പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയാക്കി മുണ്ടക്കയം കോസ്‌വേ തുറന്നുകൊടുത്തു.

മുണ്ടക്കയം : കോരുത്തോട്, എരുമേലി റൂട്ടുകളിലായി ഒരുമാസക്കാലം നീണ്ട ദുരിത യാത്രയ്ക്കും മുണ്ടക്കയം ടൗണിലെ ഗതാഗതക്കുരുക്കിനും അവസാനമായി. 2021ലെ പ്രളയത്തിൽ കോൺക്രീറ്റിംഗ് ഇളകി തകരാറിലാവുകയും, യാത്രാക്ലേശം നേരിടുകയും ചെയ്തിരുന്ന മുണ്ടക്കയം കോസ് വേ പാലം പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം മുഖേന 8. 5 ലക്ഷം രൂപ അനുവദിച്ച് റീ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി പൊതുഗതാഗതത്തിനായി തുറന്നു നൽകി. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസിന്റെ അധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മണിമലയാർ പല നാളുകളിലായി കരകയറി ഒഴുകി കോസ്‌വേയുടെ ഉപരിതലത്തിലെ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു പോയിരുന്നു. ഇതോടെ വെള്ളക്കെട്ടും രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു മാസക്കാലം പാലം അടച്ചിട്ട് കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചത്. പാലം അടച്ചതോടെ ടൗണിൽ ഗതാഗത പ്രശ്നം സങ്കീർണമായിരുന്നു . കോരുത്തോട്, എരുമേലി ഭാഗത്തേക്കുള്ള വാഹനങ്ങൾ ദേശീയപാതയിൽ മുളങ്കയം കവല വഴി കടത്തിവിട്ടിരുന്നു. ഇവിടെ ആവശ്യത്തിനു വീതി ഇല്ലാത്തതിനാൽ വലിയ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരിയാൻ പ്രയാസം നേരിട്ടു. വാഹനം തിരിച്ച് എടുക്കാൻ അധികസമയം വേണ്ടി വന്നതോടെ ഇവിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ടൗണിലേക്കും ദേശീയപാതയിലും നീണ്ടു. മുളങ്കയം വരിക്കാനി റോഡിൽ വീതി കുറവായതിനാൽ വലിയ വാഹനങ്ങൾ ഒരുമിച്ച് ഇരു ദിശകളിൽ എത്തുമ്പോൾ ഗതാഗത തടസ്സവും ഉണ്ടായിരുന്നു. ഇൗ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരമായി.

പാലം കോൺക്രീറ്റ് ചെയ്തെങ്കിലും പ്രളയത്തിൽ വലിയ തടികൾ ഇടിച്ച് തൂണുകൾക്കു കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും കമ്പികൾ തെളിഞ്ഞ നിലയിലാണ്. കോസ്‌വേയുടെ സമാന്തരമായി വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന പുതിയ പാലം നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചതായും എംഎൽഎ അറിയിച്ചു.

error: Content is protected !!