റബര്‍ വില കുതിക്കുന്നു , റബ്ബർ ഷീറ്റ് വില 240 കടന്നു , രാജ്യന്തര വിലയേക്കാള്‍ 50 രൂപ കൂടുതല്‍, ഒട്ടുപാലിന് 155 രൂപ, ലാറ്റക്‌സ് 245..
പന്ത്രണ്ടു വര്‍ഷത്തിനു ശേഷം റെക്കോർഡ് മറികടക്കാനൊരുങ്ങി റബര്‍ വില. റബര്‍ ബോര്‍ഡ് ഇന്നലെ പ്രഖ്യാപിച്ച വില 235 രൂപയാണെങ്കിലും 241 രൂപയ്‌ക്കു വരെ കോട്ടയത്തു റബ്ബർ ഷീറ്റ് വ്യാപാരം നടന്നു. 2011- 02 സാമ്പത്തിക വര്‍ഷത്തില്‍ല്‍ രേഖപ്പെടുത്തിയ 283 രൂപയാണു ചരിത്രത്തിലെ റബറിന്റെ ഏറ്റവും ഉയര്‍ന്ന വില. ആ റെക്കോർഡ് ഇത്തവണ തകരുമെന്ന് കർഷകർക്ക് പ്രതീക്ഷയുണ്ട് .
ഏതാനും ദിവസങ്ങളായി വിലയില്‍ കിലോയ്‌ക്ക് ശരാശരി 2-3 രൂപയുടെ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. പ്രതികൂല കാലാവസ്‌ഥയെത്തുടര്‍ന്നുണ്ടായ ചരക്കുക്ഷാമമാണ് വില ഉയര്‍ച്ചയ്‌ക്കുള്ള പ്രധാന കാരണം. വില കുതിച്ചുയരുമ്പോഴും വിപണിയില്‍ എത്തുന്ന ചരക്കിന്റെ അളവ് കുറവാണ്. സാധാരണ ആഭ്യന്തര വില കുതിക്കുമ്പോള്‍ രാജ്യാന്തര വിലയും മുന്നേറുന്ന പ്രവണതയാണു കണ്ടിരുന്നതെങ്കില്‍ ഇത്തവണ സാഹചര്യം വ്യത്യസ്‌തമാണ്. രാജ്യന്തര വില ആഭ്യന്ത വിലയേക്കാള്‍ 50 രൂപ പിന്നിലാണ്. ഇന്നലെ ആര്‍.എസ്.എസ്. 4 ഗ്രേഡിന്റെ ബാങ്കോക്ക് വില 198.82 രൂപയായിരുന്നു.
മഴയ്‌ക്ക് 10 ദിവസത്തെ ഇടവേള ലഭിച്ചു ടാപ്പിങ്ങ് സജീവമായാല്‍ വ്യവസായികള്‍ വിപണിയില്‍ നിന്നു വിട്ടു നിന്ന് വിലയിടിക്കാനുള്ള നീക്കം നടത്തുമെന്ന ഭയവും വ്യാപാരികള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍, ലഭിക്കുന്ന ചരക്ക് പരമാവധി വേഗത്തില്‍ വിറ്റൊഴിയുകയാണു ചെറുകിട വ്യാപാരികള്‍. ഇറക്കുമതി റബര്‍ ചില തുറമുഖങ്ങളില്‍ എത്തിയതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.
ഒട്ടുപാല്‍ വിലയും റെക്കോഡിലേക്ക് എത്തുന്നുവെന്നാണു സൂചനകള്‍. നല്ലതുപോലെ ഉണങ്ങിയ ഒട്ടുപാല്‍ നല്‍കുന്ന കര്‍ഷകന് 155 രൂപ വരെ ലഭിക്കും. 150 രൂപയ്‌ക്ക് മിക്കയിടങ്ങളിലും വ്യാപാരം നടക്കുന്നുണ്ട്. മില്ലുകാര്‍ 170 രൂപയ്‌ക്കാണ് ഒട്ടുപാല്‍ വാങ്ങുന്നത്. 2012ല്‍ ഒട്ടുപാല്‍ വില 180 രൂപയില്‍ എത്തിയിരുന്നു. അതേസമയം, ലാറ്റക്‌സ് വില ഇന്നലെ 3 രൂപ കുറഞ്ഞ് 245 രൂപയില്‍ എത്തി.