേറുന്നു. അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മസ്റ്ററിങ് പൂർത്തിയാക്കണമെന്നു പാചക വാതക കമ്പനികൾ അറിയിപ്പ് നൽകി. പാചകവാതക കണക്‌ഷൻ എടുത്ത ഏജൻസിയിലെത്തി മസ്റ്ററിങ് നടത്താം. അവസാന തീയതിക്കു കാത്തു നിൽക്കാതെ നേരത്തെ തന്നെ മസ്റ്ററിങ് പൂർത്തിയാക്കുന്നതാണു തിരക്ക് ഒഴിവാക്കാൻ അഭികാമ്യമെന്ന് ഏജൻസികളും പറയുന്നു. കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ് വഴിയും വ്യക്തിഗത വിവരങ്ങൾ നൽകി ഇ–കെവൈസി പൂർത്തിയാക്കാം.

മസ്റ്ററിങ്ങിന് ആവശ്യമുള്ളത് : പാചകവാതക കണക്‌ഷനിൽ പേരുള്ള ആൾ തന്നെ എത്തണം. കൺസ്യൂമർ ബുക്ക്, ആധാർ കാർഡ്, ഗ്യാസ് കണക്‌ഷനായി റജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പരുള്ള മൊബൈൽ ഫോൺ, എന്നിവ കയ്യിൽ ഉണ്ടാകണം. (ആധാർ റജിസ്ട്രേഷൻ നടത്തുമ്പോൾ ഈ നമ്പറിലേക്കു വൺ ടൈം പാസ്‌വേഡ് (ഒടിപി) വരും.)

ഗ്യാസ് കണക്‌ഷൻ മാറ്റാം : മരണപ്പെട്ടവർ, കിടപ്പുരോഗികൾ എന്നിവരുടെ പേരിലാണു കണക്‌ഷന്റെ ഉടമസ്ഥാവകാശമെങ്കിൽ അതു മാറ്റാനും സാധിക്കും. റേഷൻ കാർഡിലുള്ള മറ്റൊരു പേരിലേക്കു മാറ്റാം. ഇതിനായി റേഷൻ കാർഡ്, ആധാർ കാർഡ്, കൺസ്യൂമർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുമായി ഏജൻസി ഓഫിസിൽ എത്തണം.

ജനകീയ വായനശാല ഭാരവാഹികൾ

പൊൻകുന്നം∙ ജനകീയ വായനശാലയുടെ ഭാരവാഹികളായി ടി.എസ്.ബാബുരാജ് (പ്രസിഡന്റ് ), കെ.എസ്. സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ് ), പി.മധു (സെക്രട്ടറി), രാഹുൽ പ്രസാദ് (ജോയിന്റ് സെക്രട്ടറി), ഗോപിക സന്തോഷ് (ബാലവേദി കൺവീനർ) എം.എൻ.അഖില (യുവത ഡിജിറ്റൽ സിസ്റ്റം കൺവീനർ), എ.ആർ.മീന (വനിതാ വേദി കൺവീനർ ), കെ.എം. സനൂപ് (കായിക വേദി കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.

∙ ജനകീയ വായനശാലയിൽ 7ന് ഉച്ചകഴിഞ്ഞു 3.30ന് വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി അനുസ്മരണ പരിപാടി നടത്തും. .

11 കെവി ലൈനിലേക്ക് വെട്ടിയിട്ട ഇല്ലിമുള കെഎസ്ഇബി നീക്കി

എരുമേലി ∙ ശബരിമല റോഡിൽ ടച്ചിങ് വെട്ടിന്റെ ഭാഗമായി 4 ദിവസമായി 11 കെവി ലൈനിലേക്ക് അപകടകരമായി വെട്ടിയിട്ടിരുന്ന ഇല്ലിമുള കെഎസ്ഇബി നീക്കി. ചെമ്പകപ്പാറയ്ക്കു സമീപം ചെമ്പകത്തുങ്കൽ സുരേഷ് തോമസിന്റെ വീട്ടുവളപ്പിൽ നിന്ന ഇല്ലിമുള വൈദ്യുതി ലൈനിലേക്കു വെട്ടിയിട്ട ശേഷം എടുത്തുമാറ്റാതെ തൊഴിലാളികൾ പോയതു സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. രാവിലെ 8.30 ന് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി ഇതു നീക്കം ചെയ്തു. ടച്ചിങ് വെട്ടിയപ്പോൾ തന്നെ ലൈനിലേക്കു വീണ ഇല്ലിമുള നീക്കണം എന്നു തൊഴിലാളികളോടു വീട്ടുടമ പറഞ്ഞെങ്കിലും ഇവർ ഇതു നീക്കാതെ പോകുകയായിരുന്നു.

