കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്കു കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം ശക്തം
കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്കു കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം. ദിവസവും രാത്രി മുന്നൂറിലധികം ആളുകൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. ഇതിനിടെ അപകടത്തിൽപെട്ടും മറ്റും എത്തുന്നവരെയും ചികിത്സിക്കണം. അമിത ജോലിഭാരമാണ് രാത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ അനുഭവിക്കുന്നത്.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ രാത്രി ചികിത്സ തേടി എത്തുന്നവർ ചിലപ്പോൾ ഏറെ നേരം കാത്തിരിക്കേണ്ടിയും വരുന്നു. 3 ഷിഫ്റ്റുകളിലായി അത്യാഹിത വിഭാഗത്തിൽ ആകെ വേണ്ടത് 6 ഡോക്ടർമാരാണ്. എന്നാൽ ഇതിനായി നിലവിൽ 4 ഡോക്ടർമാർ മാത്രമാണുള്ളത്.അതിനാൽ ഇവർക്ക് അവധി എടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
മഴക്കാലമായതോടെ പനിയും മറ്റു പകർച്ചവ്യാധികളും വ്യാപകമായ മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ പ്രധാന ആശ്രയമാണ് ജനറൽ ആശുപത്രി.കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകളിലെ ഉൾനാടൻ മലയോര ഗ്രാമങ്ങളിൽ നിന്നും ആളുകൾ ഏറെ ദൂരം സഞ്ചരിച്ച് രാത്രി ചികിത്സ തേടി എത്തുമ്പോൾ ചികിത്സയ്ക്കായും ഏറെനേരം കാത്തിരിക്കേണ്ടി വരുന്നത് വൻ ദുരിതമായിരിക്കുകയാണ്.
ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്ക് കൂടുതൽ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാരെ നിയമിക്കണമെന്നാണ് ആവശ്യം ശക്തമായിരിക്കുന്നത്.