കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 07/07/2024

കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ (07/07/2024) ഇന്നത്തെ പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം :
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ പ്രധാന വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, ഇന്നത്തെ സിനിമ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ..

മുണ്ടക്കയം കോസ്‌വേ നിർമാണം : ടൗണിൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കി

മുണ്ടക്കയം ∙ കോസ്‌വേയുടെ നിർമാണം നടക്കുന്നതിനാൽ ടൗണിൽ ഉണ്ടാകുന്ന ഗതാഗത പ്രശ്നങ്ങൾ ഒഴിവാക്കാൻ ട്രാഫിക് കമ്മിറ്റി യോഗം ചേർന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, വൈസ് പ്രസിഡന്റ് ഷീല ഡൊമിനിക്, സി.വി.അനിൽ കുമാർ, ഷിജി ഷാജി, സുലോചന സുരേഷ്, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഹുൽ എന്നിവർ പ്രസംഗിച്ചു. മുണ്ടക്കയം, പെരുവന്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, ആർ.ടി.ഒ, പൊതുമരാമത്ത് വകുപ്പ് വിഭാഗം, വ്യാപാരികൾ, ഓട്ടോ ടാക്സി ബസ് സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

തീരുമാനങ്ങൾ

∙ കല്ലേപ്പാലം മുതൽ പൈങ്ങണ വരെ വഴിയരികിൽ പാർക്കിങ് നിരോധിച്ചു.

∙ കോരുത്തോട്ടിൽ നിന്നും വരുന്ന ബസും വലിയ വാഹനങ്ങളും വണ്ടൻപതാൽ 35–ാം മൈൽ വഴി ദേശീയപാതയിൽ പ്രവേശിക്കണം.

∙ എരുമേലി ഭാഗത്തു നിന്നും ഹൈറേഞ്ചിലേക്കു പോകുന്ന ചെറിയ വാഹനങ്ങൾ വരിക്കാനി കവലയിൽ നിന്നും തിരിഞ്ഞ് വണ്ടൻപതാൽ വഴി 35–ാം മൈലിൽ എത്തണം. ഇത് വൺവേയായി മാറ്റും.

∙ ബൈപാസ് റോഡ് പൂർണമായി ഉപയോഗിക്കുന്നതിനു കോസ്‌വേ കവലയിലും പൈങ്ങണയിലും പൊലീസിനെ നിയോഗിക്കും. (രാവിലെ എട്ട് മുതൽ 10 വരെയും. വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെയും പരമാവധി വാഹനങ്ങൾ ബൈപാസ് വഴി കടത്തിവിടും)

∙ ചെറു വാഹനങ്ങൾ ടിബി കവലയിൽ നിന്നും ലത്തീൻ പള്ളി ഗ്രൗണ്ടിലൂടെ ബൈപാസ് റോഡിലേക്ക് പ്രവേശിക്കാൻ അനുമതി വാങ്ങും.

∙ കൂടുതൽ മുന്നറിയിപ്പ് സൂചനാ ബോർഡുകൾ സ്ഥാപിക്കും.

∙ കല്ലേപ്പാലം മുതൽ വരിക്കാനി കവല വരെ റോഡിലെ കയ്യേറ്റവും പാർക്കിങ്ങും ഒഴിവാക്കും.

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക :
https://kanjirappallynews.com/?p=21306

27 വർഷത്തെ തപാൽ സേവനത്തിന് നാടിന്റെ ആദരം

എലിക്കുളം: കോരിച്ചൊരിയുന്ന മഴയും ചുട്ടുപൊള്ളുന്ന വെയിലിലും വകവയ്ക്കാതെ കുന്നുകളും പുരയിടങ്ങളും താണ്ടി എലിക്കുളത്ത് തപാൽ ഉരുപ്പടി വിതരണം ചെയ്ത മുണ്ടക്കയം പുഞ്ചവയൽ സ്വദേശിനി മങ്ങാട്ടുകുന്നേൽ വി.എൻ.വത്സമ്മ തന്റെ ഔദ്യോഗിക ജീവിതത്തോടു വിട പറഞ്ഞു. 27 വർഷമായി എലിക്കുളം പോസ്റ്റ് ഓഫീസിലെ ഇ.ഡി.പോസ്റ്റ് വുമൺ ആയിരുന്നു വത്സമ്മ.

വത്സമ്മയെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു കരുതിയിരുന്നത്. രാവിലെ 9 ന് തുടങ്ങുന്ന ഡ്യൂട്ടി വൈകുന്നേരം 6.30 വരെ നീണ്ട സമയവും വത്സമ്മയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.തന്റെ ജോലി കൃത്യനിഷ്ഠയോടെ ചെയ്ത വത്സമ്മചേച്ചിയെ എലിക്കുളം പോസ്റ്റ് ഓഫീസിനു കീഴിലുള്ള തലമുറകൾക്ക് മറക്കുവാൻ സാധിക്കില്ല. പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സെൽവി വിൽസൺ, ദീപ ശ്രീജേഷ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചാണ് യാത്രയയപ്പു നല്കിയത്. പോസ്റ്റ് മാസ്റ്റർ ആഷ കൃഷ്ണ, ജീവനക്കാരായ സിനി ഉണ്ണികൃഷ്ണൻ ,മഞ്ജു ഡാനിയേൽ , ഗ്ലൈസിജോർജ് തുടങ്ങിയവർ സംസാരിച്ചു. പുഞ്ചവയൽ മങ്ങാട്ടു കുന്നേൽ രാജപ്പൻ നായരുടെ ഭാര്യ യാണ് വത്സമ്മ. വീണ, വിഷ്ണു എന്നിവരാണ് മക്കൾ.

വിദ്യാർഥികൾ സമൂഹത്തിനുതകുന്ന രീതിയിൽ പ്രവർത്തിക്കാൻ ശ്രദ്ധിക്കണം: – ഡോ. ടോണി തോമസ്

കാഞ്ഞിരപ്പള്ളി : ഉന്നത വിദ്യാഭ്യാസത്തിൽ വിദ്യാർഥികൾ അവരുടെ കഴിവുകൾ മനസ്സിലാക്കി, ആ മേഖലയിൽ ഉന്നത വിജയം നേടി സമൂഹത്തിനുതകുന്ന രീതിയിൽ പ്രവർത്തിക്കാൻ ശ്രദ്ധിക്കണമെന്ന് പ്രമുഖ കമ്പനിയായ സിഗ്നിഫൈയുടെ ഗ്ലോബൽ ചീഫ് ഡോ. ടോണി തോമസ് അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് (ഓട്ടോണോമസ്) 2024 ബാച്ച് ബി ടെക്, എം. ടെക്, Ph.D, എം. സി എ വിദ്യാർഥികളുടെ ഗ്രാജുവേഷൻ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

5,6 തീയതികളിലായി നടന്ന ചടങ്ങുകളിൽ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ സെക്രട്ടറി വി. രഘുനാഥൻ ITS ഉം മുഖ്യാതിഥിയായി. AR (Augmented Reality), VR (Virtual Reality), AI (Artificial Intelligence) എന്നിവയെ വിദ്യാഭ്യാസ കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നത് വിദ്യാർത്ഥികളുടെ പഠന അനുഭവം മെച്ചപ്പെടുത്തുകയും, വ്യക്തിഗത പഠനം കൂടുതൽ സ്വായത്തമാക്കുവാനും സാധിക്കുമെന്ന് അദ്ദേഹം. അഭിപ്രായപ്പെട്ടു. 3G മുതൽ 5G വരെയുള്ള കുതിച്ചു ചാട്ടം ടെക്നോളജി, കണക്ഷൻ സൗകര്യങ്ങൾ, വേഗത, വ്യാപ്തി, ആപ്ലിക്കേഷൻ മേഖലകൾ എന്നിവയിൽ വൻമാറ്റം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് മാനേജരും, കാഞ്ഞിരപ്പള്ളി രൂപത വികാർ ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു.

