കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 06/08/2024
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …
സ്കൂട്ടർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധികനായ സ്കൂട്ടർ യാത്രികൻ മരിച്ചു.
എരുമേലി : എരുമേലിയിൽ ആക്റ്റീവ സ്കൂട്ടർ നിയന്ത്രണം തെറ്റി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച വയോധികൻ മരിച്ചു. തലയിൽ ഗുരുതര പരിക്കിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിനിടെയാണ് മരണപ്പെട്ടത്. വെച്ചൂച്ചിറ ചെമ്പനോലിൽ ആരിശ്ശേരിൽ വീട്ടിൽ എ എം മാത്യു (കുഞ്ഞുമോൻ -67) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം എരുമേലി ഫോറസ്റ്റ് സ്റ്റേഷൻ ഭാഗത്ത് വളവിൽ വെച്ചായിരുന്നു അപകടം
തിങ്കളാഴ്ച ഉച്ചക്ക് ശേഷം എരുമേലി ഫോറസ്റ്റ് സ്റ്റേഷൻ ഭാഗത്ത് വളവിൽ വെച്ചായിരുന്നു അപകടം. സംസ്കാരം പിന്നീട്. ഭാര്യ ലിസമ്മ, മക്കൾ – ലിജി, ലീന, ലിജോ.
വിദ്യാർഥികൾ തങ്ങളുടെ സമ്പാദ്യം വയനാട് പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നൽകി
കാഞ്ഞിരപ്പള്ളി : പനമറ്റം ഹിദായത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർഥികളായ മുബാറക്ക്, സഹോദരൻ മുബഷീർ എന്നിവർ ഉംറയ്ക്ക് പോകാനായി രണ്ടുവർഷത്തിലേറെയായി കുടുക്കയിൽ സംഭരിച്ച 2704 രൂപ എം.എസ്.എസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് ജുമാമസ്ജിദ് ഇമാം ഇലവനാൽ സക്കീർ ഹുസൈൻ മൗലവിയുടെ മക്കളാണിവർ.
താലൂക്ക് വികസന സമിതി: ഉദ്യോഗസ്ഥ പങ്കാളിത്തം കുറഞ്ഞതിനെതിരെ കടുത്ത വിമർശനവുമായി എംഎൽഎ
കാഞ്ഞിരപ്പള്ളി ∙ താലൂക്ക് വികസന സമിതി യോഗത്തിൽ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കർശനമായി ഉറപ്പാക്കണമെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ തഹസിൽദാർക്കു നിർദേശം നൽകി.
ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിക്കാൻ വൈകുന്നതിനു പിന്നിൽ ചില ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്നും എംഎൽഎ ആരോപിച്ചു. അനുമതിക്കു വേണ്ടി ഡിപിആർ നൽകിയിട്ട് 6 മാസമായി. എന്നാൽ, മറുപടി ലഭിക്കുകയോ ഇതെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ഇതുമൂലമാണു കംഫർട്ട് സ്റ്റേഷന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ വൈകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊൻകുന്നം-തമ്പലക്കാട്-കപ്പാട് റോഡ് നന്നാക്കാൻ നടപടി വേണം, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അപകടഭീഷണിയായ ആഞ്ഞിലിമരം മുറിച്ചുമാറ്റണം, 26-ാം മൈലിൽ റോഡരികിൽ മുറിച്ചിട്ടിരിക്കുന്ന തടികൾ നീക്കം ചെയ്യണം, പച്ചക്കറി, മത്സ്യ-മാംസം എന്നിവയ്ക്കു പലയിടങ്ങളിലും പല വില വാങ്ങുന്നു തുടങ്ങിയ പരാതികൾ ഇന്നലത്തെ യോഗത്തിൽ ലഭിച്ചു. ഇവ നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കൈമാറും.
ഹോപ്പ് വെൽനസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വണ്ടർ ക്ലബ്ബിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി
കാഞ്ഞിരപ്പള്ളി : പുതുതലമുറയിലെ വിദ്യാർത്ഥികളെ മെന്ററിങ്ങിലൂടെ അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനും, ലക്ഷ്യബോധത്തോടെ മുന്നേറാനും, കളികളിലൂടെയും ആക്ടിവിറ്റികളിലൂടെയും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, ആശയവിനിമയ പാടവം,ആത്മവിശ്വാസം, പഠനം , പെരുമാറ്റം എന്നിവ മികവുറ്റതാക്കാൻ കാഞ്ഞിരപ്പള്ളി ഹോപ്പ് വെൽനസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വണ്ടർ ക്ലബ്ബിന് തുടക്കം കുറിച്ചു.
എം ജി യൂണിവേഴ്സിറ്റി തുടർ വിദ്യാഭ്യാസ കേന്ദ്രം മുൻ മേധാവിയും ടി സി ഐ ഇന്റർനാഷണൽ ഫെസിലിറ്റേറ്ററുമായ ഡോ. സി തോമസ് എബ്രഹാം, ബട്ടർഫ്ലൈ ഫൗണ്ടേഷൻ സ്റ്റേറ്റ് കോഡിനേറ്റർ അഡ്വ. ഗീത സാരസ്, എംജി യൂണിവേഴ്സിറ്റി ഐ യു. സി. ഡി. എസ് കോഴ്സ് കോഡിനേറ്റർ മേരി സീമ തോമസ് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. “മക്കളെ വളർത്താൻ നമ്മൾ വളരണം” എന്ന തീമിൽ രക്ഷിതാക്കൾക്ക് വേണ്ടി കാഞ്ഞിരപ്പള്ളി അ സർ ഫൗണ്ടേഷൻ ഹാളിൽ സംഘടിപ്പിച്ച ശില്പശാലയുടെ സമാപന ചടങ്ങിലാണ് വണ്ടർ ക്ലബ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. കൂടുതൽ വിവരങ്ങൾക്ക് – 9526354778.
രാമായണ വിചാരസദസ്സ് നടത്തി
പൊൻകുന്നം ∙ രാമായണത്തിലെ സന്ദേശങ്ങളും മാതൃകകളും ഉൾക്കൊണ്ട് ജീവിതത്തിലെ വിഷയങ്ങൾ പരിഹരിക്കണമെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി.ശശികല.
