കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date :10/09/2024
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …
പാറത്തോട് ഗ്രാമപഞ്ചായത്തിൽ വിഷൻ 2025 ന് തുടക്കമായി
പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് വരും നാളുകളിൽ നടപ്പിലാക്കേണ്ട പദ്ധതികൾക്ക് ഗതിവേഗം വർദ്ധിപ്പിക്കുന്നതിനും ജനകീയ കൂട്ടായ്മയിലൂടെ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി വിഷൻ 2025 എന്ന പേരിൽ ശില്പശാല നടത്തി രൂപരേഖ അവതരിപ്പിച്ചു. സെന്റ് ഡോമിനിക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സെമിനാർ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.
തികച്ചും ജനകീയമായ ഇത്തരം ഒരു കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കാൻ തയ്യാറായ ഗ്രാമപഞ്ചായത്തിനെ അഭിനന്ദിച്ചുകൊണ്ട് പഞ്ചായത്തിൻറെ ചിരകാല ആവശ്യമായ ആയുർവേദ, ഹോമിയോ ആശുപത്രികള്‍ ഉൾപ്പെടുന്ന പുതിയ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിക്കുമെന്നും അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ കെ ശശികുമാർ അദ്ധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി ആർ അനുപമ, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ് , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ കെ എ സിയാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി രാജൻ, ക്ഷേമകാര്യ ചെയർപേഴ്സൺ ജിജി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയമ്മ വിജയലാല്‍, ഡയസ് കോക്കാട്ട്, ഷേർളി വർഗീസ്, അലിയാർ കെ.യു, സുമീന അലിയാർ, ജോസിന അന്ന ജോസ്, ആൻറണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിന്ധു മോഹനൻ, ഷാലിമ ജയിംസ്, ബീന ജോസഫ്,ജോണിക്കുട്ടി മഠത്തിനകം, സുജീലന്‍ കെ പി തുടങ്ങിയവര്‍ പ്രസംഗിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ അനൂപ് എൻ യോഗത്തില്‍ കൃതജ്ഞത അര്‍പ്പിച്ചു.
നിർവഹണ ഉദ്യോഗസ്ഥർ, യുവ കര്‍ഷകര്‍, വ്യാപാരി വ്യവസായി പ്രതിനിധികൾ, കുടുംബശ്രീ തൊഴിലുറപ്പ് പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ശില്പശാലയിൽ 12 ഗ്രൂപ്പുകളായി തിരിച്ച് ചർച്ചകൾ നടത്തി രൂപരേഖ അവതരിപ്പിച്ചു .
വിഗ്രഹ നിമജ്ജന ഘോഷയാത്രയോടെ ഗണേശോത്സവ സമാപനം
പൊൻകുന്നം ∙ രാജേന്ദ്രമൈതാനത്ത് നടന്നുവന്ന പൊൻകുന്നം ഗണേശോത്സവം വിഗ്രഹ നിമജ്ജന ഘോഷയാത്രയോടെ സമാപിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഗണേശവിഗ്രഹ ഘോഷയാത്രകൾ രാജേന്ദ്രമൈതാനത്ത് സംഗമിച്ച ശേഷം ഉത്സവ വേദിയിൽ പ്രതിഷ്ഠിച്ച ഗണേശ വിഗ്രഹം വഹിച്ച് ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിലേക്കു നിമജ്ജന ഘോഷയാത്ര പുറപ്പെട്ടു.
മണ്ണാറക്കയം ലക്ഷ്മിനാരായണ ക്ഷേത്രം, അരുവിപ്പാറ ശാസ്താ ക്ഷേത്രം, മണക്കാട്ട് ശിവശക്തിവിലാസം ഭജനയോഗം, ഗ്രാമദീപം, ചെറുവള്ളി, തെക്കേത്തുകവല, ചിറക്കടവ് അമ്പലം, മന്ദിരം, തെങ്ങനാമറ്റത്തിൽ ദുർഗാദേവി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ഗണേശവിഗ്രഹ ഘോഷയാത്രകളാണ് അണിചേർന്നത്.
