പാലപ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കാഞ്ഞിരപ്പള്ളി : ജലജീവൻ മിഷന്റെ കീഴിൽ പാറത്തോട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന പാറത്തോട് ശുദ്ധജല വിതരണ പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 1,2,3,18 എന്നീ വാർഡുകളിൽ പെട്ട പാലപ്ര, പഴുമല, വേങ്ങത്താനം, പലപ്ര ടോപ്പ്,ചിറ ഭാഗം, പാറക്കൽ എന്നീ ഭാഗങ്ങളിലുള്ള 1500 ഓളം കുടുംബങ്ങൾക്ക് ശുദ്ധജല വിതരണം നടത്തുന്നതിനായുള്ള കുടിവെള്ള പദ്ധതിയുടെ ഔപചാരിക നിർമ്മാണ പ്രവർത്തനം ടാങ്ക് നിർമ്മാണത്തിന് തുടക്കം കുറിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ കെ.പി സുജീലൻ, സിന്ധു മോഹൻ, ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ്, ടി.രാജൻ, റോജി മുട്ടത്തുകുന്നേൽ, മുൻ പ്രസിഡന്റ് തോമസ് കട്ടയ്ക്കൽ എന്നിവരും, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ മോഹൻകുമാർ, അരുൺ പി.ജി, പ്രവീണ, മഹേഷ്.എൻ , അഖിൽ. റ്റി. ജെ എന്നിവരും പങ്കെടുത്തു.
മണിമലയാറ്റിലെ മന്നാന്തല കയത്തിൽ നിന്നും ജലം ശേഖരിച്ച് 6 ലക്ഷം ലിറ്റർ ശുദ്ധീകരണശേഷിയുള്ള ശുദ്ധീകരണ ടാങ്കിൽ വെള്ളം ശുദ്ധീകരിച്ച് കൂരംതൂക്കിൽ നിർമ്മിക്കുന്ന 8 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ടാങ്കിൽ ജലം സംഭരിച്ച് അവിടെനിന്ന് പ്രധാന പൈപ്പ് വഴി പാലപ്രയിലേക്ക് എത്തിച്ചാണ് പാലപ്ര ഭാഗത്ത് കുടിവെള്ള വിതരണം നടത്തുക. ഇതിനായി പാലപ്രയിൽ ഇപ്പോൾ നിർമ്മാണം ആരംഭിച്ചിരിക്കുന്ന രണ്ട് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ടാങ്കും, ചിറ ഭാഗത്ത് 3.75 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും,പാലപ്ര ടോപ്പ് ഭാഗത്ത് 3 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും നിർമ്മിച്ച് പ്രസ്തുത ടാങ്കുകളിൽ ജലം ശേഖരിച്ച് വിതരണ പൈപ്പുകൾ വഴി ഗാർഹിക കണക്ഷനുകൾ നൽകിയാണ് ജലവിതരണം നടത്തുക. പാറത്തോട് ഗ്രാമപഞ്ചായത്തിലേക്ക് ആകെ 75 കോടി രൂപ അനുവദിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പാലപ്ര ഭാഗത്ത് ശുദ്ധജലവിതരണ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തെ 1500 ഓളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതി പരമാവധി വേഗത്തിൽ പൂർത്തീകരിച്ച് കാലങ്ങളായി ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പാലപ്ര മേഘലയിൽ എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നതിനാണ് ശ്രമം നടത്തുന്നതെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.