കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date :07/09/2024

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …

ICON CONTACT

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറൽ 8 ന്

പൊൻകുന്നം: വെള്ളപൊക്കത്തിൽ വീട് നഷ്ടപ്പെട്ട ചിറക്കടവ് പറപ്പള്ളിത്താഴെ വടക്കേടത്ത് ബിബിനും കുടുംബത്തിനും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറുന്നു. ഞായർ വൈകിട്ട് 4ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സി.പി.ഐ.എം ജില്ലാ സെക്രട്ടറി എ.വി.റസൽ എന്നിവർ ചേർന്ന് കുടുംബത്തിന് താക്കോൽ കൈമാറും.

ബിബിനും പിതാവ് ബിജുവും മാതാവ് മഞ്ജുവും മുത്തച്ഛൻ വിൽസണും ഉൾപ്പെടെ നാലംഗ കുടുംബമാണ് ഇവിടെ താമസിക്കുന്നത്.മൂന്ന് മുറി,അടുക്കള, ഹാൾ,സിറ്റൗട്ട് എന്നി സൗകര്യങ്ങളോടെ കൂടി 760 സ്ക്വയർ ഫീറ്റ് വിസ്തൃതിയാലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഡി വൈ എഫ് ഐ ജില്ലാ കമ്മിയുടെ മേൽനേട്ടത്തിലാണ് പൂർണ്ണമായും ആദ്യഘട്ടം മുതലുള്ള നിർമ്മാണം നടന്നത്.

വയനാട് ദുരിതബാധിതർക്കായി കൈകോർത്ത് ഒരു കോടി രൂപയിലധികം തുക കണ്ടെത്താനും കൂട്ടിക്കലിലും ഇപ്പോൾ ഈ കുടുംബത്തിനും വീട് ഒരുക്കി നൽകാനും ജില്ലാ കമ്മിറ്റിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും തുടർന്നും സേവന സന്നദ്ധമായി ഡിവൈഎഫ്ഐ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി ബി.സുരേഷ് കുമാർ പറഞ്ഞു.

ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക്.സി. തോമസ്, സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗീരിഷ്.എസ്. നായർ, ഏരിയ സെക്രട്ടറി വി.ജി.ലാൽ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം അർച്ചന സദാശിവൻ, ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രൻ, സെക്രട്ടറി ബി.സുരേഷ് കുമാർ, ട്രഷറർ സതീഷ് വർക്കി, ജില്ലാ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിൽ ഉത്സവമേളം .. ‘SPECTRA, the Diamond Jubilee Expo സെപ്റ്റംബർ 26 മുതൽ.

കാഞ്ഞിരപ്പള്ളി : വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിൽ സെപ്റ്റംബർ 26, 27, 28 തീയതികളിൽ
SPECTRA, the Diamond Jubilee Expo എന്ന പേരിൽ രാജ്യാന്തരനിലവാരത്തിൽ വിപുലമായ വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിക്കുന്നു.
ഒപ്പം കലാ സാംസ്കാരിക പരിപാടികളും അരങ്ങേറുന്നു. പരിപാടിയുടെ വിശദാംശങ്ങൾ കോളേജ് അധികൃതർ വിശദീകരിക്കുന്നു. വീഡിയോ കാണുക :

ജനവാസമേഖലയെ ഇഎഫ്എൽ ആയി പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ഇൻഫാം

കാഞ്ഞിരപ്പള്ളി ∙ ജനവാസമേഖലയെ പരിസ്ഥിതിദുർബല മേഖലയായി (ഇഎഫ്എൽ) പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ.തോമസ് മറ്റമുണ്ടയിൽ ആവശ്യപ്പെട്ടു.

ഇൻഫാം എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഎഫ്എൽ പരിധിയിൽ വരുന്ന കൃഷിയിടങ്ങളിൽ താമസിക്കുന്ന കർഷകർ ഒപ്പിട്ട ഭീമഹർജി എംപിമാർക്കും എംഎൽഎമാർക്കും നൽകാനും യോഗം തീരുമാനിച്ചു. കാർഷിക ജില്ലാ പ്രസിഡന്റ് ഏബ്രഹാം മാത്യു പന്തിരുവേലിൽ, സെക്രട്ടറി ഡോ. പി.വി.മാത്യു പ്ലാത്തറ, ജോ. ഡയറക്ടർമാരായ ഫാ.ആൽബിൻ പുൽത്തകിടിയേൽ, ഫാ.ജിൻസ് കിഴക്കേൽ, ഫാ.റോബിൻ പട്രക്കാലായിൽ, വൈസ് പ്രസിഡന്റ് ബേബി ഗണപതിപ്ലാക്കൽ, ജോ. സെക്രട്ടറി ജോമോൻ ചേറ്റുകുഴി, ട്രഷറർ ജെയ്സൺ ചെംബ്ലായിൽ, സബ്ജക്ട് എക്സ്പേർട്ട് നെൽവിൻ സി.ജോയി, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.

