കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 08/08/2024

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …

ധ്യവയസ്ക്കനെ ചിറ്റാർപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി: മധ്യവയസ്ക്കനെ കാഞ്ഞിരപ്പള്ളി ചിറ്റാർപുഴയിലെ പഴയപള്ളി കടവിൽ മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞിരപ്പള്ളിയിൽ കൂലി പണിയെടുത്തുവന്നിരുന്ന കൊല്ലം സ്വദേശി വിജയൻ (62)നെയാണു് ബുധനാഴ്ച രാവിലെ ഒൻപതു മണിയോടു കൂടി നാട്ടുകാർ പുഴയിൽ മരിച്ച നിലയിൽ കണ്ടത്.

കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് തയ്യാറാക്കി ജനറൽ ആശുപത്രി മോർച്ചറിയിലെത്തിച്ചു.

അപസ്മാരത്തിന്റെ അസുഖം ഉള്ളയാളായിരുന്നു വിജയൻ എന്ന് നാട്ടുകാർ പറയുന്നു . പുഴയിൽ കുളിക്കുമ്പോൾ , അപസ്മാരം ഉണ്ടായതാണ് മരണകാരണം എന്ന് അനുമാനിക്കുന്നു .

അഞ്ച് ദിവസത്തെ ശമ്പളം നൽകും : ദീപം കൊളുത്തി എരുമേലി ആരോഗ്യ വിഭാഗം.

എരുമേലി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് അശ്രുപൂജയായി ആരോഗ്യ വകുപ്പിന്റെ എരുമേലിയിലെ ജീവനക്കാർ പ്രാർത്ഥനയോടെ ദീപം കൊളുത്തി. ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് ദിവസത്തെ ശമ്പളം നൽകാനും തീരുമാനിച്ചു.

എരുമേലി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫിസർ റെക്സൺ പോൾ, ഡോ. ജോർജ്ജ് കുര്യൻ, ഡോ. ധന്യ സുശീലൻ, ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് ശർമ്മ, സജിത്, ജിതിൻ, ക്ലർക്ക് സജിലാൽ എന്നിവർ അനുശോചനങ്ങൾ രേഖപ്പെടുത്തി

ചായയൊന്നു കുടിക്കൂ, കടിയൊന്നു വാങ്ങു, ഇതിന്റെ പണം വയനാടിന്..”

ചേനപ്പാടി : ” ചായയൊന്നു കുടിക്കൂ, കടിയൊന്നു വാങ്ങു, ഇതിന്റെ പണം വയനാടിന് ” ഡിവൈഎഫ്ഐ പ്രവർത്തകർ ചേനപ്പാടി ഗ്രാമത്തിൽ വെള്ളിയാഴ്ച തട്ടുകട നടത്തും. ഇതിൽ നിന്നുമുള്ള വരുമാനം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും.

സംഘടനയുടെ ചേനപ്പാടി, യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ചേനപ്പാടി ബി എസ് എൻ എൽ ഓഫീസിനു സമീപം പാതയോരത്തായി തട്ടുകട നടത്തുക. ചായ, കാപ്പി, ലഘുഭക്ഷണങ്ങൾ എന്നിവ ഇവിടെ ലഭിക്കും.സംഘടനയുടെ പ്രവർത്തകർ തട്ടുകടയുടെ പ്രവർത്തനം സജീവമാക്കുവാനുള്ള പ്രചരണത്തിലാണു്.

കൂട്ടിക്കൽ റെഡ് സോണിൽ റിസോർട്ടുകൾ ഉയരുന്നു ; പ്രദേശവാസികൾ പ്രതിഷേധത്തിൽ ..

മുണ്ടക്കയം : കൂട്ടിക്കൽ പഞ്ചായത്തിലെ ചുവന്ന സോണായി രേഖപ്പെടുത്തിയ അപകടമേഖലകളിൽ അനധികൃത റിസോർട്ട് പണി തകൃതിയായി നടക്കുന്നു . കുട്ടിക്കലിൽനിന്ന് കാണാവുന്ന വലിയ മലയായ തങ്ങൾ പാറ വാകച്ചുവട് പ്രദേശങ്ങളിലാണ് വൻകിട റിസോർട്ടുകളുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നത് .

റവന്യൂഭൂമി ആയിരുന്ന ഇവിടം മാഫിയകൾ ഉദ്യോഗസ്ഥ ഒത്താശയോടെ കൈയേറി രേഖകൾ ചമച്ച് കൈവശപ്പെടുത്തിയതാണെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശം ചുവന്ന സോണായി രേഖപ്പെടുത്തിയ ഇടമാണ്. ചുവന്നസോണിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശമായ ഇവിടെ വലിയ കെട്ടിടങ്ങൾ നിർമിക്കരുതെന്ന് കർശന നിർദേശമുള്ളതാണ്.എന്നാൽ അഞ്ചുനിലയുള്ള കെട്ടിടങ്ങൾ വരെയാണ് പടുത്തുയർത്തുന്നത്.

വയനാട്ടിൽ ദുരന്തം ഉണ്ടായ പശ്ചാത്തലത്തിൽ കോലാഹലമേട് പൗരസമിതി എന്ന പേരിൽ ഏന്തയാർ ടൗണിൽ റിസോർട്ടുകൾക്ക് എതിരേ പോസ്റ്ററുകൾ പതിപ്പിച്ചു .

“അടുത്ത വയനാട് വാഗമണ്ണിലെ തങ്ങൾ പാറ ആകുമോ’, അനധികൃത റിസോർട്ട് നിർമാ ണത്തിനെതിരേ ഉദ്യോഗസ്ഥർ നടപടി എടുത്തില്ലെങ്കിൽ കൂട്ടിക്കൽ പഞ്ചായത്തിലെ ജനങ്ങളുടെ ജീവൻ അപകടത്തിലാണ് എന്നെഴുതിയ പോസ്റ്ററുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. അധികാരികൾ അടിയന്തര മായി ഇടപെടണമെന്ന് മുൻ പഞ്ചായത്തംഗം എം.പി. ചന്ദ്രദാസ് ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ സമര രംഗത്തെത്തുമെന്ന് പൗ രസമിതി പ്രവർത്തകനായ സുധീഷ് കോലാഹലമേട് പറഞ്ഞു.

നിർമാണത്തിന്റെ പേരിൽ വ്യാപകമായി പാറ പൊട്ടിക്കുന്നു. വലിയ നീന്തൽകുളങ്ങളും നിർമിച്ചിട്ടുണ്ട്. റിസോർട്ട് നിർമാണം നടക്കുന്ന ഭൂമി റവന്യൂവകുപ്പിന്റേതാണോ എന്ന് കണ്ടെത്തുന്നതിന് സർവേ ടീമിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയതായി റവന്യൂ അധികൃതർ പറഞ്ഞു.കോട്ടയം സബ് കളക്ടറുടെ നിർദേശപ്രകാരമാണ് നടപടി.

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വയനാട് ദുരന്തത്തിൽപ്പെട്ട ഒരു കുടുംബത്തെ ദത്തെടുത്ത് വീടും സ്ഥലവും നൽകും

മുണ്ടക്കയം:വയനാട് ദുരന്തത്തിൽപ്പെട്ട ഒരു കുടുംബത്തിന് താങ്ങാകുവാൻ വീടുംസ്ഥലവും നൽകുവാൻ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഐക്യകണ്ഠേന തീരുമാനിച്ചു. പ്രസിഡന്റ് രേഖാദാസ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ബെന്നി മാത്യു ചേറ്റൂകുഴി, സി വി അനിൽകുമാർ ഷിജി ഷാജി, ദിലീഷ് ദിവാകരൻ, ജോമി തോമസ്, സുലോചന സുരേഷ്, ജിനീഷ് മുഹമ്മദ്, പ്രസന്ന ഷിബു, സിനിമോള്‍ തടത്തിൽ, ഫൈസൽ മോൻ, ജാൻസി തൊട്ടിപ്പാട്ട്,സെക്രട്ടറി ഷാഹുൽ മുഹമ്മദ്‌, ജോഷി മാത്യു, സെബാസ്റ്റ്യൻ,എന്നിവർ ചേർന്നാണ് ദുരിതാശ്വാസ പദ്ധതി പ്രഖ്യാപനം നടത്തിയത്

കണമല സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: സിപിഐ യുഡിഎഫ് പാനലിൽ

എരുമേലി ∙ കണമല സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനലിനെതിരെ സിപിഐയും. സിപിഐ അംഗങ്ങൾ മത്സരിക്കുന്നത് യുഡിഎഫ് പാനലിലാണ്. സിപിഎം, കേരള കോൺഗ്രസ് (എം) എന്നിവർ ഒരുമിച്ചാണ് എൽഡിഎഫ് പാനലിൽ മത്സരിക്കുന്നത്. സിപിഎം നേതൃത്വം നൽകുന്ന പാനലിൽ സീറ്റ് നൽകാത്തതിനെ തുടർന്നാണ് സിപിഐ, യുഡിഎഫ് നേതൃത്വം നൽകുന്ന പാനലിൽ മത്സരിക്കുന്നത്. സിപിഐ ലോക്കൽ കമ്മിറ്റി അംഗം എബിച്ചൻ വർഗീസാണ് യുഡിഎഫ് പാനലിലെ സിപിഐ പ്രതിനിധി. മറ്റുള്ളവർ കോൺഗ്രസ് പ്രതിനിധികളാണ്.

20 വർഷമായി ഭരണസമിതി തിരഞ്ഞെടുപ്പിൽ സിപിഐ അംഗങ്ങളെ എൽഡിഎഫ് പാനലിൽ ഉൾപ്പെടുത്താൻ സിപിഎം തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ഇത്തവണ യുഡിഎഫ് പാനലിൽ മത്സരിക്കുന്നതെന്ന് സിപിഐ പ്രതിനിധി എബിച്ചൻ അറിയിച്ചു. കഴിഞ്ഞ തവണയും സിപിഐ ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇത്തവണയും സിപിഎം സീറ്റ് നിഷേധിച്ചു. ഇതോടെയാണ് യുഡിഎഫിനൊപ്പം മത്സരിക്കുന്നതെന്നും എബിച്ചൻ പറഞ്ഞു. 18നാണ് കണമല സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഹിരോഷിമ നാഗസാക്കി ദിനാചരണം

പൊൻകുന്നം: ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ പൊൻകുന്നം ഗവ.വി.എച്ച്.എസ്.എസിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. ജില്ലാകമ്മിറ്റിയംഗം അഡ്വ.ഗിരീഷ് എസ്.നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്പ്രസിഡന്റ് കെ.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.എച്ച്.നിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, സെക്രട്ടറി വി.ഡി.രജികുമാർ, വൈസ്പ്രസിഡന്റ് എസ്.ബിജു, ജോയിന്റ് സെക്രട്ടറിമാരായ പി.എ.ജമാലുദീൻ, ടി.എസ്.സുജേഷ്, വിദ്യാർഥിപ്രതിനിധി ആമിന ഹാരീസ് തുടങ്ങിയവർ പ്രസംഗിച്ചു.

37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസി. എൻജിനീയർ പിടിയിൽ.

വെച്ചൂച്ചിറ : കരാറുകാരനിൽനിന്ന് 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറെ വിജിലൻസ് പിടികൂടി.
വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വി. വിജിയെയാണ് വിജിലൻസ് ഡിവൈ.എസ്.പി. ഹരിവിദ്യാധരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കരാറുകാരനായ വെച്ചൂച്ചിറ പുലിക്കുന്നേൽ റഫൻ പി.റെജി നൽകിയ പരാതിയി ലാണിത്.

വെച്ചൂച്ചിറ പഞ്ചായത്തിൽ രണ്ടാംവാർഡിൽ കുളം നിർമിച്ചതിന്റെ ബില്ല് മാറാൻ കൈകൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. 2023-24 വർഷത്തിലാണ് കുളം നിർമാണത്തിനുള്ള ജോലി റഫൻ ഏറ്റെടുത്തത്. 24 ലക്ഷം രൂപയുടെ പ്രവൃത്തി 18 ലക്ഷം രൂപയ്ക്കാണ് കരാറെടുത്തതെന്ന് റഫൻ പറഞ്ഞു. കുളം നിർമ്മിക്കുന്നതിൽ അസിസ്റ്റന്റ് എൻജിനിയർ പലവട്ടം തടസ്സം ഉന്നയിച്ചു.

കഴിഞ്ഞ മാർച്ചിൽ വിജി അവധി എടുത്തസമയം നാറാണംമൂഴി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്കായിരുന്നു വെച്ചൂച്ചിറ പഞ്ചായത്തിന്റെ ചുമതല. അന്നാണ് കുളം നിർമിച്ചത്. മാർച്ച് 28-ന് കുളം നിർമാണം പൂർത്തിയായി. മാർച്ചിൽ പാർട്ട് ബില്ലും മാറി. എന്നാൽ അവധികഴിഞ്ഞ് തിരിച്ചെത്തിയ വിജി ശേഷിക്കുന്ന ബില്ല് മാറാൻ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടതായി കരാറുകാരൻ പറയുന്നു.

വിലപേശലിനൊടുവിൽ 50,000 രൂപ നൽകണമെന്നായി. പണം ഗൂഗിൾ പേ ആയി ആവശ്യപ്പെട്ടെങ്കിലും നാലു ദിവസം മുമ്പ് റഫൻ നേരിട്ട് 13,000 രൂപ കൊടുത്തു. ഇതിന്റെ വീഡിയോ സഹിതം വിജിലൻസിന് പരാതി നൽകുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ബുധനാഴ്ച ഉച്ചയോടെ അസിസ്റ്റന്റ് എൻ ജിനീയറുടെ ഓഫീസിൽ റഫൻ എത്തി.

