കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 01/07/2024

കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയിൽ ഉൾപ്പെട്ട, കാഞ്ഞിരപ്പളളി, പാറത്തോട്, ചിറക്കടവ്, എരുമേലി, മണിമല ,എലിക്കുളം, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകളിലെ ഇന്നത്തെ പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം ..

നമ്മുടെ നാടിന്റെ സ്പന്ദനങ്ങൾ നേരിട്ടറിയുവാൻ കാഞ്ഞിരപ്പള്ളി ന്യൂസ് (www.KanjirappallyNEWS.Com) സന്ദർശിക്കുക .. തുടർച്ചയായി പുതിയ വാർത്തകളുടെ അപ്‌ഡേഷൻ നടത്തുന്നതിനാൽ, നമ്മുടെ നാട്ടിലെ ഏറ്റവും പുതിയ ഇന്നത്തെ വാർത്തകൾ ചൂടോടെ അറിയുവാൻ കാഞ്ഞിരപ്പള്ളി ന്യൂസിലെ “ഇന്നത്തെ പത്രം” ലിങ്ക് സന്ദർശനം പതിവാക്കുക :

ചാമപഴങ്കഞ്ഞിയും തിനദോശയും : ചെറുധാന്യങ്ങളുടെ സമൃദ്ധിയിൽ ഭക്ഷ്യ പ്രദർശനം

മണിമല: ചെറുധാന്യങ്ങളുടെ സമൃദ്ധയിൽ നിറഞ്ഞ ഭക്ഷ്യവിഭവങ്ങൾ ശ്രദ്ധനേടി. ജീവിതശൈലിരോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രധാനവഴിയായി ചാമപഴങ്കഞ്ഞിയും, തിനദേശയും, വരക് ഉപ്പുമാവുമൊക്കെ നിരന്നപ്പോൾ ഇളം തലമുറയ്ക്കും മുതിർന്നവർക്കും ഒരേപോലെ ആശ്ചര്യം.

വെള്ളാവൂർ പഞ്ചായത്തിന്റെയും കാഞ്ഞിരപ്പിള്ളി സ്വരുമ ചാരിറ്റബിൾ സൈാസൈറ്റിയുടെയും നേതൃത്വത്തിൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന കരുതൽ 2024 പദ്ധതിയുടെ ഭാഗമായാണ് ഹെൽത്തി ഫുഡ് എക്സ്പോ, മണിമല കാർഡിനൽ പടിയറ സ്കൂളിൽ നടത്തിയത്.
ഭക്ഷ്യവിഭവങ്ങൾ രുചിച്ചറിഞ്ഞ് ഇനി മുതൽ ചെറുധാന്യങ്ങളെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുമെന്ന തീരുമാനവുമായിയാണ് പലരും മടങ്ങിയത്.
ഫുഡ് എക്‌സ്‌പോയിൽ എത്തിയ എല്ലാവർക്കും ചെറുധാന്യങ്ങൾ ളുൾപ്പെടുത്തിയ ഉച്ചഭക്ഷണവും നൽകി. റാഗി, തിന എന്നിവകൊണ്ടുണ്ടാക്കിയ ദോശയും അപ്പവുമൊക്കെ വിശിഷ്ടവിഭവങ്ങളായി എല്ലാവരും ആസ്വദിച്ചു. ചെറുധാന്യങ്ങളുടേയും ധാന്യവിഭവങ്ങളുടേയും പ്രദർശനവും വില്പനയും ക്രമീകരിച്ചിരുന്നു. ആരോഗ്യ ജീവിതത്തിനുതകുന്ന നാടൻ ഭക്ഷ്യവിഭവങ്ങളും മേളയിലൊരുക്കിയിരുന്നു.

പ്രമേഹം, കൊളസ്ട്രോൾ, ആസ്മ, ഹൃദ്രോഗങ്ങൾ, കിഡ്നി രോഗങ്ങൾ, രക്തസമ്മർദ്ദം, അമിത വണ്ണം, തൈറോയ്ഡ് ഗ്രന്ഥിയിലെ തകരാർ, ക്യാൻസർ എന്നിവ വർധിക്കുന്ന സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട ഭക്ഷണരീതിയെ ബോധ്യപ്പെടുത്താൻ സംഘാടകർക്ക് കഴിഞ്ഞു.
കേരള മുൻ ഡിജിപി ഋഷിരാജ് സിംഗ് ഫുഡ് എക്സ്പോ ഉദ്ഘാടനം ചെയ്തു. വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഡയബറ്റോളജിസ്റ്റ് ഡോ. ടി.എം ഗേപിനാഥപിള്ള ക്ലാസിന് നേതൃത്വം നൽകി.

സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് കാൾട്ടെക്സ്, എക്‌സിക്യൂട്ടീവ് സെക്രട്ടറി സക്കറിയാ ഞാവള്ളിൽ, വെള്ളാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ മോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ടി.കെ ഷിനിമോൾ, കെ.കെ ആനന്ദവല്ലി, റോസമ്മ കോയിപ്പുറം, പഞ്ചായത്തംഗങ്ങളായ ടി.ടി അനൂപ്, സന്ധ്യ റെജി, ടി.എ സിന്ധുമോൾ, ബെൻസി ബൈജു, ബിനോദ് ജി. പിള്ള, പി. രാധാകൃഷ്ണൻ, ആതിര വേണുഗോപാൽ, ആർ. ജയകുമാർ, മെഡിക്കൽ ഓഫീസർ ഡോ. ബി. അരുൺകൃഷ്ണ, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് വി.കെ മാലിനി എന്നിവർ പ്രസംഗിച്ചു.

പൂഞ്ഞാർ മണ്ഡലത്തിൽ പ്രതിഭാ എക്സലൻസ് പുരസ്കാരം വിതരണം ചെയ്തു : മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി ∙ വിദ്യാർഥികൾ നാടിന്റെ അഭിമാനമാണെന്നും അവർ മികച്ച രാഷ്ട്രത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടികളുടെ നല്ല ഭാവിയെ മുന്നിൽ കണ്ട് നടത്തുന്ന പ്രോത്സാഹന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ സ്റ്റാഴ്സ് എജ്യൂക്കേഷൻ പ്രോജക്ട്, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർഥികൾക്കും ഏർപ്പെടുത്തിയിരിക്കുന്ന പ്രതിഭാ പുരസ്കാരവും 100% വിജയം നേടിയ സ്കൂളുകൾക്കുള്ള എക്സലൻസ് അവാർഡ് വിതരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിന്റെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി ആഗസ്തി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ഫ്യൂച്ചർ സ്റ്റാഴ്സ് ഡയറക്ടർ ഡോ. ആൻസി ജോസഫ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ശശികുമാർ, രേഖ ദാസ്, ബിജോയ് മുണ്ടുപാലം, ശ്രീജ ഷൈൻ, ജിജി മോൾ സജി, ബിജി ജോർജ് കല്ലങ്ങാട്ട്, ഗീത നോബിൾ , ജോർജ് മാത്യു, എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രഥമാധ്യാപകർ, സ്കൂൾ പിടിഎ ഭാരവാഹികൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

എൻ.എസ്.എസ്.പൊൻകുന്നം യൂണിയനിൽ പ്രതിഭാസംഗമം

പൊൻകുന്നം: എൻ.എസ്.എസ്.പൊൻകുന്നം യൂണിയനിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് പ്രതിഭാസംഗമം നടത്തി. യൂണിയൻപ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു, ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് പുരസ്‌കാരം നൽകി. സർവകലാശാല പരീക്ഷകളിലെ പ്രതിഭകൾക്ക് ഡോ.എസ്.സുജാത രചിച്ച ശ്രീമന്നത്തുപദ്മനാഭൻ ലിവിങ് ബിയോണ്ട് ദി ഏജസ് എന്ന പുസ്തകവും സമ്മാനിച്ചു.

മാർത്തോമ്മാ സേവികാ സംഘം സെന്റർ ഉദ്ഘാടനം

എരുമേലി ∙ മാർത്തോമ്മാ സേവികാ സംഘം സെന്റർ പ്രവർത്തന ഉദ്ഘാടനം ബിഷപ് സെക്രട്ടറി റവ. അരുൺ തോമസ് നിർവഹിച്ചു. സെന്റർ പ്രസി‍ഡന്റ് റവ. തോമസ് കോശി പനച്ചമൂട്ടിൽ അധ്യക്ഷത വഹിച്ചു. സാധു സഹായ നിധി സമാഹരണ കൂപ്പൺ വിതരണ ഉദ്ഘാടനം റവ എം.എം. മത്തായിയും പ്രവർത്തന രേഖയുടെ പ്രകാശനം റവ. കുര്യൻ ജോസും നിർവഹിച്ചു. റവ. ബെനിൻ സാം തോമസ്, റവ. ജീവൻ മാത്യു സാജൻ, സുനി ബാബു, പ്രേസൻ നൈനാൻ, സിനി കെ. ഫിലിപ്പ്, റോസിലി, ലാലു തോമസ്, അന്നമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. മന്ദമരുതി മുതൽ തുലാപ്പള്ളി വരെയുള്ള ഇടവകകളിൽ നിന്നു 250 പേർ പങ്കെടുത്തു.

