കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date :11/09/2024

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …

ICON CONTACT

ബൈക്ക് ബസുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു

പൊൻകുന്നം: ദേശീയപാത 183-ൽ പഴയചന്തയിൽ ബൈക്ക് ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ പൊൻകുന്നം കോയിപ്പള്ളി തൊമ്മിത്താഴെ അമീർ ഷാജി(24) മരിച്ചു. പരേതനായ ഷാജിയുടെ മകനാണ്. അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടമാണ് ഇതേ സ്ഥലത്ത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ കാറിടിച്ച് പരിക്കേറ്റ വരമ്പനാനിക്കൽ അമ്പിളി രാഘവൻ(42) തിങ്കളാഴ്ച മരിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 4.30-നായിരുന്നു അമീറിന്റെ മരണത്തിനിടയാക്കിയ അപകടം. അട്ടിക്കൽ-പഴയചന്ത റോഡിൽ നിന്നും ദേശീയപാതയിലേക്ക് ബൈക്ക് പ്രവേശിക്കുമ്പോൾ ബസിലിടിച്ച് അതിനടിയിലേക്ക് പെട്ടപ്പോൾ റോഡിലേക്ക് തെറിച്ച് വീണ് അമീറിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

കോട്ടയം-കട്ടപ്പന റൂട്ടിലോടുന്ന സി.എം.എസ്.ബസുമായാണ് ഇടിച്ചത്. ബസിനടിയിൽപ്പെട്ട ബൈക്ക് ഏതാനും മീറ്റർ നിരങ്ങി നീങ്ങിയാണ് നിന്നത്. നിഷാമോളാണ് അമീറിന്റെ അമ്മ. ആറാംക്ലാസ് വിദ്യാർഥിനിയായ നാഷിദ നാസർ സഹോദരിയാണ്. കബറടക്കം ബുധനാഴ്ച പൊൻകുന്നം മുഹിയിദീൻ ജുമാമസ്ജിദിൽ.

കാറിടിച്ച് പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു

പൊൻകുന്നം ∙ ദേശീയപാത 183ൽ പൊൻകുന്നം പഴയചന്തയ്ക്കു സമീപം കാറിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു.
തോണിപ്പാറയിൽ വാടകയ്ക്കു താമസിക്കുന്ന ഇടക്കുന്നം പുളിയനാംകുന്നിൽ സിനീഷിന്റെ ഭാര്യ അമ്പിളി രാഘവൻ (42) ആണു മരിച്ചത്.

6നു രാവിലെ 6.30ന് ആയിരുന്നു സംഭവം. കോട്ടയം ഭാഗത്തു നിന്നെത്തിയ കാർ മറ്റൊരു കാറിൽ തട്ടി നിയന്ത്രണംവിട്ടശേഷം, നടന്നുപോകുകയായിരുന്ന അമ്പിളിയെയും മകൾ നിളയെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അമ്പിളി. ഉരുളികുന്നം വരമ്പനാനിക്ക കുടുംബാംഗമാണ്. സംസ്കാരം നടത്തി.

സാഫ് ജൂനിയർ അത്‌ലറ്റിക്സിന് ചിറ്റടി സ്വദേശി ജൂവൽ തോമസ്

കാഞ്ഞിരപ്പള്ളി ∙ ഇന്നു ചെന്നൈയിൽ ആരംഭിക്കുന്ന സൗത്ത് ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷ‍ൻ (എസ്എഎഎഫ്) ജൂനിയർ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ കോട്ടയം ചിറ്റടി സ്വദേശി ജൂവൽ തോമസും. മുണ്ടക്കയം മുരിക്കുംവയൽ ഗവ. വി.എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിയാണു ജൂവൽ. ആൺകുട്ടികളുടെ ടീമിലെ ഏക മലയാളി കൂടിയാണു ജൂവൽ. ഹൈജംപിലാണ് ജൂവൽ മത്സരിക്കുന്നത്.

