പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വോട്ടിങ് നില – പഞ്ചായത്ത് , ബൂത്തുകൾ അടിസ്ഥാനത്തിൽ.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും ഒൻപത് പഞ്ചായത്തുകളിലും കരുത്തുകാട്ടി യു.ഡി.എഫ്. തീക്കോയി, തിടനാട്, പാറത്തോട്, കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളിൽ യു.ഡി.എഫ്. ലീഡു നേടി. ഈരാറ്റുപേട്ട നഗരസഭയിൽ മാത്രമാണ് എൽ.ഡി.എഫിന് ലീഡ് നേടാനായത്. പൂഞ്ഞാർ തെക്കേക്കരയിലും പൂഞ്ഞാറിലും എൻ.ഡി.എ. ലീഡുപിടിച്ചു.
കഴിഞ്ഞ മത്സരത്തിൽ 2021 -ൽ 16,817 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ 6,693 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിലംപരിശാക്കിയാണ് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. എം. ജെ. സെബാസ്റ്റ്യൻ അട്ടിമറി വിജയം നേടിയത്.
കഴിഞ്ഞ തവണ ഒരുമണ്ഡലത്തിൽപോലും ലീഡ് നേടാതിരുന്ന യു.ഡി.എഫിന് ആറ് പഞ്ചായത്തുകളിൽ ലീഡ് നേടാനായി. കഴിഞ്ഞ തവണ ഈരാറ്റുപേട്ടയിൽ 4102 വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി. എഫിന് ലഭിച്ചിരുന്നു. ഇത്തവണയിത് 1298 ആയി ചുരുക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. കഴിഞ്ഞതവണ തീക്കോയി, തിടനാട് പഞ്ചായത്തുകളിൽ പി.സി. ജോർജ് ഭൂരിപക്ഷം നേടിയിരുന്നു. ഇത്തവണ ഈ രണ്ട് പഞ്ചായത്തുകളും യു.ഡി.എഫിന് തിരിച്ചു പിടിക്കാനായി. തീക്കോയി 619 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നേടിയപ്പോൾ, തിടനാട് പഞ്ചായത്തിൽ 269 വോട്ടുകളുടെ ലീഡും നേടുവാനായി . പൂഞ്ഞാറിലും പൂഞ്ഞാർ തെക്കേക്കരയിലും പിസി ജോർജ് ആയിരത്തിനടുത്തു വോട്ടുകളുടെ ലീഡ് പിടിച്ചപ്പോൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് ഈരാറ്റുപേട്ട നഗരസഭയിൽ മാത്രമാണ് ലീഡ് ലഭിച്ചത് . എരുമേലി, പാറത്തോട് എന്നീ പഞ്ചായത്തുകളിലെ മുൻതൂക്കം എൽ.ഡി.എഫിന് നഷ്ടമായി. പാറത്തോട് പഞ്ചായത്തിൽ വൻതിരിച്ചടിയാണ് എൽ.ഡി. എഫിനുണ്ടായത്. എൽ.ഡി. എഫ്. ഭരിക്കുന്ന പഞ്ചായത്ത് കൂടിയാണിത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടുനേട്ടം ഈ തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. ആവർത്തിച്ചു. 1790 വോട്ടുകളുടെ ഭൂരിപക്ഷം ആണ് പാറത്തോട്ടിൽ നിന്നും യുഡിഎഫ് നേടിയത് . മുണ്ടക്കയത്ത് 1800 വോട്ടുകളുടെ മഹാ ലീഡ് നേടിയപ്പോൾ എരുമേലിയിൽ 996 വോട്ടുകളുടെ ഭൂരിപക്ഷം നേടി അഡ്വ എം ജെ സെബാസ്റ്റ്യൻ അട്ടിമറി വിജയം പൂർത്തിയാക്കി .
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലെയും ബൂത്ത് തിരിച്ചുള്ള വോട്ടിങ് നിലയും, ലീഡും ഇവിടെ കാണുക :
