തുടങ്ങുകയായി വടംവലി മേളം ..
ഓണത്തിന് എല്ലാവരും വയർ നിറച്ച് സദ്യയുണ്ട് ആഘോഷം ഗംഭീരമാക്കുമ്പോൾ ഭക്ഷണം നിയന്ത്രിച്ച് ഓണത്തിന്റെ ആരവങ്ങളിലേക്ക് ‘വടവുമായി വലിഞ്ഞ്’ എത്തി താരങ്ങളാകുന്ന ചിലരുണ്ട്. ഓണം കളികളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വടംവലി. ക്ലബ്ബുകളും സാംസ്കാരിക സംഘടനകളും പെട്ടെന്നു തട്ടിക്കൂട്ടുന്ന വടംവലിയും ഇതു പ്രഫഷനലായി കൊണ്ടുനടക്കുന്നവരും ഉണ്ട്.
ആൾക്കൂട്ടം ഒരു വശത്തും മറുവശത്ത് ആനയും ചേർന്നൊരു വടംവലി കാണാത്തവർ ഉണ്ടാകില്ല. എന്നാൽ ഇത്തവണ കർശനനിർദേശവുമായി വനം വകുപ്പ് എത്തി. ചട്ടം ലംഘിച്ച് ആനകളെ വടംവലിയിൽ പങ്കെടുപ്പിച്ചാൽ മൃഗപീഡനമായി കണക്കാക്കി 50,000 രൂപ വരെ പിഴയും 2 വർഷം വരെ തടവും ശിക്ഷ ലഭിക്കാം. അതോടെ നാട്ടിൻപുറങ്ങളിൽനിന്ന് ആനയുടെ വടംവലി അപ്രത്യക്ഷമാകും. പിന്നെയുള്ളത് സൗഹൃദ വടംവലികളാണ്. സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിലും പുരുഷന്മാരും സ്ത്രീകളും തമ്മിലും എന്നിങ്ങനെ പല രീതിയിൽ സൗഹൃദ മത്സരങ്ങൾ ഓണത്തിനു പതിവുണ്ട്.
നാട്ടിൻപുറങ്ങളിൽ പലയിടത്തും വടംവലി മത്സരത്തിനു പ്രഫഷനലായി തന്നെ പരിശീലനം തുടങ്ങി. കോട്ടയം ജില്ലയിൽ 42 പ്രഫഷനൽ ടീമുകളുണ്ട്. ഒരു ടീമിൽ 7 പേരാണുള്ളത്. ടീം അംഗങ്ങളുടെ ആകെ തൂക്കം പരമാവധി 450– 455 കിലോഗ്രം. മത്സരാർഥികൾ ഒരുമാസം മുൻപേ തൂക്കം കൃത്യമാക്കാനുള്ള ശ്രമം തുടങ്ങും. ഭക്ഷണം നിയന്ത്രിച്ചാലേ ഇതു സാധ്യമാകൂവെന്നു കളിക്കാർ പറയുന്നു . തോളിലേക്കു വടം ഇട്ടുള്ള വലിക്കാണ് ഏറെ പ്രചാരം. മത്സരക്കളത്തിൽ ‘ഹരിയാന!’ എന്നാണ് ഈ ഇനത്തിനു പേര്. ദിവസവും അംഗങ്ങളുടെ തൂക്കം നോക്കിയാണു പരിശീലനം.
ടീമിന്റെ ആകെ ഭാരം നിശ്ചിത പരിധിയിൽനിന്നു 30 കിലോഗ്രാമിൽ ഏറെയായാൽ ഭക്ഷണക്രമം മാറും. തൂക്കം കൂടിയ ആൾക്കു ഭക്ഷണം പരിമിതപ്പെടുത്തും. അവർക്കു ചോറ് ഒഴിവാക്കി ചപ്പാത്തി നൽകും. സസ്യേതര ഭക്ഷണം വർജിക്കേണ്ടി വരും. ‘ഉണക്കിയെടുക്കൽ’ എന്നാണ് ഇതിനു കളിക്കാർ പറയുക. കൈക്കുഴയുടെയും കാൽക്കുഴയുടെയും പേശികളുടെയും ബലം കൂട്ടാൻ വ്യായാമമുറകളുണ്ട്.
കൊയ്ത്തൊഴിഞ്ഞ പാടത്തും തിരക്കില്ലാത്ത മണ്ണുറോഡിലും മൈതാനങ്ങളിലും വടംവലിച്ചുള്ള പഴയ രീതി മാറി. ന്യൂജെൻ ഇനത്തിൽ കാലുറപ്പിച്ച് നിൽക്കാൻ റെഡിമെയ്ഡ് ട്രാക്കുകൾ റെഡിയാണ്.