കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date :06/09/2024

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …

ICON CONTACT

ഷൂ കടയിൽ രാത്രിയിൽ ഗ്ലാസ് എറിഞ്ഞുടച്ച് മോഷണം: പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 4 പേർ കാഞ്ഞിരപ്പള്ളിയിൽ കസ്റ്റഡിയിൽ

കാഞ്ഞിരപ്പള്ളി ∙ രാത്രി ഷൂ വിൽപന കടയുടെ മുൻപിലെ ചില്ല് എറിഞ്ഞുടച്ചു മോഷണം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിൽ പ്രവർത്തിക്കുന്ന ഷൂ പ്ലാനറ്റ് എന്ന കടയുടെ മുൻപിൽ ചില്ലിനുള്ളിൽ ഡിസ്പ്ലേ ചെയ്തിരുന്ന 10 ജോ‍ടി ഷൂസുകളാണു ഇവർ മോഷ്ടിച്ചത്.

അകലക്കുന്നം പൂവത്തിളപ്പ് മഞ്ഞമാക്കൽ സോനു(18), ഉപ്പുതറ കണ്ടത്തിൽപ്പറമ്പിൽ അപ്പു(19) എന്നിവർ ഉൾപ്പെടെ 4 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു.

. മോഷണ സംഘത്തിലെ 3പേരാണ് ആദ്യം കടയുടെ മുൻപിൽ എത്തിയത്. മുഖം മറച്ച യുവാവ് ഗ്ലാസ് എറിഞ്ഞുടച്ച ശേഷം അകത്തു കയറി ഷൂസ് എടുത്തു കൊണ്ടുപോയി. ഈ സമയം മറ്റുള്ളവർ ഇവിടെ നിന്നും ഓടി മറഞ്ഞു.

കുറച്ചു സമയം പരിസരം നിരീക്ഷിച്ച ശേഷം പിന്നാലെ ഓരോരുത്തരായി വന്നു വീണ്ടും ഷൂസുകൾ എടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞത്. പിന്നീട് ഇവർ ഒന്നിച്ച് തിരിച്ചു പോകുന്ന ദൃശ്യങ്ങളും സമീപത്തെ മറ്റൊരു കടയിലെ സിസിടിവിയിൽ നിന്നു ലഭ്യമായി.

പിടിയിലായ 4 പേരും സുഹൃത്തുക്കളാണെന്നും ഇവരിൽ പ്രായപൂർത്തിയാകാത്ത കാഞ്ഞിരപ്പള്ളി സ്വദേശിയുടെ വീട്ടിലെത്തിയതാണ് ഇവരെന്നും പൊലീസ് അറിയിച്ചു. മോഷണത്തിനു ശേഷവും ടൗൺ വിട്ടു പോകാതിരുന്ന ഇവരെ ഇന്നലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. ഗ്ലാസ് തകർന്നതടക്കം 50,000 രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് കടയുടമയുടെ പരാതി.

അധ്യാപക ദിനത്തിൽ പൂഞ്ഞാർ മണ്ഡലത്തിലെ വിരമിച്ച അധ്യാപകർക്കും മാധ്യമപ്രവർത്തകർക്കും ആദരം നൽകി

കാഞ്ഞിരപ്പള്ളി ∙ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ സർവീസ് ആർമിയുടെ കീഴിൽ‍‍ പ്ര വർത്തിക്കുന്ന ഫ്യൂച്ചർ സ്റ്റാർസ് എജ്യുക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിരമിച്ച അധ്യാപകരെയും നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രശസ്ത മാധ്യമ പ്രവർത്തകരെയും ആദരിച്ചു.

ഗുരുവന്ദനം 2024 എന്ന പേരിൽ സെന്റ് ഡൊമിനിക്സ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ആന്റണി ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാർ മണ്ഡലത്തിൽ നിവസിക്കുന്ന പ്രശസ്തരായ വിവിധ മാധ്യമ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു .
ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ.ആൻസി ജോസഫ്, സെക്രട്ടറി എം.ജി.സുജ, പഞ ്ചായത്ത് പ്രസിഡന്റുമാരായ ബിജോയി മുണ്ടുപാലം( കൂട്ടിക്കൽ) രേഖ ദാസ് (മുണ്ടക്കയം), സ്കറിയ പൊട്ടനാനി ( തിടനാട് ), ഗീത നോബിൾ (പൂഞ്ഞാർ), സെന്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, കോളജ് ബർസാർ ഫാ.മനോജ് പാലക്കുടി എന്നിവർ പ്രസംഗിച്ചു.

ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളായ പി.എ.ഇബ്രാഹിംകുട്ടി, അഭിലാഷ് ജോസഫ്, നോബി ഡൊമിനിക്, ഡോ.മാത്യു കണമല, എം.എച്ച്.നിയാസ്, ആർ.ധർമകീർത്തി, ഡൊമിനിക് കല്ലാടൻ, പി.പി.എം. നൗഷാദ്, പ്രിയ അഭിലാഷ് , അലൻ വാണിയപ്പുര, ഖലീൽ റഹ്മാ ൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഗണേശഭക്തിയിൽ അലിഞ്ഞ് പൊൻകുന്നം

പൊൻകുന്നം : 17-ാം പൊൻകുന്നം ഗണേശോത്സവം ഭക്തസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഗണേശവിഗ്രഹം പ്രതിഷ്ഠിച്ച് പൂജ നടത്തുന്ന രാജേന്ദ്രമൈതാനത്തെ പന്തലിൽ പൂജാചടങ്ങുകൾക്കും ആധ്യാത്മികപ്രഭാഷണങ്ങൾക്കും ഭജനകൾക്കും ഭക്തരുടെ തിരക്കേറി. മൂന്നാംദിവസമായ വെള്ളിയാഴ്ച രാവിലെ ആറിന് നഗരസങ്കീർത്തനം, 8.30-ന് പുരാണപാരായണം, വൈകീട്ട് 6.15-ന് ഗണേശസന്നിധിയിലെ ആരാധനകൾക്കുശേഷം ചിത്രരചനാമത്സര വിജയികളായ കുട്ടികൾക്ക് പുരസ്‌കാരം നൽകും. 6.30-ന് കാ.ഭാ.സുരേന്ദ്രന്റെ പ്രഭാഷണം. എട്ടിന് ചെങ്കോട്ട ഹരിഹരസുബ്രഹ്‌മണ്യം നയിക്കുന്ന സാമ്പ്രദായക് ഭജൻഭക്തി.

അക്കരപ്പള്ളി തിരുനാൾ..മാതാക്കളെ അനുഗ്രഹിച്ച് പുളിക്കൽ പിതാവ്..

കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ രൂപതയിലെ 13 ഫൊറോനകളിലെയും 148 ഇടവകകളുടെയും പങ്കാളിത്തത്തോടെ മരിയൻ തീർത്ഥാടനവും മേരി നാമധാരികളുടെ സംഗമവും കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ നടന്നു.
തദവസരത്തിൽ പ. കന്യാമറിയത്തിന്റെ 47 പ്രത്യക്ഷീകരണങ്ങൾ അവതരിപ്പിച്ച
മേരി നാമധാരികളെ മാർ ജോസ് പുളിക്കൽ അനുഗ്രഹിച്ചു. വീഡിയോ ഇവിടെ കാണുക :

വിശിഷ്ഠ ഗുരുജനങ്ങൾക്ക് മുൻപിൽ ഡോണ അജേഷ് ആലപിച്ച അതിമനോഹര ഗുരുവന്ദന ഗാനം..

എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ഇതാ.. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് പൂഞ്ഞാർ എംഎൽഎയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ വിരമിച്ച മുഴുവൻ അധ്യാപകരെയും ആദരിച്ച ചടങ്ങിൽ വിശിഷ്ഠ ഗുരുജനങ്ങൾക്ക് മുൻപിൽ ഡോണ അജേഷ് ആലപിച്ച അതിമനോഹര ഗുരുവന്ദന ഗാനം കേൾക്കുക .. ഗുരുജനങ്ങൾക്ക് ഏറെ അഭിമാനവും , ആനന്ദവും പ്രദാനം ചെയ്യുന്ന ഏറെ മനോഹര ഗാനം എത്ര കേട്ടാലും മതിവരില്ല .. ഡോണ അജേഷിന് അഭിനന്ദനങ്ങൾ .. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

അധ്യാപകദിനം ആഘോഷിച്ചു.

കൂവപ്പള്ളി സെന്റ് ജോസഫ്സ് യു.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്മൃതിലയം 2K24 എന്ന പേരിൽ പൂർവ്വാധ്യാപക സംഗമം നടത്തി. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA യോഗം ഉദ്ഘാടനം ചെയ്യുകയും 75 വർഷങ്ങൾക്കിടയിൽ സെന്റ് ജോസഫ്സ് സ്കൂളിൽ പഠിപ്പിച്ച്, സ്കൂളിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച അധ്യാപക ശ്രേഷ്ഠരെ ആദരിക്കുകയും ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ.മാത്യു പുതുമന അധ്യക്ഷനായ യോഗത്തിൽ PTA പ്രസിഡന്റ് \ ഷിബി ചെറിയാൻ ആശംസകൾ അറിയിക്കുകയും ചെയ്തു.

പഴയപള്ളിയിൽ എട്ടു നോമ്പാചരണണം : നേർച്ചക്കഞ്ഞി സ്വീകരിക്കുവാൻ ദിവസേന ആയിരങ്ങൾ..

കാഞ്ഞിരപ്പള്ളി: സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ പഴയപള്ളിയിൽ എട്ടു നോമ്പാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന നേർച്ചക്കഞ്ഞി ദിവസേന കുടിച്ച് മടങ്ങുന്നത് ആയിരക്കണക്കിന് ഭക്തജനങ്ങൾ. രാവിലെ 9.30ന് തുടങ്ങുന്ന നേർച്ചക്കഞ്ഞി വിതരണം ഉച്ചകഴിഞ്ഞ് 2.30വരെ നീളും.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ ഇടവകാംഗങ്ങളുടെ നേതൃത്വത്തിലാണ് നേർച്ചക്കഞ്ഞി തയാറാക്കി വിതരണം ചെയ്യുന്നത്.

