റബ്ബർമരത്തിന് തുരിശടിക്കുവാൻ ഡ്രോണുകൾ..

മുണ്ടക്കയം : ഹെലികോപ്റ്ററുകളുടെ സ്ഥാനം ഇനി ഡ്രോണിന് . ഒരു കാലത്ത് റബ്ബർ തോട്ടങ്ങളിലെ റബ്ബർമരത്തിന് തുരിശടിക്കുവാൻ ഹെലികോപ്റ്ററുകളാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇത് മാറി വലിയ ഡ്രോണുകൾ ഉപയോഗിച്ചാണ് ഇപ്പോൾ തുരിശടി.

മുണ്ടക്കയം ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ വെള്ളനാടി ഒന്നാം ഡിവിഷനിൽ ഡ്രോൺ ഉപയോഗിച്ചുള്ള തുരിശടി നടന്നു. വർഷങ്ങൾക്ക് മുൻപ് ഇത്തരം ജോലികൾ ഹെലികോപ്റ്ററുകൾ ആയിരുന്നു നിർവഹിച്ചിരുന്നത്. പിന്നീട് ഇത് മനുഷ്യരെ ഉപയോഗിച്ച് തന്നെ ചെയ്തു പോന്നു. നാലു പേർ തോളിൽ മെഷീൻ ചുമന്നായിരുന്നു ഒരു കാലത്ത് തുരിശടി. കൃത്യമായി മരങ്ങൾക്ക് മരുന്ന് തളിക്കാൻ സാധിക്കുന്നതും സമയവും,ചിലവും കുറവ് വരുന്നതുമാണ് ഡ്രോണുകളെ ഇതിന് ഉപയോഗിക്കുവാൻ കാരണം.

കേരളത്തിൽ നെൽകൃഷിക്കും മാവിൻ തോട്ടങ്ങളിലും ഡ്രോൺ ഉപയോഗിച്ച് മരുന്ന് പ്രയോഗം നടത്താറുണ്ടെങ്കിലും ഇത് ആദ്യമായാണ് റബ്ബർ എസ്റ്റേറ്റ് മേഖലയിൽ ഡ്രോണുകളെ ഉപയോഗിച്ച് തുരിശടി നടത്തുന്നത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടേതാണ് ഡ്രോണുകൾ. ഇതിന് 30 ലിറ്റർ മരുന്ന് സംഭരണശേഷിയുണ്ട്. 10 മിനിറ്റ് കൊണ്ട് 1.5 ഹെക്ടർ സ്ഥലത്തെ റബറിൽ മരുന്ന് തളിക്കുവാൻ സാധിക്കും. ഇത് കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവാകും.

ഗ്രാമീണ മേഖലകളിലടക്കം കുട്ടികൾക്കും മുതിർന്നവർക്കും ഹെലികോപ്റ്റർ നേരിട്ടു കാണുവാൻ സാധിച്ചിരുന്നത് തുരിശടിയുടെ കാലത്തായിരുന്നു.ഇതിന് ലാൻഡ് ചെയ്യുവാൻ പ്രത്യേക ഗ്രൗണ്ടുകളും സജ്ജീകരിച്ചിരുന്നു.

error: Content is protected !!