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
https://kanjirappallynews.com/?p=21280

കണമലയിൽ ഹൈമാസ് ലൈറ്റ്

കണമല : രാത്രിയിൽ വെളിച്ചം ഇല്ലാതിരുന്ന കണമല സ്കൂൾ ജങ്ഷനിൽ ഇനി വെട്ടമുണ്ടാകും. കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ടിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് പ്രവർത്തനം തുടങ്ങി. സ്വിച്ച് ഓൺ ചെയ്തു ബ്ലോക്ക്‌ പഞ്ചായത്ത്‌ മുക്കൂട്ടുതറ ഡിവിഷൻ അംഗം മാഗി ജോസഫ് ഉദ്‌ഘാടനം നിർവഹിച്ചു. വാർഡ് അംഗം മറിയാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.

തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തി.

കാഞ്ഞിരപ്പള്ളി : തൊഴിലുറപ്പ് തൊഴിലാളികളുടെ അടിയന്തിരാവശ്യങ്ങൾ അംഗീകരിച്ച് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ പാറത്തോട് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംഘടനയുടെ ജില്ലാ സെക്രട്ടറി ഷമീം അഹമ്മദ് ധർണ്ണ ഉദ്‌ഘാടനം ചെയ്തു. പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ, സിപിഐ എം പാറത്തോട് ലോക്കൽ സെക്രട്ടറി പി കെ ബാലൻ, കെ എ സിയാദ്, സിന്ധു മോഹനൻ, വി എം ഷാജഹാൻ, മാർട്ടിൻ തോമസ്, ടി ആർ രവിചന്ദ്രൻ , സാജൻ വർഗീസ്, ഷേർളി വർഗീസ് എന്നിവർ സംസാരിച്ചു. കെ എസ് ഇ ബി ഓഫീസ് ജംഗ്ഷനിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.

ഹിദായ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിലാസ്ഥാപനവും സൗഹൃദ സംഗമവും

മുണ്ടക്കയം ∙ ഹിദായ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലയോര മേഖലയിൽ ആരംഭിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിലാസ്ഥാപനവും സൗഹൃദ സംഗമവും ഞായറാഴ്ച നടക്കും. 4.30ന് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഹിദായ പ്ലാനിങ് ബോർഡ് ചെയർമാൻ അസീസ് ബഡായിൽ അധ്യക്ഷത വഹിക്കും. സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തും. മറ്റു പദ്ധതികൾ ഡീൻ കുര്യാക്കോസ് എംപി, ആന്റോ ആന്റണി എംപി, വാഴൂർ സോമൻ എംഎൽഎ, കെ.ജെ.തോമസ്, കെ.ടി.ബിനു, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ നിർവഹിക്കും.

രക്ഷാകർതൃ സംഗമം നടത്തി.

എരുമേലി : ദേവസ്വം ബോർഡ് ഹൈസ്കൂളിൽ വിദ്യാർത്ഥി രക്ഷാകർതൃ സംഗമവും മോട്ടിവേഷൻ ക്ലാസും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നാസർ പനച്ചി അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥി കെഎപി അഞ്ചാം ബറ്റാലിയൻ കമാണ്ടന്റ് പി എസ് രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് ഇലവുങ്കൽ, രവീന്ദ്രൻ എരുമേലി, ഹെഡ്മിസ്ട്രസ് മിനി, കണ്ണപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. റീന വർഗീസ് വിദ്യാർത്ഥികളും കുടുംബവും എന്ന വിഷയത്തിൽക്ലാസ് എടുത്തു.

ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.  ലയൺസ് ക്ലബ് ഹാളിൽ  മുൻ ഡിസ്ട്രിക്ട് ഗവർണർ സി.പി ജയകുമാർ മുഖ്യാതിഥി ആയിരുന്നു.  വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തിങ്കൽ എം .എൽ.എ നിർവഹിച്ചു.  മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ ഡോക്ടർ സി.പി ജയകുമാർ ആദരിച്ചു.. ജെറി ജേക്കബ് അധ്യക്ഷത വഹിച്ചു.

ഷാജിമോൻ ജോസ് , പ്രൊഫസർ ജെ,സി കാപ്പൻ ,  ജിയോ ജോയ് ഡോക്ടർ ടി എം ഗോപിനാഥ പിള്ള, മെറീന റോണി ,  ബിനൂ സ്കറിയാ കന്നേൽ,  ബിജു വലിയടത്ത്, ഹരിദാസ് ബി, മാത്യൂസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.കാഞ്ഞിരപ്പള്ളി ലയൺസ്  ക്ലബ്ബിന്റെ  പുതിയ ഭാരവാഹികളായി ഷാജിമോൻ ജോസ് – പ്രസിഡൻ്റ്,  മാത്യൂസ് മാത്യു -സെക്രട്ടറി,  രാജേഷ് ജി – ട്രഷറർ,  രാജു തോമസ് – അഡ്മിനിസ്ട്രേറ്റർ,   ജോഷി തോമസ്, ജെറി ജേക്കബ്ബ്,   ഷാജി ഇടിമണ്ണിക്കൽ,  സെയ്ദ്  അഹമ്മദ്,   സോജൻ ചെലമ്പിൽ,  ഷിജു സലാം, പി. എസ് സുനിൽ, രാജു ജോസഫ്, തുടങ്ങിയവർ ഭാരവാഹികളായി  സ്ഥാനമേറ്റു.

ഭിന്നശേഷിക്കാർക്ക് വീടു നിർമിക്കാൻ ഒരു രൂപ ചാലഞ്ച് ; ഫണ്ട് കണ്ടെത്താൻ ഓൾ ഇന്ത്യ സൈക്കിൾ റൈഡ്

കാഞ്ഞിരപ്പള്ളി ∙ ഭിന്നശേഷിക്കാർക്കായി വീട് നിർമിച്ചു നൽകാൻ ഓൾ ഇന്ത്യ സൈക്കിൾ റൈഡ് നടത്തുന്ന യുവാക്കൾ കാഞ്ഞിരപ്പള്ളിയിലെത്തി. കോഴിക്കോട് സ്വദേശിയായ കെ.ജി. നിജിനും വയനാട് സ്വദേശിയായ ടി.ആർ. റെനീഷുമാണു ഭിന്നശേഷിക്കാർക്ക് വീടു നിർമിക്കാൻ ഒരു രൂപ ചാലഞ്ചുമായി നാടു ചുറ്റുന്നത്. വീടു നിർമാണത്തിനായി ഒരു രൂപ വീതം മാത്രമാണു ഇവർ ആളുകളിൽ നിന്നും സമാഹരിക്കുന്നത്. ഇങ്ങനെ 5 പേർക്ക് നിർമിച്ചു നൽകുകയാണ് ഇവരുടെ ലക്ഷ്യം.