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

മുക്കൂട്ടുതറ  : യൂത്ത് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മറ്റിയും മുക്കൂട്ടുതറ അസീസി  ആശുപത്രിയും സംയുക്തമായി ചേർന്ന് ആശുപത്രിയിൽ  വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടിൻസ് കല്ലുപുരക്കൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോർജ് പയസ്  ഉദ്ഘാടനം ചെയ്തു.

ആശുപത്രി മാനേജിങ് ഡയറക്ടർ ഫാ. ആഗ്നൽ ഡൊമിനിക് മുഖ്യ പ്രഭാഷണം നടത്തി. ഫാ.ജിൻസൺ,  ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ബിനു മറ്റക്കര, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജിമോൾ സജി,  ടി വി ജോസഫ്, അഡ്വ. റെമിൻ രാജൻ, ബിനോയി ഇലവുങ്കൽ, സുബി സണ്ണി, മറിയാമ്മ മാത്തുക്കുട്ടി, ജിൻസി പുറ്റുമണ്ണിൽ, പ്രകാശ് പള്ളിക്കൂടം, ജോൻസി പി ജോസഫ്, പ്രിൻസ് അമ്പാട്ടുപറമ്പിൽ, ജോൺ തോപ്പിൽ, ഷിബു നെടുംപുറം, നെജിമോൻ പ്ലാമൂട്ടിൽ, അർഷദ് നെജീബ്, സുഹൈൽ പേഴുംകാട്ടിൽ, അഖിൽ നെടുമ്പുറം, തോമാച്ചൻ കുട്ടിയാനി, ടോണി, ടോംസി, സക്കീർ ഖാൻ. തുടങ്ങിയവർ നേതൃത്വം നൽകി.

അനുമോദിച്ചു

കൂട്ടിക്കൽ:   :ബി.എസ് സി നഴ്സിംഗ് കേരളാ ലെവൽ ഒന്നാം റാങ്ക് ജേതാവ് ഡെന്നാ ഇമ്മാനുവൽ കൈപ്പൻപ്ലക്കലിനെ അനുമോദിച്ചു. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ഏന്തയാർ ടൗൺ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ സെന്നയുടെ ഭവനത്തിൽ എത്തിയാണ് ആദരിച്ചത്. മണ്ഡലം പ്രസിഡന്റ്‌      ജിജോ കാരയ്ക്കാട്ട്,  ജോയി കാരിക്കുന്നേൽ  മായാ ജയേഷ്, അബ്ദു ആലസംപാട്ടിൽ, ആയിഷാ ഉസ്മാൻ, കെ.ആർ രാജി, നാസ്സർ കൊടലിക്കാട്ടിൽ, ശിവകുമാർ, സിസ്റ്റിലി, മേരിക്കുട്ടി, ലിന, ലതാ എന്നിവർ പങ്കെടുത്തു

കോരുത്തോട്  പള്ളിയുടെ കതക് കുത്തി തുറന്ന് മോഷണം

മുണ്ടക്കയം :  കോരുത്തോട് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്കാ പള്ളിയിൽ മോഷണം നടന്നു. പള്ളിയുടെ കതക് കുത്തിതുറന്നു അകത്ത് കയറിയ മോഷ്ടാവ് പള്ളിയിലെ നിലവിളക്കിന്റെ ഒരു ഭാഗം എടുത്തുകൊണ്ട് പോവുകയും പള്ളിക്ക് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു ഇടവക വികാരിയുടെ പരാതിയിൽ മുണ്ടക്കയം പോലീസ് മേൽനടപടികൾ സ്വീകരിച്ചു പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു

അകാലത്തിൽ പൊലിഞ്ഞ യുവ മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പ് എട്ടാം ചരമ വാർഷികം

മുണ്ടക്കയം : :അകാലത്തിൽ വിട്ടു പിരിഞ്ഞ യുവ മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ എട്ടാം ചരമവാർഷികത്തിൽ വണ്ടൻപതാൽ കബ്ബിന്റെ
നേതൃതത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു: ക്ലബ്ബ് പ്രസിഡന്റ്‌ സുധാകരൻ അധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർ ഫൈസൽ മോൻ ജോൺസൺ അരിമറ്റം വയലിൽ, തോമസ് കോശി, സാലിഹ് അമ്പഴത്തിനാൽ , ക്ലബ്ബ് സെക്രട്ടറി : ഷാജി തെക്കേവയലിൽ , ജോമോൻ പാറയിൽ , തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു

നിയന്ത്രണം വിട്ട പിക്കപ്പ് ലോറി വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു.

