കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 21/07/2024

കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ (21/07/2024) പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം :
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ പ്രധാന വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, ഇന്നത്തെ സിനിമ, പരാതികൾ, ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ..

സ്കൂളിലേക്കുളള റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ ; പ്രതിഷേധവുമായി വിദ്യാർഥികളും അധ്യാപകരും..

എരുമേലി : സ്കൂളിലേക്കുളള പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ ജനപ്രതിനിധികളോട് സങ്കടം പറഞ്ഞ് മടുത്ത കുട്ടികൾ ഒടുവിൽ അധ്യാപകർക്കൊപ്പം പ്രതിഷേധ സമരം നടത്തി ∙ സെന്റ് തോമസ് – നേർച്ചപ്പാറ റോഡിന്റെ അപകടാവസ്ഥയിൽ പ്രതിഷേധിച്ച് നിർമല പബ്ലിക് സ്കൂൾ അധ്യാപകരും വിദ്യാർഥികളുമാണ് റോഡിനു സമീപം പ്രതിഷേധിച്ചത്. പ്രതിഷേധ സമരം നടത്തിയ ശേഷം കുട്ടികൾ എരുമേലി പോലിസ് സ്റ്റേഷനിൽ എത്തി സ്റ്റേഷൻ ഹൗസ് ഓഫിസറെ കണ്ട് തകർന്ന റോഡിലെ തങ്ങളുടെ ദുരിതങ്ങൾ പറഞ്ഞു. തുടർന്ന് എരുമേലി പഞ്ചായത്ത്‌ ഓഫിസിലെത്തി ജനപ്രതിനിധികളെ കണ്ട് വീണ്ടും നിവേദനങ്ങൾ നൽകി. പഞ്ചായത്ത്‌ വക റോഡ് ഇതോടെ നന്നാക്കി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ എരുമേലി നിർമല പബ്ലിക് സ്കൂളിലെ കുട്ടികൾ.

നിർമല പബ്ലിക് സ്കൂൾ കൂടാതെ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലേക്കുമുള്ള റോഡാണിത്. അച്ഛനമ്മമാർക്കൊപ്പം ഇരുചക്രവാഹനങ്ങളിൽ സ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾ റോഡിലെ കുഴികളിൽ ചാടി ഒട്ടേറെ തവണ അപകടത്തിൽപ്പെട്ടിട്ടുണ്ട്. കുഴിയിൽ ചാടി സ്കൂൾ ബസ് പോലും അപകടത്തിൽപ്പെടുന്ന സാഹചര്യം ഉണ്ടായി. കാൽതെറ്റി കുഴിയിൽ വീണതു മൂലം സ്കൂളിൽ കയറാൻ കഴിയാതെ തിരികെപ്പോയ കുട്ടികളും ഒട്ടേറെ. സ്കൂൾ വാഹനം കുഴിയിൽ ചാടിയപ്പോൾ തെറിച്ചുവീണ് വിദ്യാർഥികൾക്ക് പരുക്കുപറ്റിയ സംഭവങ്ങളും ഉണ്ടായി.

റോഡിന്റെ അപകടാവസ്ഥ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും മറ്റ് ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അസൻഷൻ ഫൊറോനാ പള്ളിയിലേക്കും നൂറു കണക്കിനു ജനങ്ങൾ താമസിക്കുന്ന നേർച്ചപ്പാറയിലേക്കുമുള്ള റോഡ് കൂടിയാണിത്. എത്രയും വേഗം റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

പിടിഎ പ്രസിഡന്റ് സി.എസ്. ഉണ്ണിക്കൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൻസി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെസ്സി മരിയ, സ്റ്റാഫ്‌ സെക്രട്ടറി ബിജു തങ്കപ്പൻ, സ്കൂൾ ഹെഡ് ബോയ് അൻവർഷ, വിദ്യാർഥികളായ അൽഫോൻസ ജോസഫ്, എലിസ മേരി സിജു, ലിയോണ ജോബിൻ, മിൻഹ ഫാത്തിമ, ഗോഡ്‌വിൻ, ജൂവൽ മരിയ ജയ്സൺ , എബിൻ ബാബു എന്നിവർ പ്രസംഗിച്ചു.

അരവിന്ദയിൽ പതിനായിരം പേർക്ക് സൗജന്യ ഡയാലിസിസ് ; കേന്ദ്ര സഹമന്ത്രി ഉദ്‌ഘാടനം ചെയ്തു

പൊൻകുന്നം: അരവിന്ദ ആശുപത്രി സൗജന്യ ഡയാലിസിസ് ചെയ്യുന്നത്തിനുള്ള “അമൃത സ്പർശം” പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ന്യുനപക്ഷ ക്ഷേമ, ഫിഷറീസ്,മൃഗ സംരക്ഷണ വകുപ്പ് സഹ മന്ത്രി അഡ്വ:ജോർജ് കുര്യൻ നിർവഹിച്ചു. പതിനായിരം പേർക്ക് സൗജന്യ ഡയാലിസിസ് നൽകുന്നതാണ് പദ്ധതി.

യോഗത്തിൽ ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സി. ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. അമൃത സ്പർശം സമർപ്പണം വിവിധ വ്യക്തികളിൽ നിന്നും കേന്ദ്ര മന്ത്രി ഏറ്റുവാങ്ങി. സി കെ രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ് കെ.വി.എം.എസ് സി.സി സൊസൈറ്റി) എൻ ഹരി (റബർബോർഡ് മെമ്പർ) സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ,പി രവീന്ദ്രൻ (റബർബോർഡ് മെമ്പർ, ചെയർമാൻ ശ്രേയസ് പബ്ലിക് സ്കൂൾ), ലിജിൻ ലാൽ (ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്‌ )പ്രൊഫസർ പി ആർ രാമചന്ദ്രൻ നായർ (റിട്ട:പ്രൊഫ,എസ്..വി ആർ ,എൻ.എൻ.എസ് കോളേജ് വാഴൂർ) എസ് ശിവരാമപ്പണിക്കർ, മിഥുൽ എസ് നായർ (സെക്രട്ടറി കെ.വി.എം.എസ് സി.സി സൊസൈറ്റി) എന്നിവർ യോഗത്തിൽ സംസാരിച്ചു.

വീടിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

പൊൻകുന്നം: തോണിപ്പാറയിൽ വീടിനുള്ളിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി. തട്ടാർകുന്നേൽ മനുമോഹന്റെ വീട്ടിലെ അടുക്കളയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് പാമ്പിനെ വീട്ടുകാർ കണ്ടത്. മനുവിന്റെ ഭാര്യ അടുക്കളയിൽ എത്തുമ്പോൾ വീട്ടീലെ ഗ്യാസ് അടുപ്പിന് മുകളിൽ പത്തിവിടർത്തി നിൽക്കുകയായിരുന്നു.

അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി വിദ്യാർത്ഥികൾക്ക് സി.പി.ആർ. പരിശീലനം നൽകി

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ വച്ച് കാർഡിയോ പൾമണറി പുനർ ഉത്തേജനം (സി.പി.ആർ) എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി കേരള വിഭാഗം സ്കൂൾ കുട്ടികൾക്കായി പരിശീലനം സംഘടിപ്പിച്ചു. മാർ സ്ലീവാ മെഡിസിറ്റി കാർഡിയോളജി വിഭാഗം ഡോക്ടർ ജെയിംസ് തോമസ്, ട്രെയിനർ സുശീൽ സുരേഷ് എന്നവരാണ് ക്ലാസ് നയിച്ചത്.

ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളിൽ വർദ്ധിച്ചുവരുന്ന ഹൃദ് രോഗങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി. തിയറിയും പ്രാക്ടിക്കലുമുൾപ്പെടുന്ന രീതിയിലായിരുന്നു ക്ലാസ്. എ.കെ.ജെ.എം. സ്കൂൾ പ്രിൻസിപ്പാൾ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ. സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ. ജെയിംസ് തോമസിനെയും മറ്റു പരിശീലകരെയും സ്വാഗതം ചെയ്തു.

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

പൊൻകുന്നം ∙ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചിറക്കടവ് മഞ്ഞപ്പള്ളിക്കുന്നിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനു പരുക്കേറ്റു. പരുക്കേറ്റ മുണ്ടക്കയം കൈതത്തറ മുഹമ്മദ് ബഷീറിനെ (51) അരവിന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. പൊൻകുന്നത്തേക്ക് വരികയായിരുന്ന ബൈക്കിൽ പിന്നാലെയെത്തിയ കാർ മറികടക്കുന്നതിനിടെ തട്ടി മറിയുകയായിരുന്നു.

കാറിലെ യാത്രക്കാരാണു പരുക്കേറ്റ മുഹമ്മദ് ബഷീറിനെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

മഴയെത്തിയതോടെ പതുവുപോലെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അടച്ചു

കാഞ്ഞിരപ്പള്ളി പട്ടണത്തിലെ മൂന്ന് ശൗചലയങ്ങളിൽ പ്രവർത്തിക്കുന്നത് ഒന്നുമാത്രം, ഏറ്റവും ദുരിതം ബസ് സ്റ്റാൻഡിലെ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ മഴയെത്തിയതോടെ അടച്ചിട്ടിരിക്കുകയാണ്.

മലിനജലക്കുഴിക്ക് സമീപം ഉറവവന്നതോടെ മലിനജലം 20 പുറത്തേക്ക് ഒഴുകുന്നുവെന്ന കാരണത്താലാണ് കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടിരിക്കുന്നത്. കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ കുരിശുകവലയിലെ ശൗചാലയം ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവർത്തനം നടത്തുന്നതിനാൽ ഉപയോഗിക്കുന്നില്ല. പ്രവർത്തിക്കുന്നത് പേട്ടക്കവലയിലെ ശൗചാലയംമാത്രമാണ്. ബസ് സ്റ്റാൻഡിൽ എത്തു ന്നവർക്ക് 400 മീറ്ററോളം നടക്കണം ഈ ശൗചാലയം ഉപയോഗിക്കാൻ. അത്യാവശ്യ സാഹച ര്യം വന്നാൽ പുരുഷന്മാർ കംഫർട്ട് സ്റ്റേഷൻ പരിസരത്ത് മറഞ്ഞുനിന്ന് ‘കാര്യം’ സാധിക്കു മെങ്കിലും സ്ത്രീകൾ ശൗചാലയമുള്ള കടകൾതപ്പി നടക്കേണ്ട സ്ഥിതിയാണ്.

കംഫർട്ട് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ഭാഗത്തെ ഉറവയാണ് പുതിയ മാലിന്യക്കുഴി നിർമിക്കുന്നതിന് തടസ്സമായി നിൽക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. പര്യാപ്തമായ സെപ്റ്റിക് ടാങ്കും സോക്‌പിറ്റും ഇല്ലാത്തതാണ് പ്രധാന കാരണം. കൂടാതെ മഴക്കാലത്ത് മണ്ണിനടിയിൽ ഉറവയും ഉണ്ടാകുന്നതോടെ ടാങ്ക് നിറഞ്ഞ് ജലം പുറത്തേക്ക് ഒഴുകും. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. ബസ് സ്റ്റാൻഡിൽ ആയിരക്കണക്കിന് യാത്രക്കാർ ദിവസേന എത്തു ന്നതാണ്. ബസ് ജീവനക്കാർക്കും പഞ്ചായത്ത് കോംപ്ലക്‌സിലെ വ്യാപാരികൾക്കും ആശ്രയമായിരുന്ന കംഫർട്ട് സ്റ്റേഷനാണ് മഴപെയ്താലുടൻ പൂട്ടിയിടേണ്ട സാഹചര്യത്തിൽ പ്രവർത്തി ക്കുന്നത്.

പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സീവേജ് ട്രീറ്റ്‌മെന്റ്റ് പ്ലാന്റ് നിർമിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സാങ്കേതിക അനുമതിയുൾപ്പെടെയുള്ള കാര്യങ്ങളും സംസ്ഥാന ശുചിത്വമിഷന്റെ അനുമതിക്കുമായി ഫയൽ തിരുവനന്തപുരത്ത് സമർപ്പിച്ചുണ്ട്. അംഗീകാരം ലഭിച്ചാൽ മഴക്കാലത്തിനു ശേഷം നിർമാണം ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

മുണ്ടക്കയം ബൈപാസിൽ വഴിയോര വ്യായാമ കേന്ദ്രം തുടങ്ങി

മുണ്ടക്കയം ∙ ജില്ലാ പഞ്ചായത്ത് പത്തുലക്ഷം രൂപ ചെലവിട്ട് മുണ്ടക്കയം ബൈപാസിൽ നിർമിച്ച വഴിയോര വ്യായാമ കേന്ദ്രം പ്രവർത്തനം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ആർ.അനുപമ, ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.പ്രദീപ്, ജോഷി മംഗലം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഡൊമിനിക്, സി.വി.അനിൽകുമാർ, ഷിജി ഷാജി, സുലോചന സുരേഷ്, ബോബി.കെ.മാത്യു, പി.ജി.വസന്തകുമാരി, കെ.എസ്.രാജു, ദിലീഷ് ദിവാകരൻ, റോയ് മാത്യു, ആർ.സി.നായർ, റഷീദ് താന്നിമൂട്ടിൽ, എം.കെ. നജീബ്, ലിസി ജിജി, ചാർലി കോശി, സിജു കൈതമറ്റം എന്നിവർ പ്രസംഗിച്ചു.

.പൂഞ്ഞാർ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എജ്യുക്കേഷൻ പ്രോജക്ട് വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കുന്നാണെന്നു മന്ത്രി വി.ശിവൻ കുട്ടി

ഇടക്കുന്നം ∙ ഫ്യൂച്ചർ സ്റ്റാർസ് എജ്യുക്കേഷൻ പ്രോജക്ട് വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കുന്നാണെന്നു മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതി ഫ്യൂച്ചർ സ്റ്റാർസ് എജ്യുക്കേഷൻ പ്രോജക്ടിന്റെ അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ നേൃത്വത്തിലാണ് നിയോജകമണ്ഡലത്തിൽ പദ്ധതി നടപ്പാക്കുന്നത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് സിന്ധു മോഹൻ, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ.ആൻസി ജോസഫ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ, ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സാജൻ കുന്നത്ത്, ടി.ജെ.മോഹനൻ, ജിജി ഫിലിപ്പ്, ടി.രാജൻ, ജോണിക്കുട്ടി മഠത്തിനകം, ഡയസ് കോക്കാട്ട്, വിജയമ്മ വിജയലാൽ, ജോസിന അന്ന ജോസ്, പാറത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജുകുട്ടി ആഗസ്തി, കാഞ്ഞിരപ്പള്ളി ഡിഇഒ ഇ.ടി.രാഗേഷ്, എഇഒ എസ്.സുൽഫിക്കർ. പ്രോജക്ട് ജനറൽ കോ ഓർഡിനേറ്റർ പി. എ ഇബ്രാഹിംകുട്ടി എന്നിവർ പ്രസംഗിച്ചു.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവു പുലർത്തുന്ന സമർഥരായ വിദ്യാർഥികളെ തിരഞ്ഞെടുത്ത് സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാംപുകൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേക പരിശീലന ക്ലാസുകൾ, മാനസിക – ബൗദ്ധിക നിലവാരം മെച്ചപ്പെടുത്തുന്നതിന് കൗൺസലിങ്, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന കുട്ടികൾക്കു പ്രതിഭ പുരസ്കാരം, കോളജ് യൂണിവേഴ്സിറ്റി തലങ്ങളിൽ റാങ്ക് നേടുന്നവർ, കലാകായിക രംഗങ്ങളിൽ ജേതാക്കളാകുന്നവർ, സ്കോളർഷിപ്പുകളും മറ്റു നേട്ടങ്ങളും കൈവരിക്കുന്നവർ തുടങ്ങിയ വിദ്യാർഥികളെ ആദരിക്കൽ, കുട്ടികളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ടു നടത്തുന്ന മെഡിക്കൽ ക്യാംപുകൾ, കൾചറൽ ഫെസ്റ്റിവൽ, ക്വിസ് മത്സരങ്ങൾ, വിനോദ യാത്രകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണു ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ.

ആർജെഡി മണ്ഡലം നേതൃസംഗമം

കാഞ്ഞിരപ്പള്ളി ∙ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നിയോജക മണ്ഡലം നേതൃസംഗമം ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. പൊതുവിപണിയിൽ സർക്കാർ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കണമെന്നും സാധാരണക്കാരുടെ ആശ്രയമായ റേഷൻ കടകളിലും സപ്ലൈകോയിലും ആവശ്യ സാധനങ്ങൾ ലഭിക്കാത്ത സാഹചര്യം ഗൗരവമായി കാണണമെന്നും യോഗം ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ഉപയോഗയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് തോമസ് ഞള്ളാനി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോസ് മടുക്കക്കുഴി, ടി.എസ്.റഷീദ്, ബെന്നി ജേക്കബ്, കെ.വി.ബിജു കുമാർ, പ്രിൻസ് തോട്ടത്തിൽ, ജോസ് പുതിയാത്ത്, ജലൻ താന്നിക്കാട്, ജയിംസ് ഫിലിപ്പ്, എം.എ.ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൂട്ടിക്കലിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

കൂട്ടിക്കൽ ∙ കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പ്രതിഭാ സംഗമവും നടത്തി. ‘തിളക്കം 2024’ എന്ന പേരിൽ നടത്തിയ പരിപാടി ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോ കാരയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് പ്രസിഡന്റ് അയിഷ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മുഹമ്മദ് മുഖ്യാതിഥിയായി.

