കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 08/07/2024
കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ (08/07/2024) ഇന്നത്തെ പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം :
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ പ്രധാന വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, ഇന്നത്തെ സിനിമ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ..
റോഡ് തകർച്ച പ്രതിഷേധിച്ച് നാട്ടുകാർ ജനകീയ സമരം നടത്തി ; തേങ്ങ ഉടച്ച് തുടക്കം; മനുഷ്യച്ചങ്ങല തീർത്തു
മുണ്ടക്കയം ∙ തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ ഒന്നുചേർന്നു. കരിനിലം – കുഴിമാവ് റോഡിൽ തേങ്ങ ഉടച്ച് ആരംഭിച്ച സമരം റോഡ് നിർമാണം വരെ നീളും. 7 കിലോമീറ്റർ പൂർണമായും തകർന്ന റോഡിനു വേണ്ടി പ്രദേശവാസികൾ ഒരുമിച്ച് ഇറങ്ങിയതോടെ ഉടൻ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്. അഞ്ച് വർഷത്തിലേറെയായി തകർന്ന് കിടക്കുന്ന കരിനിലം കുഴിമാവ് റോഡിൽ കരിനിലം മുതൽ കൊട്ടാരംകട വരെയുള്ള ഏഴ് കിലോമീറ്റർ ഭാഗത്ത് റോഡ് പൂർണമായും ഇല്ലാതായ നിലയിലാണ്.
കരിനിലം – കുഴിമാവ് റോഡിന്റെ തുടക്കമായ കരിനിലം പോസ്റ്റ് ഓഫിസ് കവലയിൽ മുതിർന്ന അംഗമായ ഹൗവ്വക്കുട്ടി ഉമ്മ തേങ്ങ ഉടച്ച് സമരം ഉദ്ഘാടനം ചെയ്തു. 96 കവല, പ്ലാക്കൽപടി, പന്ത് കളം, തലനാട് കവല, പശ്ചിമ അങ്കണവാടി കവല, പശ്ചിമ ദേവീക്ഷേത്രം, പുതിയ കോളനി, 504 ടോപ്, വെള്ളാനി കവല, കൊട്ടാരം കട എന്നിവിടങ്ങളിൽ നാട്ടുകാർ ഒത്തുചേർന്ന് റോഡിൽ തേങ്ങയുടച്ചു.
സംരക്ഷണസമിതി ചെയർപഴ്സനും പഞ്ചായത്തംഗവുമായ സിനിമോൾ തടത്തിൽ പ്രധാനകേന്ദ്രത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമരകേന്ദ്രങ്ങളിൽ ജനങ്ങൾ റോഡിന്റെ വശത്ത് അണിനിരന്ന് മനുഷ്യച്ചങ്ങലയും തീർത്തു.
ജനകീയ വിഷയത്തിനായി നാട് ഒരുമിച്ചപ്പോൾ രാഷ്ട്രീയ പാർട്ടികളുടെയും, കൊടികളുടെയും നിറങ്ങളുടെയും വ്യത്യാസങ്ങൾ മാറ്റി വച്ച് ജനങ്ങൾ ഒരുമിച്ച് ഇറങ്ങിയ കാഴ്ചയാണ് കുഴിമാവ് റോഡിൽ കണ്ടത്. വിവിധ രാഷ്ട്രീയ പാർട്ടികൾ സാമൂഹിക സാംസ്കാരിക മത സംഘടനകൾ ഉൾപ്പെടെ ഐക്യദാർഢ്യത്തോടെ എത്തി. സമര സമിതി കൺവീനർ ജാൻസി തൊട്ടിപ്പാട്ട്, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, വൈസ് പ്രസിഡന്റ് പി.ഡി.പ്രകാശ്, സംരക്ഷണ സമിതി സെക്രട്ടറി അഖിലേഷ് എം.ബാബു, ട്രഷറർ എം.എസ്.അഖിൽ, സുധൻ മുകളേൽ, ബി.ജയചന്ദ്രൻ, സന്തോഷ്, അജോയി കൊട്ടാരംകട, സത്യൻ പഞ്ചാരത്തിൽ, റോബിൻ, പ്രസാദ് പശ്ചിമ, ബെന്നി ചേറ്റുകുഴി, സുരേഷ് പശ്ചിമ, പ്രസാദ് പ്ലാക്കൽപടി, സുകുമാരൻ പശ്ചിമ, വിനോദ് കോസടി, സി.സി.തോമസ്, സി.എൻ.രാജേഷ്, സുകുമാരൻ, രത്നമ്മ, എം.എൻ.ജിനൻ, സലിം, സുകുമാരൻ, സന്തോഷ്, ബിജുമോൻ, അനന്തു, രാഹുൽ കുഴിമാവ് എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.
