കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date :08/09/2024

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …

ICON CONTACT

മണിമലയാറ്റിലേക്ക് രണ്ട് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

എരുമേലി : ജനപ്രതിനിധികൾ കൂടുകൾ പൊട്ടിച്ച് വെള്ളത്തിലേക്ക് തുറന്നു വിട്ടു രണ്ട് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ. ഉൾനാടൻ മത്സ്യ സമ്പത്ത് നിലനിർത്താൻ സംസ്ഥാന ഫിഷറീസ് വകുപ്പ് നടത്തിവരുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തവണ രണ്ട് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ മണിമലയാറ്റിൽ വിവിധ കടവുകളിലായി നിക്ഷേപിച്ചത്.

വൻ തോതിൽ മത്സ്യങ്ങൾ സുലഭമായിരുന്ന നമ്മുടെ നദികളിലെ മത്സ്യസമ്പത്ത് കാലാവസ്ഥാ വ്യതിയാനങ്ങളും തുടർച്ചയായ പ്രളയങ്ങളും വേനലിലെ കടുത്ത ജലക്ഷാമവും വ്യാപകമായ മലിനീകരണങ്ങളും മൂലം പ്രതികൂലാവസ്ഥയിലാണെന്ന് എരുമേലി കൊരട്ടി കടവിൽ ഉദ്ഘാടനം നിർവഹിച്ച് എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഇതിന് വലിയ തോതിൽ പരിഹാരമായി മാറിക്കൊണ്ടിരിക്കുകയാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ഫിഷറീസ് പദ്ധതി.

കഴിഞ്ഞ കാലങ്ങളിൽ ഈ പദ്ധതി മൂലം ഒട്ടേറെ ഗുണപരമായ മാറ്റങ്ങൾ നദികളിൽ പ്രകടമായി. ഇത്തവണ പദ്ധതിയിലൂടെ കൂടുതൽ മത്സ്യ ഉൽപ്പാദനം നദികളുണ്ടാകുമെന്ന് എംഎൽഎ പറഞ്ഞു. രോഹു, കട്ല ഇനത്തിൽപ്പെട്ട രണ്ട് ലക്ഷം മീനുകളെ നിക്ഷേപിച്ചെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലാണ് മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. എരുമേലിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ജിജിമോൾ സജി, വൈസ് പ്രസിഡന്റ് ബിനോയ്‌, മെമ്പർമാരായ ജെസ്‌ന നജീബ്, സുനിൽകുമാർ, ഷാനവാസ്‌ പുത്തൻവീട് തുടങ്ങിയവർ പങ്കെടുത്തു.

അമൽജ്യോതി എൻജിനീയറിങ് കോളേജ് – ലീപ്പ് കോവർക്കിംഗ് സ്പേസ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി : പൊതുജനങ്ങൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ സ്റ്റാർട്ടപ്പ് വാലി ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിൽ കോ വർക്കിംഗ് സ്പേസ് ഒരുക്കിയിരിക്കുന്നു. കേരള ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരത്തോടുകൂടി കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സെൻറർ ആണ് സെപ്റ്റംബർ ആറാം തീയതി തുടക്കം കുറിക്കപ്പെട്ടത്.

കോളേജിൽ നടന്ന ചടങ്ങിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബികയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത് തദവസരത്തിൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഡോക്ടർ റോയ് എബ്രഹാം പഴയ പറമ്പിൽ, കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ലില്ലികുട്ടി ജേക്കബ്, സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റൻറ് മാനേജർ മാരായ Berjin S Russel , ജി അരുൺ, സ്റ്റാർട്ടപ്പ് വാലി സി ഇ ഒ ഡോ. ഷെറിൻ സാം ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