സന്നദ്ധ പ്രവർത്തന രംഗത്ത് വേറിട്ട സേവനങ്ങൾ നടത്തിയ കെ.ഇ.നജീബ്, ദേവസ്യ കോട്ടപ്പറമ്പിൽ, സുഷ മുരളി എന്നിവരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു. മനോജ് തണ്ടാടിയിൽ, ഗംഗാധരൻ കാപ്പിയിൽ എന്നിവർക്ക് അംഗത്വ വിതരണം നടത്തി. റെമിൻ രാജൻ,കെ.ആർ.രാജി, അബ്ദു ആലസംപാട്ടിൽ, വി.എം.ജോസഫ്, അൻസാരി മഠത്തിൽ, ജോസ് ഇടമന, ദേവസ്യ കോട്ടപ്പറമ്പിൽ, കെ.ഇ.നജീബ്, സുഷ മുരളി, ഗംഗാധരൻ കാപ്പിയിൽ, സൗമ്യ ഷെമീർ, അനു ഷിജു, കെ.എൻ.വിനോദ്, ആൻസി അഗസ്റ്റിൻ, മായ ജയേഷ്, റെജി വാര്യാമറ്റം, ശാന്താഭായി ജയകുമാർ, നൗഷാദ് ഓലിക്കപ്പാറ,സിയാദ് കൂട്ടിക്കൽ, നെബിൻ കെ.തോമസ്, മുഹമ്മദ് സാദിഖ്, പി.ജി.ശിവദാസൻ, രവി കോളാശേരി, സോബിൻ സി.സോമൻ എന്നിവർ പ്രസംഗിച്ചു.

പഠനം ഉപേക്ഷിച്ച കുട്ടികളെ കണ്ടെത്തി പഠിപ്പിക്കാൻ പദ്ധതി: മന്ത്രി ശിവൻകുട്ടി

കോരുത്തോട് ∙ സ്കൂൾ പഠനം ഉപേക്ഷിച്ച കുട്ടികളെ കണ്ടെത്തി വിദ്യാലയങ്ങളിൽ തിരികെയെത്തിച്ച് പഠിപ്പിക ്കുന്നതിന് സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. കോസടി ഗവ.ട്രൈബൽ സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്കൂളിൽ മൂന്ന് കോടി രൂപ വിനിയോഗിച്ച് നിർമിച്ച കെട്ടിടവും സമഗ്ര ശിക്ഷാ കേരള സ്റ്റാർ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന വർണക്കൂടാരം പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്കൂളിന് ആവശ്യമായ ഒന്നര ഏക്കർ സ്ഥലം 1958ൽ സൗജന്യമായി വിട്ടു നൽകിയ കല്ലേശേരി, മേനോത്ത്, പുളിഞ്ചേരിയിൽ എന്നീ കുടുംബങ്ങളുടെ ഇപ്പോഴത്തെ ആളുകളെയും ആദ്യകാല അധ്യാപകനായ ചെല്ലപ്പൻ ആചാരി, സ്വാതന്ത്ര്യസമര സേനാനി രവീന്ദ്രൻ വൈദ്യർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ പി.ഡി.പ്രകാശ്, ഗിരിജ, ഡിഇഒ ഇ.ടി.രാകേഷ്, എഇഒ എസ്.സുൽഫിക്കർ, എക്സിക്യൂട്ടീവ് എൻജിനീയർ ജ്യോതി ലക്ഷ്മി, വി.എം.അജാസ്, എസ്.സജു , ഊരുമൂപ്പൻ കെ.പി.ഗംഗാധരൻ, കെ.കെ.സുലു, ജോയി പുരയിടം, സി.എ.തോമസ്, കെ.ബി.രാജൻ,പിടിഎ പ്രസിഡന്റ് ജയ അജയകുമാർ, പ്രിയ നാരായണൻകുട്ടി, ബോബിനാ സിറിയക്, ഹെഡ്മിസ്ട്രസ് പി.ടി.ശോഭന കുമാരി എന്നിവർ പ്രസംഗിച്ചു.

പൊന്തൻപുഴ വനത്തിൽ മാലിന്യം തള്ളുന്നത് തടയാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കുവാൻ പദ്ധതി

മണിമല ∙ പൊന്തൻപുഴ വനത്തിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ പദ്ധതിയുമായി മണിമല പഞ്ചായത്ത്. പൊന്തൻപുഴ മുതൽ പ്ലാച്ചേരി വരെയുള്ള വശങ്ങളിലെ മാലിന്യം തള്ളുന്നത് തടയാനായി 7 സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നു. ഒപ്പം ജനകീയ സ്ക്വാഡും. വനംവകുപ്പാണ് സിസിടിവി ക്യാമറ കൾ സ്ഥാപിക്കുന്നത്. മേഖലയിലെ 2 ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് സ്ക്വാഡ് പ്രവർത്തിക്കുക. വനംവകുപ്പ്, പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വിവിധ കക്ഷി – രാഷ്ട്രീയക്കാർ എന്നിവർ അടങ്ങുന്ന സ്ക്വാഡ് ഓരോ മാസവും യോഗം ചേർന്ന് പദ്ധതി പുരോഗതി വിലയിരുത്തും. അടുത്ത ദിവസം തന്നെ പദ്ധതി നടപ്പാ കും.

വനമേഖലയായ പൊന്തൻപുഴ മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗങ്ങളിൽ റോഡരികിൽ ഇരു വശത്തും മാലിന്യമാണ്. വാഹനത്തിൽ യാത്ര ചെയ്താൽ പോലും മൂക്കു പൊത്തി വേണം ഇതുവഴി പോകാൻ. പരുക്കേറ്റതും രോഗം വന്നതുമായ നായ്ക്കൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളെ ഇവിടെയാണ് ഉപേക്ഷിക്കുന്നത്. മാലിന്യം ഭക്ഷിക്കാൻ എത്തുന്ന തെരുവ് നായ്ക്കൾ വാഹനയാത്രക്കാർക്ക് പോലും ഭീഷണിയാണ്. കഴിഞ്ഞ വർഷം ബൈക്ക് യാത്രക്കാരനെ നായ്ക്കൾ ആക്രമിച്ച് പരുക്കേൽപിച്ചിരുന്നു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് വർഗീസ്, വനംവകുപ്പ് ഡപ്യൂട്ടി അസി.റേഞ്ച് ഓഫിസർ പി.സനൽ രാജ്, കെഎസ്ടിപി എഇ സനൽ കുമാർ, ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകൾ കടുവാ സങ്കേതത്തിൽ നിന്ന് ഒഴിവാക്കാനുളള സർക്കാർ നടപടിക്ക് തുടക്കമായി , ഇനി കേന്ദ്രം കനിയണം..