7 ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളാണു മത്സരത്തിനിറങ്ങുന്നത്.

ദേശീയ യൂത്ത് അത്‌ലറ്റിക്സിലെ പ്രകടനമാണു ജൂവലിനെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. കെഎപി അഞ്ചാം ബറ്റാലിയൻ കുട്ടിക്കാനം ക്യാംപിലെ സിഐ സി.ജെ.തോമസിന്റെയും പീരുമേട് സിപിഎം സ്കൂളിലെ അധ്യാപിക ജിത തോമസിന്റെയും മകനാണ്. മുൻ നേവി താരവും, സർവീസസ് ടീം പരിശീലകനനു മായിരുന്ന സന്തോഷ് ജോർജാണു പരിശീലകൻ.

മുക്കൂട്ടുതറയിൽ കാട്ടാന ആക്രമണം ; വീടിന്റെ മുൻപിലേക്ക് തെങ്ങ് മറിച്ചിട്ടു ..

എരുമേലി ∙ മുട്ടപ്പള്ളി കുട്ടപ്പായിപടിയിൽ കാട്ടാന ഇറങ്ങി വീടിനു മുന്നിലെ തെങ്ങ് വരാന്തയിലേക്ക് തള്ളിയിട്ടു. കാരയ്ക്കാട്ട് സാജനും കുടുംബവും താമസിക്കുന്ന വാടക വീട്ടിലെ തെങ്ങാണ് കാട്ടാന തളളിയിട്ടത്.

രാത്രി 12 ന് ശേഷമാണ് സംഭവം. മഴ കാരണം സംഭവം വീട്ടുകാർ അറിഞ്ഞില്ല. വീടിനു പിന്നിലെ 3 കവുങ്ങുകളും നശിപ്പിച്ചിട്ടുണ്ട്.

വനം വകുപ്പ് അധികൃതരും പഞ്ചായത്ത് അംഗം എം.എസ്.സതീഷും സ്ഥലത്തെത്തി. രാത്രി കാട്ടാനയുടെ ശല്യമുണ്ടായാൽ എത്താം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇവരുടെ വീടിനു പിന്നിൽ കാടാണ്. മുൻകാലങ്ങളിൽ കാട്ടാനകൾ വീടിനു സമീപത്തുവരെ എത്തി വാഴക്കൃഷി നശിപ്പിക്കുമായിരുന്നു.വീട്ടു പരിസരത്തെത്തുന്ന കാട്ടാനക്കൂട്ടത്തെ പാട്ട കൊട്ടിയും തീയിട്ടും പടക്കം പൊട്ടിച്ചുമാണ് വീട്ടുകാർ തുരത്തിയിരുന്നത്.ആദ്യമായിട്ടാണ് വീടിന്റെ മുറ്റത്ത് വരെ എത്തി തെങ്ങു മറിച്ചിടുന്നതെന്നു വീട്ടുകാർ പറഞ്ഞു.

കാട്ടു പന്നിയുടെയും കുരങ്ങന്റെയും ശല്യം പ്രദേശത്തു രൂക്ഷമാണ്. കപ്പ അടക്കമുള്ള കൃഷികൾ പന്നി കുത്തി നശിപ്പിക്കും. തേങ്ങയും കരിക്കും കുരങ്ങന്മാർ നശിപ്പിക്കുന്നു.റംബുട്ടാൻ പഴങ്ങളും നശിപ്പിക്കുന്നത് പതിവാണ്. വന്യ മൃഗങ്ങളുടെ ശല്യം അവസാനിപ്പിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

കൃഷി വകുപ്പിന്റെ ഓണച്ചന്തകൾ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും

കാഞ്ഞിരപ്പള്ളി / മുണ്ടക്കയം∙ കൃഷി വകുപ്പിന്റെ ഓണച്ചന്തകൾ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. കൃഷിഭവനുകളുടെ നേതൃത്വത്തിൽ പഞ്ചായത്തുകൾ തോറും ഓണ വിപണികൾ ഇന്നു മുതൽ ഉഷാറാകും. ഹോർട്ടികോർപിൽ നിന്നും ശേഖരിക്കുന്ന ഉൽപന്നങ്ങൾ കൂടാതെ കർഷകരിൽ നിന്നും നാടൻ ഉൽപന്നങ്ങളും സംഭരിച്ച് ഓണവിപണിയിൽ ലഭ്യമാക്കും. പൊതു മൊത്ത വിപണിയിലെ വിലയെക്കാൾ 10 ശതമാനം വില കൂടുതൽ വില നൽകിയാണ് കർഷകരിൽ നിന്നും ഉൽപന്നങ്ങൾ സംഭരിക്കുന്നത്. പൊതു ചില്ലറ വിപണിയിലെ വിലയെക്കാൾ 30 ശതമാനം വരെ കുറച്ചു വിൽക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ നാടൻ ഉൽപന്നങ്ങൾ സംഭരിച്ചു ഓണ വിപണികളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. കൃഷി വകുപ്പിന്റെ ജില്ലാതല സമിതി അന്നന്നു പൊതുവിപണിയിലെ വില നിരീക്ഷിച്ച ശേഷമാണ് ഓണവിപണിയിലെ വില നിശ്ചയിച്ചു നൽകുക. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് ചന്ത പ്രവർത്തിക്കുന്നത്.

∙ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഓണച്ചന്ത ടൗണിൽ മിനി സിവിൽ സ്റ്റേഷനു എതിർവശത്ത് പഞ്ചായത്ത് വക കെട്ടിടത്തിൽ ഇന്നു രാവിലെ 9ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ അധ്യക്ഷത വഹിക്കും.

∙ എലിക്കുളം പഞ്ചായത്തിൽ കൃഷിഭവനും ഫെയ്സ് ഇക്കോ ഷോപ്പുമായി സഹകരിച്ച് കൂരാലിയിൽ ഇരുപ്പക്കാട്ട് ബിൽഡിങ്സിൽ ആരംഭിക്കുന്ന ഓണച്ചന്ത ഇന്നു രാവിലെ 9.30ന് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉദ്ഘാടനം ചെയ്യും.

∙ ചിറക്കടവ് പഞ്ചായത്തിലെ ഓണച്ചന്ത തെക്കേത്തുകവലയിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ വളപ്പിൽ ഇന്ന് ആരംഭിക്കും. രാവിലെ 9ന് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.

∙ പാറത്തോട് പഞ്ചായത്തിലെ കൃഷിവകുപ്പിന്റെ ഓണച്ചന്ത ഇന്നു രാവിലെ 10 മുതൽ കർഷക ഓപ്പൺ മാർക്കറ്റിൽ ആരംഭിക്കും. 11, 12,13 കുടുംബശ്രീയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് വളപ്പിലും ഓണച്ചന്ത പ്രവർത്തിക്കും. ഓണച്ചന്തകൾ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്യും.

∙ മുണ്ടക്കയം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഓണ സമൃദ്ധി ഓണച്ചന്ത ഇന്ന് മുതൽ ആരംഭിക്കും. വില്ലേജ് ഓഫിസിനു സമീപം ആരംഭിക്കുന്ന ചന്ത രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.

∙ കൂട്ടിക്കൽ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലുള്ള ഓണം വിപണി ഇന്ന് മുതൽ പ്രവർത്തിക്കും. കൃഷിഭവനു സമീപമുള്ള കർഷക ഓപ്പൺ മാർക്കറ്റിൽ രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ് ഉദ്ഘാടനം ചെയ്യും.

∙ കോരുത്തോട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലുള്ള ഓണം വിപണി പഞ്ചായത്ത് ഓഫിസിന് സമീപം ഇന്നു രാവിലെ 10ന് പ്രസിഡന്റ് ജാൻസി സാബു ഉദ്ഘാടനം ചെയ്യും.