ചിറക്കടവ് രാമായണമാസാചരണ സമിതിയുടെ രാമായണ വിചാരസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.ജി.കണ്ണൻ അധ്യക്ഷനായി. ചിറക്കടവ് കിഴക്കുംഭാഗം എൻഎസ്എസ് കരയോഗം പ്രസിഡന്റ് സുരേഷ് കുമാർ, വെള്ളാള മഹാസഭ 111-ാം നമ്പർ ഉപസഭ സെക്രട്ടറി എം.എൻ.രാജരത്നം, കേരള വണിക വൈശ്യ സംഘം താലൂക്ക് പ്രസിഡന്റ് എ.ഷിബു, വിപിഎംഎസ് താലൂക്ക് വൈസ് പ്രസിഡന്റ് പി.ആർ.ജയകുമാർ, എകെവിഎംഎസ് ശാഖ സെക്രട്ടറി കെ.ആർ.സജി, കേരള വിശ്വകർമ സഭ പൊൻകുന്നം ശാഖ പ്രസിഡന്റ് ബിജു കൊട്ടാരം, ആർ.മോഹനൻ, ബി.സദാശിവൻ, എം.കെ.ഷാജി, കെ.കെ.അജിത് കുമാർ, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
കോഴിഫാമിന്റെ പുതിയ ഷെഡ് പൂട്ടാൻ നോട്ടിസ്
എരുമേലി ∙ അനധികൃതവും അശാസ്ത്രീയവുമായ രീതിയിലാണു കോഴിഫാം പ്രവർത്തനം എന്ന പരാതിയെ തുടർന്നു നേർച്ചപ്പാറ സിബി വി. മാത്യു വെട്ടുകല്ലാംകുഴിയുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പുതിയ ഷെഡിന്റെ പ്രവർത്തനം നിർത്താൻ ആരോഗ്യവകുപ്പ് നോട്ടിസ് നൽകി.
കടക്കുഴിയിൽ ഒറ്റപ്ലാക്കൽ കെ.ടി.ഏബ്രഹാം അഡീഷനൽ ചീഫ് സെക്രട്ടറിക്കു നൽകിയ പരാതിയെ തുടർന്നാണു നടപടി. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴയ ഷെഡിനോടു ചേർന്നു പുതിയതായി നിർമിച്ച ഷെഡിൽ കൂടുതൽ കോഴികളെ വളർത്തുന്നതായും പുതിയ നിർമാണത്തിനു പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും കണ്ടെത്തി. തുടർന്നാണു നോട്ടിസ് നൽകിയത്.
കെഎസ്ആർടിഇഎ കൺവൻഷൻ
പൊൻകുന്നം ∙ കെഎസ്ആർടിഇഎ (സിഐടിയു) യൂണിറ്റ് കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.ഷെമീർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ആർ.ഹരിദാസ്, ജില്ലാ പ്രസിഡന്റ് പി.ബി.ബിനോയ്, ജില്ലാ സെക്രട്ടറി എം.കെ.ആശിഷ്, ജില്ലാ ട്രഷറർ കെ.എസ്.സജീവ്, എസ്.ജി.ജയചന്ദ്രൻ, ടി.എം.അബ്ദുൽ മനാഫ്, ഇ.എസ്.ശ്രീജിത്ത്, കെ.ബി.സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എൻ.ഷെമീർ (പ്രസി), എസ്.ജി.ജയചന്ദ്രൻ (സെക്ര), ടി.എം.അബ്ദുൽ മനാഫ് (ട്രഷ).
മാലിന്യ നിർമാജനം: കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഒരു കോടി രൂപയുടെ പദ്ധതി ; മെറ്റീരിയൽ ഫെസിലിറ്റി കളക്‌ഷൻ സെന്റർ സ്ഥാപിക്കുന്നു
കാഞ്ഞിരപ്പള്ളി ∙ പഞ്ചായത്തിലെ 23 വാർഡുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ പഞ്ചായത്ത് ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിച്ച് ക്ലീൻ കേരള കമ്പനിക്കു നൽകുന്നതിനായി മെറ്റീരിയൽ ഫെസിലിറ്റി കളക്‌ഷൻ സെന്റർ സ്ഥാപിക്കുന്നതാണു പദ്ധതി. നിർമാണ പ്രവർത്തനങ്ങൾക്കു ടൗൺ ഹാൾ വളപ്പിൽ തുടക്കമിട്ടു.
ബെയ്‌ലിങ് യൂണിറ്റ്, കൺവേയർ ബെൽറ്റ് സിസ്റ്റം തുടങ്ങിയവ എംസിഎഫിൽ സ്ഥാപിക്കും. ടൗൺഹാൾ വളപ്പിൽ വർഷങ്ങളായി പ്രവർത്തനരഹിതമായി കിടന്ന ബയോഗ്യാസ് പ്ലാന്റിലെ ഉപയോഗ ശൂന്യമായ ടാങ്കും മറ്റു ഉപകരണങ്ങളും മാറ്റി അവിടെയാണു പുതിയ എംസിഎഫ് നിർമിക്കുന്നത്. ശുചിത്വ മിഷന്റെ സഹകരണത്തോടെ സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതിയുടെ ഭാഗമായുള്ള മാലിന്യ നിർമാർജനം ലക്ഷ്യമാക്കിയാണ് പഞ്ചായത്ത് പദ്ധതി തയാറാക്കിയിട്ടുള്ളതെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ച് വാർഡുകളിലെ മിനി എംസിഎഫുകളിൽ സൂക്ഷിക്കും. ആഴ്ചയിൽ ഒരുക്കൽ ഇവ ഹരിത കർമസേനയുടെ വാഹനത്തിൽ പുതിയ എംസിഎഫിൽ എത്തിച്ച് ചെറിയ കട്ടകളാക്കി മാറ്റി ക്ലീൻ കേരള കമ്പനിക്ക് കൈമാറാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ തറക്കല്ലിടൽ കർമം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എൻ.രാജേഷ്, ക്ഷേമകാര്യ ചെയർപഴ്സൻ ശ്യാമള ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ ശ്യാമള ഗംഗാധരൻ, വി.പി. രാജൻ, പി.എ. ഷമീർ, റിജോ വാളാന്തറ എന്നിവർ പ്രസംഗിച്ചു.