നിജിൻ അധ്യാപകനും റെനീഷ് മൊബൈൽ ഷോപ്പ് ഉടമയുമാണ്. വെളിച്ചത്തിനായി സോളർ ഘടിപ്പിച്ച സൈക്കിൾ കാരവനിലാണു ഇവരുടെ സഞ്ചാരം. ഇവരുടെ താമസവും സൈക്കിൾ കാരവനിൽ തന്നെയാണ്. 83000 രൂപ മുടക്കി 2 സൈക്കിൾ ചേർത്തു വച്ചു നിർമിച്ചതാണ് സൈക്കിൾ കാരവൻ. 2021 ഡിസംബർ 10ന് വയനാട് ജില്ലയിൽ നിന്ന് ആരംഭിച്ച യാത്ര കാസർകോട് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകൾ കടന്ന് ഇപ്പോൾ കോട്ടയത്ത് എത്തി.

ഇതുവരെ 12 ലക്ഷം രൂപ ഇവർ സമാഹരിച്ചു. ജീവിതത്തിൽ ഒരു കൈയൊപ്പ് ചാർത്തുകയാണു ലക്ഷ്യമെന്നും ഇവർ പറയുന്നു. ഇതുവരെ വീട് നിർമാണത്തിനായി 7,70,000 രൂപയുടെ സ്ഥലം വാങ്ങി. സെന്റിനു 30000 രൂപ വീതം വയനാട് അമ്പലവയൽ സ്വദേശി ജോഷിയാണു ഇവർക്ക് സ്ഥലം നൽകിയത്. 5 വീടുകളുടെയും തറ കെട്ടി. നിർമാണം പുരോഗമിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ എത്തുമ്പോൾ വീടുകളുടെ നിർമാണം പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ. വീട് നിർമാണം പൂർത്തിയായ ശേഷം കശ്മീരിലേക്കു യാത്ര തുടരാനാണ് ഇവരുടെ തീരുമാനം.

ജനകീയ മതിൽ തീർത്തും തേങ്ങ എറിഞ്ഞുടച്ചും പ്രതിഷേധം ഇന്ന്

മുണ്ടക്കയം കരിനിലം – കുഴിമാവ് റോഡിലെ ദുരിത യാത്ര യിൽ പ്രതിഷേധിച്ച് ജനകീയ പ്രതിഷേധം ഇന്ന് . തകർന്ന റോഡിൽ തേങ്ങ എറിഞ്ഞുടച്ചു തുടങ്ങുന്ന പ്രതിഷേധത്തിൽ കരിനിലം മുതൽ കൊട്ടാരംകട വരെ റോഡിൽ ജനകീയ മതിൽ തീർത്തുമാണ് ജനകീയ പ്രതിഷേധം. രാവിലെ 11ന് കരിനിലം പോസ്റ്റ‌ാഫിസ് കവലയിൽ പ്രദേശത്തെ മുതിർന്ന അംഗം പുതുപ്പറമ്പിൽ ഹവ്വാക്കുട്ടി ഉദ്ഘാടനം ചെയ്യും.

അഞ്ച് വർഷത്തിലേറെയായി തകർന്ന റോഡിലൂടെയാണ് ജന ങ്ങളുടെ യാത്ര. രണ്ട് വർഷം മുൻപ് റോഡ് നിർമിക്കാൻ പദ്ധതി തയാറാക്കുകയും നിർമാണം തുട ങ്ങിയ ശേഷം കരാറുകാരൻ നിർമാണം ഉപേക്ഷിക്കുകയും ആയിരുന്നു.
ഇതേ തുടർന്ന് നിർമാണം പൂർണമായും മുടങ്ങി. പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഉടൻ നടപടി സ്വീകരിക്കും എന്ന അധികൃതരുടെ വാക്ക് കേട്ട് മടുത്ത ജനങ്ങൾ റോഡ് സംരക്ഷണത്തിനായി ജനകീയ സമിതി രൂപീകരിച്ചു. ആദ്യ ഘട്ടമായി പ്ലാക്കപ്പടി, കൊ ട്ടാരംകട തുടങ്ങിയ സ്‌ഥലങ്ങളിൽ ജനകീയ യോഗം ചേർന്ന ശേഷമാണ് ആദ്യ പ്രതിഷേധ പരിപാടിയിലേക്കു കടക്കുന്നത്.

          പഴയ കരാറുകാരൻ നിർമാണ ജോലികൾ മുടക്കിയതാണ് _പ്രശ്‌നത്തിന് കാരണമായതെന്നും. പുതുക്കിയ എസ്‌റ്റിമേറ്റ് പ്രകാരം പദ്ധതി ഉടൻ നടപ്പാക്കു മെന്ന് സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചിരുന്നു. എന്നാൽ അത് എത്രയും വേഗം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. കരിനിലം പോസ്‌റ്റ് ഓഫിസ് കവലയിൽ നിന്നും തുടങ്ങി കുഴിമാവിൽ എത്തുന്ന റോ ഡ് കോരുത്തോട്- കുഴിമാവ് റോഡിന് സമാന്തര പാതയാണ്. എന്നാൽ റോഡിൻ്റെ എല്ലാ സ്ഥലങ്ങളിലും ടാറിങ് പൂർണമായും തകർന്ന നിലയിലാണ്.

പ്ലാക്കപ്പടി, പശ്ചിമ, കൊട്ടാരം കട തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ കോരുത്തോട്, പുഞ്ചവയൽ റൂട്ടുകൾ വഴിയാണ് സഞ്ചരിക്കുന്നത്. ആദിവാസി വിഭാഗങ്ങൾ ഏറെയുള്ള പശ്ചിമ പ്രദേശത്ത് സ്കൂ‌ൾ കുട്ടികൾ അടക്കം അഞ്ച് കിലോമീറ്ററോളം നടന്നാണ് ബസ് സർവീസുള്ള മറ്റ് റോഡുകളിൽ എത്തുന്നത്. ഇതുവഴി നഷ്ട‌ം സഹിച്ചും ഒരു സ്വകാര്യ ബസ് സർവീസ് നടത്തുന്നുണ്ട്. റോഡിൽ സഞ്ചാരം അസാധ്യമായതോടെ സ്കൂൾ ബസുകൾ ഓട്ടം നിർത്തിയിരുന്നു.

      സംരക്ഷണ സമിതി ചെയർമാൻ സിനിമോൾ തടത്തിൽ, കൺവീനർ ജാൻസി തൊട്ടിപ്പാട്ട്, ബി.ജയചന്ദ്രൻ, സെക്രട്ടറി അഖി ലേഷ് ബാബു ജോയിൻ സെക്രട്ടറി അജോയ് കൊട്ടാരം കട, ഖജാൻജി അഖിൽ എം എസ്, സുധൻ മുകളേൽ, റോബിൻ കൊട്ടാരം കട,  ബി ജയചന്ദ്രൻ, സന്തോഷ്‌ , പ്രസാദ് തുണ്ടതിൽ,  അനന്തു,

സന്തോഷ്‌ കൊട്ടാരം കട, രാജേഷ് കോസടി, സി സി തോമസ്, സത്യൻ പി എൻ, സിനു കരിനിലം, സലിം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ നടത്തുന്നത്.

വിഷ്ണുവിനായി നാട് ഒന്നിക്കുന്നു ; ഇന്നു മേഖലയിലെ എല്ലാ വീടുകളിലുമെത്തി ധനസമാഹരണം നടത്തും

പൊൻകുന്നം ∙ പേസ് മേക്കർ മാറ്റിവച്ച് യുവാവിന് പുതു ജീവനേകാൻ നാട് ഒരുമിക്കുന്നു. എലിക്കുളം പഞ്ചായത്ത് 11–ാം വാർഡിൽ കൊപ്രാക്കളം തട്ടാറുകുന്നേൽ എസ്.വിഷ്ണുവിന് (28) തകരാറിലായ പേസ് മേക്കർ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്കായി ആറരലക്ഷം രൂപ വേണം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ. 10, 11 വാർഡുകളിലെ പഞ്ചായത്തംഗങ്ങളും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും ചേർന്ന് സഹായ സമിതി രൂപീകരിച്ച് ചികിത്സാ സഹായധനം സ്വരൂപിക്കുകയാണു ലക്ഷ്യം. ഇന്നു മേഖലയിലെ എല്ലാ വീടുകളിലുമെത്തി ധനസമാഹരണം നടത്തും. വിവിധ സംഘടനകളും അയൽക്കൂട്ടങ്ങളും പങ്കാളികളാകും.