എരുമേലി ∙ നിലനിൽപിനു വേണ്ടി ഒരു നാട് ഒന്നിച്ചു നടത്തിയ സമരത്തിന്റെ വിജയമാണ് എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകൾ പെരിയാർ കടുവാ സങ്കേതത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനുളള നടപടികൾ. പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ പെരിയാർ കടുവാ സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കുന്ന തീരുമാനം സംസ്ഥാന വന്യജീവി ബോർഡ് സംസ്ഥാന സർക്കാർ മുഖാന്തരം പരിവേഷ് പോർട്ടലിൽ വഴി കേന്ദ്ര വന്യജീവി ബോർഡിനു കൈമാറി. സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനത്തിനു കേന്ദ്ര സർക്കാരിന്റെ അംഗീകാരം കൂടി ലഭിച്ചാൽ ഒരു നാട് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകും.

മൂന്നു തലമുറകളായി ജീവിച്ചുവന്നിരുന്ന മണ്ണ് കൈവിടാതിരിക്കാൻ ഒരു നാട് മുഴുവൻ ഒന്നിച്ച് സമരമുഖത്ത് എത്തിയിരുന്നു. ജനപ്രതിനിധികളും പഞ്ചായത്തും യുഡിഎഫും ബിജെപിയും കർഷക സംഘടനകളും വൈദികരും സമുദായ സംഘടനകളും തുടങ്ങി എല്ലാവരും പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളിലെ ജനങ്ങൾക്ക് ഒപ്പം നിന്നു. പ്രശ്നത്തിന്റെ ഗൗരവം ജനങ്ങളിൽ എത്തിക്കുന്നതു മുതൽ സർക്കാരിന്റെ മുന്നിൽ എത്തിക്കുന്നതുവരെ വിശ്രമമില്ലാതെ ജനപ്രതിനിധികളും ബഫർസോൺ വിരുദ്ധ ജനകീയ സമിതി ഭാരവാഹികളും പ്രയത്നിച്ചു. വനംവകുപ്പ് ഓഫിസിലേക്ക് നടന്ന ജനകീയ മാർച്ചിനെ തുടർന്ന് ജനപ്രതിനിധികളും സമരസമിതി നേതാക്കളും അടക്കം 63 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസും നടക്കുകയാണ്.

എരുമേലി പഞ്ചായത്തിലെ 11, 12 വാർഡുകളായ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകളിലെ 502 ഹെക്ടറിൽ 1200 കുടുംബങ്ങൾ ആണ് താമസിക്കുന്നത്. പെരിയാർ കടുവാ സങ്കേതത്തിന്റെ സമീപമായതിനാൽ ബഫർ സോൺ മേഖലയിൽ ഉൾപ്പെടുമെന്നതിനാൽ ഇതിനെതിരെ ഏറെക്കാലമായി സമരപരിപാടികൾ നടന്നു വരികയായിരുന്നു. എന്നാൽ 2013 ഡിസംബർ 14 ന് വനം വകുപ്പ് പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് (ബഫർ സോൺ) നടത്തിയ ഉപഗ്രഹ സർവേയിൽ ഈ രണ്ട് വാർഡുകൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായുള്ള വനഭൂമിയിൽ ഉൾപ്പെടുത്തി മാപ്പ് പുറത്തുവിട്ടു.

ഇതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയും പിറ്റേന്നു തന്നെ മന്ത്രി എ.കെ. ശശീന്ദ്രനെ ജനപ്രതിനിധികൾ നേരിട്ടു കണ്ട് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ ഉപഗ്രഹ സർവേയിലെ പിഴവാണെന്നും അത് തിരുത്തുമെന്നും ആയിരുന്നു മന്ത്രിയുടെ നിലപാട്. ഇവിടെ ഹെൽപ് ഡെസ്ക് ആരംഭിച്ച് ബഫർ സോൺ അപ്പീൽ സമർപ്പിക്കാനും നിർദേശിച്ചു. ഇത്തരത്തിൽ 1000 കുടുംബങ്ങൾ അപ്പീൽ സമർപ്പിച്ചു. ഇതിനിടെ വനം വകുപ്പ് 2 തവണ പിഴവുകൾ തിരുത്തി എന്ന് അവകാശപ്പെട്ട് വീണ്ടും കരട് സർവേ റിപ്പോർട്ടുകൾ പുറത്തിറക്കിയെങ്കിലും ഈ രണ്ട് റിപ്പോർട്ടുകളിലും ഈ വാർഡുകൾ വനം തന്നെയെന്നു വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഈ വാർഡുകൾ വനഭൂമിയായതിനാൽ ബഫർ സോൺ പരിധിയിൽ വരില്ലെന്നും അതിനാൽ അപ്പീൽ നൽകിയിട്ട് കാര്യമില്ലെന്നും വ്യക്തമാക്കി.

ഇതോടെ ഹെൽപ് ഡെസ്കും പിന്നീട് ബഫർസോൺ മേഖലയിൽ നടന്ന ജിയോ ടാഗിങ് നടപടികളും ഈ വാർഡുകളിൽ നടന്നില്ല. കോൺഗ്രസ്, ബിജെപി, കേരള കോൺഗ്രസ് (എം) സംസ്ഥാന നേതാക്കൾ തന്നെ എയ്ഞ്ചൽവാലിയിൽ എത്തി ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയകക്ഷികളുടെയും ഇൻഫാം തുടങ്ങിയ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ വലിയ സമര പരമ്പര തന്നെ അരങ്ങേറി. ജനങ്ങൾക്ക് പിന്തുണയുമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും എത്തുകയും മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. പമ്പാവാലി, എയ്ഞ്ചൽവാലി മേഖല വനഭൂമിയായി രേഖപ്പെടുത്തിയ നടപടിക്കെതിരെ പഞ്ചായത്ത് പ്രമേയം പാസാക്കി. സംസ്ഥാന വൈൽഡ് ലൈഫ് ബോർഡിൽ അജൻഡയായി ഉൾപ്പെടുത്തി 2 വാർഡുകളെ വനഭൂമിയിൽ നിന്ന് ഒഴിവാക്കുന്നതിനു മുഖ്യമന്ത്രി അധ്യക്ഷനായ സമിതി തീരുമാനം എടുക്കുകയായിരുന്നു.

