ഇന്ത്യയിലെ കാർബൺ വിപണി
ഇന്ത്യയിലെ കാർബൺ വിപണി
ആഗോളതാപനത്തിന് പ്രധാനകാരണമായ കാർബൺ നമ്മുടെ കർഷകരുടെ രക്ഷയ്ക്കെത്തുമ്പോൾ… കാർബൺ വിപണിയുടെ
സ്വഭാവത്തെയും സാധ്യതകളെയുംകുറിച്ച്…
പുരയിടക്കൃഷിയും പഴവർഗവൃക്ഷങ്ങളും ധാരാളമുള്ള നാടാണ് നമ്മുടെ കേരളം. റബർത്തോട്ടങ്ങളടക്കമുള്ള അഗ്രോഫോറസ്റ്ററി കൃഷിരീതിയും സജീവം. രാസവളങ്ങൾ കുറച്ചുള്ള സുസ്ഥിരകൃഷിയും കൃഷിയിലെ പാരമ്പര്യേതര ഊർജഉപയോഗവും വർധിപ്പിക്കാനായാൽ ഇന്ത്യയുടെ ആഭ്യന്തര കാർബൺ വിപണിയിൽനിന്നു വലിയ നേട്ടമുണ്ടാക്കാൻ കേരളത്തിനാകും. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന കൃഷിരീതികൾ പാലിച്ചാൽ നമ്മുടെ കർഷകർക്ക് അധികവരുമാനം നേടാം. ആലുവയിലെ സർക്കാർ കൃഷിഫാം കാർബൺ സന്തുലിത നിലയിലെത്തി. ഓരോ ജില്ലയിലും ഒരു ഫാമെങ്കിലും ഈ നിലയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
കാർബൺ വിപണി നൽകുന്ന അധികവരുമാന സാധ്യതകളെക്കുറിച്ചുള്ള പരസ്യങ്ങൾ വ്യാപകമാകുന്ന കാലമാണിത്. നേട്ടം മാത്രമല്ല; സൂക്ഷിച്ചില്ലെങ്കിൽ നഷ്ടവുമുണ്ടാകാം. അതിനു കാർബൺ വിപണി സംബന്ധിച്ചു കൃത്യമായ ധാരണകളുണ്ടാകണം.
എന്താണ് കാർബൺ വിപണി ?
ക്യോട്ടോ ഉടമ്പടി എന്നറിയപ്പെടുന്ന രാജ്യാന്തര കാലാവസ്ഥാ ഉടമ്പടിയുടെ ഭാഗമായാണ് കാർബൺ വിപണി എന്ന ആശയം വ്യാപകമായത്. ഓഹരിവിപണിയുമായി താരതമ്യം ചെയ്യാവുന്ന തരത്തിലാണ് പ്രവർത്തനം. ഒരുദാഹരണം: ഹരിതഗൃഹവാതകങ്ങളാണ് (ഭൂമിയുടെ അന്തരീക്ഷത്തിൽ ചൂടുപിടിക്കുന്ന വാതകങ്ങൾ) ആഗോളതാപനത്തിന്റെയും അതുവഴി കാലാവസ്ഥമാറ്റത്തിന്റെയും അടിസ്ഥാനകാരണം. പ്രധാന ഹരിതഗൃഹവാതകങ്ങളെ അവയുടെ താപനമൂല്യം കാർബൺ ഡയോക്സൈഡുമായി താരതമ്യം ചെയ്ത് CO2e (CO2 equivalent) എന്ന നിലയിലാണ് രേഖപ്പെടുത്തുന്നത്. നമ്മുടെ ഇടപെടൽവഴി ഹരിതഗൃഹവാതക പുറന്തള്ളൽ കുറയുമ്പോൾ അത് ഇത്ര CO2e മൂല്യമുള്ളതെന്നു രേഖപ്പെടുത്തും. വിള അവശിഷ്ടങ്ങൾ കത്തിക്കാതെ ഒരാൾ ഒരു ടൺ മൂല്യമുള്ള ഹരിതഗൃഹവാതക പുറന്തള്ളൽ (CO2e) ഒഴിവാക്കിയെന്നിരിക്കട്ടെ. കാർബൺ വിപണി വഴി അദ്ദേഹത്തിന് ഒരു യൂണിറ്റ് മൂല്യമുള്ള സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുണ്ട്. കാർബൺ ക്രെഡിറ്റ്, കാർബൺ സർട്ടിഫിക്കറ്റ്, എമിഷൻ റിഡക്‌ഷൻ സർട്ടിഫിക്കറ്റ് എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു. ഈ സർട്ടിഫിക്കറ്റ് കാർബൺ വിപണിയിൽ വിൽക്കാനാകും.