സ്‌കൂൾ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

കൊടുങ്ങൂർ : കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ ഗോപുരത്തിനോട് ചേർന്നുള്ള അമ്പലക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. പുളിക്കൽകവല നെടുമാവ് കണ്ണന്താനംവീട്ടിൽ ലിഞ്ചി-സുമി ദമ്പതികളുടെ മകൻ ലിറാൻ ലിഞ്ചോ ജോൺ (17) ആണ് മരിച്ചത്. വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ്.ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് സ്‌കൂളിൽ നിന്നും കൊടുങ്ങൂരിലെ ജിമ്മിലെത്തി വ്യായാമത്തിന് ശേഷം സുഹൃത്തുക്കളുമൊത്ത് സമീപത്തെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ലിറാൻ. നീന്തുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ വിവരമറിയിച്ചതോടെ പാമ്പാടി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും കോട്ടയത്തു നിന്നും സ്‌കൂബാ ടീമുമെത്തി നടത്തിയ തിരച്ചിലിൽ ആറരയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കൽകോളേജ് മോർച്ചറിയിൽ. സഹോദരൻ: ലിറോൻ. സംസ്‌ക്കാരം പിന്നീട്.

എരുമേലി സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കുന്നു.

എരുമേലി : വർഷങ്ങളായി കിടത്തി ചികിത്സ ശബരിമല സീസണിലെ രണ്ടര മാസം മാത്രം ആയിരുന്ന എരുമേലിയിലെ സർക്കാർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയും മുഴുവൻ സമയ പ്രവർത്തനവും ഈ മാസത്തിൽ ആരംഭിക്കുമെന്ന് ഇടതു ജനപ്രതിനിധികൾ. ഈ മാസം 25 നകം ഇതിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി നിർവഹിക്കുമെന്ന് സിപിഎം നേതാവും കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ ടി എസ് കൃഷ്ണകുമാർ, സിപിഎം എരുമേലി ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത്‌ അംഗവുമായ വി ഐ അജി എന്നിവർ പറഞ്ഞു.

എന്നാൽ ഇത് സംബന്ധിച്ചു ഉത്തരവ് ഇനിയും ലഭിച്ചിട്ടില്ലെന്നും ഉത്തരവ് ലഭിക്കുമെന്നാണ് അറിഞ്ഞതെന്നും ആശുപത്രി അധികൃതർ പറയുന്നു. നിലവിൽ ആറ് ഡോക്ടർമാർ കൂടാതെ രണ്ട് ഡോക്ടർമാരെ കൂടി നിയമിച്ചിട്ടുണ്ടെന്നും 18 ലക്ഷം രൂപ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ടിൽ ചെലവിട്ട് അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഇടതു ജനപ്രതിനിധികൾ പറഞ്ഞു.

സാമൂഹിക കുടുംബ ആരോഗ്യ കേന്ദ്രമായ എരുമേലി ആശുപത്രിയിൽ തുടക്ക കാലത്ത് പ്രസവ ചികിത്സ, പോസ്റ്റ്മോർട്ടം, ഓപ്പറേഷൻ സൗകര്യങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്നതാണ്. എന്നാൽ പഴയ കെട്ടിടം പൊളിച്ച് കെട്ടിടങ്ങൾ പുതുക്കി നിർമിച്ചതോടെ ഇവ നിലച്ചു. കിടത്തി ചികിത്സയും ഇല്ലാതായി. ഓ പി പരിശോധന മാത്രമായി മാറിയതോടെ വ്യാപകമായി പ്രതിഷേധ സമരങ്ങൾ നടന്നെങ്കിലും സമരങ്ങൾ പിന്നീട് കെട്ടടങ്ങി. ശബരിമല സീസണിൽ മാത്രം ആണ് മുഴുവൻ സമയ സേവനം ലഭ്യമായിരുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ കിടത്തി ചികിത്സ സർക്കാർ ഒഴിവാക്കിയതാണ് തടസമായത്. ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിയിലെ ഏക സർക്കാർ ആശുപത്രി എന്നത് മുൻനിർത്തി ആണ് ഇപ്പോൾ നടപടികൾ ആയതെന്ന് ജനപ്രതിനിധികൾ പറയുന്നു.