അഞ്ച് വർഷത്തിലേറെയായി തകർന്ന് കിടക്കുന്ന കരിനിലം കുഴിമാവ് റോഡിൽ കരിനിലം മുതൽ കൊട്ടാരംകട വരെയുള്ള ഏഴ് കിലോമീറ്റർ ഭാഗത്ത് റോഡ് പൂർണമായും ഇല്ലാതായ നിലയിലാണ്.
കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിലെ രണ്ട് വാർഡുകളിലൂടെയാണു റോഡ് കടന്നു പോകുന്നത്. കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ച് കോരുത്തോട്, പുഞ്ചവയൽ റൂട്ടുകളിലൂടെയാണു നാടിന്റെ യാത്ര. ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ള കോളനികൾ ഉള്ള പ്രദേശത്തേക്ക് സ്കൂൾ ബസുകൾ പോലും എത്താത്ത സാഹചര്യമാണ് നിലവിലുള്ളത്. രണ്ട് വർഷം മുൻപ് റോഡിന് തുക അനുവദിച്ചു എങ്കിലും കരാറുകാരൻ നിർമാണം പാതി വഴിയിൽ ഉപേക്ഷിച്ചതോടെ പദ്ധതി മുടങ്ങി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഉടൻ നിർമാണം ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. അതു വരെയും സമരം തുടരാനാണു ജനങ്ങളുടെ തീരുമാനം. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ജനകീയ യോഗങ്ങൾ നടത്തുമെന്ന് റോഡ് സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചു.
ജനറൽ ആശുപത്രി കന്റീൻ നിർമാണത്തിൽ അഴിമതിയെന്ന് ആരോപണം; യുഡിഎഫ് ധർണ ഇന്ന്
കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിലെ കന്റീൻ നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചും വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു വൈകിട്ട് 4ന് ആശുപത്രി കവാടത്തിൽ ധർണ നടത്തും. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ ധർണ ഉദ്ഘാടനം ചെയ്യും. 75 ലക്ഷം മുടക്കി പണിത കെട്ടിടത്തിൽ കന്റീൻ പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാനസൗകര്യം പോലും ഒരുക്കിയിട്ടില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു. ശുചിമുറി പോലുമില്ല.
വികലാംഗർക്ക് പ്രവേശിക്കാൻ റാംപ് നിർമിച്ചിട്ടില്ല. അടുക്കളയ്ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. മലിനജല സംസ്കരണ പ്ലാന്റ് ഇല്ല. മാലിന്യ നിർമാർജന സൗകര്യമില്ല. ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം മുറിയിൽ നിന്നും ഒഴുകി വരുന്ന മലിനജലം കന്റീന്റെ അടുക്കള ഭാഗത്ത് കെട്ടി കിടക്കുന്ന നിലയിലാണ്.
കെട്ടിടം നിർമിക്കാൻ 25 ലക്ഷം രൂപ പോലും ചെലവായിട്ടില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു. കെട്ടിട നിർമാണത്തെ കുറിച്ചു സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് മണ്ഡലം ചെയർമാൻ അബ്ദുൽ റസാക്ക്, ജനറൽ കൺവീനർ സേവ്യർ മൂലകുന്ന്, സെക്രട്ടറി ലാജി തോമസ് എന്നിവർ ആവശ്യപ്പെട്ടു.
സമരം രാഷ്ട്രീയപ്രേരിതം :എൽഡിഎഫ്
കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന വികസന മുന്നേറ്റത്തിനെതിരെ കോൺഗ്രസിലെ ചിലരുടെ സങ്കുചിത രാഷ്ട്രീയമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണമെന്ന് സിപിഎം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ പറഞ്ഞു. യുഡിഎഫ് പ്രതിനിധികൾ കൂടെ ഉൾപ്പെട്ടതാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി. എന്നാൽ
കമ്മിറ്റിയിൽ ഇവരാരും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നതു രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കു മറച്ചു പിടിക്കാൻ ആശുപത്രിയെ ഇവർ ഉപയോഗിക്കുകയാണെന്നും ഇതു പൊതുജനങ്ങൾ തിരിച്ചറിയണമെന്നും വി.ജി.ലാൽ പറഞ്ഞു.