37,000 രൂപ വിജിക്ക് കൈമാറുമ്പോഴാണ് വിജിലൻസ് പിടികൂടിയത്.അറസ്റ്റിലായ വിജിയെ തിരുവനന്തപുരത്ത് വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർമാരായ ജെ. രാജീവ്, കെ.അനിൽകു മാർ, യു.പി. വിപിൻ കുമാർ, എസ്.ഐ. ഷാജി, എ.എസ്. ഐമാരായ ബിജു, പുഷ്പകു മാർ, ഹരിലാൽ തുടങ്ങിയവ രും ഉണ്ടായിരുന്നു.

സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച പണം വീട് നിർമ്മിച്ച് നൽകാൻ ഡി.വൈ.എഫ്.ഐ യ്ക്ക് നൽകി

പൊൻകുന്നം:വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ സൈക്കിൾ വാങ്ങാനായി കുടുക്കയിൽ സൂക്ഷിച്ച തൻ്റെ കുഞ്ഞു സമ്പാദ്യം ഡി.വൈ.എഫ്.ഐ യ്ക്ക് നൽകി മൂന്നാം ക്ലാസുകാരൻ. താവൂർ തുണ്ടിയിൽ രമേഷ് സി നായർ,വിധു രമേഷ് ദമ്പതികളുടെ മകനായ മാധവ് ആർ നായർ ആണ് തന്റെ സമ്പാദ്യമായ 2109 രൂപ ഡി.വൈ.എഫ്.ഐയുടെ വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിക്ക് നൽകിയത്. ഡിവൈഎഫ്ഐ പൊൻകുന്നം മേഖലാ കമ്മിറ്റിക്കാണ് തുക നൽകിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുരിതബാധിതർക്ക് വീട് നൽകുന്നത്. ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് സെക്രട്ടറി ബി.ഗൗതം മാധവിൽ നിന്നും തുക ഏറ്റുവാങ്ങി. വാർഡംഗം കെ.ജി.രാജേഷ്,കെ.ടി.സുരേഷ്,പി.എം.മിഥുൻ, എ.ആർ.രോഹിത്,സുധീഷ്,അരവിന്ദ് എന്നിവരും സന്നിഹിതരായിരുന്നു.

കടയിൽ ആക്രമണം; രണ്ടുപേർകൂടി പിടിയിൽ

എരുമേലി : ടൗണിലെ വ്യാപാര സ്ഥാപനത്തിൽ അതിക്രമം കാണിച്ചവരിൽ രണ്ട് പേർ കൂടി പോലീസിന്റെ പിടിയിലായി. 30-ന് നടന്ന സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരേ വധശ്രമത്തിനാണ് കേസ്.

എരുമേലി കുറുവാമൂഴി നടുപുരയ്ക്കൽ പറമ്പിൽ അരുൺ സാബു (18), ആനക്കൽ പൊട്ടനോലിക്കൽ മുഹമ്മദ് ആദിൽ (20) എന്നിവരാണ് ബുധനാഴ്ച പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ മൂന്നു പേരെ ഇനിയും കിട്ടാനുണ്ടന്നും ഇവർക്കായി അന്വേഷണം തുടരുന്നതായും എരുമേലി പോലീസ് അറിയിച്ചു .

അങ്കമാലി -എരുമേലി ശബരി റെയിൽ പദ്ധതി : സർക്കാർ പ്രതിനിധികളെയും എംപിമാരെയും പങ്കെടുപ്പിച്ച് യോഗം വിളിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി.

എരുമേലി ∙ അങ്കമാലി -എരുമേലി റെയിൽവേ ലൈനിനു പ്രതീക്ഷയേകി കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പ്. അങ്കമാലി -എരുമേലി നിർമാണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെയും എംപിമാരെയും പങ്കെടുപ്പിച്ചു യോഗം വിളിക്കുമെന്നാണു മന്ത്രി അശ്വിനി വൈഷ്ണവ് മേഖലയിലെ എംപിമാർക്ക് ഉറപ്പു നൽകിയത്. അങ്കമാലി – എരുമേലി റെയിൽവേ ലൈനിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിലെ എംപിമാരായ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്.

കൊച്ചിയെയും സമീപ പ്രദേശങ്ങളിലെയും വികസനം ലക്ഷ്യമാക്കി തയാറാക്കിയ സമഗ്ര ഗതാഗത രൂപരേഖയിൽ അങ്കമാലി – ശബരി റെയിൽവേ പദ്ധതിക്കൊപ്പം 15 കിലോമീറ്റർ ദൈർഘ്യമുള്ള പാലാ– ഏറ്റുമാനൂർ ലിങ്ക് റെയിൽവേ കൂടി ഉൾപ്പെടുത്തണമെന്ന് ശബരി റെയിൽവേ ആക്‌ഷൻ കൗൺസിൽ ഫെഡറേഷൻ ആവശ്യപ്പെട്ടു. എറണാകുളം നോർത്ത്, കളമശേരി, ആലുവ, അങ്കമാലി, കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, എറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ്, തൃപ്പൂണിത്തുറ എറണാകുളം സൗത്ത് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് ട്രെയിൻ സർവീസ് സാധ്യമാകുമെന്നും ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ ഡിജോ കാപ്പൻ, ബാബു പോൾ, ജിജോ പനച്ചിനാനി എന്നിവർ ആവശ്യപ്പെട്ടു.264 കോടി രൂപ ചെലവഴിച്ച് അങ്കമാലി – ശബരി റെയിൽവേയ്ക്കു വേണ്ടി 8 കിലോ മീറ്റർ റെയിൽവേ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ പെരിയാറിനു കുറുകെ റെയിൽവേ പാലവും ആണ് ഇതുവരെ നിർമിച്ചിട്ടുള്ളത്.

13-കാരനെ പീഡിപ്പിച്ച കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ പോലീസുകാരൻ അറസ്റ്റിൽ

കണ്ണൂർ : പതിമൂന്നുവയസ്സുകാരനെ പീഡിപ്പിച്ച പോലീസുകാരൻ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയും കണ്ണൂർ ചാലാട് വാടക വീട്ടിൽ താമസക്കാരനുമായ കണ്ണൂർ പോലീസ് ടെലികമ്യൂണിക്കേഷൻ ഹെഡ്കോൺസ്റ്റബിൾ റസാഖിനെ (46) ആണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. വിദ്യാർഥിയെ വീട്ടിനകത്തും കാറിലും പീഡിപ്പിച്ചുവെന്നാണ് കേസ്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി കൗൺസലിങ്ങിനിടെയാ ണ് പീഡനവിവരം പുറത്ത് പറഞ്ഞത്.