മുദ്രപ്പത്രങ്ങൾക്കു കടുത്ത ക്ഷാമം

എരുമേലി ∙ 100 രൂപയുടെയും 200 രൂപയുടെയും മുദ്രപ്പത്രങ്ങൾക്കു കടുത്ത ക്ഷാമം. 200 രൂപയുടെ മുദ്രപ്പത്രങ്ങൾ ആവശ്യമായ വാടക പുതുക്കൽ പോലുളള നടപടികൾക്ക് ജനം വലയുന്നു. 100 രൂപയുടെയും 200 രൂപയുടെയും മുദ്രപ്പത്രങ്ങൾ ഇല്ലാത്തുമൂലം അത്യാവശ്യമുള്ളവർ 500 രൂപയുടെ മുദ്രപ്പത്രങ്ങളാണു ഉപയോഗിക്കുന്നത് ഇത് വലിയ സാമ്പത്തിക നഷ്ടത്തിനു കാരണമാകുന്നു.

വാടക പുതുക്കൽ കൂടാതെ ജല അതോറിറ്റി കണക്‌ഷൻ ഉൾപ്പെടെ വിവിധ എഗ്രിമെന്റ് നടത്തുന്നതിനും ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ ആവശ്യമാണ്. ചെറിയ തുകയുടെ മുദ്രപ്പത്രം കിട്ടാനില്ലാത്തതു മൂലം നൂറ് കണക്കിനു വാടക കരാറുകളാണ് പ്രതിസന്ധിയാലായിരിക്കുന്നത്. 50 രൂപയുടെ മുദ്രപ്പത്രങ്ങൾ കൂടുതൽ പേർ വാങ്ങാൻ തുടങ്ങിയതോടെ ഇതും കിട്ടാതായി. വെണ്ടർ ഓഫിസുകളിൽ 100 രൂപയുടെയും 200 രൂപയുടെയും മുദ്രപ്പത്രങ്ങൾ ലഭ്യമല്ലെന്ന ബോർഡുകളും വച്ചിട്ടുണ്ട്.

കോൺഗ്രസ് പ്രതിഷേധ ധർണ 23ന്

കൊക്കയാർ ∙ ജനകീയ വിഷയങ്ങളിൽ പഞ്ചായത്ത് ഭരണ സമിതി അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രതിഷേധ ധർണ ചൊവ്വാഴ്ച നടക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു അനുവദിച്ച തുക ലാപ്‌സാക്കാതെ പദ്ധതി നടപ്പിലാക്കുക, കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സർക്കാർ പാട്ട ഭൂമിയിൽ ആശുപത്രി വരുമെന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കുക, ആശുപത്രിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്താനുളള നീക്കം ഉപേക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ നടത്തുക. രാവിലെ 11ന് നടക്കുന്ന ധർണയിൽ മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി അധ്യക്ഷത വഹിക്കും.

ചെസ് ടൂർണമെന്റിൽ കിരീടം നേടി

മുണ്ടക്കയം ∙ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ ഓൾ കേരള ചെസ് ടൂർണമെന്റിൽ എസ്.എഫ്.എസ് ഏറ്റുമാനൂർ ഓവറോൾ കിരീടം നേടി. സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനം നേടി. സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് സിലബസിലെ 40 സ്കൂളുകളിൽ നിന്നും 250 കുട്ടികൾ മത്സരിച്ചു. പിടിഎ പ്രസിഡന്റ് ജിജി നിക്കോളാസ് ഉദ്ഘാടനം ചെയ്തു. ഫാ.സ്കറിയ വട്ടമറ്റം സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ.തോമസ് നാലന്നടിയിൽ, വൈസ് പ്രിൻസിപ്പൽ ആന്റണി കുരുവിള, ചെസ് മാസ്റ്റർ ഷൈജു ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.

ഉമ്മൻ ചാണ്ടി സ്മൃതി സംഗമം ഇന്ന്

പൊൻകുന്നം ∙ കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ഉമ്മൻ ചാണ്ടി സ്മൃതി സംഗമം ഇന്നു രാവിലെ 10 ന് പെൻഷൻ ഭവനിൽ നടത്തും. ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി.ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ്കുമാർ ഉമ്മൻ ചാണ്ടി മാനവസേവാ പുരസ്കാരം എൻ.പീതാംബരക്കുറുപ്പിന് സമ്മാനിക്കും. ജനറൽസെക്രട്ടറി ഡോ.അജിതൻ മേനോത്ത് മുഖ്യപ്രഭാഷണം നടത്തും. ഡിസിസി ഉപാധ്യക്ഷൻ എ.കെ.ചന്ദ്രമോഹൻ അനുസ്മരണ പ്രഭാഷണം നടത്തും.

ജാമ്യത്തിലിറങ്ങി ഒളിവിളായ ആളെ പിടികൂടി

മണിമല ∙ മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കറിക്കാട്ടൂർ ചെറുവള്ളി അഞ്ചാനിൽ വീട്ടിൽ മനോഹരനാണ് (37) അറസ്റ്റിലായത്. 2012 ജനുവരിയിൽ മണിമല സ്വദേശിയുടെ വീടിന് സമീപം റബർ ഷീറ്റ് സൂക്ഷിച്ചിരുന്ന സ്റ്റോർ റൂം കുത്തിത്തുറന്ന് 79000 രൂപ വിലവരുന്ന 563 റബർ ഷീറ്റുകൾ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്തു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.

മണിമല എസ്എച്ച്ഒ വി.കെ.ജയപ്രകാശ്, സിപിഒമാരായ ജസ്റ്റിൻ ജോർജ്, രവീന്ദ്രൻ, ബിജേഷ്, സോബിൻ പീറ്റർ, ശരത്ചന്ദ്രൻ, എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷണം നയിച്ചത്.

