കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 09/07/2024

കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ (09/07/2024) ഇന്നത്തെ പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം :
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ പ്രധാന വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, ഇന്നത്തെ സിനിമ, പരാതികൾ, ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ..

ജനറൽ ആശുപത്രി കാന്റീൻ വിവാദം : UDF പ്രതിഷേധ ധർണ്ണ നടത്തി.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീൻ വിവാദത്തെയും അഴിമതിയെയും പറ്റി സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട്
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിപടിക്കൽ UDF നടത്തിയ പ്രതിഷേധ ധർണ്ണ AICC മെമ്പർ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ഇവിടെ കാണുക :

കാഞ്ഞിരപ്പള്ളി ∙ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കണമെന്നും, കമ്മിഷൻ തട്ടിയെടുക്കാനാകരുതെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ പറഞ്ഞു. ജനറൽ ആശുപത്രിയിലെ കന്റീൻ നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആശുപത്രി കവാടത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

75 ലക്ഷം മുടക്കി നിർമിച്ച കെട്ടിടത്തിൽ കന്റീൻ പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്നും ആരോപിച്ചാണു യുഡിഎഫ് സമരം നടത്തിയത്. യുഡിഎഫ് നേതാക്കളായ തോമസ് കല്ലാടൻ, പി.ജീരാജ്, മറിയമ്മ ജോസഫ്, പി.എം.സലീം, മുണ്ടക്കയം സോമൻ, അബ്ദുൽ റസാക്ക്, സേവ്യർ മൂലകുന്ന്, ലാജി തോമസ് എന്നിവർ പ്രസംഗിച്ചു.

എൻ പി പ്രമോദ് കുമാറിന് നാടിന്റെ അന്ത്യാഞ്ജലി

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ച കെജിഒഎ ജില്ലാ പ്രസിഡന്റ് എൻ പി പ്രമോദ് കുമാറിന് നാടിന്റെ അന്ത്യാഞ്ജലി. സംഘടനയുടെ സംസ്ഥാന കൺവൻഷനിൽ പങ്കെടുത്ത് മടങ്ങാൻ ഞായറാഴ്ച വൈകുന്നേരം. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രമോദ് കുമാർ എത്തിയപ്പോഴാണ് കുഴഞ്ഞുവീണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പാറത്തോട് ഇഞ്ചിയാനി പന്നാങ്കൽ കുടുംബ വീട്ടിൽ എത്തിച്ചു .

സിപിഐ എം ജില്ലാ സെക്ര ട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ നേതാക്കളായ കെ എം രാധാകൃഷ്ണൻ, അഡ്വ. റെജി സഖറിയ, കൃഷ്ണകുമാരി രാജശേഖരൻ, കെ രാജേഷ്, ഷമീം അഹമ്മദ്, തങ്കമ്മ ജോർ ജ്‌കുട്ടി, കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ, പ്രസിഡൻ്റ് ഡോ. എസ് ആർ മോഹന ചന്ദ്രൻ, കേരള എൻ ജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എം എൻ അനിൽ കുമാർ, മുൻ എം പി തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, കാഞ്ഞിര പ്പള്ളി ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡൻ്റ് ടി എസ് കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ രേഖാ ദാസ്, കെ കെ ശശികുമാർ, കെ ആർ തങ്കപ്പൻ, വിവിധ സംഘടനാ നേതാക്കൾ, രാഷ്‌ടീയകക്ഷി നേതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

രാത്രി എട്ടോടെ വീട്ടുവളപ്പിൽ സംസ്ക‌രിച്ചു.

ഒന്നര കിലോ കഞ്ചാവുമായി മുണ്ടക്കയത്ത് നാലു യുവാക്കൾ അറസ്റ്റിൽ

മുണ്ടക്കയം ∙ ഒഡീഷയിൽ നിന്നും വിൽപനയ്ക്കായി കഞ്ചാവ് എത്തിച്ച കേസിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവുമായി കരിനിലം വരിക്കാനി മഠത്തിൽ വീട്ടിൽ എം.എസ്.ഉണ്ണിക്കുട്ടൻ (24), കരിനിലം 96 കവല ഭാഗത്ത് മണിമലത്തടം എൻ.എം. ദിനുക്കുട്ടൻ(24), ഇവർക്ക് സഹായം ചെയ്തു നൽകിയ കണ്ണിമല ഉറുമ്പിപാലം ഭാഗത്ത് കുരിശുംമൂട്ടിൽ അലൻ കെ.അരുൺ(24), എരുമേലി നേർച്ചപ്പാറ അഖിൽ നിവാസിൽ അഖിൽ അജി (27) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, പൊലീസും ചേർന്ന് പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതോടെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഉണ്ണിക്കുട്ടനെയും ദിനുക്കുട്ടനെയും കഞ്ചാവുമായി കരിനിലം ഭാഗത്ത് നിന്നും പിടികൂടിയത്.

ഇവരിൽ നിന്നും ഒരു കിലോ 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഉണ്ണിക്കുട്ടനും സുഹൃത്തുക്കളും ഒഡീഷയിൽ നിന്നും ബാംഗ്ലൂർവഴി എറണാകുളത്ത് കഞ്ചാവ് എത്തിച്ചശേഷം ഇവിടെ നിന്നും കാറിൽ മുണ്ടക്കയത്ത് എത്തിക്കുകയായിരുന്നു.കഞ്ചാവ് എറണാകുളത്തുനിന്നു കടത്തിക്കൊണ്ടു വരാൻ ഉണ്ണിക്കുട്ടനെ സഹായിച്ച കേസിലാണ് അലനും, അഖിലും പൊലീസിന്റെ പിടിയിലായത്.

സ്റ്റേഷൻ എസ്എച്ച്ഒ തൃദീപ് ചന്ദ്രൻ, എസ്ഐ മാരായ കെ.വി.വിപിൻ, അനിൽകുമാർ, എഎസ്.ഐ ഷീബ, സിപിഒമാരായ ബിജി, അജീഷ് മോൻ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.