വിവാഹിതനായ പോലീസുകാരൻ ഭാര്യയെ നിയമാനുസൃതം ബന്ധം വേർപെടുത്താതെ മറ്റൊരു യുവതിയെ മതാചാരപ്രകാരം വിവാഹം കഴി ച്ചിരുന്നു. ഇതേതുടർന്ന് ആദ്യ ഭാര്യ കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തു. യുവതി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്ന് നടന്ന വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ഏപ്രിലിൽ ഈയാളെ സസ്പെൻഡ് ചെയ്തിരുന്നു. കണ്ണൂർ ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ. മാരായ പി.പി. ഷമീൽ, അജയൻ, എ.എസ്.ഐ. ഷാജി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ഗ്രാമീണ ബസ് സർവീസുകൾ നടപ്പിലാക്കും : ഡോ. എൻ.ജയരാജ് എം എൽ എ

പൊൻകുന്നം ∙ ഗ്രാമീണ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് റൂട്ടുകൾ സാധാരണ ജനങ്ങൾക്കു പ്രയോജനപ്രദമാണെന്ന് ഗവ.ചീഫ് വിപ് എൻ.ജയരാജ്. സ്റ്റേജ് കാര്യേജ് സർവീസുകൾ നിലവിൽ ഇല്ലാത്തതും ലാഭകരമായി സർവീസ് നടത്താൻ സാധിക്കുന്നതുമായ റൂട്ടുകൾ കണ്ടെത്താൻ ഗതാഗത വകുപ്പ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നടത്തിയ ജനസദസ്സിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് തലത്തിൽ ആരംഭിക്കേണ്ട റൂട്ടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പഞ്ചായത്ത് അധികൃതർ 10നു മുൻപായി ജോയിന്റ് ആർടിഒയെ ഏൽപിക്കാനും ഇതിൽ സാധ്യമായവ വിലയിരുത്തിയ ശേഷം തുടർനടപടി ഉണ്ടാകുമെന്നും ജയരാജ് പറഞ്ഞു.

നിലവിലുള്ള ബസ് സർവീസുകൾക്ക് ദോഷകരമാകാത്ത രീതിയിൽ പുതിയ സർവീസുകൾ ആരംഭിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുകേഷ് കെ.മണി, അജിത രതീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആർ.ശ്രീകുമാർ, കെ.ആർ.തങ്കപ്പൻ, വി.പി.റെജി, കെ.എസ്.റംലാ ബീഗം, ബിനോയ് വർഗീസ്, പി.ടി.അനൂപ്, വൈസ് പ്രസിഡന്റുമാരായ രവി വി.സോമൻ, ജലജ മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, ആർടിഒ കെ.അജിത് കുമാർ, ജോയിന്റ് ആർടിഒ എസ്.സഞ്ജയ്, സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

കെഎസ്ആർടിസി ഉദ്യോഗസ്ഥരും ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

‘അനധികൃത ഖനനത്തിനെതിരെ നടപടി സ്വീകരിക്കണം’

കാഞ്ഞിരപ്പള്ളി ∙ താലൂക്കിൽ നടത്തുന്ന അനധികൃത പാറ, മണ്ണുഖനനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ടൗണിന്റെ സമീപ വാർഡുകളിലും അനധികൃത ഖനന പ്രവർത്തനങ്ങൾ നടത്തുന്നതായും ഇവ അധികാരികൾ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ആവശ്യം ഉന്നയിച്ചു ദുരന്തനിവാരണ അതോറിറ്റിക്കു പരാതി നൽകാനും തീരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അലി അക്ബറിന്റെ അധ്യക്ഷതയിൽ മണ്ഡലം ജനറൽ സെക്രട്ടറി വി.എസ്.അഷറഫ് ഉദ്ഘാടനം ചെയ്തു. സിയാജ് വട്ടകപ്പാറ, നൂഹ് തേനംമാക്കൽ, കെ.കെ.നിജാസ്, എൻ.എം.ജലാൽ ബാദുഷ എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്കു കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം ശക്തം

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്കു കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം. ദിവസവും രാത്രി മുന്നൂറിലധികം ആളുകൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. ഇതിനിടെ അപകടത്തിൽപെട്ടും മറ്റും എത്തുന്നവരെയും ചികിത്സിക്കണം. അമിത ജോലിഭാരമാണ് രാത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ അനുഭവിക്കുന്നത്.

കുട്ടികളും മുതിർന്നവരും ഉൾപ്പെടെ രാത്രി ചികിത്സ തേടി എത്തുന്നവർ ചിലപ്പോൾ ഏറെ നേരം കാത്തിരിക്കേണ്ടിയും വരുന്നു. 3 ഷിഫ്റ്റുകളിലായി അത്യാഹിത വിഭാഗത്തിൽ ആകെ വേണ്ടത് 6 ഡോക്ടർമാരാണ്. എന്നാൽ ഇതിനായി നിലവിൽ 4 ഡോക്ടർമാർ മാത്രമാണുള്ളത്.അതിനാൽ ഇവർക്ക് അവധി എടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.

മഴക്കാലമായതോടെ പനിയും മറ്റു പകർച്ചവ്യാധികളും വ്യാപകമായ മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ പ്രധാന ആശ്രയമാണ് ജനറൽ ആശുപത്രി.കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകളിലെ ഉൾനാടൻ മലയോര ഗ്രാമങ്ങളിൽ നിന്നും ആളുകൾ ഏറെ ദൂരം സഞ്ചരിച്ച് രാത്രി ചികിത്സ തേടി എത്തുമ്പോൾ ചികിത്സയ്ക്കായും ഏറെനേരം കാത്തിരിക്കേണ്ടി വരുന്നത് വൻ ദുരിതമായിരിക്കുകയാണ്.

ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്ക് കൂടുതൽ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാരെ നിയമിക്കണമെന്നാണ് ആവശ്യം ശക്തമായിരിക്കുന്നത്.