ഓണച്ചന്തയുമായി കൺസ്യൂമർഫെഡും സഹകരണബാങ്കുകളും

കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ സഹകരണ ബാങ്കുകളും ഓണച്ചന്തകളുമായി സജീവം. മേഖലയിലെ പല സർവീസ് സഹകരണ ബാങ്കുകളും കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ഓണച്ചന്തകൾ ആരംഭിച്ചു. ഇവിടെ13 ഇനം സാധനങ്ങൾ സബ്സ്ഡി നിരക്കിൽ ലഭ്യമാണ്. ആവശ്യമുള്ളവർ റേഷൻ കാർഡ് കൊണ്ടുവരണം.

∙ പൊൻകുന്നം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്ത ബാങ്കിന് എതിർവശത്തുള്ള മംഗലത്ത് ബിൽഡിങ്സിൽ ആരംഭിച്ചു. ഇവിടെ നിന്നും സാധനങ്ങൾ വാങ്ങനെത്തുന്നവർ റേഷൻ കാർഡ് കൊണ്ടുവരണം.

∙ ചിറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ നിർവഹിച്ചു. മണ്ണംപ്ലാക്കൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫിസിന്റെ താഴത്തെ നിലയിലാണ് ഓണച്ചന്ത

∙ കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 12ന് രാവിലെ 10 മുതൽ ഹെഡ് ഓഫിസിലും, വിഴിക്കത്തോട്, കാളകെട്ടി, തമ്പലക്കാട്, ആനക്കല്ല്, കുരിശുകവല എന്നീ ശാഖകളിൽ ഓണച്ചന്തകൾ പ്രവർത്തിക്കും.

നിർദിഷ്ട എരുമേലി എയർപോർട്ട് : സ്ഥലമെടുപ്പിനായുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കി