മോഷ്ടിച്ച ബൈക്കുമായെത്തിയ ആൾ അപകടത്തിൽപെട്ടെന്നു സംശയം, പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തി
പള്ളിക്കത്തോട് ∙: മോഷ്ടിച്ച ബൈക്കുമായെത്തിയ ആൾ റോഡരികിലെ കുളത്തിൽ വീണെന്ന സംശയത്തെത്തുടർന്നു പൊലീസും അഗ്നിരക്ഷാസേനയും പരിശോധന നടത്തി. ചല്ലോലി കുളത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ഇളംപള്ളി സ്വദേശി പുല്ലാംങ്കതകിടിയിൽ, പാട്ടത്തിൽ കുട്ടപ്പന്റെ ബൈക്കുമായി പുലർച്ചെ എത്തിയ മോഷ്ടാവാണ് അപകടത്തിൽപെട്ടത്. വാഹനം മോഷ്ടിച്ചുവരുന്നതിനിടെ കുളത്തിനും റോഡിനും ഇടയിലുള്ള ഓടയിൽ വീഴുകയായിരുന്നു.
ഓടയിൽ മുൻവശം കുത്തിനിൽക്കുന്ന നിലയിൽ രാവിലെയാണ് നാട്ടുകാർ വാഹനം കണ്ടത്. ബൈക്ക് യാത്രക്കാരൻ കുളത്തിൽ വീണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.
പാമ്പാടിയിൽനിന്ന് അഗ്നി രക്ഷാസേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കുളത്തിൽ ആളെ കണ്ടെത്താനായില്ല. ഇതിനിടെ വാഹനഉടമ പൊലീസിനെ സമീപിച്ചു. ഇതോടെയാണ് ബൈക്ക് മോഷ്ടിച്ചതാണെന്നു സ്ഥിരീകരിച്ചത്. അപകടത്തെത്തുടർന്നു മോഷ്ടാവ് വാഹനം ഉപേക്ഷിച്ചുകടന്നതാവാമെന്നു പൊലീസ് പറയുന്നു.
ബസ് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; ചികിത്സ നൽകി
കാഞ്ഞിരപ്പള്ളി ∙ കെഎസ്ആർടിസി ബസിലെ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണയാളെ ബസിൽ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ 11നാണ് സംഭവം.
കോട്ടയത്തുനിന്നു കുമളിയിലേക്കു പോവുകയായിരുന്ന ബസിലെ യാത്രക്കാരൻ ആർപ്പൂക്കര വില്ലൂന്നി പഴയകടവിൽ ജോസഫിന് (78) ആണ് പൊൻകുന്നം കഴിഞ്ഞപ്പോൾ പ്രമേഹം വർധിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടൻ ജീവനക്കാരും യാത്രക്കാരും ചേർന്ന് ബസിൽ ജോസഫിനെ ജനറൽ ആശുപത്രിയിലെത്തിച്ചു. ജോസഫ് ഉച്ചയോടെ ആശുപത്രിയിൽനിന്നു വീട്ടിലേക്കു മടങ്ങി. കുമളിയിൽ മകളുടെ കൃഷിസ്ഥലത്തേക്ക് പോവുകയായിരുന്നു ജോസഫ്.
കുഞ്ഞു സമ്പാദ്യം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി വിദ്യാർത്ഥി മാതൃകയായി.
എരുമേലി : സൈക്കിൾ വാങ്ങുവാൻ വേണ്ടി സ്വരുക്കൂട്ടിവെച്ച പതിനായിരത്തോളം രൂപ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി വിദ്യാർത്ഥി. എരുമേലി റിലാക്സ് ബേക്കറി ഉടമ ഷാജഹാൻ – റോഷ്ന ദമ്പതികളുടെ മകനും ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ഫാത്തിഹ് അബ്ദുള്ളയാണ് തന്റെ സമ്പാദ്യം പീപ്പിൾസ് ഫൌണ്ടേഷന്റെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്.
ജമാഅത്തെ ഇസ്‌ലാമി മുണ്ടക്കയം ഏരിയ സെക്രട്ടറി അബ്ദുൽ റഹിം ഫണ്ട് ഏറ്റുവാങ്ങി. പീപ്പിൾസ് ഫൌണ്ടേഷൻ ഏരിയ കോഓർഡിനേറ്റർ സുനിൽ ജാഫർ, മുഹമ്മദ് സാലി, തൻസീന എന്നിവർ സംബന്ധിച്ചു.
കിഴക്കൻ മലയോരത്തിന്റെ പട്ടയമെന്ന സ്വപ്നം പൂവണിയുന്നു
പുഞ്ചവയൽ : എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽ പെട്ട പുഞ്ചവയൽ, പുലിക്കുന്ന്, കപ്പിലാംമൂട്, മുരിക്കും വയൽ, പാക്കാനം, കുഴിമാവ്,ആനക്കല്ല്, കോസടി, കൊമ്പുകുത്തി, മാങ്ങാപേട്ട, കൊട്ടാരം കട , നൂറ്റിപതിനാറ്, ഇരുമ്പൂന്നിക്കര, തുമരംപാറ, എലിവലിക്കര എന്നീ മേഖലകളിലെ ഏകദേശം പതിനായിരത്തോളം ആളുകൾ പതിറ്റാണ്ടുകളായി തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം വേണമെന്ന ആവശ്യമുന്നയിച്ച് പ്രക്ഷോഭപാതയിലായിരുന്നു. ഈ പ്രദേശത്തെ 1459 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകുന്നതിനുള്ള എല്ലാ തടസ്സങ്ങളും പരിഹരിച്ച് പട്ടയം നൽകുന്നതിനുവേണ്ടി 17 പുതിയ തസ്തികളോടെ സ്പെഷ്യൽ തഹസിൽദാർ ഓഫീസ് മുണ്ടക്കയത്ത് അനുവദിച്ച് പ്രവർത്തനം ആരംഭിക്കുകയാണ്. ഇതിനു മുന്നോടിയായി പട്ടയ നടപടികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനും, ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനും പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പാരിഷ് ഹാളിൽ വിളിച്ചുചേർത്ത മലയോര പട്ടയ ജനകീയ കൺവെൻഷൻ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷനായി. യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ശുഭേഷ്സുധാകരൻ ,സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, ഫാദർ മാത്യു പുത്തൻപറമ്പിൽ , ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അജിത രതീഷ് ജില്ലാ പഞ്ചയാത്തംഗം പി ആർ അനുപമ ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ് സംസാരിച്ചു, വിവിധ രാഷ്ട്രിയ,സമുദായ സംഘടന നേതാക്കളും ത്രിതല ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു
ഒരു വർഷത്തിനുള്ളിൽ പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ ഉൾപ്പെടെയുള്ള മുഴുവൻ ചെറുകിട-നാമമാത്ര,കൈവശ ഭൂവുടമകൾക്കും ഒരു വർഷത്തിനുള്ളിൽ പട്ടയം നൽകുന്നതിനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. ജനകിയ സമിതിയുടെ ഭാരവാഹികളായി രക്ഷാധികാരികൾ : കെജെ തോമസ് എക്സ് എംഎൽഎ ,ജോർജ് ജെ മാത്യു എക്സ് എംഎൽഎ ,ഒപിഎ സലാം ,
ആന്റോ ആന്റണി എംപി ,ഫാ.മാത്യു പുത്തൻപറമ്പിൽ .