കേന്ദ്ര വനസംരക്ഷണ നിയമം നടപ്പാക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണം ; അഖില തിരുവിതാംകൂർ മലയരയ മഹാസഭ

മുണ്ടക്കയം ∙ കേന്ദ്ര വനസംരക്ഷണ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണം എന്ന് അഖില തിരുവിതാംകൂർ മലയരയ മഹാസഭ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഇറക്കിയ ഭേദഗതി പ്രകാരം സർക്കാർ രേഖകളിൽ വനം എന്ന് രേഖപ്പെടുത്തിയതും നിലവിൽ മറ്റ് ആവശ്യങ്ങൾക്കായി പരിവർത്തനം വരുത്തിയതുമായ വനഭൂമി വനം എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കാൻ വ്യവസ്ഥ ചെയ്തിരുന്നു. 1996 ഡിസംബറിന് മുൻപ് വനഭൂമിയിൽ ഉണ്ടായിരുന്നവർ രേഖകൾ ഹാജരാക്കി നിയമത്തിൽ നിന്ന് ഒഴിവാകുന്നതിന് ഭേദഗതി നിർദേശിച്ചിരുന്നു. എന്നാൽ, തുടർനടപടികൾ എങ്ങനെ വേണം എന്ന കാര്യത്തിൽ ജനങ്ങളിൽ അവ്യക്തത തുടരുകയാണ്. ഇതിനായി വിദഗ്ധ സമിതി രൂപീകരിച്ചു എങ്കിലും എല്ലാവരും ഉന്നത ഉദ്യോഗസ്ഥരാണ്. വിദഗ്ധ സമിതി ഒക്ടോബർ 24ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കുമെന്നും പറയപ്പെടുന്നു. നിയമ ആനുകൂല്യം എല്ലാവരിലും എത്തിക്കാൻ അഖില തിരുവിതാംകൂർ മലയരയ മഹാസഭ ആദിവാസി മേഖലകളിൽ പ്രചാരണ പരിപാടികൾ നടത്തി വരികയാണെന്നും നടപടികൾ കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയതായും സംസ്ഥാന പ്രസിഡന്റ് കെ.ബി.ശങ്കരൻ, ജനറൽ സെക്രട്ടറി വി.പി.ബാബു, ട്രഷറർ വി.എൻ.രുക്മിണി എന്നിവർ പറഞ്ഞു.

കാർ അപകടം ; കാഞ്ഞിരപ്പള്ളി സ്വദേശികളായ 2 പേർക്ക് പരുക്ക്

കുറവിലങ്ങാട് നിയന്ത്രണം വിട്ട കാർ ഇടിച്ചു പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശികളായ ട്രീസ ലിയ (46), അഖിൽ (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5ന് കോഴാ ജംക്‌ഷനു സമീപമായിരുന്നു അപകടം. എറണാകുളത്തു നിന്നും കാഞ്ഞിരപ്പളളി ഭാഗത്തേക്കു പോയ കാറാണ് അപകടത്തിൽപെട്ടത്.

വൈദ്യ പരിശോധനാ ക്യാംപ് 11ന്

പൊൻകുന്നം ∙ ഹോളിഫാമിലി പള്ളി മാതൃവേദി, വൈദ്യരത്നം ഔഷധശാല, സൂര്യകാന്തി ആയുർവേദ ആശുപത്രി എന്നിവ ചേർന്ന് സൗജന്യ ആയുർവേദ മെഗാ വൈദ്യ പരിശോധനാ ക്യാംപ് 11ന് രാവിലെ 11.30 മുതൽ ഹോളിഫാമിലി പള്ളി പാരിഷ് ഹാളിൽ നടത്തും. സൗജന്യ ഔഷധ വിതരണവും ജീവിതശൈലീ രോഗ പ്രതിരോധത്തിൽ യോഗയുടെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സും നടത്തും. പങ്കെടുക്കാൻ മുൻകൂർ റജിസ്ട്രേഷൻ നടത്താം. 9562254450, 8281169827.

മണിമലയിൽ തെരുവുനായശല്യം രൂക്ഷം

മണിമല ∙ മണിമല ഒന്നാം വാർഡ് മതിലകത്ത് വീട്ടിൽ ഷേർളിയുടെ കോഴികളെ കഴിഞ്ഞദിവസം തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. ശബ്ദം കേട്ട് വീട്ടുകാർ എത്തിയെങ്കിലും കൂട്ടമായി എത്തിയ നായ്ക്കളെ ഭയന്നു പിന്മാറി. പരുക്കേറ്റതും രോഗം ബാധിച്ചതുമായ നായ്ക്കളെ പൊന്തൻപുഴ വനത്തിലും പരിസരങ്ങളിലും ഉപേക്ഷിക്കുന്നത് തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുന്നതിനു കാരണമാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

മേഖലയിൽ വിവിധ വീടുകളിലായി വളർത്തുമൃഗങ്ങളുടെ നേർക്ക് നായ്ക്കളുടെ ആക്രമണം ഉണ്ടായതോടെ നാട്ടുകാരും അധികൃതരും ആശങ്കയിലാണ്.

ലേഡീസ് സ്റ്റോറിലെത്തിയ യുവാവ് ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു

എരുമേലി ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ലേഡീസ് സെന്ററിൽ സാധനം വാങ്ങാൻ എത്തിയ യുവാവ് കടയുടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നു. ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെയാണ് സംഭവം. ഫെയ്മസ് ലേഡീസ് കലക്‌ഷൻസ് ഉടമ എം.എ.നിഷാദിന്റെ ഫോൺ ആണ് മോഷണം പോയത്. കമ്മലും ചരടും വാങ്ങാൻ എത്തിയ യുവാവ് സാധനങ്ങൾ വാങ്ങിയ ശേഷം പണം കൊടുത്തു ബാക്കി വാങ്ങി പോകുന്നതിനിടെ മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ കടയുടമ കാണാതെ എടുത്തുകൊണ്ടു പോകുന്നത് കടയിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 20 മിനിറ്റ് കഴിഞ്ഞാണ് ഫോൺ നഷ്ടപ്പെട്ട വിവരം നിഷാദ് അറിയുന്നത്.

ഉടൻ ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും യുവാവിനെ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ചന്തിരൂർ വി.എം.അബ്ദുല്ല മൗലവിക്ക് ശിഷ്യരുടെ ആദരം

കാഞ്ഞിരപ്പള്ളി ∙ ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ജാമിയ മിലിയ അറബിക് കോളജിന്റെ പ്രിൻസിപ്പലുമായ ചന്തിരൂർ വി.എം.അബ്ദുല്ല മൗലവിയെ അദ്ദേഹത്തിന്റെ ശിഷ്യരുടെ കൂട്ടായ്മയായ മില്ലത്ത് ഉലമാസ് ഫോറം ഫോർ അക്കാദമിക് ആൻഡ് ദഅവ ആക്ടിവിറ്റീസ് ആദരിച്ചു. വിവിധ അറബിക് കോളജുകളിൽ അധ്യാപകനായിരുന്ന ഇദ്ദേഹത്തിന്റെ കീഴിൽ ആയിരക്കണക്കിനു വിദ്യാർഥികളാണ് മതപഠനം പൂർത്തിയാക്കിയത്.

സമ്മേളനം ഡോ. പി.എ.സെയ്ദ് മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ സെയ്ത് മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം എ.പി.ഷിഫാർ മൗലവി, പി.എ.അബ്ദുൽ ഖാദർ മൗലവി, വി.എം.അബ്ദുല്ല മൗലവി, കെ.എ.ഹാരിസ് റഷാദി, കെ.കെ.സുലൈമാൻ മൗലവി, കെ.കെ.അബ്ദുൽ ഹമീദ് മൗലവി, കെ.എം.എ.റഷീദ് മൗലവി, പി.എ.ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.