സെന്റ് ‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിൽ സത്യപ്രതിജ്ഞാ ചടങ്ങും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും..

കാഞ്ഞിരപ്പള്ളി: ആനക്കല്ല്‌ സെന്റ് ‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിലെ പാര്‍ലമെന്റ്‌ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും കേരള ഗവണ്‍മെന്റ്‌ യൂത്ത്‌ കമ്മീഷന്‍ മെമ്പറും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ അഡ്വ. അബേഷ്‌ അലോഷ്യസ്‌ നിര്‍വ്വഹിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളര്‍ന്നു വരണമെന്ന്‌ അദ്ദേഹം വിദ്യാര്‍ത്ഥികളോട്‌ പറഞ്ഞു.

വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. ഷിജു കണ്ടപ്ലാക്കല്‍ അധ്യക്ഷ പ്രസംഗം നടത്തി. പ്രിന്‍സിപ്പാൾ ഫാ. ആന്റണി തോക്കനാട്ട്‌ സത്യപ്രതിജ്ഞാ ചടങ്ങിന്‌ തിരിതെളിച്ചു. സമ്മേളനത്തില്‍ അധ്യാപകനായ ജിബിന്‍ ഇ.എസ്‌., സ്‌കൂള്‍ ക്യാപ്‌റ്റന്‍ ഇവാന റോസ്‌ ചെറിയാന്‍, വൈസ്‌ ക്യാപ്‌റ്റന്‍ ഫിദ അനീഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോഓപ്പറേറ്റീവ് തെരഞ്ഞെടുപ്പിൽ INTUC ക്ക് അർഹമായ പ്രാധിനിത്യം വേണമെന്ന ആവശ്യം ശക്തമായി


.
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്കിലേക്ക് ഈ മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ, INTUC ക്ക് അർഹമായ സ്ഥാനാർഥിത്തം ലഭിക്കണമെന്ന് മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ്‌ റസിലി തേനംമാക്കൽ ആവശ്യപ്പെട്ടു. യോഗം INTUC റീജിയണൽ വൈസ് പ്രസിഡന്റ്‌ അജ്മൽ പാറക്കൽ ഉദ്‌ഘാടനം ചെയ്തു.

യോഗത്തിൽ റീജിയണൽ കമ്മിറ്റി ഭാരവാഹിക്കളായ സുനിൽ ജേക്കബ് മാന്തറ, റസിലി ആനിതോട്ടം, റോബിൻ ആക്കാട്ട്, രാജു വളാഞ്ചിറ, നൗഷാദ് കാവുങ്കൽ, ബിജു തമ്പലക്കാട് , രാജു അഞ്ചിലിപ്പ, മണിക്കുട്ടൻ മേലാട്ട്തകിടിയിൽ, സജിയപ്പൻ പട്ടിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ . പി. ജീരാജിനും മണ്ഡലം പ്രസിഡന്റ്‌ ബിജു പത്യാലക്കും നിവേദനം നൽകി.

വാഹനങ്ങൾ കൂട്ടിയിടിച്ചു.

എരുമേലി : നിയന്ത്രണം തെറ്റി മിനി ലോറി എതിരെ വന്ന ലോറിയിൽ ഇടിച്ച് അപകടം. ഇന്നലെ രാവിലെ 11 മണിയോടെ എരുമേലി – കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി അമ്പലവളവിൽ വെച്ചാണ് അപകടം. ആർക്കും പരിക്കില്ല.

ഹിദായ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിലാസ്ഥാപനം നടത്തി

കൊക്കയാർ ∙ അറിവിനെ ആയുധമാക്കിയ പ്രവർത്തനമാണ് നാടിന്റെ വികസനത്തിന് ആവശ്യമെന്ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. വെംബ്ലി കേന്ദ്രമായി ഹിദായ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഹിദായ പ്ലാനിങ് ബോർഡ് ചെയർമാൻ അസീസ് ബഡായിൽ അധ്യക്ഷത വഹിച്ചു. വികസന പദ്ധതി പ്രഖ്യാപനം വാഴൂർ സോമൻ എംഎൽഎയും ഹിദായ പദ്ധതി പ്രകാശനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും നിർവഹിച്ചു.

മലപ്പുറം ബദ്റുജ ഇസ്‌ലാമിക് സെന്റർ ചെയർമാൻ സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തി. ഹിദായ ഷീ മിഷൻ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക്കും സ്പാനിഷ് ഭാഷ സർട്ടിഫിക്കറ്റ് വിതരണം കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസും നിർവഹിച്ചു. അബുഷമ്മാസ് അലി മൗലവി മുഖ്യ പ്രഭാഷണം നടത്തി.

അബുദാബി ഇന്ത്യൻ കൾചറൽ സെന്റർ മാനേജിങ് കമ്മിറ്റിയംഗം ഇസ്ഹാഖ് നദ്‌വി, അജ്മി ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ഖാദർ ഹിദായ രക്ഷാധികാരി ഉബൈദുല്ല അസ്ഹരി, സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്, മലയരയ മഹാ സഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.സജീവ്, ഹിദായ ചെയർമാൻ നൗഷാദ് വെംബ്ലി, ട്രഷറർ പി.എച്ച്.നാസർ, അലക്സ് കോഴിമല, പി.എം അബ്ദുൽ സലാം, കമറുദ്ദീൻ മുളമൂട്ടിൽ, എ.അബ്ദുൽ സലാം, അബു ഉബൈദത്ത്, കെ.എൽ.ദാനിയേൽ, സജിത്.കെ.ശശി, ജിയാഷ് കരിം, പി.വൈ.അബ്ദുൽ ലത്തീഫ്, ഹംസ മദനി, എൻ.എ.വഹാബ്, എം.സി.ഖാൻ, സണ്ണി ആന്റണി, അയൂബ്ഖാൻ കാസിം, ജോസ് വരിക്കയിൽ, കൊപ്ലി ഹസൻ, ജോസഫ് മാത്യു, പി.ജെ.വർഗീസ്, ഈപ്പൻ മാത്യു, വി.ജെ.സുരേഷ് കുമാർ, പി.എൻ.അസീസ്, ഒ.കെ. അബ്ദുൽ സലാം, നാഗൂർ മീരാൻ സാഹിബ്, പരീത് ഖാൻ കറുത്തോരുവീട്, ഹാറൂൺ ഹബീബ്, ഹംസ ആലസംപാട്ടിൽ , കുഞ്ഞുമുഹമ്മദ് പാറയിൽ, കെ.ഇസ്മായിൽ, നവാസ് പുളിക്കൽ എന്നിവർ പ്രസംഗിച്ചു.

