കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 03/08/2024

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ നടന്ന മീനരി വഴിപാട് (മീനൂട്ട് )

ചിറക്കടവ് : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്രധാനക്ഷേത്രമായ ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഓഗസ്റ്റ് മൂന്നിന് കർക്കടകവാവുദിനത്തിൽ പിതൃപുണ്യത്തിനും രോഗശാന്തിക്കുമായി മീനൂട്ട് എന്ന സവിശേഷ ആചാരം നടത്തി. ക്ഷേത്രത്തിന് കിഴക്കേനടയിലെ വിശാലമായ ചിറയിലെ മത്സ്യസമ്പത്തിന് ഭക്തർ ധാന്യങ്ങൾ അർപ്പിക്കുന്ന ചടങ്ങാണ് മീനരി വഴിപാട് അഥവാ മീനൂട്ട്. ശ്രീകോവിലിൽ നിന്ന് പൂജിച്ച് നൽകിയ ധാന്യങ്ങളാണ് ഭക്തർ ചിറയിൽ ഇട്ടത്. കുളത്തിലെ ആയിരക്കണക്കിന് മീനുകൾ ഈ സമയം ചിറയുടെ ഉപരിതലത്തിലെത്തി ധാന്യങ്ങൾ ഭക്ഷിച്ചു. വീഡിയോ കാണുക :

ബസിൽ കളഞ്ഞുകിട്ടിയ രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണം ഉടമയ്ക്ക് കൈമാറി ജീവനക്കാർ മാതൃകയായി

പൊൻകുന്നം: ബസിൽ കിടന്നുകിട്ടിയ വജ്രാഭരണം ഉടമയുടെ കൈകളിലേൽപ്പിച്ച് ബസ് ജീവനക്കാർ മാതൃകയായി . പൊൻകുന്നം കിഡ്‌സ് ആൻഡ് ഫാമിലി ദന്താശുപത്രിയിലെ ഡോക്ടറായ മോനിഷയുടെ കൈ ചെയിനാണ് തമിഴ്‌നാട്ടിലേക്ക് സെറാ ബസിൽ കഴിഞ്ഞ ദിവസം പോയതിനിടെ നഷ്ടപ്പെട്ടത്. രണ്ടുലക്ഷം രൂപ വിലയുള്ള ആഭരണമാണിത്.

ബസിൽ വെച്ചാണ് നഷ്ടപ്പെട്ടതെന്ന് ഉറപ്പില്ലെങ്കിലും ബസ് കമ്പനി ഓഫീസിൽ വിളിച്ചറിയിച്ചു. അതിൻപ്രകാരം ജീവനക്കാർ തിരച്ചിൽ നടത്തി സീറ്റിനിടയിൽ നിന്ന് ചെയിൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് അവരുടെ ബെംഗളുരുവിലെ ഓഫീസിൽ ആഭരണം സൂക്ഷിച്ചു. പിന്നീട് ജീവനക്കാർ ഉടമയ്ക്ക് കൈമാറി.

പി. പി. വീണ്ടും അപകടം ; പിക്കപ് വാനും കാറും കൂട്ടിയിടിച്ച് ഒരാൾക്കു പരുക്ക്

പൊൻകുന്നം : മഴക്കാലം തുടങ്ങിയതോടെ പി പി റോഡിൽ അപകടം പതിവായി . പാലാ – പൊൻകുന്നം റോഡിൽ പനമറ്റം കവലയിലെ വളവിൽ പിക്കപ് വാനും കാറും കൂട്ടിയിടിച്ച് ഒരാൾക്കു പരുക്കേറ്റു. കാറിലുണ്ടായിരുന്ന കൊഴുവനാൽ സ്വദേശി ടോം ജോർജിനെ(44) സാരമായ പരുക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിക്കപ് വാനിടിച്ചു നിരങ്ങി നീങ്ങിയ കാറിൽ അതുവഴി വന്ന മിനിലോറിയും ഇടിച്ചു. ബുധനാഴ്ച രാത്രി 12.30-നായിരുന്നു അപകടം. പച്ചക്കറി വ്യാപാര സ്ഥാപനത്തിന്റെ പിക്കപ്പാണു കാറിലിടിച്ചത്. മുൻപും ഇതേ സ്ഥാപനത്തിന്റെ വാഹനങ്ങൾ പി.പി.റോഡിൽ അപകടങ്ങളുണ്ടാക്കിയിട്ടുണ്ടെന്നു നാട്ടുകാർ ആരോപിച്ചു.
പുലർച്ചെ സാധനങ്ങൾ എത്തിക്കാൻ ചരക്കുവാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നതാണ് അപകടങ്ങൾക്കു പ്രധാന കാരണം.

