കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 22/07/2024

കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ (22/07/2024) പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം :
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ പ്രധാന വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, ഇന്നത്തെ സിനിമ, പരാതികൾ, ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ..

പെട്രോൾ പമ്പിന് അടുത്ത വൈദ്യുതി പോസ്റ്റിൽ തീ പിടിച്ചത് പരിഭ്രാന്തി പരത്തി.

എരുമേലി : ടൗണിന് സമീപം പേട്ടക്കവലയിലെ പെട്രോൾ പമ്പിന് അടുത്ത് വൈദ്യുതി പോസ്റ്റിൽ വൻ തീപിടുത്തമുണ്ടായത് പരിഭ്രാന്തി പരത്തി. തീ വലിയ തോതിൽ ആളിപ്പടർന്നതോടെ പമ്പിലെ ഫയർ ഡിസ്റ്റിങ്‌ഷറുകൾ എടുത്തു കൊണ്ട് വന്ന് നാട്ടുകാർ സ്വകാര്യ ബസിന് മുകളിൽ നിന്ന് പോസ്റ്റിലേക്ക് സ്പ്രേ ചെയ്ത് തീ അണയ്ക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം.

കഴിഞ്ഞയിടെയായി എരുമേലി ടൗണിൽ മൂന്നിടത്ത് വൈദ്യുതി പോസ്റ്റിൽ തീപിടുത്തമുണ്ടായി. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായത്. വൈദ്യുതി ലൈനുകളിൽ പോസ്റ്റിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ബോക്സിനുള്ളിൽ നിന്നുമാണ് ഷോർട്ട് സർക്യൂട്ട് സംഭവിക്കുന്നത്. ലൈനുകളിൽ ആവരണം ചെയ്തിട്ടുള്ള പ്ലാസ്റ്റിക് കേബിൾ പെട്ടന്ന് ഉരുകി തീ ആളിപടരുകയും ഉരുകിയ അവശിഷ്‌ടങ്ങൾ തീപ്പൊരികളായി താഴേക്ക് പതിക്കുകയും ചെയ്യുന്നത് മൂലം സമീപത്ത് എത്തി തീയണയ്ക്കുന്നത് അപകടകരമാണ്. അടിക്കടി തീ പിടുത്തം ഉണ്ടാകുന്നത് മുൻനിർത്തി വൈദ്യുതി ലൈനുകളിൽ തീ പിടുത്തമുണ്ടാകാതിരിക്കാനുള്ള സുരക്ഷ മുൻകരുതൽ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗത്തിന് ദേശീയ അംഗീകാരം

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗത്തിന് ദേശീയ അംഗീകാരം. “ഈറ്റ് റൈറ്റ് ക്യാമ്പസ്” അംഗീകാരവും, ഹൈജീൻ അംഗീകാരവുമാണ് ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗമായ “സിംഫണി” കരസ്ഥമാക്കിയത്.

പൗരന്മാർ അവരുടെ ജോലിസ്ഥലത്ത് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒരു സർട്ടിഫിക്കേഷൻനാണ് ഈറ്റ് റൈറ്റ് ക്യാമ്പസ്. ഇത് വഴി ആശുപത്രിയിലെ മെഡിക്കൽ പരിചരണത്തിനൊപ്പം, രോഗികളുടെയും ജീവനക്കാരുടെയും സന്ദർശകരുടെയും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനും പോഷകപ്രദവും രുചികരവും ശുചിത്വവുമുള്ള ഭക്ഷണം ജനങ്ങളിലേക്കെത്തിക്കാനുള്ള സ്ഥാപനങ്ങളുടെ പ്രതിബദ്ധതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സിംഫണിയിൽ നടന്ന ചടങ്ങിൽ ഈറ്റ് റൈറ്റ് ക്യാമ്പസ്, ഹൈജീൻ അംഗീകാരപത്രങ്ങൾ കേരളാ ഗവ. ചീഫ് വിപ്പ് ആശുപത്രി ഡോ.എൻ ജയരാജ് എം.എൽ.എ മേരീക്വീൻസ് ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജോയിൻ്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യു, എഫ് & ബി യൂണിറ്റ് മാനേജർ നിതിൻ തോമസ് എന്നിവർക്ക് കൈമാറി.

ഓട്ടോറിക്ഷയിൽ കളഞ്ഞുകിട്ടിയ പേഴ്‌സും പണവും രേഖകളും ഉടമസ്ഥനെ കണ്ടുപിടിച്ചു തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

എരുമേലി : രണ്ട് വർഷം മുമ്പ് വീട്ടമ്മയുടെ നഷ്ടപ്പെട്ട സ്വർണ താലി മാല വഴിയിൽ നിന്ന് കിട്ടി തിരിച്ചേൽപ്പിച്ച ഓട്ടോ ഡ്രൈവറുടെ സത്യസന്ധത വീണ്ടും മറ്റൊരാൾക്ക് തുണയായി. ഓട്ടോറിക്ഷയിൽ വീണ പേഴ്‌സും പണവും എടിഎം കാർഡ് അടക്കമുള്ള രേഖകളുമാണ് പുഞ്ചവയൽ അമരാവതി സ്വദേശിക്ക് തിരിച്ചു കിട്ടിയത്. എരുമേലി കരിങ്കല്ലുമുഴി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ചിറക്കൽപറമ്പിൽ മനോജ്‌ (അനിൽകുമാർ) നാണ് കഴിഞ്ഞ ദിവസം ഓട്ടത്തിനിടെ ഓട്ടോറിക്ഷക്കുള്ളിൽ വീണു കിടന്ന നിലയിൽ പണം അടങ്ങിയ പേഴ്സ് ലഭിച്ചത്.