ചതിക്കുഴി ഒരുക്കി ലോൺ ആപ്പുകൾ

മുണ്ടക്കയം:  സാധാരണക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്ത് ചതിക്കുഴിയില്‍ അകപ്പെടുത്തുന്ന ലോണ്‍ ആപ്പുകളുടെ വലയില്‍ കുടുങ്ങുന്നത് നിരവധി പേര്‍. തുച്ഛമായ തുക വായ്പയെടുക്കുന്നവര്‍ പോലും ഭീമമായ തുക തിരിച്ചടയ്‌ക്കേണ്ടി വരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. തല്ക്കാലത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പലരും ലോണ്‍ ആപ്പുകളെ സമീപിക്കുന്നത്. ആവശ്യപ്പെടുന്ന പണം ഉടനടി അക്കൗണ്ടില്‍ എത്തും എന്നതാണ് ലോണ്‍ ആപ്പുകളിലേക്ക് സാധാരണക്കാര്‍ ആകൃഷ്ടരാകാന്‍ പ്രധാന കാരണം. വായ്പ എടുത്തുകഴിഞ്ഞാല്‍ പിന്നെ എത്ര രൂപ തിരിച്ചടച്ചാലും ആ ചതിക്കുഴിയില്‍ നിന്ന് കരകയറാന്‍ സാധിക്കില്ല. കോട്ടയം ജില്ലയിലും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായവരുണ്ടെന്നാണ് സൈബര്‍ സെല്ലില്‍ നിന്ന് ലഭിക്കുന്ന വിവരം. നൂറോളം പരാതികളാണ് ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്.

എന്നാൽ മുണ്ടക്കയം സ്വദേശി ആപ്പിന് പണി കൊടുത്ത ഒരു രസകരമായ സംഭവം ആണ്… ലോൺ ആപ്പിൾ നിന്നും ഇയാൾ 2000 രൂപ പണം ലോൺ എടുക്കുകയും തിരികെ   പ / ദിവസം കൊണ്ട് 2300 തിരികെ അടക്കുകയും ചെയ്തു തുടർന്ന് 5000 രൂപ ലോൺ നൽകിയ ആപ്പിൾ നിന്ന് 5000 ലോൺ എടുത്ത് തിരികെ 5700…. 7 ദിവസം കൊണ്ട് അടച്ചു ഇതോടെ ലോൺ ആപ്പ് 15000 രൂപ ലോൺ നൽകാം എന്ന് പറയുകയും അത് എടുക്കുകയും ചെയ്ത മുണ്ടക്കയം സ്വേദേശിക്ക് 7 ദിവസം കഴിഞ്ഞപ്പോൾ തിരികെ അടക്കേണ്ടി വന്ന തുക 18000 മുകളിൽ എന്നാൽ കുറച്ച് സാവകാശം ചോദിച്ച ഇവർ ഒരു ദിവസം 500 രൂപ ഫൈൻ തരണം എന്നായി തുടർന്ന് മുണ്ടക്കയം സ്വ.ദേശിയെ വിളിച്ച ലോൺ അപ്പിനോട് അടക്കാൻ പറ്റില്ല എന്ന് പറഞ്ഞത്തോടെ ലോൺ ആപ്പ് ഭീഷണി തുടങ്ങി എന്നാൽ എന്തു വേണേലും ആയിക്കോ എന്നും പറഞ്ഞു ലോൺ ആപ്പ്  അൺഇൻസ്റ്റാൾ ചെയ്ത്  ടാറ്റാ പറഞ്ഞു… തുടർന്ന് വന്ന ഭീഷണി കാൾ എടുക്കാതെ വന്നപ്പോൾ വീട്ടിൽ വരും എന്നായി…. എന്നാൽ വീട്ടിൽ വരട്ടെ അപ്പോൾ പണം തരാം എന്നായി മുണ്ടക്കയം സ്വേദേശി… എത്രയും പേരെ ചതി കുഴിയിൽ വീഴ്ത്തിയ ലോൺ ആപ്പ് ആളെ നോക്കി ഇരിക്കയാണ് മുണ്ടക്കയം സ്വദേശി.