കഴിഞ്ഞ വർഷം ഇതേ റോഡിൽ പച്ചക്കറിയുമായി വന്ന പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു. കുരുവിക്കൂട് കവലയിൽ പുലർച്ചെ നടക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറെ പിക്കപ് വാനിടിച്ചു സാരമായി പരുക്കേറ്റ സംഭവവുമുണ്ടായി. പച്ചക്കറി, മീൻ വാഹനങ്ങളുടെ അമിതവേഗം മറ്റു വാഹനങ്ങൾക്കും പുലർച്ചെയുള്ള നടപ്പുകാർക്കും അപകടഭീഷണിയാണ്. പൊലീസ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മലയോര പട്ടയം: ജനകീയ കൺവൻഷൻ നാലിന്

മുണ്ടക്കയം: എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽപ്പെട്ട പതിനായിരത്തോളം വരുന്ന കൃഷിക്കാർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ജനകീയ കൺവൻഷൻ നാലിന് പുഞ്ചവയലിൽ നടക്കും. വൈകുന്നേരം നാലിന് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി പാരിഷ് ഹാളിൽ നടക്കുന്ന കൺവൻഷൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎ ൽഎ ഉദ്ഘാടനം ചെയ്യും.

മേഖലയിലെ പട്ടയ വിഷയവുമായി ബന്ധപ്പെട്ട് എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും തുടർന്ന് നിയമ പ്രശ്ന‌
ങ്ങൾ പരിഹരിച്ച് പട്ടയം നൽകുന്നതിന് ഒരു സ്പെഷൽ തഹസിൽദാർ ഓഫീസും പ്രവർത്തനമാരംഭിച്ചു. തഹസിൽദാർ ഉൾപ്പെടെ 17 പുതിയ തസ്തികകളോടെയാണ് സ്പെഷൽ തഹസിൽദാർ ഓഫീസ് അനുവദിച്ചിരിക്കുന്നത്. ഈ ഓഫീസ് എരുമേലി വടക്ക് വില്ലേജ് ഓഫീസിൽ പ്രവർത്തനമാരംഭിച്ചുവെങ്കിലും അവിടെ സ്ഥലസൗകര്യം പരിമിതമായതിനാൽ ഇപ്പോൾ കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. പട്ടയ അപേക്ഷകർക്ക് വിവിധ ആവശ്യങ്ങൾ ക്ക് കാഞ്ഞിരപ്പള്ളിയിലേക്ക് പോകുന്നത് അധിക ബുദ്ധിമുട്ടായതിനാൽ ഈ ഓഫീസ് മുണ്ടക്കയം പുത്തൻചന്തയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നിശ്ചയിച്ചിരിക്കുകയാണ്.

പട്ടയം നൽകുന്നതിനു മുന്നോടിയായി വസ്തുക്കളുടെ ഡിജിറ്റൽ സർവേ നടപടികളും സ്കെച്ച്, പ്ലാൻ എന്നിവ തയാറാക്കുന്ന പ്രവൃത്തികളും ആരംഭിക്കുകയാണ്. ഇത്തരം നടപടികളുടെ സുഗമമായ പൂർത്തീകരണത്തിനാണ് മേഖലയിലെ ആളുകളെ ഉൾപ്പെടുത്തി നാലിന് പുഞ്ചവയലിൽ കൺവൻഷൻ ന ടത്തുന്നത്. കൺവൻഷനിൽ ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കും.

മുണ്ടക്കയം കോസ്‌വേ ഇന്നു തുറക്കും

മുണ്ടക്കയം ∙ ഇന്ന് ടൗണിൽ ആശ്വാസ നിശ്വാസം ഉയരും. കോരുത്തോട്, എരുമേലി റൂട്ടുകളിലായി ഒരുമാസക്കാലം നീണ്ട ദുരിത യാത്രയ്ക്കും ടൗണിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായി കോസ്‌വേ ഇന്നു തുറന്നു നൽകും. രാവിലെ 10 ന് പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസിന്റെ അധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.