എട്ടുനോമ്പ് തിരുനാളിലും തിരുക്കർമങ്ങളിലും പങ്കെടുക്കാൻ ഹൈറേഞ്ചിൽനിന്നുൾപ്പെടെ ദൂരസ്ഥലങ്ങളിൽനിന്നുള്ള വിശ്വാസികളുടെ വലിയ തിരക്കാണ് പഴയപള്ളിയിൽ അനുഭവപ്പെടുന്നത്.

പുരാതനമായ കൽക്കുരിശ് വണങ്ങിയും നേർച്ചകാഴ്ചകളർപ്പിച്ചുമാണ് ഭക്തസ്ത്രീകളും കുഞ്ഞുകുട്ടികൾ ഉൾപ്പെടെയുള്ള വിശ്വാസികൾ മട ങ്ങുന്നത്.

കാഞ്ഞിരപ്പള്ളി നഗരസഭയാക്കണം : സിപിഎം പാറക്കടവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരസഭ ആക്കുകയും നഗരത്തോട് ചേർന്നുള്ള പാറക്കടവ് വട്ടക്കുഴിയിൽ ശക്തി കൂടിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് അടിക്കടിയുണ്ടാകുന്ന വോൾട്ടേജ് ക്ഷാമവും വൈദ്യുതി തകരാറും പരിഹരിക്കണമെന്നു് സി പി എം പാറക്കടവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇൻഡേൻ, ഭാരത് എന്നീ കമ്പനികളുടെ പാചക വാതക സിലിണ്ടറുകൾ ഉൾപ്രദേശങ്ങളിൽ ഡലിവറി വാഹനങ്ങളിൽ എത്തിക്കുവാൻ ഏജൻസികൾ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇക്ബാൽ ഇല്ലത്തുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഏരിയാ കമ്മിറ്റിയംഗം അജാസ് റഷീദ് ഉദ്‌ഘാടനം ചെയ്തു. ടി കെ ജയൻ, വിപിൻ, പി എസ് ശ്രീകുമാർ ,വി എസ് സലേഷ്, ജയ്സൽ, ഫാസിൽ, നസീർ ഖാൻ, മസൂദ് എന്നിവർ സംസാരിച്ചു. പി എസ് ശ്രീകുമാർ സഹദേവനെ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു

അധ്യാപക ദിനത്തിൽ അധ്യാപകർക്ക് സമ്മാനവുമായി വാർഡ് പ്രതിനിധി

കാഞ്ഞിരപ്പള്ളി: പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകർക്ക് അധ്യാപക ദിനത്തിൽ സമ്മാനങ്ങളും മധുരപലഹാരങ്ങളുമായിട്ടാണ് വാർഡ് മെമ്പർ സിന്ധു മോഹൻ എത്തിയത്.
വാർഡ് പ്രതിനിധിയിൽ നിന്ന് സമ്മാനങ്ങളും മധുരപലഹാരങ്ങളും സ്കൂൾ ഹെഡ്മാസ്റ്റർ ഷിനോജ് ജോസഫ് ഏറ്റുവാങ്ങി. തുടർന്ന് നൽകിയ അധ്യാപകദിന സന്ദേശത്തിൽ പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിലെ കുട്ടികളുടെ അച്ചടക്കത്തെയും സാമൂഹ്യ ബോധത്തെയും സഹാനുഭൂതിയെയും കുറിച്ച് മെമ്പർ എടുത്തു പറയുകയുണ്ടായി.എല്ലാത്തരത്തിലും മികവുറ്റവരായി ഒരു പൊതുസമൂഹത്തെ വാർത്തെടുക്കുന്നതിൽ പാലമ്പ്ര സ്കൂളിലെ അധ്യാപകർ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് പറയുകയുണ്ടായി. കുഞ്ഞുങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ ഒരുദീപനാളമായി പ്രകാശിക്കുവാൻ ഓരോ അധ്യാപകർക്കും കഴിയട്ടെ എന്ന് മെമ്പർ ആശംസിച്ചു.

റോഡിടിഞ്ഞ് ഗർത്തമായി ; അപകടം ഒഴിവാക്കുവാൻ നാട്ടുകാർ മുന്നറിയിപ്പായി അടയാള കൊടി സ്ഥാപിച്ചു

മുക്കൂട്ടുതറ : വെൺകുറിഞ്ഞി എസ്എൻഡിപി സ്‌കൂളിന് സമീപത്ത് റോഡിന്റെ വശം താഴ്ന്ന് കുഴി രൂപപ്പെട്ടതിനെ തുടർന്ന് അപകട സാധ്യതയിൽ. അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടി മുന്നറിയിപ്പായി കുഴിയുടെ സമീപം നാട്ടുകാർ ചുവപ്പ് കൊടി സ്ഥാപിച്ചിട്ടുണ്ട്.