അൽപ്പം മുമ്പ് എരുമേലിയിൽ നിന്നും കൊരട്ടി ടൈൽ കടയിലേക്ക് ഓട്ടം വിളിച്ച ആളുടെ പേഴ്സ് ആണെന്ന സംശയത്തിൽ മനോജ്‌ കൊരട്ടിയിൽ കടയിലെത്തി ആളെ കണ്ടെത്തി എന്തെങ്കിലും നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്ന് തിരക്കി. അതുവരെ പേഴ്സ് പോയത് അറിയാതിരുന്ന ഉടമ കൈവശമുള്ള കവറിനുള്ളിൽ തിരഞ്ഞതോടെ പേഴ്സ് ഇല്ലെന്നറിയുകയും മനോജിനോട് പേഴ്സ് നഷ്‌ടപ്പെട്ട വിവരം പറയുകയും ചെയ്തു. അടയാളങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ട മനോജ്‌ ഉടമയ്ക്ക് പേഴ്സ് തിരികെ നൽകി. ടൈൽ വാങ്ങാൻ കവറിൽ സൂക്ഷിച്ചു കൊണ്ടുവന്ന പണവും പേഴ്‌സും ആണ് ഓട്ടോയ്ക്കുള്ളിൽ വീണത്. തിരികെ ഏൽപ്പിച്ച മനോജിനെ ഉടമയും നാട്ടുകാരും അഭിനന്ദിച്ചു.

ഉമ്മൻചാണ്ടി മാനവസേവാ പുരസ്‌കാരം എൻ.പീതാംബരക്കുറുപ്പിന് സമ്മാനിച്ചു

പൊൻകുന്നം: കേരളപ്രദേശ് ഗാന്ധിദർശൻ വേദി കോട്ടയം ജില്ലാകമ്മിറ്റിയുടെ പ്രഥമ ഉമ്മൻചാണ്ടി മാനവസേവാ പുരസ്‌കാരം മുൻ എം.പി.യും കെ.പി.സി.സി.മുൻ വൈസ്പ്രസിഡന്റുമായ എൻ.പീതാംബരക്കുറുപ്പിന് സമ്മാനിച്ചു. ആന്റോ ആന്റണി എം.പി.പ്രശസ്തിപത്രവും പുരസ്‌കാരവും കൈമാറി. വേദി ജില്ലാചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽസെക്രട്ടറിയും ഡി.സി.സി.ഉപാധ്യക്ഷനുമായ എ.കെ.ചന്ദ്രമോഹൻ, ഉമ്മൻചാണ്ടി അനുസ്മരണപ്രഭാഷണം നടത്തി. ഡോ.കാനം ശങ്കരപ്പിള്ള രചിച്ച വെള്ളാളകുലം പഴമയും പെരുമയും എന്ന പുസ്തകം എൻ.പീതാംബരക്കുറുപ്പ്, ആന്റോ ആന്റണി എം.പി.ക്ക് കൈമാറി പ്രകാശനം ചെയ്തു.

അഡ്വ.എ.എസ്.തോമസ്, മനോജ് തോമസ്, ബിനു മറ്റക്കര, അഡ്വ.അഭിലാഷ് ചന്ദ്രൻ, ടോമി മാങ്കൂട്ടം, അഡ്വ.പി.സതീശ് ചന്ദ്രൻ നായർ, എ.എസ്.കുഴികുളം, സേവ്യർ മൂലകുന്ന്, കെ.രാജേന്ദ്രൻ, വിഷ്ണു ചെമ്മുണ്ടവള്ളി, ലിജോ അരുമന, റോയി കപ്പിലുമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള ജനപ്രിയൻ എന്ന ഗാനത്തിന്റെ ശില്പികളായ വിനയകുമാർ മാനസ, ളാക്കാട്ടൂർ പൊന്നപ്പൻ, ജെ.ജിജൻ, ടിജോ സേവ്യർ, ജോസഫ് തോമസ് തെങ്ങനാകുന്നേൽ തുടങ്ങിയവരെ അനുമോദിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കൺവെൻഷൻ നടത്തി