ദേശീയപാതയോരത്ത് അപകടഭീഷണിയുമായി മതിൽ

പൊൻകുന്നം: കൊല്ലം-തേനി ദേശീയപാതയോരത്ത് കെവിഎംഎസ് ജംഗ്ഷനിൽ ഉയരമുള്ള മതിൽ അപകടഭീഷണിയുയർത്തുന്നു. ഗവൺമെന്റ് ഹൈസ്കൂളിൽനിന്നു ബസ് സ്റ്റോപ്പിലേക്ക് നടന്നുവരുന്ന വർക്കും വഴിയാത്രക്കാർക്കും ഭീഷണി സൃഷ്ടിക്കുന്ന മതിലിന് അഞ്ചു മീറ്റർ നീളവും ഏഴടി പൊക്കവുമുണ്ട്.

മതിലിന് യാതൊരു ഉറപ്പുമില്ല. എവിടെയും തൊടാതെയാണ് മതിലിന്റെ നിൽപ്പ്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിൽക്കു ന്ന മതിൽ അപകടം സൃഷ്ടിക്കുന്നതിനു മുൻപ് പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

എരുമേലിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

എരുമേലി: ടൗണിനടുത്ത് വാഴക്കാല റോഡിലും വയലാപറമ്പ് റോഡിലും ജല അഥോറിറ്റിയുടെ ജല വിതരണ കുഴലുകൾ പൊട്ടി രണ്ട് ദിവസമായി വെള്ളം പാഴാകുന്നു. വിവരം അറിയിച്ചിട്ടും അധികൃതർ എത്തിയില്ലന്ന് നാട്ടുകാർ. രണ്ട് ദിവസമായി റോഡിലൂടെ വെള്ളം ശക്തമായ നിലയിൽ പ്രവഹിക്കുകയാണ്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ധന്വന്തരി ഹോമം

തമ്പലക്കാട് ∙ വൈദിക് ധർമ സംസ്ഥാൻ കേരളയുടെ നേതൃത്വത്തിൽ മഹാകാളിപാറ അന്നദാന മണ്ഡപത്തിൽ നാളെ വൈകിട്ട് 5ന് ധന്വന്തരി ഹോമം നടത്തും. ഭക്തജനങ്ങൾക്ക് പേരിലും നാളിലും ഹോമം നടത്താനുള്ള സൗകര്യമുണ്ട്. തുടർന്ന് സത്‌സംഗം, ഔഷധക്കഞ്ഞി വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 8590104956.

.മധ്യസ്ഥ പ്രാർഥന

കാഞ്ഞിരപ്പള്ളി ∙ ശാലോം മധ്യസ്ഥ പ്രാർഥന നാളെ രാവിലെ 10 മുതൽ സിഎംസി മഠം ചാപ്പലിൽ നടത്തും. ജപമാല, സ്തുതി ആരാധന, വചനപ്രഘോഷണം, സൗഖ്യപ്രാർഥന എന്നിവയ്ക്കു ചാക്കോച്ചൻ കടമപ്പുഴ നേതൃത്വം നൽകും.

വായ്പ വിതരണം

എരുമേലി ∙ എസ്എൻഡിപി യോഗം യൂണിയൻ മൈക്രോ ഫിനാൻസ് 19–ാം ഘട്ടം 4 സംഘങ്ങൾക്കുള്ള വായ്പ വിതരണം യൂണിയൻ ചെയർമാൻ കെ.പത്മകുമാർ നിർവഹിച്ചു.

യൂണിയൻ കൺവീനർ പി.എസ്.ബ്രഷ്നേവ് ബോർഡ്‌ അംഗം എം.വി.അജിത്കുമാർ, കൗൺസിൽ അംഗങ്ങളായ സന്തോഷ്‌ പാലമൂട്ടിൽ, സാബു നിരവേൽ, യൂത്ത് മൂവ്മെന്റ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ചുമതലയേറ്റു.

എരുമേലി പോലീസ് സബ് ഇൻസ്പെക്ടറായി ടി. ജി, രാജേഷ് ചുമതലയേറ്റു

സ്പോട്ട് അഡ്‌മിഷൻ

പൂഞ്ഞാർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ 2024 അധ്യയന വർഷത്തെ പോളിടെക്‌നിക്‌ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്) രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ്പോട്ട് അഡ്‌മിഷൻ കോളജിൽ നടക്കുന്നു. സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം. 9447460142, 9645084883.

അധ്യാപക ഒഴിവ്

കിടങ്ങൂർ ∙ സഹകരണ അക്കാദമിയുടെ നിയന്ത്രണത്തിലുള്ള കോളജ് ഓഫ് എൻജിനീയറിങ്ങിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബ്രാഞ്ചുകളിലേക്ക് ഗെസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 22നു 10നു കോളജ് ഓഫിസിൽ നേരിട്ട് എത്തണം. 9747060502, 9446217384.

ടീച്ചർ ട്രെയ്നിങ്

കോട്ടയം ∙ നാഗമ്പടം കെൽട്രോൺ നോളജ് സെന്ററിൽ 23 ന് ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിങ് എന്നീ കോഴ്സുകളുടെ സൗജന്യ സെമിനാർ നടത്തും. മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഫോൺ: 9072592416.

സീറ്റൊഴിവ്

കുട്ടിക്കാനം ∙ മരിയൻ കോളജും (ഓട്ടോണമസ് ) പിഡിഎസ് സഹ്യാദ്രി ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടും നടത്തുന്ന ഒരു വർഷ ആയുർവേദ പഞ്ചകർമ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി ഡിപ്ലോമ കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു ജയം. ഫോൺ: 8281283844.

ഓൺലൈൻ പരിശീലനം

കോട്ടയം ∙ റബർ തോട്ടങ്ങളിലെ ഇടവിളക്കൃഷിയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് (എൻഐആർടി) 23ന് 10.30 മുതൽ 12.30 വരെ ഓൺലൈൻ പരിശീലനം നടത്തും. ഫോൺ: 9447710405.

ഊരുകൂട്ടം യോഗം നാളെ

പാറത്തോട് ∙ പഞ്ചായത്ത് 2024-25 ഗുണഭോക്തൃ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഊരുകൂട്ടം യോഗം നാളെ വൈകിട്ട് 4നു പഴുമല സാംസ്കാരിക നിലയത്തിലും 23ന് 3. ഇടക്കുന്നം സിഎസ്ഐ സാംസ്കാരിക നിലയത്തിലും നടത്തും.