സമരം അപഹാസ്യം: യൂത്ത് ഫ്രണ്ട് (എം)
കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിക്കെതിരെ യുഡിഎഫ് നടത്തുന്ന സമരം അപഹാസ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്നു യൂത്ത് ഫ്രണ്ട് (എം ) ആരോപിച്ചു. മഴയത്ത് ചോർന്നൊലിച്ചു ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടത്തിൽ നിന്നും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം നിർമിച്ച പുതിയ കെട്ടിടത്തിലേക്കു കന്റീൻ മാറ്റി സ്ഥാപിക്കാൻ ആശുപത്രി വികസന സമിതി ഏകകണ്ഠമായാണു തീരുമാനം എടുത്തത്. നിയമസഭയിൽ പ്രാതിനിധ്യമുള്ള ഉള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെട്ടതാണു ആശുപത്രി വികസന സമിതി. യുഡിഎഫ് പ്രതിനിധികൾ കൂടി ഉൾപ്പെട്ട ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കെതിരെ സമരവുമായി വരുന്നതിനു മുൻപ് തങ്ങളുടെ പ്രതിനിധികളെ മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്നു തിരിച്ചു വിളിക്കാനുള്ള മാന്യത കാണിക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം ) ആവശ്യപ്പെട്ടു.
കന്റീന് എതിരെ ഇപ്പോൾ സമരവുമായി കടന്നുവരുന്നത് ആശുപത്രിയുടെ പ്രവർത്തനങ്ങളെ താറുമാറാക്കി സ്വകാര്യ ലോബിയെ സഹായിക്കുന്നതിനു വേണ്ടിയാണെന്നും യൂത്ത് ഫ്രണ്ട് (എം) ആരോപിക്കുന്നു.
ദിവസേന ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് യുഡിഎഫ് സമരമെന്നും കഴിഞ്ഞ 15 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പി.ആശുപത്രിയിൽ ഒരു ശുചിമുറി നിർമിക്കാനുള്ള ഫണ്ട് പോലും ഇതുവരെ നൽകിയിട്ടില്ലെന്നും യൂത്ത് ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.പ്രസിഡന്റ് റിച്ചു സുരേഷ് അധ്യക്ഷത വഹിച്ചു.
കെജിഒഎ കോട്ടയം ജില്ലാ പ്രസിഡന്റ് എൻ പി പ്രമോദ്‌കുമാർ നിര്യാതനായി
കാഞ്ഞിരപ്പള്ളി : കെജിഒഎ കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന ഓഡിറ്ററുമായ എൻ പി പ്രമോദ്കു മാർ (55) പാലക്കാട് ജങ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. കെജിഒഎ സംസ്ഥാന കൺവൻഷനിൽ പങ്കെടുത്ത് കോട്ടയത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഞായർ വൈകിട്ട് നാലിനാണ് സംഭവം. കാഞ്ഞിരപ്പള്ളി പാറത്തോട് ഇഞ്ചിയാനി പന്നാങ്കൽ കുടുംബാംഗമായ പ്രമോദ്കു മാർ സാമൂഹ്യനീതി വകുപ്പ് കോട്ടയം ജില്ലാ ഓഫീസിൽ സീനിയർ സൂപ്രണ്ടാണ്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്‌ച പോസ്റ്റ്മോർട്ടത്തിനു ശേഷം പകൽ 3.30ന് ഇഞ്ചിയാനിയിലെ പന്നാങ്കൽ വീട്ടിൽ എത്തിക്കും.സംസ്കാരം രാത്രി എട്ടിന് വീട്ടുവളപ്പിൽ.
കേരള എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ, കെജിഒഎ ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി യറ്റംഗം, ജില്ലാ ട്രഷറർ എന്നീ നിലയിലും പ്രവർത്തിച്ചു. സാമൂഹ്യനീതി വകുപ്പിൽ എൽഡി ക്ലർക്ക് തസ്തികയിൽ സർക്കാർ സർവീസിൽ പ്രവേശിച്ച പ്രമോദ് ആലപ്പുഴ, കോട്ടയം ജില്ലകളിൽ ജോലിചെയ്തു. കോട്ടയം ഗവ. എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റായിരുന്നു. 2002ലെയും 2013ലെയും ഐതിഹാസികമായ പണിമുടക്കുകൾക്ക് നേതൃത്വം നൽകി.