മദ്യശാലയ്ക്ക് മുന്നിലെ അനധികൃത വാഹന പാര്‍ക്കിംഗ് 

മുണ്ടക്കയം :  മുണ്ടക്കയം പൈങ്ങനായില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യ ഷോപ്പിലേക്കു വരുന്ന വാഹനങ്ങള്‍ അനധികൃതമായി ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം .. യാതൊരു നിയന്ത്രണവുമില്ലാതെ റോഡിന്‍റെ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാതയില്‍ പൈങ്ങനാക്കു സമീപം വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകാറുള്ളത്. മദ്യം വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ വരുന്നവരില്‍ ഭൂരിഭാഗം ആളുകളും ദേശീയപാതയോരത്താണ് വാഹനം പാര്‍ക്ക് ചെയ്യുന്നത്. വിദേശ മദ്യശാലയില്‍നിന്ന് അമിതവേഗത്തില്‍ ദേശീയപാതയിലേക്ക് വാഹനങ്ങള്‍ ഇറങ്ങി വരുന്നതു മൂലം അപകടങ്ങളും പതിവാണ്. ഒരാഴ്ചയ്ക്കിടയില്‍ എട്ടും ഒൻപതും അപകടമാണ് മേഖലയില്‍ സംഭവിക്കാറുള്ളത്. 

       ദേശീയപാതയോരത്ത് സമീപം വിദേശമദ്യ ഷോപ്പ് പ്രവര്‍ത്തിക്കുന്ന.  മുൻകാലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനെല്ലാം ഇളവു വന്നതോടെ പൊതു ഗതാഗതം താറുമാറാക്കി.   വാഹന പാര്‍ക്കിംഗ്. ഒട്ടുമിക്ക ശനിയാഴ്ചകളിലും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഏഴുവരെ പ്രദേശത്ത് ഗതാഗതക്കുരുക്ക് . ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പതിവാണ്,

കലാലയ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന്

കാഞ്ഞിരപ്പള്ളി: അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയി ലുള്ള വിവിധ സർവകലാശാലകളിലെയും കോളജുകളിലെയും വി ദ്യാർഥിസംഘടനകളുടെ പ്രവർത്തന ശൈലി നിയന്ത്രിക്കാൻ രാഷ്ട്രീ യ പാർട്ടി നേതൃത്വം അടിയന്തരമായി മുന്നോട്ടുവരണമെന്ന് കേരള കോൺഗ്രസ്-എം സംസ്‌കാര വേദി സംസ്ഥാന കൗൺസിൽ ആവ ശ്യപ്പെട്ടു. പല വിദ്യാർഥി സംഘടനകളുടെയും നിലവിലുള്ള ശൈ ലി ജനാധിപത്യവിരുദ്ധവും പൊതുജനം അംഗീകരിക്കാത്തതുമാ ണ്. വിദ്യാഭ്യാസ മേഖലയിലെ അരാജകത്വംകൊണ്ട് ആയിരക്കണ ക്കിന് വിദ്യാർഥികൾ കേരളം വിട്ടുപോകുന്നു എന്നുള്ളത് വിദ്യാർഥി സംഘടനകൾ മനസിലാക്കണമെന്ന് കൗൺസിൽ പാസാക്കിയ പ്ര മേയത്തിൽ പറയുന്നു. ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. മനോജ് മാത്യു, പയസ് കുര്യൻ, ഡോ. ബിബിൻ കെ. ജോ സ്, ഡോ. സുമ സിറിയക്, ഡാനിയേൽ ജോൺ, വടയക്കണ്ടി നാരാ യണൻ തുടങ്ങിയവർ പ്രസംഗിച്ചു.