സിവിൽ സർവീസ് പരിശീലന കേന്ദ്രം, വിദേശ ഭാഷ പഠന കേന്ദ്രം, പിഎസ്‌സി പരിശീലനം എന്നിവയാണ് ഹിദായയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. 300 പേർക്ക് താമസിച്ചും 200 പേർക്ക് അല്ലാതെയും ഇവിടെ പഠിക്കാൻ കഴിയുന്ന രീതിയിലാണ് വിദ്യാഭ്യാസസ്ഥാപനം നിർമിക്കുക.

എരുമേലിയിൽ അനധികൃത അറവുശാല ആരോഗ്യവകുപ്പ് അടപ്പിച്ചു

എരുമേലി : നേർച്ചപ്പാറയിൽ പരിസര മലിനീകരണം നടത്തി അനധികൃതമായി പ്രവർത്തിച്ച അറവുശാല ആരോഗ്യവകുപ്പ് അടപ്പിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, അറവുശാല വൃത്തിഹീനമായും അറവുശാലയിലെ മാലിന്യങ്ങൾ തുറസായസ്ഥലത്തേക്ക് തള്ളുന്ന തായും കണ്ടെത്തി.

പഞ്ചായത്തിന്റെ ലൈസൻസോ, ആരോഗ്യവകുപ്പിന്റെ തടസ്സരഹിത സർട്ടിഫിക്കറ്റോ ഇല്ലാതെയാണ് പ്രവർത്തനം. അറവു ശാലയ്ക്ക് ‌സ്റ്റോപ് മെമ്മോ നൽകിയതായും ചൊവ്വാഴ്ച എരുമേലി ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിൽ റിപ്പോർട്ട് നൽകുമെന്നും എരുമേലി സാമൂഹിക ആരോ ഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഷാജിമോൻ കറുകത്ര പറഞ്ഞു.

തുരുമ്പെടുക്കുകയാണ് പഞ്ചായത്തിന്റെ അറവുശാല. എരുമേലിയിൽ ആധുനിക അറവുശാല പത്തുവർഷം മുമ്പ് വിഭാവനം ചെയ്തു. നേർച്ചപ്പാറ വാർഡിലെ കവുങ്ങും കുഴിയിൽ അറവുശാല നിർമിച്ചു. ഉപകരണങ്ങൾ സജ്ജമാക്കി. ഉദ്ഘാടനവും കഴിഞ്ഞു. എന്നാൽ നാളിതുവരെ പ്രവർത്തനമില്ല. ഇരുമ്പ് ഉപകരണങ്ങൾ തുരുമ്പെടുക്കുന്ന സാഹചര്യം. നാളിതുവരെ പദ്ധതി ക്കായി ചെലവഴിച്ചത് ഒരുകോടി രൂപയോളം വരും.

സർക്കാർ നടപടി തിരുത്തണം ’

കാഞ്ഞിരപ്പള്ളി ∙ സർക്കാർ ജീവനക്കാരുടെ 12–ാം ശമ്പള പരിഷ്കരണം 5 വർഷ തത്വം പാലിക്കാതെ പോകുന്ന സർക്കാർ നടപടി തിരുത്തണമെന്നു സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോൺഫെഡറേഷൻ താലൂക്ക് ധർണയിൽ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷൻ പിടിക്കൽ നടന്ന ധർണ ജില്ലാ കൺവീനർ പി.എ.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ചെയർമാൻ നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു.

കൺസഷൻ നിഷേധിക്കുന്നതിൽ പ്രതിക്ഷേധിച്ചു

 കാഞ്ഞിരപ്പള്ളി :  പ്ലസ് വൺ വിദ്യാർഥികൾക്ക് പ്രൈവറ്റ് ബസുകളിൽ കൺസഷൻ നിഷേധിക്കുന്നതിൽ എൻ. സി. പി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രതിക്ഷേധിച്ചു. യൂണിഫോം ഇല്ലെന്ന കാരണത്താൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്വകാര്യ  ബസുകളിൽ ഫുൾ ടിക്കറ്റ് ചാർജ്ജ് ആണ് ഇപ്പോൾ ഈടാക്കുന്നത്. ഈ സമീപനം ഉപേക്ഷിച്ച് വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാൻ സ്വകാര്യ ബസ് ഉടമകൾ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും എൻ സി പി ബ്ലോക്ക്‌ കമ്മിറ്റി അറിയിച്ചു. യോഗം സംസ്ഥാന സമിതി അംഗം പി എ താഹ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് ജോബി കേളിയംപറമ്പിൽ അധ്യക്ഷത വഹിച്ചു. മിർഷാഖാൻ മങ്കാശേരി, ബഷീർ തേനംമാക്കൽ, ബീനാ ജോബി, അഫ്സൽ മഠത്തിൽ, കെ ആർ ഷൈജു, പി എ സാലു, സാദത്ത് കളരിക്കൽ,റെജി കുന്നുംപുറം, പി എം ഇബ്രാഹിം, റിന്റോ തെക്കേമുറി, റാഫി കെൻസ്, മാണി വർഗീസ്, റാണി ഫിലിപ്പ്, നിഷ തോമസ്, ഗോൺസാല തോമസ് എന്നിവർ പ്രസംഗിച്ചു.

