കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 24/07/2024

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, ഇന്നത്തെ സിനിമ, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …

ജനാധിപത്യത്തിന്റെ കയ്യൊപ്പ് സ്വന്തമാക്കി എരുമേലി സെന്റ് തോമസ് എൽ. പി സ്കൂൾ വിദ്യാർഥികൾ

എരുമേലി : മുതിർന്നവർക്ക് മാത്രമല്ല തങ്ങൾക്കും വോട്ട് ചെയ്യാൻ അവകാശമുണ്ട് എന്ന സന്തോഷത്തിലാണ് എരുമേലി സെന്റ് തോമസ് എൽ പി സ്കൂൾ വിദ്യാർഥികൾ. സ്കൂൾ പാർലമെന്റ് ഇലക്ഷന്റെ ഭാഗമായി സ്കൂൾ ലീഡേറെയും ചെയർ പേഴസണെയും തിരഞ്ഞെടുക്കാൻ കുട്ടികൾ വിവിധ ചിഹ്നങൾക്ക് വോട്ട് രേഖപ്പെടുത്തി ജനാധിപത്യഅവകാശം ഉറപ്പിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

ഒരാഴ്ച നീണ്ട പരിപാടികൾ ആയിരുന്നു ഇതിനായി ആസൂത്രണം ചെയ്തിരുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കൽ,സ്ഥാനാർഥികളെ പരിചയപ്പെടുത്തൽ, വോട്ട് ചോദിക്കൽ, ഇലക്ഷൻ പ്രചരണം തുടങ്ങി എല്ലാ പ്രക്രിയകളും കുട്ടികൾക്ക് അനുഭവവേദ്യമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നു സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്റ്റ്യൻ പറഞ്ഞു.

സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്‌ കൺവീനർ . ലൗലി പി ജേക്കബ്, ട്രീസ സെബാസ്ട്യൻ, മറ്റ് അദ്ധ്യാപർ തുടങ്ങി എല്ലാവരും ചേർന്നു പരിപാടികൾ വിജയപ്രദമാക്കി. കുട്ടികളിൽ ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പകർന്നു നൽകി ഭാവിയിൽ ദേശസ്നേഹവും സഹവർത്തിത്വവും വളർത്തിയെടുക്കാൻ ഉതകുന്നതാണ് സ്കൂൾ പാർലമെന്റ് ഇലക്ഷൻ. അതിന് കുട്ടികളെ ചെറുപ്പം മുതൽ പരിശീലിപ്പിക്കുകയാണ് ഇതിന്റെ . ലക്‌ഷ്യം. സ്കൂൾ ലീഡർ ആയി കുമാരി. അശ്വിക രാജ് ഒന്നാം സ്ഥാനവും , മാസ്റ്റർ. കാശിനാഥ് ബൈജു രണ്ടാം സ്ഥാനവും നേടി വിജയം കരസ്ഥമാക്കി.

ഖോ-ഖോ സംസ്ഥാന ചാമ്പ്യൻഷിപ്: ഹോളിഫാമിലി ഇന്റർനാഷണലിന് രണ്ടാംസ്ഥാനം

ഇളങ്ങോയി: കോഴിക്കോട് നടന്ന ഐസിഎസ്ഇ ഖോ-ഖോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇളങ്ങോയി ഹോളിഫാമിലി ഇന്റർനാഷണൽ സ്‌കൂളിലെ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ദേശീയതല മത്സരത്തിലേക്ക് സ്കൂളിൽനിന്നുള്ള ആറ് കുട്ടികളെ തെരഞ്ഞെടുക്കുകയും സംസ്ഥാനതലത്തിൽ അൽബിയ പ്രഭാത് ബെസ്റ്റ് ഡിഫൻഡറിനുള്ള അവാർഡ് കരസ്ഥമാക്കുക യും ചെയ്തു.

ഗേൾസ് അണ്ടർ-17 കാറ്റുഗറിയിൽ മികച്ച പ്രകടനം കാഴ്ച‌വച്ചകുട്ടികളെ സ്‌കൂൾ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.

കേന്ദ്രബജറ്റ് നിരാശാജനകം : ഡോ.എൻ.ജയരാജ് എം എൽ എ

കാഞ്ഞിരപ്പള്ളി : കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ബജറ്റ് നിരാശാജനകമെന്ന് കാഞ്ഞിരപ്പള്ളി എം എൽഎയും ഗവ.ചീഫ് വിപ്പുമായ ഡോ.എൻ .ജയരാജ് പറഞ്ഞു . ഭരണഘടന എല്ലാ സംസ്ഥാനത്തിനും തുല്യപ്രാധാന്യം നൽകുന്ന ഫെഡറൽ സംവിധാനത്തെ പാടെ അവഗണിക്കുന്ന തരത്തിലുള്ള നിലപാട് ആണ് ബജറ്റിലുടനീളം പ്രതിഫലിക്കുന്നത്. ഏതാനും ചില സംസ്ഥാനങ്ങൾക്ക് മാത്രമായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുന്ന കാഴ്ചയാണ്. കേരളത്തോട് കാണിക്കുന്ന അവഗണന തുടരുന്നതിനുള്ള ശ്രമങ്ങളും ബജറ്റിലൂടെ കാണാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കോട്ടയം ജില്ലയ്ക്ക് പ്രതീക്ഷകളേറെയുണ്ടായിരുന്നു . 25 വർഷമായുള്ള കാത്തിരിപ്പാണ് ശബരി റെയിൽവെ. പദ്ധതിക്കായി മുൻ ബജറ്റുകളിൽ വകയിരുത്തിയ തുക ഏറെയും ലാപ്സായി.
സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് അർഹമായ വിഹിതം നൽകിയാൽ കേന്ദ്രം ശബരി പദ്ധതിക്ക് തയാറാണ് എന്ന് അറിയിച്ചിരുന്നു. തീർഥാടകർക്കും കാർഷിക മേഖലയ്ക്കും ശബരി പദ്ധതി ഏറെ ഗുണം ചെയ്യും. അങ്കമാലിയിൽനിന്ന് എരുമേലിവരെയുള്ള റെയിൽ പദ്ധതിയിൽ നിലവിൽ കാലടി സ്റ്റേഷനും അതുവരെ പാളവും പെരിയാറിനു കുറുകെ പാലവും നിർമിച്ചിട്ടുണ്ട്.