ചെയർമാൻ :സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കൺവീനർ :കെ രാജേഷ് , സെക്രട്ടറി :ശുഭേഷ് സുധാകരൻ, ജോ.സെക്രട്ടറി :പി.കെ.പ്രദീപ് എന്നിവരെ തെരഞ്ഞെടുത്തു..
വയനാട് ദുരന്തം: കേരള കോൺഗ്രസ് എം എംഎൽഎമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകും
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരള കോൺഗ്രസ് എമ്മിന്റെ എംഎൽഎമാർ ഒരു മാസത്തെ ശമ്പളം നൽകും. വയനാട് ദുരന്തത്തിൽ സർവം തകർന്നു നിൽക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യവുമായാണ് കേരള കോൺഗ്രസ് എമ്മിന്റെ ജനപ്രതിനിധികൾ രംഗത്ത് എത്തുന്നത്. വയനാട് ജനതയ്ക്ക് അതിജീവനത്തിന് കൈത്താങ്ങ് ആവുകയാണ് കേരള കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി അറിയിച്ചു.
ശബരിമല വിമാനത്താവളം : ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സർക്കാർ റദ്ദാക്കി; ഭൂമി ഉടമകളുടെ കൈകളിലേക്ക് തിരികെയെത്തി
എരുമേലി : ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, കോടതി വിധി എതിരായതോടെ നിർദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സർക്കാർ റദ്ദാക്കി. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഇതേവരെ സ്വീകരിച്ച നടപടികളെല്ലാം ഇതോടെ ഇല്ലാതായി. ജൂലായ് 31-ന് ഇതിനായി പ്രത്യേക ഗസറ്റ് വിജ്ഞാപനം ഇറക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള 2023 ജനുവരി 23-ലെ 4(1) പ്രകാരമുള്ള പ്രാഥമികവിജ്ഞാപനം, വിമാനത്താവള രൂപവത്കരണം സംബന്ധിച്ച 2024 മാർച്ച് 13-ലെ വിജ്ഞാപനം എന്നിവ റദ്ദാകും. അതോടെ ഭൂമി ഉടമകളുടെ കൈകളിലേക്ക് സാങ്കേതികമായി മടങ്ങിയെത്തി.
വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമകളായ ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, സർക്കാർ നടപടികളിലെ പിഴവ് ചൂണ്ടിക്കാട്ടിയിരുന്നു. കേസ് കോടതി പരിഗണിച്ചപ്പോൾ, രണ്ട് നിയമപ്രശ്നമാണ് സർക്കാരിന് നേരിടേണ്ടിവന്നത്. സാമൂഹികാഘാതപഠനം നടത്തിയ ഏജൻസി സ്വതന്ത്രമായിരിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടതാണ് ഒന്ന്. എരുമേലിയിൽ പഠനം നടത്തിയത് സർക്കാർ പങ്കാളിത്തമുള്ള ഏജൻസിയായിരുന്നു.
ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം വിജ്ഞാപനങ്ങളിൽ സൂചിപ്പിച്ചില്ലെന്നതാണ് മറ്റൊന്ന്. ഭൂമി ആരുടേതെന്ന് വിജ്ഞാപനത്തിൽ പറയേണ്ടതുണ്ട്. ഇൗ കുറവുകൾ കോടതിയിൽ അംഗീകരിച്ച സർക്കാർ റദ്ദാക്കലിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള 2023 ജനുവരി 23-ലെ 4(1) പ്രകാരമുള്ള പ്രാഥമികവിജ്ഞാപനം, വിമാനത്താവള രൂപവത്കരണം സംബന്ധിച്ച 2024 മാർച്ച് 13-ലെ വിജ്ഞാപനം എന്നിവ റദ്ദാകും.
സാമൂഹികാഘാതപഠനത്തിന് പുതിയ ഏജൻസിയെ കണ്ടെത്തുന്നതിനുള്ള താത്പര്യപത്രം ക്ഷണിക്കുന്നതടക്കം നടപടികൾ ആദ്യംമുതൽ തുടങ്ങേണ്ടിവരും. ഒരുവർഷം നീണ്ട പ്രവർത്തനമാണ് സാമൂഹികാഘാതപഠനം. ഇൗ റിപ്പോർട്ട് പരിശോധിക്കാനും ഭൂവുടമകളെ കാണാനും നിയോഗിച്ച വിദഗ്ധസമിതിക്കും ആറുമാസംവരെ പ്രവർത്തനം വേണ്ടിവന്നു.
നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ് ; പ്രതി മുങ്ങി
കൂട്ടിക്കൽ : കൂട്ടിക്കൽ സ്വദേശിയായ സിനിമ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. കഴിഞ്ഞ ജൂൺ എട്ടിനാണു നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസ് പോക്സോ കേസെടുത്തത്. എന്നാൽ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു സംസ്ഥാന പോലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കി.
ഇതിനിടെ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. പ്രതിയെ അറസ്റ്റ് ചെയ്യാൻ കസബ പൊലീസിനു കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
കഴിഞ്ഞ ജൂൺ എട്ടിനാണു നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്. കസബ പോലിസിസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കുടുംബത്തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്ന് കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) നിർദേശം നൽകിയതിനെ തുടർന്ന് കസബ പോലീസ് കുട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും നടനെതിരെ കേസെടുക്കുകയും ചെയ്തു..കുട്ടിയുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.
ഇതിനിടെ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. പ്രതിയെ അറസ്റ്റ് ചെയ്യാൻ കസബ പൊലീസിനു കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡപ്യൂട്ടി കമ്മിഷണറുടെയും അസിസ്റ്റന്റ് കമ്മിഷണറുടെയും നേതൃത്വത്തിലുള്ള 2 സ്ക്വാഡുകൾക്കാണ് ഇപ്പോൾ അന്വേഷണം. നടൻ വിദേശത്തേക്ക് മുങ്ങിയോ എന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്.
എരുമേലിയില്‍ സുരക്ഷയോടെ കര്‍ക്കിടക വാവ് ബലി തര്‍പ്പണം.
