കേന്ദ്രബജറ്റ് നിരാശാജനകം – ഡോ.എന്‍.ജയരാജ് എം എൽ എ.

കാഞ്ഞിരപ്പള്ളി : കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റ് നിരാശാജനകമെന്ന് കാഞ്ഞിരപ്പള്ളി എം എൽഎയും ഗവ.ചീഫ് വിപ്പുമായ ഡോ.എന്‍.ജയരാജ് പറഞ്ഞു . ഭരണഘടന എല്ലാ സംസ്ഥാനത്തിനും തുല്യപ്രാധാന്യം നല്‍കുന്ന ഫെഡറല്‍ സംവിധാനത്തെ പാടെ അവഗണിക്കുന്ന തരത്തിലുള്ള നിലപാട് ആണ് ബജറ്റിലുടനീളം പ്രതിഫലിക്കുന്നത്. ഏതാനും ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന കാഴ്ചയാണ്. കേരളത്തോട് കാണിക്കുന്ന അവഗണന തുടരുന്നതിനുള്ള ശ്രമങ്ങളും ബജറ്റിലൂടെ കാണാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കോട്ടയം ജില്ലയ്ക്ക് പ്രതീക്ഷകളേറെയുണ്ടായിരുന്നു . 25 വർഷമായുള്ള കാത്തിരിപ്പാണ് ശബരി റെയിൽവെ. പദ്ധതിക്കായി മുൻ ബജറ്റുകളിൽ വകയിരുത്തിയ തുക ഏറെയും ലാപ്സായി.
സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് അർഹമായ വിഹിതം നൽകിയാൽ കേന്ദ്രം ശബരി പദ്ധതിക്ക് തയാറാണ് എന്ന് അറിയിച്ചിരുന്നു. തീർഥാടകർക്കും കാർഷിക മേഖലയ്ക്കും ശബരി പദ്ധതി ഏറെ ഗുണം ചെയ്യും. അങ്കമാലിയിൽനിന്ന് എരുമേലിവരെയുള്ള റെയിൽ പദ്ധതിയിൽ നിലവിൽ കാലടി സ്റ്റേഷനും അതുവരെ പാളവും പെരിയാറിനു കുറുകെ പാലവും നിർമിച്ചിട്ടുണ്ട്.

എരുമേലി, ശബരിമല റൂട്ടുകളിലെ നിർദിഷ്ട റോഡുകൾക്കും തുക പ്രതീക്ഷിച്ചിരുന്നു. കൊല്ലം-തേനി-ദിണ്ടിഗൽ ദേശീയ പാതയിൽ കോട്ടയം മുതൽ കുമളിവരെ റോഡ്‌ വികസനവും ഇത്തവണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേരളത്തിനായി ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല എന്നത് ഏവരെയും നിരാശരാക്കുന്നതാണ് .

error: Content is protected !!