മണക്കാട്ട് ക്ഷേത്രക്കടവിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്തു.
ചെറുപുഷ്പ മിഷൻ ലീഗ് മരിയൻ റാലി നടത്തി
കാഞ്ഞിരപ്പള്ളി ∙ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഹൈറേഞ്ച് മേഖലാ തീർഥാടനവും മരിയൻ റാലിയും ഉപ്പുതറയിൽ നടത്തി. യൂദാ തദേവൂസ് കപ്പേളയുടെ മുൻപിൽ നിന്ന് ആരംഭിച്ച റാലി ഫൊറോന വികാരി ഫാ.ഡൊമിനിക് കാഞ്ഞിരത്തിനാൽ ഫ്ലാഗ് ഓഫ് ചെയ്തു. രൂപത ചെറുപുഷ്പ മിഷൻലീഗ് വൈസ് പ്രസിഡന്റ് നോറ ആലാനിക്കൽ പതാക ഏറ്റുവാങ്ങി. ഹൈറേഞ്ച് മേഖലയിലെ 5 ഫൊറോനകളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. ഭാരവാഹികളായ ഡിയോൺ കൊന്നയ്ക്കൽ, ഇവാനിയ മണ്ണഞ്ചേരി, അരുൺ പോൾ കോട്ടയ്ക്കൽ, ജോബിൻ വരിക്കമാക്കൽ, അലൻ ജോളി പടിഞ്ഞാറേക്കര, മാത്യൂസ് മടുക്കക്കുഴി, സിസ്റ്റർ റിറ്റ മരിയ എന്നിവരും ഉപ്പുതറ ഫൊറോന ഡയറക്ടർ ഫാ.വർഗീസ് പൊട്ടുകുളത്തിന്റെ നേതൃത്വത്തിൽ ഫൊറോന ഭാരവാഹികളും മരിയൻ റാലിക്ക് നേതൃത്വം നൽകി.
റാലി ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ എത്തിയപ്പോൾ നടന്ന കുർബാനയ്ക്കു രൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാ.ജോസഫ് വെള്ളമറ്റം മുഖ്യ കാർമികത്വം വഹിച്ചു. രൂപത ഡയറക്ടർ ഫാ.ഫിലിപ് വട്ടയത്തിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ആന്റണി തുണ്ടത്തിൽ, ഫൊറോന ഡയറക്ടർമാരായ ഫാ.തോമസ് കണ്ടത്തിൽ, ഫാ.ലൂക്കാ തെക്കേമഠത്തിൽപറമ്പിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.
ആന്റോ ആന്‍റണി എംപിയുടെ സഹോദപുത്രൻ ഓസ്ട്രേലിയന്‍ മന്ത്രി.
ഓസ്ട്രേലിയൻ സംസ്ഥാന മന്ത്രിസഭയിൽ ആദ്യമായി മലയാളി സാന്നിധ്യം. പാലാ മുന്നിലവ് സ്വദേശിയായ ജിൻസൺ ആന്റോ ചാൾസ് ആണ് നോർത്തേൺ ടെറിട്ടറി പാർലമെൻ്റിലെ മന്ത്രിയായത്. കലാ- സാംസ്കാരികം, യുവജനക്ഷേമം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ആണ് ജിൻസൺ ചാൾസിന് ലഭിച്ചത്. . പത്തംതിട്ട എംപി ആന്റോ ആന്‍റണിയുടെ സഹോദരന്‍ ചാള്‍സ് ആന്റണിയുടെ മൂത്തപുത്രനാണ് ജിന്‍സണ്‍. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്റോറി പാര്‍ലമെന്റിലെ സാന്‍ഡേഴ്സണ്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയത്.
ഏറ്റവും കാലം ഓസ്ട്രേലിയ ഭരിച്ച ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ജിന്‍സണ്‍ അറുപതു ശതമാനത്തോളം വോട്ട് നേടിയാണ് വിജയിച്ചത്. 2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍ ഡോർവിനിൽ ടോപ് എന്‍ഡ് മെന്‍റല്‍ ഹെല്‍ത്തില്‍ ഡയറക്ടറാണ്. ചാൾസ് ഡാർവിൻ സര്‍വകലാശാലയില്‍ അധ്യാപകനുമാണ്.