എരുമേലി, ശബരിമല റൂട്ടുകളിലെ നിർദിഷ്ട റോഡുകൾക്കും തുക പ്രതീക്ഷിച്ചിരുന്നു. കൊല്ലം-തേനി-ദിണ്ടിഗൽ ദേശീയ പാതയിൽ കോട്ടയം മുതൽ കുമളിവരെ റോഡ്‌ വികസനവും ഇത്തവണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേരളത്തിനായി ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല എന്നത് ഏവരെയും നിരാശരാക്കുന്നതാണ് .

വെളിച്ചിയാനി സെന്റ് ജോസഫ് എൽ പി സ്ക്കൂൾ വിദ്യാർത്ഥികൾ ഗ്രന്ഥശാല സന്ദർശിച്ചു.

കാഞ്ഞിരപ്പള്ളി : വായന പക്ഷാചരണത്തിന്റെ ഭാഗമായി വെളിച്ചിയാനി എൽ പി സ്ക്കൂളിലെ വിദ്യാർത്ഥികൾ പാറത്തോട് പബ്ളിക്ക് ലൈബ്രറി ആന്റ് റീഡിംഗ് റൂം സന്ദർശനം നടത്തി. കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ഡി സി എൽ ഓർഗനൈസർ വറുഗീസ് കൊച്ചു കുന്നേൽ , വായനശാല പ്രസിഡന്റ് റ്റി .എ . സെയിനില്ല, വൈ: പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം, സെക്രട്ടറി റ്റി.വി. സുരേഷ്, ലൈബ്രേറിയൻ രാജി സുരേഷ് , കമ്മറ്റി അംഗങ്ങളായ ഷാ ഉജ്ജയനി,ടോമി സെബാസ്റ്റ്യൻ, ഷെജി. ഇ വൈ, തങ്കൻ ചെമ്മൂഴിക്കാട്, ബെന്നി നിരപ്പേൽ, സ്പ്നാ റോയ്, റീനാമോൾ ഷാമോൻ , തങ്കമ്മ എന്നിവർ മധുരം നൽകി കുട്ടികളെ സ്വീകരിച്ചു.

അദ്ധ്യാപകർക്കൊപ്പം വായനശാലയിലെത്തിയ വിദ്യാർത്ഥികളോട് വായനശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വായിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും താലൂക്ക് സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ വിശദീകരിച്ചു. വറുഗീസ് കൊച്ചുകുന്നേൽ, പ്രഥമ അദ്ധ്യാപിക ഷൈനി ജോർജ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ കലാപരിപാടികളും അവതരിപ്പിച്ചു. ലൈബ്രേറിയൻ അദ്ധ്യാപകർക്ക് മെമ്പർഷിപ്പു നൽകി പുസ്തകം വിതരണവും നടത്തി.

ഏറെ നേരം അറിവിൻ ലോകത്ത് ചെലവഴിച്ചാണ് വിദ്യാർത്ഥികൾ മടങ്ങിയത്. അദ്ധ്യാപകരായ ആശാ മേരി സെബാസ്റ്റ്യൻ, മിനി തോമസ്, ശില്പ ജോർജ്, സിനിമോൾ അഗസ്റ്റിൻ എന്നിവരുമൊപ്പമുണ്ടായിരുന്നു.

ശബരി റെയിൽപാതയും വിമാനത്താവളവും കേന്ദ്ര ബജറ്റിൽ അവഗണിച്ചു.; ആന്റോ ആന്റണി എം. പി.

എരുമേലി : സംസ്ഥാനത്ത് സമഗ്ര വികസനം ലഭ്യമാക്കുന്ന എരുമേലി വഴിയുള്ള ശബരി റെയിൽവേയും എരുമേലിയിലെ നിർദിഷ്‌ട വിമാനത്താവള പദ്ധതിയോടും കേന്ദ്ര ബജറ്റിൽ അവഗണനയാണ് ദൃശ്യമായതെന്ന് ആന്റോ ആന്റണി എം പി. പുതിയ കേന്ദ്ര സർക്കാർ അധികാരത്തിലായ ഉടനെ ഈ പദ്ധതികൾ സംബന്ധിച്ച് താൻ എം പി എന്ന നിലയിൽ നിവേദനം നൽകിയിരുന്നു. പുതിയ റെയിൽവേ മന്ത്രിയ്ക്കും നിവേദനം നൽകി. എന്നാൽ ബജറ്റിൽ നിരാശയാണ് പകർന്നിരിക്കുന്നത്. പ്രതീക്ഷ പകരുന്ന ഒന്നുമില്ല. അദ്ദേഹം പറഞ്ഞു.

നിലവിൽ ശബരി പാത വിഭാവനം ചെയ്തിരിക്കുന്നത് അങ്കമാലി മുതൽ എരുമേലി വരെയാണ്. ഈ പാത റാന്നി പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി തിരുവനന്തപുരത്തേക്കും അവിടുന്ന് വിഴിഞ്ഞം തുറമുഖത്തേയ്ക്കും നീട്ടുന്നതിനുള്ള നടപടി വേണം. എരുമേലി വിമാനത്താവളത്തിന്റെ നിർമാണത്തിന് ലഭിക്കുവാനുള്ള പാരിസ്ഥിതിക അനുമതി കൂടെ നൽകി നിർമാണം തുടങ്ങുന്നതിന് ആവശ്യമായി ക്രമീകരണങ്ങൾ ചെയ്യണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.

റബ്ബർ കൃഷിക്കാർക്ക് ന്യായവില ലഭിക്കാത്തതാണ് വാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയ മറ്റൊരു പ്രധാനപ്പെട്ട വിഷയം. ഇന്നത്തെ അന്താരാഷ്ട്ര സാഹചര്യമനുസരിച്ചു കേരളത്തിലെ റബർ കൃഷിക്കാർക്ക് 300 രൂപയെങ്കിലും വില ലഭിക്കേണ്ടതാണ്. പക്ഷേ കേന്ദ്ര വാണിജ്യ മന്ത്രാലയവും വൻകിട വ്യവസായികളും ചേർന്നുള്ള കള്ളക്കളിയാണ് കൃഷിക്കാർക്ക് ന്യായവില ലഭിക്കാതിരിക്കാത്തതിന്റെ പിന്നിൽ. റബ്ബർ ബോർഡിനെ ശക്തമാക്കുകയോ കൃഷിക്കാർക്ക് ആനുകൂല്യം നൽകുന്നതിനുള്ള നിർദേശങ്ങളോ ബജറ്റിൽ ഇല്ല.

