കൃഷി വകുപ്പിന്റെ ഓണച്ചന്തകൾ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും
കാഞ്ഞിരപ്പള്ളി / മുണ്ടക്കയം∙ കൃഷി വകുപ്പിന്റെ ഓണച്ചന്തകൾ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. കൃഷിഭവനുകളുടെ നേതൃത്വത്തിൽ പഞ്ചായത്തുകൾ തോറും ഓണ വിപണികൾ ഇന്നു മുതൽ ഉഷാറാകും. ഹോർട്ടികോർപിൽ നിന്നും ശേഖരിക്കുന്ന ഉൽപന്നങ്ങൾ കൂടാതെ കർഷകരിൽ നിന്നും നാടൻ ഉൽപന്നങ്ങളും സംഭരിച്ച് ഓണവിപണിയിൽ ലഭ്യമാക്കും. പൊതു മൊത്ത വിപണിയിലെ വിലയെക്കാൾ 10 ശതമാനം വില കൂടുതൽ വില നൽകിയാണ് കർഷകരിൽ നിന്നും ഉൽപന്നങ്ങൾ സംഭരിക്കുന്നത്. പൊതു ചില്ലറ വിപണിയിലെ വിലയെക്കാൾ 30 ശതമാനം വരെ കുറച്ചു വിൽക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ നാടൻ ഉൽപന്നങ്ങൾ സംഭരിച്ചു ഓണ വിപണികളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. കൃഷി വകുപ്പിന്റെ ജില്ലാതല സമിതി അന്നന്നു പൊതുവിപണിയിലെ വില നിരീക്ഷിച്ച ശേഷമാണ് ഓണവിപണിയിലെ വില നിശ്ചയിച്ചു നൽകുക. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് ചന്ത പ്രവർത്തിക്കുന്നത്.
∙ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഓണച്ചന്ത ടൗണിൽ മിനി സിവിൽ സ്റ്റേഷനു എതിർവശത്ത് പഞ്ചായത്ത് വക കെട്ടിടത്തിൽ ഇന്നു രാവിലെ 9ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ അധ്യക്ഷത വഹിക്കും.
∙ എലിക്കുളം പഞ്ചായത്തിൽ കൃഷിഭവനും ഫെയ്സ് ഇക്കോ ഷോപ്പുമായി സഹകരിച്ച് കൂരാലിയിൽ ഇരുപ്പക്കാട്ട് ബിൽഡിങ്സിൽ ആരംഭിക്കുന്ന ഓണച്ചന്ത ഇന്നു രാവിലെ 9.30ന് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉദ്ഘാടനം ചെയ്യും.
∙ ചിറക്കടവ് പഞ്ചായത്തിലെ ഓണച്ചന്ത തെക്കേത്തുകവലയിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ വളപ്പിൽ ഇന്ന് ആരംഭിക്കും. രാവിലെ 9ന് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.
∙ പാറത്തോട് പഞ്ചായത്തിലെ കൃഷിവകുപ്പിന്റെ ഓണച്ചന്ത ഇന്നു രാവിലെ 10 മുതൽ കർഷക ഓപ്പൺ മാർക്കറ്റിൽ ആരംഭിക്കും. 11, 12,13 കുടുംബശ്രീയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് വളപ്പിലും ഓണച്ചന്ത പ്രവർത്തിക്കും. ഓണച്ചന്തകൾ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്യും.
∙ മുണ്ടക്കയം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഓണ സമൃദ്ധി ഓണച്ചന്ത ഇന്ന് മുതൽ ആരംഭിക്കും. വില്ലേജ് ഓഫിസിനു സമീപം ആരംഭിക്കുന്ന ചന്ത രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.
∙ കൂട്ടിക്കൽ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലുള്ള ഓണം വിപണി ഇന്ന് മുതൽ പ്രവർത്തിക്കും. കൃഷിഭവനു സമീപമുള്ള കർഷക ഓപ്പൺ മാർക്കറ്റിൽ രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ് ഉദ്ഘാടനം ചെയ്യും.
∙ കോരുത്തോട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലുള്ള ഓണം വിപണി പഞ്ചായത്ത് ഓഫിസിന് സമീപം ഇന്നു രാവിലെ 10ന് പ്രസിഡന്റ് ജാൻസി സാബു ഉദ്ഘാടനം ചെയ്യും.
ഓണച്ചന്തയുമായി കൺസ്യൂമർഫെഡും സഹകരണബാങ്കുകളും
കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ സഹകരണ ബാങ്കുകളും ഓണച്ചന്തകളുമായി സജീവം. മേഖലയിലെ പല സർവീസ് സഹകരണ ബാങ്കുകളും കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ഓണച്ചന്തകൾ ആരംഭിച്ചു. ഇവിടെ13 ഇനം സാധനങ്ങൾ സബ്സ്ഡി നിരക്കിൽ ലഭ്യമാണ്. ആവശ്യമുള്ളവർ റേഷൻ കാർഡ് കൊണ്ടുവരണം.
∙ പൊൻകുന്നം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്ത ബാങ്കിന് എതിർവശത്തുള്ള മംഗലത്ത് ബിൽഡിങ്സിൽ ആരംഭിച്ചു. ഇവിടെ നിന്നും സാധനങ്ങൾ വാങ്ങനെത്തുന്നവർ റേഷൻ കാർഡ് കൊണ്ടുവരണം.
∙ ചിറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ നിർവഹിച്ചു. മണ്ണംപ്ലാക്കൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫിസിന്റെ താഴത്തെ നിലയിലാണ് ഓണച്ചന്ത
∙ കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 12ന് രാവിലെ 10 മുതൽ ഹെഡ് ഓഫിസിലും, വിഴിക്കത്തോട്, കാളകെട്ടി, തമ്പലക്കാട്, ആനക്കല്ല്, കുരിശുകവല എന്നീ ശാഖകളിൽ ഓണച്ചന്തകൾ പ്രവർത്തിക്കും.