പ്ലാച്ചേരി – കരിങ്കല്ലുമ്മൂഴി റോ‍ഡ് വികസന പദ്ധതി പ്രതിസന്ധിയിൽ ; ഏറ്റെടുക്കേണ്ട സ്ഥലത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ സർക്കാർ തയാറായില്ല

എരുമേലി ∙ പ്ലാച്ചേരി – കരിങ്കല്ലുമ്മൂഴി റോ‍ഡ് വികസന പദ്ധതി പ്രതിസന്ധിയിൽ. റോഡ് വികസിപ്പിക്കാൻ വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിനു നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകാത്തതാണു ടെൻഡർ നടപടി വരെ എത്തിയ പദ്ധതി നിലച്ചുപോകാൻ കാരണമായത്. റോഡ് വികസനം വഴിമുട്ടിയതോടെ ഈ റോഡിൽ അപകടങ്ങളും തുടർക്കഥയാണ്. തിരുവനന്തപുരം – കാസർകോട് മലയോര ഹൈവേയുടെ ഭാഗമായിട്ടാണ് 2 വർഷം മുൻപ് പ്ലാച്ചേരി – കരിങ്കല്ലുമ്മൂഴി റീച്ചിലെ 7.50 കിലോ മീറ്റർ ദൂരം വികസിപ്പിക്കാൻ നടപടി തുടങ്ങിയത്. 33.50 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.

എന്നാൽ ഈ തുക റോഡ് നവീകരണത്തിനു മാത്രമുള്ളതായിരുന്നു. പല ഭാഗങ്ങളിലും റോഡ് നവീകരിക്കുന്നതിനും വളവുകൾ നിവർക്കുന്നതിനും സ്ഥലം ഏറ്റെടുപ്പ് ആവശ്യമാണ്. ഏറ്റെടുക്കുന്ന സ്ഥലത്തിനു നഷ്ടപരിഹാരം നൽകണം. എന്നാൽ, ഇതിനുള്ള പണം പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല.പകരം പൊതുജനങ്ങൾ സൗജന്യമായി സ്ഥലം വിട്ടുനൽകണം എന്നതായിരുന്നു നിലപാട്. ഇതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. റോഡ് ഫണ്ട് ബോർഡിനായിരുന്നു പദ്ധതിയുടെ ചുമതല. ഈ റോഡിൽ കയ്യേറ്റവും വ്യാപകമാണ്.

പ്ലാച്ചേരി മുതൽ കനകപ്പലം വരെയുള്ള റോഡിന്റെ 90 ശതമാനം ദൂരം വനത്തിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ കനകപ്പലം മുതൽ കരിങ്കല്ലുമ്മൂഴി വരെയുളള ഒന്നര കിലോ മീറ്റർ ദൂരത്തിൽ ഏറെ വീടുകളും കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനാൽ സ്ഥലം ഏറ്റെടുപ്പ് എളുപ്പമല്ല. സമീപ കാലത്ത് ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ ഉണ്ടായിട്ടുള്ളതും ഇത്രയും ദൂരത്തിലാണ്.

കനകപ്പലം മുതൽ മറ്റന്നൂർക്കര വരെ 6 അപകട വളവുകളാണ് ഉള്ളത്. മറ്റന്നൂർക്കര മുതൽ കരിങ്കല്ലുമ്മൂഴി വരെ 3 വളവുകളും ഉണ്ട്. ഈ വളവുകൾ നിവർത്തിയാൽ തന്നെ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനാകും.

വികസനപദ്ധതി ഇങ്ങനെ :

7 മീറ്ററിൽ താഴെ മാത്രം വീതിയുള്ള റോഡ് 12 മീറ്റർ ആയി വികസിപ്പിക്കും.

9 മീറ്റർ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തും.

വളവുകൾ നിവർത്തൽ, റോഡിന്റെ ഇരുവശവും തുല്യമായി സ്ഥലം ഏറ്റെടുത്ത് ജംക്‌ഷൻ വികസനം, ബസ് ബേ, നടപ്പാത, സിഗ്നൽ ലൈറ്റുകൾ, ദിശാ ബോർഡുകൾ വഴി വിളക്കുകൾ സ്ഥാപിക്കൽ എന്നിവയായിരുന്നു പദ്ധതി.

വെള്ളാള സഭ അയ്യാഗുരു അനുസ്മരണം നടത്തി

എരുമേലി ∙ കേരള വെള്ളാള സഭ (കെവിഎംഎസ്) ഉപസഭ സമുദായ ആചാര്യനായ അയ്യാഗുരുവിന്റെ അനുസ്മരണം നടത്തി. വയനാട് ദുരന്തത്തിൽ യോഗം അനുശോചിച്ചു. ഉപസഭ പ്രസിഡന്റ് ടി.ഡി.അരവിന്ദാക്ഷൻ പിള്ള ഉദ്ഘാടനം ചെയ്തു.

കെവിഎംഎസ് സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം എം.ടി.സുരേന്ദ്രൻ പിള്ള, ഉപസഭ സെക്രട്ടറി വി.പി.വിജയൻ, പൂഞ്ഞാർ യൂണിയൻ ജോയിന്റ് സെക്രട്ടറി എസ്.രാജൻ, വനിതാ സമാജം ജില്ലാ പ്രസിഡന്റ് അമ്മിണിയമ്മ, കമ്മിറ്റി അംഗം ശ്രീകല പ്രമോദ്, ഉപസഭ ട്രഷറർ പി.വി.വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു.

മേലോരം കുടുംബാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധം

മേലോരം ∙ കുടുംബാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജനകീയ സമിതി പ്രതിഷേധിച്ചു. എൻസിപി ജില്ലാ പ്രസിഡന്റ് ഷാജി തെങ്ങുംപള്ളിയിൽ ഉദ്ഘാടനം ചെയ്തു.

സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. തോമസ് പ്ലാത്തറവയലിൽ, ഏബ്രഹാം ഈറ്റയ്ക്കൽ, ഇ.എ.കോശി ഇൗറ്റയ്ക്കൽ, ജോസഫ് ജേക്കബ്, തോമസ് തെക്കേൽ, പി.കെ.കുഞ്ഞുമോൻ, കെ.കെ.ഷംസുദീൻ, തോമസ് തെക്കേൽ, പി.കെ.കുഞ്ഞുമോൻ, കെ.കെ.ഷംസുദ്ദീൻ, ജോസ് പൂവത്തുംമൂട്ടിൽ, റോയി താന്നിക്കക്കുന്നേൽ, ജോസഫ് പൂവത്തോലി, സുരേഷ് കണ്ണാട്ട്, രാമചന്ദ്രൻ നായർ, സാമുവൽ വാതൻകാലായിൽ, ബേബിച്ചൻ ചേന്നക്കാട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.