പേസ് മേക്കറിന്റെ സഹായത്തോടെ മാത്രമേ വിഷ്ണുവിന്റെ ഹൃദയം പ്രവർത്തിക്കൂ. നിലവിലുള്ള പേസ് മേക്കർ ശരിയായി പ്രവർത്തിക്കാത്തതിനാലാണു അടിയന്തരമായി മാറ്റിവയ്ക്കുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ പഞ്ചായത്തംഗങ്ങളായ കെ.എം.ചാക്കോ, സിനിമോൾ കാക്കശ്ശേരിൽ എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ-341701000004679, ഐ.എഫ്.എസ്.സി.കോഡ് ഐ.ഒ.ബി.എ.0003417.

ജനറൽ ആശുപത്രി കാന്റീൻ നിർമാണം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നാളെ യുഡിഎഫ് ധർണ

പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീൻ നിർമാണത്തിലെ വൻ അഴിമതിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചിറക്കടവ് മണ്ഡലം യുഡിഎഫ് കമ്മിറ്റി നാളെ വൈകുന്നേരം നാലിന് ആശുപത്രി കവാടത്തിൽ പ്രതിഷേധ ധർണ നടത്തും.

കാന്റീൻ നിർമാണത്തിന്റെ മറവിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്. 75 ലക്ഷം മുടക്കി പണിത കെട്ടിടത്തിൽ കാന്റീൻ പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാനസൗകര്യം ഒന്നും തന്നെ ഒരുക്കിയിട്ടില്ല. പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് എങ്ങനെ കൊടുത്തുവെന്നതിലും കരാറുകാരൻ എത്ര കൈകൂലി കൊടുത്തുവെന്നതിലും സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും കമ്മിറ്റി ആരോപിച്ചു.

കോൺഗ്രസ് രാഷ്ട്രീയകാര്യ സമതി മെംബർ ജോസഫ് വാഴയ്ക്കൻ പ്രതിഷേധധർണ ഉദ്ഘാടനം ചെയ്യും. തോമസ് കല്ലാടൻ, പി. ജീരാജ്, മറിയമ്മ ടീച്ചർ, പി.എം. സലീം, മുണ്ടക്കയം സോമൻ എന്നിവർ പ്രസംഗിക്കുമെന്ന് ചെയർമാൻ അബ്ദുൾ റസാക്ക്, ജനറൽ കൺവീനർ സേവ്യർ മൂലകുന്ന്, സെക്രട്ട റി ലാജി തോമസ് എന്നിവർ പറഞ്ഞു.

മരത്തിന്റെ ശിഖരങ്ങൾ റോഡിലേക്ക് ; അപകടഭീഷണി

കാഞ്ഞിരപ്പള്ളി ∙ ടൗണിൽ കുരിശുകവലയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിൽക്കുന്ന കാലപ്പഴക്കം ചെന്ന മരത്തിന്റെ ശിഖരങ്ങൾ റോഡിലേക്കു നീണ്ടും ചാഞ്ഞും നിൽക്കുന്നത് അപകട ഭീഷണിയായി.

ഇതുവഴി നടന്നു പോയ യുവാവിന്റെ തലയിൽ മരച്ചില്ല വീണു പരുക്കേറ്റു. ചികിത്സ തേടിയ യുവാവിന്റെ തലയിലെ മുറിവിൽ 2 തുന്നലിട്ടു. ഇതോടെ മരശിഖരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായി. കുരിശുകവലയിൽ നിന്നു ഗ്രാൻഡ് ഒപ്പേറ തിയറ്റർപ്പടി വഴി എകെജെഎം സകൂളിലേക്കു പോകുന്ന ജംക്‌ഷനിലെ മരത്തിന്റെ ചില്ലകളാണു ദേശീയപാതയിലേക്കും സമീപ റോഡിലേക്കും നീണ്ടും ചാഞ്ഞും നിൽക്കുന്നത്.

ഉണങ്ങിയ ചില്ലകൾ കാറ്റിലും മഴയിലും ഒടിഞ്ഞു റോഡിലേക്കു വീഴുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. സ്കൂൾ കുട്ടികളടക്കം ദിവസവും നൂറുകണക്കിന് ആളുകൾ നടന്നു പോകുന്ന വഴിയാണ്. വാഹനങ്ങളും പാർക്ക് ചെയ്യുന്ന സ്ഥലമാണിത്. കൂടുതൽ അപകടം ഉണ്ടാകും മുൻപു മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

കെട്ടിടത്തിന് മുകളിലെ വൻതേനീച്ചകൾ നാടിനു ഭീഷണിയാവുന്നു

മുണ്ടക്കയം: പുത്തൻചന്തയിൽ കെട്ടിടത്തിന് മുകളിൽ കൂടുകൂട്ടിയിരിക്കുന്ന പെരുംതേനീച്ച കൂട്ടം നാടിനു ഭീഷണിയാവുന്നു വിദ്യാർഥികളും നിരവധി ആളുകളും ദിനംപ്രതി ബസ് കത്ത് നിൽക്കുന്ന സ്ഥലത്ത് മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് സ്‌കൂളിന് സമീപത്തെ തേനീച്ചകളുടെ സാന്നിധ്യം അധ്യാപകരിലും വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക ജനിപ്പിക്കുകയാണ്. കാലവർഷത്തിനൊപ്പം ശക്തമായ കാറ്റ് കൂടി എത്തിയാൽ കൂട് തകർന്ന് തേനീച്ച ഇളകാനുള്ള സാധ്യതയുണ്ട്. ഇത് വലിയ അപകടത്തിന് കാരണമാകുമെന്നും ബന്ധപ്പെട്ട അധികൃതർ വേണ്ട ഇടപെടലുകൾ നടത്തണം എന്നാണ് നാട്ടുക്കാർ ആവശ്യപ്പെട്ടുന്നത്.മരത്തിൽ ചെറുതായി രൂപപ്പെട്ട തേനീച്ച കൂടുകൾ ക്രമേണ ഇപ്പോഴത്തെ നിലയിലേക്ക് എത്തുകയായിരുന്നു.

സൗജന്യ നേത്ര പരിശോധനാക്യാമ്പ്

വെച്ചൂച്ചിറ: അടൂർ കാരുണ്യ കണ്ണാശുപത്രിയും മണ്ണടിശാല സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയും നേത്ര വിഷൻ പോയിന്റും സംയുക്തമായി സൗജന്യ നേത്ര പരിശോധനാക്യാമ്പും തിമിരരോഗ നിർണയക്യാമ്പും ഇന്ന് രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ മണ്ണടിശാല സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ നടത്തും. ഫോൺ: 9544001164.

വായനപക്ഷാചരണം സമാപനവും അനുസ്മരണവും

പൊൻകുന്നം: കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണം സമാപനവും ഐ.വി. ദാസ് അനുസ്മരണവും ഇന്ന് രാവിലെ 10ന് തെക്കേത്തുകവല ഗ്രാമീണ ഗ്രന്ഥശാലയിൽ നടക്കും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി സമ്മേളനം ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് പി.എൻ. സോജൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസി ൽ അംഗം പൊൻകുന്നം സെയ്‌ദ് പ്രസംഗിക്കും.