എരുമേലി : നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പിനായുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കി. സാമൂഹികാഘാത പഠനം നടത്താനുള്ള ഏജൻസിയെയും തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമം 4(1) പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനമാണു പുറത്തിറക്കിയത്. സ്ഥലമേറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനം നടത്തുന്നതിനു കൊച്ചി തൃക്കാക്കര ഭാരതമാതാ കോളജിലെ ഭാരതമാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്കിനെ ചുമതലപ്പെടുത്തി.
2023 ജനുവരി 23ന് ഇറക്കിയ പ്രാഥമിക വിജ്ഞാപനം റദ്ദാക്കിയാണു സർക്കാർ പുതിയ വിജ്‍ഞാപനം ഇറക്കിയത്. പ്രാഥമിക വിജ്ഞാപനത്തിലെയും സാമൂഹികാഘാത പഠനം നടത്താൻ ഏജൻസിയെ നിശ്ചയിച്ചതിലെയും പിഴവു ചൂണ്ടിക്കാട്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ആദ്യ വിജ്ഞാപനം റദ്ദാക്കിയത്.വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമകളായ ബിലീവേഴ്സ് ചർച്ചിനു കീഴിലുള്ള ട്രസ്റ്റാണ് അയന.
2570 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടികളാണു റവന്യു വകുപ്പ് നടത്തുന്നത്. ചെറുവള്ളി എസ്റ്റേറ്റ് സ്ഥലം കൂടാതെ എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 160 ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുക്കുന്നുണ്ട്. 2 വില്ലേജുകളിലെയും 19, 21, 22, 23 എന്നീ ബ്ലോക്കുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്.ഇതിൽ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും 121.876 ഹെക്ടർ സ്വകാര്യഭൂമിയുമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.
∙ സ്ഥലമെടുപ്പിനു ഭൂമി ഏറ്റെടുക്കൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം –2013 ലെ 4(1) വകുപ്പ് പ്രകാരമുള്ള പ്രാഥമിക ഗസറ്റ് വിജ്ഞാപനം ഇന്നലെ പുറത്തിറക്കി.
∙ സാമൂഹികാഘാത പഠനം നടത്താനുള്ള ഏജൻസിയെ തീരുമാനിച്ചു. 3 മാസത്തിനുള്ളിൽ ഏജൻസി റിപ്പോർട്ട് നൽകണം.
ഇനി ∙ സർവേ നടത്തുന്നതിനുള്ള 6 (1) വിജ്ഞാപനം ഇറക്കും. തുടർന്ന് സ്ഥലം അളന്നുതിട്ടപ്പെടുത്തിയ ശേഷം 11 (1) വിജ്ഞാപനം ഇറക്കും.
അതിനു ശേഷം 11(1) പ്രകാരം ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ ഏകദേശ വിസ്തീർണം, വസ്തു ഉടമകളുടെ പേര് വിലാസം ഉൾപ്പെടെ ഗസറ്റിൽ വിജ്ഞാപനം ചെയ്യും. ഇതിനുശേഷം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലമുടമകൾക്കും സമീപ വസ്തു ഉടമകൾക്കും നോട്ടിസ് നൽകി ഓരോ സ്ഥലവും അളന്ന് തിട്ടപ്പെടുത്തും. ഓരോ കാറ്റഗറി തിരിച്ച് സ്ഥലങ്ങളുടെ മൂല്യം കണക്കാക്കും. ഇതോടൊപ്പം നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്ന ജോലി തുടരും.നിർമാണങ്ങളുടെ മൂല്യം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗവും രാജകീയവൃക്ഷങ്ങളുടെ മൂല്യം സാമൂഹിക വനവൽക്കരണ വിഭാഗവും മറ്റു മരങ്ങളുടെയും കാർഷിക വിളകളുടെയും മൂല്യം കൃഷിവകുപ്പുമാണ് കണക്കാക്കുന്നത്. ഇതിനുശേഷം 18. (1) വിജ്ഞാപനം ഇറക്കും. ഏറ്റെടുക്കേണ്ട ഭൂമിയുടെ കൃത്യമായ അളവടക്കമാണ് ഈ വിജ്ഞാപനം ഇറക്കുക. ഇതിനുശേഷം റവന്യു വിഭാഗം സ്ഥലമേറ്റെടുപ്പ് ആരംഭിക്കും.
∙ 11(1) വിജ്ഞാപനം ഇറങ്ങിയ ശേഷംഒരു വർഷത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കണമെന്നാണു ചട്ടം.
വിട്ടുപോയ 3 സർവേ നമ്പറുകൾ കൂടി ചേർത്താണ്പുതിയ വിജ്ഞാപനം . ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടർ പൂർണമായും ഏറ്റെടുക്കുന്നതുകൂടാതെ എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി എസ്റ്റേറ്റിനോട് ചേർന്ന് സ്വകാര്യ വ്യക്തികളുടെ 121.876 ഹെക്ടറും ഏറ്റെടുക്കുന്നുണ്ട്. ഇതിലാണ് കഴിഞ്ഞ തവണ വിട്ടുപോയ 3 സർവേ നമ്പറുകളിലെ 1 ഏക്കർ കൂടി ഉൾപ്പെട്ടത്.
ഏറെ പ്രതിഷേധം ഉയർന്നതു സാമൂഹികാഘാത പഠനത്തെക്കുറിച്ചാണ് നേരത്തെ റിപ്പോർട്ട് നൽകിയതു സർക്കാർ പങ്കാളിത്തമുള്ള ഏജൻസിയാണെന്നു കോടതി നിരീക്ഷിച്ചു. ചട്ടപ്രകാരം ഇത് അനുവദിക്കില്ല. തുടർന്നാണ് പുതിയ ഏജൻസിയെ ചുമതല ഏൽപിച്ചത്. ഏറ്റെടുക്കുന്ന സ്ഥലങ്ങളും വീടുകളും സന്ദർശിച്ച് സാമൂഹികമായും ഭൂമിപരമായും തൊഴിൽപരമായും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ കണക്കാക്കും. ആദ്യം കരടു റിപ്പോർട്ട് പ്രസിദ്ധീകരിക്കും.ജനങ്ങളുടെ അദാലത്ത് നടത്തി അഭിപ്രായം കേട്ട ശേഷം വിശദറിപ്പോർട്ട് പ്രസിദ്ധീകരിക്കും. ഈ റിപ്പോർട്ട് പഠിക്കുന്നതിനു വിദഗ്ധ സമിതി രൂപീകരിക്കും. ഈ സമിതിയുടെ റിപ്പോർട്ട് കൂടി ചേർത്താവും അന്തിമ റിപ്പോർട്ട്.
സാമൂഹികാഘാത പഠനം നടത്തിയ ഏജൻസി സ്വതന്ത്രമായിരിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടതാണ് ആദ്യ പിഴവായി അയന ട്രസ്റ്റ് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. എസ്റ്റേറ്റിന്റെ 2263.18 ഏക്കറിന്റെ ഉടമസ്ഥാവകാശം സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നില്ല. ഭൂമി ആരുടെതാണെന്നു വിജ്ഞാപനത്തിൽ വ്യക്തമാക്കണമെന്നാണു വ്യവസ്ഥ. ഈ 2 കാര്യങ്ങൾ മുൻനിർത്തിയാണ് വിജ്ഞാപനവും സാമൂഹികാഘാത പഠനവും റദ്ദാക്കിയത്.
2570 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടികളാണു റവന്യു വകുപ്പ് നടത്തുന്നത്. ചെറുവള്ളി എസ്റ്റേറ്റ് സ്ഥലം കൂടാതെ എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 160 ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുക്കുന്നുണ്ട്. 2 വില്ലേജുകളിലെയും 19, 21, 22, 23 എന്നീ ബ്ലോക്കുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്.ഇതിൽ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും 121.876 ഹെക്ടർ സ്വകാര്യഭൂമിയുമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.