കാഞ്ഞിരപ്പള്ളി: അടുത്തവർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് വേണ്ടി മുന്നൊരുക്കം നടത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് ഷാ പറഞ്ഞു. മുൻഗാമികളുടെ ദീർഘവീക്ഷണത്തോടുകൂടിയുള്ള പ്രവർത്തനങ്ങൾ പുതിയ തലമുറ പാഠമാക്കണമെന്ന് അദ്ദേഹം ഉണർത്തി രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിത്തറ പ്രാദേശിക വാർഡ് പഞ്ചായത്ത് തലങ്ങളിൽ ശക്തിപ്പെടുത്തിയാൽ മാത്രമേ വിജയങ്ങൾ നേടാൻ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു

പൊൻകുന്നം ശിഹാബ് തങ്ങൾ നഗറിൽ (വ്യാപാരഭവനിൽ) നടന്ന കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡൻറ് പി പി ഇസ്മായിൽ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി റഫീക്ക് മണിമല ആമുഖഭാഷണം നടത്തി.

സംഘടന സംഘാടനം എന്ന വിഷയത്തിൽ ഉസ്മാൻ താമരത്ത് ക്ലാസ് നയിച്ചു. രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ വനിതാ ലീഗ് സംസ്ഥാന പ്രസിഡൻറ് സുഹ്റ മമ്പാട് സംസാരിച്ചു. സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം വിഎസ് അജ്മൽഖാൻ ജില്ലാ വൈസ് പ്രസിഡണ്ട്മാരായ അബ്ദുൽ കരീം മുസ് ലിയാർ,പി.എംസലിം, ജില്ലാ സെക്രട്ടറി ഷാജി തട്ടാം പറമ്പിൽ, അഡ്വക്കേറ്റ് പീർമുഹമ്മദ് ഖാൻ,പി.ടി. സലിം.എം.സി.ഖാൻ,റാസി ചെറിയവല്ലം, കെ.എ. ഹാഷീം,വീ.എം.സിറാജ്, നാസർ മുണ്ടക്കയം, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ നാസർ കോട്ടവാതുക്കൽ, അബ്ദുറസാഖ്.സി. ഐ,പി.ഇ.അബ്ദുൽ അസീസ് മൗലവി,അബ്ദുൽ കരീം വലിയപറമ്പിൽ, നാസർ കങ്ങഴ, അഡ്വക്കേറ്റ് പി.എം. ഷാജഹാൻ, മജീദ് റാവുത്തർ.സി.ടി.തുടങ്ങിയവർ സംസാരിച്ചു.ഫായിസ് ടി ശിഹാബുദ്ദീൻ ഖിറാഅത്ത് നടത്തി.മണ്ഡലം ജനറൽ സെക്രട്ടറി ടിഎ ശിഹാബുദ്ദീൻ സ്വാഗതവും,ട്രഷറർ അബ്ദുൽ അസീസ് എംകെ നന്ദിയും പറഞ്ഞു.

സമ്പൂർണ ബൈബിൾ വായനയ്ക്ക് ഹോളി മാഗി പള്ളിയിൽ ഇരുനൂറ് കുടുംബനാഥന്മാർ

മണിമല: ഹോളി മാഗി ഫൊറോന പള്ളിയിൽ ഇരുനൂറ് കുടുംബനാഥന്മാർ ചേർന്ന് സമ്പൂർണ ബൈബിൾ വായിച്ചു പൂർത്തിയാക്കി. ഇടവകയുടെ ഇരുനൂറാം വാർഷികത്തിന്റെ ഭാഗമായാണ് പിതൃവേദിയുടെ നേതൃത്വത്തിൽ കുടുംബനാഥന്മാരെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയത്.

വികാരി ഫാ. മാത്യു താന്നിയത്തിന്റെ ആശീർവാദ പ്രാർഥനയ്ക്ക് ശേഷം ബൈബിളിലെ പുസ്‌തകങ്ങളുടെയും അധ്യായങ്ങളുടെയും ക്രമത്തിൽ ഇരുന്ന കുടുംബനാഥന്മാർ മുൻകൂട്ടി നിർദേശിച്ചിരുന്ന ബൈബിൾ ഭാഗങ്ങൾ ഒരേ സമയം വായന ആരംഭിക്കുകയായിരുന്നു. ഒരു മണിക്കൂർ കൊണ്ട് സമ്പൂർണ ബൈബിൾ വായിച്ചു പൂർത്തിയാക്കി.

ദ്വിശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ‌വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നുവരുന്നത്. പരിപാടികൾക്ക് വികാ രി ഫാ. മാത്യു താന്നിയത്ത്, അസി. വികാരി ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ, സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.

പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ പ്രതിരോധമരുന്ന് വിതരണം

കാഞ്ഞിരപ്പള്ളി: പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂ‌ളിൽ പാറത്തോട് പഞ്ചായത്തിന്റെയും ഹോമിയോ ഡിസ്പെൻസറിയുടെയും സഹകരണത്തോടെ പകർച്ചവ്യാധി പ്രതിരോധ മരുന്നുകളുടെയും സാനിറ്റൈസർ, മാസ്ക് എന്നിവയുടെയും വിതരണം നടത്തി. വായുവിലൂടെ അതിവേഗം പകരുന്ന മുണ്ടിനീര്, പകർച്ചപ്പനി എന്നിവയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുഷ് ഹോമിയോ വകുപ്പിന്റെ സഹകരണത്തോടെ പ്രതിരോധ മരുന്നുകളുടെ വിതരണം നടത്തിയത്.

