പൊൻകുന്നതും, ചോറ്റിയിലും, കപ്പാടും വാഹന അപകടങ്ങൾ .. കനത്ത മഴയിൽ അപകടങ്ങൾ തുടർകഥ..

കാഞ്ഞിരപ്പള്ളി : വിട്ടുവിട്ട് കനത്ത മഴ പെയ്യുന്നതോടെ അപകടങ്ങളും കൂടുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് വാഹന അപകടങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ദേശീയപാതയിൽ പൊൻകുന്നത്തും ചോറ്റിയിലും കാഞ്ഞിരപ്പള്ളി– ഈരാറ്റുപേട്ട റോഡിൽ കപ്പാടുമാണു അപകടം ഉണ്ടായത്. പൊൻകുന്നം പഴയ ചന്തയ്ക്കു സമീപമുണ്ടായ അപകടത്തിൽ കാൽനടയാത്രികരായ അമ്മയ്ക്കും മകൾക്കും ഗുരുതരമായി പരുക്കേറ്റു.

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വഴിയാത്രക്കാരായ പൊൻകുന്നം തോണിപ്പാറ പുളിയനാംകുന്നേൽ അമ്പിളി (42), മകൾ എട്ടാം ക്ലാസ് വിദ്യാർഥിനി നിള (13) എന്നിവർക്കാണു പരുക്കേറ്റത്. ഗുരുതര പരുക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിളയെ ജനറൽ ആശുപത്രിയിലും പ്രവേശിച്ചു.

രാവിലെ 7.30നായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നു വന്ന കാർ മറ്റൊരു കാറിൽ ഇടിച്ച ശേഷം നടന്നു പോകുകയായിരുന്ന ഇവരെ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാർ റോഡിൽ മറിഞ്ഞു.

പുലർച്ചെ 3നു കാഞ്ഞിരപ്പള്ളി– ഈരാറ്റുപേട്ട റോഡിൽ കപ്പാടിനു സമീപം നിയന്ത്രണം വിട്ട മിനി പിക്കപ് വൈദ്യുത പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുത പോസ്റ്റ് ഒടിഞ്ഞു പിക്കപ് വാനിനു മുകളിലേക്കു വീണു.

രാവിലെ 6.30നു ദേശീയപാതയിൽ ചോറ്റി ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു കെഎസ്ആർടിസി ബസ് ഇടിച്ചു കയറി.
ദേശീയപാതയിൽ വട്ടം തിരിച്ച ജീപ്പിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചു മാറ്റിയപ്പോഴാണു നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയത്. ഈ സമയം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാരില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
ചങ്ങനാശേരിയിൽ നിന്നു കട്ടപ്പനയിലേക്കു പോയ ബസാണ് അപകടത്തിൽപെട്ടത്.

error: Content is protected !!