ഭാര്യ പ്രിയ. മക്കൾ: ദേവിക പ്രമോദ് (ഭുവനേശ്വർ), സാധിക പ്രമോദ് (ഇഞ്ചിയാനി ഹോളി ഫാമിലി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി).
വെട്ടിക്കാട്ട് ശാസ്താക്ഷേത്രത്തിൽ നക്ഷത്രവനം സമർപ്പിച്ചു
വാഴൂർ: വെട്ടിക്കാട്ട് ധർമശാസ്താക്ഷേത്രത്തിൽ നക്ഷത്രവനം ഒരുക്കി. ദേവാങ്കണം ചാരുഹരിതം പദ്ധതിയിലാണ് 27 നാളുകാരുടെയും പുണ്യവൃക്ഷങ്ങൾ ക്ഷേത്രവളപ്പിൽ നട്ട് പരിപാലിക്കുന്നത്. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് നക്ഷത്രവനത്തിന്റെ സമർപ്പണം നടത്തി.
പൂർവവിദ്യാർഥി സംഗമം
ചിറക്കടവ്: സെയ്ന്റ് ഇഫ്രേംസ് ഹൈസ്‌കൂളിലെ 1991 എസ്.എസ്.എൽ.സി.ബാച്ചിൽ പഠിച്ചവരുടെ കൂട്ടായ്മയായ തിരുമുറ്റം-91-ന്റെ അഞ്ചാമത് കുടുംബസംഗമം പൊൻകുന്നം വൈസ്മെൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തി.
അന്ന് സ്‌കൂൾ ലീഡറായിരുന്ന ചേനപ്പാടി തലപ്പുലത്ത് ടി.ജി.സുജിത്ത് അധ്യക്ഷത വഹിച്ചു. പ്രവാസി അംഗങ്ങളായ അജിത കുമ്പളപ്പള്ളിൽ, ഷീജ വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായി. രാജീവ് എൻ.പ്ലാപ്പള്ളി, ബോബി വർഗീസ്, ബോബൻ ബി.മാണി, റെജി ജെയിംസ്, വിജയകുമാർ, കെ.പി.ജയൻ എന്നിവർ പ്രസംഗിച്ചു
അനിത കുമ്പളപ്പള്ളിൽ, കവിത സുരേഷ്, സരിത പ്രകാശ്, സിന്ധു സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പൂർവവിദ്യാർഥികളുടെയും മക്കളുടെയും കലാപരിപാടികൾ നടന്നു. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അന്തരിച്ച പ്രഥമാധ്യാപകൻ എം.ജെ.തോമസിന് ആദരാഞ്ജലി അർപ്പിച്ചു.
വൈദ്യുത അപകടങ്ങൾക്കെതിരേ ബോധവത്കരണ ക്ലാസ്
കാഞ്ഞിരപ്പള്ളി: വൈദ്യുത അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൈക്കൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ചും അപകടങ്ങൾ സംഭവിച്ചാൽ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷകളെ ക്കുറിച്ചും കെഎസ്ഇബി പാറത്തോട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി.
കെഎസ്ഇബി പാറത്തോട് സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ കെ.വി. നഞ്ജൻ നേതൃത്വം നൽകി. കെഎസ്ഇബി പൊൻകുന്നം ഡിവിഷനി ലെ സബ് എൻജിനിയർ ദിലീപ് ചാക്കോ ക്ലാസ് നയിച്ചു. വൈദ്യുതി അമൂല്യമാണെന്നും അത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ചും വിദ്യാർഥികളിൽ അവബോധമുണ്ടാക്കുന്നതിന് സെമിനാറിലൂടെ സാധിച്ചു.
അസിസ്റ്റന്റ് എൻജിനിയർമാരായ ഡോ. റാണി ചാക്കോ, മനോജ് തോമസ്, ഓവർസിയർ അബ്ദു ൾ ഹക്കിം, സീനിയർ അസിസ്റ്റന്റ് രശ്മി വർഗീ സ്, ശിവപ്രിയ എ. നായർ എന്നിവർ പ്രസംഗിച്ചു.