കരിനിലം -പശ്ചിമ -കുഴിമാവ് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും     

മുണ്ടക്കയം: വർഷങ്ങളായി തകർന്നു കിടക്കുന്ന  കരിനിലം – പശ്ചിമ – കുഴിമാവ് റോഡ് നിർമ്മാണം വേഗത്തിൽ ആരംഭിക്കുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ പറഞ്ഞു.       യൂത്ത് ഫ്രണ്ട് (എം ) മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  എം. എൽ. എക്ക് നിവേദനം നൽകി.

കോരുത്തോട് – മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏഴു കിലോമീറ്റർ അധികം ദൂരം വരുന്നതുമായ കരിനിലം- പശ്ചിമ- കുഴിമാവ് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം. എൽ. എ നിവേദന സംഘത്തെ അറിയിച്ചു. ഒരുകോടി ഇരുപത്തി ഒന്ന് ലക്ഷത്തി അറുപത്തി ആറായിരം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി പരിശോധനയും നടപടിക്രമങ്ങളും പാലിച്ച് സർക്കാരിന് സമർപ്പിച്ചിരിക്കുകയാണെന്നും എം.എൽഎ പറഞ്ഞു പരമാവധി വേഗത്തിൽ തുക അനുവദിപ്പിച്ച് ഭരണാനുമതി നേടിയെടുക്കുവാൻ ശ്രമിച്ചുവരികയാണെന്നും നിവേദന സംഘത്തോട് എം.എൽ.എ പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് ബിജു തോമസ് സംസ്ഥാന സെക്രട്ടറിയേറ്റ്മെമ്പർ അജേഷ് കുമാർ, മാത്യൂസ് വെട്ടുകല്ലാംകുഴി, സനിഷ് പി ഷാജി, ജോജോ തോണിപാറ, സിജോ പരുതേപതിയിൽ, ആനിയാ അജിത് മൈലപ്ര, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എം.എൽ.എയ്ക്ക് നിവേദനം സമർപ്പിച്ചത്.

ജനകീയ സമിതി സമരത്തിന പിന്തുണ നൽകും

മുണ്ടക്കയം:   കരിനിലം പ്ലാക്കപ്പടി, പശ്ചിമ, കുഴിമാവ് റോഡിനോട് അധികാരികൾ കാണിച്ച അവഗണനയിൽ പ്രതിക്ഷേധിച്ചു കൊണ്ട് ജനകീയ സമിതി നടത്തുന്ന സമരത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി പൂർണമായ പിന്തുണ നൽകുമെന്നും  ഗവണ്മെന്റും, എം.എൽ. എ യും ത്രിതലപഞ്ചായത്ത്‌ സംവിധാനവും എല്ലാം ഒരു മുന്നണി തന്നെ കൈകാര്യം ചെയുമ്പോൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടുത്തെ ജനങ്ങൾ ഒന്നടങ്കം ദുരിതം അനുഭവിക്കുകണെന്നും അധികാരികളുടെ കണ്ണ് തുറക്കാതെ വന്നപ്പോൾ മാത്രമാണ് ആയിരകണക്കിന് ജനങ്ങൾ സമരത്തിന് അണിചേർന്നത്.  ഈ ജനകീയ സമരം കണ്ട് അധികാരി വർഗ്ഗത്തിന്റെ ഇടപെടൽ ഇനിയെങ്കിലും ഉണ്ടാകണമെന്നും, അല്ലാത്ത പക്ഷം ജനകീയ സമിതി നാളെകളിൽ നടത്തുവാൻ പോകുന്നഎല്ലാ സമരത്തിനും വിജയം വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൂർണ മായ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നു മുണ്ടക്കയം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. എസ്. രാജു അറിയിച്ചു.

പാചക വാതക സിലിണ്ടർ വിതരണം കാര്യക്ഷമമാക്കണം

കാഞ്ഞിരപ്പള്ളി: പൊൻകുന്നം മേരിമാതാ, ഭാരത് എന്നീ പാചക ഏജൻസികളിൽ നിന്നുമുള്ള സിലിണ്ടർ വിതരണം കാര്യക്ഷമമാക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.
കാത്തിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലെ ഉൾപ്രദേശത്തുള്ള ഉപഭോക്താക്കൾ സിലിണ്ടർ ഒന്നിന് 20 ഉം 30 ഉം രൂപ അഡീഷണലായി കൊടുത്ത് സിലിണ്ടറും ബുക്കും കടകളിലും മറ്റും കൊടുക്കേണ്ട സ്ഥിതിയാണു്. ഇവിടെ കൊണ്ടുവരാനും തിരികെ കൊണ്ടു പോകുവാനും ഓട്ടോയുടെ സഹായം തേടുകയും വേണം. ഒരു സിലിണ്ടർ എടുക്കുമ്പോൾ ഉപഭോക്താവ് അഡീഷണലായി 100 രുപ കൂടി ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്. ഉൾപ്രദേശങ്ങളിൽ ആഴ്ചയിൽ രണ്ടു വട്ടവും സിലിണ്ടർ എത്തിച്ച് ഉപഭോക്താക്കളുടെ ദുരിതം ഒഴിവാക്കുവാൻ അടിയന്തിര നടപടി വേണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു

എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് 

മുണ്ടക്കയം: മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എൻ.’എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് നടത്തി. പി.ടി (എ പ്രസിഡന്റ് സനിൽ കെ റ്റി ക്യാമ്പ് ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ്  അധ്യക്ഷത വഹിച്ചു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി, അധ്യാപകരായ രതീഷ് വി.എസ്, രേഖാമോൾ പി. ആർ എന്നിവർ പ്രസംഗിച്ചു.. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ന്യൂസ് പേപ്പർ ചലഞ്ച്, ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ബാബു ശങ്കർ നയിച്ച ലൈവ് സ്കിൽ ക്ലാസ്, മുരിക്കുവയൽ എൽപി സ്കൂളിൽ വാഴ കൃഷി ഒരുക്കൽ, എന്നിവ   നടത്തി.

