മുണ്ടക്കയം കോസ്‌വേ നിർമാണം : ടൗണിൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കി

മുണ്ടക്കയം ∙ കോസ്‌വേയുടെ നിർമാണം നടക്കുന്നതിനാൽ ടൗണിൽ ഉണ്ടാകുന്ന ഗതാഗത പ്രശ്നങ്ങൾ ഒഴിവാക്കാൻ ട്രാഫിക് കമ്മിറ്റി യോഗം ചേർന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, വൈസ് പ്രസിഡന്റ് ഷീല ഡൊമിനിക്, സി.വി.അനിൽ കുമാർ, ഷിജി ഷാജി, സുലോചന സുരേഷ്, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഹുൽ എന്നിവർ പ്രസംഗിച്ചു. മുണ്ടക്കയം, പെരുവന്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, ആർ.ടി.ഒ, പൊതുമരാമത്ത് വകുപ്പ് വിഭാഗം, വ്യാപാരികൾ, ഓട്ടോ ടാക്സി ബസ് സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

തീരുമാനങ്ങൾ

∙ കല്ലേപ്പാലം മുതൽ പൈങ്ങണ വരെ വഴിയരികിൽ പാർക്കിങ് നിരോധിച്ചു.

∙ കോരുത്തോട്ടിൽ നിന്നും വരുന്ന ബസും വലിയ വാഹനങ്ങളും വണ്ടൻപതാൽ 35–ാം മൈൽ വഴി ദേശീയപാതയിൽ പ്രവേശിക്കണം.

∙ എരുമേലി ഭാഗത്തു നിന്നും ഹൈറേഞ്ചിലേക്കു പോകുന്ന ചെറിയ വാഹനങ്ങൾ വരിക്കാനി കവലയിൽ നിന്നും തിരിഞ്ഞ് വണ്ടൻപതാൽ വഴി 35–ാം മൈലിൽ എത്തണം. ഇത് വൺവേയായി മാറ്റും.

∙ ബൈപാസ് റോഡ് പൂർണമായി ഉപയോഗിക്കുന്നതിനു കോസ്‌വേ കവലയിലും പൈങ്ങണയിലും പൊലീസിനെ നിയോഗിക്കും. (രാവിലെ എട്ട് മുതൽ 10 വരെയും. വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെയും പരമാവധി വാഹനങ്ങൾ ബൈപാസ് വഴി കടത്തിവിടും)

∙ ചെറു വാഹനങ്ങൾ ടിബി കവലയിൽ നിന്നും ലത്തീൻ പള്ളി ഗ്രൗണ്ടിലൂടെ ബൈപാസ് റോഡിലേക്ക് പ്രവേശിക്കാൻ അനുമതി വാങ്ങും.

∙ കൂടുതൽ മുന്നറിയിപ്പ് സൂചനാ ബോർഡുകൾ സ്ഥാപിക്കും.

∙ കല്ലേപ്പാലം മുതൽ വരിക്കാനി കവല വരെ റോഡിലെ കയ്യേറ്റവും പാർക്കിങ്ങും ഒഴിവാക്കും.

കുരുക്കഴിക്കാൻ സഹകരണം വേണം

∙ ഒരു മാസക്കാലമാണ് നിർമാണത്തിന്റെ ഭാഗമായി കോസ്‌വേ അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമെങ്കിൽ അതിനു മുൻപേ നിർമാണം പൂർത്തീകരിച്ച് തുറന്ന് നൽകുമെന്നും അധികൃതർ പറയുന്നു. കോരുത്തോട്, എരുമേലി റൂട്ടുകളിൽ നിന്നും എത്തുന്ന വാഹനങ്ങൾ ദേശീയപാതയിൽ പ്രവേശിക്കുന്ന സമയത്താണു ഗതാഗത കുരുക്കിന് കാരണമാകുന്നത്. ബൈപാസ് റോഡ് ജനങ്ങൾ ഉപയോഗിക്കാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വീതി കുറഞ്ഞ മുളങ്കയം റോഡ് വഴി രണ്ട് ബസുകൾ ഒരുമിച്ച് എത്തിയാൽ വളരെ ഞെരുങ്ങി കടന്നു പോകുക.

ഒപ്പം 34–ാം മൈലിൽ ദേശീയപാതയിൽ നിന്നും മുളങ്കയം റോഡിലേക്ക് കയറുന്ന ഭാഗത്ത് വലിയ ബസുകൾ ഒറ്റ തവണയായി വളഞ്ഞു വരാത്തതും ഗതാഗതക്കുരുക്കിന് കാരണമാണ്. ബസുകൾ പിന്നിലേക്ക് എടുത്ത് തിരിച്ചതിനു ശേഷമാണ് കടന്നു പോകുന്നത് ഇൗ സമയത്ത് ദേശീയപാതയിലും മുളങ്കയം റോഡിലും ഒരുപോലെ ഗതാഗത തടസ്സം ഉണ്ടാകും.

ഇൗ പ്രദേശം ഇടുക്കി ജില്ല ആയതിനാൽ പെരുവന്താനം പൊലീസാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ആവശ്യം ഇല്ലെങ്കിലും ടൗണിലൂടെ മാത്രം കടന്നു പോകുന്ന വാഹനങ്ങൾ കോസ്‌വേ കവല വഴി ബൈപാസ് റോഡിലൂടെ കടത്തിവിട്ടാൽ ടൗണിലെ ഗതാഗത കുരുക്കിനു പരിഹാരമാകും.

ഇതിനായി ജനങ്ങൾ തന്നെ സഹകരിക്കണം എന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.

error: Content is protected !!