മണിമലയാർ പല നാളുകളിലായി കരകയറി ഒഴുകി കോസ്‌വേയുടെ ഉപരിതലത്തിലെ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു പോയിരുന്നു. ഇതോടെ വെള്ളക്കെട്ടും രൂക്ഷമായിരുന്നു. ഇൗ സാഹചര്യത്തിലാണു ഒരു മാസക്കാലം പാലം അടച്ചിട്ട് കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചത്. പാലം അടച്ചതോടെ ടൗണിൽ ഗതാഗത പ്രശ്നം സങ്കീർണമായി. കോരുത്തോട്, എരുമേലി ഭാഗത്തേക്കുള്ള വാഹനങ്ങൾ ദേശീയപാതയിൽ മുളങ്കയം കവല വഴി കടത്തിവിട്ടിരുന്നു. ഇവിടെ ആവശ്യത്തിനു വീതി ഇല്ലാത്തതിനാൽ വലിയ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരിയാൻ പ്രയാസം നേരിട്ടു. വാഹനം തിരിച്ച് എടുക്കാൻ അധികസമയം വേണ്ടി വന്നതോടെ ഇവിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ടൗണിലേക്കും ദേശീയപാതയിലും നീണ്ടു. മുളങ്കയം വരിക്കാനി റോഡിൽ വീതി കുറവായതിനാൽ വലിയ വാഹനങ്ങൾ ഒരുമിച്ച് ഇരു ദിശകളിൽ എത്തുമ്പോൾ ഗതാഗത തടസ്സവും ഉണ്ടായിരുന്നു. ഇൗ പ്രശ്നങ്ങൾക്ക് എല്ലാം ഇന്ന് മുതൽ പരിഹാരമാകും.

പാലം കോൺക്രീറ്റ് ചെയ്തെങ്കിലും പ്രളയത്തിൽ വലിയ തടികൾ ഇടിച്ച് തൂണുകൾക്കു കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും കമ്പികൾ തെളിഞ്ഞ നിലയിലാണ്. കോസ്‌വേയുടെ സമാന്തരമായി വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന പുതിയ പാലം നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചതായും എംഎൽഎ അറിയിച്ചു.

കാഞ്ഞിരപ്പള്ളിയിൽ മണ്ണിടിഞ്ഞ് ട്രാൻസ്ഫോമർ ചെരിഞ്ഞു

കാഞ്ഞിരപ്പള്ളി ∙ ചുവട്ടിലെ സംരക്ഷണ ഭിത്തിയും മണ്ണും ഇടിഞ്ഞതിനെ തുടർന്നു ടൗണിലെ ട്രാൻസ്ഫോമർ ഒരു വശത്തേക്കു ചെരിഞ്ഞു. പേട്ടക്കവലയിൽ ദേശീയപാതയ്ക്കും ചിറ്റാർ പുഴയ്ക്കും ഇടയിലായി പാലത്തോടു ചേർന്നു സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോമറാണ് അപകടാവസ്ഥയിലായത്.

ട്രാൻസ്ഫോമർ സ്ഥാപിച്ചിരുന്ന തൂണുകളുടെ അടിവശത്ത് മണ്ണു പൂർണമായും ഇടിഞ്ഞു നീങ്ങി. ഇന്നലെ രാവിലെയാണ് ട്രാൻസ്ഫോമർ അപകട സ്ഥിതിയിൽ ചാഞ്ഞു നിൽക്കുന്നതായി കണ്ടത്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്നു കെഎസ്ഇബി അധികൃതർ എത്തി ട്രാൻസ്ഫോമർ അഴിച്ചു മാറ്റി സമീപത്തു തന്നെ പുനഃസ്ഥാപിച്ചു. ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടന്ന സമയത്ത് ടൗണിൽ ഗതാഗതക്കുരുക്കും വൈദ്യുതി തടസ്സവുമുണ്ടായി.

പൈപ്പിടാൻ പൊളിച്ചു ചാമംപതാൽ ടൗണിൽ വൻകുഴി

ചാമംപതാൽ ∙ ‘പൈപ്പിടാൻ റോഡ് വെട്ടിപ്പൊളിച്ചാൽ ഒന്നു മര്യാദയ്ക്ക് അടച്ചുകൂടേ? ചാമംപതാൽ ടൗണിലെ അവസ്ഥ കണ്ട് നാട്ടുകാരുടെ ചോദ്യമാണ്. നല്ല രീതിയിൽ നിർമിച്ച റോഡാണു പൊളിച്ചത്. ചാമംപതാലിൽ നിന്നു കടയനിക്കാട് തിരിയുന്ന ജംക്‌ഷനിലും എസ്ബിഐ ജംക്‌ഷനിലും ‘പൈപ്പ്’ കുഴികളാണ്.

