അങ്കമാലി -എരുമേലി ശബരി റെയിൽ പദ്ധതി : എംപി മാർ നിവേദനം നൽകി, ഉറപ്പ് നൽകി റെയിൽവേ മന്ത്രി
എരുമേലി : അങ്കമാലി -എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് എം പി മാരായ ആന്റോ ആന്റണി, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, എന്നിവർ ചേർന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
സംസ്ഥാന സർക്കാർ അങ്കമാലി – എരുമേലി റെയിൽവേയൂടെ പകുതി ചിലവ് വഹിക്കാമെന്ന് സർക്കാർ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചിട്ടും അനിശ്ചിതത്വം തുടരുകയാണെന്ന് മന്ത്രിയെ ധരിപ്പിച്ചു.സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തത് കൊണ്ടാണ് അങ്കമാലി -ശബരി റെയിൽവേ പദ്ധതിയൂടെ നിർമ്മാണം അനിശ്ചിതത്തിൽ തുടരുന്നത് എന്ന് റെയിൽവേ മന്ത്രി എംപിമാരോട് പറഞ്ഞു .
അങ്കമാലി -എരുമേലി നിർമാണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെയും എംപിമാരെയും പങ്കെടുപ്പിച്ചു യോഗം വിളിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് എംപിമാർക്ക് ഉറപ്പു നൽകി. അങ്കമാലി – എരുമേലി റെയിൽവേ ലൈനിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിലെ എംപിമാരായ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
കൊച്ചിയെയും സമീപ പ്രദേശങ്ങളിലെയും വികസനം ലക്ഷ്യമാക്കി തയാറാക്കിയ സമഗ്ര ഗതാഗത രൂപരേഖയിൽ അങ്കമാലി – ശബരി റെയിൽവേ പദ്ധതിക്കൊപ്പം 15 കിലോമീറ്റർ ദൈർഘ്യമുള്ള പാലാ– ഏറ്റുമാനൂർ ലിങ്ക് റെയിൽവേ കൂടി ഉൾപ്പെടുത്തണമെന്ന് ശബരി റെയിൽവേ ആക്‌ഷൻ കൗൺസിൽ ഫെഡറേഷൻ ആവശ്യപ്പെട്ടു. എറണാകുളം നോർത്ത്, കളമശേരി, ആലുവ, അങ്കമാലി, കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, എറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ്, തൃപ്പൂണിത്തുറ എറണാകുളം സൗത്ത് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് ട്രെയിൻ സർവീസ് സാധ്യമാകുമെന്നും ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ ഡിജോ കാപ്പൻ, ബാബു പോൾ, ജിജോ പനച്ചിനാനി എന്നിവർ ആവശ്യപ്പെട്ടു.264 കോടി രൂപ ചെലവഴിച്ച് അങ്കമാലി – ശബരി റെയിൽവേയ്ക്കു വേണ്ടി 8 കിലോ മീറ്റർ റെയിൽവേ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ പെരിയാറിനു കുറുകെ റെയിൽവേ പാലവും ആണ് ഇതുവരെ നിർമിച്ചിട്ടുള്ളത്.