സ്കൂൾ ഗ്രൗണ്ടിൽ വാഹനവുമായി അഭ്യാസപ്രകടനം; രണ്ടു പേരെ അറസ്റ്റ് ചെയ്തു .

മണിമല: കറിക്കാട്ടൂർ സിസിഎം സ്‌കൂൾ ഗ്രൗണ്ടിൽ കഴിഞ്ഞദിവസം വൈകുന്നേരം വാഹനവുമായി എത്തി അഭ്യാസപ്രകടനം നടത്തുകയും ഫോട്ടോ എടുക്കുകയും ചെയ്ത‌ രണ്ടുപേരെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. അറയ്ക്കൽ ജിബിൻ ജോസഫ്, ആലപ്പാട്ട് ജിതിൻ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌ത്.

സ്കൂൾ ഗ്രൗണ്ടിൽ വാഹനം റേസ് ചെയ്യുന്നതിന്റെ ശബ്ദവും ബഹളവുംകേട്ട് നാട്ടുകാർ ഓടിക്കൂടുകയും യുവാക്കളെ ചോദ്യംചെയ്യുക യുമായിരുന്നു. നാട്ടുകാരോട് ക്ഷുഭിതരായ യുവാക്കളെ സ്കൂൾ ഗ്രൗണ്ടിൽനിന്നു വാഹനവുമായി പുറത്തു പോകാൻ സാധിക്കാത്ത വിധം ഗേറ്റ് അടച്ചതിനുശേഷം മണിമല പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

യുവജന ദിനാഘോഷവും രക്തസാക്ഷിത്വ ദിനാചരണവും

മുണ്ടക്കയം: സെന്റ് മേരീസ് പള്ളിയിൽ കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ ഇന്ന് യുവജനദിനാഘോഷം നടക്കും. രാവിലെ 6.30ന് വി ശുദ്ധ കുർബാന, 7.30ന് വികാരി ഫാ. ടോം ജോസ് യുവജനദിന പ താക ഉയർത്തും. തുടർന്ന് ഫാ. സ്റ്റാൻ സാമി രക്തസാക്ഷി ദിനാചര ണം. സമ്മേളനത്തിൽ കെസിവൈഎം രൂപത അസോസിയേറ്റ് ഡയ റക്ടർ ഫാ. ജിതിൻ ഫെർണാണ്ടസ് കോട്ടമേട്, സാവ്യോ വർഗീസ് വ ലിയപുതുശേരി, കെഎൽസിഎ രൂപത ട്രഷറർ റെജി ചാക്കോ പു ത്തൻപുരയ്ക്കൽ, ഷെറിൻ ബി. അരുൺ, റെമിൻ രാജൻ മടത്തുമുറി യിൽ, ജെനറ്റ് ജോളി ഈട്ടിക്കൽ എന്നിവർ പ്രസംഗിക്കും.

താലൂക്ക് വികസനസമിതി യോഗം നടന്നു ..പരാതികൾ കുറവ്

കാഞ്ഞിരപ്പള്ളി: അധികൃതർ ഇല്ലാതായതോടെ കാഞ്ഞിരപ്പള്ളി താലൂക്ക് വികസനസമിതി യോ ഗത്തിൽ പരാതികളുടെ എണ്ണം കുറയുന്നു. ഇന്നലെ നടന്ന യോഗത്തിൽ അഞ്ച് പരാതികളാണ് ലഭിച്ചത്. മുമ്പ് മുപ്പതിലേറെ പരാതികൾ വരെ യോഗത്തിൽ ലഭിച്ചിരുന്നു.

നാളുകളായി നടക്കുന്ന യോഗങ്ങളിൽ താലൂക്കിലെ ബന്ധപ്പെട്ട അധികാരികൾ ഹാജരാകാതായതോടെ പരാതിക്കാരും പരാതികളും കുറഞ്ഞിരിക്കുകയാണ്. പല തവണ പരാതി നൽകിയിട്ടും പരാഹാരമുണ്ടാകാത്തതിനാൽ മിക്കവരും ഇപ്പോൾ വികസന സമിതി യോഗത്തിൽ പരാതി നൽകാൻ തയാറല്ല.

താലൂക്ക് വികസനസമിതി യോഗത്തിൽ എംപി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പാലാ എംഎൽഎമാർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് പങ്കെടുക്കേണ്ടത്. ജനപ്രതിനിധികളുടെ അ
ഭാവത്തിൽ പകരം പ്രതിനിധികളെ അയയ്ക്കണമെന്നാണ് ചട്ടം. ഇന്നലെ നടന്ന യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎയും എംപിയുടെ പ്രതി നിധിയും ഒരു പഞ്ചായത്ത് സെക്രട്ടറിയും വകുപ്പ് ഉദ്യോഗസ്ഥ രുംമാത്രമാണ് പങ്കെടുത്തത്. എല്ലാ അധികാരികളെയും യോഗം നടക്കുന്ന വിവരം അറിയിച്ചതാണെന്ന് തഹസിൽദാർ ജെ. ശ്രീകല പറഞ്ഞു.

യോഗത്തിൽ കഴിഞ്ഞ വികസ നസമിതിയിൽ ലഭിച്ച പരാതികൾക്ക് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ മറുപടി നൽകുകയും പുതിയ പരാതികൾ സ്വീകരിക്കുകയും ചെയ്തു. അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറി ച്ചു മാറ്റണമെന്നും കാഞ്ഞിരപ്പള്ളി-മണിമല റോഡ് പഴയിടം വ രെ തകർന്നത് സംബന്ധിച്ചും കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയത് സംബന്ധിച്ചുമുള്ള പരാതികൾ ഇന്നലെ നടന്ന യോഗത്തിൽ ലഭിച്ചു. പരാതികൾ സ്വീകരിച്ച തഹസിൽദാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാ റ്റച്ചട്ടം നിലനിന്നിരുന്നതിനാൽ മൂന്നുമാസങ്ങൾക്ക് ശേഷമാണ് ഇന്നലെ താലൂക്ക് വികസനസമി തി യോഗം നടത്തിയത്.

ആയില്യംപൂജ നാളെ

കൊടുങ്ങൂർ ∙ ആയില്യം കാവിൽ ആയില്യംപൂജ നാളെ നടക്കും. രാവിലെ 8.30നു ജലധാര, 9.30നു ദേവീപൂജ, 10.30നു അഷ്ടനാഗപൂജ, 11.30ന് സർപ്പപൂജ, 1ന് അന്നദാനം.

ധർണ നടത്തും

കാഞ്ഞിരപ്പള്ളി ∙ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോൺഫെഡറേഷൻ നേതൃത്വത്തിൽ സർക്കാരിന്റെ ശമ്പള പരിഷ്കരണ ക്ഷാമബത്ത അട്ടിമറിക്കെതിരെ സിവിൽ സ്റ്റേഷൻ പിടിക്കൽ നാളെ ധർണ നടത്തും. ജില്ലാ ചെയർമാൻ നാസർ മുണ്ടക്കയം അധ്യക്ഷത വഹിക്കും.

