ശബരി റെയിൽപാതയും വിമാനത്താവളവും കേന്ദ്ര ബജറ്റിൽ അവഗണിച്ചു.; ആന്റോ ആന്റണി എം. പി.

എരുമേലി : സംസ്ഥാനത്ത് സമഗ്ര വികസനം ലഭ്യമാക്കുന്ന എരുമേലി വഴിയുള്ള ശബരി റെയിൽവേയും എരുമേലിയിലെ നിർദിഷ്‌ട വിമാനത്താവള പദ്ധതിയോടും കേന്ദ്ര ബജറ്റിൽ അവഗണനയാണ് ദൃശ്യമായതെന്ന് ആന്റോ ആന്റണി എം പി. പുതിയ കേന്ദ്ര സർക്കാർ അധികാരത്തിലായ ഉടനെ ഈ പദ്ധതികൾ സംബന്ധിച്ച് താൻ എം പി എന്ന നിലയിൽ നിവേദനം നൽകിയിരുന്നു. പുതിയ റെയിൽവേ മന്ത്രിയ്ക്കും നിവേദനം നൽകി. എന്നാൽ ബജറ്റിൽ നിരാശയാണ് പകർന്നിരിക്കുന്നത്. പ്രതീക്ഷ പകരുന്ന ഒന്നുമില്ല. അദ്ദേഹം പറഞ്ഞു.

നിലവിൽ ശബരി പാത വിഭാവനം ചെയ്തിരിക്കുന്നത് അങ്കമാലി മുതൽ എരുമേലി വരെയാണ്. ഈ പാത റാന്നി പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി തിരുവനന്തപുരത്തേക്കും അവിടുന്ന് വിഴിഞ്ഞം തുറമുഖത്തേയ്ക്കും നീട്ടുന്നതിനുള്ള നടപടി വേണം. എരുമേലി വിമാനത്താവളത്തിന്റെ നിർമാണത്തിന് ലഭിക്കുവാനുള്ള പാരിസ്ഥിതിക അനുമതി കൂടെ നൽകി നിർമാണം തുടങ്ങുന്നതിന് ആവശ്യമായി ക്രമീകരണങ്ങൾ ചെയ്യണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.

റബ്ബർ കൃഷിക്കാർക്ക് ന്യായവില ലഭിക്കാത്തതാണ് വാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയ മറ്റൊരു പ്രധാനപ്പെട്ട വിഷയം. ഇന്നത്തെ അന്താരാഷ്ട്ര സാഹചര്യമനുസരിച്ചു കേരളത്തിലെ റബർ കൃഷിക്കാർക്ക് 300 രൂപയെങ്കിലും വില ലഭിക്കേണ്ടതാണ്. പക്ഷേ കേന്ദ്ര വാണിജ്യ മന്ത്രാലയവും വൻകിട വ്യവസായികളും ചേർന്നുള്ള കള്ളക്കളിയാണ് കൃഷിക്കാർക്ക് ന്യായവില ലഭിക്കാതിരിക്കാത്തതിന്റെ പിന്നിൽ. റബ്ബർ ബോർഡിനെ ശക്തമാക്കുകയോ കൃഷിക്കാർക്ക് ആനുകൂല്യം നൽകുന്നതിനുള്ള നിർദേശങ്ങളോ ബജറ്റിൽ ഇല്ല.

പ്രവാസികളാണ് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ഏറ്റവും വലിയ അടിത്തറ. ലക്ഷക്കണക്കിന് പ്രവാസികൾ ജോലി നഷ്ടപ്പെട്ട നാട്ടിലേക്ക് മടങ്ങുന്നുണ്ട്. അവരെ പുനരധിവസിപ്പിക്കാനോ അവർ തുടങ്ങുന്ന സംരംഭങ്ങൾക്ക് സാമ്പത്തിക സഹായമോ പ്രചോദനമോ നൽകുവാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ലന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു.

error: Content is protected !!