റബർ ഷീറ്റിന് 180 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതി പത്താം ഘട്ടത്തിന് തുടക്കമായി
റബർ ഷീറ്റിന് 180 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതി പത്താം ഘട്ടത്തിന് തുടക്കമായി. മുൻപ് രജിസ്റ്റർ ചെയ്തവർക്ക് അംഗത്വം പുതുക്കാം. പുതുതായി സ്‌കീമിൽ ചേരുന്നവർക്ക് നവംബർ 30 വരെ അപേക്ഷ നൽകാം. വില സബ്‌സിഡി സ്‌കീമിലേക്ക് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒൻപതാം ഘട്ടത്തിലെ 60 കോടി രൂപ കുടിശിക കർഷകർക്ക് വിതരണം ചെയ്യാനുണ്ട്.
നടപ്പുസാമ്പത്തിക വർഷത്തിലേക്ക് അനുവദിച്ച 500 കോടിയിൽ 10 കോടി രൂപപോലും സബ്സിഡി നൽകേണ്ടതായി വന്നിട്ടില്ല. മാർച്ച് മുതൽ മേയ് വരെ ടാപ്പിംഗ് പരിമിതമായിരുന്നു. ഈ മാസങ്ങളിൽ റബർ വില 170 രൂപയ്ക്ക് മുകളിൽ എത്തുകയും ചെയ്‌തു. നിലവിൽ റബർ 206 രൂപ വിലയുണ്ട്.
റബർ വിലസ്ഥിരതാ പദ്ധതി നിലവിൽ വന്നതിനുശേഷം അയ്യായിരം കോടി രൂപ ബജറ്റുകളിൽ വകയിരുത്തിയതിൽ രണ്ടായിരം കോടിയിൽ താഴെയേ സർക്കാരിന് സബ്‌സിഡിയായി നൽകേണ്ടിവന്നിട്ടുള്ളു.
വാദ്യോപകരണങ്ങൾ വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി :ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി യുവതി യുവാക്കൾക്ക് വാദ്യോപകരണങ്ങൾ വിതര ണം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിതരണം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായ ത്തംഗങ്ങളായ ജെസി ഷാജൻ, ശുഭേഷ് സുധാകരൻ, പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ, സെക്രട്ടറി എസ് ഫൈസൽ, പട്ടികജാതി വികസന ഓഫീസർ അനീഷ് വി നായർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.
തൊഴിലുറപ്പ് പദ്ധതി വാർഷികം
ഇരുമ്പൂന്നിക്കര ∙ പട്ടികവർഗ എസ്ടി ഗ്രൂപ്പ് ദേശീയ തൊഴിലുറപ്പ് പദ്ധതി വാർഷികം 9–ാം വാർഡ് അംഗം പ്രകാശ് പള്ളിക്കൂടം ഉദ്ഘാടനം ചെയ്തു. ഉരു മൂപ്പൻ രാജൻ അറക്കുളം അധ്യക്ഷത വഹിച്ചു മേറ്റ് രതി മുത്തോട്ട്, മധുസൂദനൻ പുതുപ്പുരയ്ക്കൽ, ജിനി മോൾ, ശ്രീജിത്ത് ജയനി രാജീവ് പറപ്പള്ളി, സ്വർണമ മാധവൻ, നിഷ മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
അനുമോദിച്ചു
പൊന്തൻപുഴ ∙ മണിമല പഞ്ചായത്ത് 9–ാം വാർഡിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഗവ. ചീഫ് വിപ് എൻ.ജയരാജ് മുഖ്യാതിഥിയായി. വാർഡംഗം പി.ജി.പ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് വർഗീസ്, വാർഡംഗങ്ങളായ മോളി മൈക്കിൾ, റോസമ്മ ജോൺ, സുജ ബാബു, മണിമല സഹകരണ ബാങ്ക് ബോർഡ് അംഗം മാത്യു ജോസഫ്, ആശ തോമസ്, പാസ്റ്റർ കുഞ്ഞുമോൻ, അസീസ് ആലപ്ര, മുരളീധരൻ മുല്ലശേരി, പി.കെ. രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
കുടുംബസംഗമം
ചിറക്കടവ് ∙സെന്റ് എഫ്രേംസ് ഹൈസ്കൂളിൽ 1991 എസ്എസ്എൽസി ബാച്ചിൽ പഠിച്ചവരുടെ കൂട്ടായ്മയായ തിരുമുറ്റം – 91ന്റെ കുടുംബസംഗമം പൊൻകുന്നം വൈസ്മെൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തി. സ്കൂൾ ലീഡറായിരുന്ന ചേനപ്പാടി തലപ്പുലത്ത് ടി.ജി.സുജിത്ത് അധ്യക്ഷത വഹിച്ചു.