ടാർ റോഡ് വെട്ടിപ്പൊളിച്ചു പൈപ്പ് സ്ഥാപിച്ച ഭാഗം ശരിയായി അടയ്ക്കാതെ വന്നതോടെ മണ്ണ് ഒലിച്ചു പോയി കുഴിയായതാണ്. കുഴികൾ കിടങ്ങ് പോലെയായി. മഴയത്ത് വെള്ളം കെട്ടിനിന്ന് കുഴി കാണാൻ കഴിയാതെ വരുന്നതിനാൽ വാഹനങ്ങൾ വലിയ ശബ്ദത്തോടെ ഇതിൽ വന്നു ചാടുകയാണ്. ഈസമയം നടന്നു പോകുന്നവരുടെ ദേഹത്ത് ചെളി തെറിക്കുന്നുണ്ട്. ഈ 2 കുഴികൾ ടൗണിന് പേരുദോഷമാണെന്ന് നാട്ടുകാർ പറയുന്നു.

പഴയിടം കോസ്‌വേയിൽ വീണ്ടും മാലിന്യക്കൂമ്പാരം

പഴയിടം ∙ മണിമലയാറ്റിൽ വെള്ളം ഉയർന്നാൽ നാട്ടിലെ മാലിന്യം മുഴുവൻ പഴയിടം കോസ്‌വേയിൽ അടിയും. പ്ലാസ്റ്റിക് മാലിന്യം മുതൽ വൻമരങ്ങൾ വരെയെത്തുന്നുണ്ട്. മാലിന്യത്തിൽ നിന്നു പ്ലാസ്റ്റിക് പെറുക്കാൻ നിരവധി പേരാണ് എത്തുന്നത് . വെള്ളത്തിനു മീതെ പാലത്തിന്റെ തൂണിൽ അടിയുന്ന മാലിന്യക്കൂമ്പാരത്തിൽ കയറി നിന്നാണ് ആളുകൾ ആക്രി പെറുക്കിക്കൂട്ടുന്നത്. മണിമല, ചിറക്കടവ്, എരുമേലി പഞ്ചായത്തുകളുടെ അതിരു പങ്കിടുന്ന പഴയിടം കോസ്‌വേയുടെ മാലിന്യ പ്രശ്നത്തിന് ആര് പരിഹാരം കാണുമെന്നതു തർക്കവിഷയമാണ്.

എല്ലാ വർഷവും നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്നാണ് മാലിന്യം നീക്കം ചെയ്യുന്നത്. മാലിന്യം അടിയുന്നതോടെ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം കോസ്‌വേക്കു മുകളിലൂടെ ഒഴുകുന്നതു പതിവാണ്. ഇതോടെ ഇരുകരകളും തമ്മിലുള്ള ബന്ധം നിലയ്ക്കും.

അഭിരുചി പരീക്ഷ നടത്തി മണിമല സെന്റ് ജോർജ്

മണിമല ∙ വിദ്യാർഥികളുടെ അഭിരുചികൾ കണ്ടെത്താൻ പ്രത്യേക പരീക്ഷയുമായി മണിമല സെന്റ് ജോർജ് ഹൈസ്കൂൾ. ഒരു വർഷം നീളുന്ന ഇൻസ്പയർ രാജ്യാന്തര പരിശീലന പരിപാടിയുടെ ഭാഗമായാണ് പരീക്ഷ. വികസിത രാജ്യങ്ങളിൽ മാത്രം പ്രചാരത്തിലുള്ള സിനാ പരീക്ഷ സൗജന്യമായാണ് മണിമല എക്സിക്യൂട്ടീവ് ക്ലബ് നടത്തിയത്. ഹെഡ്മിസ്ട്രസ് പി.എസ്.മിനിമോൾ , ക്ലബ് സെക്രട്ടറി സണ്ണി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.

ഭാഗവത സപ്താഹയ‍ജ്ഞം

എരുമേലി ∙ മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യ‍ജ്ഞം 11 മുതൽ 18 വരെ നടക്കും. ഇല്ലത്തപ്പൻകാവ് ജനാർദനൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. സതീഷ് തൃശ്ശിവപേരൂർ മുഖ്യപ്രഭാഷണം നടത്തും.