പ്രവാസി മലയാളികൾക്കായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷൻ രാജഗിരി ഹോസ്‌പിറ്റലുമായി ചേർന്ന് നടപ്പാക്കുന്ന ഫാമിലി കണക്റ്റ് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷണൽ കോർഡിനേറ്റർ ആണ് ജിൻസൺ ആന്റോ ചാൾസ്.
ഡാർവിൻ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ് ജിൻസൺ ആന്റോ ചാൾസ്. ഡാർവിനിലെ ടോപ് എൻഡ് മെന്റൽ \ ഹെൽത്തിലെ ക്ലിനിക്കൽ നഴ്സ് കൺസൾട്ടന്റും ചാൾസ് ഡാർവിൻ യൂണിവേഴ്‌സിറ്റിയിലെ അഡ്ജന്റ് ലക്ചറവുമായ അനുപ്രിയ ജിൻസണാണ് ഭാര്യ. എയ്മി കേയ്റ്റ്ലിൻ ജിൻസൺ, അന്നാ ഇസബെൽ ജിൻസൺ എന്നിവർ മക്കളാണ്.
ബന്ദിപ്പൂ വിളവെടുപ്പ് ഉത്സവമായി
പൊൻകുന്നം : ഓണവിപണിയിലേക്കായി ചിറക്കടവ് പഞ്ചായത്ത് എട്ടാം വാർഡിൽ ശ്രീലക്ഷ്മി കുടുംബശ്രീ നടത്തിയ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഗവ.ചീഫ്.വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, വൈസ്പ്രസിഡന്റ് സതി സുരേന്ദ്രൻ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എം.ജി.വിനോദ്, കെ.ജി.രാജേഷ്, ടി.ആർ.സ്വപ്ന എന്നിവർ പങ്കെടുത്തു.
വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
മണിമലയിൽ ഒരു കോടി രൂപയുടെ ഫുട്‌ബോൾ ടർഫ് – നിർമ്മാണോദ്ഘാടനം സ്പോർട്സ് മന്ത്രി നിർവഹിക്കും.
മണിമല : മണിമലയിൽ 1 കോടി രൂപയുടെ ഫുട്‌ബോൾ ടർഫിന്റെ നിർമ്മാണോദ്ഘാടനം സ്‌പോര്‍ട്‌സ് മന്ത്രി വി.അബ്ദുറഹിമാൻ സെപ്റ്റംബർ 10 ന് വൈകിട്ട് 5.30 ന് നിര്‍വഹിക്കുമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് നിർമ്മാണം . 50 ലക്ഷം രൂപ സംസ്ഥാന സർക്കാർ വിഹിതവും 50 ലക്ഷം രൂപ എം എൽ എ ഫണ്ടും ചേര്‍ത്താണ് പദ്ധതി തയാറാക്കിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് പദ്ധതികളുടെ നിര്‍ഹണ ഏജന്‍സിയായ സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല. സെവന്‍സ് മാതൃകയിലുള്ള സിന്തറ്റിക് ടര്‍ഫ്, ചുറ്റുമതിലുകള്‍, ഫ്‌ളഡ്‌ലൈറ്റ് എന്നിവ ചേര്‍ന്നാണ് പദ്ധതി. മണിമല ടൗണില്‍ നടക്കുന്ന ചടങ്ങില്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, വിവിധ തദ്ദേശ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, വ്യാപാരി വ്യവസായി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്‌പോര്‍ട്‌സ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിയോജകമണ്ഡലം ഒരു സ്‌പോര്‍ട്‌സ് ഹബ് ആയി മാറുമെന്ന് ഡോ.എന്‍.ജയരാജ് പറഞ്ഞു .
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്‌പോര്‍ട്‌സ് പദ്ധതികളില്‍ ആദ്യത്തേതാണ് ഈ പദ്ധതി. ഇതു കൂടാതെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂളിനെ സ്‌പോര്‍ട് സ്‌കൂളാക്കി മാറ്റുന്ന 40 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതി, വാഴൂര്‍ പുളിക്കല്‍ കവലയില്‍ വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നിവയ്ക്കായുള്ള 3 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഉടന്‍ അവയുടെയും നിര്‍മ്മാണം ആരംഭിക്കും. ഇതിന് പുറമേ പള്ളിക്കത്തോട്ടില്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സ്റ്റേഡിയം പദ്ധതിയും നടപടികള്‍ പുരോഗമിച്ചുവരുന്നു. ഈ പദ്ധതികളെല്ലാം യാഥാര്‍ത്ഥ്യമാകുന്ന ഘട്ടത്തില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ഒരു സ്‌പോര്‍ട്‌സ് ഹബ്ബായി മാറും.
അദ്ധ്യാപക ദിനാചരണം നടത്തി
കാഞ്ഞിരപ്പള്ളി :ദേശീയ അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന അദ്ധ്യാപിക കാഞ്ഞിരപ്പള്ളി ബിസ്മി മൻസിൽ പി.എ. സുഹറാ ബീവിയെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ യൂണിറ്റ് കമ്മറ്റി ആദരിച്ചു. പ്രസിഡന്റ് സി.എം. മുഹമ്മദ് ഫൈസിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുനിൽ തേനമ്മാക്കൽ മുഖ്യപ്രഭാഷണം നടത്തി. പി.എൻ. ദാമോദരൻ പിള്ള, എ.കെ.ശശീന്ദ്ര ബാബു, വി.ആർ. മോഹനൻ പിള്ള, ജോസഫ് മാത്യു, എം. എസ്. ഷിബു, പി.പി. സഫറുള്ളാ ഖാൻ,ജോസുകുട്ടി മാത്യു, നായിഫ് ഫൈസി, അമീർ ഹംസ, ഒ.എ. റഷീദ്, കെ. എസ്. അഹമ്മദ് കബീർ, ഒ. എം. ഷാജി. നസീമ ഹാരീസ്, കെ. എസ്. ഷിനാസ് ,സെയ്ത് എം. താജു, റ്റി.എ.അബ്ദുൽ അസീസ്, സക്കീർ ഹുസൈൻ ഇബ്രാഹിം, സി.യു. അബ്ദുൽ കരീം, റ്റി.എ.അബ്ദുൽ നാസ്സർ, ഹെർബർട്ട് ഡോമിനിക്ക് എന്നിവർ പ്രസംഗിച്ചു.
റോബിൻ ബസ് 70 ദിവസത്തിന് ശേഷം സർവീസ് പുനരാരംഭിച്ചു ; പുനലൂരിൽ നിന്നും കാഞ്ഞിരപ്പള്ളി വഴി കോയമ്പത്തൂരിലേക്ക്..
കാഞ്ഞിരപ്പള്ളി : ∙ പുതിയ എസി ബസുമായി റോബിൻ ബസ് കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചു . പുതിയ ബസിന് രണ്ടു ദിവസം മുൻപാണ് പെർമിറ്റ് ലഭിച്ചത്. എംവിഡി ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം 70 ദിവസത്തോളം ബസ് കട്ടപ്പുറത്ത് ഇരുന്നതിന് ശേഷമാണ് സർവീസ് പുനരാരംഭിച്ചത് .
നിലവിൽ പുലർച്ചെ 3.30ന് പുനലൂരിൽ നിന്നും യാത്ര തിരിക്കുന്ന ബസ്, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, മണ്ണുത്തി, പാലക്കാട് വഴി രാവിലെ 10.30ന് കോയമ്പത്തൂരിൽ എത്തിച്ചേരും. തിരികെ വൈകിട്ട് 5ന് യാത്ര തിരിക്കുന്ന ബസ്, വൈറ്റില വഴി രാത്രി 12.45ന് പുനലൂരിൽ എത്തിച്ചേരും.
സ്കൂൾ ബസും സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു
കാഞ്ഞിരപ്പള്ളി ∙ കുരിശുങ്കൽ ജംക്‌ഷനിൽ സ്കൂൾ ബസും സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. ആർക്കും പരുക്കില്ല. ഇന്നലെ 7.15നായിരുന്നു അപകടം.
രാവിലെ വിദ്യാർഥികളെ കയറ്റാൻ പോവുകയായിരുന്ന സ്കൂൾ ബസ് തമ്പലക്കാട് റോഡിൽ നിന്നു ദേശീയ പാതയിലേക്കു പ്രവേശിക്കുന്നതിനിടെ, കണ്ണൂരിൽ നിന്നു മുണ്ടക്കയത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ബസ് കപ്പാട് സ്വദേശികൾ സഞ്ചരിച്ച കാറിലും ഇടിച്ചു. കാറിന്റെ മുൻവശം തകർന്നു. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ഡിവൈഎഫ്ഐ നിർമിച്ച വീട് കൈമാറി
പൊൻകുന്നം ∙ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട ചിറക്കടവ് പറപ്പള്ളിത്താഴെ വടക്കേടത്ത് ബിബിനും കുടുംബത്തിനും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ എന്നിവർ ചേർന്ന് കുടുംബത്തിന് കൈമാറി. സമ്മേളനം വി.വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ബി.സുരേഷ് കുമാർ, സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങളായ ഗിരീഷ് എസ്.നായർ, സജേഷ് ശശി, ഏരിയ സെക്രട്ടറി വി.ജി.ലാൽ, ലോക്കൽ സെക്രട്ടറി കെ.കെ.സന്തോഷ് കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അർച്ചന സദാശിവൻ, ബ്ലോക്ക് പ്രസിഡന്റ് എസ്.ദീപു, സെക്രട്ടറി ബി.ഗൗതം, ട്രഷറർ ശ്രീകാന്ത് പി.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
നാലംഗ കുടുംബത്തിന് 760 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിച്ചു നൽകിയത്. നിർമാണത്തിൽ പങ്കാളികളായവരെ ചടങ്ങിൽ ആദരിച്ചു.
നാടിന് ആശ്വാസം ; എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കുന്നു
എരുമേലി ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കുന്നു. 22 ന് 11 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും.
ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആശുപത്രിയിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. നൂറുകണക്കിനു രോഗികൾ ആശ്രയിക്കുന്ന ഇവിടെ നിലവിൽ ഒപി വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്.
ആദ്യഘട്ടത്തിൽ 15 പുരുഷൻമാർക്കും 15 സ്ത്രീകൾക്കും കിടക്കാനുള്ള 30 കിടക്കകളാണു സജ്ജമാക്കുന്നത്. രണ്ടാം ഘട്ടമായി കിടക്കകളുടെ എണ്ണം 60 ആയി ഉയർത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ പറഞ്ഞു.
എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എരുമേലി ഡവലപ്മെന്റ് കമ്മിറ്റി പല തവണ മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. വിവിധ സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
നിലവിൽ എരുമേലി പഞ്ചായത്തിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള സർക്കാർ ആശുപത്രിയില്ല. മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് മാത്രമാണ് ആരോഗ്യ വകുപ്പ് ഇവിടേക്ക് കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും താൽക്കാലികമായി നിയമിച്ച് മുഴുവൻ സമയ ചികിത്സ ലഭ്യമാക്കുന്നത്. അല്ലാത്ത സമയങ്ങളിൽ ഒപി സേവനം മാത്രമാണ് ലഭിക്കുന്നത്. ഒപി സമയത്തിനു ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയായിരുന്നു ആശ്രയം. സാധാരണക്കാർ അടിയന്തര ചികിത്സകൾക്ക് എരുമേലിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെയും കോട്ടയം മെഡിക്കൽ കോളജിനെയും ആണ് ആശ്രയിച്ചിരുന്നത്.
പഞ്ചായത്തിലെ ഏറ്റവും അകലെയുള്ള എയ്ഞ്ചൽവാലിയിൽ നിന്ന് എരുമേലി വരെ എത്തണമെങ്കിൽ തന്നെ 20 കിലോമീറ്റർ താണ്ടണം. ഇവിടെ നിന്ന് 15 കിലോ മീറ്റർ കൂടി യാത്ര ചെയ്തുവേണം കാഞ്ഞിരപ്പളളിയിലേക്ക് എത്താൻ. മെഡിക്കൽ കോളജിൽ എത്തണമെങ്കിൽ 70 കിലോമീറ്റർ യാത്ര ചെയ്യേണ്ടിവരും. ഇത് രോഗികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
നിലവിൽ കിഴക്കൻ മേഖലയിൽ നിന്നുള്ള ഒട്ടേറെ രോഗികൾ റാന്നി ജനറൽ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. ഹൃദയാഘാതം, പ്രസവ സംബന്ധമായ പ്രശ്നങ്ങൾ, അപകടങ്ങൾ തുടങ്ങി അടിയന്തര പ്രാഥമിക ചികിത്സ വേണ്ട ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്ടറുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം ലഭിക്കുന്നത് മലയോര മേഖലയ്ക്ക് വലിയ ആശ്വാസമാകും.
വനമേഖലയോട് ചേർന്നുകിടക്കുന്ന എരുമേലി പഞ്ചായത്ത് പ്രദേശത്ത് പാമ്പുകളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുതലാണ്. പലപ്പോഴും അടിയന്തരമായി ആന്റിവെനം ലഭ്യമാക്കിയാൽ പാമ്പുകടി ഏൽക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ കഴിയും. ഡോക്ടറുടെ സാന്നിധ്യത്തിൽ മാത്രമേ ആന്റിവെനം നൽകാൻ കഴിയൂ. മണ്ഡല, മകരവിളക്ക് തീർഥാടന കാലത്ത് മാത്രമായി എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ആന്റിവെനം ലഭ്യമാക്കാറുണ്ട്. കാനന പാതയിലൂടെ തീർഥാടനം നടത്തുന്നവർക്ക് പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ പതിവായതോടെയാണിത്. മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം ലഭ്യമായാൽ പാമ്പുകടിയേൽക്കുന്നവർക്ക് ആന്റിവെനം നൽകി ജീവൻ രക്ഷിക്കാൻ കഴിയും.
കിടത്തിച്ചികിത്സയ്ക്കായി ബ്ലോക്ക് പഞ്ചായത്ത് താൽക്കാലിക നിയമനം നടത്തിയ തസ്തികകൾ: ഡോക്ടർമാർ 2, ആശുപത്രി അറ്റൻഡർ 2, ലബോറട്ടറി ടെക്നിഷ്യൻ 1.
സുകന്യ സമൃദ്ധി അക്കൗണ്ട് ഉടമയായി 40 ദിവസം മാത്രം പ്രായമുള്ള അളകനന്ദ
എരുമേലി ∙ പെൺകുട്ടികളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജന അക്കൗണ്ടിനുടമയായി 40 ദിവസം പ്രായമുള്ള അളകനന്ദ ദേവീരാജ്. എൻസിപി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് ഉണ്ണിരാജിന്റെയും ദിവ്യയുടെയും മകളാണ് അളകനന്ദ. ചങ്ങനാശേരി പോസ്റ്റൽ ഡിവിഷനു കീഴിലുള്ള മുക്കൂട്ടുതറ പോസ്റ്റ് ഓഫിസിൽ നിന്നാണ് അക്കൗണ്ട് സ്വീകരിച്ചത്.
10 വയസ്സിനു താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് പോസ്റ്റ് ഓഫിസ് മുഖേനയോ ദേശസാത്കൃത ബാങ്ക് മുഖേനയോ ഈ പദ്ധതിയിൽ അംഗമാകാം. വർഷത്തിൽ കുറഞ്ഞത് 250 രൂപ മുതൽ പരമാവധി 1.50 ലക്ഷം രൂപ വരെ തുടർച്ചയായി 14 വർഷം അടയ്ക്കുന്ന ഗുണഭോക്താവിന് 22 വയസ്സ് പൂർത്തിയാകുമ്പോൾ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ആഞ്ഞിലി മരം എത്തിച്ചു
ഉരുളികുന്നം ∙ ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളി ക്ഷേത്ര പുനർനിർമാണത്തിന് മുറിച്ച ആഞ്ഞിലി മരം ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചു. കുരുവിക്കൂട് ഓണപ്പുംകുന്നേൽ രാജശ്രീ രാമകൃഷ്ണൻ നായരുടെ പുരയിടത്തിൽ നിന്നാണ് മരം മുറിച്ചത്. മേൽശാന്തി നാരായണമംഗലം വാസുദേവൻ മൂസത്, ജിഷ്ണു വി.ശർമ എന്നിവരുടെ കാർമികത്വത്തിൽ പൂജകൾക്കു ശേഷമാണ് ഘോഷയാത്ര പുറപ്പെട്ടത്.
നാലമ്പലം നവീകരണം
വാഴൂർ ∙ ഒരു ദിവസം കൊണ്ടു ഭക്തരിൽ നിന്നു തുക സമാഹരിച്ചു വെട്ടിക്കാട്ട് ധർമശാസ്താ ക്ഷേത്രം നാലമ്പലം നവീകരിക്കുന്നു. 20 ലക്ഷം രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. നാലമ്പലത്തിന്റെ കോൺക്രീറ്റ് മേൽക്കൂരയ്ക്കു മുകളിൽ ഓട് പാകി നവീകരിക്കും. ഇന്നു രാവിലെ 9ന് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് ഈശ്വരൻ നമ്പൂതിരിയിൽ നിന്ന് ആദ്യ സംഭാവന സ്വീകരിക്കും. മേൽശാന്തി കെ.എൻ.അനിൽ നമ്പൂതിരി പങ്കെടുക്കും.
ഓണവിപണി
കുറുവാമൂഴി ∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ 30 ശതമാനം സബ്സിഡി നിരക്കിലുള്ള ഓണവിപണി 11 മുതൽ 14 വരെ നടക്കും.
മുണ്ടക്കയം ∙ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണ വിപണി നാളെ ആരംഭിക്കും. ബാങ്ക് ഓഡിറ്റോറിയത്തിൽ 11ന് ബാങ്ക് പ്രസിഡന്റ് റോയി കപ്പലുമാക്കലിന്റെ അധ്യക്ഷതയിൽ സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർ ഷെമീർ.വി.മുഹമ്മദ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ മികച്ച കർഷകരെ ആദരിക്കും. റേഷൻ കാർഡുമായി എത്തി സാധനങ്ങൾ വാങ്ങാം.
എരുമേലി ∙ സർവീസ് സഹകരണ ബാങ്കിന്റെ ഓണ വിപണികൾ 11 ന് 9.30 ന് ആരംഭിക്കും. ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിൽ ബാങ്ക് പ്രസിഡന്റ് ഡൊമിനിക് ജോബ്, ചേനപ്പാടിയിൽ ഡയറക്ടർ ബോർഡ് അംഗം പി. സുഷീൽ കുമാർ, മണിപ്പുഴ ബ്രാഞ്ചിൽ ഡയറക്ടർ ബോർഡ് അംഗം ത്രേസ്യാമ്മ ഏബ്രഹാം എന്നിവർ ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കൾ റേഷൻ കാർഡുമായി എത്തണം.
പുരസ്കാരം നൽകി
എരുമേലി ∙ ജില്ലയിലെ ആരോഗ്യ രംഗത്തെ നിസ്തുല സേവനം കണക്കിലെടുത്ത് ജില്ലാ മെഡിക്കൽ ഓഫിസിലെ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് ഇ.കെ. ഗോപാലന് പവിത്രം എരുമേലി വിശിഷ്ട സേവാ പുരസ്കാരം നൽകി. പവിത്രം എരുമേലി രക്ഷാധികാരിയും ശബരിമല നോഡൽ ഓഫിസറുമായ ഡോ. റെക്സൺ പോൾ പുരസ്കാരം കൈമാറി. ചെയർമാൻ ഷാജി കറുകത്ര അധ്യക്ഷത വഹിച്ചു. ചീഫ് കോഓർഡിനേറ്റർ സന്തോഷ് ശർമ പ്രസംഗിച്ചു.
പ്രകടനം നടത്തും
മുണ്ടക്കയം ∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തും. വിലക്കയറ്റം നിയന്ത്രിക്കുക, തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്ക് എതിരെ നടപടി സ്വീകരിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രകടനം വൈകിട്ട് ആറിന് ടിബി കവലയിൽ നിന്ന് ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് കെ.എസ്.രാജു അറിയിച്ചു.
പൊതുയോഗം
കൂവപ്പള്ളി ∙ റബർ ഉൽപാദക സംഘത്തിന്റെ ഓഡിറ്റ് ചെയ്ത കണക്കുകൾ പരിശോധിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള പൊതുയോഗം ഇന്നു 10ന് സെന്റ് ജോസഫ് പള്ളി പഴയ പാരിഷ് ഹാളിൽ നടത്തുമെന്നു പ്രസിഡന്റ് അറിയിച്ചു.
ഓണവിപണി
പൊൻകുന്നം: കൺസ്യൂമർ ഫെഡുമായി ചേർന്ന് പൊൻകുന്നം സഹകരണ ബാങ്ക് നടത്തുന്ന ഓണവിപണി ചൊവ്വാഴ്ച 10-ന് ഉദ്ഘാടനം ചെയ്യും. സബ്സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങൾ ലഭിക്കും. ബാങ്കിന് എതിർവശത്ത് മംഗലത്ത് ബിൽഡിങ്ങിലാണ് വിപണി. ഉപഭോക്താക്കൾ റേഷൻകാർഡ് കൊണ്ടുവരണം.
ക്യാംപസ് ഇന്റർവ്യൂ നാളെ
തൊടുപുഴ ∙ മുട്ടം ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ മൾട്ടി നാഷനൽ കമ്പനിയായ ആമസോൺ, എഐ കണ്ടന്റ് റൈറ്റർ തസ്തികയിലേക്ക് നാളെ ക്യാംപസ് ഇന്റർവ്യൂ നടക്കും. 2022, 2023, 2024 വർഷങ്ങളിൽ ഇംഗ്ലിഷ് സാഹിത്യം, ജേണലിസം, മാസ്സ് കമ്യൂണിക്കേഷൻ മീഡിയ, സയൻസ്, എംസിഎ, എംബിഎ, ബി ടെക്, എംഎസ്‌സി, എംഎ, എംകോം എന്നീ വിഷയങ്ങളിൽ ഡിഗ്രി, പിജി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കാണു ഇന്റർവ്യൂ. താൽപര്യമുള്ളവർ രാവിലെ 10ന് സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, ലാപ് ടോപ് എന്നിവ സഹിതം ഹാജരാകണം. ശരാശരി വാർഷിക ശമ്പളം 4 ലക്ഷം രൂപ. ഫോൺ: 9895012630, 9895072930.
റബറിന്റെ വളപ്രയോഗം; സംശയം ചോദിക്കാം
കോട്ടയം ∙ റബറിന്റെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗത്തെക്കുറിച്ച് അറിയാൻ റബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്കു റബർ ബോർഡിലെ ഡവലപ്മെന്റ് ഓഫിസർ പി.ആർ.ശിവരാമൻ നാളെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ മറുപടി നൽകും. കോൾ സെന്റർ നമ്പർ: 0481 2576622.
ചീങ്കല്ലേൽ സുജാത(62)
വിഴിക്കിത്തോട്: റിട്ട.അങ്കണവാടി അധ്യാപിക ചീങ്കല്ലേൽ സുജാത(62) നിര്യാതയായി. ഭർത്താവ്: സുകുമാരൻ. മക്കൾ: അജേഷ്, അനീഷ്. മരുമകൾ: സാന്ദ്ര. സംസ്‌കാരം നടത്തി.