ചിറക്കടവ്: ഗ്രാമദീപം വായനശാലയിൽ അധ്യാപക ദിനാചരണം

ചിറക്കടവ്: ഗ്രാമദീപം വായനശാല അധ്യാപകദിനാചരണഭാഗമായി പ്രദേശത്തെ മുതിര്‍ന്ന അധ്യാപകരെ ആദരിച്ചു. സമ്മേളനം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആര്‍.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.പി.രവീന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റിയന്‍ മുഖ്യപ്രഭാഷണം നടത്തി.

വിരമിച്ച അധ്യാപകരായ എം.എന്‍.കമലാക്ഷിയമ്മ, വി.ജി.നാരായണപിള്ള, പി.ജി.ഗോവിന്ദന്‍ നായര്‍, എ.എസ്.പുഷ്പവല്ലിയമ്മ, എം.എസ്.ലക്ഷ്മിയമ്മ, സി.എസ്.പ്രേംകുമാര്‍, സി.ആര്‍.സുജാത, ജി.രാധ, ഫിലോമിന ലൂക്കോസ് തുടങ്ങിയവരെ പൊന്നാട അണിയിച്ചു. മെന്റലിസം, ഹിപ്‌നോട്ടിസം ഷോയില്‍ വേള്‍ഡ് റെക്കോഡ് നേടിയ സജീവ് പള്ളത്തിനെ അനുമോദിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സതി സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പഞ്ചായത്തംഗങ്ങളായ അമ്പിളി ശിവദാസ്, ലീന കൃഷ്ണകുമാര്‍, ലൈബ്രറി സെക്രട്ടറി പി.എന്‍.സോജന്‍, ജോയിന്റ് സെക്രട്ടറി ടി.പി.ശ്രീലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സജീവ് പള്ളത്തിന്റെ മെന്റലിസം ഷോയും ദിവ്യ രാജേഷ്, പി.സി.രാജ്‌മോഹന്‍, എം.ബി.മോഹനന്‍, ടി.പി.ശ്രീലാല്‍ എന്നിവരുടെ ഗാനാലാപനവും നടന്നു.

പൊൻകുന്നതും, ചോറ്റിയിലും, കപ്പാടും വാഹന അപകടങ്ങൾ .. കനത്ത മഴയിൽ അപകടങ്ങൾ തുടർകഥ..

കാഞ്ഞിരപ്പള്ളി : വിട്ടുവിട്ട് കനത്ത മഴ പെയ്യുന്നതോടെ അപകടങ്ങളും കൂടുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് വാഹന അപകടങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ദേശീയപാതയിൽ പൊൻകുന്നത്തും ചോറ്റിയിലും കാഞ്ഞിരപ്പള്ളി– ഈരാറ്റുപേട്ട റോഡിൽ കപ്പാടുമാണു അപകടം ഉണ്ടായത്. പൊൻകുന്നം പഴയ ചന്തയ്ക്കു സമീപമുണ്ടായ അപകടത്തിൽ കാൽനടയാത്രികരായ അമ്മയ്ക്കും മകൾക്കും ഗുരുതരമായി പരുക്കേറ്റു.

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വഴിയാത്രക്കാരായ പൊൻകുന്നം തോണിപ്പാറ പുളിയനാംകുന്നേൽ അമ്പിളി (42), മകൾ എട്ടാം ക്ലാസ് വിദ്യാർഥിനി നിള (13) എന്നിവർക്കാണു പരുക്കേറ്റത്. ഗുരുതര പരുക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിളയെ ജനറൽ ആശുപത്രിയിലും പ്രവേശിച്ചു.

രാവിലെ 7.30നായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നു വന്ന കാർ മറ്റൊരു കാറിൽ ഇടിച്ച ശേഷം നടന്നു പോകുകയായിരുന്ന ഇവരെ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാർ റോഡിൽ മറിഞ്ഞു.

പുലർച്ചെ 3നു കാഞ്ഞിരപ്പള്ളി– ഈരാറ്റുപേട്ട റോഡിൽ കപ്പാടിനു സമീപം നിയന്ത്രണം വിട്ട മിനി പിക്കപ് വൈദ്യുത പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുത പോസ്റ്റ് ഒടിഞ്ഞു പിക്കപ് വാനിനു മുകളിലേക്കു വീണു.