വാർഷിക മസ്റ്ററിംഗ്

പാറത്തോട്: പാറത്തോട് പഞ്ചായത്തിൽനിന്നു 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ഓഗസ്റ്റ് 24ന് മുമ്പാ യി വാർഷിക മസ്റ്ററിംഗ് നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

ഇന്നത്തെ പരിപാടി

∙ വാഴൂർ 18–ാം മൈൽ സെന്റ് ജോർജ് എൽപി സ്കൂൾ: വാഴൂർ പഞ്ചായത്ത് 5–ാം വാർഡ് ഗ്രാമസഭ – 11.00

∙ തമ്പലക്കാട് ഗവ.എൽപി സ്കൂൾ : കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 3–ാം വാർഡ് ഗ്രാമസഭ –10.00.

∙ ആനിത്തോട്ടം മദ്രസ ഹാൾ: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 6–ാം വാർഡ് ഗ്രാമസഭ –11.00

∙ ചോറ്റി മഹാദേവക്ഷേത്രം ഊട്ടുപുര ഹാൾ: പുനരുദ്ധാരണ സമിതിയുടെ വാർഷിക പൊതുയോഗം– 3.00

എരുമേലി നിർമലാ സ്‌കൂൾ ഓഡിറ്റോറിയം എരുമേലി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്. 8.00 മുതൽ 4.00 വരെ

. വാഴൂർ തീർഥപാദാശ്രമം വ്യാസജയന്തി ഗുരുപൂർണിമ വ്യാസപൂജയും ഗുരുപൂജയും രാവിലെ 9.30

. ഉരുളികുന്നം താഷ്കൻറ് പബ്ലിക് ലൈബ്രറി അനുമോദനസദസ്സ് ഉദ്ഘാടനം കെ.ആർ.മന്മഥൻ 3.00 ചിറക്കടവ് ഗ്രാമദീപം വായനശാല ലഹരിവിമുക്ത ബോധവത്കരണക്ലാസ്. എക്സൈസ് ഇൻസ്പെക്ടർ വി. അരുൺകുമാർ 4.00 .വാഴൂർ 18-ാംമൈൽ സെന്റ് ജോർജ് എൽ.പി. സ്‌കൂൾ വാഴൂർ പഞ്ചായത്ത് അഞ്ചാംവാർഡ് ഗ്രാമസഭ 11.00

. പൊൻകുന്നം പെൻഷൻഭവൻ കേരളപ്രദേശ് ഗാന്ധിദർശൻവേദ് ജില്ലാകമ്മിറ്റിയുടെ ഉമ്മൻചാണ്ടി സ്മൃതിസംഗമം ഉദ്ഘാടനം ആന്റോ ആന്റണി എം.പി., എൻ.പീതാംബരക്കുറുപ്പിന് ഉമ്മൻചാണ്ടി മാനവസേവാ പുരസ്‌കാരസമർപ്പണം 10.00.

ചെങ്ങളം : വിശുദ്ധ അന്തോനീസി ന്റെ തീർഥാടന പള്ളിയിൽനിന്ന് ഭരണങ്ങാനം പദയാത്ര – രാവിലെ ഒമ്പതിന്.

മണിമല: ഹോളിമാഗി ഫൊറോന പള്ളിയിൽ പിതൃവേദിയുടെ നേതൃത്വത്തിൽ ബൈബിൾ പാരായണം – ഉച്ചകഴിഞ്ഞ് രണ്ടിന്.

ചിറക്കടവ്: ഗ്രാമദീപം വായനശാലയിൽ ലഹരിവിമുക്ത ബോധവ ത്കരണക്ലാസ് – വൈകുന്നേരം നാലിന്.

മരംകൊള്ളിക്കൽ അന്നമ്മ മർക്കോസ്

പൊൻകുന്നം : കൊപ്രാക്കളം മരംകൊള്ളിക്കൽ അന്നമ്മ മർക്കോസ്(73) നിര്യാതയായി. ഭർത്താവ്: എം.എം.മർക്കോസ്. മകൾ: അശ്വതി ജോഷി. മരുമകൻ: ജോഷി(നെടുമ്പാല). സംസ്‌കാരം ഞായറാഴ്ച മൂന്നിന് കാനം ഫെലോഷിപ്പ് സെമിത്തേരിയിൽ.

മണിമലക്കുന്ന് വരകുമലയിൽ ശശി (69)

പൊൻകുന്നം : മണിമലക്കുന്ന് വരകുമലയിൽ ശശി (69) നിര്യാതനായി . ഭാര്യ: പൊന്നമ്മ, ചങ്ങനാശ്ശേരി മുട്ടന്തറ കുടുംബാംഗം. മക്കൾ: വിനീഷ്, വിമൽ. സംസ്‌കാരം ഞായറാഴ്ച 11.30-ന് വീട്ടുവളപ്പിൽ.

തേക്കുംതോട്ടത്തിൽ ഹസ്സൻ കുട്ടി

എരുമേലി തേക്കും തോട്ടത്തിൽ (വിലങ്ങുപാറ )ഹസ്സൻ കുട്ടി (80) നിര്യാതനായി. കബറടക്കം ഞായറാഴ്ച രാവിലെ 10ന് എരുമേലി നൈനാർ മസ്ജിദ് കബർസ്ഥാനിൽ.

താമരക്കുന്നേൽ ത്രസ്യാമ്മ തോമസ്

ചിറക്കടവ് താമരക്കുന്നേൽ റ്റി.സി.തോമസ് (അപ്പച്ചൻ )ന്റെ ഭാര്യ ത്രസ്യാമ്മ തോമസ് – (71) നിര്യാതയായി.സംസ്കാരം ഞായറാഴ്ച (-21-07-2024) ഉച്ചകഴിഞ്ഞ് രണ്ടിന് മണ്ണംപ്ലാവിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചിറക്കടവ് താമരക്കുന്ന് പള്ളി സിമിത്തേരിയിൽ

error: Content is protected !!