കർഷകസഭ ഉദ്ഘാടനം ഇന്ന്
ചിറക്കടവ് ∙ പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടപ്പാക്കുന്ന കർഷകസഭയുടെയും ഞാറ്റുവേലച്ചന്തയുടെയും പഞ്ചായത്തുതല ഉദ്ഘാടനം ഇന്നു രാവിലെ 10നു ഗ്രാമദീപം വായനശാലയിൽ നടത്തും.
മുരിക്കുംവയൽ വിഎച്ച്എസ്എസിൽ എൻഎസ്എസ് യൂണിറ്റ് ക്യാംപ്
മുരിക്കുംവയൽ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ക്യാംപ് നടത്തി. പിടിഎ പ്രസിഡന്റ് കെ.ടി.സനിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.എസ്.സുരേഷ് ഗോപാൽ അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ബി.സുനിൽ കുമാർ, അധ്യാപകരായ വി.എസ്.രതീഷ്, പി.ആർ.രേഖ മോൾ എന്നിവർ പ്രസംഗിച്ചു. പ്രഫ.ബാബു ശങ്കർ ക്ലാസുകൾ നയിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കു വേണ്ടി ന്യൂസ് പേപ്പർ ചാലഞ്ച്, വാഴക്കൃഷി ഒരുക്കൽ, ബോധവൽക്കരണ ക്ലാസ് എന്നിവ നടന്നു.
എരുമേലി സെന്റ് തോമസ് – നേർച്ചപ്പാറ റോഡ് തകർന്നു
എരുമേലി ∙ സെന്റ് തോമസ് – നേർച്ചപ്പാറ റോഡ് തകർന്നു. സെന്റ് തോമസ് ജംക്‌ഷനിൽ നിന്ന് പ്രവേശിക്കുന്ന ഭാഗമാണ് ടാറിങ് തകർന്ന് കുണ്ടുംകുഴിയും ആയത്. അസൻഷൻ ഫൊറോന പള്ളി, 2 പ്രധാന സ്കൂളുകൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഒട്ടേറെ വാഹനങ്ങളും ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്. മാസങ്ങളായി റോഡ് ടാറിങ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്. മഴക്കാലമായതോടെ റോഡ് കൂടുതൽ തകർന്നു. എത്രയും വേഗം റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏന്തയാറിലെ എസ്ബിഐ എടിഎം തകരാറിൽ
ഏന്തയാർ ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം തകരാറിലായിട്ട് മാസങ്ങൾ പിന്നിടുന്നു. ജനങ്ങൾ ദുരിതത്തിൽ. ടൗണിലുള്ള എടിഎം ഇടയ്ക്കിടെ മാത്രമാണ് പ്രവർത്തിക്കുന്നത്. മുൻപ് ഇതേ രീതിയിൽ എടിഎം വളരെ നാളുകൾ പ്രവർത്തനരഹിതമാവുകയും നാട്ടുകാർ റീത്ത് വച്ചു പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
എടിഎം തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗം അനു ഷിജു ബാങ്ക് അധികൃതർക്ക് പരാതി നൽകി.
മറ്റന്നൂർക്കരയ്ക്കു സമീപം റോഡിൽ കുഴികൾ
എരുമേലി ∙ റാന്നി റോഡിൽ മറ്റന്നൂർക്കരയ്ക്കു സമീപം റോഡിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു. വളവിൽ രൂപപ്പെട്ട കുഴിയിൽ ചാടി ഒട്ടേറെ ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
ഈ റോഡിലൂടെ വേഗത്തിൽ എത്തുന്ന ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ചാടുമ്പോൾ നിയന്ത്രണംവിട്ട് വീഴുകയാണ് ചെയ്യുന്നത്. മാസങ്ങൾക്ക് മുൻപ് ഈ കുഴിയുള്ള ഭാഗം പൊതുമരാമത്ത് വകുപ്പ് ടാറിങ് നടത്തി അടച്ചിരുന്നെങ്കിലും മഴക്കാലമായതോടെ വീണ്ടും ഇവിടെ കുഴികൾ രൂപപ്പെടുകയായിരുന്നു. ടാറിങ്ങിലെ അപാകതയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നാട്ടുകാർ കുഴിയിൽ കല്ലും മണ്ണുമിട്ട് അടയ്ക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും കുഴികൾ തെളിഞ്ഞു.