രാവിലെ 6.30നു ദേശീയപാതയിൽ ചോറ്റി ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു കെഎസ്ആർടിസി ബസ് ഇടിച്ചു കയറി.
ദേശീയപാതയിൽ വട്ടം തിരിച്ച ജീപ്പിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചു മാറ്റിയപ്പോഴാണു നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയത്. ഈ സമയം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാരില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
ചങ്ങനാശേരിയിൽ നിന്നു കട്ടപ്പനയിലേക്കു പോയ ബസാണ് അപകടത്തിൽപെട്ടത്.

പൊൻകുന്നം സെയ്തിന് പി.എൻ.പണിക്കർ പുരസ്കാരം

പൊൻകുന്നം ∙ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2023-24ലെ പി.എൻ.പണിക്കർ പുരസ്കാരം പൊൻകുന്നം സെയ്തിന്.റിട്ട. അധ്യാപകനായ സെയ്ത് സംസ്ഥാന ലൈബ്രറി കൗൺസിലംഗമാണ്.

സാംസ്കാരിക പ്രവർത്തകനും നാടകകാരനുമായ പൊൻകുന്നം സെയ്ത് നേരത്തേ കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയിട്ടുണ്ട്.

അമച്വർ, പ്രഫഷനൽ നാടകങ്ങൾ രചിച്ചു. ചങ്ങനാശേരി സൃഷ്ടി എന്ന പ്രഫഷനൽ നാടകസമിതി നടത്തിയിരുന്നു. സംഗീതനാടക അക്കാദമി നിർവാഹക സമിതിയംഗമായും ജനറൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചു.

കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

പൊൻകുന്നം മനോ കോട്ടേജിലാണു താമസം. ഭാര്യ: സുഹ്റ ബീവി. മക്കൾ: എസ്.മജ്നു, എസ്.മഞ്ജു, പരേതനായ എസ്.മനോജ്.

അഖിലകേരള വിശ്വകർമ മഹാസഭ ഋഷിപഞ്ചമി ആഘോഷം നാളെ

കാഞ്ഞിരപ്പള്ളി ∙ അഖിലകേരള വിശ്വകർമ മഹാസഭയുടെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ, വൈക്കം, കോട്ടയം, ചങ്ങനാശേരി യൂണിയനുകൾ ചേർന്നു നാളെ പൊൻകുന്നത്തു ഋഷിപഞ്ചമി ആഘോഷം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. ഗവ. ചീഫ് വിപ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻദാസ് രാവിലെ 7നു കാഞ്ഞിരപ്പള്ളി 347 നമ്പർ ശാഖാ മന്ദിരത്തിൽ പതാക ഉയർത്തും.

തുടർന്നു വിശ്വകർമപൂജ നടത്തും. ഉച്ചകഴിഞ്ഞ് പൊൻകുന്നം പഞ്ചായത്ത് ടൗൺ ഹാളിൽ പൊതുസമ്മേളനം സംസ്ഥാനസഭ കൗൺസിലർ പി.വി. രാജേഷ് പടിയപ്പള്ളിലിന്റെ അധ്യക്ഷതയിൽ ഗവ. ചീഫ് വിപ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഘോഷയാത്ര ഉൾപ്പെടെയുള്ള ആഘോഷപരിപാടികൾ ഒഴിവാക്കിയതായി ഭാരവാഹികളായ കെ.എൻ.മോഹൻദാസ്, പി.വി.രാജേഷ് പടിയപ്പള്ളിൽ, ടി.സി.രവീന്ദ്രൻ, പി.ജി.തങ്കപ്പൻ എന്നിവർ അറിയിച്ചു.

മരിയൻ പദയാത്ര ഇന്ന്

കാഞ്ഞിരപ്പള്ളി ∙ രൂപതാ എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി ഇന്നു രണ്ടിനു പൊൻകുന്നം ഹോളി ഫാമിലി ഫൊറോന പള്ളിയിൽ നിന്നു കാഞ്ഞിരപ്പള്ളി പഴയ പള്ളിയിലേക്കു മരിയൻ പദയാത്ര നടത്തും. ഫാ. ജോണി ചെരിപുറം പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് 4.30നു മാർ ജോസ് പുളിക്കൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും. രൂപത എസ്എംവൈഎം ഡയറക്ടർ ഫാ. തോമസ് നരിപ്പാറയിൽ, അനിമേറ്റർ സിസ്റ്റർ മേബിൾ, പ്രസിഡന്റ് അലൻ എസ്. വെള്ളൂർ തുടങ്ങിയവർ നേതൃത്വം നൽകും.

