അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു
കാഞ്ഞിരപ്പള്ളി : സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ കാഞ്ഞിരപ്പള്ളി സ്വദേശി നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡു ചെയ്തു. കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർഥി യായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വിമർശനവുമായി നോബിൾ മാത്യു രംഗത്തു വന്നിരുന്നു.തുടർന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നടപടിയെടുത്തത്.
തന്നെപ്പോലെ വർഷങ്ങളായി വിറക് വെട്ടുന്നവരും വെള്ളം കോരുന്നവരും ആയ നിരവധി പ്രവർത്തകർ പാർട്ടിയിൽ ഉണ്ടായിരുന്നിട്ടും അവരെയൊന്നും പാർട്ടി പരിഗണിച്ചില്ലെന്നും നോബിൾ പറയുന്നു. കേന്ദ്ര മന്ത്രിക്ക് പകരം നോബിൾ മാത്യുവിനെ കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർഥി ആക്കിയിരുന്നെങ്കിൽ, ജയിക്കുവാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നുവെന്നും നോബിൾ പറഞ്ഞു . തനിക്ക് കാഞ്ഞിരപ്പള്ളിയിൽ ശക്തമായ ബന്ധങ്ങൾ ഉണ്ടെന്നും, ജോർജ് കുര്യന് കാഞ്ഞിരപ്പള്ളിയിൽ ബന്ധങ്ങൾ ഒന്നുമില്ലെന്നും നോബിൾ ആരോപിച്ചു . അതിനാൽ തന്നെ ജോർജ് കുര്യന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും 20,000 വോട്ട് തികച്ചു കിട്ടില്ലെന്നാണ് നോബിൾ മാത്യുവിന്റെ വാദം
നിയോജകമണ്ഡലത്തിൽ നിന്നും പരിഗണിച്ച പേരുകൾക്ക് അകത്ത് ജോർജ് കുര്യന്റെ പേരില്ലെന്നും നോബിൾ വാദിക്കുന്നു.
കഴിഞ്ഞ 11 വർഷമായി താൻ ബിജെപിക്കായി പ്രവർത്തിക്കുകയാണെന്നും തനിക്ക് അർഹമായ പരിഗണന നൽകിയില്ലെന്നും നോബിൾ പറഞ്ഞു . ബിജെപി പാർട്ടിയിൽ ശകത്മായ ഗ്രൂപ്പിസം ഉണ്ടെന്നും, ഗ്രൂപ്പ് വീതം വയ്ക്കലാണ് നടന്നിരിക്കുന്നതെന്നും നോബിൾ മാത്യു ആരോപിച്ചു . ഗ്രൂപ്പ് കളിച്ചവർക്ക് മാത്രമാണ് സീറ്റ് ലഭിച്ചതെന്നും, മറ്റുള്ളവർ എല്ലാം ഔട്ട് ആയെന്നുമാണ് നോബിൾ പറയുന്നത്. ഭാവി പരിപാടിയെപ്പറ്റി സുഹൃത്തുക്കളോട് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു . ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നോബിൾ മാത്യു അത്തരം കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്.
തുടർന്നാണ് ബിജെപി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. നോബിൾ മാത്യുവിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ബിജെപിയുടെ പ്രാഥമിക അംഗത്വ ത്തിൽ നിന്ന് സസ്പെൻഡു ചെയ്തത്.