കലാലയങ്ങൾ കാലഘട്ടത്തിന് അനുസൃതമായി ചിന്തിക്കണം  

പെരുവന്താനം:  കലാലയങ്ങൾ ഈ കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കുവാൻ വർണ്ണ വർഗ്ഗ സാമ്പത്തിക വിവേചനങ്ങൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത് ഒരു പുതു ലോകസൃഷ്ടിക്കായി അതിർവരമ്പുകൾ ഇല്ലാതെ കഠിനാധ്വാനം ചെയ്യണമെന്ന്  ഷെവലിയാർ വി. സി. സെബാസ്റ്റ്യൻ. പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ പുതിയതായി പ്രവേശനം നേടിയ 400 ഓളം വിദ്യാർത്ഥികളുടെ ദശ ദിന ഓറിയന്റെഷൻ പ്രോഗ്രാം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ സനാതന മൂല്യങ്ങളിലും സത്യങ്ങളിലും ക്രൈസ്തവദർശനത്തിലും അധിഷ്ഠിതമായി ദിശാബോധത്തോടെ കൂടി പ്രവർത്തിക്കുന്ന കോളേജിന്റെ അച്ചടക്കവും അധ്യാപകരുടെ അർപ്പണ മനോഭാവം തൊഴിലധിഷ്ഠിത കോഴ്സുകളുടെ അവതരണവും ഇന്റേൺഷിപ്പ് പ്രോഗ്രാമുകളും കാർഷിക മേഖലയിലെ യുവജനങ്ങൾക്ക് ചെലവ് കുറഞ്ഞ രീതിയിൽ പഠിക്കാനുള്ള ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ അഭിനന്ദനനാർഹമാണന്നും, മനുഷ്യത്വത്തിനും മാനവികതയ്ക്കും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളും സമീപനങ്ങളും കലാലയങ്ങളിൽ വാർത്തെടുക്കപ്പെടണമെന്നും അത് സാമൂഹിക നന്മയ്ക്കും മനുഷ്യ പുരോഗതിക്കും ഉതകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എൻ.ഡി.പി ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് ചെയർമാൻ ബെന്നി തോമസ് ആമുഖപ്രഭാഷണവും  വെൺകുറിഞ്ഞി ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ  എ.ജി ജയറാണി മുഖ്യപ്രഭാഷണവും നടത്തി. 10 ദിവസം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഷെവലിയാർ വി. സി സെബാസ്റ്റ്യൻ, അഡ്വ. പി ജീരാജ്,  എ ജി  ജയറാണി എന്നിവർ ചേർന്ന് നിർവഹിച്ചു.

സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി,  സെക്രട്ടറി റ്റിജോമോൻ ജേക്കബ്,ഫാ. ജോസഫ് മൈലാടിയില്‍,  സുപർണ രാജു, ബോബി കെ മാത്യു,  രതീഷ്‌ പി ആര്‍, റസ്നീമോള്‍ ഇ എ,  ജിനു തോമസ്, ശില്പ പ്രേം, നൈസ് ജോസ്, ജസ്റ്റിൻ ജോസ്, ജിസ്‌മോൻ സിബി, ഹന്ന ആൻ വർഗീസ്, അഞ്ജന ബിജു എന്നിവർ പ്രസംഗിച്ചു.

മുണ്ടക്കയത്ത്  ഭിക്ഷാടന സംഘങ്ങള്‍ പെരുകുന്നു

മുണ്ടക്കയം : മുണ്ടക്കയത്തും സമീപത്തും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭിക്ഷാടന സംഘങ്ങള്‍ പെരുകുന്നു, ഇവർ ക്യാമ്പ് ചെയ്യുന്നത് മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയത്തിലാണ് .കൈകുഞ്ഞുങ്ങളുമായി നിരവധി സ്ത്രീകളാണ് വീടുകള്‍ തോറും കയറിയിറങ്ങി ഭിക്ഷാടനം നടത്തുന്നത്. ഇതിന് പിന്നില്‍ ഭിക്ഷാടന മാഫിയകളുടെ ഇടപെടലുള്ളതായി സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. മുണ്ടക്കയം ടൗണ്‍, മുപ്പത്തിയൊന്നാം മൈല്‍, കരിനിലം പൈങ്ങന, ചിറ്റടി എന്നിവിടങ്ങളിലെല്ലാം ഇത്തരം സ്ത്രീകളുടെ സാന്നിധ്യം പതിവായിരിക്കുന്നു. മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയത്തിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. അഞ്ചു വയസ്സില്‍ താഴെയുള്ള പത്തോളം കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം പുത്തൻചന്ത സ്റ്റേഡിയത്തില്‍ ക്യാമ്പ് ചെയ്യാൻ തുടങ്ങിയിട്ട് ഒരു മാസമായതായി പ്രദേശവാസികള്‍ പറയുന്നു. പകല്‍ കുട്ടികളെ ഉപയോഗിച്ച്‌ സമീപത്തെ വീടുകളില്‍ ഭിക്ഷാടനം പതിവാണ്. കൂടാതെ ഭക്ഷണം, വസ്ത്രം, ചെരിപ്പ്, അടക്കമുള്ള സാധനങ്ങള്‍ മോഷണം പോകുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതിനു പിന്നില്‍ ഭിക്ഷാടന സംഘമാണെന്നാണ് പ്രദേശവാസികളുടെ പരാതി.പ്രളയത്തില്‍ മണിമലയാറ്റില്‍ അടിഞ്ഞ മണലും മാലിന്യങ്ങളും പുത്തൻചന്ത സ്റ്റേഡിയത്തില്‍ നിക്ഷേപിച്ചതോടെ സ്റ്റേഡിയം ഉപയോഗയോഗ്യമല്ലാതായി മാറിയിരുന്നു. ഈ പ്രദേശമാണ് ഇപ്പോള്‍ നാടോടി ഭിക്ഷാടന സംഘങ്ങള്‍ കൈയടക്കിയിരിക്കുന്നത്. 