എരുമേലി : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ശമിച്ചെങ്കിലും നദികളിലെ ഉയർന്ന ജലനിരപ്പ് മുൻനിർത്തി പോലീസും ഫയർ ഫോഴ്‌സും അലർട്ടായി കർക്കിടക വാവ് ബലി തർപ്പണം. വേലികളും വടം കയറും കെട്ടി സുരക്ഷാ ക്രമീകരണങ്ങളും പോലീസിന്റെ നിരീക്ഷണവും ആവശ്യമെങ്കിൽ പെട്ടന്ന് സ്ഥലത്ത് എത്തി സേവനം നൽകാൻ ഫയർ ഫോഴ്സ് അംഗങ്ങൾക്ക് ഓരോ സ്ഥലവും തിരിച്ച് ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നു. എരുമേലി
ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നടന്ന കര്‍ക്കിടക വാവ് ബലി തര്‍പ്പണ ചടങ്ങുകള്‍ക്ക് ശാന്തി ബിജു നേതൃത്വം നല്‍കി. കാളകെട്ടി ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിൽ അഴുത കടവില്‍ ചടങ്ങുകള്‍ക്ക് ശംഭു നിരുമേനി മാവേലിക്കര നേതൃത്വം നല്‍കി. തുലാപ്പള്ളി വൈകുണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സതീഷ് ശര്‍മ്മ ഹരിപ്പാടും മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിഷ്ണു റെജിയും നേതൃത്വം നല്‍കി. കൊരട്ടി ശ്രീ മഹാദേവ ക്ഷേത്രത്തിലും പഞ്ച തീര്‍ത്ഥ പരാശക്തി ക്ഷേത്രത്തിലും ഇരുമ്പൂന്നിക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലും കര്‍ക്കിടക വാവ് ബലി തര്‍പ്പണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.
ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ നടന്ന മീനരി വഴിപാട് (മീനൂട്ട് )
ചിറക്കടവ് : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്രധാനക്ഷേത്രമായ ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഓഗസ്റ്റ് മൂന്നിന് കർക്കടകവാവുദിനത്തിൽ പിതൃപുണ്യത്തിനും രോഗശാന്തിക്കുമായി മീനൂട്ട് എന്ന സവിശേഷ ആചാരം നടത്തി. ക്ഷേത്രത്തിന് കിഴക്കേനടയിലെ വിശാലമായ ചിറയിലെ മത്സ്യസമ്പത്തിന് ഭക്തർ ധാന്യങ്ങൾ അർപ്പിക്കുന്ന ചടങ്ങാണ് മീനരി വഴിപാട് അഥവാ മീനൂട്ട്. ശ്രീകോവിലിൽ നിന്ന് പൂജിച്ച് നൽകിയ ധാന്യങ്ങളാണ് ഭക്തർ ചിറയിൽ ഇട്ടത്. കുളത്തിലെ ആയിരക്കണക്കിന് മീനുകൾ ഈ സമയം ചിറയുടെ ഉപരിതലത്തിലെത്തി ധാന്യങ്ങൾ ഭക്ഷിച്ചു.
കൂട്ടിക്കൽ രക്ഷാപ്രവർത്തന ഹീറോ ജസ്റ്റിൻ വയനാട്ടിലും സേവനരംഗത്ത്
കൂട്ടിക്കൽ ∙ കൂട്ടിക്കൽ രക്ഷാപ്രവർത്തനത്തിലൂടെ രാഷ്ട്രപതിയുടെ ജീവൻ രക്ഷാപഥക്കിന് അർഹനായ ഏന്തയാർ ഇളങ്കാട് വയലിൽ ജസ്റ്റിൻ ജോർജ് (32) കൂട്ടിക്കലിൽ നിന്നുള്ള സംഘത്തോടൊപ്പം വയനാട്ടിലും സേവനരംഗത്ത്. എല്ലാം നഷ്ടമായ ജനതയ്ക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യണമെന്ന ആഗ്രഹമാണ് വയനാട്ടിലേക്ക് പോകാൻ പ്രേരണയായതെന്നു ജസ്റ്റിൻ പറഞ്ഞു.
10 പേരെ രക്ഷിക്കാനായി. ഒട്ടേറെ ആളുകളെ സഹായിച്ചു. ചെളിയിലും മണ്ണിലും പുതഞ്ഞ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും എത്തിക്കുന്നത് കനത്ത വേദനയായിരുന്നു. ആവശ്യമായ സാമഗ്രികളുമായാണ് വയനാട് എത്തിയതെങ്കിലും ദുരന്തത്തിന്റെ മുൻപിൽ ഇതൊന്നുമല്ലായിരുന്നു. കൊണ്ടുപോയ വടം ഉൾപ്പെടെ പൊട്ടിപ്പോയെന്നും ജസ്റ്റിൻ പറഞ്ഞു.
കൂട്ടിക്കൽ സ്വദേശികളായ സാജിത് പുതിയത്, റാഷിദ് പുതിയകത്ത്, സെലീനമൻസിൽ സുലൈമാൻ, മാഹിൻ ചോക്കാട്ടിൽ എന്നിവർക്കൊപ്പമാണു വയനാട്ടിലേക്കു പോയത്.
2021ൽ കൂട്ടിക്കൽ പ്രളയത്തിൽ മുക്കുളം പ്രദേശത്ത് ഒറ്റപ്പെട്ട 20 പേരെ വടംകെട്ടി പുല്ലകയാറിന്റെ മറുകരയിൽ എത്തിച്ചത് ജസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു. രാഷ്ട്രപതിയുടെ ജീവൻ രക്ഷാപഥക് സ്വാതന്ത്ര്യ ദിനത്തിൽ ഏറ്റുവാങ്ങാനുള്ള ഒരുക്കത്തിലാണ്. ഏന്തയാർ ഇളങ്കാട് സ്വദേശിയായ ജസ്റ്റിൻ പാലായിൽ വാടകയ്ക്കു താമസിക്കുകയാണ്. കരസേന മദ്രാസ് റജിമെന്റിൽ നിന്നാണിയാൾ വിരമിച്ചത്.
മന്ത്രി റോഷി അഗസ്റ്റിൻ ജസ്റ്റിനെ വീട്ടിലെത്തി അനുമോദിച്ചു. കൂട്ടിക്കൽ പഞ്ചായത്തിൽ നിന്നു വയനാട് ദുരന്ത രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ രജനി സുധീർ, പി.എസ്.സജിമോൻ, കെ.എൻ.വിനോദ്, ജെസ്സി ജോസ്, എം.വി.ഹരിഹരൻ, സിന്ധു മുരളീധരൻ, മായ ജയേഷ്, സൗമ്യ ഷെമീർ, കെ.എസ്.മോഹനൻ, ആശ ബിജു എന്നിവർ പ്രസംഗിച്ചു.