ഹോമിയോ ഡിസ്പെൻസറി പ്രതിനിധിയിൽ നിന്നു സ്‌കൂൾ മാനേജർ ഫാ.ഡോ. ജിയോ കണ്ണൻകുളവും സീനിയർ അസിസ്റ്റന്റ് രശ്മി വർഗീസും സ്റ്റാഫ് സെക്രട്ടറി നെൽസൺ മാത്യുവും ചേർന്ന് പ്രതിരോധ മരുന്നുകൾ ഏറ്റുവാങ്ങി.

വയോജനങ്ങളുടെ അനുഭവസമ്പത്ത് നാടിനു മുതൽക്കൂട്ട്: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കൂട്ടിക്കൽ: വയോജനങ്ങൾ തങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ ആർജിച്ചെടുത്ത അനുഭവമാണ് നാടിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് മുതൽക്കൂട്ടെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. വയോജനങ്ങളുടെ കൂട്ടായ്‌മയും സൗഹൃദവും പരസ്‌പര വിശ്വാസവും സംരക്ഷണവും ഉറപ്പുവരുത്തി കൂട്ടിക്കൽ പഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്താക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി രൂപീകരിക്കു ന്ന പഞ്ചായത്തുതല വയോജന ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം പി. ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു ഷിജു, വയോജന ക്ലബ് പ്രസിഡന്റ് പി.കെ. സണ്ണി, സെക്രട്ടറി ജോസ് കുര്യൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.

ആന്റോ ആന്റണി എം. പി. നന്ദി പര്യടനം നടത്തി.

മുണ്ടക്കയം. ഇക്കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണി എം. പി ക്ക്‌ വോട്ടുകൾ നൽകി വിജയിപ്പിച്ച വോട്ടർമാരെ നേരിൽ കണ്ടു നന്ദി പറയുന്നതിനായി ആന്റോ ആന്റണി എം. പി. മുണ്ടക്കയം മണ്ഡലത്തിന്റെ വിവിധ പ്രേദേശങ്ങളിൽ പര്യടനം നടത്തി. വേലനിലത്തു നിന്നാരംഭിച്ച പര്യടനം വട്ടക്കാവിൽ സമാപിച്ചു. കൂടാതെ മുണ്ടക്കയം, പുത്തെൻചൻ ത്ത, കരിനിലം, മുരിക്കും വയൽ, വൻട ൻ പ താ ൽ, പുഞ്ച വയൽ, പുലിക്കുന്ന്‌, പൈങ്ങനാ, ഇഞ്ചിയാനി, എന്നീ സ്ഥലങ്ങളിളുടെയും സഞ്ചരിച്ചാണ് പര്യടനം പൂർത്തിയാക്കിയത്. പര്യടനപരി പടിയിൽ എം. പി. യോടൊപ്പം യുഡിഫ് ന്റെ ഭാരവാഹികളും, പ്രവർത്തകരും, പോഷക സംഘടന ഭാരവാഹികളും ഉണ്ടായിരുന്നു.

റോഡിൽ നാലുമാസം മുൻപ് കുത്തിപ്പൊളിച്ച ഭാഗം നന്നാക്കിയില്ല ; അപകടം തുടർകഥ ..

ചാമംപതാൽ : നാലുമാസം മുൻപ് ജല അതോറ്റി പൈപ്പ് സ്ഥാപിക്കാനായി റോഡ് കുഴിച്ച ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. ചാമംപതാലിൽ നിന്ന് കടയിനിക്കാട്ടേക്ക് തിരിയുന്ന ജങ്ഷനിലാണ് ടാർ ചെയ്ത റോഡിന് കുറുകെ പൈപ്പിടാനായി കുഴിച്ചത്.

പൈപ്പ് പുനഃസ്ഥാപിച്ചശേഷം കുഴി താത്കാലികമായി മണ്ണിട്ട് മൂടി. എന്നാൽ, ടാർ ചെയ്ത് കുഴിയടച്ചില്ല. ഇപ്പോൾ ചെറിയ കിടങ്ങുപോലെയായി. മഴയത്ത് വെള്ളം കെട്ടിക്കിടന്നാൽ കുഴി കാണാൻ കഴിയില്ല. പതിനഞ്ചടിയോളം നീളമുണ്ട് കുഴിക്ക്. ഇരു ചക്രവാഹനങ്ങൾ റോഡിലേക്ക് പ്രവേശിക്കുമ്പോൾ കുഴിയിൽവീണ് നിയന്ത്രണംവിട്ട് മറിയുക പതിവാണ് . നിരവധി പേരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്