മുണ്ടക്കയം : : മുണ്ടക്കയം ബൈപാസ് ചാച്ചികവലയിൽ നിയന്ത്രണം വിട്ട ലോറി വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. വെള്ളനാടി എസ്റ്റേറ്റിൽ പൈനാപ്പിൽ പണികൾക്കായി ഓടുന്ന കമ്പനിയുടെ പിക്ക് അപ്പ്‌ ലോറിയാണ് മറിഞ്ഞത്.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. വെള്ളനാടി എസ്റ്റേറ്റ് ഭാഗത്തു നിന്നും എത്തിയ പിക്ക് അപ്പ്‌ വളവ് തിരിഞ്ഞു തെന്നിമാറിയതാവും നിയത്രണം തെറ്റി മറിയാൻ കാരണം എന്നാണ് നിഗമനം, അപകടത്തിൽ പരുക്കേറ്റ ഡ്രൈവവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രവർത്തന ഉദ്ഘാടനം ഇന്ന്

എരുമേലി : എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ ചേനപ്പാടി ശാഖയുടെ നവീകരിച്ച കെട്ടിടത്തിന്റെ പ്രവർത്തന ഉദ്ഘാടനം രാവിലെ പത്തിന്. ബാങ്ക് പ്രസിഡന്റ് സഖറിയ ഡോമിനിക് ചെമ്പകത്തുങ്കൽ ഉദ്ഘാടനം നിർവഹിക്കും.

എരുമേലിയിൽ കുടുംബശ്രീ സൗജന്യ തൊഴിൽ പരിശീലനം.


എരുമേലി : കേന്ദ്ര ഗ്രാമ വികസന വകുപ്പ്, കേരള സർക്കാർ തദ്ദേശ സ്വയം ഭരണ വകുപ്പ് -കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിലേക്ക് എരുമേലി പഞ്ചായത്തിൽ  അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം നിലവിൽ ഒഴിവുള്ള ന്യൂനപക്ഷ വിഭാഗം (ക്രിസ്‌ത്യൻ, മുസ്ലിം), എസ് സി/എസ് റ്റി വിഭാഗം സീറ്റിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ 18-30 ഇടയിൽ പ്രായമുള്ള കുടുംബശ്രീ കുടുംബ അംഗങ്ങളോ, ബി.പി.എൽ, എ .എ .വൈ കാർഡ് ഉള്ള കുടുംബാംഗമോ ആയിരിക്കേണ്ടതാണ്. പഞ്ചായത്ത് പരിധിയിൽ താമസമുള്ളവർ ആയിരിക്കണം. കോഴ്‌സുകളും പദ്ധതി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡും മണ്ണാറക്കയം ജനതാ ക്ലബ്ബും തിരുവല്ല ഐ മൈക്രോ സർജറി കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ജനതാ ക്ലബ് പ്രസിഡന്റ് ജോർജ് കോര അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കകുഴി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡംഗം മഞ്ജു മാത്യു, ജനതാ ക്ലബ് സെക്രട്ടറി ജോയി മുണ്ടാമ്പള്ളി എന്നിവർ പ്രസംഗിച്ചു.

എം.ജി.യൂണിവേഴ്സിറ്റി ബി.എ.ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ ഉന്നതവിജയം നേടിയ വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ്.കോളേജിലെ അനഘ എസ്.നായർ പള്ളത്തിന് മുൻ മന്ത്രി പ്രൊഫ.കെ.നാരായണക്കുറുപ്പിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സ്റ്റഡി സെന്ററിന്റെ പുരസ്കാരം മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. പ്രൊഫ.നാരായണക്കുറുപ്പിന്റെ മകനും ഗവ.ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് സമീപം

മണിമല ബസ് സ്റ്റാൻ്റിൽ അപകടക്കെണിയായി കുഴി 

മണിമല:  മണിമല ബസ്സ്റ്റാൻഡിലേയ്ക്ക് ബസ് കയറുന്ന ഭാഗത്തുള്ള വലിയ കുഴി യാത്രക്കാരുടെ നടുവൊടിക്കുന്ന സ്ഥിതിയായി . കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ വെളിയിൽ നിൽക്കുന്ന സ്ഥിതിയിലാണ് . വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടാകുന്നുണ്ട് . മഴ പെയ്ത് വെള്ളം നിറഞ്ഞുകിടക്കുമ്പോൾ കുഴിയാണെന്നറിയാതെ പല വാഹനങ്ങളും കുഴിയിൽ അകപ്പെടുകയാണ് .