വയോധികന് സംരക്ഷണം

എരുമേലി ∙ ആരോഗ്യപ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്ന വയോധികനെ സന്നദ്ധ പ്രവർത്തകർ ഇടപെട്ട് റാന്നി കരികുളത്തെ ‘ആകാശപ്പറവ’ എന്ന അനാഥാലയത്തിന്റെ സംരക്ഷണത്തിലാക്കി. നഗരത്തിൽ ജോലികൾ ചെയ്തും കടത്തിണ്ണയിൽ അന്തിയുറങ്ങിയും ജീവിച്ചുവന്ന നാട്ടകം സ്വദേശിയായ 65കാരൻ ആണ് ആരോഗ്യപ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടിയത്. സന്നദ്ധ പ്രവർത്തകർ ഇടപെട്ട് പൊലീസിൽ നിന്ന് കത്തു വാങ്ങി റാന്നിയിലെ അനാഥ മന്ദിരത്തിന്റെ സംരക്ഷണയിൽ ആക്കുകയായിരുന്നു.

പട്ടയനടപടി ഉടൻ ആരംഭിക്കണം: പട്ടയ പ്രക്ഷോഭ സമിതി

മുണ്ടക്കയം ∙ കാഞ്ഞിരപ്പള്ളി താലൂക്കിലെ മലയോര മേഖലയിൽ പട്ടയ വിതരണത്തിനുള്ള നടപടികൾ വേഗത്തിലാക്കിയ സർക്കാർ നിലപാട് സ്വാഗതാർഹമെന്നും സർവേ നടപടികൾ ഉടൻ ആരംഭിക്കണമെന്നും പട്ടയ അവകാശ പ്രക്ഷോഭ സമിതി.

2020 ജൂൺ രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് ഇടുക്കി ജില്ലയിൽ പട്ടയം വിതരണം ചെയ്തു. പക്ഷേ, ഇൗ ഉത്തരവ് കാഞ്ഞിരപ്പള്ളി താലൂക്കിൽ നടപ്പാക്കിയിരുന്നില്ല. മുഴുവൻ ആളുകളുടെയും ഭൂമിക്ക് പട്ടയം നൽകണം എന്നാവശ്യപ്പെട്ട് മലഅരയ മഹാ സഭയും കർഷകരും സംയുക്തമായി ഒട്ടേറെ സമരങ്ങൾ നടത്തിയതിനെ തുടർന്ന് സർക്കാർ നടപടികളിലേക്ക് നീങ്ങി. വിവിധങ്ങളായ പ്രക്ഷോഭ പരിപാടികൾക്ക് ഒടുവിൽ കാഞ്ഞിരപ്പള്ളി തഹസിൽദാർ പുഞ്ചവയലിലെ സമര പന്തലിയിൽ‍ എത്തി പട്ടയം നൽകുമെന്ന് ഉറപ്പ് നൽകുകയായിരുന്നു.

തുടർ നടപടികൾ നടക്കുമ്പോൾ പതിനായിരത്തിലേറെ അപേക്ഷകൾക്ക് 17 ഉദ്യോഗസ്ഥരാണ് ഉള്ളത്. കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി നിയമിക്കുകയും താലൂക്ക് ഓഫിസിൽ പ്രവർത്തിക്കുന്ന പ്രത്യേക പട്ടയം ഓഫിസ് മുണ്ടക്കയത്തേക്കു മാറ്റണമെന്നും പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു.

വസ്തുവിൽ നിൽക്കുന്ന മരങ്ങൾക്ക് പ്രത്യേക നികുതി അടയ്ക്കണം എന്നത് ഒഴിവാക്കണം. പട്ടയത്തിന്റെ പേരിൽ വീണ്ടും അപേക്ഷ നൽകണം എന്ന് പറഞ്ഞ് ചിലർ ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇത്തരക്കാർക്കെതിരെ നിയമ നടപടികൾ നടത്തണം എന്നും സമിതി കൺവീനർ പി.കെ.സജീവ്, ചെയർമാൻ പി.ഡി.ജോൺ എന്നിവർ ആവശ്യപ്പെട്ടു.

മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം

കാഞ്ഞിരപ്പള്ളി : ∙ രണ്ടാഴ്ചയിലേറെയായി മുദ്രപ്പത്രങ്ങൾ കിട്ടാനില്ല. 50, 100, 200, 500 രൂപയുടെ മുദ്രപ്പത്രങ്ങൾ ലഭിക്കാതായതോടെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. പഞ്ചായത്തിലെ വിവിധ ആവശ്യങ്ങൾക്കായും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്നവരെ വെണ്ടർമാർ മുദ്രപ്പത്രം ഇല്ലെന്നു പറഞ്ഞു തിരിച്ചയയ്ക്കുകയാണ്.