ഇൻറർനെറ്റ് സൗകര്യത്തോടു കൂടിയ ഓഫീസ് സ്പെയ്സ്, കോളേജിൽ ലഭ്യമായ ഫാബ്രിക്കേഷൻ ആൻഡ് ടെസ്റ്റിംഗ് സൗകര്യങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്താവുന്നതാണ് കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ നിന്നുള്ള വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ വെബ്സൈറ്റിലൂടെയോ കാഞ്ഞിരപ്പള്ളി അമൽജ്യോതിയിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കേരള ഗവൺമെന്റിന്റെ കീഴിലുള്ള ഐ ഇ ഡി സി കളെ ക്ലസ്റ്റർകളായി രൂപപ്പെടുത്തി കോട്ടയം ക്ലസ്റ്ററിന്റെ ഉദ്ഘാടനവും ഏകദിന സെമിനാറും ഇതിനോടനുബന്ധിച്ച് അമൽജ്യോതി എൻജിനീയറിങ് കോളേജിൽ വച്ച് സെപ്റ്റംബർ ആറാം തീയതി നടത്തപ്പെട്ടു. കോട്ടയം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഐഇഡിസി കളുടെ നേതൃത്വസ്ഥാനത്തുള്ള അധ്യാപകരും വിദ്യാർത്ഥികളും ഈ സെമിനാറിൽ പങ്കെടുക്കുകയുണ്ടായി.

പൊൻകുന്നം ഗണേശോത്സവം സമാപനം

പൊൻകുന്നം : രാജേന്ദ്രമൈതാനത്ത് നടന്നുവരുന്ന 17-ാമത് പൊൻകുന്നം ഗണേശോത്സവം ഇന്നു സമാപിക്കും. രാവിലെ 6.30-ന് നഗര സങ്കീർത്തന പ്രദക്ഷിണം, 7.30-ന് പുരാണപാരായണം, 10-ന് സത്യസായി സേവാസമിതിയുടെ ഭജൻസ്, രണ്ടിന് പനമറ്റം നാദബ്രഹ്മം ഓർക്കസ്ട്രയുടെ ഭക്തിഗാനമേള.

നാലിന് വിഗ്രഹ നിമജ്ജന ഘോഷയാത്ര. മണ്ണാറക്കയം ലക്ഷ്മിനാരായണ ക്ഷേത്രം, അരുവിപ്പാറ ശാസ്താക്ഷേത്രം, മണക്കാട്ട് ശിവശക്തി വിലാസം ഭജന യോഗം, ഗ്രാമദീപം, ചെറുവള്ളി, തെക്കേത്തുകവല, ചിറക്കടവ് അമ്പലം, മന്ദിരം, തെങ്ങനാമറ്റത്തിൽ ദുർഗാദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ഗണേശവിഗ്രഹ ഘോഷയാത്രകൾ രാജേന്ദ്രമൈതാനത്ത് സംഗമിച്ച ശേഷമാണ് മണക്കാട്ട് ക്ഷേത്രക്കടവിലേക്ക് വിഗ്രഹ നിമജ്ജന ഘോഷയാത്ര പുറപ്പെടുന്നത്.

ഇന്നലെ വിനായകചതുർഥി ദിനത്തിൽ ഗണേശോത്സവശാലയിൽ സമൂഹ മഹാഗണപതിഹോമം നടന്നു. ഭക്തരും ഹോമദ്രവ്യങ്ങൾ അഗ്നിയിലർപ്പിച്ചു. കോഴിക്കോട് ബാലുശ്ശേരി സനാതന ശാസ്ത്രപീഠം ആചാര്യൻ ഹരി നമ്പൂതിരി കാർമികത്വം വഹിച്ചു. വിവിധ നാരായണീയ സമിതികൾ ഒത്തുചേർന്ന് നാരായണീയ പാരായണം നടത്തി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി.സദാനന്ദൻ പ്രഭാഷണം നടത്തി. കോഴിക്കോട് പ്രശാന്ത് വർമയുടെ മാനസ ജപലഹരിയും നടന്നു.

കണ്ടത്തിൽ ടി.എ.സൈനുദ്ദീൻകുട്ടി ഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ ആദ്യകാല മുസ്‌ലിം ലീഗ് പ്രവർത്തകനും, സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ വൈസ് പ്രസിഡന്റ്,ഹിദായത്ത് ഇസ്ലാം അറബി കോളേജ് പ്രസിഡന്റ്, ഇടപ്പള്ളി നൂർ മസ്ജിദ് പ്രസിഡന്റ് , ദാറുൽസ്സലാം അറബി സ്കൂൾ പ്രസിഡന്റ്,തുടങ്ങി വിവിധ മേഖലകളിൽ നേതൃത്വം നൽകിയ മഹത് വ്യക്തിയും, കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനു സമീപമുള്ള വട്ടകപ്പാറ കുടിവെള്ള പദ്ധതിക്ക് 10 ലക്ഷം രൂപ വില വരുന്ന സ്ഥലം സൗജന്യമായി വിട്ടു നൽകിയ കണ്ടത്തിൽ ടി.എ.സൈനുദ്ദീൻകുട്ടി ഹാജിയുടെ നിര്യാണത്തിൽ മുസ്‌ലിം ലീഗ് മണ്ഡലം കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.

