ഓട്ടോറിക്ഷയിൽ കളഞ്ഞുകിട്ടിയ പേഴ്‌സും പണവും രേഖകളും ഉടമസ്ഥനെ കണ്ടുപിടിച്ചു തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

എരുമേലി : രണ്ട് വർഷം മുമ്പ് വീട്ടമ്മയുടെ നഷ്ടപ്പെട്ട സ്വർണ താലി മാല വഴിയിൽ നിന്ന് കിട്ടി തിരിച്ചേൽപ്പിച്ച ഓട്ടോ ഡ്രൈവറുടെ സത്യസന്ധത വീണ്ടും മറ്റൊരാൾക്ക് തുണയായി. ഓട്ടോറിക്ഷയിൽ വീണ പേഴ്‌സും പണവും എടിഎം കാർഡ് അടക്കമുള്ള രേഖകളുമാണ് പുഞ്ചവയൽ അമരാവതി സ്വദേശിക്ക് തിരിച്ചു കിട്ടിയത്. എരുമേലി കരിങ്കല്ലുമുഴി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ചിറക്കൽപറമ്പിൽ മനോജ്‌ (അനിൽകുമാർ) നാണ് കഴിഞ്ഞ ദിവസം ഓട്ടത്തിനിടെ ഓട്ടോറിക്ഷക്കുള്ളിൽ വീണു കിടന്ന നിലയിൽ പണം അടങ്ങിയ പേഴ്സ് ലഭിച്ചത്.

അൽപ്പം മുമ്പ് എരുമേലിയിൽ നിന്നും കൊരട്ടി ടൈൽ കടയിലേക്ക് ഓട്ടം വിളിച്ച ആളുടെ പേഴ്സ് ആണെന്ന സംശയത്തിൽ മനോജ്‌ കൊരട്ടിയിൽ കടയിലെത്തി ആളെ കണ്ടെത്തി എന്തെങ്കിലും നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്ന് തിരക്കി. അതുവരെ പേഴ്സ് പോയത് അറിയാതിരുന്ന ഉടമ കൈവശമുള്ള കവറിനുള്ളിൽ തിരഞ്ഞതോടെ പേഴ്സ് ഇല്ലെന്നറിയുകയും മനോജിനോട് പേഴ്സ് നഷ്‌ടപ്പെട്ട വിവരം പറയുകയും ചെയ്തു. അടയാളങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ട മനോജ്‌ ഉടമയ്ക്ക് പേഴ്സ് തിരികെ നൽകി. ടൈൽ വാങ്ങാൻ കവറിൽ സൂക്ഷിച്ചു കൊണ്ടുവന്ന പണവും പേഴ്‌സും ആണ് ഓട്ടോയ്ക്കുള്ളിൽ വീണത്. തിരികെ ഏൽപ്പിച്ച മനോജിനെ ഉടമയും നാട്ടുകാരും അഭിനന്ദിച്ചു.

error: Content is protected !!