നിർദിഷ്ട എരുമേലി എയർപോർട്ട് : സ്ഥലമെടുപ്പിനായുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കി

എരുമേലി : നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പിനായുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കി. സാമൂഹികാഘാത പഠനം നടത്താനുള്ള ഏജൻസിയെയും തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമം 4(1) പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനമാണു പുറത്തിറക്കിയത്. സ്ഥലമേറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനം നടത്തുന്നതിനു കൊച്ചി തൃക്കാക്കര ഭാരതമാതാ കോളജിലെ ഭാരതമാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്കിനെ ചുമതലപ്പെടുത്തി.

2023 ജനുവരി 23ന് ഇറക്കിയ പ്രാഥമിക വിജ്ഞാപനം റദ്ദാക്കിയാണു സർക്കാർ പുതിയ വിജ്‍ഞാപനം ഇറക്കിയത്. പ്രാഥമിക വിജ്ഞാപനത്തിലെയും സാമൂഹികാഘാത പഠനം നടത്താൻ ഏജൻസിയെ നിശ്ചയിച്ചതിലെയും പിഴവു ചൂണ്ടിക്കാട്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ആദ്യ വിജ്ഞാപനം റദ്ദാക്കിയത്.വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമകളായ ബിലീവേഴ്സ് ചർച്ചിനു കീഴിലുള്ള ട്രസ്റ്റാണ് അയന.

2570 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടികളാണു റവന്യു വകുപ്പ് നടത്തുന്നത്. ചെറുവള്ളി എസ്റ്റേറ്റ് സ്ഥലം കൂടാതെ എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 160 ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുക്കുന്നുണ്ട്. 2 വില്ലേജുകളിലെയും 19, 21, 22, 23 എന്നീ ബ്ലോക്കുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്.ഇതിൽ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും 121.876 ഹെക്ടർ സ്വകാര്യഭൂമിയുമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.

∙ സ്ഥലമെടുപ്പിനു ഭൂമി ഏറ്റെടുക്കൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം –2013 ലെ 4(1) വകുപ്പ് പ്രകാരമുള്ള പ്രാഥമിക ഗസറ്റ് വിജ്ഞാപനം ഇന്നലെ പുറത്തിറക്കി.

∙ സാമൂഹികാഘാത പഠനം നടത്താനുള്ള ഏജൻസിയെ തീരുമാനിച്ചു. 3 മാസത്തിനുള്ളിൽ ഏജൻസി റിപ്പോർട്ട് നൽകണം.

ഇനി ∙ സർവേ നടത്തുന്നതിനുള്ള 6 (1) വിജ്ഞാപനം ഇറക്കും. തുടർന്ന് സ്ഥലം അളന്നുതിട്ടപ്പെടുത്തിയ ശേഷം 11 (1) വിജ്ഞാപനം ഇറക്കും.

അതിനു ശേഷം 11(1) പ്രകാരം ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ ഏകദേശ വിസ്തീർണം, വസ്തു ഉടമകളുടെ പേര് വിലാസം ഉൾപ്പെടെ ഗസറ്റിൽ വിജ്ഞാപനം ചെയ്യും. ഇതിനുശേഷം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലമുടമകൾക്കും സമീപ വസ്തു ഉടമകൾക്കും നോട്ടിസ് നൽകി ഓരോ സ്ഥലവും അളന്ന് തിട്ടപ്പെടുത്തും. ഓരോ കാറ്റഗറി തിരിച്ച് സ്ഥലങ്ങളുടെ മൂല്യം കണക്കാക്കും. ഇതോടൊപ്പം നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്ന ജോലി തുടരും.നിർമാണങ്ങളുടെ മൂല്യം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗവും രാജകീയവൃക്ഷങ്ങളുടെ മൂല്യം സാമൂഹിക വനവൽക്കരണ വിഭാഗവും മറ്റു മരങ്ങളുടെയും കാർഷിക വിളകളുടെയും മൂല്യം കൃഷിവകുപ്പുമാണ് കണക്കാക്കുന്നത്. ഇതിനുശേഷം 18. (1) വിജ്ഞാപനം ഇറക്കും. ഏറ്റെടുക്കേണ്ട ഭൂമിയുടെ കൃത്യമായ അളവടക്കമാണ് ഈ വിജ്ഞാപനം ഇറക്കുക. ഇതിനുശേഷം റവന്യു വിഭാഗം സ്ഥലമേറ്റെടുപ്പ് ആരംഭിക്കും.