യാത്രക്കാരി കുഴഞ്ഞുവീണു; രക്ഷകരായി സഹയാത്രക്കാരിയും ബസ് ജീവനക്കാരും

എരുമേലി ∙ ബസിൽ യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് അവശനിലയിലായ യാത്രക്കാരിക്കു ബസിലുണ്ടായിരുന്ന നഴ്സിങ് വിദ്യാർഥിനിയുടെയും ബസ് ജീവനക്കാരുടെയും അവസരോചിതമായ ഇടപെടലിനെത്തുടർന്നു പുതുജീവൻ.

അട്ടത്തോട് സ്വദേശി മരുതുമൂട് ബിന്ദു(38) ആണു മണർകാട് പള്ളിയിൽ നിന്നു കോട്ടയം– എരുമേലി– എയ്ഞ്ചൽവാലി റൂട്ടിലോടുന്ന ലക്ഷ്മി ബസിൽ വരുമ്പോൾ എരുമേലിക്കടുത്ത് ഷെർ മൗണ്ട് സ്കൂളിനു സമീപം കുഴഞ്ഞുവീണത്.

ഇതേ ബസിലെ യാത്രക്കാരിയും ഇടകടത്തി അറുവച്ചാംകുഴി തെറ്റേടത്ത് ലിജോ ജോസഫിന്റെ മകളും ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയുമായ ലിൻസ സൈറ ലിജോ ഉടൻ തന്നെ ബിന്ദുവിനെ പരിശോധിച്ചു. പൾസ് താഴ്ന്ന് ജീവൻ അപകടത്തിലാകുന്ന സ്ഥിതിയാണെന്നു ബോധ്യപ്പെട്ടു. ഇതോടെ ബിന്ദുവിനെ ബസിന്റെ സീറ്റിൽ കിടത്തി ലിൻസ സിപിആർ നൽകി. ഒപ്പം വേഗം ആശുപത്രിയിൽ എത്തിക്കാൻ ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ബസ് എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കു പാഞ്ഞു. ബസ് യാത്രയ്ക്കിടെയും ലിൻസ സിപിആർ നൽകി. ആശുപത്രിയിലേക്കുള്ള റോഡിലൂടെ ബസ് കടന്നുപോകാൻ ബുദ്ധിമുട്ട് ആയതിനാൽ ആശുപത്രിക്ക് 100 മീറ്റർ സമീപം വരെയാണു ബസിന് എത്താൻ കഴിഞ്ഞത്. ഇവിടെ നിന്നു ബിന്ദുവിനെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. പരിശോധനയിൽ രാവിലെ പതിവായി കഴിക്കുന്ന ഗുളിക ഇന്നലെ കഴിച്ചില്ലെന്നു ബോധ്യപ്പെട്ടു. ഇതാണ് ആരോഗ്യപ്രശ്നത്തിനു കാരണമായത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ വീട്ടിലേക്കു വിട്ടു. ഓണ അവധിക്കു നാട്ടിൽ എത്തിയതായിരുന്നു ലിൻസ.

വഖഫ് നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും വിശ്വാസപ്രമാണങ്ങളിലുള്ള കടന്നുകയറ്റമാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.

ഈരാറ്റുപേട്ട ∙ കേന്ദ്രസർക്കാരിന്റെ വഖഫ് നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും വിശ്വാസപ്രമാണങ്ങളിലുള്ള കടന്നുകയറ്റമാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.

സംയുക്ത പാർലമെന്ററി സമിതിക്ക് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ നിവേദനം നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈരാറ്റുപേട്ട നൈനാർ പള്ളി മഹല്ലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസാചാരങ്ങളെ മാനിക്കുന്ന ഭരണഘടനാവകാശത്തെ ഹനിക്കാൻ ശ്രമിച്ചാൽ ജനാധിപത്യ മതനിരപേക്ഷ സമൂഹം അതിനെതിരെ യോജിച്ചുപോരാടുമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് മുഹമ്മദ് സക്കീർ, ഇമാം അഷറഫ് മൗലവി അൽകൗസരി, സെക്രട്ടറി അബ്ദുൽ വഹാബ്, ഫൈസൽ വെട്ടിയാംപ്ലാക്കൽ, കെ.ഐ.നൗഷാദ്, പി.ടി.ബഷീർ എന്നിവർ പ്രസംഗിച്ചു.