എരുമേലിയിൽ റവന്യു വിഭജനത്തിന് സർക്കാരിൽ ശുപാർശ.

എരുമേലി : കോട്ടയം ജില്ലയിൽ ജനസംഖ്യ കൊണ്ടും വിസ്തൃതി കൊണ്ടും ഏറ്റവും വലിയ വില്ലേജായ എരുമേലി തെക്ക് വില്ലേജ് വിഭജിച്ച് രണ്ട് വില്ലേജുകൾ രൂപീകരിക്കാൻ സർക്കാരിൽ ശുപാർശയെത്തി. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കോട്ടയം ജില്ലാ റവന്യു അസംബ്ലിയിൽ ഇത് ഉൾപ്പടെ വിവിധ ആവശ്യങ്ങൾ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉന്നയിച്ചിരുന്നു.

1953 ലാണ് എരുമേലി പഞ്ചായത്ത് നിലവിൽ വന്നത്. ഇത് പൂർണമായും ഉൾപ്പെട്ടതാണ് വില്ലേജ്. 55,000 ആണ് ജനസംഖ്യ. 9295.6070 ഹെക്ടർ ആണ് മൊത്തം വിസ്തൃതി. 22,23,24,27,28,29,82 എന്നിങ്ങനെ എഴ് ബ്ലോക്ക്‌ നമ്പരുകളിലായി 39172 തണ്ടപ്പേരുകളുണ്ട്. ഇത് കൂടാതെ എയ്ഞ്ചൽവാലിയിൽ പട്ടയം നൽകിയതിനാൽ പുതിയ ബ്ലോക്ക്‌ നിലവിൽ വന്നു. കഴിഞ്ഞ സാമ്പത്തിക വർഷം നേരിട്ട് 7591 ഉം ഓൺലൈനിൽ 12573 ഉം ഉൾപ്പെടെ മൊത്തം 20164 സർട്ടിഫിക്കറ്റുകളാണ് നൽകിയത്. 34 പോളിംഗ് ബൂത്തുകളും 23 വാർഡുകളും തെക്ക് വില്ലേജിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ റവന്യൂ റിക്കവറിയും വനഭൂമിയും ഈ വില്ലേജിലാണ്.

വില്ലേജിന്റെ കിഴക്കേ അതിരായ പഴയിടത്ത് നിന്നും പടിഞ്ഞാറ് അതിരായ മൂലക്കയം വരെ എത്തണമെങ്കിൽ ദൂരം 43 കിലോമീറ്റർ ആണ് ഉള്ളത്. ഇത് മൂലം ജോലി ഭാരം കൊണ്ട് ജീവനക്കാരും കാലതാമസം മൂലം ജനവും ബുദ്ധിമുട്ടുന്നെന്ന് നാളുകളായി പരാതിയുണ്ട്. മുക്കൂട്ടുതറ, പമ്പാവാലി, ചേനപ്പാടി, പാക്കാനം തുടങ്ങി പഞ്ചായത്തിലെ 23 വാർഡുകൾക്കുമായുള്ള തെക്ക് വില്ലേജ് ഓഫിസിന്റെ പരിധി കുറയ്ക്കണമെന്നും മുക്കൂട്ടുതറ ഉൾപ്പടെ കിഴക്കൻ മേഖലയെ മാറ്റി പുതിയ വില്ലേജ് രൂപീകരിക്കണമെന്നും ആവശ്യം ശക്തമായിരുന്നു. സർക്കാർ തലത്തിൽ ഇതിന് പരിഹാരം ആലോചിച്ചതിന്റെ ഫലമായാണ്  വില്ലേജ് വിഭജിക്കാനും കിഴക്കൻ മേഖലയിൽ പുതിയ വില്ലേജ് രൂപീകരിക്കാനും ശുപാർശയായത്. ഇതിന്റെ നടപടികൾ ഇനി  വൈകാതെയുണ്ടാകുമെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഞ്ചായത്ത്‌ വക വ്യാപാര സമുച്ചയത്തിന്റെ രണ്ടാം നിലയിലെ ഇടുങ്ങിയ മുറിയിലാണ് നിലവിൽ വർഷങ്ങളായി വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. സൗകര്യങ്ങൾ ഇവിടെ തീരെ പരിമിതമാണ്. ശൗചാലയ സൗകര്യവുമില്ല. ഓഫിസിലേക്ക് രണ്ടാം നിലയിലേക്കുള്ള പടിക്കെട്ടുകൾ കയറി വരാൻ വയോധികർ ബുദ്ധിമുട്ടുന്നു. 

എരുമേലിയിൽ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പൊതു മരാമത്ത് റസ്റ്റ് ഹൗസിന് മുന്നിലാണ് സ്മാർട്ട്‌ വില്ലേജ് ഓഫിസ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 44 ലക്ഷം രൂപ ചെലവിട്ട് 1250 ചതുരശ്രഅടിയിലാണ് സ്മാർട്ട് വില്ലേജ് ഓഫിസ് നിർമിച്ചിരിക്കുന്നത് . സംസ്ഥാന നിർമിതി കേന്ദ്രമാണ് നിർമാണം നടത്തിയത്. ഈ സ്ഥലം റവന്യു വകുപ്പ് അനധികൃതമായി കൈവശപ്പെടുത്തിയതാണെന്ന് ആരോപിച്ച് എറണാകുളം സ്വദേശി അഭിഭാഷകൻ നൽകിയ കേസിനെ തുടർന്ന് ഉദ്ഘാടനം റദ്ദാക്കുകയായിരുന്നു. ഹർജി അടിസ്ഥാന രഹിതമാണെന്ന് തെളിവുകളും രേഖകളും നൽകി കോടതിയിൽ നിന്ന് അനുമതി നേടാനുള്ള നീക്കത്തിലാണ് റവന്യു വകുപ്പ്. ഇതിന്റെ ഭാഗമായി സത്യവാങ്മൂലം നൽകിയിരുന്നു.