∙ 11(1) വിജ്ഞാപനം ഇറങ്ങിയ ശേഷംഒരു വർഷത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കണമെന്നാണു ചട്ടം.

വിട്ടുപോയ 3 സർവേ നമ്പറുകൾ കൂടി ചേർത്താണ്പുതിയ വിജ്ഞാപനം . ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടർ പൂർണമായും ഏറ്റെടുക്കുന്നതുകൂടാതെ എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി എസ്റ്റേറ്റിനോട് ചേർന്ന് സ്വകാര്യ വ്യക്തികളുടെ 121.876 ഹെക്ടറും ഏറ്റെടുക്കുന്നുണ്ട്. ഇതിലാണ് കഴിഞ്ഞ തവണ വിട്ടുപോയ 3 സർവേ നമ്പറുകളിലെ 1 ഏക്കർ കൂടി ഉൾപ്പെട്ടത്.

ഏറെ പ്രതിഷേധം ഉയർന്നതു സാമൂഹികാഘാത പഠനത്തെക്കുറിച്ചാണ് നേരത്തെ റിപ്പോർട്ട് നൽകിയതു സർക്കാർ പങ്കാളിത്തമുള്ള ഏജൻസിയാണെന്നു കോടതി നിരീക്ഷിച്ചു. ചട്ടപ്രകാരം ഇത് അനുവദിക്കില്ല. തുടർന്നാണ് പുതിയ ഏജൻസിയെ ചുമതല ഏൽപിച്ചത്. ഏറ്റെടുക്കുന്ന സ്ഥലങ്ങളും വീടുകളും സന്ദർശിച്ച് സാമൂഹികമായും ഭൂമിപരമായും തൊഴിൽപരമായും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ കണക്കാക്കും. ആദ്യം കരടു റിപ്പോർട്ട് പ്രസിദ്ധീകരിക്കും.ജനങ്ങളുടെ അദാലത്ത് നടത്തി അഭിപ്രായം കേട്ട ശേഷം വിശദറിപ്പോർട്ട് പ്രസിദ്ധീകരിക്കും. ഈ റിപ്പോർട്ട് പഠിക്കുന്നതിനു വിദഗ്ധ സമിതി രൂപീകരിക്കും. ഈ സമിതിയുടെ റിപ്പോർട്ട് കൂടി ചേർത്താവും അന്തിമ റിപ്പോർട്ട്.

സാമൂഹികാഘാത പഠനം നടത്തിയ ഏജൻസി സ്വതന്ത്രമായിരിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടതാണ് ആദ്യ പിഴവായി അയന ട്രസ്റ്റ് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. എസ്റ്റേറ്റിന്റെ 2263.18 ഏക്കറിന്റെ ഉടമസ്ഥാവകാശം സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നില്ല. ഭൂമി ആരുടെതാണെന്നു വിജ്ഞാപനത്തിൽ വ്യക്തമാക്കണമെന്നാണു വ്യവസ്ഥ. ഈ 2 കാര്യങ്ങൾ മുൻനിർത്തിയാണ് വിജ്ഞാപനവും സാമൂഹികാഘാത പഠനവും റദ്ദാക്കിയത്.

2570 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടികളാണു റവന്യു വകുപ്പ് നടത്തുന്നത്. ചെറുവള്ളി എസ്റ്റേറ്റ് സ്ഥലം കൂടാതെ എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 160 ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുക്കുന്നുണ്ട്. 2 വില്ലേജുകളിലെയും 19, 21, 22, 23 എന്നീ ബ്ലോക്കുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്.ഇതിൽ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും 121.876 ഹെക്ടർ സ്വകാര്യഭൂമിയുമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.

error: Content is protected !!