കാൽനടയാത്രക്കാർക്കും ഇരുചക്ര യാത്രികർക്കും ഭീഷണിയായി തെരുവുനായ്ക്കൾ

എരുമേലി ∙ നഗരത്തിലും പരിസര പ്രദേശങ്ങളിലും റോഡുകൾ കയ്യടക്കി തെരുവുനായ്ക്കൾ. ഭയന്നു കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും. ബസ് സ്റ്റാൻഡുകളിലും നഗരത്തിൽ വിവിധ ഭാഗങ്ങളിലുമായി നൂറുകണക്കിനു തെരുവുനായ്ക്കളാണ് അലഞ്ഞു നടക്കുന്നത്.

രാവിലെ നടക്കാൻ പോകുന്നവരും ഇരുചക്രവാഹന യാത്രക്കാരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. നടക്കാൻ പോകുന്നവരെ തെരുവുനായ കടിക്കാനായി ഓടിക്കുന്നു. ഇരുചക്ര വാഹനയാത്രികരുടെ പിന്നാലെ ഓടുക, കൂട്ടംകൂടി പോകുന്ന തെരുവുനായ്ക്കൾ തമ്മിൽ കടിപിടികൂടി ഇരുചക്രവാഹനങ്ങളുടെ മുന്നിലേക്കു ചാടുക തുടങ്ങിയവയും അപകടങ്ങൾക്ക് ഇടയാക്കുന്നു. നഗരത്തിൽ പേട്ടക്കവല, ബിഎസ്എൻഎൽ, കെഎസ്ആർടിസി, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ദേവസ്വം ബോർഡ് മൈതാനം തുടങ്ങിയ മേഖലകളാണ് തെരുവുനായ്ക്കളുടെ കേന്ദ്രം. മറ്റന്നൂർക്കര– നെടുങ്കാവയൽ റോഡിലും സ്ഥിരം തെരുവുനായശല്യം ഉണ്ട്.

എരുമേലി മുണ്ടക്കയം റോഡിൽ പ്രപ്പോസ് ഭാഗങ്ങളിലെ അടച്ചിട്ട സീസൺ കടകളാണ് തെരുവുനായ്ക്കളുടെ സ്ഥിരം താവളം. ഇവിടെ അടഞ്ഞുകിടക്കുന്ന കടകളിൽ അനേകം തെരുവുനായ്ക്കളാണ് തമ്പടിച്ചിട്ടുള്ളത്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കണമെന്നും പേവിഷബാധയ്ക്ക് എതിരെ വാക്സിനേഷൻ പദ്ധതി നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മണ്ഡല മകരവിളക്ക് കാലത്ത് എത്തുന്ന തീർഥാടകരുടെ സുരക്ഷയെ കരുതിയും തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊക്കയാർ കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗ ണിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കൊക്ക യാർ മണ്ഡലം കമ്മിറ്റി കേന്ദ്രധനമന്ത്രി നിർമല സീ താരാമന് കേരളത്തിൻ്റെ ഭൂപടം അയച്ച് പ്രതിഷേ ധിച്ചു. മണ്ഡലം പ്രസിഡൻ്റ് ആഷിക്ക് കെ. പരീത് അധ്യക്ഷത വഹിച്ചു. യോഗം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ടോണി തോമസ് ഉദ്ഘാ ടനം ചെയ്തു. ഡി.സി.സി. മെബർ നൗഷാദ് വെംബ്ലി, നിഖിൽ ദാസ്, സി. ബി.സിജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

കിറ്റ് വിതരണം

ചിറക്കടവ് പഞ്ചായത്തിലെ സർക്കാർ ആയുർവേദ ഡി സ്പെൻസറിയിൽ കർക്കടകക്ക ഞ്ഞി കിറ്റ് സൗജന്യമായി വി തരണം തുടങ്ങി. പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ചല ച്ചിത്രനടൻ സുനിൽ കുന്നപ്പള്ളിക്ക് നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സുമേഷ് ആൻഡ്രൂസ് തുട ങ്ങിയവർ പങ്കെടുത്തു.