ഇറക്കുമതി റബർ എത്തി ; ആഭ്യന്തര മാർക്കറ്റിൽ റബർ വില പിന്നോട്ട്

കാഞ്ഞിരപ്പള്ളി : 250 രൂപ കടക്കുമെന്നു പ്രതീക്ഷിച്ചിരുന്ന റബർ വില ഇടിയുന്നു. ആഭ്യന്തര മാർക്കറ്റിൽ കഴിഞ്ഞ മാസം 9ന് 247 രൂപയിൽ എത്തിയ ആർഎസ്എസ് 4 വില, കുറഞ്ഞ് 230ൽ എത്തി. കഴിഞ്ഞ 2 ദിവസമായി കോട്ടയം, കൊച്ചി മാർക്കറ്റ് വില 230 രൂപയിൽ തുടരുകയാണ്. ഇതേ വിലയ്ക്കാണ് വ്യാപാരികൾ ഷീറ്റ് എടുക്കുന്നതെന്നും ഫാക്ടറികൾ ഇതിനു താഴെയുള്ള വിലയ്ക്കാണു ഷീറ്റ് ശേഖരിക്കുന്നതെന്നു ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പറയുന്നു.

‌ഇറക്കുമതി റബർ എത്തിയതോടെയാണ് വില കുറയാൻ തുടങ്ങിയത്. എന്നാൽ ആഭ്യന്തര ഉൽപാദനം ഇതുവരെ പൂർണ തോതിൽ എത്തിയിട്ടില്ല. ആഭ്യന്തര വിപണിയിൽ 4 ലക്ഷം കിലോയുടെ ഉൽപാദനക്കുറവുള്ളതിനാൽ വില 200 രൂപയിൽ താഴെപ്പോകാൻ സാധ്യതയില്ലെന്നും ഫെഡറേഷൻ പറയുന്നു.

ശബരി റെയിൽ: പകുതിച്ചെലവ് ഏറ്റെടുക്കാമെന്ന് കേരളം

എരുമേലി : കിഫ്ബി വായ്പപരിധി കൂട്ടണമെന്ന വ്യവസ്ഥയോടെ ശബരി റെയിൽ പദ്ധതിയുടെ പകുതി ചെലവ് ഏറ്റെടുക്കാൻ കേരളം തയാറാകുമെന്ന് സൂചന. ഇക്കാര്യമറിയിച്ചു വൈകാതെ കേരളം റെയിൽവേക്കു കത്ത് നൽകും എന്നാണ് അറിയുന്നത്.

ഗണേശോത്സവത്തില്‍ ഇന്ന് സമൂഹഗണപതിഹോമം

പൊന്‍കുന്നം: രാജേന്ദ്രമൈതാനത്ത് നടക്കുന്ന 17-ാമത് പൊന്‍കുന്നം ഗണേശോത്സവത്തില്‍ വിനായകചതുര്‍ഥിദിനമായ ശനിയാഴ്ച സമൂഹ മഹാഗണപതിഹോമം നടത്തും. ഹരി ബാലുശ്ശേരി കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് വിവിധ നാരായണീയസമിതികളുടെ നാരായണീയപാരായണ യജ്ഞം, ആറിന് ബി.ജെ.പി.സംസ്ഥാന ഉപാധ്യക്ഷന്‍ സി.സദാനന്ദന്റെ പ്രഭാഷണം, തുടര്‍ന്ന് കോഴിക്കോട് പ്രശാന്ത് വര്‍മയുടെ മാനസജപലഹരി.

വെള്ളിയാഴ്ച രാവിലെ നഗരസങ്കീര്‍ത്തനത്തിന് ശേഷം ഗണേശാരാധന നടത്തി. വൈകീട്ട് ഗണേശോത്സവ ചിത്രരചനാമത്സര വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. കാ.ഭാ.സുരേന്ദ്രന്‍ പ്രഭാഷണം നടത്തി. ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം നേതൃത്വം നല്‍കിയ സാമ്പ്രദായക് ഭജന്‍ശക്തിയുണ്ടായിരുന്നു. ഞായറാഴ്ചയാണ് സമാപനവും വിഗ്രഹനിമജ്ജനവും.

എരുമേലി പഞ്ചായത്തിൽ 250 പദ്ധതികൾക്ക് അനുമതി.

എരുമേലി : കഴിഞ്ഞ ശബരിമല സീസണിൽ തീർത്ഥാടന ക്രമീകരണത്തിനായി അനുവദിച്ച ഒന്നര കോടിയുടെ സർക്കാർ ഫണ്ട് പ്രതീക്ഷിച്ച് 75 ലക്ഷം രൂപ തനത് ഫണ്ടിൽ നിന്ന് ചെലവഴിച്ചത് ഇത് വരെ സർക്കാർ തന്നില്ലെന്ന് പഞ്ചായത്ത്‌. ഇപ്പോൾ ഡിപിസി അനുമതി 250 പദ്ധതികൾക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ജിജിമോൾ സജി അറിയിച്ചു. അതേസമയം കഴിഞ്ഞ സീസണിൽ സർക്കാർ ഫണ്ട് പ്രതീക്ഷിച്ച് തനത് ഫണ്ടിൽ നിന്ന് ചെലവിട്ട 75 ലക്ഷം ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ലന്ന് പ്രസിഡന്റ് പറഞ്ഞു.