ഓണാഘോഷവും അനുമോദന സമ്മേളനവും

പൊൻകുന്നം ∙ ടൗൺ ഡവലപ്മെന്റ് കൗൺസിലിന്റെ ഓണാഘോഷവും അനുമോദന സമ്മേളനവും നാളെ വൈകിട്ട് 6ന് ഹിൽഡ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സെക്രട്ടറി ആർ.എസ്.അജിത്കുമാർ അറിയിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് സൻജു ജോസഫ് അധ്യക്ഷത വഹിക്കും.

ഓണക്കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ നിർവഹിക്കും. പി.എൻ.പണിക്കർ പുരസ്കാരം നേടിയ പൊൻകുന്നം സെയ്ത്, പ്രേംനസീർ പുരസ്കാര ജേതാവ് പ്രദീപ് ഗോപി, വൃക്ഷമിത്ര അവാർഡ് ജേതാവ് എസ്.ബിജു, അധ്യാപക അവാർഡ് ജേതാവ് തോമസ് പടിയറ, മെൻഡലിസം ലോക റെക്കോർഡ് നേടിയ സജീവ് പള്ളത്ത് എന്നിവരെ അനുമോദിക്കും.

icon

ഇന്നത്തെ പരിപാടി

∙ പൊൻകുന്നം സാന്തോം റിട്രീറ്റ് സെന്റർ: ആത്മാഭിഷേക ധ്യാനവും നിയോഗ പ്രാർഥനയും ബ്രദർ സണ്ണി കോട്ടയം. – 9.30

∙ ഇളങ്ങുളം ദേവസ്വം ഓഡിറ്റോറിയം: കൂരാലി ആർപിഎസിന്റെ വാർഷിക പൊതുയോഗം – 10.00

അധ്യാപക ഒഴിവ്

ചങ്ങനാശേരി ∙ ഗവ. ഹയർ സെ ക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ മലയാളം വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളുമായി നാളെ 2നു സ്കൂൾ ഓഫിസിൽ എത്തണം. 9495277740.

icon

error: Content is protected !!