റോഡരികിലെ മരങ്ങൾ തോന്നിയതുപോലെ വെട്ടരുതെന്ന് ഉത്തരവ്

വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നു, സമീപത്തെ കെട്ടിടത്തിൽ നിഴൽ വീഴ്ത്തുന്നു തുടങ്ങിയ കാരണം പറഞ്ഞു റോഡരികിലെ മരങ്ങൾ വെട്ടിമാറ്റരുതെന്നു സർക്കാർ ഉത്തരവ്. ഹൈക്കോടതിയുടെ മേയ് 22 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. പാതയോരങ്ങളിലെ മരങ്ങൾ ജനങ്ങളുടെ ജീവനു ഭീഷണിയാണെങ്കിൽ മാത്രമേ വെട്ടിമാറ്റാൻ അനുമതി നൽകാവൂയെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

സർക്കാർ ഭൂമിയിലെ മരങ്ങൾ വെട്ടിമാറ്റുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ 2010 ഫെബ്രുവരിയിൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് കർശനമായി പാലിക്കണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചിരുന്നു. ജീർണാവസ്ഥയിലായി ജനങ്ങളുടെ ജീവനു ഭീഷണിയായാൽ മാത്രമേ മരം മുറിച്ചു മാറ്റാനാവൂയെന്നും ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവിടണമെന്നും ഹൈക്കോടതി നിർദേശിച്ചു. തുടർന്നാണു സർക്കാർ ഉത്തരവ്.

error: Content is protected !!