ഉൽപാദനരംഗത്തുള്ള കമ്പനികൾ, വ്യക്തികൾ എന്നിവർ തങ്ങൾവഴിയുള്ള കാർബൺ പുറന്തള്ളലിനു പരിഹാരമായി കാർബൺ വിപണിയിൽനിന്ന് ഈ സർട്ടിഫിക്കറ്റുകൾ വാങ്ങും. ഒരു യൂണിറ്റ് മൂല്യമുള്ള സർട്ടിഫിക്കറ്റ് വാങ്ങിയാൽ കാർബൺ പുറന്തള്ളൽ ഒരു യൂണിറ്റ് കുറച്ചതായി ഈ കമ്പനികൾക്കും വ്യക്തികൾക്കും അവകാശപ്പെടാം. കാർബൺ പുറന്തള്ളുന്നവർ കാർബണിന്റെ അളവ് കുറയ്ക്കുന്നവരെ സാമ്പത്തികമായി സഹായിച്ചു ലക്ഷ്യം നേടുന്ന മാർഗമാണിത്. ആവശ്യകതയും ലഭ്യതയും തമ്മിലുള്ള താരതമ്യത്തിലൂടെയാണ് സർട്ടിഫിക്കറ്റിന്റെ വില നിശ്ചയിക്കുന്നത്. കാർബൺ വിപണികൾ ക്ലീൻ ഡവലപ്മെന്റ് മെക്കാനിസം (സിഡിഎം) എന്ന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ടതാണ്. വികസ്വര രാജ്യങ്ങളിൽ നടപ്പാക്കുന്ന പദ്ധതികളിലൂടെ ലഭ്യമാക്കുന്ന സർട്ടിഫിക്കറ്റുകൾ വികസിതരാജ്യങ്ങൾ വാങ്ങും. ഈ വിപണിയിൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
നമ്മുടെ രാജ്യത്ത് ആഭ്യന്തര കാർബൺ വിപണി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. 2022ലെ ഊർജ സംരക്ഷണ ഭേദഗതി നിയമപ്രകാരം, എനർജി എഫിഷ്യൻസി ബ്യൂറോ ഘട്ടം ഘട്ടമായാണ് ഇതു നടപ്പാക്കുക. 2023ൽ തുടങ്ങിയ കാർബൺ ക്രെഡിറ്റ് ട്രേഡിങ് പദ്ധതിവഴി 2030ൽ ലോകത്തിലെ ആഭ്യന്തര കാർബൺ വിപണികളിൽ ഇന്ത്യയ്ക്കു മുന്നിലെത്താനാകുമെന്നാണു പ്രതീക്ഷ. അതിനുള്ളിൽ നമ്മുടെ കാർബൺ പുറന്തള്ളൽ 1990ൽ ഉണ്ടായിരുന്ന നിലയിൽനിന്ന് 30-35% കുറയ്ക്കണം. അതിനുള്ള ഒരു മാർഗമാണ് ആഭ്യന്തര കാർബൺ വിപണി.
കൃഷിയും കാർബൺ വിപണിയും
ഒരേസമയം കാലാവസ്ഥമാറ്റമുണ്ടാക്കാനും അതിനെ പ്രതിരോധിക്കാനും ശേഷിയുള്ള മേഖലയാണ് കൃഷി. നമ്മുടെ കാർബൺ പുറന്തള്ളലിന്റെ 13.44% കൃഷിയിൽ നിന്നാണെന്ന് നിതി ആയോഗിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വളർത്തുമൃഗങ്ങൾ പുറത്തുവിടുന്നവ, നെൽക്കൃഷിയിൽ നിന്നുള്ള മീഥെയ്ൻ വാതകം, രാസവളങ്ങളിൽ (പ്രത്യേകിച്ചും നൈട്രജൻ വളങ്ങൾ) നിന്നുള്ള നൈട്രസ് ഓക്‌സൈഡ്, വിള അവശിഷ്ടങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന കാർബൺ ഡയോക്‌സൈഡ് എന്നിവയാണ് കൃഷിയിൽനിന്നുള്ള പ്രധാന ഹരിതഗൃഹ വാതകങ്ങൾ.
കാർബൺ പുറന്തള്ളൽ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്താൽ ആഗോളതാപനം കുറയ്ക്കാമല്ലോ. ഭൂവിനിയോഗം, വിളക്രമം, കാർഷിക പരിപാലനമുറകൾ എന്നിവയിൽ മാറ്റം വരുത്തി ഈ ലക്ഷ്യം നേടാം.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽതോത് ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അതിനനുസരിച്ച് സർട്ടിഫിക്കറ്റുകൾ കർഷകർക്കു ലഭ്യമാക്കാനും അംഗീകൃത സംവിധാനങ്ങളുണ്ട്. ഓരോ പ്രവൃത്തിയുടെയും കാർബൺ പുറന്തള്ളൽതോത് തിട്ടപ്പെടുത്താൻ സാങ്കേതികതയും ശാസ്ത്രീയ പഠനങ്ങളും ആവശ്യമാണ്. സ്ഥലപരിശോധന, രേഖകൾ തയാറാക്കൽ തുടങ്ങി ഒട്ടേറെ നടപടിക്രമങ്ങളുണ്ട്; പണച്ചെലവും. സ്വകാര്യ കൺസൽറ്റൻസി കമ്പനികളാണ് പലപ്പോഴും ഇതു ചെയ്യുന്നത്. വൻകിട കർഷകരും കമ്പനികളും ഇവരുടെ സേവനം തേടുന്നു.