വഖഫ് : നിയമനിർമാണത്തിൽ നിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്നു കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ

കാഞ്ഞിരപ്പള്ളി ∙ വഖഫ് സ്വത്തുക്കൾ സംബന്ധിച്ച് കൊണ്ടുവരാൻ പോകുന്ന നിയമനിർമാണത്തിൽ നിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്നു കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ താലൂക്ക് മഹല്ല് സംഗമം ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.മുഹമ്മദ് സക്കീർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.എ.ഇർഷാദിന്റെ അധ്യക്ഷതയിൽ ജമാഅത്ത് തല അഫിലിയേഷൻ നടപടികളുടെ ഉദ്ഘാടനം ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് അബ്ദുൽ നാസർ മൗലവി നിർവഹിച്ചു.

പുതിയതായി തിരഞ്ഞെടുത്ത സെൻട്രൽ മഹല്ല് ജമാഅത്ത് പരിപാലന സമിതിയെ ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് നദീർ മൗലവി മെമന്റോ നൽകി ആദരിച്ചു. സെൻട്രൽ ജമാഅത്ത് ഇമാം മുഹമ്മദ് ഷിഫാർ മൗലവി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ജനറൽ സെക്രട്ടറി ജലാൽ പൂതക്കുഴി, വൈസ് പ്രസിഡന്റ് ഷാജി പാടിക്കൽ, അൻസാരി വാവേർ, ഹബീബ് മൗലവി, എന്നിവർ പ്രസംഗിച്ചു. 17ന് കൊല്ലത്ത് നടത്തുന്ന സംസ്ഥാന മഹല്ല് സംഗമം വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

ജൂബിലേവൂസ് കൺവൻഷൻ ഇന്ന്

കാഞ്ഞിരപ്പള്ളി ∙ കരിസ്മാറ്റിക് സോൺ സെന്റ് ഡൊമിനിക് കത്തീഡ്രലിൽ ഇന്നു 2 മണിക്ക് നടത്തുന്ന ‘ജൂബിലേവൂസ്’ വചനപ്രഘോഷണ കൺവൻഷനിൽ വികാരി ജനറൽ ഫാ. ജോസഫ് വെള്ളമറ്റം അനുഗ്രഹ പ്രഭാഷണം നടത്തും.

സോൺ ഡയറക്ടർ ഫാ. കുര്യാക്കോസ് വടക്കേടത്ത് കൺവൻഷനു നേതൃത്വം നൽകും. വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ ജൂബിലി തിരി തെളിക്കും.

കൺവൻഷൻ നാളെ

പൊടിമറ്റം ∙ സെന്റ് ജോസഫ് ധ്യാനകേന്ദ്രത്തിൽ നാളെ രാവിലെ 9 മുതൽ 2 വരെ കൺവൻഷൻ നടത്തും. ബ്രദർ മോനിച്ചൻ തോലാട്ട് വചന പ്രഘോഷണം നടത്തും.

കുർബാന, ആരാധന, ജപമാല തുടങ്ങിയ ശുശ്രൂഷകൾക്കു ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സജി പൂവത്തുകാട്, ദേവസ്യ കുളമറ്റം, പൊന്നമ്മ പൊടിമറ്റം എന്നിവർ നേതൃത്വം നൽകും. ഫോൺ: 75588 51904.

icon

ബിഎസ്എൻഎൽ ഭാരത് ഫൈബർ മേള

പാറത്തോട് ∙ ബിഎസ്എൻഎൽ ഭാരത് ഫൈബർ മേള 13നും 14നും രാവിലെ 10 മുതൽ വൈകിട്ടു 4 വരെ പഞ്ചായത്ത് ഓഫിസിനു സമീപം നടത്തും. സർക്കാർ പദ്ധതിയായ ഭാരത് ഉദ്യമി മുഖേന സൗജന്യ മോഡം ഇൻസ്റ്റാൾ ചെയ്ത് വൈഫൈ ഇന്റർനെറ്റ് കണക്‌ഷൻ എടുക്കാം. വിവിധ സ്പീഡിലുള്ള ഫൈബർ പ്ലാനുകൾ ഓഫറുകളോടെ നൽകും. സൗജന്യ 4ജി സിം അപ്ഗ്രഡേഷനും പുതിയ 4ജി സിം എടുക്കാനും പോർട്ടിങ്ങിനും സൗകര്യമുണ്ടാകും.

സ്പോട് അഡ്‌മിഷൻ

പൂഞ്ഞാർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ 2024 അധ്യയന വർഷത്തെ പോളിടെക്‌നിക്‌ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്) രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ്പോട് അഡ്‌മിഷൻ കോളജിൽ നടത്തും.

ഒന്നാം വർഷ ഡിപ്ലോമ (ഓട്ടമൊബീൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്) കോഴ്സുകളിലേക്കുള്ള സ്പോട് അഡ്‌മിഷനും സൗകര്യമുണ്ട്. ഫോൺ: 9447460142, 9645084883.

ഗവ.പോളിടെക്നിക് കോളജിൽ സ്പോട് അഡ്മിഷൻ

കോട്ടയം ∙ നാട്ടകം ഗവ.പോളിടെക്നിക് കോളജിൽ 2024-25 അധ്യയന വർഷത്തെ ഡിപ്ലോമ കോഴ്സിൽ സ്പോട് അഡ്മിഷൻ ഇന്ന് നടത്തും. അപേക്ഷകരും ഓൺലൈനിൽ അപേക്ഷ നൽകിയവരും രാവിലെ 9ന് റജിസ്റ്റർ ചെയ്യണം. 9.30 മുതൽ 10 വരെ റാങ്ക് പട്ടികയിലുള്ള എല്ലാവർക്കും പങ്കെടുക്കാം. 10.30 മുതൽ 11 വരെ സ്ട്രീം രണ്ട് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ രേഖപ്പെടുത്തിയ ഫീസുമായി രക്ഷിതാവിന് ഒപ്പമെത്തണം. പ്രവേശനം ലഭിച്ചാൽ വാർഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ളവർ 1000 രൂപയും മറ്റുള്ളവർ 4105 രൂപയും എടിഎം കാർഡ് മുഖേനയോ ക്യുആർ കോഡ് മുഖേനയോ അടയ്ക്കണം.

