വിദ്യാർഥികൾ സമൂഹത്തിനുതകുന്ന രീതിയിൽ പ്രവർത്തിക്കാൻ ശ്രദ്ധിക്കണം: – ഡോ. ടോണി തോമസ്
കാഞ്ഞിരപ്പള്ളി : ഉന്നത വിദ്യാഭ്യാസത്തിൽ വിദ്യാർഥികൾ അവരുടെ കഴിവുകൾ മനസ്സിലാക്കി, ആ മേഖലയിൽ ഉന്നത വിജയം നേടി സമൂഹത്തിനുതകുന്ന രീതിയിൽ പ്രവർത്തിക്കാൻ ശ്രദ്ധിക്കണമെന്ന് പ്രമുഖ കമ്പനിയായ സിഗ്നിഫൈയുടെ ഗ്ലോബൽ ചീഫ് ഡോ. ടോണി തോമസ് അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് (ഓട്ടോണോമസ്) 2024 ബാച്ച് ബി ടെക്, എം. ടെക്, Ph.D, എം. സി എ വിദ്യാർഥികളുടെ ഗ്രാജുവേഷൻ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
5,6 തീയതികളിലായി നടന്ന ചടങ്ങുകളിൽ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ സെക്രട്ടറി വി. രഘുനാഥൻ ITS ഉം മുഖ്യാതിഥിയായി. AR (Augmented Reality), VR (Virtual Reality), AI (Artificial Intelligence) എന്നിവയെ വിദ്യാഭ്യാസ കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നത് വിദ്യാർത്ഥികളുടെ പഠന അനുഭവം മെച്ചപ്പെടുത്തുകയും, വ്യക്തിഗത പഠനം കൂടുതൽ സ്വായത്തമാക്കുവാനും സാധിക്കുമെന്ന് അദ്ദേഹം. അഭിപ്രായപ്പെട്ടു. 3G മുതൽ 5G വരെയുള്ള കുതിച്ചു ചാട്ടം ടെക്നോളജി, കണക്ഷൻ സൗകര്യങ്ങൾ, വേഗത, വ്യാപ്തി, ആപ്ലിക്കേഷൻ മേഖലകൾ എന്നിവയിൽ വൻമാറ്റം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് മാനേജരും, കാഞ്ഞിരപ്പള്ളി രൂപത വികാർ ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കലാലയത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ വിദ്യാർഥികളുടെ പങ്ക് സുപ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റിസൾട്ടിലും, പ്ലേസ്മെന്റിലും എന്നപോലെ സംരംഭകത്വത്തിലും കോളേജ് മുൻനിരയിലാണെന്നും പ്രമുഖ ഇൻഡസ്ട്രികളുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് വേണ്ടി അതി നൂതന സംവിധാനത്തിൽ കോളേജ് ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും യോഗത്തിൽ സ്വാഗതം ആശംസിച്ച കോളേജ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ഡോ.റോയി പി എബ്രഹാം അറിയിച്ചു. വിദ്യാർത്ഥികൾക്കുള്ള ഗ്രാജുവേഷൻ പ്രതിജ്ഞ ഡയറക്ടർ (റിസേർച്) ഡോ.ഇസഡ്.വി.ളാകപ്പറമ്പിൽ ചൊല്ലിക്കൊടുത്തു. കഴിഞ്ഞ വർഷം അമൽജ്യോതി കൈവരിച്ച നേട്ടങ്ങൾ പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് വാർഷിക റിപ്പോർട്ടിൽ അവതരിപ്പിച്ചു.
ഈ വർഷത്തെ ‘ജെം ഓഫ് അമൽജ്യോതി’ അവാർഡും ‘സണ്ണി ഡയമണ്ട്സ് ഔട്സ്പാർക്കിൾ’ പുരസ്കാരവും സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ ജോബ്സി ജോൺ കരസ്ഥമാക്കി. ‘ജ്യുവൽസ് ഓഫ് അമൽജ്യോതി’ പുരസ്കാരം കമ്പ്യൂട്ടർ സയൻസിലെ അനീന തങ്കച്ചൻ, മെക്കാനിക്കൽ എൻജിനിയറിങ്ങിലെ റോഷൻ ചെറിയാൻ മാത്യൂസ് എന്നിവർ നേടി. ‘ക്രൗൺ ഓഫ് അമൽജ്യോതി’ പുരസ്കാരം കമ്പ്യൂട്ടർ സയൻസിലെ അനീന തങ്കച്ചൻ തന്നെ കരസ്ഥമാക്കി. വിവിധ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് ഡീൻമാരായ ഡോ. ബിനു സി എൽദോസ്, ഡോ. സോണി സി ജോർജ്, ഡോ. ബിനോ ഐ കോശി, ഡോ. മിനി മാത്യു എന്നിവർ സർട്ടിഫിക്കറ്റുകളും മെഡലുകളും, അവാർഡുകളും വിതരണം ചെയ്തു.