പ്രവാസികളാണ് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ഏറ്റവും വലിയ അടിത്തറ. ലക്ഷക്കണക്കിന് പ്രവാസികൾ ജോലി നഷ്ടപ്പെട്ട നാട്ടിലേക്ക് മടങ്ങുന്നുണ്ട്. അവരെ പുനരധിവസിപ്പിക്കാനോ അവർ തുടങ്ങുന്ന സംരംഭങ്ങൾക്ക് സാമ്പത്തിക സഹായമോ പ്രചോദനമോ നൽകുവാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ലന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു.

അറ്റകുറ്റപ്പണി നടത്തി

എരുമേലി ∙ ബസ്‌ സ്റ്റാൻഡ് – റോട്ടറി ക്ലബ് റോഡിലെ അപകട നിലയിലായ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി.

കനത്ത മഴയിൽ പാലവും സമീപന പാതയും ചേരുന്ന ഭാഗത്ത് വലിയ ഗർത്തം രൂപപ്പെടുകയും പാലത്തിന്റെ കൽക്കെട്ട് അപകടത്തിലാകുകയുമായിരുന്നു. പാലത്തിന്റെ കൽക്കെട്ട് ബലപ്പെടുത്തുകയും മഴയിൽ രൂപപ്പെട്ട കുഴി കരിങ്കല്ല് ഉപയോഗിച്ച് അടച്ച് കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കുകയും ചെയ്തു.

എസ്എൻഡിപി നേതൃത്വ ക്യാമ്പ് സമാപിച്ചു

എരുമേലി ∙ എസ്എൻഡിപിയിൽ കൂട്ടായ തീരുമാനങ്ങളാണ് ഉന്നമനത്തിന് കാരണമെന്ന് വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗം എരുമേലി യൂണിയന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങരയിൽ നടന്ന നേതൃത്വ ക്യാംപിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എരുമേലി യൂണിയൻ ചെയർമാൻ കെ.പത്മകുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ പി.എസ്. ബ്രഷ്നേവ്, യൂത്ത് മൂവ്മെന്റ് സംസ്ഥാന ചെയർമാനുമായ പച്ചയിൽ സന്ദീപ്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ എന്നിവർ പ്രസംഗിച്ചു.

മെഡിക്കൽ ക്യാമ്പ്

പനമറ്റം: ഭാരതീയചികിത്സാ വകുപ്പ്, എലിക്കുളം പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ പനമറ്റം ദേശീയവായനശാല വനിതവേദിയും ഗുരുജനവേദിയും സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. മെഡിക്കൽ ഓഫീസർ ഡോ. ഡോണ എബ്രഹാം മറ്റം നേതൃത്വം നൽകി. ഗുരുജനവേദി പ്രസിഡന്റ് വിജയൻ, സെക്രട്ടറി വി.എൻ. രാജമ്മ, വനിതാവേദി പ്രസിഡന്റ് ഓമന മുരളി, സെക്രട്ടറി ജിഷമോൾ ടി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് പരിപാലന സമിതി ഭാരവാഹികൾ

കാഞ്ഞിരപ്പള്ളി ∙ നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് പരിപാലന സമിതി ഭാരവാഹികൾ:
പി.എം.അബ്ദുൽ സലാം ഹാജി പാറയ്ക്കൽ (പ്രസി), കെ.എച്ച്.റിയാസ് കരിപ്പായിൽ, പി.എച്ച്.ഷാജഹാൻ പുളിമൂട് പുരയിടം (വൈ. പ്രസിഡന്റുമാർ), പി.പി.അൻസാരി വാവേർ മൂക്രിക്കാട്ടിൽ (സെക്ര), കെ.എസ്.ഷമീർ കൊല്ലപ്പുരയിടം, പി.ഇ.അബ്ദുൽ സലാം വലിയപറമ്പിൽ (ജോ. സെക്രട്ടറിമാർ) ടി.എം. ഷിബിലി ഹാജി തേനംമാക്കൽ(ട്രഷ), സി.എസ്.ഇല്ല്യാസ് ചെരിപുപുറം, കെ.ഹസൻ ഹുസൈൻ കല്ലുംകൂട്ടത്തിൽ, ടി.പി.ജുനൈദ് തേനംമാക്കൽ, മുഹമ്മദ് റാഫി വാവണ്ണൻപറമ്പിൽ, ആർ.എസ്.ഫിറോസ് രാമനാട്ടുപുരയിടം, എം.ഐ. നവാസ് മടുക്കോലിപറമ്പിൽ, ടി.എച്ച്.ഷിബിലി തേനംമാക്കൽ വട്ടകപ്പാറ, പി.എം.നിയാസ് പുളിമൂട്ടിൽ, ടിഹാന ബഷീർ കളരിക്കൽ, കെ.എസ്.മുഹമ്മദ് റഫീഖ് കൊല്ലംപ്പുരയിടം (കമ്മിറ്റിയംഗങ്ങൾ).

12 ഏക്കറിലെ നടപ്പാത റോഡാക്കി മാറ്റുന്നു

മുണ്ടക്കയം ∙ രണ്ടാം വാർഡിലെ 12 ഏക്കറിലെ നടപ്പാത പ്രദേശവാസികൾ ഒന്നുചേർന്നു സഞ്ചാരയോഗ്യമായ റോഡാക്കി മാറ്റുന്നു. ഇവിടത്തെ ജനങ്ങൾ സാഹസികമായി നദീതീരം വഴിയാണ് യാത്ര ചെയ്തിരുന്നത്. ഇടിഞ്ഞു പോയ ആറ്റുതീരം സർക്കാർ തുകയായ 35 ലക്ഷം രൂപ വിനിയോഗിച്ചു കെട്ടി സംരക്ഷണം ഒരുക്കി.

പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കോൺക്രീറ്റിങ് നടത്താനും പദ്ധതിയുണ്ട്. പഞ്ചായത്തംഗം സി.വി.അനിൽ കുമാർ രക്ഷാധികാരിയും ഷംസുദീൻ, ചന്ദ്രൻ, അയ്മൂട്ടി, അബ്ദുൽ റഹീം എന്നിവർ ഭാരവാഹികളായ റോഡ് നിർമാണ കമ്മിറ്റിയാണ് പദ്ധതി നിയന്ത്രിക്കുന്നത്.

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസ്സം പതിവ് .

കാഞ്ഞിരപ്പള്ളി ∙ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങളും തകരാറുകളും ഒഴിവാക്കുന്നതിനാണ് ടൗണിലെയും പരിസരങ്ങളിലെയും വൈദ്യുത ലൈനുകൾ ഏരിയൽ ബഞ്ചഡ് കേബിൾ സിസ്റ്റത്തിലാക്കിയത്.

എന്നാൽ, ഇപ്പോൾ തകരാറും തടസ്സങ്ങളും കൂടിയ സ്ഥിതിയാണ്. കഴി‍ഞ്ഞ ഞായറാഴ്ച മുടങ്ങിയ വൈദ്യുതി തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണു പുനഃസ്ഥാപിച്ചത്. മണ്ണാറക്കയം 110 കെവി വൈദ്യുതി സബ്സ്റ്റേഷനിൽ നിന്നു സ്ഥാപിച്ച എബിസി കേബിളിലാണു തകരാറുണ്ടായത്. കേബിൾ ഷോർട്ടാകുന്നതാണു പ്രശ്നമെന്നും ചില ഭാഗത്ത് മാത്രമാണ് പ്രശ്നമെന്നും അധികൃതർ പറയുന്നു. എന്നാൽ, കേബിളിൽ എവിടെയാണ് പ്രശ്നമെന്ന് കണ്ടെത്തുന്നതിനുള്ള താമസം അധികൃതരെ വലച്ചു.

മണിക്കൂറോളം വൈദ്യുതി മുടങ്ങിയതോടെ കടകളെയും ഓഫിസുകളെയും സാരമായി ബാധിച്ചു. പകൽ വൈദ്യുതി മുടങ്ങുന്നത് വൈദ്യുതിയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനവും തടസ്സപ്പെടുകയാണ്. ഏറെനേരം വൈദ്യുതി തടസ്സപ്പെടുന്നതു വിവിധ സ്ഥാപനങ്ങളിലെയും ഓഫിസുകളിലെയും കംപ്യൂട്ടറുകളും പ്രവർത്തിക്കാതെ വരുന്നു. അക്ഷയ കേന്ദ്രങ്ങൾ ,ഫോട്ടോസ്റ്റാറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ എത്തുന്ന ജനങ്ങളും ദുരിതത്തിലാകുകയാണ്.

5 വർഷം മുൻപ് സബ് സ്റ്റേഷനു കീഴിലെ പ്രത്യേക ഫീഡറിൽ നിന്നും ടൗണിലും സമീപപ്രദേശത്തുമായി 6 കിലോമീറ്ററോളം ദൂരത്തിലുള്ള നാൽപതോളം ട്രാൻസ്ഫോമറുകളിലേക്കു ഒന്നരക്കോടിയിലേറെ രൂപ മുടക്കിയാണ് ഏരിയൽ ബഞ്ച്ഡ് കേബിളുകൾ സ്ഥാപിച്ചത്.

ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കടകളിൽ പരിശോധന

എരുമേലി ∙ ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മേഖലയിലെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കടകളിൽ പരിശോധന നടത്തി.

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, സ്ഥാപനങ്ങളുടെ ശുചിത്വം, പരിസര ശുചിത്വം ഹെൽത്ത് കാർഡ്, ശുദ്ധജല സാംപിൾ പരിശോധന സംബന്ധിച്ചു നിർദേശങ്ങൾ നൽകി.ശുചിത്വ സംവിധാനങ്ങൾ ഇല്ലാതെയും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും പ്രവർത്തിച്ച 6 കടകൾക്കു പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടിസ് നൽകി.

ഹെൽത്ത് സൂപ്പർവൈസർ സി.ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. തെരേസിലിൻ ലൂയിസ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.

മനോഹരകാഴ്ചയായി മേലരുവി വെള്ളച്ചാട്ടം

കാഞ്ഞിരപ്പള്ളി ∙ മഴക്കാലമായതോടെ മനോഹരകാഴ്ചയായി മേലരുവി വെള്ളച്ചാട്ടം. മേലരുവി തടയണയിലെ വെള്ളവും തുടർന്നുള്ള വെള്ളച്ചാട്ടവുമാണു മുഖ്യആകർഷണം.മറ്റ് അരുവികളെ അപേക്ഷിച്ച് അപകടസാധ്യത കുറവാണെന്നതാണു മേലരുവിയുടെ പ്രത്യേകത.

തൊട്ടടുത്തു നിന്ന് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ കഴിയും. മേയ് മുതൽ ഡിസംബർ വരെ ഇവിടെ വെള്ളച്ചാട്ടമുണ്ട്. ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മേലരുവിക്ക് വികസനമുണ്ടായാൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയും.

മുൻപ് തടയണയിലെ വെള്ളത്തിൽ സ്കൂൾ കോളജ് വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകിയിരുന്നു. എന്നാൽ, പിന്നീട് തടയണയിലെ വെള്ളത്തിൽ ചെളിയും മരക്കമ്പുകളും നിറഞ്ഞതിനാൽ നീന്തലിനു യോഗ്യമല്ലാതായി.

ഇവ മാറ്റി തടയണയുടെ ആഴം കൂട്ടിയാൽ നീന്തൽ പരിശീലനവും ബോട്ടിങ്ങും നടത്താൻ കഴിയും. മുൻ പഞ്ചായത്ത് ഭരണസമിതി വിശ്രമകേന്ദ്രവും തടയണയിൽ ബോട്ടിങ്ങിനുമുള്ള പദ്ധതി രൂപം കൊടുത്തെങ്കിലും നടപ്പായില്ല.

തട്ടുകളായുള്ള പാറക്കെട്ടുകളിലെ വെള്ളച്ചാട്ടമാണ് മുഖ്യആകർഷണം. ഇതിനു മുകളിലായുള്ള തടയണയും ജലാശയവും അരുവിയെ കൂടുതൽ മനോഹരമാക്കുന്നു.