ചിറക്കടവ് പഞ്ചായത്തിൽ ഞാറ്റുവേലച്ചന്ത തുടങ്ങി

ചിറക്കടവ് ∙ പഞ്ചായത്തിൽ കർഷക സഭയുടെയും ഞാറ്റുവേലച്ചന്തയുടെയും പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ആറാം വാർഡംഗം കെ.ജി.രാജേഷ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ, ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, കൃഷി ഓഫിസർ ടി.ആർ.സ്വപ്ന, കൃഷി അസിസ്റ്റന്റ് ശ്രീജ മോഹൻ എന്നിവർ പ്രസംഗിച്ചു. തെങ്ങിൻ തൈകൾ, പച്ചക്കറി തൈകൾ, തുടങ്ങി വിവിധ തരം നടീൽ വസ്തുക്കളും വിത്തുകളും വിതരണം ചെയ്തു

അംഗത്വവിതരണം

എലിക്കുളം : യൂത്ത്കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ അംഗത്വ കാമ്പയിനും യൂണിറ്റ് പുനസ്സംഘടനയും തുടങ്ങി. കാരക്കുളം നാലാംവാർഡ് യൂണിറ്റ് രൂപവത്കരിച്ചു. മണ്ഡലം പ്രസിഡന്റ് ബിബിൻ മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. അഭിജിത്ത് ആർ.പനമറ്റം, റിച്ചു കൊപ്രാക്കളം, ജിബിൻ എസ്.ജോൺ, മാത്യു നെല്ലിമലയിൽ, അഡ്വ. നെവിൻ, ജെയിംസ് ജീരകത്തിൽ, ബാബു ചെഞ്ചേരി, റെജി മാത്യു തുടങ്ങി യവർ പ്രസംഗിച്ചു.

ജനാധിപത്യ പ്രക്രിയയുടെ ബാലപാഠങ്ങൾ നുകർന്ന് കുരുന്നുകൾ

മുണ്ടക്കയം: ജനാധിപത്യ മൂല്യങ്ങൾ പകർന്നു നൽകുന്നതിനും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുന്നതിനും ഇഞ്ചിയാനി ഹോളിഫാമിലി യുപി സ്‌കൂളിൽ സംഘടിപ്പിച്ച സ്കൂ‌ൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.

പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആപ്പ് ഉപയോ ഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. വോട്ടർ | പട്ടിക പ്രസിദ്ധീകരിക്കൽ, ചിഹ്നം അനുവദിക്കൽ,സ്ഥാനാർഥികളുടെ നോമിനേഷൻ സമർപ്പിക്കൽ തുടങ്ങി വോട്ടെടുപ്പും ഫലമറിയലും വരെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകൾ പരിചയപ്പെടുത്തി. ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ വോട്ട് രേഖപ്പെടുത്തി.

സ്‌കൂൾ ചെയർപേഴ്‌സണായി എം.എസ്. അബ്രാർ, വൈസ് ചെയർപേഴ്‌സണായി മുഹമ്മദ് അൽഫാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഹെഡ്മിസ്ട്രസ് ബിനോൾ കെ. മാത്യു മുഖ്യ വരണാധികാരിയായിരുന്നു. എബി വർഗീസ്, ഡെനിൽ ജോഷി എന്നിവർ തെരഞ്ഞെടുപ്പിന്റെ ചുമതലകൾ നിർവഹിച്ചു.

വിദ്യാർഥികളെ അനുമോദിച്ചു

ഉമിക്കുപ്പ ∙ സെന്റ് മേരീസ് ഹൈ സ്കൂളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും പിടിഎ യോഗവും നടത്തി. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.തോമസ് പാലയ്ക്കൽ അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപിക പി. ഓമന, ബെന്നി വെട്ടിപ്ലാക്കൽ, പിടിഎ പ്രസിഡന്റ് അജിത്ത് പി നായർ, സിജോ ഏബ്രഹാം, ആബിദ് ഹബീബ് എന്നിവർ പ്രസംഗിച്ചു.

കൺസഷൻ നിഷേധിക്കുന്നതിൽ പ്രതിഷേധം

കാഞ്ഞിരപ്പള്ളി ∙ പ്ലസ് വൺ വിദ്യാർഥികൾക്ക് പ്രൈവറ്റ് ബസുകളിൽ കൺസഷൻ നിഷേധിക്കുന്നതിൽ എൻസിപി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന സമിതി അംഗം പി.എ.താഹ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് ജോബി കേളിയംപറമ്പിൽ അധ്യക്ഷത വഹിച്ചു. മിർഷ ഖാൻ മങ്കാശേരി, ബഷീർ തേനംമാക്കൽ, ബീന ജോബി, അഫ്സൽ മഠത്തിൽ, കെ.ആർ.ഷൈജു, പി.എ.സാലു, സാദത്ത് കളരിക്കൽ, റെജി കുന്നുംപുറം, പി.എം.ഇബ്രാഹിം, റിന്റോ തെക്കേമുറി, റാഫി കെൻസ്, മാണി വർഗീസ്, റാണി ഫിലിപ്പ്, നിഷ തോമസ്, ഗോൺസാല തോമസ് എന്നിവർ പ്രസംഗിച്ചു.

വയോധികയെ ആക്രമിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വയോധികയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി നിധിഷ് സിംഗി (19)നെയാണ് അറസ്റ്റ് ചെയ്തത്. കഴുത്തിനു പരിക്കേറ്റ കൂവപ്പള്ളി സ്വദേശിനായ 68 വയസുകാരിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആളൊഴിഞ്ഞ പുരയിടത്തിൽ വിറക് ശേഖരിക്കാൻ എത്തിയ വയോധികയെ സമീപത്തെ കൈതത്തോട്ടത്തിലെ തൊഴിലാളിയായ നിധിഷ് ഉപദ്രവിക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. സ്ത്രീകൾക്കെതിരേയുള്ള അതിക്രമത്തിന് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.