തൊഴിൽ മേള

കൂട്ടിക്കൽ കുടുംബശ്രീ സി.ഡി. എസിൽ സംരംഭക-തൊഴിൽ മേള നടത്തി. ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങളിലെ സംരംഭകരെ കണ്ടെത്തി നടത്തിയ പരിപാടിയിൽ നൂറിലധികം സംരംഭകർ പങ്കെടുത്തു. ചെയർ പേഴ്സൺ ആശാ ബിജു അധ്യക്ഷയായ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അനു ഷിജു, ഗ്രാമപ്പഞ്ചായത്ത് അംഗം പി.എ സ്. സജിമോൻ, അസ്സിസ്റ്റന്റ് സെ ക്രട്ടറി സിന്ധുമോൾ, മാർട്ടിൻ തോമസ്, സിജി സുനിൽ, ജലജാ ഷാജി, ഇ. ബി.അജീഷ് എന്നിവർ പ്രസംഗിച്ചു.

പട്ടയ വിതരണത്തിനുള്ള നടപടികൾ വേഗത്തിലാക്കിയ സർക്കാർ തീരുമാനം സ്വാഗതാർഹം

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ മലയോര മേഖലയിൽ പട്ടയ വിതരണത്തിനുള്ള നടപടികൾ വേഗത്തിലാക്കിയ സർക്കാർ നിലപാട് സ്വാഗതാർഹമാണെന്ന് പട്ടയാവകാശ പ്രക്ഷോഭസമിതി കൺവീനർ പി.കെ. സ ജീവ്, ചെയർമാൻ പി.ഡി. ജോൺ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വന്തം ഭൂമിയിൽ അഭിമാനത്തോടെ ജീവിക്കണമെന്ന ആയിരക്കണക്കിന് മനുഷ്യരുടെ പതിറ്റാണ്ടുകളായുള്ള ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്. മുഴുവൻ ആളുകളുടെയും കൈവശഭൂമിക്കു പട്ടയം നൽകണമെന്നാവശ്യപ്പെട്ട് നവോഥാന പ്രസ്ഥാനമായ മലഅരയ മഹാസഭയും കർഷകരും സംയുക്തമായി നടത്തിയ സമരമാണ് ഇപ്പോൾ ലക്ഷ്യം കണ്ടിരിക്കുന്നത്‌.

അനിശ്ചിതകാല പട്ടയ പ്രക്ഷോഭം, പട്ടിണിസമരം, ഗ്രാമങ്ങളിൽനിന്ന് വില്ലേജ് ഓഫീസുകളിലേക്കു മാർച്ചും നിരാഹാര സത്യാഗ്രഹവും എന്നീ സമരപ രിപാടികൾ നടത്തി. പ്രക്ഷോഭ പരിപാടികൾ ശക്തമായതോടെ സർക്കാരിനുവേണ്ടി കാഞ്ഞിരപ്പള്ളി തഹസിൽദാർ പുഞ്ചവയലി ലെ സമരപന്തലിലെത്തി പട്ടയം നൽകുമെന്ന ഉറപ്പുനൽകുകയായിരുന്നു. പ്രദേശത്തെ പതിനായിരത്തിലേറെ അപേക്ഷകർക്ക് പട്ടയ വിതരണ നടപടികൾക്കാ യി 17 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. ഇത് അപര്യാപ്‌തമാണ്. പരിചയസമ്പന്നരായ കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനാ യി നിയമിച്ചു നടപടികൾ വേഗ ത്തിലാക്കണം. ഇപ്പോൾ താലൂക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പട്ടയം ഓഫീസ് അടിയന്തരമാ യി മുണ്ടക്കയത്തെ നിർദിഷ്ട ഓഫീസിലേക്ക് മാറ്റി സർവേ അടക്കമുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും പട്ടയാവാകാശ പ്രക്ഷോഭ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

പട്ടയാവാകാശ പ്രക്ഷോഭസമിതി നേതാക്കളായ സി.എ. മുഹമ്മദ് ബഷീർ, രാജൻ ദേവദാസ്, സാബു തോമസ്, കെ.എൻ. പത്മനാഭൻ, എം.ബി. രാജൻ, കെ. എൻ. രാജേന്ദ്രൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

വയനാട് ദുരന്തം ; വീട് നിർമിച്ചുനൽകാൻ റെസിഡന്റ്സ് അസോസിയേഷൻ

കാഞ്ഞിരപ്പള്ളി: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി രണ്ട് വീടുകൾ നിർമിച്ച് നൽകുമെന്നു പാറത്തോട് ഗ്രീൻ നഗർ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വീട് നിർമിക്കുന്നതിനായി കൽപ്പറ്റയിൽ 10 സെന്റ് സ്ഥലം വാങ്ങാൻ നടപടിയായി. 800 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടു കിടപ്പു മുറികളടങ്ങുന്ന ഭവനങ്ങളാണ് നിർമിച്ചു നൽകുന്നത്. പഞ്ചായത്ത് അധികൃതർ നിർദേശിക്കുന്നവർക്കാകും വീട് നൽകുക.