മണിമല സെന്റ് തോമസ് ഹെൽത്ത് സെന്റർ നാലാം വർഷത്തിലേയ്ക്ക്

മണിമല’: 2021 ജൂലൈ മൂന്നിന്ന് ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ സബ് സെന്റർ ആയി പ്രവർത്തനം ആരംഭിച്ച മണിമല സെന്റ് തോമസ് ഹെൽത്ത്‌ സെന്റർ ആതുര സേവനത്തിന്റ മൂന്നു വർഷങ്ങൾ പൂർത്തിയാക്കുകയാണ്.
മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് മുതൽ ഒരാഴ്ചക്കാലത്തേക്ക് ഒ.പി കൺസൾട്ടേഷൻ സേവങ്ങൾ പൂർണ്ണമായും സൗജന്യമായിരിക്കും .

വിവിധ സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളിലായി പത്തോളം വിദഗ്ദ ഡോക്ടർമാരുടെ സേവങ്ങൾ ലഭ്യമാണ് .
കൂടുതൽ വിവരങ്ങൾക്കും ബുക്കിംങ്ങിനും ഫോൺ 8606910659, 9895966144

 ഒ.പി ചികിൽസ സൗജന്യം 

മണിമല:   മണിമല സെന്റ് തോമസ് ഹെൽത്ത്‌  സെന്ററിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്   ഇന്ന് മുതൽ ഒരാഴ്ചക്കാലത്തേക്ക് ഒ.പി  കൺസൾട്ടേഷൻ  സേവങ്ങൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.  2021 ജൂലൈ 3 ന് ചെത്തിപ്പുഴ  സെന്റ്  തോമസ് ഹോസ്പിറ്റലിന്റെ സബ് സെന്റർ ആയി പ്രവർത്തനം ആരംഭിച്ച മണിമല സെന്റ് തോമസ് ഹെൽത്ത്‌ സെന്റർ ആതുര സേവനത്തിന്റ മൂന്നു വർഷങ്ങൾ പൂർത്തിയാക്കുകയാണ് വിവിധ സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളിലായി പത്തോളം  വിദഗ്ദ ഡോക്ടർമാരുടെ സേവങ്ങൾ ലഭ്യമാണ് .

 കൂടുതൽ വിവരങ്ങൾക്കും ബുക്കിംങ്ങിനും ഫോൺ 8606910659, 9895966144

അനുശോചിച്ചു

കൊല്ലമുള ∙ വിശുദ്ധ മരിയ ഗൊരേത്തി ഇടവക മുൻ വികാരി ഫാ. വർഗീസ് പുത്തൻപുരയുടെ നിര്യാണത്തിൽ കത്തോലിക്കാ കോൺഗ്രസ് ഇടവക യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.

വീട് നിർമിച്ച് നൽകി സിപിഐ മുക്കൂട്ടുതറ കമ്മിറ്റി

എരുമേലി ∙ അകാലത്തിൽ പൊലിഞ്ഞ യുവാവിന്റെ കുടുംബത്തിനു സിപിഐ മുക്കൂട്ടുതറ ലോക്കൽ കമ്മിറ്റിയുടെയും മുട്ടപ്പള്ളി ബ്രാഞ്ച് കമ്മിറ്റിയുടെയും കൂട്ടായ്മയിൽ വീട് നിർമിച്ചു നൽകി. മന്ത്രി കെ. രാജൻ വീടിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ചു. സി.കെ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു,

പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഒപിഎ സലാം, സിപിഐ മണ്ഡലം സെക്രട്ടറി ശുഭേഷ് സുധാകരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. മുരളി, മണ്ഡലം കമ്മിറ്റി അംഗം വി.പി. സുഗതൻ, അബ്ദുൽ ഹാരീസ്, എബിച്ചൻ കാവുങ്കൽ, സി.കെ. സനോജ് കുമാർ, വി.ജെ. ദേവസ്യ, കെ.ജി. സോമൻ, രതീഷ് രാജൻ എന്നിവർ പ്രസംഗിച്ചു.

വനംവകുപ്പ് ഓഫിസ് വളപ്പിലെ കഞ്ചാവ് ചെടി; 3 മാസമായിട്ടും പ്രതിയില്ല

പ്ലാച്ചേരി ∙ വനംവകുപ്പ് ഓഫിസ് വളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ കേസിൽ 3 മാസം പിന്നിട്ടിട്ടും പ്രതി കാണാമറയത്ത്. കഞ്ചാവ് നട്ടുവളർത്തിയതു സംബന്ധിച്ച 2 കേസുകളാണു മണിമല പൊലീസ് റജിസ്റ്റർ ചെയ്തത്. വനം വകുപ്പ് ഓഫിസ് വളപ്പിൽ കഞ്ചാവ് നട്ടുവളർത്തിയ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു പൊലീസ് രേഖകൾ വ്യക്തമാക്കുന്നത്.

പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ച് ഓഫിസിലെ പഴയ ഓഫിസ് കെട്ടിടത്തിന്റെ പരിസരത്തു കഴിഞ്ഞ മാർച്ച് മാസത്തിലാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയതായി വനം വകുപ്പ് കണ്ടെത്തിയത്. പ്ലാച്ചേരി വനം വകുപ്പ് ഓഫിസിന്റെ പരിസരത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമേലി റേഞ്ച് ഓഫിസർ ആയിരുന്ന ബി.ആർ ജയൻ പരിശോധന നടത്തിയിരുന്നു. വനം വകുപ്പ് വിജിലൻസ് വിഭാഗം കൺസർവേറ്റർ നെതുലക്ഷ്മിയുടെ പരിശോധനയിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയത് താൽക്കാലിക വാച്ചർ ആണെന്നും ഈ സംഭവത്തിൽ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് റേഞ്ച് ഓഫിസർ അടക്കമുള്ളവരെ സസ്പെൻഡ് ചെയ്യുകയും മറ്റ് ഉദ്യോഗസ്ഥർക്ക് എതിരെ സ്ഥലം മാറ്റവും വകുപ്പുതല നടപടിയും സ്വീകരിച്ചിരുന്നു. സംഭവത്തെ തുടർന്ന് വനം വകുപ്പ് ഓഫിസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

ഈ സമയം പൊലീസ് സാന്നിധ്യത്തിൽ,നാട്ടുകാരിൽ ഒരാൾ വനം വകുപ്പ് ഓഫിസ് പരിസരത്തുനിന്ന് ഒരു കഞ്ചാവ് ചെടി കണ്ടെത്തി പൊലീസിനു കൈമാറി. ഈ സംഭവത്തിലാണ് പൊലീസ് കേസ് എടുത്തത്.

വർഷങ്ങൾ പഴക്കമേറിയ ആൽമരം അപകടഭീഷണി സൃഷ്ടിക്കുന്നു

പൊൻകുന്നം ∙ ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ ഗോപുരത്തിനു സമീപം നിൽക്കുന്ന വർഷങ്ങൾ പഴക്കമേറിയ ആൽമരത്തിന്റെ ചില്ലകൾ ഉണങ്ങി അപകടഭീഷണിയായി. പൊൻകുന്നം – പുനലൂർ സംസ്ഥാന പാതയുടെ പുറമ്പോക്കിലാണു മരം നിൽക്കുന്നത്. പ്രദേശത്തെ യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന ഭാഗത്തെ ആൽമരം മുറിച്ചു മാറ്റിയില്ലെങ്കിൽ കാറ്റിലും മഴയിലും വലിയ ശിഖരങ്ങൾ ഒടിഞ്ഞു വീഴാൻ സാധ്യതയേറെ. മരം മുറിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഉപദേശകസമിതി പൊതുമരാമത്ത് വകുപ്പിനു പരാതി നൽകിയതായി വൈസ് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ അറിയിച്ചു. മരം മുറിച്ചു മാറ്റാൻ സാമൂഹിക വനവൽക്കരണ വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്നാണു പൊതുമരാമത്ത് വകുപ്പ് അധികൃതർ ക്ഷേത്രോപദേശക സമിതിയെ അറിയിച്ചിരിക്കുന്നത്.

ആൽമരം മുറിക്കാതെ ചികിത്സ നൽകി പുതുജീവൻ നൽകാൻ കഴിയുമോ എന്നു പരിശോധിക്കാൻ വൃക്ഷ വൈദ്യൻ കെ.ബിനു സ്ഥലത്തെത്തിയിരുന്നു. ഉണങ്ങാത്ത ശിഖരങ്ങൾ ഉള്ളതിനാൽ വൃക്ഷം ചുവടെ മുറിച്ചു കളയേണ്ട ആവശ്യമില്ലെന്നാണു ജില്ലാ ട്രീ അതോറിറ്റി അംഗം കൂടിയായ ബിനുവിന്റെ നിർദേശം. ആറടി ഉയരത്തിൽ മുറിച്ചു നിർത്തിയാൽ വൃക്ഷായുർവേദ ചികിത്സയിലൂടെ ആൽമരത്തിന് പുതിയ കിളിർപ്പുശേഷി ഉണ്ടാവുമെന്നും തണലായി വളർന്നു വരുമെന്നും കെ.ബിനു പറയുന്നു