ബസ്‌യാത്രകളിലും ബസ്സ്റ്റാൻഡുകളിലും യാചകശല്യം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ടൗണിന്‍റെ വിവിധ ഭാഗങ്ങളില്‍ യാചകരെ എത്തിക്കുന്നതിനു പിന്നില്‍ മാഫിയ സംഘങ്ങളുണ്ട്. ഇവർ രാവിലെ ടൗണിലെത്തിക്കുന്ന യാചക സംഘത്തെ വൈകിട്ട് ഇവർ തന്നെ തിരികെ കൊണ്ടുപോകുകയാണ് പതിവ് എന്നാണ് നാട്ടുകാർ പറയുന്നത്

ജല ജീവൻ മിഷനുവേണ്ടി റോഡ് കുഴിച്ചു; സംരക്ഷണഭിത്തി ഇടിഞ്ഞു

മുക്കട : ജല ജീവൻ മിഷനുവേണ്ടി പൈപ്പ് സ്ഥാപിക്കാൻ റോഡരിക് കുഴിച്ചപ്പോൾ സമീപവാസിയുടെ വീടിനു മുറ്റത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിൽ.

ഇടമൺ – റോഡിൽ മുക്കട ജംക്‌ഷനു സമീപം മാന്താനത്ത് കോശി തോമസിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കുഴ‍ിച്ചതോടെ സംരക്ഷണ ഭിത്തിയുടെ കൽക്കെട്ട് തള്ളുകയും പ്ലാസ്റ്ററിങ് ഇളകി ഏതു സമയവും പൂർണമായും നിലം പൊത്തുന്ന സ്ഥിതിയാണ്.ജല അതോറിറ്റി അധികൃതർ ഇവിടെ പൈപ്പ് സ്ഥാപിക്കുന്നതു നിർത്തി വച്ചു.

ഉടൻ കൽക്കെട്ട് പൂർവ സ്ഥിതിയിലാക്കാമെന്നു വീട്ടുകാർക്ക് ഉറപ്പുകൊടുത്ത ശേഷമാണു പോയത്. എന്നാൽ ഇവർ പിന്നീട് എത്തുകയോ കൽക്കെട്ട് പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.ഇതു സംബന്ധിച്ച് ജല അതോറിറ്റിയിൽ രേഖാമൂലം പരാതി നൽകിയിട്ടും നടപടികൾ ൈവകുകയാണെന്നു കോശി തോമസ് പറയുന്നു.

ആയിരക്കണക്കിനു വാഹനങ്ങളാണ് ഈ റോഡിലൂടെ നിത്യവും കടന്നുപോകുന്നത്.തീർഥാടന കാലത്തു ശബരിമലയിലേക്കു വലിയ വാഹനങ്ങൾ കടത്തിവിടുന്ന പ്രധാന റോഡാണിത്. റോഡിന്റെ സംരക്ഷണ ഭിത്തി പൂർവരൂപത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ടു സമരം ആരംഭിക്കുമെന്നും കോശി തോമസ് അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിലാസ്ഥാപനവും സൗഹൃദ സംഗമവും

മുണ്ടക്കയം ∙ ഹിദായ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലയോര മേഖലയിൽ ആരംഭിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിലാസ്ഥാപനവും സൗഹൃദ സംഗമവും ഞായറാഴ്ച നടക്കും. 4.30ന് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹിദായ പ്ലാനിങ് ബോർഡ് ചെയർമാൻ അസീസ് ബഡായിൽ അധ്യക്ഷത വഹിക്കും. സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തും. മറ്റു പദ്ധതികൾ ഡീൻ കുര്യാക്കോസ് എംപി, ആന്റോ ആന്റണി എംപി, വാഴൂർ സോമൻ എംഎൽഎ, കെ.ജെ.തോമസ്, കെ.ടി.ബിനു, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ നിർവഹിക്കും.

നാളെ വെംബ്ലിയിൽ നിന്നു മുണ്ടക്കയം വഴി ഇളംകാട്ടിലേക്കു വിളംബര ജാഥ നടത്തും. ഹിദായ പ്ലാനിങ് ബോർഡ് ചെയർമാൻ അസീസ് ബഡായിൽ, രക്ഷാധികാരി ഉബൈദുല്ല അസ്ഹരി എന്നിവർ അറിയിച്ചു.