വെച്ചൂച്ചിറയ്ക്ക് വെൺകുറിഞ്ഞിയിലെ സ്‌കൂളിന് മുന്നിലൂടെ മണിപ്പുഴ വഴിയുള്ള റോഡാണിത്. പൊതു മരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഈ റോഡിൽ സ്കൂളിന്റെ 50 മീറ്ററോളം അകലെ ആണ് റോഡിന്റെ അരികിൽ ടാറിങ് ഉൾപ്പടെയുള്ള ഭാഗം ഇടിഞ്ഞ് കുഴിയായി മാറിയിരിക്കുന്നത്. റോഡിൽ വീതി കുറഞ്ഞതും കയറ്റം തുടങ്ങുന്നതുമായ ഈ ഭാഗത്ത് എതിർ ദിശകളിൽ നിന്ന് ഒരേസമയം വാഹനങ്ങൾ എത്തിയാൽ കുഴിയിൽ ചാടി അപകടത്തിൽ പെടും. അമിത ഭാരം കയറ്റി എത്തുന്ന ടോറസ് ലോറികൾ ഈ ഭാഗത്ത്‌ പതിവായി വാഹനം നിർത്തി ഗിയർ ഷിഫ്റ്റിംഗ് ചെയ്യുന്നത് മൂലം റോഡിൽ ഭാര സമ്മർദ്ദമുണ്ടായി ഇടിഞ്ഞു താഴ്ന്ന് കുഴിയായതാണെന്നും അടിയന്തിര പരിഹാര നടപടികൾ സ്വീകരിച്ചില്ലങ്കിൽ അപകടം സംഭവിക്കുമെന്നും സമീപവാസികൾ പറഞ്ഞു.

എംഎൽഎയുടെ വീടിന്റെ മുൻപിൽ തിരുവോണ ദിനത്തിൽ പഴങ്കഞ്ഞി കുടിച്ചു പ്രതിഷേധിക്കുവാൻ റോഡ് സംരക്ഷണ സമിതി അംഗങ്ങൾ

മുണ്ടക്കയം ∙ കരിനിലം–പശ്ചിമ–കൊട്ടാരംകട–കുഴിമാവ് റോഡ് നിർമാണം വൈകുന്നതിന് എതിരെ റോഡ് സംരക്ഷണ സമിതി തിരുവോണ ദിനത്തിൽ പഴങ്കഞ്ഞി കുടിച്ചു പ്രതിഷേധിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ വസതിയുടെ മുൻപിൽ പ്രതിഷേധം നടത്താനാണു സമിതിയുടെ തീരുമാനം.

അഞ്ച് വർഷത്തിലേറെയായി തകർന്ന റോഡിലൂടെയാണ് ജനങ്ങളുടെ യാത്ര. രണ്ട് വർഷം മുൻപ് റോഡ് നിർമിക്കാൻ പദ്ധതി തയാറാക്കുകയും നിർമാണം തുടങ്ങിയ ശേഷം കരാറുകാരൻ നിർമാണം ഉപേക്ഷിക്കുകയും ആയിരുന്നു. തുടർന്ന് നിർമാണം പൂർണമായും മുടങ്ങി.

പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഉടൻ നടപടി സ്വീകരിക്കും എന്ന അധികൃതരുടെ വാക്കു കേട്ട് മടുത്ത ജനങ്ങൾ റോഡ് സംരക്ഷണത്തിനു ജനകീയ സമിതി രൂപീകരിച്ചു. ആദ്യ ഘട്ടമായി റോഡിൽ തേങ്ങ ഉടച്ച് സമരം നടത്തിയിരുന്നു.

പഴയ കരാറുകാരൻ നിർമാണ ജോലികൾ മുടക്കിയതാണ് പ്രശ്നത്തിന് കാരണമായതെന്നും പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതി ഉടൻ നടപ്പാക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചിരുന്നു. അത് എത്രയും വേഗം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

കരിനിലം പോസ്റ്റ് ഓഫിസ് കവലയിൽ നിന്നും തുടങ്ങി കുഴിമാവിൽ എത്തുന്ന റോഡ് കോരുത്തോട്– കുഴിമാവ് റോഡിന് സമാന്തര പാതയാണ്. എന്നാൽ റോഡിന്റെ എല്ലാ സ്ഥലങ്ങളിലും ടാറിങ് പൂർണമായും തകർന്ന നിലയിലാണ്.പ്ലാക്കപ്പടി, പശ്ചിമ, കൊട്ടാരംകട തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ കോരുത്തോട്, പുഞ്ചവയൽ റൂട്ടുകൾ വഴിയാണ് സഞ്ചരിക്കുന്നത്. ആദിവാസി വിഭാഗങ്ങൾ ഏറെയുള്ള പശ്ചിമ പ്രദേശത്ത് സ്കൂൾ കുട്ടികൾ അടക്കം അഞ്ച് കിലോമീറ്ററോളം നടന്നാണ് ബസ് സർവീസുള്ള മറ്റ് റോഡുകളിൽ എത്തുന്നത്.

ആലോചനാ യോഗത്തിൽ ചെയർപഴ്സൻ സിനിമോൾ തടത്തിൽ അധ്യക്ഷത വഹിച്ചു. ജാൻസി തൊട്ടിപ്പാട്ട്, ബെന്നി ചേറ്റുകുഴി, ജോസഫ് സി.മാത്യു, റെജി പാറാംതോട്, വിനോദ് കൊട്ടാരം, പി.പി.മോഹനൻ, ജോസ് തോമസ്, അജോയി ജോസഫ്, പ്രസാദ് പുല്ലുവേലിൽ, സുധൻ മുകളേൽ, സന്തോഷ്‌ അഭയം, പി.ജി.സുരേഷ് കുമാർ, അഖിൽ പ്ലാക്കൽ, അഖിലേഷ് ബാബു, സലിം കരിനിലം, കെ.കെ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ മരിയൻ തീർത്ഥാടനവും  മേരി നാമധാരികളുടെ സംഗമവും.

കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ രൂപതയിലെ 13 ഫൊറോനകളിലെയും 148 ഇടവകകളുടെയും പങ്കാളിത്തത്തോടെ മരിയൻ തീർത്ഥാടനവും  മേരി നാമധാരികളുടെ സംഗമവും കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ നടന്നു. രൂപതയുടെ 47 വർഷത്തോട് അനുബന്ധിച്ച്  47 അമ്മമാർ പരിശുദ്ധ  അമ്മയുടെ  47 പ്രത്യക്ഷീകരണങ്ങൾ അവതരിപ്പിച്ച് അണിനിരന്നു. മേരി നാമധാരികളായ ആയിരക്കണക്കിന് ഭക്തസ്ത്രീകൾ സംഗമത്തിൽ പങ്കെടുത്ത് വിശുദ്ധ കുർബാനയിൽ ഭക്തിപൂർവം സംബന്ധിച്ചു. വീഡിയോ കാണുക.

പൂഴ്ത്തിവയ്പ്: പൊതു വിപണിയിൽ പരിശോധന

കാഞ്ഞിരപ്പള്ളി ∙ ഓണക്കാലത്തിനു മുന്നോടിയായി പൂഴ്ത്തിവയ്പും അമിത വിലയും തടയുന്നതിനു ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം പ്രത്യേക സ്ക്വാഡ് താലൂക്കിലെ പൊതു വിപണിയിൽ പരിശോധന നടത്തി. 55 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 12 കടകളിൽ ക്രമക്കേട് കണ്ടെത്തി. പാറത്തോട്, മുണ്ടക്കയം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ക്രമക്കേടുകൾ പരിശോധന സംഘം ജില്ലാ കലക്ടർക്ക് കൈമാറും.

തുടർ നടപടികൾ ജില്ലാ കലക്ടർ സ്വീകരിക്കും. ലൈസൻസ് പുതുക്കാത്തത്, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തത് തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.

പലചരക്ക്, ഹോട്ടൽ, പച്ചക്കറി, മത്സ്യ, മാംസ വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. താലൂക്ക് സപ്ലൈ ഓഫിസർ ജി.അഭിൽജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, ഡപ്യൂട്ടി തഹസിൽദാർ ടി.ജി.ശ്രീലാൽ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അനു ഗോപിനാഥ്, റേഷനിങ് ഇൻസ്‌പെക്ടർമാരായ സജീവ് കുമാർ, ടി.സയർ, എന്നിവരും പങ്കെടുത്തു.

മലയോര മേഖലയിൽ വ്യാജ മദ്യ നിർമാണം; പരിശോധിക്കാൻ എക്സൈസ് വകുപ്പ്

മുണ്ടക്കയം ∙ ഓണക്കാലത്ത് മലയോര മേഖലയിൽ വ്യാജ മദ്യ നിർമാണം വ്യാപകമാകുന്നതു തടയാൻ സ്പെഷ്യൽ ഡ്രൈവിനു എക്സൈസ് വകുപ്പു രംഗത്ത്.

വനം അതിർത്തി ഗ്രാമങ്ങളിൽ മാത്രം കണ്ടിരുന്ന വ്യാജ മദ്യ നിർമാണവും വിപണനവും ഇപ്പോൾ നഗര പ്രദേശങ്ങളിലും വ്യാപകമായി. വീടുകളിൽ മദ്യം ഉണ്ടാക്കി വിൽപന നടത്തുന്നവരും ഏറെയാണ്. കോരുത്തോട്, മുണ്ടക്കയം, കൊക്കയാർ, പെരുവന്താനം, കൂട്ടിക്കൽ പഞ്ചായത്തുകളുടെ ഉൾനാടൻ മേഖലകളിലാണ് വ്യാജ വാറ്റ് സജീവമായിരിക്കുന്നത്.

കിഴക്കൻ മേഖലയിൽ എരുമേലി, മുണ്ടക്കയം ടൗണുകളിൽ മാത്രമാണ് വിദേശ മദ്യ വിൽപന ശാലകൾ ഉള്ളത്. കാഞ്ഞിരപ്പള്ളി, പൊൻകുന്നം തുടങ്ങിയ മേഖലകളിലെ മദ്യവിൽപന ശാലകൾ അടച്ചതോടെ ഇൗ പ്രദേശങ്ങളിലേക്ക് വിൽപനയ്ക്കായി വ്യാജ മദ്യവും ഇറക്കുന്നുണ്ട് എന്നാണ് സൂചന. വിദേശ മദ്യം വീടുകളിൽ വാങ്ങി സൂക്ഷിച്ച് വിൽപന നടത്തുന്നവരുമുണ്ട്.

വീര്യം കൂടാൻ അശാസ്ത്രീയമായ രീതിയിൽ ഉണ്ടാക്കുന്ന മദ്യം വലിയ അപകട സാധ്യതയാണ്. കിട്ടുന്ന സൂചനകളും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പരമാവധി വ്യാജ മദ്യ നിർമാണങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യാനുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം. ഇതിനായി പ്രത്യേക പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.