കാഞ്ഞിരപ്പള്ളി ആശുപത്രി കന്റീൻ പ്രവർത്തിക്കാത്തത് ബുദ്ധിമുട്ട്

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിലെ കന്റീൻ തുറന്നു പ്രവർത്തിക്കാൻ നടപടിയായില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു വന്ന കന്റീനിൽ പരിശോധന നടത്തിയ അധികൃതർ കഴിഞ്ഞ 22ന് കന്റീൻ അടച്ചുപൂട്ടാൻ നോട്ടിസ് നൽകുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാൾ വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്നാണ് ആരോഗ്യവകുപ്പും പഞ്ചായത്തും പരിശോധന നടത്തിയത്. ആരോഗ്യ വകുപ്പിന്റെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചു തുറക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും കന്റീൻ തുറന്നില്ല. കന്റീനിന്റെ പ്രവർത്തനം നിലച്ചതോടെ കിടപ്പു രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതത്തിലായി.

ആശുപത്രി വളപ്പിനു പുറത്ത് ദേശീയപാതയുടെ മറുവശം എത്തി വേണം ഭക്ഷണം വാങ്ങാനും കഴിക്കാനും. ഇതു പ്രായമായവർക്കും സ്ത്രീകൾക്കും ബുദ്ധിമുട്ടാണ്. ശുചിത്വം പാലിച്ചു കന്റീൻ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിച്ചു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യം ശക്തമായി.കന്റീനിന്റെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്നു ആശുപത്രി പരിപാലന സമിതി ചെയർമാൻ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അറിയിച്ചു.

ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നു. എത്രയും വേഗം കന്റീൻ തുറന്നു പ്രവർത്തിപ്പിക്കാനാണു ശ്രമിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

വഴിയുടെ ശോചനീയാവസ്ഥ; ലൈഫ് വീടുകളിൽ ആളില്ല

പൊൻകുന്നം : വഴിയുടെ ശോചനീയാവസ്ഥ മൂലം ലൈഫ് ഭവന പദ്ധതിയിൽ പണിത വീടുകളിൽ ആൾത്താമസമില്ല. ചിറക്കടവ് പഞ്ചായത്തിലെ ഒന്നാം വാർഡ് നരിയനാനിയിലെ ലൈഫ് പദ്ധതിയിൽ നിർമിച്ച 2 വീടുകളിലാണു പണി തീർന്നിട്ട് മൂന്നു വർഷം കഴിഞ്ഞിട്ടും താമസക്കാരില്ലാത്തത്.

പദ്ധതി പ്രകാരം 4 വീടുകൾ നിർമിച്ച സ്ഥലത്തേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കാത്തതിനാൽ ഇവിടെയെത്താൻ കഴിയുന്നില്ലെന്നാണു വീട്ടുകാരുടെ പരാതി. മൺപാതയിൽ കുത്തിറക്കമായ ഇവിടേക്കു ഓട്ടോറിക്ഷ പോലും എത്തുകയില്ല. വീട്ടിലേക്കാവശ്യമായ സാധനങ്ങൾ തലച്ചുമടായി എത്തിക്കേണ്ട അവസ്ഥയാണ്

. പ്രായമായർക്കു നടന്നു ഇവിടെ എത്താൻ ബുദ്ധിമുട്ടാണ്. വെള്ളവും വൈദ്യുതിയും എത്തിയിട്ടും റോ‍ഡ് സഞ്ചാരയോഗ്യമാക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നും ഓരോ തവണയും മുടന്തൻ ന്യായങ്ങളാണ് അധികൃതർ പറയുന്നതെന്നു വീട്ടുടമകളിലൊരാളായ വട്ടപ്പാറ രാജൻ ബാബു ആരോപിച്ചു. പഞ്ചായത്തിൽ നിന്നു ലഭിച്ച തുക കൂടാതെ അത്രയും കൂടി പണം മുടക്കിയാണു തങ്ങൾ പണികൾ പൂർത്തിയാക്കിയതെന്നും നടന്നു പോകാൻ പോലും ബുദ്ധിമുട്ടുള്ള വഴിയായതിനാൽ വീട്ടിലെത്താൻ കഴിയുന്നില്ലെന്നും രാജൻ ബാബു പറയുന്നു.