വായനച്ചങ്ങാത്തം

കോരുത്തോട്: വായനമാസാചാരണവുമായി ബന്ധപ്പെട്ട് കോരുത്തോട് സെന്റ് ജോർജ് യുപി സ്‌കൂളിന്റെയും കോരുത്തോട് നെഹ്റു മെമ്മോറിയൽ വായനശാലയുടെയും ആഭിമുഖ്യത്തിൽ വായനച്ച ങ്ങാത്തമെന്ന പേരിൽ പുസ്‌തക പരിചയവും ഗൈഡൻസ് ക്ലാസും നടത്തി.

ഹെഡ്മാസ്റ്റർ സോബിൻ കുര്യാക്കോസ്, വായനശാലാ പ്രസിഡ ന്റ് എ.എ. ആന്റണി, സെക്രട്ടറി ടോമി തടത്തിൽ പുരയിടം, അധ്യാപ കരായ എ.ഡി. മിനിമോൾ, മെർലിൻ ജോൺ, ജിനു ജോസ്, വിനയ ജേക്കബ്, ലൈബ്രേറിയൻ ഷീന എന്നിവർ പ്രസംഗിച്ചു.

ഫാ. ഏബ്രഹാം താഴത്തേടത്തിനെ മോചിപ്പിക്കണം: കത്തോലിക്ക കോൺഗ്രസ്

കാഞ്ഞിരപ്പള്ളി: മധ്യപ്രദേശിലെ ജബൽപ്പൂരിൽ സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെടുത്തി കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചിരിക്കുന്ന മലയാളി വൈദിക ൻ ഫാ. ഏബ്രഹാം താഴത്തേടത്തിനെ ഉടൻ മോചിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാസമിതി ആവശ്യപ്പെട്ടു.

ജബൽപ്പൂർ രൂപതയുടെ വിദ്യാഭ്യാസ ഏജൻസിയായ ജബൽപ്പുർ ഡയോസിഷൻ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ വൈസ് ചെയർമാനും വികാരി ജനറാളുമാണ് എലിക്കുളം ഇടവകാംഗവും കാരക്കുളം സ്വദേശിയുമായ ഫാ. ഏബ്രഹാം താഴത്തേടത്ത്. ഈ സൊസൈറ്റി യുടെ കീഴിൽ കഴിഞ്ഞ 30 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന സെന്റ് അലോഷ്യസ് സീനിയർ സെക്കൻഡറി സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട സിവിൽ കേസിൽ കഴിഞ്ഞ മേയ് 27നാ ണ് വൈദികനെ മധ്യപ്രദേശ് പോലീസ് അന്യായമായി അറസ്റ്റ് ചെയ്തത്. എന്നാൽ, സ്‌കൂൾ നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലാത്ത ഫാ. ഏബ്രഹാമിനെ അറസ്റ്റ് ചെയ്ത‌്‌ ജയിലിലടച്ച നടപടി പ്രതിഷേധാർഹവും മനുഷ്യാവകാശ ലംഘനവുമാണ്. കഴിഞ്ഞ പത്തു വർഷമായി ജബൽപ്പൂർ രൂപതയിൽ സേവനം ചെയ്തുവരുന്ന മലയാളി വൈദികന്റെ അറസ്റ്റിലൂടെ പുറത്തുവരുന്നത് ബിജെപിയുടെ അന്യസംസ്ഥാനങ്ങളിലെ ന്യൂനപക്ഷ സ്നേഹത്തിന്റെ കാപട്യമാണെന്ന് കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു. ഫാ. ഏ ബ്രഹാമിനെ എത്രയും വേഗം ജയിൽ മോചിതനാക്കണമെ ന്നും യോഗം ആവശ്യപ്പെട്ടു.

രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി യോഗം ഉദ്ഘാടനം ചെയ്തു‌. പ്രസിഡന്റ് കെ.കെ. ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ഗ്ലോബൽ സമിതിയംഗം ടെസി ബിജു പാഴിയാങ്കൽ, രൂപത ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, ഫിലിപ്പ് പള്ളിവാതു ക്കൽ, ഡെയ്‌സി ജോർജുകുട്ടി ചീരംകുന്നേൽ, സിനി ജിബു നീറനാക്കുന്നേൽ, ജോസ് കല്ലൂരാത്ത്, ജിൻസ് പള്ളിക്കമ്യാലിൽ, ബിജു ആലപ്പുരയ്ക്കൽ, ആൻ സമ്മ തോമസ് മടുക്കക്കുഴി, ജാൻസി മാത്യു തുണ്ടത്തിൽ, സബിൻ ജോൺ, സച്ചിൻ വെട്ടിയാങ്കൽ, തോമസ് ചെമ്മരപ്പള്ളി, മനോജ് മറ്റമുണ്ടയിൽ എന്നിവർ പ്രസംഗിച്ചു.

ബിഎസ്എൻഎൽ മേള ഇന്നും നാളെയും

കാഞ്ഞിരപ്പള്ളി ∙ ബിഎസ്എൻഎൽ 4 ജി മേള ഇന്നും നാളെയും എസ്ബിഐ ജംക്‌ഷനിൽ നടക്കും. സൗജന്യ 4 ജി സിം, നമ്പർ മാറാതെ പോർട്ട് ചെയ്യുവാനുള്ള സൗകര്യം എന്നിവ മേളയിൽ ലഭ്യമാണ്. ഫോൺ: 9446129463, 04812567000.

ഡിവിഷൻ സമ്മേളനം

പൊൻകുന്നം ∙ കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.സെയ്ഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡന്റ് ആർ. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി വി.ടി.തോമസ്, ട്രഷറർ കെ.ഗിരിജ ദേവി, സംസ്ഥാന സെക്രട്ടറിമാരായ ജി.ശ്രീകുമാരിയമ്മ, എൻ.അരവിന്ദാക്ഷൻ നായർ, ജില്ലാ സെക്രട്ടറി പി.ആർ.സജി, സംസ്ഥാന കമ്മിറ്റിയംഗം വി.ഡി.രജികുമാർ മുതിർന്ന അംഗങ്ങളായ ഡി.ശ്രീധരൻ നമ്പൂതിരി, എം.ജെ.തോമസ്, പി.ശാന്തകുമാരിയമ്മ, കെ.വി.ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.