വന്യജീവിയെ കണ്ടെത്തുന്നതിന് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു

എരുമേലി ∙ മൂക്കംപെട്ടി അരുവിക്കലിൽ വീട്ടുമുറ്റത്തെ കൂട്ടിൽ കിടന്ന നായയെ ആക്രമിച്ച അജ്ഞാത ജീവിയെ കണ്ടെത്തുന്നതിനു വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു.

പുളിക്കൽ സനീഷ് സജീവിന്റെ വീട്ടിൽ കൂട്ടിൽ കിടന്ന നായയെ ചൊവ്വാഴ്ച രാത്രി 2 തവണയാണു അജ്ഞാത ജീവി ആക്രമിച്ചത്. പുലിയാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.. എന്നാൽ പുലിയാണെന്ന് സംശയിക്കത്തക്ക വിധത്തിലുളള കാൽപാടുകൾ പരിസരങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പരിസരത്തുനിന്ന് മുരൾച്ച കേട്ടതായി പരിസരവാസികൾ പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ക്യാമറ സ്ഥാപിച്ചതെന്നും റേഞ്ച് ഓഫിസർ കെ. ഹരിലാൽ പറഞ്ഞു. 2 ക്യാമറകളാണു കൂടിനു പരിസരത്തു സ്ഥാപിച്ചത്

വാഴൂരിൽ ബന്ദിപ്പൂ കൃഷി വ്യാപകമാക്കുവാൻ പദ്ധതി

വാഴൂർ ∙ ബന്ദിപ്പൂ കൃഷിയിലൂടെ നാട്ടിൽ കാഴ്ച വിരുന്നൊരുക്കാൻ പദ്ധതി ഒരുക്കുകയാണ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. ഓണ വിപണിയാണ് ലക്ഷ്യമിട്ട് ഒന്നര ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്തുകളിൽ 30000 ബന്ദിത്തൈകൾ നടാനാണു പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 11ന് കങ്ങഴ മഹാദേവ ക്ഷേത്രത്തിന് സമീപം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി നിർവഹിക്കും.

മഹാദേവ ക്ഷേത്രം പൂക്കളുടെ പ്രധാന ഗുണഭോക്താവാകും എന്നതിനാൽ കങ്ങഴ പഞ്ചായത്തിൽ ‘ ദേവ ഹരിതം ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.

ദേശീയപാത 183 നവീകരണം:ആദ്യഘട്ട സർവേ പൂർത്തിയായി

വാഴൂർ ∙ ദേശീയപാത 183ന്റെ ഭാഗമായ മണർകാട് മുതൽ ചെങ്കൽ വരെയുള്ള ഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട സർവേ പൂർത്തിയായി. അലൈൻമെന്റ് സംബന്ധിച്ചും സർവേ നമ്പറിലെ സ്ഥലങ്ങൾ സംബന്ധിച്ചുമുള്ള 3എ വിജ്ഞാപനമാണ് ഇനി നടത്തേണ്ടതെന്ന് ദേശീയപാത വിഭാഗം പറയുന്നു.

മണർകാട് എരുമപ്പെട്ടി ജംക്‌ഷൻ മുതൽ ചെങ്കൽ പള്ളി ജംക്‌ഷൻ വരെയാണ് നവീകരിക്കുന്നത്. 21 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ കോട്ടയത്തേക്കുള്ള ഭാഗത്തെ നവീകരണം മണിപ്പുഴ – മണർകാട് ബൈപാസിന്റെ സാധ്യതകൾക്ക് അനുസരിച്ചായിരിക്കും.

2 വരി പാതയാണ് നിർമിക്കുന്നത്. 16 മുതൽ 18 മീറ്റർ വരെ വീതിയുണ്ടാകും. 12 മീറ്റർ വീതിയിൽ ടാർ ചെയ്യും. ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും തൊട്ടു ചേർന്ന് ഓടയുമുണ്ടാകും. കൊടും വളവുകൾ നിവർത്താനും പദ്ധതിയുണ്ട്.

സപ്ലൈകോയ്ക്ക് മുൻപിൽ സമരം ഇന്ന്

കാഞ്ഞിരപ്പള്ളി ∙ സപ്ലൈകോയിൽ ന്യായവില സാധനങ്ങൾ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ചു എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സപ്ലൈ ഇല്ലാത്ത കോ’ എന്നു പേരു സ്ഥാപിച്ചു പ്രതിഷേധിക്കും. ഇന്നു രാവിലെ 11നു സപ്ലൈകോ ഓഫിസിനു മുൻപിൽ നടത്തുന്ന സമരം മണ്ഡലം സെക്രട്ടറി വി.എസ്.അഷ്റഫ് ഉദ്ഘാടനം ചെയ്യും.