കോൺക്രീറ്റ് ചെയ്യാൻ നാലര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടും ഇതുവരെ കോൺക്രീറ്റ് ചെയ്തിട്ടില്ല. 80 വയസ്സായ തനിക്കും ഭാര്യയ്ക്കും വീട്ടിലെത്താൻ കഴിയുന്നില്ലെന്നു രാജൻ ബാബു പറയുന്നു.

ഇവിടേക്കുള്ള 10 അടി വീതിയിലുള്ള വഴി കോൺക്രീറ്റ് ചെയ്യാനുള്ള എസ്റ്റിമേറ്റ് തയാറാക്കി നടപടികൾ നടന്നു വരുന്നതിനിടെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വന്നതോടെയാണു ടെൻഡറിലേക്കു കടക്കാൻ കഴിയാതെ വന്നത്. വൈകാതെ ടെൻഡർ ക്ഷണിക്കുമെന്നും വാർ‍ഡംഗം കെ.എ.ഏബ്രഹാം അറിയിച്ചു.

3 വീടുകളിൽ 2 വീടുകളുടെ പണികൾ പൂർത്തിയാക്കാത്തതാണ് ആൾത്താമസമില്ലാത്തതിനു കാരണമെന്നും വാർഡംഗം അറിയിച്ചു.

ഇന്നത്തെ പരിപാടി

∙ പൊൻകുന്നം മിനിസിവിൽ സ്റ്റേഷൻ അങ്കണം: പെൻഷൻപരിഷ്‌കരണ നടപടി തുടങ്ങുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ വിശദീകരണയോഗം ഉദ്ഘാടനം പി.എ.ഷെമീർ 10.00

∙ മുക്കൂട്ടുതറ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഹാൾ: വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റിന്റെ നേതൃത്വത്തിൽ മുക്കൂട്ടുതറയിലെ ഡോക്ടർമാരെ ആദരിക്കൽ– 9.00

സ്പോട് അഡ്മിഷൻ ഇന്ന്

കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ എംഎസ്‌സി അപ്ലൈഡ് ജിയോളജി, എംഎസ്‌സി എൻവയൺമെന്റൽ സയൻസസ് പ്രോഗ്രാമുകളിൽ പട്ടികജാതി വിഭാഗത്തിനു സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതാ രേഖകളുമായി ഇന്നു രാവിലെ 11ന് സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ: 0481 2733369, 8921456993

വൈദ്യുതി മുടങ്ങും

പൊൻകുന്നം ∙ ഒന്നാം മൈൽ, നരിയനാനി, തച്ചപ്പുഴ, ഏഴുക്കുന്ന്, അട്ടിക്കൽ, പാട്ടുപാറ പ്രദേശങ്ങളിൽ ഇന്നു രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞു 3 വരെ പൂർണമായും, കൊപ്രാക്കളം ഭാഗത്ത് ഭാഗികമായും വൈദ്യുതി മുടങ്ങും.

ചരമ വാർത്തകൾ

സി.ജെ.ജോസഫ്

ആനിക്കാട് ഈസ്റ്റ്: ചെരിപുറത്ത് (തെക്കോലിക്കൽ) സി.ജെ.ജോസഫ് (ജോളി-69) നിര്യാതനായി. പരേതനായ സി.ഡി.ജോസഫിന്റെ മകനാണ്. ഭാര്യ: ലില്ലിക്കുട്ടി, എലിക്കുളം ഈറ്റത്തോട്ട് കുടുംബാംഗം. മക്കൾ: അജിസ് ജോസഫ് (കുവൈറ്റ്), ജിൻസി ജോസഫ് (യു.കെ.). മരുമക്കൾ: മെർലിൻ ജോസഫ്, കൊച്ചുപുരക്കൽ, കണിച്ചാർ, കണ്ണൂർ(കുവൈറ്റ്), ജെയിംസ് ജോസ്, കൊച്ചുറുമ്പിൽ(യു.കെ.). സംസ്‌കാരം ചൊവ്വാഴ്ച 10.30-ന് ആനിക്കാട് സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ഗ്രേസിക്കുട്ടി ജോസഫ്

കൊല്ലമുള: മേലോട്ട് കൊച്ചിയിൽ ഗ്രേസിക്കുട്ടി ജോസഫ് (72) നിര്യാതയായി. സംസ്കാരം പിന്നീട്. കടമ്മനിട്ട കല്ലംപുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ്

ഏലിക്കുട്ടി വർഗീസ്

ചെമ്മലമറ്റം:വെമ്പിൽ ഏലിക്കുട്ടി വർഗീസ് (96) നിര്യാതയായി . സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ചെമ്മലമറ്റം 12 ശ്ലീഹൻ മാരുടെ പള്ളി സിമിത്തേരിയിൽ

error: Content is protected !!