കൊച്ചുകുട്ടികൾ ഒരുക്കിയ ഒളിമ്പിക്സ് വരവേൽപ്പ് ആവേശകരമായി..
മുക്കൂട്ടുതറ : എണ്ണൂറാംവയൽ സിഎംഎസ് എൽ പി സ്കൂളിൽ ഒരുക്കിയ ഒളിമ്പിക്സ് വരവേൽപ്പ് ആവേശമായി. ഒളിമ്പിക്സ് പതാകയിലെ വളയങ്ങളുടെ നിറങ്ങളിൽ വേഷം ധരിച്ചും ഭാഗ്യ മുദ്രയായ ഫ്രിജ്യൻ തൊപ്പി ധരിച്ചുമായിരുന്നു വരവേൽപ്പ്. ഫ്രിജ്യൻ തൊപ്പിയായി എത്തിയ പാർവണ വിനോദ്, എയ്ഞ്ചൽ അനീഷ് എന്നിവർ ശ്രദ്ധേയമായി. ഒളിമ്പിക്സ് വളയങ്ങളും ഒളിമ്പിക്സ് മുദ്രാവാക്യം, പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകൾ, ഇഷ്ട കായിക താരങ്ങളുടെ ചിത്രങ്ങൾ, ഇന്ത്യൻ കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്നു കൊണ്ടുള്ള ആശംസാ കാർഡുകൾ, പ്ലക്കാർഡുകൾ എന്നിവ കുട്ടികൾ കൈകളിലേന്തിയിരുന്നു. ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ആശംസകൾ നേർന്നു കൊണ്ട് കുട്ടികൾ ആശംസാ ഗാനം ആലപിച്ചു.
കുട്ടികൾക്കായി പ്രവചന മത്സരം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ നേടുന്ന മെഡലുകളാണ് പ്രവചിക്കേണ്ടത്. വെച്ചൂച്ചിറ പോലീസ് സബ് ഇൻസ്‌പെക്ടർ വി കെ സുഭാഷ് ദീപശിഖ കൊളുത്തി ഉദ്ഘാടനം ചെയ്തു . സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് ഷൈനു ചാക്കോ അധ്യക്ഷത വഹിച്ചു.