ഗണേശോത്സവത്തിനു ഭക്തജന തിരക്കേറി

പൊൻകുന്നം ∙ ഗണേശോത്സവത്തിനു ഭക്തജന തിരക്കേറി. ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ നടത്തുന്ന രാജേന്ദ്ര മൈതാനത്തെ പന്തലിൽ പൂജാ ചടങ്ങുകളിൽ പങ്കെടുക്കാനും ആധ്യാത്മിക പ്രഭാഷണങ്ങൾ ശ്രവിക്കാനുമാണു ഭക്തർ എത്തുന്നത്. 3–ാം ദിവസമായ ഇന്നു രാവിലെ 6ന് നഗരസങ്കീർത്തനം, 8.30ന് പുരാണ പാരായണം, വൈകിട്ട് 6.15ന് ഗണേശ സന്നിധിയിലെ ആരാധനകൾക്കു ശേഷം ചിത്രരചനാ മത്സര വിജയികളായ കുട്ടികൾക്ക് പുരസ്കാരം നൽകും. 6.30ന് കാ.ഭാ.സുരേന്ദ്രന്റെ പ്രഭാഷണം. എട്ടിന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം നയിക്കുന്ന സാമ്പ്രദായിക് ഭജൻസ്.

വിനായക ചതുർഥി ആഘോഷം നാളെ

കാഞ്ഞിരപ്പള്ളി ∙ ഗണപതിയാർ കോവിലിൽ വിനായക ചതുർഥി നാളെ ആഘോഷിക്കും. രാവിലെ 5.15ന് നിർമാല്യ ദർശനം, 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.30ന് ഗണേശ പുരാണ പാരായണം, 10.30ന് ഭദ്രദീപ പ്രകാശനം, 11ന് ഗജപൂജ, ആനയൂട്ട്, 11.30ന് കലശാഭിഷേകം, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാലങ്കാരങ്ങളോടെ കൂടിയ ദീപാരാധന, 7.30ന് അത്താഴ പൂജ.

ചെറുവള്ളി ∙ ദേവീ ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ മഹാഗണപതി ഹോമത്തിന് മേൽശാന്തി മുഖ്യപ്പുറത്തില്ലം ശ്രീവത്സൻ നമ്പൂതിരി കാർമികത്വം വഹിക്കും.

ഉരുളികുന്നം ∙ ഐശ്വര്യ ഗന്ധർവ സ്വാമി ഭദ്രകാളി ക്ഷേത്രത്തിൽ വിനായകചതുർഥി ആഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തും. മേൽശാന്തി നാരായണമംഗലം വാസുദേവൻ മൂസത് കാർമികത്വം വഹിക്കും. ക്ഷേത്ര പുനർനിർമാണത്തിന്റെ ഭാഗമായി മുറിച്ച ആഞ്ഞിലിമരം ഘോഷയാത്രയായി 8ന് ക്ഷേത്രത്തിലെത്തിക്കും.

പാറത്തോട് ∙ അഖില ഭാരത അയ്യപ്പ സേവാ സംഘം 205-ാംനമ്പർ ശാഖയുടെ ശ്രീഭുവനേശ്വരി – ശാസ്താ ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ 5.45 ന് നിർമാല്യ ദർശനം, 7 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. മേൽശാന്തി മുണ്ടക്കയം കോയിക്കൽ ഇല്ലം തുളസീധരൻ പോറ്റി കാർമികത്വം വഹിക്കും.

പൊൻകുന്നം ∙ പുതിയകാവ് ദേവീ ക്ഷേത്രത്തിൽ നാളെ വിനായക ചതുർഥി ആഘോഷ ഭാഗമായി രാവിലെ 5.45ന് തന്ത്രി കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നാരായണൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തും. ഫോൺ: 9946556998.

ഇടക്കുന്നം ∙ ചെറുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷ ഭാഗമായി പതിവ് പൂജകൾക്ക് പുറമേ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7.15 മുതൽ നാളികേരം ഉടയ്ക്കൽ എന്നിവ മേൽശാന്തി പ്ലാച്ചേരി ഇല്ലം അഭിലാഷ് നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തും.

ഇളങ്ങുളം∙ ധർമശാസ്താ ക്ഷേത്രത്തിൽ നാളെ രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തും. മേൽശാന്തി അനിൽ നമ ്പൂതിരി കാർമികത്വം വഹിക്കും.

മാതൃകാ പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി ∙ ആനക്കല്ല് ഗവ.എൽപി സ്കൂളിൽ വർണക്കൂടാരം പദ്ധതിയിൽ നവീകരിച്ച മാതൃകാ പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനവും സ്മാർട്ട് ക്ലാസ് മുറികളുടെ നിർമാണ ഉദ്ഘാടനവും ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് 12 ലക്ഷം രൂപ ചെലവഴിച്ചാണ് വിവിധ സൗകര്യങ്ങൾ ഒരുക്കിയത്. പഞ്ചായത്ത് 10 ലക്ഷം രൂപ സ്മാർട്ട് ക്ലാസ് മുറി നിർമാണത്തിനു അനുവദിച്ചു.

പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എൻ. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.ജെ. പ്രസാദ്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു ചക്കാല, ബ്ലോക്ക് പഞ്ചായത്തംഗം ഡാനി ജോസ്, വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോ ഓർഡിനേറ്റർ ആർ. ധർമകീർത്തി, പ്രധാനാധ്യാപിക ലിൻസി ജോസഫ്, പിടിഎ പ്രസിഡന്റ് എലിസബത്ത് അനീഷ്, പി.ജി.ജനീവ്, ഉഷാ സജി എന്നിവർ പ്രസംഗിച്ചു.

മിഷൻ ലീഗിന്റെ മരിയൻ തീർഥാടനം നാളെ

കാഞ്ഞിരപ്പള്ളി ∙ രൂപത ചെറുപുഷ്പ മിഷൻ ലീഗ് ന േതൃത്വം നൽകുന്ന ഹൈറേഞ്ച് മേഖല മരിയൻ തീർഥാടനം നാളെ ഉപ്പുതറയിൽ നടത്തും. ഹൈറേഞ്ച് മേഖലയിലുള്ള 5 ഫൊറോനകളിൽനിന്നുള്ള തീർഥാടകർ പങ്കെടുക്കും.

വിശുദ്ധ യൂദാ തദേവൂസ് കപ്പേളയുടെ മുൻപിൽനിന്ന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്കാണു തീർഥാടനം. രാവിലെ 9.45ന് ഉപ്പുതറ ഫൊറോന പള്ളി വികാരി ഫാ.ഡൊമിനിക് കാഞ്ഞിരത്തിനാൽ ഫ്ലാഗ് ഓഫ് ചെയ്യും. രൂപത മിഷൻ ലീഗ് വൈസ് പ്രസിഡന്റ് നോറ ആലാനിക്കൽ പതാക ഏറ്റുവാങ്ങും. ഒൻപതാം ക്ലാസിൽ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികളും മിഷൻ ലീഗിന്റെ രൂപത, ഫൊറോന, ഇടവക ഭാരവാഹികളും ഹൈറേഞ്ച് മേഖലയിൽനിന്നുള്ള യുവജനങ്ങളും പങ്കെടുക്കും.

11.30ന് ഉപ്പുതറ ഫൊറോന പള്ളിയിൽ നടത്തുന്ന കുർബാനയ്ക്ക് രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും.

മുണ്ടക്കയം സെന്റ് മേരീസ് പള്ളിയിൽ ബൈബിൾ കൺവൻഷൻ 10 മുതൽ

മുണ്ടക്കയം ∙ സെന്റ് മേരീസ് പള്ളിയിൽ ‘ആത്മീയ കൊടുങ്കാറ്റ്’ എന്ന പേരിൽ 10 മുതൽ 14 വരെ ബൈബിൾ കൺവൻഷൻ നടത്തും. കോഴിക്കോട് രൂപതയിലെ വൈദികൻ ഫാ.അലോഷ്യസ് കുളങ്ങര നേതൃത്വം നൽകും. കരിസ്മാറ്റിക് സർവീസ് ടീം സോണൽ ഡയറക്ടർ ഫാ.കുര്യാക്കോസ് വടക്കേടത്ത് ആമുഖ പ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകിട്ട് 4.30ന് കുർബാനയോടെ കൺവൻഷൻ ആരംഭിക്കും. അഞ്ച് മുതൽ 8.30 വരെ ധ്യാനം നടക്കും. ധ്യാന ദിവസങ്ങളിൽ വ്യക്തിപരമായ കുമ്പസാരം, കൗൺസലിങ് എന്നിവയ്ക്ക് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പല സ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് മടങ്ങി പോകാൻ വാഹന ക്രമീകരണങ്ങളും ഒരുക്കും.

എട്ട് നോമ്പാചരണത്തിന്റെ തുടർച്ചയായി നടക്കുന്ന ധ്യാനത്തിനു മുന്നോടിയായി നാളെ മേരിനാമധാരികളുടെ സംഗമം, ഭവനങ്ങളുടെ ആശീർവാദം എന്നിവയും നടക്കും. ധ്യാനത്തിനു മുന്നോടിയായി 101 മണിക്കൂർ അഖണ്ഡ ജപമാലയും, വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ മധ്യസ്ഥ പ്രാർഥനകളും നടക്കും. ഫാ.ടോം ജോസ്, ഫാ.ജിതിൻ ഫെർണാണ്ടസ് കോട്ടമേട്, ഫാ.ജോബ് കുഴിവയലിൽ, ഫാ.ജോൺസൺ ചാലുമാട്ടുതറ എന്നിവർ ദിവ്യബലിക്ക് നേതൃത്വം നൽകും. കൺവൻഷന്റെ നടത്തിപ്പിനായി ഇടവക സമിതി സെക്രട്ടറി റെജി ചാക്കോ, ജനറൽ കൺവീനർ ചാർലി ചെമ്പോല, ചാക്കോ ജോസഫ്, ജോസഫ് ചാക്കോ, റെമിൻ രാജൻ, സിസ്റ്റർ ഇവറ്റ്, സൂസമ്മ വർഗീസ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി. വികാരി ഫാ.ടോം ജോസ്, സഹ.വികാരി ഫാ.ജിതിൻ ഫെർണാണ്ടസ് കോട്ടമേട് എന്നിവർ അറിയിച്ചു.