പഴയിടം പാലത്തിലെ മാലിന്യം നീക്കി; മാലിന്യം മണിമലയാറ്റിലേക്കുതന്നെ ഒഴുക്കിവിട്ടു.
മണിമല : മണിമലയാറ്റിലെ പഴയിടം കോവേയിൽ കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ഒഴുകിയെത്തി അടിഞ്ഞ മാലിന്യം നീക്കി. പ്ലാസ്റ്റിക്കും മരക്കൊമ്പുക ളും മറ്റ് മലിനവസ്തുക്കളും കോരി നീക്കുന്നതിന് പകരം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണിമലയാറ്റി ലേക്കുതന്നെ ഒഴുക്കിവിട്ടു.
മഴക്കാലത്ത് ഉയരംകുറഞ്ഞ പാലത്തിന്റെ തൂണുകളിൽ തട്ടി വൻതോതിൽ മാലിന്യം അടിയാറുണ്ട്. ചിറക്കടവ്, മണിമല, എരുമേലി പഞ്ചായത്തുകളുടെ അതിർത്തിയായ ഇവിടെ അടിയുന്ന പാഴ് വസ്തുക്കൾ നീക്കം ചെയ്യാനും ശാസ്ത്രീയമായി സംസ്‌കരിക്കാനും ഉത്തരവാദപ്പെട്ടവരാരും നടപടി യെടുക്കാറില്ല. പഞ്ചായത്ത് പ്രതിഫലം നൽകി മാലിന്യം നീക്കാൻ ആർക്കെങ്കിലും കരാർ കൊടുത്താൽതന്നെ മണ്ണുമാന്തി യന്ത്രക്കൈകൊണ്ട് ഇവയെല്ലാം പാലത്തിനടിയിലൂടെ തള്ളി മറുവശത്തേക്ക് ഒഴുക്കിവിടും. മാലിന്യം കൂടുതലായി അടിയുമ്പോൾ പാലത്തിനടിയിലൂടെ ഒഴുകാനാകാതെ വെള്ളം കൈവരിക്കുമുകളിലൂടെ കയറും. ഒഴുകിയെത്തുന്ന തടികളിടിച്ച് മുൻവർഷങ്ങളിൽ പാലത്തിന്റെ കൈവരി തകർന്നിട്ടുണ്ട്. സർക്കാർ ഫണ്ടുപയോഗിച്ച് വീണ്ടും പുനർനിർമിക്കുകയാണ് രീതി. ലക്ഷങ്ങൾ ഇപ്രകാരം ചെലവഴിക്കുന്നതിന് പകരം മഴക്കാലത്ത് ഇടവേളകളിൽ പാഴ്‌വസ്തുക്കൾ നീക്കം ചെയ്ത് സംസ്‌കരിക്കാൻ കരാറു കാർക്ക് ചുമതല നൽകിയാൽ മതിയാകും.
സ്ഥാപകദിനാഘോഷം
തെക്കേത്തുകവല : വിമുക്തഭടസംഘടനയായ നാഷണൽ എക്സ് സർവീസ്മെൻ കോഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂണിറ്റ് സംഘടനയുടെ സ്ഥാപകദിനം അവകാശസംരക്ഷണദിനമായി ആചരിച്ചു. യൂണിറ്റ് ആസ്ഥാനത്ത് രക്ഷാധികാരി എ.എസ്. ചന്ദ്രശേഖരൻ നായർ പതാക ഉയർത്തി. വൈസ് പ്രസിഡൻ്റ് വി.പി. രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് ബി. ചന്ദ്രശേഖരൻ നായർ മുഖ്യപ്ര ഭാഷണം നടത്തി. പി.എൻ. മു രളീധരൻ നായർ, എം.ആർ. ദാമോദരൻ പിള്ള, അനിൽ കുമാർ,വിക്രമൻപിള്ള തുടങ്ങിയവർ പ്ര സംഗിച്ചു.
മണിമല : നാഷണൽ എക്സ് സർവീസ്മെൻ കോഡിനേഷൻ കമ്മിറ്റി മണിമല യൂണിറ്റ് സ്ഥാപകദിനം അവകാശ സംരക്ഷണ ദിനമായി ആചരിച്ചു. യൂണിറ്റ് പ്ര സിഡൻ്റ് ദാസ് മാത്യു അധ്യക്ഷത വഹിച്ചു. ദക്ഷിണമേഖലാ സെക്ര ട്ടറി എ.ആർ. വിജയൻ നായർ മു ഖ്യപ്രഭാഷണം നടത്തി. സെക്രട്ട റി മോഹനചന്ദ്രൻ, രക്ഷാധികാരി പുരുഷോത്തമൻ, ദേവസ്യ തകടി ക്കൽതാഴെ, ഫാമിലി അസോസി യേഷൻ ഭാരവാഹികളായ പ്രസ കുമാരി. ഗീതാകുമാരി, ത്രേസ്യമ്മ എന്നിവർ പ്രസംഗിച്ചു .
ത്രോബോൾ സഹോദരിമാർ
മണിമല പഞ്ചാബിൽ നടന്ന 29-ാമത് സബ് ജൂനിയർ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കേരളാ ടീമിൽ ശ്രദ്ധേയരായത് രണ്ട് സഹോദരിമാരായിരുന്നു. ഒരാൾ ടീം മാനേജർ. അടുത്തയാൾ ടീമിലെ താരം. ജിനി പി.ജിജിയായിരുന്നു ടീം മാ നേജർ. കളിക്കാരിയായി അനിയത്തി ജിയ പി. ജിജി. വെള്ളാവൂർ പൊട്ടുകുളത്ത് വീട്ടിൽ ജിജി പി. തോമസിന്റെയും സുനി ജിജിയുടെയും മക്കളാണിവർ.