മഴക്കാലത്താണ് മേലരുവിക്കു ഭംഗി കൂടുതൽ. ഇരുകരകളിലായി ഇരിപ്പിടങ്ങളും പൂന്തോട്ടവും ഒരുക്കിയാൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. സമീപപ്രദേശത്തുള്ളവർക്ക് വിശ്രമകേന്ദ്രവുമാകും.

എത്താനുള്ള വഴി:
ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് നിന്ന് 500 മീറ്റർ. ടൗണിൽ നിന്നു 2 കിലോമീറ്റർ. സഞ്ചാരികളെ ആകർഷിക്കാൻ ദേശീയ പാതയിലും സമീപ ജംക്‌ഷനുകളിലും സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ടൂറിസം വികസനത്തിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം.

യാത്ര ദുരിതം : കൊക്കയാർ പ്രാഥമികാരോഗ്യ കേന്ദ്രം മാറ്റി സ്ഥാപിക്കണം എന്ന ആവശ്യം ശക്തം

കൊക്കയാർ ∙ പഞ്ചായത്തിൽ പതിറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച ഒരു പ്രാഥമികാരോഗ്യ കേന്ദ്രമുണ്ട് മേലോരത്ത്. ജനങ്ങളു‍ടെ ആശ്രയകേന്ദ്രമായ ഇവിടെ ഇപ്പോൾ രോഗികൾ കുറഞ്ഞതോടെ ആശുപത്രി കൂടുതൽ ആളുകൾക്കു സൗകര്യമുള്ള സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കണം എന്ന നീക്കത്തിലാണ് അധികൃതർ. പക്ഷേ, എവിടെ, എങ്ങനെ എന്ന വ്യക്തത ഇല്ലാത്തതാണു പ്രശ്നം.

പ്രാഥമികാരോഗ്യ കേന്ദ്രം മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നതിനെതിരെ മേലോരം നിവാസികൾ പ്രതിഷേധിച്ചിരുന്നു. മേലോരം സബ് സെന്റർ ആക്കി നിലനിർത്തി ആഴ്ചയിൽ മൂന്ന് ദിവസം ഒപി സൗകര്യം ക്രമീകരിക്കാം എന്നാണു തീരുമാനമെന്നു പഞ്ചായത്തംഗം കോശി മത്തായി പറഞ്ഞു. ആശുപത്രി ഇവിടെ നിന്നു മാറ്റിയാൽ ജനങ്ങൾക്ക് ദുരിതമാകുമെന്നുറപ്പാണ്. ഒപിയിൽ ആളു കുറയുന്നു, മേലോരം റോഡിലെ യാത്രാദുരിതം എന്നിവയുടെ പേരിലാണ് ആശുപത്രി ഇവിടെ നിന്നു മാറ്റാൻ പദ്ധതിയിട്ടത്. പ്രശ്നത്തിൽ ഉചിതമായ തീരുമാനം വേണം എന്നാവശ്യപ്പെട്ട് വരും ദിവസം പഞ്ചായത്ത് ഓഫിസിനു മുൻപിൽ കോൺഗ്രസ് ധർണ നടത്തും.

ആരോഗ്യകേന്ദ്രം വെംബ്ലി പഞ്ചായത്ത് വക സ്ഥലത്തു സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. കൊക്കയാർ പഞ്ചായത്തിലെ കുറ്റിപ്ലാങ്ങാട്, വെംബ്ലി, കനകപുരം, വടക്കേമല, ഉറുമ്പിക്കര, ഏന്തയാർ ഈസ്റ്റ്, മുക്കുളം എന്നീ വാർഡുകളിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് പ്രയോജനം ലഭിക്കണമെങ്കിൽ ഈ സ്ഥാപനം വെംബ്ലിയിൽ നിർമിക്കണം എന്ന് ഇവർ ആവശ്യപ്പെടുന്നു. നിലവിൽ ഈ വാർഡുകളിലെ രോഗികൾ കിലോമീറ്ററുകൾ യാത്ര ചെയ്‌താണ്‌ ചികിത്സ തേടുന്നത്. എസ്‌സി, എസ്ടി ജനവിഭാഗങ്ങളാണു ഇവിടെ അധികവും. കൊക്കയാർ പഞ്ചായത്തിന് സ്വന്തമായി സ്ഥലമുള്ളപ്പോൾ സർക്കാരുമായി ഉടമസ്ഥ അവകാശം ചോദ്യം ചെയ്തുകൊണ്ടു കേസ് നിലനിൽക്കുന്ന പാരിസൻ എസ്റ്റേറ്റ് ഭൂമിയിൽ തന്നെ നിർമിക്കണമെന്ന് ഭരണസമിതി വാശിപിടിക്കുന്നത് ശരിയല്ല എന്ന് ജനകീയ സമിതി ഭാരവാഹികൾ ആരോപിച്ചു.

അതിനാൽ ഉചിതമായ തീരുമാനം കൈക്കൊള്ളണം എന്ന് ഭാരവാഹികളായ കെ.കെ. ധർമിഷ്ടൻ, കെ.എ. അബ്ദുൾ‍ വാഹിദ്, പി.വി.വിശ്വനാഥൻ എന്നിവർ ആവശ്യപ്പെട്ടു.

നല്ല സമറായന്റെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന സുധയുടെ വീട്ടുകാരെ കണ്ടെത്തി തിരികെ യാത്രയാക്കി

കാഞ്ഞിരപ്പള്ളി: നല്ല സമറായന്റെ കനിവിൽ ഒരാൾകൂടി ഉറ്റവർക്കൊപ്പം നാട്ടിലേക്ക്. തമിഴ്‌നാട് ഇറോഡ് സ്വദേശി സുധയാണ് പുളിമാവ് നല്ല സമറായൻ ആശ്രമത്തിൽ നിന്ന് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങിയത്.