അധ്യാപക ദിനാചരണം

കനകപ്പലം ∙ എൻഎം എൽപി സ്കൂളിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അമ്മമാർക്ക് പൂച്ചെണ്ടും സ്വന്തമായി നിർമിച്ച ആശംസാ കാർഡുകളും ദീപവും നൽകി ആദരിച്ചു.

വാർഡ് അംഗം അനിതാ സന്തോഷ് അധ്യക്ഷത വഹിച്ചു. കെ. ജോൺ ജോസഫ്, സി.എസ്. മാത്യു , പ്രധാന അധ്യാപിക എം. സിന്ധു, നീനു ഫിലിപ്പ്, എന്നിവർ പ്രസംഗിച്ചു.

വയനാടിനായി ഒരു ലക്ഷം നൽകി

എരുമേലി ∙ വയനാട് പുനരധിവാസ പദ്ധതിക്കായി പറമ്പിൽ നഴ്സറി ഉടമ സലിം പറമ്പിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി.

ലോറി തകരാറിലായി : അര മണിക്കൂർ ഗതാഗത സ്തംഭനം

കാഞ്ഞിരപ്പള്ളി ∙ ദേശീയ പാതയിൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ലോറി തകരാറിലായത് അര മണിക്കൂറോളം ഗതാഗത തടസ്സത്തിനു ഇടയാക്കി. ഇന്നലെ ഉച്ചയ്ക്ക് 12.30 ദേശീയ പാതയിൽ ലോറി തിരിക്കുന്നതിനിടെ തകരാറിലായ ലോറി റോഡിൽ വിലങ്ങനെ കിടന്നു. ഇതോടെ ഇരുവശത്തേക്കും ഗതാഗതം നിലച്ചു.

icon

ക്ഷീര കർഷക സമ്പർക്ക പരിപാടി നാളെ

തമ്പലക്കാട് ∙ നോർത്ത് ക്ഷീരോൽപാദക സഹകരണ സംഘം, കാഞ്ഞിരപ്പള്ളി ക്ഷീരവികസന ഓഫിസ് എന്നിവയുടെ നേതൃത്വത്തിൽ കർഷക മൈത്രി ക്ഷീര കർഷക സമ്പർക്ക പരിപാടി നാളെ രാവിലെ 10.30 ന് ഗവ. എൽപി സ്കൂളിൽ നടത്തും. ബ്ലോക്ക് പഞ്ചായത്തംഗം ഡാനി ജോസ് ഉദ്ഘാടനം ചെയ്യും.

താലൂക്ക് വികസന സമിതി യോഗം നാളെ

കാഞ്ഞിരപ്പള്ളി ∙ താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30ന് മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടക്കും. പൊതുജനങ്ങൾക്ക് വിവിധ വകുപ്പിലെ കാര്യങ്ങൾ സംബന്ധിച്ച് പരാതികൾ താലൂക്ക് ഓഫിസിലോ താലൂക്ക് വികസന സമിതിയിലോ ഹാജരാക്കാമെന്നു തഹസിൽദാർ അറിയിച്ചു.

പരിശീലന പരിപാടി

കോട്ടയം ∙ ഹീറ്റിങ് വെന്റിലേറ്റിങ് ആൻഡ് റഫ്രിജറേഷൻ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി എസി ടെക്‌നീഷ്യൻമാർക്കായി ഇൻവെർട്ടർ എസി റിപ്പയറിങ് എന്ന വിഷയത്തിൽ പരിശീലന പരിപാടി നടത്തുന്നു. 20ന് മുൻപായി താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടണം. 9496114006, 9847310612.

icon

അന്നമ്മ വർഗീസ് (89)

കണമല : പമ്പാവാലി ആലപ്പാട്ട് വർഗീസ് ദേവസ്യയുടെ ഭാര്യ അന്നമ്മ വർഗീസ് (89) നിര്യാതയായി. സംസ്കാരം ഇന്ന് വെള്ളി രാവിലെ 10:30 ന് എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളിയിൽ. പരേത പാണപിലാവ് കണ്ടത്തിൽ കുടുംബാംഗം. മക്കൾ : സൂസമ്മ, ലിസി, ജെയിംസ്, കോൺഗ്രസ് വാർഡ് പ്രസിഡൻ്റ്, പമ്പാവാലി ), അക്കാമ്മ, ജെയിംസ്, ആലീസ് (യു കെ), ഷാൻ്റി, ഷൈനി. മരുമക്കൾ : തോമസ് കൂവക്കുന്നേൽ ചാത്തൻതറ, ജോസഫ് ഇളംതോട്ടത്തിൽ ഓലക്കുളം, ലാൽ അക്കരക്കടുപ്പിൽ ഉമ്മിക്കുപ്പ, ബേബി കുരികിലുങ്കാട്ടിൽ മൂക്കൻപെട്ടി, ലാലി കുന്നത്ത്പതിയിൽ പൂഞ്ഞാർ, ആൻ്റോ കുന്നേൽ യു കെ – എറണാകുളം, ബേബി കുര്യൻ ആര്യംകുളത്ത് പൊൻകുന്നം, ബിനോയ് പുളിക്കകുന്നേൽ മുക്കൂട്ടുതറ.

V

error: Content is protected !!