അറവുശാലയിൽനിന്ന് മലിനജലംപുറത്തേക്ക് ഒഴുക്കുന്നതായി പരാതി
എരുമേലി ∙ നേർച്ചപ്പാറ കവുങ്ങുംകുഴി റോഡിലെ അറവുശാലയിൽ നിന്നുള്ള മലിനജലം പരിസര മലിനീകരണത്തിനു കാരണമാകുന്നതായി പരാതി.
രക്തം കലർന്ന ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതുമൂലം രൂക്ഷഗന്ധവും ഈച്ചശല്യവും തെരുവുനായ്ക്കളുടെ ശല്യവും ഉണ്ടാകുന്നതായാണു നാട്ടുകാരുടെ പരാതി.
പാചക വാതക സിലിണ്ടർ വിതരണം കാര്യക്ഷമമാക്കണം
കാഞ്ഞിരപ്പള്ളി: പൊൻകുന്നം മേരിമാതാ, ഭാരത് എന്നീ പാചക ഏജൻസികളിൽ നിന്നുമുള്ള സിലിണ്ടർ വിതരണം കാര്യക്ഷമമാക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.
കാത്തിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലെ ഉൾപ്രദേശത്തുള്ള ഉപഭോക്താക്കൾ സിലിണ്ടർ ഒന്നിന് 20 ഉം 30 ഉം രൂപ അഡീഷണലായി കൊടുത്ത് സിലിണ്ടറും ബുക്കും കടകളിലും മറ്റും കൊടുക്കേണ്ട സ്ഥിതിയാണു്. ഇവിടെ കൊണ്ടുവരാനും തിരികെ കൊണ്ടു പോകുവാനും ഓട്ടോയുടെ സഹായം തേടുകയും വേണം. ഒരു സിലിണ്ടർ എടുക്കുമ്പോൾ ഉപഭോക്താവ് അഡീഷണലായി 100 രുപ കൂടി ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്. ഉൾപ്രദേശങ്ങളിൽ ആഴ്ചയിൽ രണ്ടു വട്ടവും സിലിണ്ടർ എത്തിച്ച് ഉപഭോക്താക്കളുടെ ദുരിതം ഒഴിവാക്കുവാൻ അടിയന്തിര നടപടി വേണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു
വഴിയിടവിശ്രമകേന്ദ്ര നിർമാണവും പാതിവഴിയിൽ നിലച്ചു
മണിമല വെള്ളാവൂർ പഞ്ചായത്തുവക മണിമല ബസ്‌സ്റ്റാൻഡിലെ ശൗചാലയം മാസങ്ങളായി അടഞ്ഞ നിലയിൽ. സമീപത്ത് ബസ്‌സ്റ്റാൻഡ് മൈതാനിയിൽ രണ്ടുവർഷം മുമ്പ് ആരംഭിച്ച വഴിയിട വിശ്രമകേന്ദ്രത്തിന്റെ നിർമാണം പാതിവഴിയിൽ നിലച്ചു. 35 ലക്ഷം രൂപ ചെലവിലാണ് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നിർമ്മാണം ആരംഭിച്ചത്. കെട്ടിടത്തിന്റെ നിർമാണം ഭാഗികമായി പൂർത്തിയാക്കി. വഴിയിട വിശ്രമകേന്ദ്രം പണിനടക്കുമ്പോൾ പഴയ ശൗചാലയത്തിന്റെ അറ്റകുറ്റപ്പണിയും നടന്നിരുന്നു പിന്നീട് ഇത് തുറക്കാ തായതോടെ യാത്രക്കാർ ബുദ്ധി മുട്ടിലായി.
പുലർച്ചെ ആറുമണിക്കു മുമ്പ് മണിമലയിൽ സർവീസ് തീരുന്ന ദീർഘദൂര സർവീസുകളിൽ എത്തുന്ന യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നു. മണിമലയിൽ രാത്രികാല സർവീസ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി. ജീവനക്കാരും വ്യാപാരികളും
ടാക്സിത്തൊഴിലാളികളും ശങ്കതീർക്കാൻ ബുദ്ധിമുട്ടുന്നു.