ജിനി കോട്ടയം ജില്ലയ്ക്കുവേണ്ടി അഞ്ച് മത്സരങ്ങളിലും രണ്ട് ദേശീയ മത്സരങ്ങളിലും പങ്കെടുത്തിരുന്നു. ഇതാണ് ജിജിക്ക് ടീം മാനേജർ സ്ഥാനം ലഭിക്കാൻ കാരണമായത്.ജിയ ജില്ലയ്ക്കുവേണ്ടി മൂന്നുമത്സരങ്ങളിലും കഴിഞ്ഞവർഷം പോണ്ടിച്ചേരിയിൽ നടന്ന 28-ാമത് ദേശീയ ചാമ്പ്യൻഷിപ്പിലും കളിച്ചു. ബെംഗളൂരുവിൽ നടക്കുന്ന സൗത്ത് സോൺ ജൂനിയർ ദേശീ യമത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിയ.
മുണ്ടത്താനം ലിറ്റിൽ ഫ്ലവർ സ്കൂളിൽനിന്നാണ് ഇരുവരും ത്രോബോൾ കളിയിലേക്ക് എത്തുന്നത്. ജിനി ഇപ്പോൾ കറുകച്ചാൽ എൻ.എസ്.എസ്. ഹയർസെക്കൻഡറിയിൽ പ്ലസ് വൺ വിദ്യാർഥിനി. ജിയ മുണ്ടത്താനം ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഒൻപതാം ക്ലാസിലും പഠിക്കുന്നു.
മുണ്ടക്കയം ബൈപാസ് റോഡിൽ അപകടങ്ങൾ പതിവാകുന്നു
മുണ്ടക്കയം ∙ ബൈപാസ് റോഡിൽ അപകടങ്ങൾ പതിവാകുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്ന് ആവശ്യം. ഇൗ വർഷം മാത്രം 10 അപകടങ്ങളാണിവിടെ ഉണ്ടായത്.
ബൈപാസ് റോഡിൽ ചാച്ചിക്കവലയുടെയും കോസ്‌വേയുടെയും ഇടയിലുള്ള സ്ഥലത്താണു വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയുന്നത്. റിഫ്ലക്ടറുകൾ, വഴിയോരവിളക്കുകൾ എന്നിവ സ്ഥാപിക്കുക, സീബ്രാ ലൈനുകൾ ഇടുക, വേഗനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കുക എന്നിവയാണു ജനങ്ങളുടെ പ്രധാന ആവശ്യം. റോഡിലേക്കു കയറിയുള്ള ജല അതോറിറ്റിയുടെ മോട്ടർപ്പുര ഇവിടെ നിന്നു മാറ്റണമെന്ന ആവശ്യത്തിനും പരിഹാരമായിട്ടില്ല. ബൈപാസ് നിർമിച്ചപ്പോൾ ആറ്റിലേക്കു കൂടുതൽ സ്ഥലം എടുത്ത് മോട്ടർപ്പുര നിലനിർത്തി നിർമാണം നടത്തുകയായിരുന്നു. ഉടൻ തന്നെ മാറ്റും എന്നാണ് അധികൃതർ പറഞ്ഞിരുന്നത് എങ്കിലും ഇതുവരെ നടപടിയില്ല. ഇവിടേക്കു വാഹനങ്ങൾ ഇടിച്ചു കയറിയും അപകടങ്ങൾ പതിവാണ്.
ഓർമക്കുറിപ്പുകൾ പ്രകാശനം ചെയ്തു
പൊൻകുന്നം വട്ടപ്പാറയിൽ രാജൻ ബാബു എഴുതിയ ‘എന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകം കലക്ടർ ജോൺ വി.സാമുവലിനു നൽകി പ്രകാശനം ചെയ്തു. പൊൻകുന്നത്തെയും ചുറ്റുവട്ടത്തെയും കുറിച്ചുള്ള ഓർമക്കുറിപ്പുകളും ചലച്ചിത്രതാരങ്ങളായ പ്രേംനസീർ, മധു, ഉമ്മർ എന്നിവരുടെ സ്മരണകളുമാണു പുസ്തകത്തിലുള്ളത്.
അവകാശ സംരക്ഷണ ദിനം ആചരിച്ചു
പൊൻകുന്നം ∙ നാഷനൽ എക്സ് സർവീസ്മെൻ കോഓർഡിനേഷന്റെ സ്ഥാപകദിനം, തെക്കേത്തുകവല, മണിമല യൂണിറ്റുകൾ അവകാശ സംരക്ഷണദിനമായി ആചരിച്ചു.
തെക്കേത്തുകവല യൂണിറ്റ് ആസ്ഥാനത്ത് രക്ഷാധികാരി എ.എസ്.ചന്ദ്രശേഖരൻ നായർ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് വി.പി.രവീന്ദ്രൻ നായർ അധ്യക്ഷനായി.സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ, പി.എൻ.മുരളീധരൻ നായർ, എം.ആർ.ദാമോദരൻ പിള്ള, അനിൽ കുമാർ, വിക്രമൻ പിള്ള എന്നിവർ പ്രസംഗിച്ചു.
മണിമല യൂണിറ്റിൽ പ്രസിഡന്റ് ദാസ് മാത്യു അധ്യക്ഷനായി. ദക്ഷിണ മേഖലാ സെക്രട്ടറി എ.ആർ.വിജയൻ നായർ, സെക്രട്ടറി മോഹനചന്ദ്രൻ, രക്ഷാധികാരി പുരുഷോത്തമൻ, ദേവസ്യ തകടിക്കൽത്താഴെ, ഫാമിലി അസോസിയേഷൻ ഭാരവാഹികളായ പ്രസന്ന കുമാരി, ഗീതാകുമാരി, ത്രേസ്യാമ്മ എന്നിവർ പ്രസംഗിച്ചു.
പ്രീഡിഗ്രി ബാച്ചുകളുടെ സംഗമം 17 ന്
കാഞ്ഞിരപ്പള്ളി ∙ സെന്റ് ഡൊമിനിക്സ് കോളജിൽ 1975 മുതൽ പ്രീഡിഗ്രി പഠിച്ചവരുടെ യോഗം 17നു രാവിലെ 10നു കോളജിൽ നടത്തും. 1965-1975 കാലയളവിൽ പഠിച്ചവരുടെ സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവരും ഈ സംഗമത്തിൽ പങ്കെടുക്കണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 8157896479.
v
പരീക്ഷാപരിശീലനം: അപേക്ഷ ക്ഷണിച്ചു
കോട്ടയം ∙ എംപ്ലോയ്മെന്റ് വകുപ്പിന്റെ കീഴിൽ തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന കോച്ചിങ് കം ഗൈഡൻസ് സെന്റർ ഫോർ എസ്‌സി, എസ്ടി എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ എംജി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നടത്തുന്ന മുപ്പത് ദിവസത്തെ സൗജന്യ പിഎസ്‌സി പരീക്ഷാപരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം യോഗ്യതയുള്ള പട്ടിക വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 8നുള്ളിൽവാട്സ്അപ്പ് നമ്പർ സഹിതമുള്ള ബയോഡേറ്റ cgcekm.emp.lbr@kerala.gov.in/ugbktm.emp.lbr@kerala.gov.in എന്ന വിലാസത്തിലേക്ക് ഇമെയിൽ മുഖേന അയയ്ക്കുക. ഫോൺ: 0481 – 2731025, 9495628626.