ചെറുകിട കർഷകർക്കു തനിച്ചു ചെയ്യാവുന്ന കാര്യമല്ല ഇത്. എന്നാൽ, ചെറുകിട കർഷകരുമായി ബന്ധപ്പെട്ട ചില സംഘടനകൾ ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ട്. ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിലെ 10000 ഹെക്ടറിൽ കൃഷിചെയ്യുന്ന 10000 പേർ ചേർന്ന് 2189 കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റ് ഉൽപാദിപ്പിച്ച് ഒന്നിന് 32 യൂറോ (1യൂറോ = 90 രൂപ) നിരക്കിൽ വിറ്റഴിച്ചെന്നു റിപ്പോർട്ടുണ്ട്. നെൽക്കൃഷി മാറ്റി ചെറുധാന്യങ്ങൾ, പയർവർഗങ്ങൾ, ഉദ്യാനവിളകൾ എന്നിവയുടെ മിശ്രക്കൃഷിയിലൂടെയാണ് ഇവർ കാർബൺ കമ്പോളത്തിൽ പ്രവേശിച്ചത്. ഇതിനാവശ്യമായ സൗകര്യങ്ങളൊരുക്കിയത് നെതർലൻഡ്സ് ആസ്ഥാനമായ സഹകരണ ബാങ്കും ആന്ധ്രയിലെ സർക്കാരിതര സംഘടനയുമാണ്.
മുൻകരുതലുകൾ അത്യാവശ്യം
കാർബൺ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാമെന്ന വാഗ്ദാനങ്ങളുമായി ആരെങ്കിലും സമീപിച്ചാൽ കരുതലോടെയുള്ള ഇടപെടൽ അനിവാര്യമാണ്. കാർബൺ വിപണിയിലെ സാഹചര്യം മനസ്സിലാക്കിയാലേ ലാഭകരമായ വിപണനം നടത്താനാവൂ. വിലയിൽ ഏറ്റക്കുറച്ചിൽ പതിവാണ്. വിപണി സ്വഭാവങ്ങൾ മനസ്സിലാക്കാതെയുള്ള വിൽപന നഷ്ടമുണ്ടാക്കും.
കൃഷിപദ്ധതികളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ആഭ്യന്തര കാർബൺ വിപണിയിൽ പുറത്തിറക്കിയിട്ടില്ല. അതിനാൽ, ചെറുകിട പരിമിത കർഷകർ ജാഗ്രതയോടെ മാത്രമേ കാർബൺ വിപണിയെ സമീപിക്കാവൂ. കർഷക ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരെല്ലാം, ഇതുമായി ബന്ധപ്പെട്ട സാധ്യത കർഷകർ പരമാവധി പ്രയോജനപ്പെടുത്താൻവേണ്ട സൗകര്യങ്ങളൊരുക്കണം. അതുവഴി കർഷകർക്കു കൂടുതൽ വരുമാനം ലഭിക്കാനുള്ള സ്ഥിതിയുണ്ടാക്കണം. കർഷകർ വഞ്ചിതരാകാൻ ഇടയാക്കരുത്.
കഴിഞ്ഞ ഏപ്രിൽ 12നു പുറത്തിറക്കിയ മാർഗരേഖപ്രകാരം വ്യക്തികൾ, സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയെല്ലാം ഗ്രീൻ ക്രെഡിറ്റ് എന്ന കാർബൺ സർട്ടിഫിക്കറ്റ് സ്വന്തമാക്കാനും വിൽക്കാനും അർഹതയുള്ളവരാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച് ആൻഡ് എജ്യുക്കേഷൻ (ഐസിഎഫ്ആർഇ) എന്ന സ്വയംഭരണ സ്ഥാപനമാണ് ഈ പദ്ധതിയുടെ ചുമതലക്കാർ. ആദ്യപടിയായി വനവൽക്കരണമാണ് നിശ്ചയിച്ചിട്ടുള്ളത്.
അതതു സംസ്ഥാനങ്ങളിലെ വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശങ്ങൾ തിരഞ്ഞെടുത്ത് വനവൽക്കരണം നടപ്പാക്കി രണ്ടു വർഷത്തിനുശേഷം ഗ്രീൻ ക്രെഡിറ്റ് നൽകുകയാണ് ലക്ഷ്യം. 13 സംസ്ഥാനങ്ങളിലായി 10,983 ഹെക്ടർ കണ്ടെത്തി. ഇന്ത്യൻ ഓയിൽ കോർപറേഷൻ, പവർ ഗ്രിഡ്, നാഷനൽ തെർമൽ പവർ കോർപറേഷൻ, ഓയിൽ ഇന്ത്യ, കോൾ ഇന്ത്യ, നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ എന്നീ കമ്പനികൾ കാർബൺ മാർക്കറ്റിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.