മണ്ഡലം പ്രസിഡണ്ട്.പി.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് മണിമല, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം.വി.എസ് അജ്മൽ ഖാൻ, ജില്ലാ വൈസ് പ്രസിഡന്റ്.പി.എം. സലിം,ജില്ലാ സെക്രട്ടറി.പി.ടി. സലിം, മണ്ഡലം ജനറൽ സെക്രട്ടറി ടി.എ.ശിഹാബുദ്ദീൻ, വൈസ് പ്രസിഡന്റ് എം.ഐ.നൗഷാദ്,പി.എ.നസീർ, സെക്രട്ടറിമാരായ.പി.അബ്ദുൽ ശുക്കൂർ,നാസർ കങ്ങഴ, ഹനീഫ മാടക്കാലി,വി.എം.മുഹമ്മദ് അഷ്റഫ്.പഞ്ചായത്ത് പ്രസിഡന്റുമാരായ നാസർ കോട്ടവാതുക്കൽ, അബ്ദു റസാഖ്. സി.ഐ, അബ്ദുൽ അസീസ് മൗലവി. മുഹമ്മദ് അൻവർ എം.എ,പി.യു.ഇർഷാദ്, റിയാസ് കരിപ്പായിൽ,നാസർ മുണ്ടക്കയം,പി.എച്.ഷാജഹാൻ, സലിം പി, യൂനുസ് അലിയാർ തുടങ്ങിയവർ സംസാരിച്ചു

സ്കൂൾ ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ നൽകി

പൊൻകുന്നം ∙ സ്കൂൾ ലൈബ്രറികളിലേക്കു എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുസ്തകം വാങ്ങി വിതരണം ചെയ്യുന്ന പദ്ധതി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. 3 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. കേരള നിയമസഭയുടെ രണ്ടാമത് രാജ്യാന്തര പുസ്തകോത്സവത്തിൽ നിന്നാണ് പുസ്തകങ്ങൾ വാങ്ങിയത്. പൊൻകുന്നം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്കൂൾ, വാഴൂർ എസ്ആർവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ലൈബ്രറികളിലേക്കാണ് ആദ്യഘട്ടമായി പുസ്തകം വിതരണം ചെയ്തത്.

മംഗള വാർത്താ ധ്യാനം 27മുതൽ

കാഞ്ഞിരപ്പള്ളി ∙ രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ യുവ ദമ്പതികൾക്കും, ഗർഭിണികളായ ദമ്പതികൾക്കും, മക്കൾക്കു വേണ്ടി പ്രാർഥിച്ച് കാത്തിരിക്കുന്ന ദമ്പതികൾക്കുമായി മംഗള വാർത്താ ധ്യാനം നടത്തും. 27 മുതൽ 30 വരെ വൈകിട്ട് 7 മുതൽ 9 വരെ നടത്തുന്ന ധ്യാനത്തിൽ ഓൺലൈനായും പങ്കെടുക്കാം. ഡോക്ടർമാർ, വചന പ്രഘോഷകർ എന്നിവർ നയിക്കുന്ന ധ്യാനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും പേര് റജിസ്റ്റർ ചെയ്യുന്നതിനും 9605518984, 7907064415 എന്നീ മൊബൈൽ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ അറിയിച്ചു.

തുടങ്ങുകയായി വടംവലി മേളം ..

ഓണത്തിന് എല്ലാവരും വയർ നിറച്ച് സദ്യയുണ്ട് ആഘോഷം ഗംഭീരമാക്കുമ്പോൾ ഭക്ഷണം നിയന്ത്രിച്ച് ഓണത്തിന്റെ ആരവങ്ങളിലേക്ക് ‘വടവുമായി വലിഞ്ഞ്’ എത്തി താരങ്ങളാകുന്ന ചിലരുണ്ട്. ഓണം കളികളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വടംവലി. ക്ലബ്ബുകളും സാംസ്കാരിക സംഘടനകളും പെട്ടെന്നു തട്ടിക്കൂട്ടുന്ന വടംവലിയും ഇതു പ്രഫഷനലായി കൊണ്ടുനടക്കുന്നവരും ഉണ്ട്.

