ഉണങ്ങിക്കരിഞ്ഞ ആൽമരത്തിന് വൃക്ഷായുർവേദ ചികിത്സ നൽകി വൃക്ഷവൈദ്യനും കുട്ടികളും..
ചിറക്കടവ്: പൊൻകുന്നം-പുനലൂർ ഹൈവേയുടെ പുറമ്പോക്കിൽ ചിറക്കടവ് മഹാദേവക്ഷേത്രത്തിന് സമീപം ചില്ലകൾ ഉണങ്ങി യാത്രക്കാർക്ക് അപകടഭീഷണിയായതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മുറിച്ചുനിർത്തിയ ആൽമരത്തിന് വൃക്ഷായുർവേദ ചികിത്സ നൽകി.
അധ്യാപകനും ജില്ലാ ട്രീ അതോറിറ്റി അംഗവും സംസ്ഥാന വനമിത്ര അവാർഡ് ജേതാവുമായ കെ. ബിനുവിന്റെ നേതൃത്വത്തിലാണ് വൃക്ഷചികിത്സ നടത്തിയത്.
പച്ചമണ്ണും വിവിധയിനം ഔഷധങ്ങളും ചേർത്ത മിശ്രിതം മരത്തിൽ പൊതിഞ്ഞു തുടർന്ന് കോട്ടൺ തുണി കൊണ്ട് ചുറ്റിവരിഞ്ഞാണ് ചികിത്സ.
ബിനുവിന്റെ ചികിത്സാരീതി പഠിക്കാൻ വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം അംഗങ്ങളുമുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ ആൽമരത്തിന് നാമ്പുകളുണ്ടാവുമെന്നാണ് പ്രതീക്ഷ. ചികിത്സയുടെ വിവിധ ഘട്ടങ്ങൾ ചിത്രകാരന്മാർ ക്യാൻവാസിൽ പകർത്തി. സുനിൽ ഡാവിഞ്ചിയുടെ ചിത്രകലാ സ്‌കൂൾ ഓഫ് ആർട്‌സിലെ വിദ്യാർഥികളാണ് ചിത്രരചന നടത്തിയത്