വാഴൂർ പഞ്ചായത്തിൽ സ്വാഗതമോതി സദാ സംഗീതം മുഴങ്ങുന്നു

വാഴൂർ ∙ ‘ ഹൃദയം കൊണ്ടെഴുതുന്ന കവിത…… ദാമ്പത്യം ഒരു മഹാകാവ്യം. ’ പഞ്ചായത്ത് ഓഫിസിൽ വിവാഹം റജിസ്റ്റർ ചെയ്യാൻ എത്തിയ നവ വധൂവരന്മാർ പാട്ടുകേട്ട് ഒരു നിമിഷം നിന്നു ….. എവിടെ നിന്നാണ് ഈ സിനിമ ഗാനം. ഓഫിസിൽ നിന്നാണെന്നു അധികൃതർ പറഞ്ഞതോടെ അമ്പരപ്പ് അതിശയമായി. പഞ്ചായത്ത് ഫ്രണ്ട് ഓഫിസിൽ ഒരുക്കിയിരിക്കുന്ന സംഗീത സംവിധാനത്തിൽ നിന്നാണ് പാട്ട് ഒഴുകിയെത്തുന്നത്. മലയാളം സിനിമ ഗാനങ്ങൾ ചെറു ശബ്ദത്തിൽ ഓഫിസിനെ സംഗീതമായമാക്കും.

തിരുവല്ല നഗരസഭയിലെ ജീവനക്കാർ അവധി ദിവസം ജോലിക്ക് എത്തിയപ്പോൾ ഇടവേളയിൽ ചെയ്ത റീൽസ് വൈറലായിരുന്നു. പഞ്ചായത്തിൽ ഇടപാടിനു എത്തുന്നവർക്കും ജീവനക്കാർക്കും ‘ ബോറടി ’ ഒഴിവാക്കാനാണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി പറഞ്ഞു. ഫ്രണ്ട് ഓഫിസിൽ ശീതീകരണ സംവിധാനവും മെട്രോ റെയിൽ അടക്കമുള്ള സ്ഥലങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന വിധമുള്ള മൈക്ക് സംവിധാനവുമുണ്ട്.

കടകൾ മുടക്കം

∙ വ്യാപാരി വ്യവസായി ഏകോപനസമിതി മുക്കൂട്ടുതറ യൂണിറ്റ് മുൻ വൈസ് പ്രസിഡന്റ് വി.ജി. ഹാരിസിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് 2 മുതൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ കീഴിൽ വരുന്ന കടകൾ അടച്ച് ഹർത്താൽ ആചരിക്കും.

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് (ഓട്ടോണോമസ്) 2024 ബാച്ച് ബി ടെക്, എം. ടെക്, Ph.D, എം. സി എ വിദ്യാർഥികളുടെ ഗ്രാജുവേഷൻ  ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ സെക്രട്ടറി ശ്രീ. വി. രഘുനാഥൻ ITS ഉത് ഘാടനം ചെയ്യുന്നു. ഡീൻമാരായ ഡോ. മിനി മാത്യു, ഡോ. സോണി സി ജോർജ്, പ്രതിജ്ഞ  ഡയറക്ടർ (റിസേർച്) ഡോ.ഇസഡ്.വി.ളാകപ്പറമ്പിൽ, ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) റവ.ഡോ.റോയി പി എബ്രഹാം, മാനേജരും, കാഞ്ഞിരപ്പള്ളി രൂപത വികാർ ജനറാളുമായ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ,   പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്  എന്നിവർ സമീപം 

മെറിറ്റ് ഡേ ദിനാഘോഷം

കാഞ്ഞിരപ്പള്ളി: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പിടിഎ സമ്മേളനവും മെറിറ്റ് ഡേ ആഘോഷവും നടത്തി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ സലോമി സിഎംസി അധ്യക്ഷത വഹിച്ചു. ഡോ. ആൻസി ജോസഫ് സെമിനാർ നയിച്ചു.

ഹെഡ്മിസ്ട്രസ് നിസാമോൾ ജോൺ, പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ്, സിസ്റ്റർ ജിസ്റ്റി ജേക്കബ് എസ്എച്ച്, പ്രീനു ജോർജ്, ആൻമരിയ മാത്യു എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ എസ്എസ്എൽസി പരീക്ഷയി ൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അ നുമോദിച്ചു.

മൂക്കൻപെട്ടി അരുവിക്കൽ റോഡ് തകർന്നു; ഗതാഗത ദുരിതം

എരുമേലി ∙ മൂക്കൻപെട്ടി അരുവിക്കൽ റോഡ് തകർന്ന് ഗതാഗതം ദുരിത പൂർണമായി. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ യാത്ര ചെയ്യുന്ന റോഡാണ്. മഴക്കാലമായതോടെ കുണ്ടും കുഴിയും വെള്ളവും നിറഞ്ഞ് കാൽനടയാത്ര പോലും ബുദ്ധിമുട്ടിലായ സ്ഥിതിയിലാണ്. 4 മാസത്തിനു മുൻപ് ഈ റോഡിന്റെ ഒരു ഭാഗം പഞ്ചായത്ത് ടാർ ചെയ്തിരുന്നു. അതിന്റെ ബാക്കിയുള്ള 900 മീറ്റർ ടാർ ചെയ്യുന്നതിനു എംഎൽഎ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. എത്രയും വേഗം റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം സമര പരിപാടികൾ ആരംഭിക്കാനാണ് തീരുമാനം.

അനുശോചിച്ചു

മുക്കൂട്ടുതറ ∙ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് മുൻ വൈസ് പ്രസിഡന്റ് വി.ജി. ഹാരിസിന്റെ നിര്യാണത്തിൽ ഏകോപന സമിതി മുക്കൂട്ടുതറ യൂണിറ്റ് അനുശോചിച്ചു. യൂണിറ്റ് പ്രസിഡന്റ് സി.ജെ. അജിമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിജോ ജോസഫ്, വൈസ് പ്രസിഡന്റ് ബെന്നി മാങ്കംത്താനം, ട്രഷറർ എൻ.എസ്. സാബു, യൂത്ത് വിങ് പ്രസിഡന്റ് എസ്. സജി, ജോസഫ് ചാക്കോ, സോണി കൊണ്ടാട്ടു, അനീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

നാലു വർഷ ഓണേഴ്സ്: ഉദ്ഘാടനം

എരുമേലി ∙ എംഇഎസ് കോളജിൽ നാലു വർഷ ഓണേഴ്സ് ബിരുദത്തിന്റെ കോളജ് തല ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. എസ്. അനികുമാർ നിർവഹിച്ചു. കോളജ് ചെയർമാൻ പി. എം. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. കോളജ് സെക്രട്ടറി മുഹമ്മദ് നജീബ്, വൈസ് പ്രിൻസിപ്പൽ ഷംല ബീഗം, ഐക്യൂഎസി കോഓർഡിനേറ്റർ ലഫ്റ്റനന്റ് സാബ്ജാൻ യൂസഫ്, നോഡൽ ഓഫിസർ കെ.കെ. സന്തോഷ്., വിവിധ വകുപ്പു മേധാവികൾ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ സെബാസ്റ്റ്യൻ പി. സേവ്യർ എന്നിവർ പ്രസംഗിച്ചു.

എരുമേലിയിൽ ടൗണിലെ ഓട്ടോ സ്റ്റാൻഡുകൾക്ക് നമ്പറും പെർമിറ്റും ഇല്ല ; ഓട്ടോ സ്റ്റാൻഡുകൾ ഇനി അടയാളപ്പെടുത്തും

എരുമേലി ∙ ടൗണിലെ ഓട്ടോ സ്റ്റാൻഡുകൾ കൃത്യമായി നിശ്ചയിച്ച് അടയാളപ്പെടുത്താൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന പഞ്ചായത്ത് ഗതാഗത കമ്മിറ്റിയിൽ തീരുമാനം. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പ്രിയങ്ക പടി, കവല, രാജാ പടി, കെഎസ്ആർടിസി എന്നീ 5 ഓട്ടോ സ്റ്റാൻഡുകളാണ് നഗരത്തിലുള്ളത്. എന്നാൽ ഈ ഓട്ടോ സ്റ്റാൻഡുകൾ ഇതുവരെ പഞ്ചായത്ത് അംഗീകരിച്ച് സ്റ്റാൻഡ് നമ്പറും ഓട്ടോകൾക്ക് പെർമിറ്റും നൽകിയിട്ടില്ല. ഇതുമൂലം നഗരത്തിലെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും തമ്മിൽ തർക്കങ്ങളും കേസുകളും ഉണ്ടാകുന്നുണ്ട്.

