ഒന്നര കിലോ കഞ്ചാവുമായി മുണ്ടക്കയത്ത് നാലു യുവാക്കൾ അറസ്റ്റിൽ
മുണ്ടക്കയം ∙ ഒഡീഷയിൽ നിന്നും വിൽപനയ്ക്കായി കഞ്ചാവ് എത്തിച്ച കേസിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവുമായി കരിനിലം വരിക്കാനി മഠത്തിൽ വീട്ടിൽ എം.എസ്.ഉണ്ണിക്കുട്ടൻ (24), കരിനിലം 96 കവല ഭാഗത്ത് മണിമലത്തടം എൻ.എം. ദിനുക്കുട്ടൻ(24), ഇവർക്ക് സഹായം ചെയ്തു നൽകിയ കണ്ണിമല ഉറുമ്പിപാലം ഭാഗത്ത് കുരിശുംമൂട്ടിൽ അലൻ കെ.അരുൺ(24), എരുമേലി നേർച്ചപ്പാറ അഖിൽ നിവാസിൽ അഖിൽ അജി (27) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, പൊലീസും ചേർന്ന് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതോടെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഉണ്ണിക്കുട്ടനെയും ദിനുക്കുട്ടനെയും കഞ്ചാവുമായി കരിനിലം ഭാഗത്ത് നിന്നും പിടികൂടിയത്.
ഇവരിൽ നിന്നും ഒരു കിലോ 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഉണ്ണിക്കുട്ടനും സുഹൃത്തുക്കളും ഒഡീഷയിൽ നിന്നും ബാംഗ്ലൂർവഴി എറണാകുളത്ത് കഞ്ചാവ് എത്തിച്ചശേഷം ഇവിടെ നിന്നും കാറിൽ മുണ്ടക്കയത്ത് എത്തിക്കുകയായിരുന്നു.കഞ്ചാവ് എറണാകുളത്തുനിന്നു കടത്തിക്കൊണ്ടു വരാൻ ഉണ്ണിക്കുട്ടനെ സഹായിച്ച കേസിലാണ് അലനും, അഖിലും പൊലീസിന്റെ പിടിയിലായത്.
സ്റ്റേഷൻ എസ്എച്ച്ഒ തൃദീപ് ചന്ദ്രൻ, എസ്ഐ മാരായ കെ.വി.വിപിൻ, അനിൽകുമാർ, എഎസ്.ഐ ഷീബ, സിപിഒമാരായ ബിജി, അജീഷ് മോൻ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.