ഏന്തയാർ പ്രദേശത്തുകൂടി അലഞ്ഞുതിരിഞ്ഞു നടന്ന സുധയെ കഴിഞ്ഞ മാർച്ച് ഏഴിനാണ് മുണ്ടക്കയം പോലീസ് സംരക്ഷണത്തിനായി നല്ല സമറായൻ ആശ്രമത്തിലെത്തിച്ചത്. ഇവിടുത്തെ ചികിത്സയിലും ശുശ്രൂഷയിലും ജീവിതത്തിലേക്ക് തിരികെയെത്തിയപ്പോഴാണ് തമിഴ്നാട്ടിലെ ഇറോഡ് സ്വദേശിയാണ് താനെന്ന് സുധ വെളിപ്പെടുത്തിയത്. ഇക്കാര്യം ആശ്രമ അധികൃതർ തേനി ജില്ലയിലെ കമ്പം ടൗൺ പഞ്ചായത്തംഗം ഇളംകോവനെയും സാമൂഹ്യപ്രവർത്തകരായ ഗോപാൽ, ഭാര്യ പ്രഭ എന്നിവരെയും അറിയിച്ചു. ഇവർ ആശ്രമത്തിലെത്തി സുധയെ സന്ദർശി ക്കുകയും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇറോഡ് പ്രദേശത്തുള്ള സാമൂഹ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് ഭർത്താവ് പളനിച്ചാമിയെ കണ്ടെത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം പളനിച്ചാമിയെ കൂട്ടി ആശ്രമത്തിലെത്തിയ ഇവർ സുധയുമായി സ്വദേശത്തേക്ക് മടങ്ങി.

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളുടെ പുനരധിവാസത്തിനായി 1998 മുതൽ ഫാ. റോയി മാത്യു വടക്കേലിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പുളിമാവിൽ പ്രവർത്തിച്ചുവരുന്ന ആശ്രമമാണ് നല്ല സമറായൻ.

വെയ്റ്റിംഗ് ഷെഡുകൾ പുനഃസ്ഥാപിക്കണം

ഇളങ്ങുളം: പാലാ- പൊൻകുന്നം റോഡിലെ വിവിധ വെയ്റ്റിംഗ് ഷെഡുകൾ വാഹനം ഇടിച്ചും മരത്തിന്റെ ശിഖരങ്ങൾ വീണും തകർന്നു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ബസ് കയറാൻ സ്കൂൾ കുട്ടികൾക്കും മറ്റുള്ളവർക്കും കയറി നില്കാൻ മറ്റൊരിടം ഇല്ലാത്ത അ വസ്ഥയാണിപ്പോൾ.

മൂവാറ്റുപുഴ- പുനലൂർ ഹൈവേയുടെ ഭാഗമായി നിർമിച്ച ഇവ എത്രയും വേഗം പുനർനിർമിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുവാനും യൂത്ത് ഫ്രണ്ട് എം എലിക്കുളം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. സാജൻ തൊടുക, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ടോമി കപ്പിലുമാക്കൽ, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലിൽ, ബിനേഷ് പാറാംതോട്ട്, തോമസ് ബേബി തുടങ്ങിയവർ പ്രസംഗിച്ചു.

എ.ഐ.വൈ.എഫ്.ശില്പശാല

പൊൻകുന്നം: എ.ഐ.വൈ.എഫ്.കാഞ്ഞിരപ്പള്ളി മണ്ഡലം ശില്പശാല സി.പി.ഐ. ജില്ലാഅസി.സെക്രട്ടറി ജോൺ വി.ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഖിൽ ആർ.നായർ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് രഞ്ജിത്ത് പ്രവർത്തനരേഖ അവതരിപ്പിച്ചു. സെക്രട്ടറി ഫസൽ മാടത്താനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ.ജില്ലാ അസി.സെക്രട്ടറി മോഹൻ ചേന്നംകുളം, സുരേഷ് കെ.ഗോപാൽ, അജിത്ത് വാഴൂർ, ജ്യോതിരാജ്, രജീഷ് പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.

കാൽ നൂറ്റാണ്ടിലധികം ആനിക്കാട് ബാങ്ക് പ്രസിഡന്റ് . അഭിമാനപൂർവം സ്ഥാനമൊഴിഞ്ഞ് കെ.ഗോപകുമാർ

പള്ളിക്കത്തോട്: 1999 മുതൽ 2024 വരെ തുടർച്ചയായ 25 വർഷവും, 1984-87 കാലഘട്ടത്തിൽ മൂന്നുവർഷവും ഉൾപ്പടെ 28 വർഷം തുടർച്ചയായി ആനിക്കാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി സേവനമനുഷ്ടിച്ച നാട്ടുകാരുടെ പ്രിയങ്കരനായ ഗോപകുമാർ സാർ എന്ന കെ.ഗോപകുമാർ സ്ഥാന മൊഴിഞ്ഞു. തുടർച്ചയായി മൂന്ന് തവണയിലധികം ഭരണസമതിയംഗമാവരുത് എന്ന സഹകരണ നിയമ ഭേദഗതി വന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ സ്ഥാനമൊഴിഞ്ഞത്.

1979 ൽ യു.ഡി.എഫ്.പാനലിൽ മത്സരിച്ച് ആദ്യമായി ഭരണ സമതിയംഗമായി. 1984-87 ൽ വീണ്ടും യു.ഡി.എഫ്.പാനലിൽ മത്സരിച്ച് ആദ്യമായി ബാങ്ക് പ്രസിഡന്റായി. പള്ളിക്കത്തോട് പഞ്ചായത്ത് ഭരണ സമിതിയംഗമായതിനാൽ പിന്നീട് ബാങ്ക് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായില്ല. 1999-2004 ഘട്ടത്തിൽ യു.ഡി.എഫ്.പാനലിൽ മത്സരിച്ച് വീണ്ടും പ്രസിഡന്റായി. തുടർന്ന് 2004 മുതൽ 2024 വരെ തുടർച്ചയായി എൽ.ഡി.എഫ്.പാനലിന് നേതൃത്വം നൽകി വിജയിച്ച് പ്രസിഡന്റായി. പുതിയ ഭരണ സമിതിക്ക് ഇക്കഴിഞ്ഞ 20-ന് അധികാരം കൈമാറി. 2004 മുതൽ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി നാളിതു വരെ പരാജയം നേരിട്ടില്ല.