അവകാശപത്രിക സമർപ്പിച്ചു

പൊൻകുന്നം വിവിധ ആവശ്യ ങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.യു. കാഞ്ഞിരപ്പള്ളി ഉപജില്ലാ ഓഫീ സർ എസ്.സുൽഫിഖറിന് അവ കാശപത്രിക സമർപ്പിച്ചു. ഏക പക്ഷീയവും വിദ്യാഭ്യാസ അവ കാശ നിയമത്തിന് വിരുദ്ധവു മായ അക്കാദമിക കലണ്ടർ പിൻ വലിക്കുക തുടങ്ങി നിരവധി വി ഷയങ്ങളുള്ള അവകാശപത്രിക കെ.എസ്.ടി.യു. ഉപജില്ലാ സെക്ര ട്ടറി മുഹമ്മദ് അനസ് കൈമാറി.അവകാശപത്രിക സമർപ്പിച്ചു

പൊടിമറ്റം ജംക്‌ഷനിൽ അപകടം പതിയിരിക്കുന്നു

പാറത്തോട് ∙ ദേശീയപാതയിൽ പൊടിമറ്റം ജംക്‌ഷനിലെ സീബ്രാലൈനുകൾ മാഞ്ഞിട്ട് മാസങ്ങളായി. ഇതോടെ അപകട സാധ്യതയും വർധിച്ചു. നിരപ്പായ റോഡ് കഴിഞ്ഞു വരുന്ന കൊടുംവളവ് വിദൂര സ്ഥലങ്ങളിൽ നിന്നെത്തുന്ന വാഹന ഡ്രൈവർമാർക്ക് അറിയാൻ ഇവിടെ മുന്നറിയിപ്പു ബോർഡുകളുമില്ല. ദേശീയപാതയിൽ മുണ്ടക്കയം ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾക്ക് കാഞ്ഞിരപ്പള്ളിയിലെത്താതെ ആനക്കല്ലിലെത്തി ഈരാറ്റുപേട്ട റോഡിൽ പ്രവേശിച്ച് വിവിധ സ്ഥലങ്ങളിലേക്കു പോകാൻ കഴിയുന്ന പൊടിമറ്റം– ആനക്കല്ല് റോഡിലേക്ക് തിരിയുന്നത് ഇവിടെ നിന്നാണ്. കോളജ്, സ്കൂൾ, ആരാധനാലയങ്ങൾ, എന്നിവ സ്ഥിതി ചെയ്യുന്ന ജംക്‌ഷനാണ്. ഇവിടെയുള്ള സീബ്രാ വരകൾ പൂർണമായും മാ‍ഞ്ഞു. ഇതോടെ യാത്രക്കാർ ജീവൻ പണയം വച്ചാണ് റോഡിനു മറുവശത്തേക്കു കടക്കുന്നത്.

കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒട്ടും സുരക്ഷിതമല്ല പൊടിമറ്റം ജംക്‌ഷൻ. പൊടിമറ്റം സെന്റ് ജോസഫ്സ് എൽപി സ്കൂൾ, പള്ളി, ധ്യാനകേന്ദ്രം, സന്യാസ മഠങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണിവിടം. കൂടാതെ വണ്ടൻപാറ, പൊന്മല, പൊടിമറ്റം പ്രദേശത്തെ നൂറ് കണക്കിന് ആളുകൾ ബസ് യാത്രയ്ക്ക് മാത്രം ഇവിടെയെത്തുന്നുണ്ട്. സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടെ ഇവിടെ റോഡിനു മറുവശം കടക്കാൻ സഹായിക്കുന്നത് ജംക്‌ഷനിലെ ഓട്ടോ ഡ്രൈവർമാരാണ്.

മുണ്ടക്കയം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ ദേശീയ പാതയിൽ നിന്നും ആനക്കല്ല് റോഡിലേക്ക് തിരിയുന്നതിനായി ഡിവൈഡറോ മറ്റു സംവിധാനങ്ങളോ ഇല്ല. . കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പിൽ നിർത്തിയ ബസിന്റെ പിന്നിൽ നിർത്തിയിട്ട കാറിൽ ബൈക്കിടിച്ച് അപകടമുണ്ടായി. മുൻപ് അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ച് കയറിയും അ പകടമുണ്ടായി.റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഏർപ്പെടുത്തണമെന്ന് ആവശ്യം ശക്തമായി.