പ്രതിഷ്ഠാദിന ഉത്സവം

വാഴൂർ:വെട്ടിക്കാട് ധർമശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉ ത്സവം ആറ്, ഏഴ് തീയതികളിൽ നടത്തും. ആറിന് രാവിലെ 10ന് കളഭാഭിഷേകം, തുടർന്ന് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് നക്ഷത്രവനം സ മർപ്പിക്കും. 12ന് അന്നദാനം, വൈ കുന്നേരം ആറിന് പഞ്ചവാദ്യം അരങ്ങേറ്റം. ഏഴിന് രാവിലെ ആ റുമുതൽ ഉദയാസ്തമനപൂജ, 12ന് അന്നദാനം, വൈകുന്നേരം അഞ്ചിന് പഞ്ചാരിമേളം, മഹാനീ രാജനം, ഏഴിന് ഭജന.

വൈദ്യുതി മുടങ്ങും.

ഇളങ്ങുളം: ഇളങ്ങുളം, രണ്ടാം മൈൽ, കൊപ്രാക്കളം, തച്ചപ്പുഴ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ഒമ്പത് മുതൽ നാല് വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

താലൂക്ക് വികസനസമിതിയോഗം നാളെ..

കാഞ്ഞിരപ്പള്ളി: പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും പരിശോധിച്ച് കാലതാമസം കൂടാതെ പരിഹാരം കാണുന്നതിനും ഭരണനേട്ടം യഥാസമയം ജനങ്ങളിലെത്തികുന്നതിനും വേണ്ടിയുള്ള താലൂക്ക് വികസനസമിതിയോഗം നാളെ രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി മിനിസിവില്‍ സ്റ്റേഷന്‍ കോൺഫറൻസ് ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പിലെ കാര്യങ്ങള്‍ സംബന്ധിച്ച് പരാതികള്‍ താലൂക്ക് ഓഫീസിലോ താലൂക്ക് വികസന സമിതിയിലോ ഹാജരാക്കാവുന്നതാണ്. എല്ലാ താലൂക്ക് വികസന സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

സ്പോട്ട് അഡ്മിഷൻ

കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ എംഎസ്‌സി എൻവയൺമെന്റൽ സയൻസിൽ എസ്‌‍‌സി വിഭാഗത്തിനു സംവരണം ചെയ്ത 3 സീറ്റുകളും എംഎസ്‌സി അപ്ലൈഡ് ജിയോളജി പ്രോഗ്രാമിൽ എസ്‌സി, എസ്ടി വിഭാഗങ്ങളിൽ യഥാക്രമം രണ്ടും ഒന്നും സീറ്റുകളും ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ ഇന്ന്. 8921456993.

∙ സ്കൂൾ ഓഫ് ഡേറ്റ അനലിറ്റിക്സിൽ എംഎസ്‌സി ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിൽ എംഎസ്‌സി വിഭാഗത്തിൽ രണ്ടും എസ്ടി വിഭാഗത്തിൽ ഒന്നും സീറ്റുകൾ ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ 8ന് 10.30ന്. ‌8304870247.

അഭിമുഖം 17ന്

വാഴൂർ ∙ എസ് വിആർവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഫിസിക്സ് താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 17ന് 11ന് പ്രിൻസിപ്പൽ ഓഫിസിൽ നടക്കും.

ഇന്നത്തെ പരിപാടി

∙ പഴയ കൊരട്ടി ആവേ മരിയ പ്രാർഥനാലയം : ഏകദിന ധ്യാനം. ജപമാല –9.30, വചന സന്ദേശം– ഫാ. കുര്യാക്കോസ് –10.00, ദിവ്യബലി, ദിവ്യകാരുണ്യാരാധന –11.00 .