ഒബിസി വിഭാഗം പ്രഫഷനലുകൾക്ക് സംരംഭവായ്പ
കാഞ്ഞിരപ്പള്ളി ∙ സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ഒബിസി വിഭാഗം പ്രഫഷനലുകൾക്കു സ്റ്റാർട്ടപ്പ് സംരംഭം തുടങ്ങുന്നതിനുള്ള വായ്പയ്ക്ക് അപേക്ഷിക്കാം.
3 ലക്ഷം രൂപ വരെ കുടുംബ വാർഷികവരുമാനമുള്ളവർക്കു പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. 6 മുതൽ 8 വരെ ശതമാനമാണു പലിശനിരക്ക്. തിരിച്ചടവു കാലാവധി 84 മാസം വരെ.
അപേക്ഷകർ എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബിആർക്, വെറ്ററിനറി സയൻസ്, ബിഎസ്‌സി അഗ്രികൾചർ, ബിഫാം, ബയോടെക്നോളജി, ബിസിഎ, എൽഎൽബി, എംബിഎ, ഫുഡ് ടെക്നോളജി, ഫൈൻ ആർട്സ്, ഡയറി സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, ഫോട്ടോഗ്രഫി, വിഡിയോഗ്രഫി എന്നീ കോഴ്സുകൾ ഏതെങ്കിലും വിജയിച്ചവരാകണം.
മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ സ്ഥിരതാമസം ഉള്ളവർ കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംക്‌ഷനിലുള്ള കോർപറേഷന്റെ ഉപജില്ലാ ഓഫിസുമായി ബന്ധപ്പെട്ട് അപേക്ഷ നൽകണം.
ഫോൺ: 04828 293900. www.ksbcdc.com
മികച്ച കർഷകരെ ആദരിക്കും
എരുമേലി : 17-ന് കർഷകദിനത്തിൽ എരുമേലി ഗ്രാമപ്പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നു. മുതിർന്ന കർഷകൻ, കർഷക തൊഴിലാളി, ജൈവകർഷർ, വനിതാകർഷക, വിദ്യാർഥി, സമ്മിശ്ര, ക്ഷീര കർഷകർ തുടങ്ങിയ വിഭാഗങ്ങ ളിൽ മികച്ചവരെയാണ് ആദരിക്കുന്നത്. താത്പര്യ മുള്ള കർഷകർ ബുധനാഴ്ച വൈകീട്ട് അഞ്ച് മണി ക്ക് മുൻപായി എരുമേലി കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്യണം.
ഇന്നത്തെ പരിപാടി
∙ വാഴൂർ ഈസ്റ്റ് ചെങ്കൽ നസ്രത്ത് ആശ്രമം ∙ ആകാശപ്പറവകളുടെ കൂട്ടുകാർ വാർഷികം– രാവിലെ 11.00, മുഖ്യകാർമികത്വം: ബിഷപ് ജേക്കബ് മുരിക്കൻ
∙ പൊൻകുന്നം സാന്തോം റിട്രീറ്റ് സെന്റർ ∙ ആത്മാഭിഷേക ധ്യാനവും വയനാട് ദുരന്തബാധിതർക്കു വേണ്ടിയുള്ള പ്രാർഥനയും. രാവിലെ 9 മുതൽ 2 വരെ. നേതൃത്വം: ഫാ.അഭിലാഷ് ഏബ്രഹാം.
∙ മുണ്ടക്കയം സെന്റ് മേരീസ് പള്ളി ∙ വചനപ്രഘോഷണം 10.30, നേതൃത്വം: ഫാ.സിബി ചന്ദ്രോത്ത്, കുർബാന, നൊവേന, 12.00, കുർബാന 5.30.
കൂൺകൃഷി പരിശീലനം 14ന്
കോട്ടയം ∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 14ന് ഏറ്റുമാനൂർ ജില്ലാ ഓഫിസിൽ കൂൺകൃഷിയിൽ പരിശീലനം നൽകും. മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഫോൺ: 0481–2534709.
റബർ കർഷകർക്ക് പരിശീലനം
കോട്ടയം ∙ റബർ ബോർഡിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് (എൻഐആർടി) റബറിന്റെ ശാസ്ത്രീയ വിളവെടുപ്പിലുള്ള പരിശീലനം 12, 13 തീയതികളിൽ നടത്തും.
വിളവെടുപ്പ്, ടാപ്പിങ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ് രീതികൾ, യന്ത്രവൽകൃത ടാപ്പിങ്, നിയന്ത്രിത കമഴ്ത്തിവെട്ട്, ഇടവേള കൂടിയ ടാപ്പിങ്, ഉത്തേജക ഔഷധപ്രയോഗം എന്നിവ പരിശീലനം ലഭിക്കും.
പുത്തൻപുരയ്ക്കൽ ജാനകിയമ്മ (83)
ചേനപ്പാടി : ഹരിപ്പാട്ട് (പുത്തൻപുരയ്ക്കൽ) ജാനകിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പുരുഷോത്തമൻ നായർ. മക്കൾ: സുകുമാരൻ നായർ (വിമുക്തഭടൻ), രമണി (പെരുമ്പട്ടി), ഉഷാകുമാരി (ചേനപ്പാടി), നിഷ(ടീച്ചർ, എസ്.പി.വി.എൻ.എസ്.എസ്.യു.പി.എസ്., ചിറക്കടവ്). മരുമക്കൾ: സുജാകുമാരി(വെട്ടിക്കാട്ട്, കടയനിക്കാട്), രാജു (തെക്കേടത്ത്, പെരുമ്പട്ടി), ഹരിദാസ്, പറപ്പള്ളിൽ, ചേനപ്പാടി(വിമുക്തഭടൻ), മോഹനകുമാർ, പുതിയവീട്ടിൽ, ചിറക്കടവ്(റിട്ട.എസ്.ഐ.). സംസ്‌കാരം തിങ്കളാഴ്ച 11-ന് വീട്ടുവളപ്പിൽ