ആൾക്കൂട്ടം ഒരു വശത്തും മറുവശത്ത് ആനയും ചേർന്നൊരു വടംവലി കാണാത്തവർ ഉണ്ടാകില്ല. എന്നാൽ ഇത്തവണ കർശനനിർദേശവുമായി വനം വകുപ്പ് എത്തി. ചട്ടം ലംഘിച്ച് ആനകളെ വടംവലിയിൽ പങ്കെടുപ്പിച്ചാൽ മൃഗപീഡനമായി കണക്കാക്കി 50,000 രൂപ വരെ പിഴയും 2 വർഷം വരെ തടവും ശിക്ഷ ലഭിക്കാം. അതോടെ നാട്ടിൻപുറങ്ങളിൽനിന്ന് ആനയുടെ വടംവലി അപ്രത്യക്ഷമാകും. പിന്നെയുള്ളത് സൗഹൃദ വടംവലികളാണ്. സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിലും പുരുഷന്മാരും സ്ത്രീകളും തമ്മിലും എന്നിങ്ങനെ പല രീതിയിൽ സൗഹൃദ മത്സരങ്ങൾ ഓണത്തിനു പതിവുണ്ട്.

നാട്ടിൻപുറങ്ങളിൽ പലയിടത്തും വടംവലി മത്സരത്തിനു പ്രഫഷനലായി തന്നെ പരിശീലനം തുടങ്ങി. കോട്ടയം ജില്ലയിൽ 42 പ്രഫഷനൽ ടീമുകളുണ്ട്. ഒരു ടീമിൽ 7 പേരാണുള്ളത്. ടീം അംഗങ്ങളുടെ ആകെ തൂക്കം പരമാവധി 450– 455 കിലോഗ്രം. മത്സരാർ‌ഥികൾ ഒരുമാസം മുൻപേ തൂക്കം കൃത്യമാക്കാനുള്ള ശ്രമം തുടങ്ങും. ഭക്ഷണം നിയന്ത്രിച്ചാലേ ഇതു സാധ്യമാകൂവെന്നു കളിക്കാർ പറയുന്നു . തോളിലേക്കു വടം ഇട്ടുള്ള വലിക്കാണ് ഏറെ പ്രചാരം. മത്സരക്കളത്തിൽ ‘ഹരിയാന!’ എന്നാണ് ഈ ഇനത്തിനു പേര്. ദിവസവും അംഗങ്ങളുടെ തൂക്കം നോക്കിയാണു പരിശീലനം.

ടീമിന്റെ ആകെ ഭാരം നിശ്ചിത പരിധിയിൽനിന്നു 30 കിലോഗ്രാമിൽ ഏറെയായാൽ ഭക്ഷണക്രമം മാറും. തൂക്കം കൂടിയ ആൾക്കു ഭക്ഷണം പരിമിതപ്പെടുത്തും. അവർക്കു ചോറ് ഒഴിവാക്കി ചപ്പാത്തി നൽകും. സസ്യേതര ഭക്ഷണം വർജിക്കേണ്ടി വരും. ‘ഉണക്കിയെടുക്കൽ’ എന്നാണ് ഇതിനു കളിക്കാർ പറയുക. കൈക്കുഴയുടെയും കാൽക്കുഴയുടെയും പേശികളുടെയും ബലം കൂട്ടാൻ വ്യായാമമുറകളുണ്ട്.

കൊയ്ത്തൊഴിഞ്ഞ പാടത്തും തിരക്കില്ലാത്ത മണ്ണുറോഡിലും മൈതാനങ്ങളിലും വടംവലിച്ചുള്ള പഴയ രീതി മാറി. ന്യൂജെൻ ഇനത്തിൽ കാലുറപ്പിച്ച് നിൽക്കാൻ റെഡിമെയ്ഡ് ട്രാക്കുകൾ റെഡിയാണ്.