ഇത് ഒഴിവാക്കുന്നതിനു വേണ്ടി എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ ഓട്ടോ യൂണിയൻ നേതാക്കളും പ്രതിനിധികളും പൊലീസ്, മോട്ടർ വാഹന വകുപ്പ് അധികൃതർ എന്നിവരും ചേർന്ന് നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകൾ സന്ദർശിച്ച് പ്രശ്നങ്ങളും പ്രതിസന്ധിയും മനസിലാക്കും. ആവശ്യമെങ്കിൽ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലിസി സജി, പഞ്ചായത്ത് അംഗം നാസർ പനച്ചി, പഞ്ചായത്ത് സെക്രട്ടറി പി.പി. മണിയപ്പൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ട്രഷറർ സി.പി. മാത്തൻ ചാലക്കുഴി, വ്യാപാരി വ്യവസായി സമിതി ഏരിയ ജനറൽ സെക്രട്ടറി പി.ആർ. ഹരികുമാർ, വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ, പൊലീസ്, മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വ്യാപാരികളുടെ ആവശ്യങ്ങൾ :

∙ കടകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന സ്ഥലം ഒഴിവാക്കി ഓട്ടോകൾ പാർക്ക് ചെയ്യുക.

∙ കടകളിൽ സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനു വരുന്ന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാതിരിക്കുക.

∙ ഓട്ടോകൾക്ക് സ്റ്റാൻഡ് നിശ്ചയിച്ച് നമ്പറും പെർമിറ്റും നൽകുക.

∙ സുഗമമായി വ്യാപാരം നടത്താനുള്ള അന്തരീക്ഷം ഒരുക്കുക.

ഓട്ടോ തൊഴിലാളികളുടെ ആവശ്യങ്ങൾ :

∙ പഞ്ചായത്ത് ഓട്ടോ സ്റ്റാൻഡുകളിൽ നമ്പർ ഇട്ട് നൽകണം. ഇവിടെ ഓടുന്ന ഓട്ടോകൾക്ക് പെർമിറ്റ് അനുവദിക്കണം.

∙ നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ ഓട്ടോസ്റ്റാൻഡുകൾ നിലനിർത്തണം.

∙ പുറത്തുനിന്ന് വന്ന് പെർമിറ്റ് ഇല്ലാതെ നഗരത്തിൽ ഓടുന്ന ഓട്ടോകൾ നിയന്ത്രിക്കണം.

∙ വ്യാപാരികൾ അവരുടെ കടകൾക്ക് മുന്നിലെ ഓട്ടോ സ്റ്റാൻഡുകളും പാർക്കിങ്ങും ഒഴിവാക്കുന്നതിനു കേസിനു പോകുന്ന പ്രവണത നിർത്തണം.

∙ നഗരത്തിലെ ഓട്ടോതൊഴിലാളികളും വ്യാപാരികളും തമ്മിൽ സഹകരണ അന്തരീക്ഷം ഒരുക്കുകയും ഇരുകൂട്ടരുടെയും തൊഴിലിനെയും വരുമാനത്തെയും ബാധിക്കാത്ത വിധമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

യുവജന ദിനാഘോഷം ഇന്ന്

മുണ്ടക്കയം ∙ സെന്റ് മേരീസ് പള്ളിയിൽ കെസിവൈഎം ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷം ഇന്ന് നടക്കും. രാവിലെ 6.30ന് കുർബാന, തുടർന്ന് ഫാ.ടോം ജോസ് പതാക ഉയർത്തും.

ഫാ.സ്റ്റാൻ സ്വാമി രക്തസാക്ഷി ദിനാചരണവും ഇതോടൊപ്പം നടത്തും.

കാർഷിക സെമിനാർ

ചിറക്കടവ്: സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കാർഷി ക സെമിനാർ ഒമ്പതിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ ബാ ങ്ക് ഹെഡ് ഓഫീസ് ഹാളിൽ നടക്കും. ചിറക്കടവ് കൃഷി ഓഫീസർ ടി.ആർ. സ്വപ്ന ക്ലാസ് നയിക്കും. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് ഹൈ ബ്രിഡ് വിത്തിനങ്ങൾ സൗജന്യമായി നൽകും. കാർഷിക യന്ത്രങ്ങ ളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും വിൽപ്പനയും ഉണ്ടാ യിരിക്കും.

പാലാ -പൊൻകുന്നം റോഡിലെ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണം: യൂത്ത് ഫ്രണ്ട്-എം

ഇളങ്ങുളം: പാലാ-പൊൻകുന്നം റോഡിലെ സ്ട്രീറ്റ് ലൈറ്റുകൾ ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് യൂത്ത് ഫ്രണ്ട്-എം എലിക്കുളം മണ്ഡലം കമ്മിറ്റി.

മൂവാറ്റുപുഴ-പുനലൂർ ഹൈവേയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡിലെ നൂറുകണക്കിനുള്ള സ്ട്രീറ്റ് ലൈറ്റുകൾ ഒന്നുപോലും പ്രവർത്തിക്കാതെ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സൗരോർജ സഹായത്താൽ പ്രവർത്തിക്കുന്ന ലൈറ്റുകളാണിവയെല്ലാം. ഈ ലൈ റ്റുകളുടെ മിക്കതിന്റെയും ബാറ്ററികൾ മോഷണം പോയിട്ടുള്ളതാണ്. കനത്ത മഴയത്തും മറ്റും വെളിച്ചം ഇല്ലാത്തതിനാൽ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്.എത്രയും വേഗം സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കാ ൻ പിഡബ്ല്യുഡിയും കെഎസ്‌ടി പിയും നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനും കമ്മിറ്റി തീ രുമാനിച്ചു.

മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. സാജൻ തൊടുക, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ടോമി കപ്പിലുമാക്കൽ, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലിൽ, ബിനേഷ് പാറാംതോട്ട്, തോമസ് ബേബി തുടങ്ങിയവർ പ്രസംഗിച്ചു.

മോട്ടിവേഷൻ ക്ലാസ്

എരുമേലി: ദേവസ്വം ബോർഡ് ഹൈസ്കൂളിൽ വിദ്യാർഥി-രക്ഷാകർതൃ സംഗമവും മോട്ടിവേഷൻ ക്ലാസും പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ നാസർ പനച്ചി അധ്യക്ഷത വഹിച്ചു. കെഎപി അഞ്ചാം ബറ്റാലിയൻ കമാണ്ടന്റ് പി.എസ്. രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കൽ, രവീന്ദ്രൻ എരുമേലി, ഹെഡ്മ‌ിസ്ട്രസ് മിനി, കണ്ണപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. റീന വർഗീസ് ക്ലാസ് നയിച്ചു.