വായനപക്ഷാചരണം

കാഞ്ഞിരപ്പള്ളി ∙ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണം സമാപനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.എൻ.സോജൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിലംഗം പൊൻകുന്നം സെയ്ത്, ഐ.വി.ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ സമ്മാന വിതരണം നടത്തി. ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ഗ്രന്ഥശാലാ പ്രസിഡന്റ് ബാബുലാൽ, സെക്രട്ടറി വി.ആർ.അനിൽ എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥശാലാ പ്രവർത്തകൻ അമൽ ജി.കൃഷ്ണയെ ആദരിച്ചു.

കാർഷിക സെമിനാർ ഇന്ന്

പൊൻകുന്നം: ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് കാർഷികസെമിനാറും യന്ത്ര ഉപകരണങ്ങളുടെ പ്രദർശനവും ബോധവത്ക്കരണ ക്ലാസും നടത്തും. ചൊവ്വാഴ്ച രാവിലെ 10-ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ അടുക്കളത്തോട്ടവും പച്ചക്കറിക്കൃഷിയിലെ കീട, രോഗ നിയന്ത്രണ മാർഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് ചിറക്കടവ് കൃഷിഓഫീസർ ടി.ആർ.സ്വപ്ന ക്ലാസ് നയിക്കും. ബാങ്ക് പ്രസിഡന്റ് അഡ്വ.അഭിലാഷ്ചന്ദ്രൻ അധ്യക്ഷത വഹിക്കും. കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും സബ്‌സിഡി നിരക്കിലുള്ള വിൽപ്പനയും നടത്തും.

കുരുമുളക് തൈ വിതരണം

മുണ്ടക്കയം :കൂട്ടിക്കൽ കൃഷിഭവനിൽ വേരുപിടിപ്പിച്ച കുരുമുളക് കൂടതൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. തന്നാണ്ട് കരം അടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിച്ച് തൈകൾ വാങ്ങാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

കുരുമുളക് സബ്സീഡി

2023, 24 വർഷങ്ങളിൽ പുതുതായി കുരുമുളക് കൊടി (മിനിമം 50 എണ്ണം) പിടിപ്പിച്ചിട്ടുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് എരുമേലി കൃഷി ഓഫിസർ അറിയിച്ചു.

ഇന്നത്തെ പരിപാടി

∙ ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം : ബാങ്കിന്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും യന്ത്ര ഉപകരണങ്ങളുടെ പ്രദർശനവും ബോധവൽക്കരണ ക്ലാസും –10.00.

സ്പോട് അഡ്മിഷൻ

എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബട്ടിക്സിൽ എംഎസ്‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് പ്രോഗ്രാമിൽ എസ‌്‌സി വിഭാഗത്തിനു സംവരണം ചെയ്ത സീറ്റ് ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ 12ന്. ഫോൺ: 0481 2733387.

∙ എംജിയിലെ കെ.എൻ.രാജ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ എംഎ ഇക്കണോമിക്സിൽ എസ്‌സി സീറ്റുകളിൽ ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ 12ന്.

ലാബ് ടെക്നിഷ്യൻ

കോട്ടയം ∙ എംജി സർവകലാശാലയിലെ ഹെൽത്ത് സെന്ററിൽ ലാബ് ടെക്നിഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിഎസ്‌സി എംഎൽടി. അവസാന തീയതി: 15. ഇമെയിൽ: soada3@mgu.ac.in, ഫോൺ: 0481–2733240.

ലോട്ടറി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

അംശദായ കുടിശികയെത്തുടർന്ന് 2022 മാർച്ച് മുതൽ അംഗത്വം റദ്ദായവർക്ക് ഓഗസ്റ്റ് പത്തുവരെ പിഴ സഹിതം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാം. ഇതുവരെ അദാലത്ത് വഴി അംഗത്വം പുനഃ സ്ഥാപിക്കാത്തവർക്കാണ് അവസരം. അംഗത്വ പാസ്ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതൽ പ്രസ്തുത മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നു മാസത്തെ ബിൽ എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04812 300390.

കരിപ്പാപറമ്പിൽ മൈക്കിൾ പൗലോസ് ( സഞ്ജു 49 )

കാഞ്ഞിരപ്പള്ളി: കരിപ്പാപറമ്പിൽ പരേതനായ പൗലോസ് മൈക്കിളിന്റെ ( സണ്ണി) മകൻ മൈക്കിൾ പൗലോസ് ( സഞ്ജു 49 ) നിര്യാതനായി . സംസ്കാരം പിന്നീട്.

മാതാവ് : ഡെയ്സി, ചങ്ങനാശ്ശേരി മൂലയിൽ കുടുംബാഗം. ഭാര്യ: സോഫി ,തെക്കേടത്ത് മാവേലിക്കര. മക്കൾ: ഇസബെല്ല, എമീലിയ.

പാത്തിക്കൽ ചെല്ലപ്പൻ (72)

മുക്കൂട്ടുതറ : മുട്ടപ്പള്ളി പാത്തിക്കൽ ചെല്ലപ്പൻ (72) നിര്യാതനായി . സംസ്കാരം ഇന്ന് (9/7/24) രാവിലെ 11ന് മുട്ടപ്പള്ളി പിആർഡിഎസ് ശ്മശാനത്തിൽ. ഭാര്യ മുട്ടപ്പള്ളി നെല്ലിക്കൽ കുടുംബാംഗം കുഞ്ഞമ്മ. മക്കൾ – സാബു, സുധാറാണി, സുധർമണി, അരവിന്ദൻ. മരുമക്കൾ – ഉഷ, രാജേഷ്, സന്തോഷ്‌, സുലു.

error: Content is protected !!