ബാങ്കിംങ് മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സ്ഥാപനത്തെ വളർച്ചയുടെ പടവുകളിലൂടെ ഗ്രേഡ്-1 ൽ നിന്ന് സൂപ്പർ ഗ്രേഡ് പദവിയിലേക്കുയർത്തി. ബ്രാഞ്ചുകളുടെ എണ്ണം 3-ൽ നിന്ന് 7 ആയി ഉയർത്തി. അവികസിത മേഖലയായ കുറുങ്കുടിയിൽ ബ്രാഞ്ച് തുടങ്ങിയത് ഏറെ പ്രശംസ പിടിച്ചുപറ്റി. സഹകാരികൾക്ക് എളുപ്പത്തിൽ ബാങ്കിൽ എത്തുന്നതിന് ബാങ്കിന്റെ ചിലവിൽ റോഡും നിർമ്മിച്ചു നൽകി. നാല് ബ്രാഞ്ചുകളിൽ വളം ഡിപ്പോകളും, നീതി സ്റ്റോറുകളും സ്ഥാപിച്ചു. മുക്കാലി ബ്രാഞ്ചിൽ അധുനിക നിലവാരത്തിൽ രണ്ടാം നില സജ്ജീകരിച്ചു. പൊതു ചടങ്ങുകൾക്കായി ഹാളും നിർമ്മിച്ചു. കുറുങ്കുടി ശാഖയിൽ സഹകരണ വായനശാല സജ്ജീകരിച്ചു. 44 സെന്റ് വസ്തു വാങ്ങി പള്ളിക്കത്തോട് ടൗണിൽ നിർമ്മിച്ച കെട്ടിടത്തിൽ നീതി ലാബ്, മെഡിക്കൽ സ്റ്റോർ, മണ്ണ് പരിശോ
ധനകേന്ദ്രം, ഡി.ആർ.സി.ലാബ്, കാന്റീൻ തുടങ്ങിയവ പ്രവർത്തനമാരംഭിച്ചു.

കാർഷിക മേഖലയുടെ പുരോഗതിക്ക് ടൗണിൽ 9000 ചതുരശ്ര അടി വിസതീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ വിവിധ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആതുര ചികിത്സാ സഹായം, പാലിയേറ്റീവ് ഉപകരണ വിതരണം, കൂട്ടായ്മകൾക്കും വ്യക്തികൾക്കും നാമമാത്ര പലിശയിൽ സാമ്പത്തിക സഹായം, അന്നദാനം, കിറ്റ് വിതരണം, ആർ.പി.എസുമായി യോജിച്ച് റബ്ബർ കർഷകരുടെ പുരോഗതിക്കാവശ്യമായ ലോണുകൾ, കാർഷിക ഉപകരണങ്ങളുടെയും, തൈകളുടെയും വിതരണത്തിന് സുഭല ഗാർഡൻ തുടങ്ങി യുവജനങ്ങളുടെയും , സ്ത്രീകളുടെയും , ഇടത്തരക്കാരുടെയും ജീവിത പുരോഗതിക്ക് നിരവധി പദ്ധതികൾ രാഷ്ട്രീയ ഭേദമില്ലാതെ നടപ്പിലാക്കി.

1997 ൽ അധ്യാപക ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് ഗോപകുമാർ സഹകരണ മേഖലയിൽ കൂടുതൽ സജീവമായത്. മനുഷ്യായുസിന്റെ 28 വർഷം സത്യസന്ധമായ സാമൂഹികസേവനം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗോപകുമാർ . കക്ഷി രാഷ്ട്രീയത്തിനതീതമായി ലഭിക്കുന്ന സ്‌നേഹാദരവുകൾ തന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നെന്നും, കാലാകാല ഭരണ സമതികളിൽ തന്നോടൊപ്പം വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭരണ സമിതിയംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും മൂന്ന് ആൺമക്കളുമുൾപ്പെടെ മുക്കാലിയിലെ പവിത്ര വീട്ടിലാണ് ഗോപകുമാർ താമസിക്കുന്നത്.

അധ്യാപക ഒഴിവ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ടെക്നിക്കൽ ഹൈ സ്കൂളിൽ വർക് ഷോപ്പ് ഇൻസ്ക്ടർ(ഇലക്ട്രോണിക്സ‌്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യത ത്രിവത്സര ഡിപ്ളോമ (ഇലക്ട്രോണിക്സ്). യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 10.30ന് മണങ്ങല്ലൂരിലുള്ള ഗവൺമെന്റ് ടെക്നിക്കൽ ഹൈസ് കൂൾ ഓഫീസിൽ ഇന്റർവ്യൂവിനായി ഹാജരാകണം.

ഗസ്റ്റ് ലക്ചറർ ഒഴിവ്

കോട്ടയം: നാട്ടകം ഗവ.പോളിടെക്നിക് കോളേജിൽ ഡി.വോക് ഓട്ടോമൊബൈൽ സർവീസി ങ് കോഴ്സിൽ മൂന്ന് ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. ഓട്ടോ മൊബൈൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഒന്നാംക്ലാസ് ബി.ടെക് ബിരുദമുള്ളവർക്ക് രണ്ട് ഒഴിവുകളിലേയും ഇ ലക്ട്രിക്കൽ/ഇലക്ട്രോണിക‌് എൻജിനീയറിങ്ങിൽ ഒന്നാംക്ലാസ് ബി.ടെക് ബിരുദമുള്ളവർക്ക് ഒരു ഒഴിവിലേയും അഭിമുഖത്തിൽ പങ്കെടുക്കാം. 25ന് 11.30-ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖം നടത്തും. അസൽ സർട്ടിഫിക്കറ്റുകളും മുൻ പരിചയം തെളിയിക്കുന്ന സർ ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഫോൺ: 04812 361884.

ക്ഷീരവികസന പദ്ധതി: അപേക്ഷാതീയതി നീട്ടി

കോട്ടയം: ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തികവർഷം നടപ്പാ ക്കുന്ന വിവിധ പദ്ധതികളിലേക്ക് ഓൺലൈനായി അപേക്ഷകൾ സ മർപ്പിക്കാനുള്ള സമയപരിധി 31 വരെ ദീർഘിപ്പിച്ചു. ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേ ന രജിസ്റ്റർ ചെയ്ത‌ത്‌ അപേക്ഷ സമർപ്പിക്കാം. പുൽക്കൃഷി വികസ നം, മിൽക്ക്ഷെഡ് വികസനം, ഡെയറി ഫാം ഹൈജീൻ മെച്ചപ്പെ ടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീ രവികസന യൂണിറ്റുകളുമായി ബന്ധപ്പെടണം.