അദ്ധ്യാപക ഒഴിവ്
പാറത്തോട് : ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ) ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ ജൂലൈ 10 ബുധനാഴ്ച 11 ന് നടക്കും. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകണം
ബിഎസ്എൻഎൽ 4ജി മേള
കാഞ്ഞിരപ്പള്ളി ∙ ബിഎസ്എൻഎൽ 4ജി മേള ഇന്നു മുതൽ 10 വരെ തീയതികളിൽ എസ്ബിഐ ജംക്‌ഷനിൽ നടത്തും. പുതിയ 4ജി സിം, സൗജന്യമായി 4ജിയിലേക്ക് അപ്ഗ്രേഡ്, നമ്പർ മാറാതെ തന്നെ ബിഎസ്എൻഎല്ലിലേക്കു പോർട്ട് ചെയ്യാനുള്ള സൗകര്യം എന്നിവ മേളയിൽ ലഭ്യമാണ്. 9446129463, 04812567000
സീറ്റൊഴിവ്
കോട്ടയം ∙ ബേക്കർ വിമൻസ് കോളജിൽ ബിസിഎ, ബിഎസ്‌സി സൈക്കോളജി, ബികോം കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 7907896132, 9072014000
ഇന്നത്തെ പരിപാടി
∙ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാൾ : ശാലോം മധ്യസ്ഥ പ്രാർഥന. ജപമാല, സ്തുതി ആരാധന, വചനപ്രഘോഷണം – 10.00
∙ ചിറക്കടവ് മണക്കാട്ട് ഭദ്ര ക്ഷേത്രം : ആയില്യം പൂജ –8.30
അധ്യാപകർ ജോലി ഒഴിവ്
ഇടക്കുന്നം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ) അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. ഇന്റർവ്യൂ 10ന് രാവിലെ 11ന് നടത്തും. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി നേരിട്ട് സ്കൂൾ ഓഫിസിൽ എത്തണം.
സിസ്റ്റർ അൻസിറ്റ സിഎംസി
കാഞ്ഞിരപ്പള്ളി സിഎം സി അമല പ്രൊവിൻസി ലെ സെന്റ് മേരീസ് മഠാംഗ മായ സിസ്റ്റർ അൻസിറ്റ സിഎംസി (അച്ചാമ്മ – 79, റിട്ട. അധ്യാപിക, സെന്റ് മേരീസ് ജിഎച്ച്എസ്, കാഞ്ഞിരപ്പള്ളി) നിര്യാതയായി. സംസ്കാരം ഇന്ന് 2.15ന് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് കോൺവന്റ് ചാപ്പലി ലെ ശുശ്രൂഷയ്ക്കു ശേഷം 3.30ന് മാർ മാത്യു അറയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ കാഞ്ഞിരപ്പള്ളി കത്തീഡ്രലിൽ.
പരേത പൂവരണി പെരുമണ്ണിൽ വർക്കി – ത്രേസ്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പി.ജെ. ജോസഫ് (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്എസ്എസ്, പാലാ), സിസ്റ്റർ മേരി വിക്ടിമ സിഎംസി (പാലപ്ര), ഫിലോമിന അടിച്ചിലാമാക്കൽ (ചെങ്ങളം), ലൂസി പുല്ലാട്ടുകാലായിൽ (റിട്ട. എച്ച്എം, ഗവ. എച്ച്എസ്, മാ ലോം), ജോർജ് ഫ്രാൻസി സ് (റിട്ട. പ്രഫസർ, സെന്റ് തോമസ് കോളജ്, പാലാ).
ടി. എ. കുര്യൻ പഴയിടം
തറപ്പേൽ (മണ്ണക്കനാ ട്) ആന്റണിയുടെ മകൻ ടി. എ. കുര്യൻ (തങ്കച്ചൻ – 67) അന്തരിച്ചു. സംസ്കാ രം നാളെ 10നു വീട്ടിൽ ആ രംഭിച്ച് പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ.
ഭാര്യ: റോസമ്മ കട്ടപ്പന കാണക്കാലിൽ കുടും ബാംഗം. മക്കൾ: റോബിൻ കുര്യൻ, അഡ്വ. എബിൻ കുര്യൻ.
ഭാസ്‌കരൻ ആചാരി
കൊടുങ്ങൂർ: വള്ളികുന്നേൽ ഭാസ്‌കരൻ ആചാരി (85) അന്തരിച്ചു. ഭാര്യ: പരേതയായ രത്‌നമ്മ. മക്കൾ: ബി.ബാബു, ബി.രമാദേവി, ബി.സാബു, ബി.മിനിമോൾ. മരുമക്കൾ: കുമാരി (മൈലാടുപാറ), വാസുദേവൻ (ചൂട്ടുവേലി), രജനി(വരിക്കയാനി), ജയൻ (ചൂട്ടുവേലി). സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.