ശബരിമല സീസണിലെ ശുചി മുറികളിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്‌കരിക്കാൻ ആറര കോടിയുടെ പദ്ധതിയ്ക്ക് ഡിപിആർ തയ്യാറാക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മലിന ജല സംസ്കരണത്തിന് 15 ലക്ഷം, ആധുനിക അറവുശാല പൂർത്തിയാക്കാൻ 25 ലക്ഷം, മാലിന്യങ്ങൾ ഇടുന്നത് കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് സിസി ക്യാമറകൾ സ്ഥാപിക്കാൻ പത്ത് ലക്ഷം, മാലിന്യങ്ങൾ എത്തിക്കാൻ വാഹനം വാങ്ങുന്നതിന് എട്ട് ലക്ഷം, സർക്കാർ സ്‌കൂളുകളിൽ ശുചി മുറികൾക്ക് എട്ട് ലക്ഷം, എയ്ഞ്ചൽവാലിയിൽ ടേക്ക് എ ബ്രേക്ക്‌ നിർമാണത്തിന് 15 ലക്ഷം, ലൈഫ് പദ്ധതിയിൽ ശുചി മുറികളുടെ നിർമാണത്തിന് 38 ലക്ഷം, എംസിഎഫ് നിർമാണത്തിന് 17 ലക്ഷം ഉൾപ്പടെ കഴിഞ്ഞ വർഷത്തെ 238 പദ്ധതികൾ അടക്കം ആണ് ഡിപിസി യുടെ അനുമതി.

കാഞ്ഞിരപ്പള്ളി രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്

കാഞ്ഞിരപ്പള്ളി: അധ്യാപകദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തി ൽ ഷർട്ടിൽ ടൂർണമെന്റ് നടത്തപ്പെടുന്നു. ഇന്ന് (ശനി)  രാവിലെ 8 മണിക്ക് കാഞ്ഞിരപ്പള്ളി, വിഴിക്കത്തോട്ടിലുള്ള ചാക്കോസ് ബാഡ്മിന്റൻ ഇൻഡോർ കോർട്ടിൽ മത്സരങ്ങൾ ആരംഭിക്കും. കേരള സ്റ്റേറ്റ് സ്പോർട്സ് മുൻ ഓർഗനൈസർ  ചാക്കോ ജോസഫ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. 

ടൂർണമെന്റ് ജേതാക്കൾക്ക് കോട്ടയം ദർശന അക്കാദമി സ്പോൺസർ ചെയ്യുന്ന 5000 രൂപയും മാനേജേഴ്സ് കപ്പ് ഏവറോളിങ്ങ് ട്രോഫിയും, റണ്ണേഴ്സിന് കട്ടപ്പന എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി സ്പോൺസർ ചെയ്യുന്ന 4000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്നവർക്ക് പൊൻകുന്നം ടീച്ചേഴ്സ് സൊസൈറ്റി സ്പോൺസർ ചെയ്യുന്ന 2000 രൂപയും ട്രോഫിയും, പങ്കെടുക്കന്നവർക്കെല്ലാം സമാശ്വാസ സമ്മാനങ്ങളും ലഭിക്കും . 

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള  സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും  മത്സരത്തിൽ പങ്കെടുക്കും.കോട്ടയം ദർശന അക്കാദമി ഡയറക്ടർ  ഫാ.സോണി എംബ്രായിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ  ഫാ.സിജു കൊച്ചുവീട്ടിൽ, ഗിൽഡ് പ്രസിഡണ്ട്‌ വിൻസെന്റ് ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ  ഫാ.ഡോമിനിക് ആയിലൂപറമ്പിൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

