കരിപ്പാപ്പറമ്പിൽ കെ.ടി.തോമസ് ഇനി ഓർമകളിൽ ; കാഞ്ഞിരപ്പള്ളിയ്ക്ക് നഷ്ടമായത് മികച്ച കർഷനെയും , മികച്ച സംരഭകനെയും..
കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം നിര്യാതനായ കരിപ്പാപ്പറമ്പിൽ കെ.ടി.തോമസ് (പൂവഞ്ചി ടോമി –88) ന്റെ ഭൗതിക ശരീരം വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിലെ കുടുബ കല്ലറയിൽ സംസ്കരിച്ചു. കാഞ്ഞിരപ്പള്ളിയ്ക്ക് നഷ്ടമായത് മികച്ച കർഷനെയും , മികച്ച സംരഭകനെയും, മികച്ച ഗ്രന്ഥകർത്താവിനെയും . പ്രമുഖ അഭിഭാഷകനും പ്ലാന്ററുമായിരുന്ന കരിപ്പാപ്പറമ്പിൽ ഡൊമിനിക് തൊമ്മന്റെ മകനായ കെ.ഡൊമിനിക് തോമസിന്റെ മകനാണ് കെ.ടി.തോമസ്.
കൃഷിയെ സ്നേഹിച്ച് കർഷകർക്കു മാതൃകയായ അദ്ദേഹം പഴയകാല ഓർമകൾ മായാതെ പങ്കുവയ്ക്കുന്ന കാഞ്ഞിരപ്പള്ളിയുടെ ചരിത്രകാരൻ കൂടിയായിരുന്നു. കൊക്കോ കർഷകർ പ്രതിസന്ധിയിലായപ്പോൾ കാംകോ കമ്പനി കാഞ്ഞിരപ്പള്ളിയിൽ കൊണ്ടുവരാനും കൊക്കോ സംഭരിച്ചു നൽകാനും നേതൃത്വം നൽകിയതടക്കം കർഷകർക്കു വേണ്ടി ഒട്ടേറെ കാര്യങ്ങൾക്കു മുൻകൈ എടുത്ത വ്യക്തിയായിരുന്നു. വ്യത്യസ്തവും അപൂർവുമായ പഴവർഗങ്ങൾ കൃഷി ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അദ്ദേഹം പാരമ്പര്യമായി കിട്ടിയ അറിവുകളും കൃഷിരീതികളും പങ്കുവയ്ക്കാനും ശ്രദ്ധിച്ചിരുന്നു.
കാഞ്ഞിരപ്പള്ളിയിലെ ആദ്യകാല വിദ്യാലയമായ കുന്നുംഭാഗം ഗവ.സ്കൂളിന്റെ വികസനത്തിനും പൂർവ വിദ്യാർഥിയായ കെ.ടി.തോമസ് നേതൃത്വം നൽകി. കായികതാരങ്ങളെ വാർത്തെടുക്കുന്നതിന് നടപ്പാക്കിയ ഓപ്പറേഷൻ ഒളിംപ്യ എന്ന പരിപാടിക്ക് ഫണ്ട് ലഭിക്കാതെ വന്ന സാഹചര്യത്തിൽ അന്നത്തെ കായികാധ്യാപകനായ കെ.വി.ദേവസ്യയ്ക്കൊപ്പം സുമനസ്സുകളുടെ സഹായത്തോടെ കായിക താരങ്ങൾക്ക് ആവശ്യമായ സൗകര്യം ഒരുക്കി. ഈ കായിക താരങ്ങൾ പിന്നീട് കേരളത്തിലെ ഒന്നാംനിര താരങ്ങളായി ഉയർന്നു. കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുകയും സ്കൂളിന്റെ വളർച്ചയ്ക്ക് അക്ഷീണം പ്രയത്നിക്കുകയും ചെയ്തു. അദ്ദേഹം എഴുതിയ കുടുംബ ചരിത്രത്തിൽ കാഞ്ഞിരപ്പള്ളിയുടെ ചരിത്രവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുന്നുംഭാഗം സെന്റ് ജോസഫ് പള്ളിയുടെ ട്രസ്റ്റിയായും വർഷങ്ങളോളം സേവനം ചെയ്തു.