അഭിമുഖം

കോട്ടയം ∙ നാട്ടകം ഗവ പോളിടെക്നിക് കോളജിൽ ഡിസിപി വിഭാഗത്തിൽ ലക്ചറർ ഇൻ കൊമേഴ്സ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം നാളെ രാവിലെ 10.30ന് നടക്കും. കൊമേഴ്സിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കാഞ്ഞിരപ്പള്ളി ∙ എംജി സർവകലാശാലയുടെ കീഴിലുള്ള ഡിഗ്രി കോഴ്സുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്തവർക്കും നിലവിൽ പ്രവേശനം എടുത്തവർക്കും രണ്ടാം ഫൈനൽ അലോട്മെന്റിൽ പുതുതായി ഓപ്ഷൻ കൊടുക്കുന്നതിനുള്ള സൗകര്യം 7 വരെ ഐഎച്ച്ആർഡി കോളജിൽ ലഭ്യമാണ്. 04828-206480, 7510789142, 8547005075

കെട്ടിടങ്ങളിലെ ലിഫ്റ്റിന്റെ ലൈസൻസ് : അദാലത്ത് നടത്തും

കോട്ടയം ∙ കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാത്ത കെട്ടിട ഉടമകൾക്ക് ലിഫ്റ്റിന്റെ ലൈസൻസ് പുതുക്കുന്നതിന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അദാലത്ത് നടത്തുന്നു. കേരള ലിഫ്റ്റസ് ആൻഡ് എസ്കലേറ്റർ ആക്ട് 2013 പ്രകാരം ലിഫ്റ്റുകളുടെ പ്രവർത്തനത്തിന് ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് പുതുക്കാത്തവർക്ക് നിശ്ചിത തുകയായ 3310 രൂപ ലിഫ്റ്റ് ഒന്നിന് അടച്ച് ലൈസൻസ് പുതുക്കുന്നതിനാണ് അവസരം. വിശദ വിവരങ്ങൾ 0481 2568878, 9961852114 എന്നീ നമ്പറുകളിൽ ലഭിക്കും.

മൂന്നിൽ കൂടുതൽ നിലകളുള്ള കെട്ടിടങ്ങൾക്ക് നിലവിൽ ലിഫ്റ്റ് നിർബന്ധമാണ്. ലിഫ്റ്റ് ആവശ്യമുള്ള കെട്ടിടം നിർമിക്കാനുള്ള പെർമിറ്റ് ലഭിക്കുന്നതിന് അഗ്നി സുരക്ഷാ സേനയുടെ നിരാക്ഷേപ പത്രം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ സമർപ്പിക്കണം. പണി പൂർത്തീകരിച്ച് കഴിഞ്ഞതിനു ശേഷവും അഗ്നി സുരക്ഷാ സേനയുടെ പരിശോധനയ്ക്ക് ശേഷം മാത്രമാണ് കെട്ടിട നമ്പർ ലഭിക്കുക. ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ ലൈസൻസും ആവശ്യമാണ്. 3 വർഷത്തേക്കാണ് ലൈസൻസ് അതിന് ശേഷം പുതുക്കേണ്ടതുണ്ട്. കാലപ്പഴക്കം പലപ്പോഴും പ്രവർത്തനത്തെ ബാധിക്കാറുണ്ട്. ലൈസൻസ് പുതുക്കാത്ത ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

വൈദ്യുതി മുടക്കം

പൊൻകുന്നം ∙ ചെറുവള്ളി, തെക്കേത്തുകവല, പടനിലം, പാറാംതോട്, കുരങ്ങൻമല പ്രദേശങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തീർഥപാദപുരം കൃഷ്ണപ്രിയയിൽ(കമലാലയം) പി.എൻ.സരോജിനിയമ്മ (87) നിര്യാതയായി

വാഴൂർ: എസ്.വി.ആർ.വി.എൻ.എസ്.എസ്.എച്ച്.എസ്.എസിലെ റിട്ട.പ്രഥമാധ്യാപിക തീർഥപാദപുരം കൃഷ്ണപ്രിയയിൽ(കമലാലയം) പി.എൻ.സരോജിനിയമ്മ(87) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.കെ.സുകുമാരൻ നായർ(റിട്ട.പ്രഥമാധ്യാപകൻ, എസ്.വി.ആർ.വി.എൻ.എസ്.എസ്.എച്ച്.എസ്.എസ്., വാഴൂർ).
മക്കൾ: എസ്.നന്ദകുമാർ(അബാക്കസ് അസോസിയേറ്റ്‌സ്, പൊൻകുന്നം), എസ്.ഗിരിജ. മരുമക്കൾ: സിന്ധു(കെ.എസ്.ഇ.ബി.), സജീവ്(റിട്ട.പ്രഥമാധ്യാപകൻ, മറ്റക്കര ഹൈസ്‌കൂൾ). സംസ്‌കാരം നടത്തി. സഞ്ചയനം 11-ന് രാവിലെ.

പഴുമല പുളിക്കൽ പി. കെ. ഭാസ്കരൻ (92)

കാഞ്ഞിരപ്പള്ളി: റിട്ടേർഡ് പോസ്റ്റുമാൻ പാറത്തോട് പഴുമല പുളിക്കൽ പി. കെ. ഭാസ്കരൻ (92) നിര്യാതനായി. സംസ്കാരം വ്യാഴം രാവിലെ 11 ന് വീട്ടു വളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ : ഓമന, സോമശേഖരൻ, ഉഷാകുമാരി, പരേതനായ ബിനോമോൻ .മരുമക്കൾ : പരേതനായ ഉണ്ണികൃഷ്ണൻ, ജയമോൾ സോമശേഖരൻ, രാജൻ (റിട്ട. സബ് ഇൻസ്‌പെക്ടർ,)

മണിപ്പുഴ കിഴക്കേതിൽ പാസ്റ്റർ ജോൺ തോമസ് (ബാബു 64)

എരുമേലി : മണിപ്പുഴ കിഴക്കേതിൽ പാസ്റ്റർ ജോൺ തോമസ് (ബാബു 64) നിര്യാതനായി.സംസ്കാരം ഒമ്പത് വെള്ളി രാവിലെ ഒമ്പതിന് കനകപ്പലം ചർച്ച് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ. ഭാര്യ സൂസമ്മ കനകപ്പലം കട്ടച്ചിറ കുടുംബാംഗം. മക്കൾ. ടെസ്സി (ഷാർജ), ടൈറ്റസ് (ദുബായ്). മരുമക്കൾ. സിസിൽ (ഷാർജ), ജ്യോതി (ദുബായ്).

കാഞ്ഞിരപ്പള്ളി തേനംമാക്കൽ എം ജി എം സുൽത്താന്റെ (ബിസ്മില്ല സ്റ്റോഴ്സ് ഉടമ) ഭാര്യ തമിഴ്നാട് തിരുവിതാംകോട് ടി എസ് ഷൈനിമോൾ (60) നിര്യാതയായി .കബറടക്കം വ്യാഴാഴ്ച പകൽ 12ന് തിരുവതാംകോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
സെയ്തുമുഹമ്മദ്- ജമീലാബീവി (കുറ്റിക്കാട്ടിൽ) ദമ്പതികളുടെ മകളാണ് പരേത.

error: Content is protected !!