ഉമ്മൻ ചണ്ടി സ്മൃതിസംഗമം നടത്തി കെഎസ്‌യു

പൊൻകുന്നം ∙ വികസനവും കരുതലും സമന്വയിപ്പിച്ച വൃക്തിത്ത്വമായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതെന്നു കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ പറഞ്ഞു. കെഎ‌സ്‌യു കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ഉമ്മൻ ചണ്ടി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് സ്റ്റെഫിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി റോണി കെ.ബേബി, കോൺഗ്രസ് കറുകച്ചാൽ ബ്ലോക്ക് പ്രസിഡന്റ് മനോജ് തോമസ്, ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എൻ. നൈസാം, ജില്ലാ ജനറൽ സെക്രട്ടറിമാരായ സായി സുരേഷ്, അമീൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, ബിജു മുണ്ടുവേലി, കെ.രാജേന്ദ്രൻ നായർ,പി.ജി.ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ശബരിമല പാതയിൽ എരുമേലി മുതൽ മുക്കൂട്ടുതറ വരെയുള്ള ഭാഗത്ത് വാഹനയാത്ര ദുരിതം

എരുമേലി ∙ ശബരിമല പാതയിൽ റോഡിന് ഇരുവശവും കാടും പടലും വളർന്നു വാഹന യാത്ര ദുരിത പൂർണമായി. ഓടയില്ലാത്തതുമൂലം റോഡിലേക്ക് മണ്ണ് ഒഴുകി വീഴുന്നതും വെള്ളക്കെട്ടും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എരുമേലി മുതൽ മുക്കൂട്ടുതറ വരെയുള്ള ഭാഗത്താണ് ഏറെ ദുരിതം. എതിർവശത്തുനിന്നു വരുന്ന വാഹനങ്ങൾ കാണാൻ പോലും കഴിയാത്ത വിധം കാട് വളർന്നു. 4 കിലോ മീറ്റർ ദൂരത്തിൽ 8 സ്ഥലത്തായി റോഡിലേക്ക് മണ്ണ് ഒലിച്ചു ചാടിയ നിലയിലാണ്.

മണ്ണ് കിടക്കുന്നതും മൂലം പല ഭാഗത്തും റോഡിന്റെ വീതി കുറഞ്ഞ നിലയിലാണ്. ഓട ഇല്ലാത്തതുമൂലം റോഡിലേക്കാണ് മഴവെള്ളം പരന്നൊഴുകുന്നത്. ഇത് കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അസീസി ആശുപത്രിക്ക് സമീപമാണ് ഏറ്റവും ദുർഘടം. റോഡരികിലൂടെ നടന്നു പോകുന്നവരുടെ ദേഹത്തെ ചെളിവെള്ളം തെറിക ്കുന്നത് നിത്യ സംഭവമാണ്.

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് അങ്കമാലി – എരുമേലി ശബരി റെയിൽവേ ; പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുമെന്ന് പ്രതീക്ഷ

എരുമേലി ∙ കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് അങ്കമാലി – എരുമേലി ശബരി റെയിൽവേ. 26 വർഷം മുൻപ് അനുവദിക്കുകയും 8 കിലോമീറ്റർ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാർ റെയിൽവേപാലവും നിർമിക്കുകയും ചെയ്തെങ്കിലും ശബരി റെയിൽവേയുടെ നടപടികളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

ശബരി റെയിൽവേയ്ക്കായി കഴിഞ്ഞ ബജറ്റിൽ 100 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന്റെ പരിശോധനയ്ക്കായി ദക്ഷിണ റെയിൽവേ സമർപ്പിച്ചിരിക്കുകയാണ്. 3801 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം 2023 നവംബറിൽ പാസാക്കിയിരുന്നു. ഇനി പുതുക്കിയ എസ്റ്റിമേറ്റ് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും പകുതി ചെലവ് വഹിക്കുന്നതിൽ ഉറപ്പ് നൽകുകയും വേണം.

അതേസമയം, വികസന സാധ്യത പരിഗണിച്ച് തുറമുഖ കണക്റ്റിവിറ്റിക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി ശബരി റെയിൽവേ എരുമേലിയിൽ നിന്ന് പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ച് തലസ്ഥാനത്തേക്കുള്ള സമാന്തര റെയിൽവേ ആയി നിർമിക്കണമെന്നും ശബരി റെയിൽവേ ആക്‌ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടു. കിഴക്കൻ ജില്ലകളുടെ സമഗ്ര പുരോഗതിക്ക് ഇതു വഴിവയ്ക ്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര ബജറ്റിൽ ഇതിനായുള്ള നടപടികൾ ഉണ്ടാകണമെന്നാണ് ശബരി റെയിൽവേ ആക്‌ഷൻ കൗൺസിൽ ഫെഡറേഷന്റെ ആവശ്യം.

രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം ജില്ലയിൽ റെയിൽവേ സ്റ്റേഷനുകൾ നിർമിക്കുക. ഇതിൽ രാമപുരം ഭരണങ്ങാനം റെയിൽവേ സ്റ്റേഷനുകൾ കോട്ടയം ലോക്സഭാ മണ്ഡലത്തിലും ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി റെയിൽവേ സ്റ്റേഷനുകൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലുമാണ്. രാമപുരം മുതൽ എരുമേലി സ്റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമേ നടത്തിയിട്ടുള്ളത്.