∙ പൊടിമറ്റം സെന്റ് ജോസഫ് ധ്യാനകേന്ദ്രം : ഏകദിന കൺവൻഷൻ. വചന പ്രഘോഷണം – ഫാ അലക്സ്‌ തെരുവൻകുന്നേൽ, കുർബാന, ആരാധന, ജപമാല –9.00

∙ മാന്തറ വിശുദ്ധ അന്തോനീസിന്റെ പള്ളി: സൗഖ്യാരാധനയും പ്രാർഥനയും. ജപമാല, കുർബാന, നൊവേന – 4.00,

∙ പൊൻകുന്നം കെവി എൽപി സ്കൂൾ: ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ അമ്മ മലയാളം പദ്ധതി ഉദ്ഘാടനം 10.00

തൊഴിൽമേള

കോട്ടയം ∙ എംജി സർവകലാശാലയിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്റർ നടത്തുന്ന തൊഴിൽമേളയിൽ റജിസ്റ്റർ ചെയ്യാം. ബിബിഎ, ബികോം, ബിഎഡ്, എംബിഎ യോഗ്യതയുള്ളവർക്കാണ് അവസരം. 8075164727.

പിജി അപേക്ഷ

കോട്ടയം∙ എംജി സർവകലാശാലാ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ എംഎഡിന് ജനറൽ, എസ്‌സി, എസ്ടി വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.sps.mgu.ac.in.

വൈദ്യുതി മുടങ്ങും

പൊൻകുന്നം ∙ ഇളങ്ങുളം, രണ്ടാം മൈൽ, കൊപ്രാക്കളം, തച്ചപ്പുഴ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കങ്ങഴകുന്നേൽ പൊന്നമ്മ (81)

ചിറക്കടവ്, തെക്കേത്തുകവല മുരുത്തുമല (കങ്ങഴകുന്നേൽ) പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ പൊന്നമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി .

തെക്കേപൊട്ടങ്കൽ സരസമ്മ

പൊൻകുന്നം : തെക്കേപൊട്ടങ്കൽ പരേതനായ അഡ്വ: ടിഎൻ ശ്രീധരൻ നായരുടെ ഭാര്യ സരസമ്മ നിര്യാതയായി…
മക്കൾ:- രാജേഷ് (DYSP ഓഫീസ് പൊൻകുന്നം), രാഹുൽ (എരുമേലി പോലീസ് സ്റ്റേഷൻ).
സംസ്കാരം വെള്ളിയാഴ്ച 11.30 ന് വിട്ടുവളപ്പിൽ

ചക്കാലക്കൽ സി എം ജോൺ (ബാബു – 61)

എരുമേലി. ചെമ്പകപ്പാറ ചക്കാലക്കൽ സി എം ജോൺ (ബാബു – 61) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സിമിത്തേരിയിൽ. ഭാര്യ അച്ചാമ്മ.
മക്കൾ. മാത്യു,സൂസൻ, എൽസ.
മരുമക്കൾ.അനീഷ് (തോപ്പിൽ) അനു (കിഴക്കേക്കര).

മുതുകുളം ഇ റ്റി ജോസ് (75 )

കാഞ്ഞിരപ്പള്ളി : ചേപ്പുംപാറ മുതുകുളം ഇ റ്റി ജോസ് (75 ) നിര്യാതനായി. സംസ്കാരം (വെള്ളി) രണ്ടുമണിക്ക് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ

കോട്ടാങ്ങൽ മാടപ്പള്ളി മുറിയിൽ തങ്കപ്പൻപിള്ള(96)

ചെറുവള്ളി: കോട്ടാങ്ങൽ മാടപ്പള്ളി മുറിയിൽ തങ്കപ്പൻപിള്ള(96) നിര്യാതനായി. ഭാര്യ: ചെല്ലമ്മ, ചിറക്കടവ് പര്യാരത്തുകുന്നേൽ കുടുംബാംഗം. മക്കൾ: എം.ടി.ശോഭന, എം.ടി.വിജയകുമാരി, എം.ടി.രാധാമണി, പരേതനായ രാജശേഖരൻപിള്ള.
മരുമക്കൾ: എം.എൻ.സോമശേഖരൻപിള്ള(മണ്ണാറാത്ത് സ്റ്റോഴ്‌സ്, പൊന്നയ്ക്കൽകുന്ന്, ചിറക്കടവ്), ടി.വി.മോഹനൻ, തുമ്പയിൽ, മൂലകുന്ന്(റിട്ട.ഉദ്യോഗസ്ഥൻ, എ.ഇ.ഒ.ഓഫീസ്, കാഞ്ഞിരപ്പള്ളി), സുരേഷ്(കുളക്കോട്ടുമുറിയിൽ, കോട്ടാങ്ങൽ), രമണി(കൊല്ലകുഴിയിൽ, ചെറുവള്ളി). സംസ്‌കാരം വെള്ളിയാഴ്ച 11-ന് ചെറുവള്ളി കൊല്ലകുഴി വീട്ടുവളപ്പിൽ.

error: Content is protected !!