ലഹരിമാഫിയയ്ക്ക് എതിരെ നടപടിയുമായി എക്സൈസ്,പൊലീസ്

ഓണക്കാലം ലഹരിയിൽ മുക്കാൻ ലഹരിമാഫിയ ലക്ഷ്യമിടുന്നതായി പൊലീസിനും എക്സൈസിനും വിവരം. എക്സൈസ് കോട്ടയം ജില്ലയിൽ സ്പെഷൽ ഡ്രൈവ് ആരംഭിച്ചു. പൊലീസും പ്രത്യേക പരിശോധന തുടങ്ങി. 3 മാസത്തിനിടെ ജില്ലയിൽ എക്സൈസ് റജിസ്റ്റർ ചെയ്തത് 199 എൻഡിപിഎസ് കേസുകളാണ്. ലഹരിക്കേസുകളിൽ 203 പേർ അറസ്റ്റിലായി. ബ്രൗൺഷുഗർ, എംഡിഎംഎ, മെത്താംഫെറ്റമിൻ, കഞ്ചാവു കേസുകളാണ് പിടികൂടിയത്. എംഡിഎംഎക്ക് പകരം മെത്താംഫെറ്റമിൻ സിന്തറ്റിക് ഡ്രഗിന്റെ ഉപയോഗം വർധിച്ചു.

3 മാസത്തിനിടെ 37 കിലോഗ്രാം കഞ്ചാവും 6 കഞ്ചാവുചെടികളും എക്സൈസ് പിടിച്ചെടുത്തു. ബെംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിൽനിന്ന് എത്തിക്കുന്ന എംഡിഎംഎയുടെ വിൽപനയും ജില്ലയിലുണ്ട്. സ്ഥിരം ലഹരിക്കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ കാപ്പ നടപടി എക്സൈസും പൊലീസും ആരംഭിച്ചു.

എൻജിനീയറിങ്: ക്രമക്കേട് തിരുത്തി, നൂറുകണക്കിന് വിദ്യാർഥികൾക്ക് പ്രവേശനം

എൻജിനീയറിങ് പ്രവേശനത്തിനുള്ള മൂന്നാം അലോട്മെന്റ് പട്ടികയിലെ ക്രമക്കേട് തിരുത്തിയതിലൂടെ സംവരണ വിഭാഗത്തിലെ നൂറു കണക്കിന് വിദ്യാർഥികൾക്കാണ് അധികമായി അലോട്മെന്റ് ലഭിച്ചത്. സംവരണ വിഭാഗങ്ങളിൽ പ്രവേശനം നേടിയ അർഹരായ വിദ്യാർഥികൾക്ക് മെറിറ്റ് സീറ്റിലേക്കു മാറ്റം ലഭിച്ചപ്പോൾ അത്രയേറെ വിദ്യാർഥികൾക്ക് കൂടി സംവരണ ക്വോട്ടകളിൽ അലോട്മെന്റ് ലഭിക്കുകയായിരുന്നു. 9 സർക്കാർ കോളജുകളിൽ മാത്രം മുന്നൂറോളം സംവരണ വിഭാഗക്കാർക്ക് അലോട്മെന്റ് ലഭിച്ചു.

സംവരണ വിഭാഗത്തിലുള്ളവർക്ക് മെറിറ്റ് സീറ്റിലേക്കു മാറാനുള്ള അവസരം നിഷേധിച്ചുകൊണ്ടായിരുന്നു പട്ടിക പുറത്തിറക്കിയത്. 10ന് ഉച്ചയ്ക്കു 3 വരെയാണ് കോളജുകളിൽ പ്രവേശനം നേടാൻ അവസരം.

സോളർ വൈദ്യുതി രാത്രിയിലേക്കും; 8 കേന്ദ്രങ്ങളിൽ സംഭരണം

പകൽ സൗരോർജത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് ആവശ്യമനുസരിച്ച് രാത്രിയിൽ ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററി എനർജി സംഭരണ സംവിധാനത്തിന് (ബെസ്) കെഎസ്ഇബി അംഗീകാരം നൽകി. ആദ്യഘട്ടത്തിൽ 8 കേന്ദ്രങ്ങളിലായി 205 മെഗാവാട്ട് വൈദ്യുതി സംഭരിച്ച് ഉപയോഗിക്കാനുള്ള സംവിധാനമാണ് ഒരുക്കുക. 1140 കോടി രൂപയാണു പ്രതീക്ഷിതചെലവ്.

സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ (സെകി) ബെസ് സ്ഥാപിക്കാൻ സഹായം നൽകും. കാസർകോട് ജില്ലയിലെ മൈലാട്ടി, റിന്യൂവബിൾ പവർ കോർപറേഷൻ ഓഫ് കേരള (ആർപിസികെഎൽ), കണ്ണൂർ വിമാനത്താവളം, കൊച്ചി അങ്കമാലി സബ് സ്റ്റേഷൻ, ബ്രഹ്മപുരം ഡീസൽ വൈദ്യുതി നിലയം (ബിഡിപിപി), കോഴിക്കോട് ഡീസൽ വൈദ്യുതി നിലയം (കെഡിപിപി), മലപ്പുറം അരീക്കോട്, തിരുവനന്തപുരം പോത്തൻകോട് സബ്സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് ‘ബെസ്’ സ്ഥാപിക്കുക.

ബെസ് എന്ത്?

ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) വഴി നിശ്ചിത അളവിൽ വൈദ്യുതി സംഭരിക്കാനും പിന്നീട് ഉപയോഗിക്കാനും കഴിയുന്ന സംവിധാനമാണ്. നിലവിൽ കേരളത്തിൽ പകൽ അധിക വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാൽ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന വൈദ്യുതി സറണ്ടർ ചെയ്യുകയും രാത്രി കൂടിയ നിരക്കിൽ പുറത്തു നിന്നു വൈദ്യുതി വാങ്ങുകയുമാണ് ചെയ്യുന്നത്. സൗരോർജത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ‘ബെസി’ൽ സംഭരിച്ചാൽ ഇതു രാത്രി വൈദ്യുതി ഉപയോഗം കൂടുന്ന സമയത്ത് ഗ്രിഡിലേക്കു കടത്തിവിട്ട് ഉപയോഗിക്കാനാകും.

ഓക്സിജനിൽ 100 മണിക്കൂർ മെഗാ സെയിൽ ആഘോഷം

ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും 100 മണിക്കൂർ മെഗാ സെയിൽ ആഘോഷം തുടങ്ങി. ഡിജിറ്റൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഹോം അപ്ലയൻസസും ഏറ്റവും കുറഞ്ഞ വിലയിൽ ഇഷ്ടാനുസരണം വാങ്ങാം.

ഓക്സിജൻ ന്യൂജൻ ഓണത്തിന്റെ ഭാഗമായിട്ടാണ് ഓൺലൈൻ വിലയെക്കാൾ താഴ്ന്ന വിലയിൽ മെഗാ സെയിൽ സംഘടിപ്പിച്ചത്. സ്മാർട്ഫോൺ ലാപ്ടോപ്, എൽഇഡി ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, എയർ കണ്ടീഷണറുകൾ, കിച്ചൻ അപ്ലയൻസസ്, ഡിജിറ്റൽ ഗാജറ്റുകൾ എന്നിവയെല്ലാം ഏറ്റവും കുറഞ്ഞ വിലയിലാണ് ഈ മണിക്കൂറുകളിൽ ലഭിക്കുക.

ബംപർ സമ്മാനമായി നറുക്കെടുപ്പിലൂടെ 25 കാറുകൾ, വിദേശ ട്രിപ്പുകൾ, മറ്റ് സമ്മാനങ്ങൾ എന്നിവ നൽകുന്നു.

വിവിധ കമ്പനികൾ 100% വരെ കാഷ് ബാക്കുകൾ, മറ്റ് ഓഫറുകൾ എന്നിവ നൽകുന്നുണ്ട്.

വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ. 9020100100

റോഡരികിലെ മരങ്ങൾ തോന്നിയതുപോലെ വെട്ടരുതെന്ന് ഉത്തരവ്

വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നു, സമീപത്തെ കെട്ടിടത്തിൽ നിഴൽ വീഴ്ത്തുന്നു തുടങ്ങിയ കാരണം പറഞ്ഞു റോഡരികിലെ മരങ്ങൾ വെട്ടിമാറ്റരുതെന്നു സർക്കാർ ഉത്തരവ്. ഹൈക്കോടതിയുടെ മേയ് 22 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. പാതയോരങ്ങളിലെ മരങ്ങൾ ജനങ്ങളുടെ ജീവനു ഭീഷണിയാണെങ്കിൽ മാത്രമേ വെട്ടിമാറ്റാൻ അനുമതി നൽകാവൂയെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

സർക്കാർ ഭൂമിയിലെ മരങ്ങൾ വെട്ടിമാറ്റുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ 2010 ഫെബ്രുവരിയിൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് കർശനമായി പാലിക്കണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചിരുന്നു. ജീർണാവസ്ഥയിലായി ജനങ്ങളുടെ ജീവനു ഭീഷണിയായാൽ മാത്രമേ മരം മുറിച്ചു മാറ്റാനാവൂയെന്നും ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവിടണമെന്നും ഹൈക്കോടതി നിർദേശിച്ചു. തുടർന്നാണു സർക്കാർ ഉത്തരവ്.

മുങ്ങിമരിച്ച വിദ്യാർഥിയുടെ സംസ്കാരം ഇന്ന്

വാഴൂർ ∙ കഴിഞ്ഞ ദിവസം കൊടുങ്ങൂർ ദേവീക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച, പുളിക്കൽകവല കോത്തല ചക്കാലയ്ക്കൽ കണ്ണന്താനം ലിംജി – സുമി ദമ്പതികളുടെ മകൻ ലിറാൻ ലിംജി ജോണിന്റെ (16) സംസ്കാരം ഇന്ന് 2ന് വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. വാഴൂർ എസ്‌വിആർവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.

അഖിലകേരള വിശ്വകർമ മഹാസഭ ജില്ലാ ഋഷിപഞ്ചമി ആഘോഷം ഇന്ന്

കാഞ്ഞിരപ്പള്ളി : അഖിലകേരള വിശ്വകർമ മഹാസഭയുടെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ, വൈക്കം, കോട്ടയം, ചങ്ങനാശേരി യൂണിയ നുകൾ ചേർന്നു ഇന്ന് പൊൻകു ന്നത്തു ഋഷിപഞ്ചമി ആഘോഷം നടക്കും. കാഞ്ഞിരപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻദാസ് രാവിലെ കാഞ്ഞിരപ്പള്ളി 347 നമ്പർ ശാഖാ മന്ദിരത്തിൽ പതാക ഉയർത്തും.തുടർന്നു വിശ്വകർമപൂജ നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് പൊൻകുന്നം പഞ്ചായത്ത് ടൗൺ ഹാളിൽ പൊതുസമ്മേളനം സംസ്‌ഥാന സഭ കൗൺസിലർ പി.വി രാജേഷ് പടിയപ്പള്ളിലിന്റെ അധ്യക്ഷതയിൽ ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.ജി ഗോപിനാഥൻ, സെബാസ്റ്റ്യൻ കളത്തിങ്കൽ എം.എൽ.എ , സഭ സംസ്ഥാന കൗൺസിലർ എസ്. പ്രസന്നകുമാർ, സഭ കൗൺസിലർ കെ. പി സന്തോഷ് കുമാർ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിക്കും. വയനാട് ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ ഘോഷയാ(ത ഉൾപ്പെടെയുള്ള ആഘോഷപരിപാടികൾ ഒഴിവാക്കിയതായി ഭാരവാഹികളായ കെ.എൻ. മോഹൻദാസ്, പി.വി.രാജേഷ് പടിയപ്പള്ളിൽ, ടി.സി.രവീന്ദ്രൻ, പി.ജി തങ്കപ്പൻ എന്നിവർ അറിയിച്ചു.

പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാൾ സമാപനം ഇന്ന്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയ പള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളും ഇന്ന് സമാപിക്കും. രാവിലെ അഞ്ചിനും, 6.30 നും , 8. 15 നും പത്തിനും , 12 നും , ഉച്ചകഴിഞ്ഞ് രണ്ടിനും, വൈകുന്നേരം 4. 30 നും,രാത്രി ഏഴിനും പരിശുദ്ധ കുർബാന.

വൈകിട്ട് 4. 30ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും.വൈകിട്ട് ആറിന് കുരിശടിയിലേക്ക് പ്രദക്ഷിണം, കൊടിയിറക്ക്. രാവിലെ 10 മണി മുതൽ നേർച്ച കഞ്ഞി വിതരണവും, ഉച്ചകഴിഞ്ഞ് പായസവിതരണം ഉണ്ടാകും.