കോട്ടയം ജില്ലയിലെ രാമപുരം സ്റ്റേഷൻ വരെയുള്ള 70 കിലോമീറ്ററിൽ റവന്യുവകുപ്പ് കല്ലിട്ട് തിരിച്ചു സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് 20 വർഷമായി. ഈ സ്ഥലങ്ങൾ വിൽക്കാനോ ബാങ്ക് വായ്പ എടുക്കാനോ സ്ഥലം ഉടമകൾക്ക് കഴിയുന്നില്ല. പെരുമ്പാവൂർ- കാലടി മേഖലയിലെ പ്ലൈവുഡ് നിർമാണ, അരി സംസ്കരണ വ്യവസായങ്ങൾക്കും പൈനാപ്പിൾ വ്യാപാരികൾക്കും ഇടുക്കി ജില്ലയ്ക്കും കിഴക്കൻ കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾക്കും റെയിൽവേ സൗകര്യം നൽകുന്ന അങ്കമാലി – ശബരി റെയിൽവേ സമയബന്ധിതമായി നടപ്പാക്കുന്നത് കേരളത്തിന്റെ വികസനത്തിന് അത്യാവശ്യമാണ്. അങ്കമാലി-ശബരി റെയിൽവേ എരുമേലിയിൽ നിന്ന് റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട വഴി തിരുവനന്തപുരം- ബാലരാമപുരത്തേക്കു വികസിപ്പിക്കുകയാണെങ്കിൽ 25 പുതിയ റെയിൽവേ സ്റ്റേഷനുകളുള്ള സമാന്തര റെയിൽപാത സംസ്ഥാന തലസ്ഥാനത്തേക്ക് രൂപപ്പെടും.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

ചിറക്കടവ്: എസ്.വി.ആർ. എൻ.എസ്.എസ്. വി.എച്ച്.എസ്.എസിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക-രക്ഷാകർതൃസമിതി വാർഷികസമ്മേളനവും നടന്നു. പൊതുയോഗം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എൻ. ശശികുമാർ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അധ്യാപകനും മുൻകലാപ്രതിഭയുമായ കെ.ബി.അജിത്കുമാർ നിർവഹിച്ചു.

വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, പ്രിൻസിപ്പൽ പി.ബി. ഗീതാകുമാരി, പ്രധാനാധ്യാപകൻ എ.ആർ. അനിൽകുമാർ, മുൻ അധ്യാപകരായ കെ.സി. ശ്രീകുമാരി, പി.ജി. രാജീവ്കുമാർ, ടി.ആർ. ഹരിലാൽ, ബി. ശ്രീകുമാർ, കെ. ലാൽ, പി.ടി.എ. കമ്മിറ്റിയംഗം എം.എൻ. ഹരികുമാർ, സ്റ്റാഫ് സെക്രട്ടറി കെ. സംഗീത എന്നിവർ പ്രസംഗിച്ചു. കെ.സി.എം. സ്മാരക അഖിലകേരള ഗണിതശാസ്ത്ര ചോദ്യോത്തരി മത്സരവിജയികൾക്കുള്ള സമ്മാനദാനവും വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും നടത്തി. കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. ഉച്ചകഴിഞ്ഞ് നടന്ന പി.ടി.എ. പൊതുയോഗത്തിൽ ആലപ്പുഴ ഡയറ്റിലെ സീനിയർ ലക്ചറർ ടി. ശ്രീകുമാരി ബോധവത്കരണ ക്ലാസ് നയിച്ചു. പി.ടി.എ. കമ്മിറ്റി ഭാരവാഹികളായി എം.എൻ. ഹരികുമാർ (പ്രസിഡന്റ്), ലതാ പ്രകാശ് (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.

പൊൻകുന്നത്തിന് ലഭിച്ച മലബാർ സർവ്വീസുകൾ ഡിപ്പോ അധികൃതർ കൈവിട്ട് കളഞ്ഞു.

പൊൻകുന്നം:കാഞ്ഞിരപ്പള്ളി,പൊൻകുന്നം മേഖലയിലെ മലബാർ മേഖലകളിലേയ്ക്കുള്ള യാത്രക്കാർ മതിയായ സർവ്വീസുകൾ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് ലഭിച്ച സർവ്വീസുകൾ അധികൃതർ കൈവിട്ടത്.കണ്ണൂർ,ഗുരുവായൂർ സർവ്വീസുകളാണ് ഡിപ്പോ അധികൃതർ നഷ്ടപ്പെടുത്തി കളഞ്ഞത്.മലബാർ മേഖലകളിലേയ്ക്കുള്ള സർവ്വീസുകൾ ഇവിടെ നിന്നാരംഭിക്കണമെന്നാവശ്യപ്പെട്ട് എം എൽഎയും, വിവിധ സംഘടനകളും ഗതാഗതമന്ത്രിയ്ക്കും വകുപ്പ് അധികൃതർക്കും നിവേദനങ്ങൾ നൽകിയിരുന്നു.ഇതേ തുടർന്നാണ് 
ബസ് ഉൾപ്പെടെയുള്ള നൽകി സർവ്വീസ് നടത്തുന്നതിന് ചീഫ് ഓഫീസിൽ നിന്ന് ഡിപ്പോ അധികൃതരോട് അനുമതി തേടിയത്.എന്നാൽ ഡിപ്പോ അധികൃതർ സർവ്വീസ് നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ട് ചുണ്ടിക്കാട്ടി ഇത് ഇല്ലാതാക്കുകയായിരുന്നു.ഈ സർവ്വീസുകൾ ഇപ്പോൾ മറ്റ് ഡിപ്പോകൾ ഏറ്റെടുത്ത്  നല്ല ലാഭത്തിൽ ഓടിക്കുന്നുണ്ട്.