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ്

റെഡ് ജുവൽസ് എഫ്‌സിയുടെ 2024-25 സീസണിലേക്കുള്ള ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് ഇന്ന് 3ന് കോട്ടയം ഗിരിദീപം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. അണ്ടർ 17, സീനിയർ (18 വയസ്സിനു മുകളിലുള്ളവർ) ടീം സിലക്‌ഷൻ ആണ് നടക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂത്ത് ചാംപ്യൻഷിപ്, അക്കാദമി ലീഗ്, ഡിസ്ട്രിക്ട് ലീഗ്, മറ്റു ടൂർണമെന്റ് എന്നിവിടങ്ങളിൽ അവസരം ലഭിക്കും. വിവരങ്ങൾക്ക്: 7736501115, 7994192447.

അസിസ്റ്റന്റ് പ്രഫസർ ഒഴിവുകൾ

പൂഞ്ഞാർ‌ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ താൽക്കാലിക ഒഴിവുകളുണ്ട്. മാത്തമാറ്റിക്സ്, ഇംഗ്ലിഷ്, കൊമേഴ്സ് വിഷയങ്ങളിൽ 10നും ഫിസിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ 11നും രാവിലെ 11ന് അഭിമുഖം നടത്തും. ഫോൺ: 94474 00698, 91884 05172, വെബ്‌വിലാസം: www.cep.ac.in.

ഡിഗ്രി പ്രവേശനം

കാഞ്ഞിരപ്പള്ളി: ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻ സ് കാഞ്ഞിരപ്പള്ളിയിൽ ബികോം, ബിഎസ്സി കംപ്യൂട്ടർ സയൻസ് എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്തവർ ക്കും അഡ്മിഷൻ ലഭിക്കാത്തവർക്കും ഒഴിവുള്ള സീറ്റിലേക്ക് ഒമ്പ ത്, പത്ത് തീയതികളിൽ അപേക്ഷിക്കാം. ഫോൺ: 04828-206480, 75 10789142, 8547005075.

ഇന്നത്തെ പരിപാടി

∙ പനമറ്റം വടക്ക് 265-ാം നമ്പർ എൻ.എസ്.എസ്.കരയോഗം ഹാൾ: വാർഷിക പൊതുയോഗം, പ്രതിഭാസംഗമം – 2.30

∙ പൊൻകുന്നം ജനകീയ വായനശാല: വായനപക്ഷാചരണ സമാപന സദസ്സ്, കേന്ദ്ര സർവീസിൽ ഫൊട്ടോഗ്രാഫറായി നിയമിതനായ ഭരണസമിതിയംഗം അമൽ ജി.കൃഷ്ണയ്ക്ക് യാത്രയയപ്പ് – 3.00

∙ ചിറക്കടവ് പബ്ലിക് ലൈബ്രറി: വായനപക്ഷാചരണ സമാപനം, ഐ.വി.ദാസ് അനുസ്മരണം 4.00

∙ വാഴൂർ വെട്ടിക്കാട്ട് ധർമശാസ്താക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം കലശാഭിഷേകം 10.30, അന്നദാനം 12.00, പഞ്ചാരിമേളം 5.00, ഭജന 7.00

∙ ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളി ക്ഷേത്രം പുനർനിർമാണ ഭാഗമായി ഗൃഹസമ്പർക്കം ഉദ്ഘാടനം 9.00

∙ കുരുമ്പൻമൂഴി മണക്കയം ഇടക്കുന്നം മഹാവിഷ്ണു ക്ഷേത്രം : കലശപൂജയും പരിഹാരക്രിയകളും. സഹസ്രനാമാർച്ചന മന്ത്രം, പന്തീരടിപൂജ –8.00, കലശപൂജ–10, കലശാഭിഷേകം–11, ആത്മീയ പ്രഭാഷണം –12, അന്നദാനം–1.15, ഭക്തിഗാനസുധ–7.00– തന്ത്രി ഡോ. ടി.എസ്. ബിജു എരുമേലി

ഇന്നത്തെ സിനിമ :

മുണ്ടക്കയം : ആർഡി സിനിമാസ്: കൽക്കി 2898 എഡി (ത്രിഡി, മല) (10.30, 2.15, 6.00, 9.45).
കനകരാജ്യം (മ ) (11.30, 2.30, 6.30, 9.30).

പൊൻകുന്നം :

ഫോക്കസ്: കൽക്കി 2898 എഡി (2) (11.15, 2.30, 5.45, 8.00).

ഈരാറ്റുപേട്ട :

സൂര്യ: സ്ക്രീൻ 1: കൽകി (മല) (10.30, 2.00, 5.45, 9.15).
സ്‌ക്രീൻ 2: കൽകി (ഹിന്ദി) (10.30, 2.00, 5.45, 9.15).

പള്ളിക്കത്തോട്

അഞ്ചാനി സിനിമാസ്: KALKI 2898 (മല, 3D) 4 ഷോ : 11.15, 02.45,06.15, 09.45
ഉള്ളൊഴുക്ക് (മല) 3ഷോ 12.30, 07.45, 10.00
ദണ്ഡുപാളയം (തമിഴ്) 2ഷോ 02.45, 05.15
ഒരു സ്മാർട്ട് ഫോൺ പ്രണയം (മല) 1ഷോ 10.15
ഗഗനചാരി (മല) 3ഷോ 12.35, 07.50, 10.00
നടന്ന സംഭവം (മല) 2ഷോ 03.00, 05.30

മുണ്ടപ്പള്ളിൽ ബീനാമോൾ വി. ആർ .(49)

മുണ്ടക്കയം :വണ്ടൻപതാൽ മുണ്ടപ്പള്ളിൽ ബീനാമോൾ വി. ആർ .(49) (ജീവനക്കാരി താലൂക്ക് ആഫീസ് പീരുമേട് )
നിര്യാതയായി. പൊതു ദർശനം വണ്ടൻപതാൽ വീട്ടിൽ
സംസ്കാരം : ഇന്ന് 2 PM ന് കോരുത്തോട് വീട്ടുവളപ്പിൽ
ഭർത്താവ് :സതീശ് (റിട്ട വാർട്ടർ അതോറിറ്റി ആഫീസർ )
മക്കൾ : അഭിജിത്ത്,ആഷിശ്.

കല്ലൂപ്പറമ്പിൽ പുരുഷോത്തമൻ (84)

വാഴൂർ: തീർഥപാദപുരം കല്ലൂപ്പറമ്പിൽ പുരുഷോത്തമൻ (84) അന്തരിച്ചു. ഭാര്യ: അമ്മിണി, വാഴൂർ ചെമ്പൻകുഴിയിൽ കുടുംബാംഗം. മക്കൾ: പരേതയായ സതി, പരേതനായ വിനോദ്, ശകുന്തള, സുധ. മരുമക്കൾ: മധു, പരേതനായ ജ്യോതികുമാർ, ഗിരിജമ്മ വിനോദ്. സംസ്‌കാരം ഞായറാഴ്ച 11-ന് വീട്ടുവളപ്പിൽ.

കുമ്പുക്കൽ കെ.കെ.ബാബു (63)

ഇളങ്ങുളം : ഓട്ടോഡ്രൈവറും മുൻ ഷാപ്പ് ജീവനക്കാരനുമായ കൂരാലി കുമ്പുക്കൽ കെ.കെ.ബാബു (63) അന്തരിച്ചു. ഭാര്യ: അംബിക, തോടനാൽ പുറകുന്നേൽ കുടുംബാംഗം. മക്കൾ : കീർത്തി, കാർത്തിക. മരുമക്കൾ : വിനോദ് (കൊല്ലം), ബിനു (കാഞ്ഞിരപ്പള്ളി). സംസ്‌കാരം ഞായറാഴ്ച 10-ന് വീട്ടുവളപ്പിൽ.

error: Content is protected !!