ഗ്രാമസഭ 10 മുതൽ

കൂട്ടിക്കൽ ∙ പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച് ഇറക്കിയ കരട് വിജ്ഞാപനത്തിൽ കൂട്ടിക്കൽ വില്ലേജ് ഉൾപ്പെട്ടത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഗ്രാമസഭ 10 മുതൽ വിവിധ വാർഡുകളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ് അറിയിച്ചു.

10ന് രാവിലെ 10ന് അഞ്ചാം വാർഡിൽ കെ.ആർ നാരായണൻ സ്മാരക ഹാൾ, ആറാം വാർഡിൽ എസ്.എൻ. ഇംഗ്ലിഷ് സ്കൂൾ. ഉച്ചകഴിഞ്ഞ് രണ്ടിന് ഏഴാം വാർഡിൽ എസ്എൻ സ്കൂൾ, 3.30ന് എട്ടാം വാർഡിൽ എസ്.ജി.എം.യുപി സ്കൂൾ എന്നിവിടങ്ങളിൽ ഗ്രാമസഭ നടക്കും.11ന് രാവിലെ 10ന് ഒൻപതാം വാർഡിൽ സെന്റ് ജോസഫ്സ് ഹാൾ, 11ന് 11–ാം വാർഡിൽ പഞ്ചായത്ത് ഹാൾ, രണ്ടിന് നാലാം വാർഡിൽ മുണ്ടപ്പള്ളി അങ്കണവാടി, 2.30ന് 10–ാം വാർഡിൽ ശുഭാനന്ദാശ്രമം ഹാൾ.

12ന് രണ്ടിന് 13–ാം വാർഡിൽ പുതുവൽ കമ്യൂണിറ്റി ഹാൾ, 12–ാം വാർഡിൽ പഞ്ചായത്ത് ഹാൾ, മൂന്നാം വാർഡിൽ ഗവ.എൽപിഎസ്, മൂന്നിന് രണ്ടാം വാർഡിൽ എസ്റ്റേറ്റ് ഗ്രൗണ്ട്, 3.30ന് ഒന്നാം വാർഡിൽ സീവ്യൂ എസ്റ്റേറ്റ് സ്കൂൾ എന്നിവിടങ്ങളിൽ ഗ്രാമസഭകൾ നടക്കും.

icon

ഇന്റർവ്യൂ 11ന്

ഇടക്കുന്നം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി ( സീനിയർ) ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 11ന് രാവിലെ 11 ന് നടക്കും. ഉദ്യോഗാർഥികൾ രേഖകളുമായി നേരിട്ട് ഓഫിസിൽ ഹാജരാകണം.

ഇന്നത്തെ പരിപാടി

∙ ചിറക്കടവ് പബ്ലിക് ലൈബ്രറി: ലോക സാക്ഷരതാ ദിനാചരണം – 3.00.

∙ അഖില കേരള വിശ്വകർമ മഹാസഭ കാഞ്ഞിരപ്പള്ളി 347 നമ്പർ ശാഖാ മന്ദിരം. ഋഷിപഞ്ചമി ആഘോഷം. പതാക ഉയർത്തൽ, വിശ്വകർമ പൂജ –7.00.

സമ്മേളനം 10ന്

എരുമേലി ∙ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ പൂർവ വിദ്യാർഥി സംഗമത്തിന്റെ ഭാഗമായുള്ള എരുമേലി മേഖലാ സമ്മേളനം 10ന് 4ന് വ്യാപാര ഭവൻ ഹാളിൽ നടക്കും. ഫോൺ: 9446188285.

icon

ആര്യൻകുളത്ത് പിഎം പ്രസാദ് (54)

പൊൻകുന്നം: ടൗണിലെ ലോട്ടറി വ്യാപാരി ആര്യൻകുളത്ത് പിഎം പ്രസാദ് (54 )നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ) ഉച്ചക്ക് 12ന് വീട്ടുവളപ്പിൻ.
ഭാര്യ: ഗീതാ പ്രസാദ്. മക്കൾ: ഹരിപ്രസാദ്, കൃഷ്ണപ്രസാദ്, ശ്രീലഷ്മി

error: Content is protected !!