ഭിന്നശേഷിക്കാർക്ക് വീടു നിർമിക്കാൻ ഒരു രൂപ ചാലഞ്ച് ; ഫണ്ട് കണ്ടെത്താൻ ഓൾ ഇന്ത്യ സൈക്കിൾ റൈഡ്
കാഞ്ഞിരപ്പള്ളി ∙ ഭിന്നശേഷിക്കാർക്കായി വീട് നിർമിച്ചു നൽകാൻ ഓൾ ഇന്ത്യ സൈക്കിൾ റൈഡ് നടത്തുന്ന യുവാക്കൾ കാഞ്ഞിരപ്പള്ളിയിലെത്തി. കോഴിക്കോട് സ്വദേശിയായ കെ.ജി. നിജിനും വയനാട് സ്വദേശിയായ ടി.ആർ. റെനീഷുമാണു ഭിന്നശേഷിക്കാർക്ക് വീടു നിർമിക്കാൻ ഒരു രൂപ ചാലഞ്ചുമായി നാടു ചുറ്റുന്നത്. വീടു നിർമാണത്തിനായി ഒരു രൂപ വീതം മാത്രമാണു ഇവർ ആളുകളിൽ നിന്നും സമാഹരിക്കുന്നത്. ഇങ്ങനെ 5 പേർക്ക് നിർമിച്ചു നൽകുകയാണ് ഇവരുടെ ലക്ഷ്യം.
നിജിൻ അധ്യാപകനും റെനീഷ് മൊബൈൽ ഷോപ്പ് ഉടമയുമാണ്. വെളിച്ചത്തിനായി സോളർ ഘടിപ്പിച്ച സൈക്കിൾ കാരവനിലാണു ഇവരുടെ സഞ്ചാരം. ഇവരുടെ താമസവും സൈക്കിൾ കാരവനിൽ തന്നെയാണ്. 83000 രൂപ മുടക്കി 2 സൈക്കിൾ ചേർത്തു വച്ചു നിർമിച്ചതാണ് സൈക്കിൾ കാരവൻ. 2021 ഡിസംബർ 10ന് വയനാട് ജില്ലയിൽ നിന്ന് ആരംഭിച്ച യാത്ര കാസർകോട് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകൾ കടന്ന് ഇപ്പോൾ കോട്ടയത്ത് എത്തി. ഇതുവരെ 12 ലക്ഷം രൂപ ഇവർ സമാഹരിച്ചു. ജീവിതത്തിൽ ഒരു കൈയൊപ്പ് ചാർത്തുകയാണു ലക്ഷ്യമെന്നും ഇവർ പറയുന്നു. ഇതുവരെ വീട് നിർമാണത്തിനായി 7,70,000 രൂപയുടെ സ്ഥലം വാങ്ങി. സെന്റിനു 30000 രൂപ വീതം വയനാട് അമ്പലവയൽ സ്വദേശി ജോഷിയാണു ഇവർക്ക് സ്ഥലം നൽകിയത്. 5 വീടുകളുടെയും തറ കെട്ടി. നിർമാണം പുരോഗമിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ എത്തുമ്പോൾ വീടുകളുടെ നിർമാണം പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ. വീട് നിർമാണം പൂർത്തിയായ ശേഷം കശ്മീരിലേക്കു യാത്ര തുടരാനാണ് ഇവരുടെ തീരുമാനം.