ആർഭാടമില്ലാതെ നബിദിനാഘോഷം

എരുമേലി : മുഹമ്മദ്‌ നബിയുടെ ജന്മദിനാഘോഷങ്ങൾക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. അറബി മാസത്തിലെ റബീഉൽ അവ്വൽ 12 നാണ് നബിദിനം. റബീഉൽ അവ്വൽ ഒന്ന് മുതൽ 12 വരെ നീളുന്ന ആഘോഷ, പ്രാർത്ഥന പരിപാടികൾക്ക് വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുഃഖസൂചകമായാണ് ഇത്തവണ റാലികൾ ഒഴിവാക്കിയത്. പ്രാർത്ഥനകൾ മാത്രമാക്കി ചുരുക്കാനാണ് തീരുമാനം. റബീഉൽ അവ്വൽ ആദ്യദിനമായ ഇന്നലെ മസ്ജിദിൽ പതാക ഉയർത്തി. ഒപ്പം 12 വരെ മഗ്‌രിബ് നമസ്കാര ശേഷം മൗലൂദ് പാരായണം നടത്തും. ഇന്നലെ അസർ നമസ്കാര ശേഷം നടത്തിയ കൊടിയേറ്റ് ജമാഅത്ത് മുത്തവല്ലി ടി എ അബ്ദുൽ ബഷീർ നിർവഹിച്ചു.

20% ഡിവിഡന്റ്

എരുമേലി ∙ സഹകരണ ബാങ്ക് ഓഹരി ഉടമകൾക്ക് 20% ഡിവിഡന്റ് നൽകാൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചു.

പൊതുയോഗം അംഗീകരിക്കുന്ന മുറയ്ക്ക് ഡിവിഡന്റ് വിതരണം ചെയ്യുമെന്നു ബാങ്ക് പ്രസിഡന്റ് ഡൊമിനിക് ജോബ് അറിയിച്ചു. 30നു മൂന്നിനു ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിൽ പൊതുയോഗം ചേരും.

icon

ഇന്നത്തെ പരിപാടി

∙ എലിക്കുളം പഞ്ചായത്ത് 11–ാം വാർഡ് സാംസ്കാരികനിലയം: പഞ്ചായത്തും ഗവ. ആയുർവേദ ഡിസ്‌പെൻസറിയും ചേർന്നു നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും ബോധവൽക്കരണ ക്ലാസും– 9.30.

∙ ചിറക്കടവ് പബ്ലിക് ലൈബ്രറി അങ്കണം: വനിതാവേദി ഓണാഘോഷം – 10.00.

∙ ഇളങ്ങുളം പുല്ലാട്ടുകുന്നേൽ ക്ഷേത്രം: വിനായകചതുർഥി. അഷ്ടദ്രവ്യമഹാഗണപതിഹോമം– 8.30.

∙ പനമറ്റം ഭഗവതി ക്ഷേത്രം: അഷ്ടദ്രവ്യമഹാഗണപതിഹോമം– 6.00.

അസിസ്റ്റന്റ് പ്രഫസർ ഇന്റർവ്യൂ

കോട്ടയം ∙ എംജി സർവകലാശാലയിലെ ഗ്രാജ്വേറ്റ് സ്കൂളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ 11 വരെ നടക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

ഓണവിപണി 11 മുതൽ

എരുമേലി ∙ സഹകരണ ബാങ്ക് ഓണവിപണി 11 മുതൽ 13 വരെ ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിൽ നടക്കും.

വൈദ്യുതി മുടങ്ങും
കെ എസ് ഇ ബി മുണ്ടക്കയം സെക്ഷന്റെ പരിധിയിലുള്ള മുണ്ടക്കയം പാർത്ഥസാരഥി ക്ഷേത്രം ട്രാൻസ്ഫോർമർ പരിധിയിലെ മുണ്ടക്കയം ടൗണിൽ ഞായറാഴ്ച രാവിലെ എട്ടു മുതൽ 11 വരെയും മുപ്പത്തിയൊന്നാം മൈൽ ട്രാൻസ്ഫോർമറിനു കീഴിലുള്ള പ്രദേശങ്ങളിൽ 10 മുതൽ രണ്ടു വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

icon

കടമപ്പുഴ കെ.സി. രാജന്‍ (77)

പൊടിമറ്റം: കടമപ്പുഴ കെ.സി. രാജന്‍ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് (07-09-2024, ശനി) 2.30ന് കടമപ്പുഴ പാപ്പാളി ചാക്കോച്ചന്റെ ഭവനത്തില്‍ ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ . ഭാര്യ പരേതയായ ആലീസ് അരുവിത്തുറ വലിയവീട്ടില്‍ കുടുംബാംഗം.
മക്കള്‍: മഞ്ജു ജിജോ, ജേക്കബ് രാജന്‍, അനു രണ്‍ദീപ്. മരുമക്കള്‍: ജിജോ ജോസ് ചൊവ്വല്ലൂര്‍ (പാവറട്ടി), രണ്‍ദീപ് ഡൊമിനിക് കരിപ്പാപറമ്പില്‍ (മുണ്ടക്കയം).

error: Content is protected !!