അപേക്ഷ സ്വീകരിക്കുന്നു

മുണ്ടക്കയം: ചിങ്ങം ഒന്ന് കർഷകദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കും. മികച്ച ജൈവ കർഷകർ, വനിതാ കർഷക, വി ദ്യാർഥി – വിദ്യാർഥിനി കർഷകർ, മുതിർന്ന കർഷകർ, എസ്‌സി, എ സ്‌ടി കർഷകർ, ക്ഷീര കർഷകർ എന്നീ മേഖലയിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നതാണ്. അപേക്ഷകൾ 31ന് വൈകുന്നേരം അഞ്ചിന് മുമ്പ് മുണ്ടക്കയം കൃഷി ഭവനിൽ സമർപ്പിക്കേണ്ടതാണ്.

മുട്ടക്കോഴി വിതരണം

എലിക്കുളം: അത്യുത്പാദനശേഷിയുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഗവൺമെന്റ് അംഗീകൃത നഴ്‌സറിയിൽനിന്ന് 130 രൂപ നിരക്കിൽ എ ലിക്കുളം മൃഗാശുപത്രിയിൽ 26ന് രാവിലെ ഒമ്പതിന് വിതരണം ചെയ്യും. ആവശ്യമുള്ളവർ 24ന് എലിക്കുളം മൃഗാശുപത്രിയിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9961100039, 9447313088.

നിർമല ടോപ്പ് അപ്പ്

എരുമേലി: ഇംഗ്ലീഷ്, മലയാളം ഭാഷ കുറച്ചുകൂടി പഠിക്കണമെന്നാഗ്ര ഹിക്കുന്ന സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞവർക്കും ഏതു പ്രായത്തി ലുള്ളവർക്കുമായി എരുമേലി നിർമല പബ്ലിക് സ്‌കൂൾ ‘നിർമല ടോ പ്പ് അപ്പ്’ പരി നടത്തും. മാതാപിതാക്കൾക്കും പുറത്തുള്ള ആ പരിപാടി ളുകൾക്കും പങ്കെടുക്കാമെന്ന് അഡ്‌മിനിട്രേറ്റർ സിസ്റ്റർ റ്റെസി മരിയ അറിയിച്ചു. ഫോൺ – 7510613663, 9495869136.

പറപ്പള്ളിൽ ഷഹാസ് പി ഷാഹുൽ ഹമീദ് (ഷഹാസ് പറപ്പള്ളിൽ -50)

എരുമേലി : മണങ്ങല്ലൂർ പരേതനായ പറപ്പള്ളിൽ ഷാഹുൽ ഹമീദിന്റെ മകൻ ഷഹാസ് പി ഷാഹുൽ ഹമീദ് (ഷഹാസ് പറപ്പള്ളിൽ -50 ) നിര്യാതനായി. ഖബറടക്കം മണങ്ങല്ലൂർ പള്ളി ഖബർസ്ഥാനിൽ നടത്തി.
എംഇഎസ് കോട്ടയം ജില്ലാ സെക്രട്ടറിയും എരുമേലി എംഇഎസ് കോളേജ് മാനേജിങ് കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ – ഷൈനി (പുനലൂർ). മക്കൾ – ഇഷ, അമ്‌ന, അഹ്സൽ

പുളിമൂട്ടിൽ സെയ്തുമുഹമ്മദ്

കാഞ്ഞിരപ്പള്ളി: പാറക്കടവ് റോഡിൽ പി കെ ജംഗ്ഷനിൽ പുളിമൂട്ടിൽ സെയ്തുമുഹമ്മദ് (പത്താക്ക് – 81) നിര്യാതനായി .കബറടക്കം നടത്തി. മുസ്ലീം യൂത്ത് കൾച്ചറൽ അസോസിയേഷൻ (മൈക്ക) സ്ഥാപക പ്രസിഡന്റാണ് . ഭാര്യ: നുസൈഫാ വലിയ കുന്നത്ത്. മക്കൾ: നിജ, നിബ്യു, നീ താ, നൗഫൽ. മരുമക്കൾ: റഷീദ്, മാർഷിജ, പരേതനായ കബീർ .

കൊന്നക്കപ്പറമ്പിൽ കെ.എസ്.സുകുമാരൻ നായർ (99).

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് കൊന്നക്കപ്പറമ്പിൽ കെ.എസ്.സുകുമാരൻ നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷിയമ്മ. മക്കൾ: ആനന്ദവല്ലിയമ്മ, ശാശ്വത കുമാർ, ഹരികുമാർ(റിട്ട.ബി.എസ്.എൻ.എൽ.), സുരേഷ്‌കുമാർ, ശ്രീകുമാർ(റിട്ട.ബി.എസ്.എൻ.എൽ.), പരേതനായ ഗോപകുമാർ.
മരുമക്കൾ: പരേതനായ കെ.ആർ.വിജയൻ കർത്ത, ശാന്തകുമാരി, ഗിരിജകുമാരി, മിനി സുരേഷ്, ബീന ശ്രീകുമാർ, സാലി ഗോപകുമാർ. സംസ്‌കാരം നടത്തി. സഞ്ചയനം 31-ന് രാവിലെ ഒൻപതിന്.

താമരശ്ശേരിൽ ഭാസ്‌കരൻ പിള്ള(82)

വെള്ളാവൂർ: താമരശ്ശേരിൽ ഭാസ്‌കരൻ പിള്ള(82) നിര്യാതനായി . ഭാര്യ: ശാന്തമ്മ. മക്കൾ: ടി.ബി.ജ്യോതി, ടി.ബി.രശ്മി(സിവിൽ സപ്ലൈസ്), ടി.ബി.സ്മിത(ഗവ.എൽ.പി.എസ്., തെക്കേത്തുകവല). മരുമക്കൾ: കെ.ജി.സജീവ്, മൂലകുന്നേൽ, ചിറക്കടവ്(ആധാരമെഴുത്ത്, പൊൻകുന്നം), ലാലു(പൊന്നയ്ക്കൽ), പരേതനായ രാജീവ്(തെക്കേത്തുകവല). സംസ്‌കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

error: Content is protected !!