അനുജനെ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയ ആദിശേഷന്റെ ധീരതയ്ക്ക് സ്‌കൂളിന്റെ അനുമോദനം
ഇളങ്ങുളം ഹൈവേയിലെ വാഹനത്തിരക്കിലേക്ക് ഓടിക്കയറിയ ഒന്നരവയസ്സുകാരനെ വാഹനങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തിയ ഒൻപതുവയസ്സുകാരൻ സഹോദരന് വിദ്യാലയത്തിന്റെ അനുമോദനം. രക്ഷാപ്രവർത്തനം നടത്തിയ ഇളങ്ങുളം ശാസ്താദേവസ്വം കെ.വി.എൽ.പി. ജി.സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥി ആദിശേഷനെ സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എ.യും ചേർന്ന് അനുമോദിച്ചു. ശാസ്താ ദേവസ്വം സെക്രട്ടറി സുനിൽകുമാർ കാഞ്ഞിരമുറ്റം പുരസ്‌കാരം നൽകി. പ്രഥമാധ്യാപിക ജി. ജിജി, പഞ്ചായത്തംഗവും പി.ടി .എ. പ്രസിഡൻറുമായ അഖിൽ അപ്പുക്കുട്ടൻ, സുജാതാദേവി, ഇ.എസ്. നന്ദഗോപൻ എന്നിവർ പ്രസംഗിച്ചു.
തപാൽവകുപ്പ് ജീവനക്കാരായ പൊൻകുന്നം അട്ടിക്കൽ മരുതുംവേലിൽ സന്തോഷിന്റെയും വിനുവിന്റെയും മകനാണ് ആദിശേഷൻ. ഒന്നരവയസ്സു ള്ള ശിവശങ്കരൻ, ഹരിഗോവിന്ദ് എന്നീ ഇരട്ടക്കുട്ടികൾ കൂടിയുണ്ടിവർക്ക്. കഴിഞ്ഞദിവസം വൈകീട്ട് കുസൃതികാട്ടി ഹരിഗോ
വിന്ദ് വീട്ടുമുറ്റത്തുനിന്ന് 50 മീറ്റ റോളം അകലെ പുനലൂർ-മൂവറ്റുപുഴ ഹൈവേയിലേക്ക് ഓടി കയറി. കർക്കടകമാസദർശന ത്തിനായി പോകുന്ന ശബരി മലതീർഥാടകരുടേതുൾപ്പെടെ നിരവധി വാഹനങ്ങൾ നിരനിരയായി ഓടുന്ന റോഡിലേക്കുള്ള ഹരിഗോവിന്ദിന്റെ അപ്രതീക്ഷിത ഓട്ടം കണ്ടുനിന്നവരെ സ്‌തബ്‌ധരാക്കി. എന്നാൽ ആദിശേഷൻ വാഹനത്തിരക്കിനെ മറികടന്ന് ഹൈവേയിൽനിന്ന് അനുജനെ വാരിയെടുത്ത് രക്ഷിക്കുകയായിരുന്നു.