റോഡ് തകർച്ച പ്രതിഷേധിച്ച് നാട്ടുകാർ ജനകീയ സമരം നടത്തി ; തേങ്ങ ഉടച്ച് തുടക്കം; മനുഷ്യച്ചങ്ങല തീർത്തു
മുണ്ടക്കയം ∙ തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ ഒന്നുചേർന്നു. കരിനിലം – കുഴിമാവ് റോഡിൽ തേങ്ങ ഉടച്ച് ആരംഭിച്ച സമരം റോഡ് നിർമാണം വരെ നീളും. 7 കിലോമീറ്റർ പൂർണമായും തകർന്ന റോഡിനു വേണ്ടി പ്രദേശവാസികൾ ഒരുമിച്ച് ഇറങ്ങിയതോടെ ഉടൻ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്. അഞ്ച് വർഷത്തിലേറെയായി തകർന്ന് കിടക്കുന്ന കരിനിലം കുഴിമാവ് റോഡിൽ കരിനിലം മുതൽ കൊട്ടാരംകട വരെയുള്ള ഏഴ് കിലോമീറ്റർ ഭാഗത്ത് റോഡ് പൂർണമായും ഇല്ലാതായ നിലയിലാണ്.
കരിനിലം – കുഴിമാവ് റോഡിന്റെ തുടക്കമായ കരിനിലം പോസ്റ്റ് ഓഫിസ് കവലയിൽ മുതിർന്ന അംഗമായ ഹൗവ്വക്കുട്ടി ഉമ്മ തേങ്ങ ഉടച്ച് സമരം ഉദ്ഘാടനം ചെയ്തു. 96 കവല, പ്ലാക്കൽപടി, പന്ത് കളം, തലനാട് കവല, പശ്ചിമ അങ്കണവാടി കവല, പശ്ചിമ ദേവീക്ഷേത്രം, പുതിയ കോളനി, 504 ടോപ്, വെള്ളാനി കവല, കൊട്ടാരം കട എന്നിവിടങ്ങളിൽ നാട്ടുകാർ ഒത്തുചേർന്ന് റോഡിൽ തേങ്ങയുടച്ചു.
സംരക്ഷണസമിതി ചെയർപഴ്സനും പഞ്ചായത്തംഗവുമായ സിനിമോൾ തടത്തിൽ പ്രധാനകേന്ദ്രത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമരകേന്ദ്രങ്ങളിൽ ജനങ്ങൾ റോഡിന്റെ വശത്ത് അണിനിരന്ന് മനുഷ്യച്ചങ്ങലയും തീർത്തു.
ജനകീയ വിഷയത്തിനായി നാട് ഒരുമിച്ചപ്പോൾ രാഷ്ട്രീയ പാർട്ടികളുടെയും, കൊടികളുടെയും നിറങ്ങളുടെയും വ്യത്യാസങ്ങൾ മാറ്റി വച്ച് ജനങ്ങൾ ഒരുമിച്ച് ഇറങ്ങിയ കാഴ്ചയാണ് കുഴിമാവ് റോഡിൽ കണ്ടത്. വിവിധ രാഷ്ട്രീയ പാർട്ടികൾ സാമൂഹിക സാംസ്കാരിക മത സംഘടനകൾ ഉൾപ്പെടെ ഐക്യദാർഢ്യത്തോടെ എത്തി. സമര സമിതി കൺവീനർ ജാൻസി തൊട്ടിപ്പാട്ട്, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, വൈസ് പ്രസിഡന്റ് പി.ഡി.പ്രകാശ്, സംരക്ഷണ സമിതി സെക്രട്ടറി അഖിലേഷ് എം.ബാബു, ട്രഷറർ എം.എസ്.അഖിൽ, സുധൻ മുകളേൽ, ബി.ജയചന്ദ്രൻ, സന്തോഷ്, അജോയി കൊട്ടാരംകട, സത്യൻ പഞ്ചാരത്തിൽ, റോബിൻ, പ്രസാദ് പശ്ചിമ, ബെന്നി ചേറ്റുകുഴി, സുരേഷ് പശ്ചിമ, പ്രസാദ് പ്ലാക്കൽപടി, സുകുമാരൻ പശ്ചിമ, വിനോദ് കോസടി, സി.സി.തോമസ്, സി.എൻ.രാജേഷ്, സുകുമാരൻ, രത്നമ്മ, എം.എൻ.ജിനൻ, സലിം, സുകുമാരൻ, സന്തോഷ്, ബിജുമോൻ, അനന്തു, രാഹുൽ കുഴിമാവ് എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.
അഞ്ച് വർഷത്തിലേറെയായി തകർന്ന് കിടക്കുന്ന കരിനിലം കുഴിമാവ് റോഡിൽ കരിനിലം മുതൽ കൊട്ടാരംകട വരെയുള്ള ഏഴ് കിലോമീറ്റർ ഭാഗത്ത് റോഡ് പൂർണമായും ഇല്ലാതായ നിലയിലാണ്.
കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിലെ രണ്ട് വാർഡുകളിലൂടെയാണു റോഡ് കടന്നു പോകുന്നത്. കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ച് കോരുത്തോട്, പുഞ്ചവയൽ റൂട്ടുകളിലൂടെയാണു നാടിന്റെ യാത്ര. ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ള കോളനികൾ ഉള്ള പ്രദേശത്തേക്ക് സ്കൂൾ ബസുകൾ പോലും എത്താത്ത സാഹചര്യമാണ് നിലവിലുള്ളത്. രണ്ട് വർഷം മുൻപ് റോഡിന് തുക അനുവദിച്ചു എങ്കിലും കരാറുകാരൻ നിർമാണം പാതി വഴിയിൽ ഉപേക്ഷിച്ചതോടെ പദ്ധതി മുടങ്ങി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഉടൻ നിർമാണം ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. അതു വരെയും സമരം തുടരാനാണു ജനങ്ങളുടെ തീരുമാനം. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ജനകീയ യോഗങ്ങൾ നടത്തുമെന്ന് റോഡ് സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചു.