നാടിന് ആശ്വാസം ; എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കുന്നു

എരുമേലി ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കുന്നു. 22 ന് 11 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും.
ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആശുപത്രിയിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. നൂറുകണക്കിനു രോഗികൾ ആശ്രയിക്കുന്ന ഇവിടെ നിലവിൽ ഒപി വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്.

ആദ്യഘട്ടത്തിൽ 15 പുരുഷൻമാർക്കും 15 സ്ത്രീകൾക്കും കിടക്കാനുള്ള 30 കിടക്കകളാണു സജ്ജമാക്കുന്നത്. രണ്ടാം ഘട്ടമായി കിടക്കകളുടെ എണ്ണം 60 ആയി ഉയർത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ പറഞ്ഞു.

എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എരുമേലി ഡവലപ്മെന്റ് കമ്മിറ്റി പല തവണ മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. വിവിധ സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

നിലവിൽ എരുമേലി പഞ്ചായത്തിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള സർക്കാർ ആശുപത്രിയില്ല. മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് മാത്രമാണ് ആരോഗ്യ വകുപ്പ് ഇവിടേക്ക് കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും താൽക്കാലികമായി നിയമിച്ച് മുഴുവൻ സമയ ചികിത്സ ലഭ്യമാക്കുന്നത്. അല്ലാത്ത സമയങ്ങളിൽ ഒപി സേവനം മാത്രമാണ് ലഭിക്കുന്നത്. ഒപി സമയത്തിനു ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയായിരുന്നു ആശ്രയം. സാധാരണക്കാർ അടിയന്തര ചികിത്സകൾക്ക് എരുമേലിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെയും കോട്ടയം മെഡിക്കൽ കോളജിനെയും ആണ് ആശ്രയിച്ചിരുന്നത്.

പഞ്ചായത്തിലെ ഏറ്റവും അകലെയുള്ള എയ്ഞ്ചൽവാലിയിൽ നിന്ന് എരുമേലി വരെ എത്തണമെങ്കിൽ തന്നെ 20 കിലോമീറ്റർ താണ്ടണം. ഇവിടെ നിന്ന് 15 കിലോ മീറ്റർ കൂടി യാത്ര ചെയ്തുവേണം കാഞ്ഞിരപ്പളളിയിലേക്ക് എത്താൻ. മെഡിക്കൽ കോളജിൽ എത്തണമെങ്കിൽ 70 കിലോമീറ്റർ യാത്ര ചെയ്യേണ്ടിവരും. ഇത് രോഗികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

നിലവിൽ കിഴക്കൻ മേഖലയിൽ നിന്നുള്ള ഒട്ടേറെ രോഗികൾ റാന്നി ജനറൽ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. ഹൃദയാഘാതം, പ്രസവ സംബന്ധമായ പ്രശ്നങ്ങൾ, അപകടങ്ങൾ തുടങ്ങി അടിയന്തര പ്രാഥമിക ചികിത്സ വേണ്ട ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്ടറുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം ലഭിക്കുന്നത് മലയോര മേഖലയ്ക്ക് വലിയ ആശ്വാസമാകും.

വനമേഖലയോട് ചേർന്നുകിടക്കുന്ന എരുമേലി പഞ്ചായത്ത് പ്രദേശത്ത് പാമ്പുകളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുതലാണ്. പലപ്പോഴും അടിയന്തരമായി ആന്റിവെനം ലഭ്യമാക്കിയാൽ പാമ്പുകടി ഏൽക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ കഴിയും. ഡോക്ടറുടെ സാന്നിധ്യത്തിൽ മാത്രമേ ആന്റിവെനം നൽകാൻ കഴിയൂ. മണ്ഡല, മകരവിളക്ക് തീർഥാടന കാലത്ത് മാത്രമായി എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ആന്റിവെനം ലഭ്യമാക്കാറുണ്ട്. കാനന പാതയിലൂടെ തീർഥാടനം നടത്തുന്നവർക്ക് പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ പതിവായതോടെയാണിത്. മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം ലഭ്യമായാൽ പാമ്പുകടിയേൽക്കുന്നവർക്ക് ആന്റിവെനം നൽകി ജീവൻ രക്ഷിക്കാൻ കഴിയും.

കിടത്തിച്ചികിത്സയ്ക്കായി ബ്ലോക്ക് പഞ്ചായത്ത് താൽക്കാലിക നിയമനം നടത്തിയ തസ്തികകൾ: ഡോക്ടർമാർ 2, ആശുപത്രി അറ്റൻഡർ 2, ലബോറട്ടറി ടെക്നിഷ്യൻ 1.

error: Content is protected !!