കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ അടഞ്ഞുതന്നെ ; രോഗികൾ ദുരിതത്തിൽ

കാഞ്ഞിരപ്പള്ളി: ശുചിത്വമില്ലാതെ പ്രവർത്തിച്ചതിനെത്തുടർന്ന് അടച്ചുപൂട്ടിയ ജനറൽ ആശുപത്രിയിലെ കാന്റീൻ ഒരാഴ്ചയായിട്ടും തുറന്ന് പ്രവർത്തനമാരംഭിച്ചില്ല. ഇതോടെ ജീവനക്കാരും രോഗികളും ദുരിതത്തിലായിരിക്കുകയാണ്.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതു കണ്ടെത്തിയതിനെത്തുടർന്നാണ് കാന്റീൻ അടച്ചുപൂട്ടിയത്. കാന്റീനിൽനിന്നു വാങ്ങിയ ബിരിയാണിയിൽ പുഴുവിനു സമാനമായ ജീവിയെ കണ്ടെത്തുകയും തുടർന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ അടച്ചു പൂട്ടുക യുമായിരുന്നു. ജീവനക്കാരിൽ ഒരാൾക്കൊഴികെ ബാക്കി ആർ ക്കും ഹെൽത്ത് കാർഡുണ്ടായിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച മാനദണ്ഡങ്ങൾ സ്വീകരിച്ച് എത്രയുംവേഗം കാന്റീൻ പ്രവർത്തനം തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ, ഒരാഴ്‌ച കഴിഞ്ഞിട്ടും കാന്റീൻ പ്രവർത്തനം തുടങ്ങുന്നതിന് ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ പോലും പൂർത്തിയായിട്ടില്ല.

പുതിയ ആശുപത്രി കെട്ടിടവളപ്പിൽ സ്ഥിതി ചെയ്യുന്ന കാന്റീൻ പ്രവർത്തനം നിലച്ചതോടെ രോഗികളും, കൂട്ടിരിപ്പുകാരും, ജീവനക്കാരും
ഒരുപോലെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. നിലവിൽ പുറത്തുള്ള കടകളാണ് ഇവരുടെ ആശ്രയം.

എൽഡിഎഫ് ഭരിക്കുന്ന വാഴുർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് ആശുപത്രിയുടെ പ്രവർത്തനം. കാന്റീൻ ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിപ്പിക്കുമെന്ന് ആശുപത്രി പരിപാലന സമിതി ചെയർമാനും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മുകേഷ് കെ. മണി അറിയിച്ചു. നിലവിൽ ചില നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നു. എത്രയുംവേഗം കാന്റീൻ തുറന്നു പ്രവർത്തിപ്പിക്കാനാണ് ശ്രമമെന്ന് മു കേഷ് കെ. മണി പറഞ്ഞു.

അതേസമയം, പോസ്റ്റ്മോർട്ടം മുറിക്ക് കീഴെ രണ്ട് മീറ്ററോളം മാത്രം മാറി കാന്റീന്റെ അടുക്കള പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതും ഇതോടൊപ്പം ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

error: Content is protected !!