പാറത്തോ ട് കേന്ദ്രമായി പ്രവർത്തിക്കുന്ന 100 കുടുംബങ്ങളാണ് അസോസിയേഷന്റെ ഭാഗമായുള്ളത്. മുമ്പ് അസോസിയേഷൻ നിർധനരായവർക്ക് വീട് വയ്ക്കാൻ സ്ഥലം നൽകൽ, വീടുകളുടെ നവീകരണത്തിന് സഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വയനാട്ടിൽ ജീവനും വീടും സ്വത്തും നഷ്ടപ്പെട്ട സഹോദരങ്ങളെ ചേർത്തു പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീട് നിർമിച്ച് നൽകുന്നതെ ന്ന് ഭാരവാഹികൾ പറഞ്ഞു. സുമനസുകളെയും മറ്റ് സംഘടനകളെയും പദ്ധതിയുടെ ഭാഗമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡൻ്റ ഷാജി പാടിക്കൽ, സെക്രട്ടറി നാ സർ മുണ്ടക്കയം, ട്രഷറർ പി.എച്ച്. ഷംസുദ്ദീൻ പുതുപ്പറമ്പിൽ, വൈ സ് പ്രസിഡന്റ് അബ്ദുൾ കരീം കൊച്ചുവീട്ടിൽ എന്നിവർ പത്രസമ്മേ ളനത്തിൽ പങ്കെടുത്തു.

വയനാട് ദുരന്തം ; ഒരു കുടുംബത്തെ ദത്തെടുക്കാൻ മുണ്ടക്കയം പഞ്ചായത്ത്

മുണ്ടക്കയം: വയനാട് ദുരന്തത്തിൽപ്പെട്ട് വീടും സ്ഥലവും നഷ്ടമായ ഒരു കുടുംബത്തെ മുണ്ടക്കയം പഞ്ചായത്ത് ദത്തെടുക്കുന്നു. ഇതിനാ വശ്യമായ 10 ലക്ഷം രൂപ മുണ്ടക്കയം പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നു നൽകാൻ തീരുമാനിച്ചു. ഈ തുക ഉപയോഗിച്ച് തെരഞ്ഞ ടുക്കുന്ന കുടുംബത്തിന് വീടും സ്ഥലവും ഒരുക്കി നൽകും.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുണ്ടക്കയം പഞ്ചായത്തിൽ ചേർന്ന് അടിയന്തര യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡ ന്റ് രേഖാ ദാസ്, പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി ഷാഹുൽ മുഹമ്മദ് എന്നിവർ ചേർന്നാണ് ദുരിതാശ്വാസ പ്രഖ്യാപനം നടത്തിയത്.

v

പ്രീ മാര്യേജ് കൗൺസലിങ്

എരുമേലി ∙ യുവതീയുവാക്കൾക്കായി എസ്എൻഡിപി യോഗം എരുമേലി യൂണിയൻ നടത്തുന്ന പ്രീ മാര്യേജ് കൗൺസലിങ് കോഴ്സ് നാളെയും മറ്റന്നാളും ഓൺലൈനായി നടക്കും. 04828212424, 9447201585.

എൻ.എൻ.രാമൻ നായർ

വാഴൂർ: ശ്രീനിലയം(നാമ്പോട്ടുകാലായിൽ) എൻ.എൻ.രാമൻ നായർ(അപ്പു-61)നിര്യാതനായി . ഭാര്യ: വി.എൻ.ആനന്ദവല്ലി, പയ്യപ്പാടി വടക്കേതിൽ കുടുംബാംഗം. മക്കൾ: എൻ.ആർ.ശ്രീനാഥ്, എൻ.ആർ.ശ്രീരാജ്. മരുമക്കൾ: അർച്ചന, ശ്രീലക്ഷ്മി. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

error: Content is protected !!