KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരളാ കോൺഗ്രസ് (എം ) മറക്കുവാൻ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ..

ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ട് കേരള കോൺഗ്രസ് (എം) തകർന്നടിഞ്ഞതോടെ, പ്രവർത്തകർക്ക് ഒരിക്കലും ഓർമ്മിക്കുവാൻ ആഗ്രഹിക്കാതെ തിരഞ്ഞെടുപ്പായി മാറി. എന്നാൽ, പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് വിഭാഗം മത്സരിച്ച എട്ടിൽ ഏഴ് സീറ്റിലും വിജയിച്ച് യുഡിഎഫിൽ കരുത്ത് തെളിയിച്ചതോടെ എം വിഭാഗത്തിലെ പ്രവർത്തകർ കൂടുതൽ നിരാശയിലായി.

കഴിഞ്ഞ തവണ 12 മണ്ഡലങ്ങളിൽ മത്സരിച്ച് അഞ്ചു സീറ്റുകളിൽ വിജയിച്ച മാണി ഗ്രൂപ്പിനാണ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഉൾപ്പെടെ 12 സീറ്റിലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.

ഏക മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിൽ യുഡിഎഫിലെ റോയി കെ. പൗലോസിനോട് 23,822 വോട്ടിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങി. അവസാന ലാപ്പിലെങ്കിലും പാലായിൽ ജോസ് കെ.മാണി ചെറിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മാണി സി. കാപ്പനോട് 2,991 വോട്ടിനു പരാജയപ്പെട്ടു.

കാഞ്ഞിരപ്പള്ളിയിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉറപ്പായും വിജയിക്കുമെന്നായിരുന്നു കേരള കോൺഗ്രസ് കണക്കുകൂട്ടൽ. എന്നാൽ പുതുമുഖം പ്രഫ. റോണി കെ. ബേബി 5,772 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കാഞ്ഞിരപ്പള്ളിയിൽ അട്ടിമറി വിജയം നേടിയത് . തുടർച്ചയായ നാലാം ജയം തേടിയാണ് പ്രഫ. എൻ.ജയരാജ് ഇത്തവണ വീണ്ടും ജനവിധി തേടിയത്. ഇടത്-വലത് മുന്നണികൾക്കൊപ്പം നിന്ന് മുൻപ് കാഞ്ഞിരപ്പള്ളിയിൽ വെന്നിക്കൊടി പാറിച്ച ജയരാജിന്റെ പരാജയം ഇടത് കേന്ദ്രങ്ങളെയും പാർട്ടിയെയും ഞെട്ടിച്ചു. ഡോ. എൻ. ജയരാജിന്റെ സ്വന്തം നാടായ കറുകച്ചാലിലും റോണി കെ. ബേബി ലീഡ് നേടിയത് രാഷ്ട്രീയ നിരീക്ഷകരെ പോലും അമ്പരപ്പിച്ചു.

പൂഞ്ഞാറിലും ചങ്ങനാശേരിയിലും ശക്തമായ മത്സരമാണ് സിറ്റിംഗ് എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കലും ജോബ് മൈക്കിളും നേരിട്ടത്. റാന്നി മണ്ഡലത്തിൽ പ്രമോദ് നാരായണനും തോൽവി ഏറ്റുവാങ്ങി. കേരള കോൺഗ്രസ് -എം മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, പിറവം, പെരുമ്പാവൂർ, ചാലക്കുടി, ഇരിക്കൂർ മണ്ഡലങ്ങളിലും ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്.

ഇടതുപക്ഷത്തെ കേരള കോൺഗ്രസ് (എം) തകർന്നടിഞ്ഞപ്പോൾ, യുഡിഎഫിന് ഒപ്പം നിന്ന് കേരള കോൺഗ്രസ് കരുത്തുകാട്ടുന്ന കാഴ്ചയും കണ്ടു കേരളം. പിജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിന് കാഞ്ഞങ്ങാട് ഒഴികെ മത്സരിച്ച എല്ലാ സീറ്റിലും തകർപ്പൻ വിജയം. പിജെ ജോസഫിന്റെ പിൻഗാമിയായി തൊടുപുഴയിൽ മൽസരിച്ച മകൻ അപു ജോൺ ജോസഫ് 40,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഗംഭീര വിജയം നേടി. തിരുവല്ല, കടുത്തുരുത്തി, കുട്ടനാട്, ചങ്ങനാശേരി, കോതമംഗലം, ഇരിങ്ങാലക്കുട സീറ്റുകളും ജയിച്ച ജോസഫ് ഗ്രൂപ്പ് യുഡിഎഫിൽ രണ്ടു മന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെടാൻ പാകത്തിലുള്ള കരുത്തുമായാണ് വമ്പൻ തിരിച്ചുവരവ് നടത്തിയത്.

error: Content is protected !!