ദേവാൻഷിയ്ക്ക് കലാം വേൾഡ് റെക്കോഡ്

203 രാജ്യങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേര് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഓർമിച്ചുപറഞ്ഞതിന് കലാം വേൾഡ് റെക്കോഡ് നേടിയ ദേവാൻഷി എസ്.കൃഷ്ണൻ. ഇളങ്ങുളം സെന്റ് മേരീസ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ്. ഇളങ്ങുളം മാധവത്തിൽ ദീപു കൃഷ്ണയുടെയും ശില്പയുടെയും മകളാണ്.

ഇന്നത്തെ പരിപാടി

കാഞ്ഞിരപ്പള്ളി: സിഎംസി മഠം ചാപ്പലിൽ ശാലോം മധ്യസ്ഥ പ്രാർഥന – രാവിലെ 10ന്.

പൊടിമറ്റം: സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ പാറത്തോട് പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ രാവിലെ 11ന്.

പാറത്തോട്: പഴുമല സാംസ്കാരിക നിലയത്തിൽ ഊരുകൂട്ട യോഗം – വൈകുന്നേരം നാലിന്.

കരിപ്പായിൽ കെ. എം. ഇബ്രാഹിം (87)

കാഞ്ഞിരപ്പള്ളി : ഇരുപത്തിയാറം മൈൽ കരിപ്പായിൽ കെ. എം. ഇബ്രാഹിം (87) നിര്യാതനായി . ഭാര്യ : പരേതയായ

ഹൗവ ബീവി

മക്കൾ: ഷംസുദ്ധീൻ, ഷാജഹാൻ, നൗഷാദ്, ഷൈല, ഷക്കീല.

മരുമക്കൾ: റംല, സൈനബ, സലീന, നൗഷാദ്, അസ്സിയപ്പൻ. കബറടക്കം തിങ്കളാഴ്ച ( 22/06/2024) ഉച്ചക്ക് ഒന്നിന്

കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ.

കുരീക്കാട്ട് കെ. പി ജോസഫ് (84 )

ചോറ്റി : റിട്ടയേർഡ് ഹവീൽദാർ മാങ്ങാപ്പാറ കുരീക്കാട്ട് കെ. പി ജോസഫ് (84 ) നിര്യാതനായി. സംസ്കാരം ( തിങ്കൾ ) 4 മണിക്ക് മാങ്ങാപ്പാറ നിത്യസഹായ മാതാ പള്ളി സിമിത്തേരിയിൽ. ഭാര്യ പരേതയായ പെണ്ണമ്മ ജോസഫ് കുടക്കച്ചിറ വല്ലയിൽ കുടുംബാഗം . മകൻ ജിൻസ് ജോസഫ് . മരുമകൾ ഷിനു ചാക്കോ പുതുപ്പറമ്പിൽ വെള്ളാരംകുന്ന്.

ആനിക്കുഴിയിൽ ഭവാനി വേലായുധൻ

ഉരുളികുന്നം: കുരുവിക്കൂട് ആനിക്കുഴിയിൽ ഭവാനി വേലായുധൻ(76) നിര്യാതയായി . ഭർത്താവ്: വേലായുധൻ നാരായണൻ.
മക്കൾ: പരേതനായ ബാബു, ബിന്ദു, ബിജു, ഹരികുമാർ(ബൈജു). മരുമക്കൾ: പരേതനായ രാജേഷ്(കെഴുവംകുളം), ജിഷ(കൂരോപ്പട), അനു(ഉരുളികുന്നം). സംസ്‌കാരം തിങ്കളാഴ്ച 10-ന് വീട്ടുവളപ്പിൽ.

തെങ്ങനാമണ്ണിൽ തങ്കമ്മാൾ

വാഴൂർ: കോളേജ് ജങ്ഷനുസമീപം തെങ്ങനാമണ്ണിൽ തങ്കമ്മാൾ (90) നിര്യാതയായി . ഭർത്താവ്: പരേതനായ തങ്കപ്പൻ ചെട്ടിയാർ. മക്കൾ: രാജമ്മ, മോഹനൻ, രവീന്ദ്രൻ ചെട്ടിയാർ, ശോഭ, പരേതരായ മണി, ഗോപാലകൃഷ്ണൻ. മരുമക്കൾ: രത്‌നമ്മ, ഓമന, അമ്മിണിക്കുട്ടി, പരേതരായ രാജൻ, ശ്യാമള, ശിവൻ ചെട്ടിയാർ. സംസ്‌കാരം തിങ്കളാഴ്ച 11-ന് വീട്ടുവളപ്പിൽ

error: Content is protected !!